നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവസാനത്തെ വരികൾ...

Image may contain: 1 person, smiling, closeup
---------------------------------------
"ഡാ ... ഒറ്റത്തവണ കൂടി , ഇനിയൊരു മഴക്കാലം കൂടി എത്തിപ്പിടിക്കാൻ പറ്റുമോ എന്നറിയില്ല .. "
മഴനൂൽക്കനവുകൾ പടിയിറങ്ങി വരണ്ടുണങ്ങിയ മാറിൽ ഒരിറ്റ് കുളിര് ..
പ്ലീസ് .."
പുറത്ത് മഴയുടെ ഹുംകാരം ആഞ്ഞടിക്കുന്നു... വീണ്ടുമൊരു മഴക്കാലം...
ജാനിക്ക് മഴയോട് തീർത്താൽ തീരാത്ത പ്രണയമാണ് , പുതുമഴയിൽ ബുള്ളറ്റിന്റെ പുറകിൽ ചേർന്നിരുന്ന് കൈകളിൽ മഴത്തുള്ളികൾ വാരുക ... നനഞ്ഞൊട്ടി ബീച്ചിലെ തിരമാലകളോട് ഗുസ്തി പിടിക്കുക .. പിന്നെ ഒരു ഐസ്ക്രീമും ..
കഴിഞ്ഞ കുറേ പുതുമഴകളിലെ ശീലം .
"വിച്ചു ..നീയെന്താ ഒന്നും മിണ്ടാത്തെ .... എന്റെ കോലം കണ്ടിട്ടാണോ ..?"
ജാനി തന്റെ തലയിൽ ശേഷിച്ച മുടിയിഴകളിൽ വിരലോടിച്ചു .. മുഖമാകെ കരുവാളിച്ചെങ്കിലും അവൾ ഒന്നു ചിരിച്ചെന്നു വരുത്തി.
"മഴ പോയി ജാനി ....,പെയ്ത് തുടങ്ങട്ടെ നമുക്കു പോവാം ... "
അവൾ നിരാശയോടെ ജനലഴികളിൽ മുഖമമർത്തി . മരണം തൊട്ടടുത്ത് ഇരയെത്തേടി കാത്ത് നിൽക്കുന്നതവൾക്ക് കാണാം . ഞണ്ടുകൾ വീണ്ടും മാളം വിട്ട് പുറത്തിറങ്ങാൻ തുടങ്ങിയ പോലെ ..
"ഞാനൊന്ന് കിടക്കട്ടെ ... മഴ പെയ്താൽ വിളിക്കണേ ..."
വിരസമായി പേജുകൾ മറിച്ച മാഗസിൻ മടക്കിവെച്ച് വിച്ചു എഴുന്നേറ്റു ...
"വേദനിക്കുന്നുണ്ടോ ജാനി ...? "
"ഏയ് ഇല്ല ... "
"അങ്കിളും ആന്റിയും ഇപ്പോ വരും ... "
"അവര് വന്നാലും നീ പൊയ്ക്കളയരുത് ... മഴ വീണ്ടും വരും .. "
ആശുപത്രി വരാന്തയിലെ ചാരു ബെഞ്ചിൽ വിച്ചു ഇരുന്നു .. മൂടിക്കെട്ടിയ അന്തരീക്ഷം അവന്റെ ചിന്തകൾക്ക് തിരി തെളിച്ചു.
വിവാഹ നിശ്ചയം കഴിഞ്ഞ് അധികം താമസിയാതെയാണ് ജാനിയിൽ അസുഖത്തിന്റെ സാന്നിധ്യം കണ്ടത് ... ആറു വർഷത്തെ പ്രണയം സമ്മാനിച്ച സുന്ദര നിമിഷങ്ങൾ വിച്ചുവിന്റെ മനസ്സിൽ തെളിഞ്ഞു. ...
ക്ലീഷേ ....!
എന്റെ കുട്ടീ എത്ര തവണ ഞാൻ പറഞ്ഞതാ .. ഇതു പോലുള്ള കഥകളുമായി എന്റെടുത്ത് വരരുതെന്ന് ..
"സാർ ...? "
"ഇതിന് ലൈക്കും കുറേ കമന്റും കിട്ടിയേക്കും പക്ഷെ ...ഉം..ശരി ഞാൻ നോക്കട്ടെ . "
എസ്റ്റാബ്ലിഷ്ഡ് എഴുത്തുകാരനയതിന്റെ ഓരോ പൊല്ലാപ്പേ .... പക്ഷെ അവളെ തഴയാനും പറ്റില്ല .. എന്റെ അന്തവും കുന്തവുമില്ലാത്ത കഥകളെ നല്ലപോലെ സപ്പോർട്ട് ചെയ്യുന്നയാളാ .. അവളുടെ സൃഷ്ടിയെ കോപ്പി പേസ്റ്റ് ചെയ്ത് എഴുത്തുപുര സജ്ജമാക്കി ...
............. .................. .................... ........
കരിങ്കല്ല് വെട്ടിയിറക്കിയ പടികളിലൂടെ വിലോചനൻ തന്റെ നഗ്നപാദങ്ങളൂന്നി കുന്നിൻ മുകൾ ലക്ഷ്യവെച്ചു.തലയിൽ
താഴ് വാര സമൃദ്ധിയിൽ നിന്നും കുഴിച്ചെടുത്ത മണ്ണ് ശില്പമാവാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു .. സമുദ്രനിരപ്പിൽ നിന്നും ആയിരത്തോളമടി ഉയരത്തിൽ കൊടുംപാറയ്ക്ക് മുകളിലാണ് അയാളുടെ വാസം .. അച്ഛന്റെ ഓർമ്മകളുറങ്ങുന്ന അവിടം അയാൾക്കേറെ പ്രിയങ്കരമാണ്. അച്ഛൻ പകർന്നു നൽകിയ ശിൽപ്പ വിദ്യയിൽ അയാളൊരു സ്ത്രീരൂപം നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു.
ഓരോ ശിൽപ്പവും തന്റെ ആത്മസമർപ്പണത്തിന്റെ സ്വാംശീകരണമായിരക്കണമെന്നയാൾക്ക് നിർബന്ധമാണ് .തന്റെ പ്രാണവായു പകുത്തു നൽകി അയാൾ സംവദിക്കുന്ന ശിൽപ്പങ്ങൾ .. അച്ഛൻ, അമ്മ ,കൂടപ്പിറപ്പ് .
യൗവ്വനതീക്ഷ്ണത പ്രണയഭാവങ്ങൾ തേടിയപ്പോൾ തന്റെ കാമന പൂർത്തീകരിക്കാൻ തുടങ്ങിയതാണ് .മണ്ണ് കുഴച്ച് പ്രണയലേപനത്തിന്റെ മേമ്പൊടിയിൽ വിലോചനൻ ജാനകിയെ യഥാർത്ഥ്യമാക്കാൻ തുടങ്ങി .ദിവസങ്ങൾ നീണ്ടു നിന്ന കൊടും തപസ്സിനൊടുവിൽ ജാനകിയുണർന്നു .. പ്രണയസല്ലാപങ്ങൾ പാറയിടുക്കകളിൽ വീണുടഞ്ഞു .. ഇനി പാണി ഗ്രഹണം ....!
കുന്നിറങ്ങി ചോലയിൽ മുങ്ങി വിലോചനൻ നവവരനായി .. പക്ഷെ നവവധുവിന്റെ മുഖത്ത് നാണത്തിന് പകരം കണ്ട വിളർച്ച അയാളെ ചിന്താമഗ്നനാക്കി .. അവിടെവിടെ മണ്ണടർന്ന് തുടങ്ങിയിരിക്കുന്നു , ഞണ്ടുകളുടെ കാൽപ്പാടുകൾ ....!
............... .............. ..................... .........
എഴുതിയ അത്രയും കോപ്പി പേസ്റ്റ് ചെയ്ത് ഇൻബോക്സിലിട്ടു. ഇന്ന് വെള്ളിയാഴ്ച ..ഇനിരണ്ടു നാൾ ഓഫ് ലൈനാണ് .ശനിയും ഞായറും കുടുംബത്തിന് വേണ്ടി മാത്രം .എഴുത്തിന് മാത്രമായുള്ള ഫോണായതിനാൽ ഓഫ് ചെയ്തു വെച്ചു.
തിങ്കളാഴ്ച ഓഫീസിലേക്കുള്ള യാത്രാ
മദ്ധ്യേ ഓൺ ചെയ്തങ്കെലും ആ കുട്ടി ഇൻബോക്സിൽ വന്നിരുന്നില്ല. ..
"ഹലോ .. , എന്റെ രീതിയിൽ എഴുതിയത് കണ്ടില്ലേ ...? കഥാപാത്രത്തിന്റെ പേരിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് ... എനിക്ക് എന്റേതായ പേരുകൾ ഉണ്ടെന്ന്
കുട്ടിയ്ക്കറിയാമെല്ലോ , "
വാട്ട്സ്പ്പിൽ ഒരു മെസേജ് കൂടി ഇട്ടു. ... ഉച്ചയായിട്ടും അവളത് കണ്ടിട്ടില്ല .. ഇനി പിണക്കമായിരിക്കുമോ ...?
രണ്ടും കൽപ്പിച്ച് വിളിച്ചു നോക്കി ..
"ഹലോ ... ജഹ് നാര ഇല്ലേ ..?"
മറുതലയ്ക്കൽ ഒരു പുരുഷശബ്ദം ...
"ഞാൻ വിവേക് ആണ് ... ആരാണ് "
"ഫ്രണ്ടാണ് .. എഴുത്ത് ഗ്രൂപ്പിൽ നിന്നാണ് എന്ന് പറഞ്ഞാൽ മതി ."
"ഓകെ. പക്ഷെ അവൾക്ക് നല്ല സുഖമില്ല .ഇവിടെ സിറ്റി ഹോസ്പിറ്റലിലാണ് .. "
അപ്രതീക്ഷിതമായ ആ മറുപടി രണ്ടു ദിവസമായി വേട്ടയാടുന്നു . അവൾ ഓൺലൈനിൽ വന്നിട്ടുമില്ല. മനസ്സിൽ ചിന്തകൾ കുഴഞ്ഞുമറിയുന്നു .. ആശുപത്രി യുടെ റിസപ്ഷനു മുന്നിൽ നിൽക്കുമ്പോഴും മനസ്സ് ചഞ്ചലമായിരുന്നു ..
അവളെ കണ്ട് മുറിവേറ്റ മനസ്സുമായി മുറിവിട്ട് പുറത്തിറുങ്ങുമ്പോഴും കാതിൽ മുഴുങ്ങുന്നുണ്ടായിരുന്നു ...
"അതെ മാഷേ ... അതെന്റെ സ്വന്തം കഥയാണ് . അവസാന വരികൾ എന്നേ കുറിക്കപ്പെട്ട എന്റെ സ്വന്തം കഥ ."
മടുപ്പിക്കുന്ന ആവർത്തനങ്ങളിൽ ഹൃദയരക്തം കൊണ്ടെഴുതിയത് നിന്റെ ജീവിതമായിരുന്നു എന്നറിഞ്ഞിരുന്നില്ല കുട്ടീ... മാപ്പ് ....!
സർഗാത്മകതയുടെ നശിച്ച മൂടുപടം വലിച്ചെറിഞ് എഴുത്തുപുരയുടെ അടച്ചിട്ട ജനൽപ്പാളികൾ ഞാൻ എന്നെന്നേക്കുമായി തുറന്നിട്ടു.
അവസാനിച്ചു.
✍️ശ്രീധർ.ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot