നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നൈസായിട്ട് ഒരു പീഢനം


എന്നെ പീഡിപ്പിച്ചേ..........
ആദ ഹറാമി മിശാൻ ഏന പീഡിപ്പിച്ചു. സത്യത്തിൽ പീഡിപ്പിച്ചു എന്ന വാക്കിന്റെ അറബി അറിയാൻ പാടില്ലാഞ്ഞിട്ടല്ല, നമുക്ക് ഏതു ഭാഷയിലാണെങ്കിലും പീഡനം നടന്നു എന്നു കേൾക്കുമ്പോൾ അത് മലയാളത്തിൽ കേൾക്കുന്നതാണല്ലോ ഒരു ശ്രവണസുഖം.
കൗണ്ടറിലേക്ക് ഓടിപ്പാഞ്ഞടുക്കുകയായിരുന്നു ആ ഒമാനിപ്പെണ്ണ്.
സത്യത്തിൽ ഇതെപ്പോഴാണ് സംഭവിച്ചത്. അല്ലെങ്കിൽ തന്നെ അടുത്തെവിടെയെങ്കിലും പീഡനം നടന്നു എന്നു കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിരും , സന്തോഷവും അറിയാനുള്ള ആകാംക്ഷയും എല്ലാം ഉണ്ടാകുന്നത് ഏതു മനുഷ്യനും സ്വാഭാവികമാണ്. പക്ഷെ ഇത് തന്റെ സ്വന്തം സൂപ്പർമാർകറ്റിൽ . സൂപ്പർമാർക്കറ്റ് എന്നെല്ലാം കേൾക്കുമ്പോൾ അങ്ങ് കൊമ്പത്തെ എന്നൊന്നും കരുതണ്ട , ഒരു മിനി സൂപ്പർ മാർക്കറ്റ്. ഞാൻ ഉൾപ്പെടെ മൂന്നു ജോലിക്കാർ, ഒരു ഒമാനി പയ്യൻ ക്യാഷ്കൗണ്ടറിൽ, അത് തന്നെ ഇവിടത്തെ നിയമം കാരണം ഇരുത്തിയതാണ് സ്വദേശിയെ വെറുതെ ഇരുത്തി ശമ്പളം കൊടുക്കണം എന്ന് നിയമമുണ്ട്. ആകെ കിട്ടുന്ന ലാഭത്തിൽ പകുതി അവന് ശമ്പളമായി കൊടുക്കണം. അവൻ ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ പോയിരിക്കുകയാണ്, ഇനി നാലു മണിക്കേ വരുകയുള്ളു.
പിന്നെയുള്ളത് ഒരു ബംഗാളി ഹെൽപ്പർ ആണ് , അവനും ഉച്ചവിശ്രമത്തിന് പോയതാണ്, ഉടനെ വരണ്ടതാണ് , വന്നോ എന്നറിയില്ല. ഇനി വന്നിട്ട് അവന്റെ വകയെങ്ങാനുമാണോ ഈ പീഡനം. എങ്കിൽ ഇതോടെ എന്റെ കാര്യങ്ങൾക്ക് ഒരു തീരുമാനം
ആകാറായിട്ടുണ്ട് എന്നതായിരിക്കും സത്യം.
എസിയുടെ തണുപ്പും, ടിവിയിലെ പാട്ടും, ഭക്ഷണം കഴിഞ്ഞതിന്റെ ക്ഷീണവും കാരണം കൗണ്ടറിലിരുന്നപ്പോൾ കണ്ണൊന്ന് മാടിപ്പോയി, അപ്പോഴാണ് മാനത്തു നിന്ന് പൊട്ടിവീണതുപോലെ മുന്നിലെത്തിയ ഒമാനിപ്പെണ്ണിന്റെ അലർച്ചയും തുള്ളലും കേട്ടപ്പോൾ ഉള്ള നല്ല ജീവനങ്ങുപ്പോയി. ടിവിയിൽ ആണെങ്കിൽ നേരത്തെ കേട്ട പാട്ടല്ല ഇപ്പോൾ കേൾക്കുന്നത് , അതിനിടയിൽ എത്ര പാട്ട് വന്നു പോയെന്ന് ആർക്കറിയാം. എന്നാലും ആരാണിവളെ പീഡിപ്പിച്ചത്.
അതിനെല്ലാം ഉള്ള സമയം ആയോ, താനെന്താ അത്ര നേരം ഉറങ്ങിയോ?
ചെന്നു നോക്കട്ടെ നമ്മുടെ ഹെൽപ്പർ ബംഗാളിയെങ്ങാനും ആണീ കടുംകൈ ചെയ്തതെങ്കിൽ എന്റെ കാര്യം കട്ടപ്പൊക. അവനാണെങ്കിൽ പുറത്തെ വിസക്കാരൻ ആണ്. ഇവിടെ ജോലിക്കു നിൽക്കുന്ന ബാബു ലീവിന് നാട്ടിൽ പോയപ്പോൾ
ഒരു ഇടക്കാലാശ്വാസത്തിന് നിർത്തിയ ബംഗാളിയാണ് മിക്കവാറും എനിക്കിത് ഒടുക്കത്തെ ആശ്വാസമാകും.
പുറത്ത് കത്തുന്ന ചൂട് നല്കുന്ന സൂര്യനേക്കാൾ കടുക്കട്ടിയായി അകത്ത് ഒമാനിപ്പെണ്ണ് ആകെ നിന്ന് കത്തിജ്വലിക്കുകയാണ്, മുഖമൊഴിച്ച് ശരീരം മൊത്തം കറുത്ത അബായയിൽ പൊതിഞ്ഞ അവരുടെ കണ്ണുകളിൽ നിന്ന് ഉതിരുന്ന തീഷ്ണമായ നോട്ടത്തിന്റെ ചൂടു കൊണ്ട് ആ പരിസരത്തേയ്ക്ക് അടുക്കാനാവുന്നില്ലയെങ്കിലും
കാര്യകാരണങ്ങൾ ഒന്ന് വിശദമായി അറിയാനായി ഞാൻ കൗണ്ടർ വിട്ടിറങ്ങി അവർ ഓടിപ്പാഞ്ഞ് വന്ന മൂലയിലേയ്ക്ക് ചെന്നു. ഭാഗ്യം അവിടെയെങ്ങും തന്റെ കടയിൽ ജോലിയ്ക്ക് നിൽക്കുന്ന ബംഗാളിയെ കാണുന്നില്ല അവൻ തിരിച്ച് എത്തിയിട്ടില്ല എന്നു തോന്നുന്നു. പക്ഷെ പെപ്സി സല്ലായിയുടെ മുന്നിൽ കിടുകിടെ വിറച്ചു കൊണ്ടൊരു കറുത്തു മെലിഞ്ഞൊരു ചെറുപ്പക്കാരൻ പേടിച്ചരണ്ടു നിൽക്കുന്നു. കണ്ടാൽ തന്നെ അറിയാം ഒരു അയ്യോപാവി.
ഏതോ കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് പണി കഴിഞ്ഞ് വന്നതാണെന്ന് തോന്നുന്നു മലയാളിയാണോ , ബംഗാളിയാണോ എന്ന് മുഖം കണ്ടിട്ട് തിരിച്ചറിയുന്നില്ല എന്നാലും
ദയനീയമായ ചിരി കണ്ടിട്ട് മലയാളിയാകാനാണ് സാദ്ധ്യത. ഏതായാലും ചോദിച്ച് ഉറപ്പ് വരുത്താം.
പേരെന്താ,മലയാളിയാണോ? ഇവിടെ ഇപ്പോൾ എന്താണ് പ്രശ്നം ഉണ്ടായത്.
മലയാളിയാണ് ചേട്ടാ, എന്റെ പേര് ദിലീപ്, പ്രശ്നം എന്താണെന്നറിയില്ല, ഞാനിപ്പോൾ ആണ് വന്നത്, പുറത്ത് നല്ല ചൂടായതിനാൽ പെപ്സിയുടെ അലമാര തുറന്ന് ഒരു തണുത്തത് എടുത്ത സമയത്താണ് കറുത്ത വസ്ത്രത്തിൽ മൂടിപ്പൊതിഞ്ഞ ഒരു സ്ത്രീ വലിയവായിൽ കാറിക്കൊണ്ട് ഇവിടെ നിന്ന് ഓടിപ്പോകുന്നത് കണ്ടത്, അല്ലാതെ എനിക്കൊന്നുമറിയില്ല.
ദിലീപ് പറയുന്നത് കേട്ടപ്പോൾ സത്യം തന്നെയാണെന്ന് തോന്നി , അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷെ ഒമാനിപ്പെണ്ണിനോട് എത്ര പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അവർ അമ്പിനും വില്ലിനുമടുക്കുന്നില്ല. അവർ പറയുന്ന ഒറ്റക്കാരണമേയുള്ളു
ഹിന്ദി അവരെ ഉപദ്രവിച്ചു ഉടനെ പോലീസിനെ വിളിക്ക്.
പറയുന്നതിനിടയിൽ അവർ തന്നേ പോലീസിന് ഫോൺ ചെയ്തു. കടയിൽ പിന്നീട് സാധനം വാങ്ങാൻ വന്നവരിലെ സ്വദേശികൾ അവരെ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ പീഡന പരാതിയിൽ ഉറച്ചു നിന്നു.
ഏതാനും നിമിഷങ്ങൾക്കകം പോലീസെത്തി. അവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി അവർ അപ്പോഴും ഉറപ്പിച്ചു പറയുന്നു ഹിന്ദി അവരെ ഉപദ്രവിച്ചു. പോലീസുകാരും ദിലീപിനെ നോക്കിയിട്ട് വിശ്വസിക്കാനാവാതെ പറഞ്ഞു, കണ്ടിട്ട് അവനൊരു പാവത്താൻ ആണെന്ന് തോന്നുന്നു വേണമെങ്കിൽ ഒരു ക്ഷമ പറയിപ്പിച്ച് വിട്ടാൽ മതിയാകില്ലേ. അവർക്ക് ഒറ്റ നിർബ്ബന്ധം കേസ്സാക്കണം അവനെ ജയിലിൽ അടയ്ക്കണം. പിന്നെ പോലീസിന് എന്തു ചെയ്യാനാവും. അവർ ദിലീപിനേയും കൊണ്ട് അവരുടെ വാഹനത്തിൽ സ്റ്റേഷനിലേക്ക് പോയി , ഒമാനി സ്ത്രീയും അവരുടെ സ്വന്തം വാഹനത്തിൽ അവർക്ക് പുറകെ സ്റ്റേഷനിലേയ്ക്ക് പുറപ്പെട്ടു.
കൗണ്ടറിലുള്ള ഒമാനിപ്പയ്യൻ വന്നു കഴിഞ്ഞിട്ട് തന്നോടും സ്റ്റേഷനിലേയ്ക്ക് ചെല്ലണമെന്ന് പറഞ്ഞു.
കാര്യങ്ങളുടെ നിജസ്ഥിതിയും
അറിയാൻ വയ്യ , എന്തായി തീരും എന്നറിയാത്തൊരു
എരിപൊരി സഞ്ചാരം. മൊത്തം കിളി പോയ അവസ്ഥ, അല്ലെങ്കിൽ തന്നെ സെയിൽസ് കുറവ് അതിന്റെ കൂടെ ഈ മാതിരി പുകിലും.
പോയ അണ്ണൻ പോയതിനേക്കാൾ വേഗത്തിൽ ബൂമറാങ്ങ് പോൽ തിരുമ്പിവന്നേൻ എന്ന പറഞ്ഞ ശേല്ക്ക് ദിലീപിനേയും കൊണ്ടുപോയ പോലീസ് വാഹനം ചീറിപ്പാഞ്ഞ് വന്ന് സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി. തൊട്ടു പുറകെ ആയി ഒമാനി പെണ്ണുപിള്ളയും വാഹനം നിർത്തി. പോയവരെല്ലാം തിരിച്ചെത്തിയിട്ടുണ്ട് ഇനി എന്താണാവോ അടുത്ത നടപടി. ഇനി ഇപ്പോൾ എന്നെയും കൂടി പിടിച്ചു കൊണ്ടുപോയി അകത്തിടാനാണോ അവർ വന്നിരിക്കുന്നത്. ഇവിടത്തെ വല്ലാത്തൊരു നിയമം തന്നേയാണ്. എന്തു പറയാൻ, ആരോട് പറയാൻ. പേടിച്ചിട്ടെന്നുമൊരു കാര്യവുമില്ല, വരുന്നത് വരുന്നിടത്തു വച്ചു കാണാം.
സലാം പറഞ്ഞ് അകത്തെത്തിയ പോലീസുകാരിൽ ഒരുത്തൻ
എന്നോട് ചോദിച്ചു?
ഒരാഴ്ച മുമ്പല്ലെ ഇവിടെ ക്യാമറ വച്ചത്. ഞാനാണല്ലോ വന്ന് ചെക്ക് ചെയ്ത് അതിന്റെ പേപ്പറൊക്കെ ഓക്കെ ആക്കിത്തന്നത്. എന്നിട്ട് ക്യാമറകൾ എല്ലാം ഓണല്ലേ. ഞാൻ ഒന്ന് ചെക്ക് ചെയ്യട്ടേ.
ക്യാമറ ഓണാണ് സാർ, മോണിറ്റർ മാത്രം അറിയാതെ ഓഫ് ചെയ്തതാണ്. ടി വി. ഓഫ് ചെയ്ത് മോണിറ്റർ ഓൺ ചെയ്തു. ആറു ക്യാമറകളും വർക് ചെയ്യുന്നുണ്ട്. പെപ്സിയുടെ കൂളർ ഇരിയ്ക്കയ്ക്കുന്ന സ്ഥലത്തെ ക്യാമറ സൂം ചെയ്ത് അല്പനേരം മുമ്പുള്ളത് ബാക്ക് വേഡ് അടിച്ച് പ്ലേ ചെയ്തു തുടങ്ങി. എല്ലാവരും ആകാംക്ഷാഭരിതരായി മോണിറ്ററിലേയ്ക്ക് കണ്ണുംനട്ട് നോക്കി നിൽക്കുകയാണ്. ദിലീപ് നടന്നു വരുന്നുണ്ട്. പെപ്സി സല്ലായിയുടെ ഇടതു വശത്ത് നിന്ന് ഒമാനിപ്പെണ്ണ് എന്തോ സാധനം തിരയുന്നു. ദിലിപ് മന്ദം നടന്നടുക്കുന്നു , ഇടതുകൈ നീട്ടുന്നു, ചുറ്റും നോക്കുന്നു പിന്നീട് നേരേ പെപ്സിക്കൂളറിന്റെ പിടിയിൽ കേറിപ്പിടിയ്ക്കുന്നു , ഇടത്തെ ഡോറിന്റെ ഹാൻഡിലിൽ മുറുക്കിപ്പിടിച്ച് ഡോർ തുറക്കുമ്പോൾ ഡോർ വീണ്ടും അടഞ്ഞു പോകുന്നു. ഡോറിന്റെ മുമ്പിലായി അടുക്കി വച്ചിരിക്കുന്ന ഒമാൻ ചിപ്സിന്റെ കാർട്ടൂണുകൾ ഡോർ തുറക്കുമ്പോൾ ചെന്ന് പിന്തിരിഞ്ഞു നിൽക്കുന്ന ഒമാനിപ്പെണ്ണിനെ കുത്തി നോവിച്ചതാണ് സംഭവം. രണ്ടു മൂന്നു പ്രാവശ്യം ദിലീപ് ഡോർ തുറക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും അവർ അലറിക്കരഞ്ഞു വിളിച്ച് കൗണ്ടറിലെത്തിക്കഴിഞ്ഞിരുന്നു. മോണിറ്ററിൽ അതെല്ലാം കണ്ട് പോലീസുകാർക്കൊപ്പം ഒമാനി പെണ്ണും കൂടെ ചിരിച്ചു പോയി. ഹെൽപ്പർ ബംഗാളി ഉച്ചയ്ക്ക് ഇറങ്ങാൻ നേരമാണ് ഒമാൻ ചിപ്സിന്റെ വണ്ടി വന്നത്. വണ്ടിയിൽ നിന്ന് ഇറക്കിയ മൂന്നാലു കാർട്ടൺ അവൻ നേരെ കൊണ്ടുചെന്ന് പെപ്സികൂളറിന്റെ മുന്നിൽ പ്രതിഷ്ടിച്ചിട്ട് അവൻ ഭക്ഷണം കഴിയ്ക്കാൻ പോയി.
അങ്ങിനെ പീഢന പ്രശ്നങ്ങൾ എല്ലാം ചൂടത്തു വീണ ഐസ്കട്ട പോലെ വീണലിഞ്ഞു പോയി. പോലീസുകാരും യാത്ര പറഞ്ഞ് പോയി. ദിലീപിനോട് മാപ്പുംപറഞ്ഞ് ഇരുപത് റിയാലിന്റെ ഒരു പുതുപുത്തൻ നോട്ടും അവന്റെ കൈയിൽ വച്ചു കൊടുത്ത് യാത്ര പറഞ്ഞ് ഒമാനിപ്പെണ്ണും പോയി.
പെട്ടെന്നുണ്ടായ ആകസ്മികസംഭവങ്ങളിൽ പെട്ട് ചിരിയ്ക്കാനോ കരയാനോ ആവാതെ അന്തംവിട്ടു പോയ ദിലീപ് അള്ളാഹുവിനോട് നന്ദി പറഞ്ഞു. ഏതായാലും നന്നായി പോലീസ്സ്റ്റേഷനിൽ
പോകാതിരുന്നത്.
അതെന്താ നിനക്ക് പോലീസ് സ്റ്റേഷൻ പേടിയാണോ ?
നീ തെറ്റൊന്നും ചെയ്തില്ലല്ലോ പിന്നെന്തിനാ പോലീസിനെ പേടിക്കുന്നത്.
മറ്റൊന്നും കൊണ്ടല്ല ചേട്ടാ, പോലീസിനെ പേടിക്കുന്നതിന് മതിയായ കാരണം ഉണ്ട്. ഞാൻ ആദ്യമാണ് ഇവിടെ. നാട്ടിൽ നിന്ന് വന്നിട്ട് ഒരു വർഷമാകാറായി. എന്റെ അറബിയുടെ തന്നെ കൺസ്ട്രക്ഷൻ സൈറ്റിലേയ്ക്കാണ് വന്നത്. ആറു മാസം അവിടെ മാടിനെ പോലെ പണിയെടുത്തിട്ടും അറബിയുടെ കൈയ്യിൽ നിന്ന് അഞ്ചു നയാപൈസ ശമ്പളമായി കിട്ടിയില്ല. അതുകൊണ്ട് അവിടെ നിന്ന് ചാടി പോന്ന് ഇപ്പോൾ പുറത്തു പണിയ്ക്ക് പോകുന്നു അങ്ങിനെ കിട്ടുന്ന കാശു കൊണ്ട് വിസയ്ക്ക് കൊടുത്ത കാശിന്റെ കടവും ഏകദേശം തീർന്നു തുടങ്ങി, പിന്നെ അനിയത്തിയുടെ കല്യാണത്തിനുള്ള പൈസയും കുറെയെല്ലാം ഒപ്പിക്കാനായി . കുറച്ചു നാളും കൂടെ ഇങ്ങിനെ പണിയെടുത്ത് കടം തീർത്തിട്ട് വേണം ഏതെങ്കിലും പൊതുമാപ്പിൽ നാടു പിടിക്കാൻ . അതിനിടയിൽ കേസ്സിൽപ്പെട്ടിരുന്നെങ്കിൽ ഉള്ളിൽ കിടന്ന് ചാവാനായിരുന്നു വിധി എന്നു തോന്നി. നേരത്തെ പോയ അച്ഛന്റെ നന്മകളും , അമ്മയുടേയും, അനിയത്തിയുടേയും കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളും ആയിരിക്കും
കണ്ണിൽ കൊള്ളാൻ വന്നത് പുരികത്ത് കൊണ്ടുപോയത്.
വിഷമിക്കാതിരിക്ക് ദിലീപേ,
നമുക്ക് എന്തെങ്കിലും വഴി കണ്ടെത്താം. നിന്റെ അർബാബിന്റെ നമ്പർ തരുകയാണെങ്കിൽ ഞാൻ വിളിച്ച് സംസാരിക്കാം, നിന്റെ പ്രശ്നങ്ങൾ തീർക്കാൻ നമുക്ക് എന്തെങ്കിലും പോംവഴി കണ്ടെത്താം. നീ ധൈര്യമായിരിക്ക്.
അവന്റെ മുഖത്ത് കണ്ണീരിൽ കുതിർന്നതെങ്കിലും ഒരു കുഞ്ഞുചിരി തെളിഞ്ഞു വരുന്നുണ്ടായിരുന്നു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot