Slider

ലീലാമ്മച്ചി റോക്സ്

0
Image may contain: Lincy Varkey, smiling, closeup
"മോളെ...ഈ കുന്ത്രാണ്ടം എങ്ങനാടീ തുറക്കുന്നേ?
ഗേറ്റിൽ നിന്നും ലീലാമ്മച്ചി വിളിച്ചു ചോദിച്ചു. അടുക്കളയുടെ അരവാതിലിൽ ചാരി നിന്ന് തലേന്നു പെയ്ത മഴയിൽ കുതിർന്ന പ്രകൃതിയെ മതിവരുവോളം ആസ്വദിക്കുകയായിരുന്ന ഞാൻ തെല്ലൊരീർച്ചയോടെ മുറ്റത്തിറങ്ങി. ചെരുപ്പിട്ടിട്ടില്ലാതിരുന്നതുകൊണ്ട് മുറ്റത്തു നിരത്തിയിരുന്ന ചരൽകഷണൾ കാൽവെണ്ണയിൽ ഇക്കിളികൂട്ടി.
എനിക്കൊരിക്കലും പ്രകൃതിയെ കണ്ട് മതിവരാറില്ല. പ്രകൃതിയാണ് എന്റെ കണ്ണിൽ ഏറ്റവും മനോഹരമായ കവിത.
പകലിന്റെ തെളിച്ചത്തിൽ അവൾ പുളിയിലക്കരമുണ്ടുടുത്ത്, ഈറൻ മുടിയിൽ തുളസിക്കതിർ ചൂടി ഒരു നാടൻ പെൺകിടാവായി നാണിച്ചു നിൽക്കും. രാത്രിയുടെ നിശബ്തതയിൽ പകലിന്റെ മുഷിഞ്ഞ വസ്ത്രങ്ങളുരിഞ്ഞെറിഞ്ഞ് ആരെയും കൂസാത്തവളായി പൂനിലാവിൽ തുടിച്ചു കുളിക്കും.
അവളുടെ കണ്ണുകളിൽ നക്ഷത്രങ്ങൾ തിളങ്ങും. മാറിടങ്ങളിൽ കോടമഞ്ഞു നിറയും. നാഭിച്ചുഴിയിൽ ഓളങ്ങൾ മെല്ലെയിളകും.
അവളുടെ നിശ്വാസത്തിന് പൂക്കളുടെ സുഗന്ധമാണ്. അവളുടെ ചിലങ്കകളുടെ മഴത്തുള്ളിക്കിലുക്കങ്ങൾ കവികളുടെ ഉറക്കം കെടുത്തുന്നു.
എന്റെ അടുക്കളവാതിൽ തുറക്കുന്നത് ഒരു മലയടിവാരത്തിലേക്കാണ്. അവിടേക്കു നോക്കിനിൽക്കുമ്പോൾ ഞാൻ എന്നെത്തന്നെ മറന്നു പോകാറുണ്ട്.
പുലർവേളകളിൽ മുറ്റത്തുനില്ക്കുന്ന പുളിമരത്തിലെ കളകളാരവം കേട്ട് ഉറക്കമുണരുന്ന ഞാൻ ചെയ്തു തീർക്കേണ്ടതൊക്കെ മറന്ന് ഒരു ധ്യാനത്തിലെന്നപോലെ വെളിയിലേക്കു നോക്കി വെറുതെ നിൽക്കും. പ്രഭാതത്തിന്റെ നീലിമ കലർന്ന അഭൗമസൗന്ദര്യം ഉളവാക്കുന്ന സന്തോഷം വർണ്ണനാതീതമാണ്.
പകൽ സമയങ്ങളിൽ മഴ പെയ്യുമ്പോഴും പെയ്യാതിരിക്കുമ്പോഴും കാറ്റ് വീശുമ്പോഴും വീശാതിരിക്കുമ്പോഴും അവളെ നോക്കിനിൽക്കാൻ ഞാൻ കാരണങ്ങൾ കണ്ടെത്തും.
കുംങ്കുമ വർണ്ണം വിതറുന്ന സന്ധ്യകൾ എന്നെ വല്ലാതെ മോഹിപ്പിക്കും . മഴവില്ലു വിരിഞ്ഞു നിൽക്കുന്ന ഒരു സന്ധ്യയിലേയ്ക്ക് അലിഞ്ഞു ചേരുകയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.
"എടീ കൊച്ചേ ഇതൊന്നു തുറന്നേ..." ലീലാമ്മച്ചി വീണ്ടും വിളിച്ചു പറഞ്ഞു. ഞാൻ മുഖത്ത് ഒരു ചിരി വരുത്തി ഗേറ്റ് തുറന്നു.
"നീ പുതിയ വീടു മേടിച്ചെന്നറിഞ്ഞപ്പം തൊട്ട് ഒന്നു വരണമെന്നു വിചാരിക്കുന്നതാ...അതെങ്ങനെ ? നീ വന്നെന്നറിഞ്ഞ് ഞാൻ ഞൊണ്ടിവരുമ്പോഴേക്കും നീ പോയിട്ടുണ്ടാകും. ഇപ്പം പണ്ടത്തെപ്പോലെ നടക്കാൻ ഒന്നും മേലടി കൊച്ചേ . കാലിനൊക്കെ അപ്പിടി വേദനയാ...നിന്റെ കയ്യില് ഗുളിക വല്ലോം ഉണ്ടോ?" അവർ സിറ്റ് ഔട്ടിലെ തറയിൽ ഇരുന്ന് കാൽ രണ്ടും നീട്ടിവച്ച്, സാരി മുട്ടുവരെ പൊക്കി എന്നെ കാണിച്ചു.
ഞാൻ രണ്ടു പാരസെറ്റമോൾ എടുത്തുകൊണ്ടു ചെന്നു കൊടുത്തു. അവർ അത് വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട് പുച്ഛത്തോടെ എന്നെ തിരിച്ചേൽപ്പിച്ചു.
മോരും മീനും കൂട്ടി ഉച്ചയ്ക്കത്തെ ചോറും , പുറകെ കാപ്പിയും പഴംപൊരിയും കഴിച്ച്, വലിയൊരു ഏമ്പക്കവും വിട്ടുകൊണ്ട് ലീലാമ്മച്ചി എന്നെ പുകഴ്‌ത്താൻ ആരംഭിച്ചു.
"നീ അങ്ങ് മെലിഞ്ഞു പോയല്ലോടീ ...എങ്ങനെയിരുന്ന കൊച്ചാ നീ...കണ്ടാൽ ആരും ഒന്ന് എടുക്കാതെ പോവുകേലാരുന്നു."
ഉടൻതന്നെ കാശു ചോദിക്കുമെന്ന് അറിയാമായിരുന്നതുകൊണ്ടുതന്നെ ഞാൻ ഉള്ളിൽ ചിരിച്ചു.
"നിന്റെ കയ്യിൽ കാശുവല്ലതുമുണ്ടോ ? ഇനി വരുമ്പോൾ തിരിച്ചു തരാം. ആകെ കഷ്ടപ്പാടാ. അങ്ങേരു കെടപ്പായിട്ടിപ്പം മാസം മൂന്നു കഴിഞ്ഞില്ലേ? ഞാനൊരുത്തി വേണ്ടേ എല്ലാം ഓടിക്കാൻ!"
"അയ്യോ ചേട്ടനെന്തു പറ്റി ? " ഞാൻ ചോദിച്ചു.
"ആഹാ! അപ്പം നീ കഥയൊന്നും അറിഞ്ഞില്ലേ? അങ്ങേരു കാലൊടിഞ്ഞു കെടപ്പല്ലേ? മാസം മൂന്നായി ഒറ്റക്കെടാപ്പാ . പക്ഷെ, ഞാൻ നല്ല പൊന്നുപോലെയാ നോക്കുന്നേ. സമയാസമയത്തു കഞ്ഞിക്കു കഞ്ഞി, കാപ്പിക്കു കാപ്പി! അങ്ങേർക്കു ചുമ്മാ അങ്ങു കെടന്നാ പോരെ? തീട്ടോ മൂത്രോം എടുക്കുന്നതു പോലും ഞാനാ. ഇന്നുവരെ ഞാനൊരു പരാതി പറഞ്ഞിട്ടില്ല. അറിയാവോ? കെട്ടിയോന്മാർ കെടപ്പായാൽ നോക്കണ്ടതേ കെട്ടിയോളുമാരെടെ കടമയാ..."
"എങ്ങനെയാ ചേട്ടന്റെ കാലൊടിഞ്ഞേ?" ഞാൻ വിഷമത്തോടെ ചോദിച്ചു.
"അതുപിന്നെ, അങ്ങേരു മൂക്കറ്റം കുടിച്ചിട്ട് എന്നെ ചൊറിഞ്ഞോണ്ടു വന്നു. കയ്യിക്കിട്ടീത് അമ്മിപ്പിള്ളയാ...ഒരൊറ്റ ഏറു വച്ചു കൊടുത്തു. അല്ല പിന്നെ, സഹിക്കുന്നേനൊക്കെ ഒരു അതിരില്ലേ ?
കുടിച്ചു കൂത്താടി മെക്കിട്ടു കേറുന്ന ഭർത്താവിനെ എറിഞ്ഞു വീഴ്ത്തി ചിലവിനു കൊടുക്കുന്ന ലീലാമ്മച്ചി എന്റെ മുൻപിൽ വളർന്നു വലുതായി മാനം മുട്ടി നിന്നു.
ലിൻസി വർക്കി @ Nallezhuth
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo