നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 6


വൈകിട്ട് വേണി ക്ലാസ് കഴിഞ്ഞ് വന്നപ്പോൾ നല്ല ഇലയടയുടെ മണം മൂക്കിലേക്ക് അടിച്ചു കയറി.അടുക്കളയിൽ ചെന്നപ്പോൾ ശ്രീബാല അവിടെ മൂന്ന് കപ്പിൽ ചായ പകരുകയായിരുന്നു.ശ്രീബാല കുളിച്ച് വേഷം മാറിയിരുന്നു.കണ്ണുകളുടെ വീക്കം കുറഞ്ഞിട്ടുണ്ടെങ്കിലും മുഖത്ത് ഒട്ടും  തെളിച്ചമില്ലായിരുന്നു.
"ചേച്ചിക്കുട്ടി..കുളിച്ച് ചുന്നരിപ്പെണ്ണായല്ലോ.."വേണി ശ്രീബാലയുടെ പിറകിൽ കൂടി വന്ന് തോളിൽ കൈയിട്ടു.
"കുളിക്ക്  പെണ്ണെ നാറുന്നു.."ശ്രീബാലയുടെ സ്ഥിരം മറുപടി ഇതായിരിക്കും.പക്ഷെ ഇന്നവൾ ഒന്നും മിണ്ടിയില്ല.
"ആ പ്രദീഷിന്റെ  ഒരു ചെവിയുടെ ഫ്യൂസ് അടിച്ചുപോയെന്നാ കേട്ടത്..പക്ഷെ നാട്ടുകാരെല്ലാം ഹാപ്പിയാ..ജിതേഷേട്ടനെ  കണ്ട് നന്ദി പറയാൻ പോവാ എല്ലാവരും.."വേണി ശേഖരൻ  കേൾക്കാതിരിക്കാൻ പതിയെ പറഞ്ഞു.ശ്രീബാല ഒന്നും മിണ്ടാതെ അട  എടുത്ത് അവൾക്ക് കൊടുത്തു.
"ചേച്ചി കഴിച്ചോ?"വേണി ചോദിച്ചു.
"വിശപ്പില്ല മോളെ.."ശ്രീബാല പറഞ്ഞു.
"അതെന്ത് പണിയാ..ചേച്ചിടെ മൂഡ് ഒന്ന് മാറട്ടെ എന്ന് കരുതിയാ ഇതൊക്കെ ഉണ്ടാക്കിവെയ്ക്കാൻ  ഞാൻ പറഞ്ഞെ.."വേണി ഒരു കഷ്ണം അട  അവളുടെ കൈയിലെടുത്തു.എന്നിട്ട് ശ്രീബാലയുടെ വായിലേക്ക് വെച്ച് കൊടുക്കാൻ തുടങ്ങി.
"കഴിക്ക് ചേച്ചി.."വേണി അപേക്ഷിച്ചു.ശ്രീബാല അവളെ നോക്കി.
"എന്റെ പൊന്നല്ലെ.."വേണി കൊഞ്ചി.ശ്രീബാലയുടെ മുഖത്ത് ചെറിയൊരു ചിരി വിടർന്നു.അവൾ വേണി നീട്ടിയ അട ഒരു വാ കഴിച്ചു.
"ഇനി ബാക്കി തന്നെ എടുത്ത് കഴിച്ചോണം കേട്ടോ.ഇത് എനിക്കുള്ളതാ.."വേണി പറഞ്ഞതുകേട്ട് ശ്രീബാല ചിരിച്ചു.പെട്ടെന്ന് ശേഖരൻ  അടുക്കളയിലോട്ട് വന്നു.അദ്ദേഹത്തെ കണ്ടതും അവർ  രണ്ടുപേരും ചിരി നിർത്തി.
"അച്ഛന് ചായ അങ്ങോട്ട് കൊണ്ടുവരാൻ തുടങ്ങുവായിരുന്നു.."ശ്രീബാല പറഞ്ഞു.
"മക്കള് രണ്ടാളും വന്നേ..അച്ഛന് കുറച്ച് സംസാരിക്കാനുണ്ട്.."ശേഖരൻ പറഞ്ഞു.അദ്ദേഹം ഡൈനിങ്ങ് റൂമിൽ  ഒരു കസേരയിൽ ഇരുന്നു.ശ്രീബാലയും വേണിയും തൊട്ടടുത്ത് തന്നെ നിന്നു.
"ഞാനും രാഘവനും ഇന്ന് ഒരിടം വരെ പോയിരുന്നു..സുധിയുടെ വീട്ടിൽ.."ശേഖരൻ  പറഞ്ഞത് കേട്ട് വേണിയും ശ്രീബാലയും  പരസ്പ്പരം നോക്കി.
"നിങ്ങൾ രണ്ടാൾക്കും ഈ വന്ന ആലോചനയിൽ എന്ത് മാത്രം താൽപ്പര്യം  ഉണ്ടെന്ന് അച്ഛന് അറിയാം..അച്ഛനും തോന്നി ഇത് നല്ലൊരു പ്രപ്പോസൽ  ആയിരിക്കുമെന്ന്.ഇത്ര നാളും  ബാല മോളെ കാണാൻ വന്നവരെ പോലെ ഈ വീടും പറമ്പുമല്ല അവരുടെ  ലക്‌ഷ്യം.അങ്ങനെ എങ്കിൽ ഒരു തരി പൊന്നുപോലും വേണ്ട എന്നവർ എന്നോട് പറയുകയില്ലല്ലോ..അന്വേഷിച്ചിടത്തോളം സുധിക്കും  വീട്ടുകാർക്കും അവരെ പറ്റി  നല്ല  അഭിപ്രായമാണ്..ഒരു ദുശീലങ്ങളും ധൂർത്തുമില്ലാത്ത രണ്ട് ചെറുപ്പക്കാരാണെന്നാ  സുധിയും  അമ്മയും പറഞ്ഞത്.അത് കൊണ്ട് അവരുടെ ആവശ്യം പോലെ അവർ തിരികെ ഡൽഹിക്ക് പോവുന്നതിന് മുൻപ് എത്രയും പെട്ടെന്ന് ഈ വിവാഹം നടത്താമെന്ന് അവരെ അറിയിക്കാൻ അച്ഛൻ രാഘവനോട് പറഞ്ഞിട്ടുണ്ട്.. "ശേഖരൻ പറഞ്ഞു നിർത്തി.
കേട്ടത് വിശ്വസിക്കാനാവാതെ പെൺകുട്ടികൾ രണ്ടുപേരും ശേഖരനെ തന്നെ നോക്കി നിന്നു! സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്നുണ്ടായിരുന്നു രണ്ടുപേർക്കും!
"സത്യാ മക്കളെ..നിങ്ങളുടെ ഇഷ്ടം അച്ഛൻ കണ്ടില്ലെന്ന് വെയ്ക്കുവോ?കാശിനെ നിവർത്തിയില്ലാത്തതുള്ളൂ..അച്ഛന്റെ രാജകുമാരിമാരല്ലേ രണ്ടുപേരും.."ശേഖരൻ അവരെ രണ്ടുപേരെയും നോക്കി പറഞ്ഞു.ശ്രീബാലയും വേണിയും കരഞ്ഞുകൊണ്ട്  ഓടി വന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു..അവരുടെ ഉള്ളിൽ ഒരു മഴ പെയ്ത് തോർന്ന ആശ്വാസമായിരുന്നു.****
നന്ദൻ എഴുന്നേറ്റ് വന്നപ്പോഴേക്ക് ശ്യാമ കുളിയെല്ലാം കഴിഞ്ഞ് അടുക്കളയിൽ നന്ദനിഷ്ട്ടപ്പെട്ട ആഹാരം തയ്യാറാക്കുകയായിരുന്നു.ശാരി ഊണിനുള്ള പച്ചക്കറികൾ അരിഞ്ഞ്  അവിടെ തന്നെ ഇരിപ്പുണ്ട്.
"എഴുന്നേറ്റോ?കുറച്ച് ഉറങ്ങട്ടെ എന്ന് വെച്ചു .അതാ ഞാൻ വിളിക്കാതിരുന്നത്.കോഫി  എടുക്കട്ടേ?"ശ്യാമ  ചോദിച്ചു.
നന്ദൻ പാതകത്തിൽ കയറി ഇരുന്നുകൊണ്ട് ഒന്ന് മൂളി.
"നമ്മുക്ക് ഒന്ന് കറങ്ങാൻ പോയാലോ?"ശ്യാമ ചോദിച്ചു.
"ശ്യാമയ്ക്ക് ഇന്ന് ഓഫീസ്  ഇല്ലേ?"നന്ദൻ ഉറക്കച്ചടവോടെ കണ്ണുകൾ തിരുമ്മി  ചോദിച്ചു.
"ഇന്ന് സൺ‌ഡേ അല്ലെ നന്ദാ?മറന്നുപോയോ?"ശ്യാമ കോഫി എടുത്ത് നന്ദന്റെ കൈയിൽ കൊടുത്തു.
" നമ്മക്ക് ഒരു മാറ്റിനിക് പോവാം.പിന്നെ നന്ദന്റെ ഫേവറേറ്റ് റെസ്റ്റോറന്റിൽ പോയിട്ട് ലഞ്ച്.അത് കഴിഞ്ഞ് ബീച്ചിലും പോയിട്ട് വരാം.എന്ത് പറയുന്നു?"ശ്യാമ ചോദിച്ചു.
"ഞാൻ റെഡി.."നന്ദൻ ഉത്സാഹത്തോടെ പറഞ്ഞു.
"എങ്കിൽ പോയി കുളിച്ച് റെഡി ആയിക്കെ..ബ്രേക്ഫാസ്റ്റ്  കഴിച്ചിട്ട് നമുക്കിറങ്ങാം.."ശ്യാമ പറഞ്ഞു.
"ചിറ്റയും  റെഡി ആയിക്കോ..നമുക്ക് പോയിട്ട് വരം.."ശ്യാമ ശാരിയോട് പറഞ്ഞു.
"ഓഹ് ഞാൻ എന്നാത്തിനാ..നിങ്ങള് പോയിട്ട് വന്നാൽ മതി.."ശാരി വലിയ താൽപ്പര്യമില്ലാതെ   പറഞ്ഞു.കഴിഞ്ഞ ദിവസാം നന്ദനെ മരത്തിൽ കയറ്റിയ പ്രശ്നത്തിന്റെ പേരിൽ നടന്ന സംസാരത്തിന്റെ നീരസം ആണ് ശാരിക്കെന്ന് ശ്യാമയ്ക്കറിയാം.
"എല്ലാവർക്കും  ഒരുമിച്ച് പോയി വരാം ചിറ്റേ..അതല്ലേ ഒരു സന്തോഷം.."ശ്യാമ നിർബന്ധിച്ചത് കൊണ്ട് ശാരി പിന്നെ മറുത്തൊന്നും പറഞ്ഞില്ല.
ശ്യാമ ചെല്ലുമ്പോൾ നന്ദൻ കുളി കഴിഞ്ഞ് മുറിയിൽ കണ്ണാടിക്ക് മുൻപിൽ നിന്ന് മുടി ചീകുകയായിരുന്നു.
"ഞാൻ ഏത് ഷർട്ട്  ആണ് ഇടേണ്ടത്?"നന്ദൻ ചോദിച്ചു.ശ്യാമ അലമാര നോക്കിയപ്പോൾ അതിനുള്ളിൽ അലക്കി തേച്ച് മടക്കി വെച്ചിരുന്ന ഷർട്ട്  എല്ലാം താഴെ കൂട്ടി ഇട്ടിരിക്കുന്നത് കണ്ട് അവളുടെ കണ്ണ് തള്ളിപ്പോയി!
"ഞാൻ ഒരു ബ്ലൂ കളർ ഷർട്ട്  എടുക്കാൻ നോക്കിയതാ.."നന്ദൻ കുറ്റബോധത്തോടെ പറഞ്ഞു.
"സാരമില്ല ഞാൻ എടുത്ത് വെച്ചോളാം.."ശ്യാമ ക്ഷമയോടെ ഷർട്ട് എല്ലാം എടുത്ത് കട്ടിലിൽ ഇട്ടുകൊണ്ട് പറഞ്ഞു.അപ്പോഴാണ് ശാരി അകത്തേക്ക് വന്നത്.
"ഉയ്യോ ഇതെങ്ങനാ എല്ലാം താഴെ പോയത്?" ശാരി ചോദിച്ചു.
"നന്ദന്റെ ഷർട്ട് നോക്കുന്നതിനിടയിൽ എന്റെ  കൈ തട്ടി എല്ലാം കൂടെ പൊത്തോന്ന് നിലത്ത് വീണു.."ശ്യാമ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു.പക്ഷെ നന്ദന്റെ നിൽപ്പ് കണ്ടപ്പോൾ ശാരിക്ക് കാര്യം പിടികിട്ടി.അവർ ദേഷ്യത്തോടെ അവനെ നോക്കി.
"എന്തെങ്കിലും വേണെങ്കിൽ ചോദിച്ചാൽ പോരെ?ഇങ്ങനെ ഇരട്ടിപ്പണി ഉണ്ടാക്കി വെക്കണോ?അവള് എന്ത് കഷ്ടപ്പെട്ടാണെന്നോ ഇതെല്ലം തേച്ച് മടക്കി വെച്ചത്..ഒരു പണിയും ചെയ്യത്തുമില്ല  ഒന്നുമറിയുകേം വേണ്ട  ഇങ്ങനെ തിന്ന് കുടിച്ച് നടന്നാ മതിയല്ലോ!"ശാരി പല്ലുകടിച്ചുകൊണ്ട് നന്ദനോട് പറഞ്ഞു.
"ചിറ്റേ!" ശ്യാമയ്ക്ക് ദേഷ്യം വന്നു.
"ചിറ്റ അപ്പുറത്തേക്ക് പൊയ്ക്കോളൂ.ഞങ്ങൾ അങ്ങോട്ട് വന്നോളാം.."ശ്യാമ ശബ്ദം കടുപ്പിച്ച് പറഞ്ഞു.
"ഓ ഞാൻ ഇപ്പൊ പറഞ്ഞതാ കുറ്റം!ഒന്നും പറയാൻ പാടില്ലല്ലോ..മൗനം വിദ്ധ്വാന് ഭൂഷണം!"ശാരി പിറുപിറുത്ത് കൊണ്ട് ഉമ്മറത്തേക്ക് പോയി.ശ്യാമ നന്ദനെ നോക്കി.ചീപ്പും കൈയിൽ പിടിച്ച് അവൻ തലകുനിച്ച് നിൽക്കുകയാണ്..ശ്യാമ ഒരു നീല ഷർട്ട് എടുത്ത് നന്ദന്റെ അടുത്തേക്ക് ചെന്നു.
"ദാ  ഇതല്ലേ തപ്പിയത്?"ശ്യാമ ചോദിച്ചു.നന്ദൻ ഒന്നും മിണ്ടിയില്ല.
ശ്യാമ നന്ദന്റെ  കൈയിൽ നിന്നും ചീപ്പ് വാങ്ങി അവന്റെ മുഖം പിടിച്ച്  അവളുടെ നേരെ തിരിച്ച് മുടി നന്നായി ചീകി ഒതുക്കി വെച്ചു.പിന്നെ നീല ഷർട്ട്  എടുത്ത് അവനെ ഇടീപ്പിച്ച്  അതിന്റെ ബട്ടൻസ് ഓരോന്നായി ഇട്ടുകൊടുത്തു.കൈയിൽ ഒരു തുള്ളി വീണപ്പോൾ അവൾ നന്ദന്റെ മുഖത്തേക്ക് നോക്കി.അവൻ കരയുകയായിരുന്നു.
"എന്താ നന്ദാ  എന്ത് പറ്റി ?"ശ്യാമ അവന്റെ താടിയിൽ പിടിച്ച് മുഖം ഉയർത്തി.
"ഞാൻ..അറിയാതെ ചെയ്തുപോയതാ.."നന്ദൻ കൊച്ചുകുട്ടികളെ പോലെ തേങ്ങി..
അവന്റെ കണ്ണുനീർ കണ്ട്  ശ്യാമയ്ക്ക് പിടിച്ച് നിൽക്കാനായില്ല.അവൾ അവനെ കെട്ടിപ്പിടിച്ചു.
"അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ..ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിഷമിക്കരുത് കേട്ടോ..ഇത് നന്ദന്റെയും കൂടി വീടാണ്.ഇവിടെ നന്ദന് എല്ലാ സ്വാതന്ത്ര്യവുമുണ്ട്..എന്തിനും ഞാനില്ലേ കൂടെ..പിന്നെതിനാ ഇങ്ങനെ  വിഷമിക്കുന്നത് ?"  ശ്യാമ അവന്റെ മുടിയിൽ വിരലോടിച്ചു..
കുറച്ച് കഴിഞ്ഞ് എല്ലാവരും ഒരുങ്ങി ഇറങ്ങി.ടിക്കറ്റ് എടുത്ത് സീറ്റിൽ വന്നിരുന്നപ്പോഴേക്ക് സിനിമ തുടങ്ങി കഴിഞ്ഞിരുന്നു.
"ഇച്ചിരൂടെ  നേരത്തെ ഇറങ്ങാമെന്ന്  പറഞ്ഞതാ.ആര് കേൾക്കാൻ..അപ്പോഴല്ലേ കണ്ണീരും കെട്ടിപ്പിടിത്തോം  ആശ്വസിപ്പിക്കലും ഒക്കെ..ഓരോരോ നാടകം.."ശാരി പിറുപിറുത്തു.
"ചിറ്റേ ഇത് പബ്ലിക് പ്ലേസ്  ആണ്.ആളുകൾ ശ്രദ്ധിക്കുന്നുണ്ട് .."ശ്യാമ അവരുടെ ചെവിയിൽ പറഞ്ഞു.
"ഓഹ് ഞാൻ ഒന്നും മിണ്ടുന്നില്ല എന്റപ്പനെ.."ശാരി പറഞ്ഞു.
നന്ദൻ ഐലിന്റെ സൈഡിലും ശ്യാമ നന്ദന്റെയും ശാരിയുടെയും നടുവിലുമായാണ് ഇരുന്നത്.
സിനിമ വലിയ രസ്സമൊന്നുമുണ്ടായിരുന്നില്ല.പിന്നെ നന്ദന്റെ  മുഷിവ് മാറ്റാൻ വേണ്ടിയാണ് ഇവിടെ വന്നത്.നന്ദനും ശാരിയും  ആസ്വദിച്ചിരിപ്പാണ്.ശ്യാമയ്ക്ക് ഉറക്കം വന്നു.അപ്പോഴാണ് സിനിമയിൽ നായകനും നായികയും  ഒരു ചിൽഡ്രൻസ് പാർക്കിൽ ഇരിക്കുന്ന സീൻ  വന്നത്. പാർക്ക് കണ്ടതും നന്ദന്റെ മുഖം വല്ലാതായി! ശ്യാമ അത് ശ്രദ്ധിച്ചു.
"നമുക്ക് ഇറങ്ങാം  ചിറ്റേ?"ശ്യാമ പെട്ടെന്ന് ശാരിയോട് പറഞ്ഞു.
"നല്ല സിനിമയാണല്ലോ.നിനക്കെന്താ ഇഷ്ടപ്പെട്ടില്ലേ ?"ശാരി ചോദിച്ചു.
"അതല്ല..നന്ദന് എന്തോ ബുദ്ധിമുട്ടുള്ളതുപോലെ.."ശ്യാമ പറഞ്ഞു.
"അത് പുതിയ കാര്യമൊന്നുമല്ലല്ലോ..നീ അവിടിരുന്ന്  കാണ് പെണ്ണെ.."ശാരി പിന്നെയും സിനിമ കാണാൻ തുടങ്ങി.
പാർക്കിലെ ഊഞ്ഞാലും സ്ലൈഡും കാണിക്കുന്തോറും നന്ദന്റെ മുഖം വലിഞ്ഞ് മുറുകി.
നന്ദൻ പെട്ടെന്ന് കാലുകൾ സീറ്റിലേക്ക് മടക്കി വെച്ചു.അവന്റെ ശരീരം വിയർപ്പിൽ കുളിച്ചു.
സ്‌ക്രിനിലേക്ക് നോക്കികൊണ്ട് ചെവിരണ്ടും പൊത്തി  നന്ദൻ അലറിവിളിച്ചു!
"ബച്ചാവോ! ഹമേ ബച്ചാവോ! ചോട്ദോ ഉസ്‌കോ ചോട്ദോ!സാംപ്‌..സാംപ്‌! "ശ്യാമ  പെട്ടെന്ന് എഴുന്നേറ്റ് നന്ദന്റെ മുഖം പിടിച്ച് തന്റെ വയറിലേക്ക് വെച്ചു.ബഹളം കേട്ട് അവിടെ ലൈറ്റ് ഓൺ ചെയ്തു.ആളുകൾ അവരുടെ ചുറ്റും കൂടി .
"എന്താ എന്താ പറ്റിയെ ?"ആരോ ചോദിച്ചു.
"തലയ്ക്ക് സുഖമില്ലാത്ത ആൾ  ആണെങ്കിൽ ഇതിനൊക്കെ കൊണ്ടുവരാതിരുന്നുകൂടെ?"ഒരു പ്രായമായ മനുഷ്യൻ  ചോദിച്ചു.ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു.ശാരിയും ശ്യാമയും നന്ദനെ പിടിച്ച് എഴുന്നേൽപ്പിച്ച് മുറിക്ക് പുറത്തിറങ്ങി.നന്ദൻ ആകെ അസ്വസ്ഥനായി  അവരുടെ കൂടെ നടന്നു .ഷർട്ട് പിഴിഞ്ഞെടുക്കാവുന്ന രീതിയിൽ അവൻ  വിയർത്തുകുളിച്ചിരുന്നു.
"ഞാൻ പോയി കുറച്ച് വെള്ളം മേടിച്ചുകൊണ്ട് വരാം.."ശാരി പറഞ്ഞു.അവർ അവിടെ തന്നെയുള്ള കടയിൽ നിന്നും ഒരു സോഡാ മേടിച്ചുകൊണ്ട് വന്നു.ശ്യാമ നന്ദന് അത് കുടിക്കാൻ  കൊടുത്തു.
നന്ദൻ അത് വാങ്ങി ആർത്തിയോടെ കുടിച്ചു.
"പരവേശം മാറിയോ നന്ദാ?"ശ്യാമ അവന്റെ അടുത്തിരുന്ന്  കൊണ്ട് ചോദിച്ചു.നന്ദൻ ഒന്നും മിണ്ടിയില്ല.അവൻ വിറയ്ക്കുന്നുണ്ടായിരുന്നു.
"നമുക്ക് എന്നാ എവിടുന്നെങ്കിലും ഫുഡ് പാർസൽ മേടിക്കാം.എന്നിട്ട് തിരിച്ച് വീട്ടിൽ പോവാം."ശ്യാമ പറഞ്ഞു.
"ഓഹ്  നല്ലൊരു സിനിമയായിരുന്നു.എന്തൊരു കഷ്ടമാണെന്ന് നോക്കണേ.."ശാരിക്ക് ദേഷ്യം വന്നു.
"നമുക്ക് വേറൊരു ദിവസം വന്ന് കാണാം ചിറ്റേ.."ശ്യാമ സംയമനം പാലിച്ച് പറഞ്ഞു.
"അന്നും ഇതേപോലെ പേക്കൂത്തുകള് കാണണ്ടേ.."ശാരി പിറുപിറുത്തു.അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് ശ്യാമ ഒന്നും മിണ്ടിയില്ല.ഊണും മേടിച്ച് വീട്ടിൽ എത്തിയതും നന്ദൻ കട്ടിലിൽ പോയി കിടന്നു.
ശ്യാമ അവന്റെ അടുത്ത് ചെന്നിരുന്നു.
"ചോറ് കഴിച്ചിട്ട് കിടക്ക് നന്ദാ.."ശ്യാമ നിർബന്ധിച്ചു.നന്ദൻ ഏങ്ങലടിക്കുകയാണെന്ന് ശ്യാമയ്ക്ക് മനസ്സിലായി.ശ്യാമ അവന്റെ കൂടെ കട്ടിലിൽ കയറി അവന്റെ വയറിലൂടെ കൈയിട്ട് അവനെ കെട്ടിപ്പിടിച്ച് കിടന്നു. നന്ദൻ അവൾക്ക് പുറംതിരിഞ്ഞ് കിടക്കുകയായിരുന്നു.
"അയാള് വരും ശ്യാമേ..എന്നെ കൊല്ലും..എന്നെ കൊല്ലും "നന്ദൻ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു.
"ഇല്ല പൊന്നെ അങ്ങനെ ആരും വരില്ല..എല്ലാം നന്ദന്റെ തോന്നലുകൾ മാത്രം  ആണ്. എന്നെ വിശ്വാസമില്ലേ?"ശ്യാമ ചോദിച്ചു.
"മറ്റാരേക്കാട്ടിലും.."നന്ദൻ പറഞ്ഞു.
"എങ്കിൽ ഞാൻ പറയുന്നത് കേൾക്ക്..ഞങ്ങളെല്ലാവരും നന്ദന്റെ കൂടെ ഇല്ലേ?നന്ദൻ പേടിക്കുന്നത് പോലെ ഒന്നും സംഭവിക്കില്ല.." കണ്ണുകൾ നിറഞ്ഞുകവിഞ്ഞെങ്കിലും അത് കാര്യമാക്കാതെ ശ്യാമ അവനെ ഒന്നുകൂടി മുറുകെ കെട്ടിപ്പിടിച്ചു.****
അത്താഴം  കഴിഞ്ഞ് ഉറങ്ങാൻ കിടക്കുകയായിരുന്നു ശ്രീബാലയും വേണിയും.
"ചേച്ചി.."വേണി വിളിച്ചു.
ശ്രീബാല മിണ്ടിയില്ല.
"എടി ചേച്ചിപ്പെണ്ണേ.."വേണി പിന്നെയും വിളിച്ചു.
"എന്താടി?ഈ പെണ്ണിന് രാത്രി ഉറക്കവുമില്ലേ?"ശ്രീബാല കപട ദേഷ്യത്തോടെ ചോദിച്ചു.
"ഓ കേട്ടാൽ തോന്നും ചേച്ചി പൂര ഉറക്കം ആയിരുന്നെന്ന്..ജിതേഷേട്ടനെ  സ്വപ്നം കണ്ടോണ്ട് കിടക്കുവായിരുന്നില്ലേ?"വേണി അവളെ കളിയാക്കി.
"നിന്റെ നാക്കിന് ഒരു ലൈസൻസും ഇല്ലല്ലോ പെണ്ണെ.."ശ്രീബാല അവളുടെ ചെവിയിൽ പിടിച്ച് തിരുമ്മി.
"ഓഹ്  ഈ ചേച്ചി..അതെ ഇനി കുറച്ച് ദിവസം കൂടിയേ ഇങ്ങനെ ഒരുമിച്ച് കെട്ടിപ്പിടിച്ച് കിടന്നുറങ്ങാൻ പറ്റു  കേട്ടോ..അത് കഴിഞ്ഞാൽ പിന്നെ നമ്മള് നമ്മടെ കെട്ടിയോന്മാരുടെ കൂടെ പോവും.പിന്നെ എപ്പഴെങ്കിലും തമ്മിൽ കാണാൻ പറ്റിയാൽ ഭാഗ്യം!."തമാശയ്ക്കാണ് വേണി പറഞ്ഞുതുടങ്ങിയതെങ്കിലും പെട്ടെന്ന് രണ്ടുപേരും നിശബ്ധരായി.കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.
"മോളെ.."ശ്രീബാല വിളിച്ചു.
വേണിയുടെ അനക്കം കേട്ടില്ല.അവൾ വേണിയുടെ മുഖത്ത് കൈ വെച്ചു .അവൾ കരയുകയാണെന്ന് ശ്രീബാലയ്ക്ക് മനസിലായി.
ശ്രീബാലയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
"കളിയായിട്ട് പറഞ്ഞതാണെങ്കിലും   നമ്മൾ ഇവിടം വിട്ട് പോവാണെന്ന് ഓർക്കുമ്പോ..ഇനി അധിക ദിവസം ഇങ്ങനെ ഒരുമിച്ച് ഒരേ മുറിയിൽ പുലരും വരെ ഇതുപോലെ വിശേഷങ്ങൾ പറഞ്ഞ്  കിടക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോ ഭയങ്കര സങ്കടം വരുന്നു ചേച്ചി.."വേണിയുടെ ശബ്ദം ഇടറി..
"ഒന്നുമില്ലെങ്കിലും നമ്മൾ ഒരേ സ്ഥലത്തേക്ക് തന്നെയല്ലേ മോളെ പോവുന്നത്..രണ്ടുപേരും അടുത്തടുത്ത് താമസിക്കുന്നത്കൊണ്ട് എപ്പോ വേണമെങ്കിലും പരസ്പരം കാണാമല്ലോ.."ശ്രീബാല അവളെ ആശ്വസിപ്പിച്ചു.
"പക്ഷെ അച്ഛന്റെ  കാര്യമോർത്താ സങ്കടം.നമ്മൾ  കൂടെ ഇല്ലാതെ അച്ഛനൊറ്റയ്ക്ക് ഇവിടെ..ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിക്കണെങ്കിൽ  പോലും അച്ഛന് നമ്മൾ വേണം.."ശ്രീബാല വിഷമത്തോടെ പറഞ്ഞു.
"അമ്മ പോയപ്പോ അച്ഛന്റെ പാതി ജീവൻ പോയതാ.പിന്നെ ഹരിയേട്ടനും നമ്മളും ഉള്ളത്കൊണ്ടാ അച്ഛൻ തളരാതെ പിടിച്ച് നിന്നത്.ഹരിയേട്ടൻ ഇപ്പൊ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായെനേം അല്ലെ..ഇപ്പൊ കല്യാണം ഒക്കെ കഴിഞ്ഞ് ഒരു കുഞ്ഞൊക്കെ ആയേനേം.അച്ഛനെയും നമ്മളെയും പൊന്നുപോലെ നോക്കിയേനേം..പിന്നെ അച്ഛന്റെ കാര്യത്തിൽ നമ്മക്ക് സങ്കടപ്പെടേണ്ടി വരുമായിരുന്നില്ല.."വേണി പറഞ്ഞു.
ശ്രീബാല ഒന്നും മിണ്ടിയില്ല.
"അന്ന് ജിതേഷേട്ടൻ ആ പ്രദീഷിനെ  അടിച്ചപ്പോ എനിക്ക് പെട്ടെന്ന് ഹരിയേട്ടനെയാ ഓർമ്മ വന്നത്..ഹരിയേട്ടൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇവന്മാർ ഒന്നും വാല് പൊക്കില്ലായിരുന്നു.ഹരിയേട്ടൻ ഇപ്പൊ എവിടെ ആയിരിക്കും ചേച്ചി?നമ്മുടെ കൈയിൽ ഒരു മൊബൈൽ പോലും ഇല്ല ഉണ്ടാരുന്നെങ്കിൽ എന്നെങ്കിലും ഹരിയേട്ടൻ വിളിക്കുമെന്ന്  ഒരു പ്രതീക്ഷ ഉണ്ടായേനേം .."വേണി സങ്കടത്തോടെ പറഞ്ഞു. ശ്രീബാലയുടെ മറുപടി ഒന്നും കേട്ടില്ല.അവൾ ഉറങ്ങി എന്ന് വേണിക്ക്  മനസ്സിലായി.വേണിയും കണ്ണുകളടച്ച് പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
കുറച്ച് കഴിഞ്ഞ് വേണി ഉറങ്ങി എന്ന് ഉറപ്പായപ്പോൾ ശ്രീബാല കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റു.വേണിയെ ഒന്ന് നോക്കിയിട്ട് പതിയെ ജനലിന്റെ അടുത്തേക്ക് ചെന്നു .അവിടെ അലമാരയുടെ അടിയിൽ വെച്ചിരുന്ന ഒരു ചെറിയ  പെട്ടി പുറത്തേക്ക് വലിച്ചെടുത്തു.അത് തുറന്ന്  ഒരു ചെറിയ കവർ മെല്ലെ പുറത്തെടുത്തു..ശബ്ദമുണ്ടാക്കാതെ അത് തുറന്ന് ഒരു മൊബൈൽ ഫോൺ കൈയിലെടുത്തു! വേണി ഉറക്കമാണെന്ന് ഒന്നുകൂടി ഉറപ്പ് വരുത്തി.പിന്നെ ബാത്‌റൂമിൽ കയറി ആ ഫോൺ സ്വിച്ച് ഓൺ ചെയ്തു.എന്നിട്ട് അതിൽ സേവ് ചെയ്ത് വെച്ചിരുന്ന നമ്പറിൽ വിളിച്ചു.കുറച്ച്  റിങ്ങ് അടിച്ച് കഴിഞ്ഞ് ഒരാൾ കാൾ എടുത്തു.
"ഹലോ ഹരിയേട്ടാ!"ശ്രീബാല പതിഞ്ഞ സ്വരത്തിൽ വിളിച്ചു.
തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot