നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരാ പ്രോ നോബിസ്


ഫെലിക്സ് നാലാമത്തെ പെഗ്ഗിലേയ്ക്ക് നാലു ഐസ്ക്യൂബും കൂടെ അല്പം സോഡയും ഒഴിച്ച് ഉയർന്നുവന്ന നുരയോടെ ഫുൾജാർസോഡ പോലെ ഉള്ളിലേയ്ക്ക് കമഴ്ത്തി. അതിന്റെ കൂടെ മുമ്പിലിരുന്ന ബീഫ്ഫ്രൈയിൽ നിന്ന് ഒരു വാളം വാരി വായിലിട്ടു. അതിലെ കുരുമുളകിന്റെ ഫ്ലേവറിൽ കണ്ണടച്ച് സ്വാദ് ആസ്വദിച്ചു കൊണ്ടിരുന്നപ്പോഴാണ് ഉച്ചയ്ക്ക് മൂന്നു മണിക്ക് അമ്മച്ചി ഫോൺ ചെയ്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ഉള്ളിൽ തികട്ടി വന്നത്. അതിന്റെ ചവർപ്പ് പോകാൻ മുമ്പിലിരുന്ന നാരങ്ങാ അച്ചാർ ചൂണ്ടുവിരലിൽ മുക്കിയെടുത്ത് നാവു കൊണ്ട് നക്കിതോർത്തി.
വൈകിട്ട് ആറു മണി മുതൽ പത്തു മണി വരേ മുൻഭാഗത്തെ ഹാളിൽ ഇരുന്ന് വിവിധ ചാനലുകളിലെ കണ്ണീർ സീരിയലുകൾ ഒന്നുപോലും വിടാതെ കാണുന്ന അമ്മച്ചിയും റോസിയും തമ്മിലുള്ള സ്നേഹം കാണുമ്പോൾ അവർ ഇന്ത്യയും നേപ്പാളും പോലെ എത്ര സ്നേഹത്തിൽ ആണ് കഴിയുന്നത് എന്നോർത്ത് അത്ഭുതം കൂറും. പക്ഷെ എന്നും നേരം വെളുത്തതിനു ശേഷം താൻ ഓഫീസിലായിരിക്കുമ്പോൾ രാവിലെ ഏകദേശം പത്തു മണി ആകുമ്പോൾ അമ്മച്ചി ഒന്നുറങ്ങുന്ന നേരം നോക്കി തനിക്കു ഫോൺ ചെയ്യുന്ന റോസിയും അതുപോലെ തന്നെ ഉച്ചക്ക് റോസി യൊന്നുറങ്ങുന്ന നേരം തനിക്ക് ഫോൺ ചെയ്യുന്ന അമ്മച്ചിയും പറയുന്ന കാര്യങ്ങളെല്ലാം ഏകദേശം ഒരുപോലെയുള്ളവ തന്നേയാണ്. പക്ഷെ അപ്പോൾ അവർ ശത്രു രാജ്യങ്ങളാണെന്ന് മാത്രം. ഒരാൾ പാക്കിസ്ഥാനും ഒരാൾ ഇന്ത്യയും . ഈ ലോകത്ത് അമ്മായിയമ്മമാരും മരുമക്കളും തമ്മിൽ എന്താണാവോ മിക്കയിടത്തും
കണ്ണിൽ കണ്ണിൽ നോക്കിയാൽ കടിച്ചു കീറാൻ
നിൽക്കുന്ന ഭാവം. ഒന്നു പറഞ്ഞാൽ രണ്ടാമത്തതിന് കീരിയും പാമ്പും . ദൈവം ഇവരെ മാത്രം എന്തേ ഇങ്ങിനെ സൃഷ്ടിച്ചു. പിന്നെ ആകെ ഒരു സമാധാനം അമ്മച്ചിയ്ക്ക് റോസിയുടെ വീട്ടുകാരേയും, അവൾക്ക് എന്റെ വീട്ടുകാരേയും കണ്ണെടുത്താൽ കണ്ടു കൂടാ,
പക്ഷെ രണ്ടു പേർക്കും എന്നോട് മരണസ്നേഹമാണ്.
രണ്ടും കൂടെ എന്നെ സ്നേഹിച്ചു കൊല്ലും. മിക്കവാറും ഇങ്ങിനെ പോയാൽ അല്ലാതേയും കൊല്ലും.
അമ്മച്ചി ഫോൺ ചെയ്യുമ്പോൾ റോസിയുടെ കുറ്റങ്ങൾങ്ങൾക്കിടയിൽ എന്നും പതിവായി പറയുന്ന
ഒരേ ഒരു കാര്യം, നീ റോസിയെ ഡൈവോഴ്സ് ചെയ്യുക. നിനക്ക് പളുങ്ക് പോലുള്ള നല്ലൊരു പെൺക്കുട്ടിയെ ഞാൻ കണ്ടെത്തി തരാം. അല്ലെങ്കിൽ നീ തന്നെ ഒരു നല്ല പെൺക്കുട്ടിയെ കണ്ടെത്തി കൊണ്ടുവരുക, ഞാൻ പൊന്നുപോലെ നോക്കിക്കൊളളാം .
റോസി പറയുന്ന കാര്യങ്ങളും ഏതാണ്ട് ഇങ്ങിനെയെല്ലാം തന്നെ. അമ്മച്ചിയെ ഏതെങ്കിലും വൃദ്ധസദനത്തിൽ കൊണ്ട് ചെന്നാക്കുക. തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റപ്പെടുത്തൽ , എന്തെല്ലാം ചെയ്തു കൊടുത്താലും ഒരു തൃപ്തിയും ഇല്ല. അച്ചായന്റെ പെങ്ങൾമാരോട് ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ വിളിച്ച് പറഞ്ഞ് അവരുടെ മനസ്സിൽ എന്നെ ഒരു കൊടുംഭീകരിയായി ചിത്രീകരിച്ച് വയ്ക്കുകയാണ്. അവരേക്കൊണ്ട് എന്നെ വിളിച്ച് ചീത്ത പറയിക്കുക.
ഇതെല്ലാം ആണ് അമ്മച്ചിയുടെ രീതികൾ, ഒരു വിധത്തിലും അമ്മച്ചിയുമായി
ചേർന്നുപോകാനാവില്ല.
ശത്രു രാജ്യങ്ങളുടെ ഇടയിലെ പ്രശ്നങ്ങളേ പിന്നേയും
ചർച്ചകളിലൂടെ പരിഹരിക്കാം ,
അമേരിക്കയും, കൊറിയയും
തമ്മിൽ നേരത്തെ എന്തെല്ലാം പറഞ്ഞതാണ് എന്നിട്ട് അവരിപ്പോൾ കൂട്ടായി എന്നാലും ഇവിടെ രണ്ടെണ്ണമുള്ളതിനെ എന്തു ചെയ്യണം.
ആടിനെ പട്ടിയാക്കിയിട്ട് അറുത്തു മുറിച്ച് മട്ടൻകറി വയ്കാൻ കാത്തിരിക്കുന്ന
ആൾക്കൂട്ടം. അതിനു വേണ്ട എല്ലാ സഹായ സഹകരണവും കൈമെയ്യയച്ച് നൽകാൻ തയ്യാറായി നിൽക്കുന്ന ആട്.
ആടിനും ആൾക്കാർക്കുമിടയിൽ നിഷ്കളങ്കനായിട്ടും പഴി മുഴുവൻ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട അറപ്പുകത്തിയായി മാറാൻ വിധിയ്ക്കപ്പെട്ട ഫെലിക്സെന്ന പാവം ഞാനും. ഞങ്ങൾ
മാറി താമസിച്ചാൽ ആൾക്കാർ പറയും പ്രായമായ അമ്മച്ചിയേ ഒറ്റയ്ക്കാക്കി മാറി താമസിയ്ക്കുന്നു , അമ്മച്ചിയെ നോക്കുന്നില്ല എന്ന് . നേരെ മറിച്ച് റോസിയെ അവളുടെ വീട്ടിൽ പറഞ്ഞു വിട്ടിട്ട് അമ്മയും ആയി ഇവിടെ താമസിച്ചാൽ ഭാര്യയെ സ്നേഹമില്ലാത്തവൻ എന്ന് ആകും ആൾക്കാരുടെ പറച്ചിൽ .
അവർ തമ്മിൽ സ്നേഹത്തോടെ വഴക്കിട്ടാതെ താമസിച്ചാൽ
തീരാവുന്ന പ്രശ്നമേയുള്ളു.
കല്യാണം കഴിഞ്ഞ് നാലു ദിവസം ആയപ്പോൾ തുടങ്ങിയ പ്രശ്നങ്ങൾ നാലു വർഷമായിട്ടും ഒന്നിനൊന്ന് കൂടിക്കൊണ്ടിരിക്കുന്നു.
ഒന്നാം വർഷം ഒരു പെഗ്ഗ് അടിച്ചാൽ തീരുന്ന മനസമാധാനക്കേടേ ഉണ്ടായിരുന്നുള്ളു. രണ്ടാം വർഷമായപ്പോൾ രണ്ട് പെഗ്ഗടിച്ചാലേ ഇവരുടെ ഇടയിൽ സമാധാനത്തോടെ ഉറങ്ങാനാവൂ എന്നായി. ഇപ്പോൾ നാലാം വർഷം നാലു പെഗ്ഗിൽ എത്തി നിൽക്കുന്നു.
ഇങ്ങിനെ പോയാൽ കല്യാണത്തിന്റെ കാൽനൂറ്റാണ്ട് തികയുന്ന ദിവസം ആകുമ്പോഴേയ്ക്കും എന്റെ കല്ലറയിൽ എത്ര ഓർമ്മദിനങ്ങളുടെ മെഴുതിരിനാളങ്ങൾ കത്തിയമർന്നിട്ടുണ്ടാവും.
ഒരു കുട്ടിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇവരുടെ വഴക്കിന് ഒരു പരിഹാരമായേനേ. അതിനെ കളിപ്പിച്ചും ,ചിരിപ്പിച്ചും കഴിഞ്ഞിരിക്കുന്ന സമയത്ത്
ഇവർ വഴക്കിടുന്ന കാര്യം മറന്നു പോയേനേ. ദൈവമായിട്ട് ഇതുവരെ അതും തന്നില്ല. ഡോക്ടർമാർ പറയുന്നു രണ്ടു പേർക്കും ഒരു കുഴപ്പവും ഇല്ല, ഏതു നിമിഷവും കുട്ടി ആകാനുള്ള സാധ്യതയുണ്ടെന്ന് , എപ്പോഴാണാവോ ശ്രീമാന്റെ എഴുന്നെള്ളത്ത്. അതിന്റെ ചികിത്സ നടന്നുകൊണ്ടിരിക്കുന്നു. എന്റീശോ മറിയം ഔസേപ്പേ ഇപ്പോഴാണ് ഒരു കാര്യം ഓർത്തത് ചികിത്സയുടെ ഭാഗമായി മദ്യം കൈകൊണ്ട് തൊടരുതെന്ന് ഡോക്ടർ പറഞ്ഞ കാര്യം ഇതിനിടയിൽ പാടെ മറന്നു. നിർത്തി, ഇനി
ഇങ്ങിനെയുണ്ടാവില്ല, ഇതെന്റെ പിഴ, എന്റെ വലിയ പിഴ.
ബാക്കിയുണ്ടായിരുന്ന മദ്യം ബാത്ത്റൂമിലെ വാഷ്ബേസിനിലേക്ക് കമഴ്ത്തി കളഞ്ഞപ്പോൾ ഉള്ളിൽ ഒരു തീരുമാനം എടുക്കുകയായിരുന്നു , നിങ്ങൾക്കെന്നെ മദ്യപനാക്കാൻ ആവില്ല എന്ന്.
ഫെലിക്സ് ആകാശത്തു നോക്കി പ്രാർത്ഥിച്ചു. അത്യുന്നതങ്ങളിൽ ഇരുന്ന്
പാവങ്ങളിൽ കരുണ ചൊരിയുന്ന കർത്താവേ
അടുത്ത പ്രാവശ്യം എങ്കിലും ദൈവം സഹായിച്ച് ഒരു കുഞ്ഞികാലു കാണാനുള്ള പോസിറ്റീവ് റിസൽട്ട് ലഭിയ്ക്കണേ ഞങ്ങൾക്ക്. അതോടു കൂടി ഈ കുടുംബത്തിൽ ശാന്തിയും സമാധാനവും നിറഞ്ഞൊഴുകണമേ . ലോകത്തിലെ എല്ലാ അമ്മായി അമ്മമാരും മരുമക്കളും വഴക്കിട്ടാതെ കഴിയണമേ എന്നു പറഞ്ഞാൽ താങ്കൾക്ക് നടത്തിത്തരാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് എന്റെ വീട്ടിലെ രണ്ടെണ്ണത്തിനെയെങ്കിലും വിശുദ്ധ വെളിപാടോടെ മാനസാന്തരപ്പെടുത്തി പരസ്പരസ്നേഹം പതഞ്ഞൊഴുക്കേണമേ.
ആമേൻ. ഒരാ പ്രോ നോബിസ്
Ora pro nobis = pray for us

PSAnilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot