നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 7


"ഹരിയേട്ടാ ഞങ്ങളുടെ  വിവാഹം ഉറപ്പിച്ചു.."ശ്രീബാല ബാത്റൂമിലെ  ടാപ്പ് ഓൺ ചെയ്തുകൊണ്ട്  സംസാരിച്ചു..
"എന്നാ  ഹരിയേട്ടാ നേരിൽ ഒന്ന് കാണാൻ പറ്റുന്നത്?ഒളിച്ചും പാത്തും ഇങ്ങനെ എത്ര നാളാ?വേണിയോടും ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.ഞാൻ അവരോട് ചെയ്യുന്നത് തെറ്റാണെന്നറിയാം..എല്ലാ ദിവസവും ഭഗവാന്റെ മുൻപിൽ പോയി മാപ്പപേക്ഷിക്കാറുണ്ട്..ഹരിയേട്ടന് വേണ്ടി പ്രാർത്ഥിക്കാത്ത ഒരു നേരം പോലുമില്ല. ഹരിയേട്ടൻ എവിടെയാണെന്നെങ്കിലും എന്നോടൊന്ന് പറയ്..ഒന്ന്  വന്നുകൂടെ ഞങ്ങളുടെ അടുത്തേക്ക്..അച്ഛന് പുറമെ ഉള്ള ദേഷ്യമെ  ഉള്ളു.ഹരിയേട്ടനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ആ പാവത്തിന്.."ശ്രീബാലയുടെ ശബ്ദം ഇടറി.അപ്പുറത്ത് നിന്നും ഹരി എന്തൊക്കെയോ അവളോട് സംസാരിച്ചു.വിശേഷങ്ങൾ എല്ലാം പറഞ്ഞ് പെട്ടെന്ന് തന്നെ അവൾ കാൾ കട്ട് ചെയ്തു.പിന്നെ കണ്ണുകൾ തുടച്ച് ഫോൺ സ്വിച്ച്  ഓഫ് ചെയ്ത് കവറിൽ  ഇട്ടു.ടാപ്പിലെ വെള്ളം അടച്ച് അവൾ ബാത്റൂം തുറന്ന് മുറിയിലേക്കിറങ്ങി. പെട്ടി എടുത്ത് തിരികെ കവർ അതിനകത്ത് തിരുകി വെച്ചു. ആ പെട്ടി അലമാരിക്കടിയിലേക്ക് തള്ളി നീക്കി.പിന്നെ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ വേണിയുടെ അടുത്ത് വന്ന് കിടന്നു..
പിറ്റേന്ന് പതിവുപോലെ വേണിയും ശ്രീബാലയും കുളിയൊക്കെ കഴിഞ്ഞ് സ്കൂളിലേക്ക് പോവാൻ റെഡി ആയി.ചോറ്റുപാത്രം തപ്പിക്കൊണ്ടിരിക്കുമ്പോൾ ശേഖരൻ അവരെ ഉമ്മറത്തേക്ക്  വിളിച്ചു.  ചോറ്റുപാത്രവുമായി അദ്ദേഹം ഉമ്മറത്തു നിൽപ്പുണ്ടായിരുന്നു.
"ഇന്ന് ചോറും കൂട്ടാനും അച്ഛനെടുത്ത് വെച്ചു.ഒരു ചേഞ്ച് ആയിക്കോട്ടെ അല്ലെ.."ശേഖരൻ ചിരിച്ചു.
ശ്രീബാലയുടെയും വേണിയുടെയും  കണ്ണുകൾ നിറഞ്ഞു.
"ഇഷ്ടമുള്ള വിവാഹം ഉറപ്പിച്ചൂന്ന് പറഞ്ഞിട്ടും എന്താ രണ്ടാൾക്കും പിന്നെയും വിഷമം?"ശേഖരൻ ചോറ്റുപാത്രം അവരെ ഏൽപ്പിച്ചുകൊണ്ട്  ചോദിച്ചു..
"ഞങ്ങൾ പോയാൽ അച്ഛൻ ഇവിടെ ഒറ്റയ്ക്കാവില്ലേ?"ശ്രീബാലയുടെ സ്വരം ഇടറി.ശേഖരൻ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.
"അതൊക്കെ നമ്മുടെ ജീവിതത്തിൽ പറഞ്ഞിട്ടുള്ളതാണ് മക്കളെ..പാർട്ട് ഓഫ് ദി ലൈഫ് എന്ന് കേട്ടിട്ടില്ലേ..പെൺകുട്ടികൾ ആയാൽ എന്നായാലും  ഒരു ദിവസം അവരെ ഒരാളുടെ കൈ പിടിച്ച് ഏൽപ്പിക്കേണ്ടി വരും.അതിന് വിഷമിച്ചിട്ട് കാര്യമില്ല..അച്ഛൻ വയ്യാതെ കിടക്കുകയൊന്നുമല്ലല്ലോ..നിങ്ങടെ അമ്മയെ കല്യാണം കഴിച്ചുകൊണ്ട് വന്നപ്പോ തൊട്ട് അവളായിട്ട് പഠിപ്പിച്ച  കുറച്ച് ദുശീലങ്ങൾ എനിക്കുണ്ടായിരുന്നു. എന്റെ കാര്യങ്ങൾ എല്ലാം കണ്ടറിഞ്ഞ് ചെയ്ത് തന്നു. ഒരു ഗ്ലാസ് വെള്ളം പോലും തനിയെ എടുത്ത് കുടിക്കാൻ എനിക്കവള്  അവസരം തന്നിട്ടില്ല..അങ്ങനെ എന്നെ ഒരു കുഴിമടിയനാക്കി. അവൾ ചെയ്യുന്നത് കണ്ട് എന്റെ മക്കളും അതേപോലെ എനിക്കെല്ലാം ചെയ്ത് തന്നു.അവൾ പോയപ്പോ എനിക്ക് നിങ്ങൾ ഉണ്ടായിരുന്നു അതൊക്കെ ചെയ്ത് തരാൻ.ഇനി മുതൽ ഞാൻ എല്ലാം സ്വയം ചെയ്ത് പഠിക്കണമല്ലോ..അത് എത്ര നേരത്തെ ആവുന്നോ അത്രയും നല്ലത്.."ശേഖരൻ പറഞ്ഞതുകേട്ട് പെൺകുട്ടികളുടെ കണ്ണുകൾ നിറഞ്ഞു.അവർ വിതുമ്പിക്കൊണ്ട് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു..
 സ്കൂളിലേക്ക് നടക്കുന്ന വഴി ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു..
"കുട എടുത്തിട്ടുണ്ടോ ചേച്ചി?"വേണി ചോദിച്ചു.
"ഇല്ല മോളെ..മഴക്കോളൊന്നും  ഇല്ലായിരുന്നുവല്ലോ..ഇതെന്താണോ പെട്ടെന്ന്.."ശ്രീബാല ആകാശം  നോക്കി.
"ചേച്ചി..വിവാഹം ഉടനെ നടത്താം  എന്ന് അച്ഛൻ അവരെ അറിയിച്ചിട്ടുണ്ടെന്നല്ലേ പറഞ്ഞത്..അങ്ങനെ എങ്കിൽ കല്യാണത്തിന് സാരിയും ബ്ലൗസും അത്യാവശ്യ സാധനങ്ങളും എടുക്കണ്ടേ?അച്ഛന്റെ കൈയിൽ എവിടുന്നാ കാശ്?എന്ത് ചെയ്യും?"വേണി ചോദിച്ചു.
"ഞാനും അതാലോചിച്ചു.എടുപിടി എന്നായത് കൊണ്ട് ആരോടും ചോദിക്കാനും പറ്റില്ല."ശ്രീബാല പറഞ്ഞു.
"ഡെൽഹിയിൽ  ചിലപ്പോ ഇവര്  പഠിപ്പിക്കുന്ന അതെ സ്കൂളിൽ തന്നെ ചേച്ചിക്കും ജോലി ശെരി ആവുമായിരിക്കും അല്ലെ..അതേപ്പറ്റി ജിതേഷേട്ടൻ  എന്തെങ്കിലും പറഞ്ഞോ?"വേണി  ചോദിച്ചു.
"അതേപ്പറ്റി ഒന്നും സംസാരിച്ചിട്ടില്ല.."ശ്രീബാല പറഞ്ഞു.അവളും അപ്പോഴാണ് അതേകുറിച്ച് ചിന്തിച്ചത്.അവിടെയും സ്കൂളിൽ ജോലി ശരി  ആയാൽ നാട്ടിലേക്ക് അച്ഛന്റെ പേരിൽ കുറച്ച് കാശ് അയച്ചുകൊടുക്കാമായിരുന്നു എന്നായിരുന്നു അവളുടെ ചിന്ത.
"അവിടെ എല്ലാടത്തും ഹിന്ദി അല്ലെ സംസാരിക്കുന്നത്..എനിക്ക് ഹിന്ദിയൊന്നും അറിയില്ല.ചേച്ചിക്ക് അറിയാമോ?"വേണി ഉത്സാഹത്തോടെ ചോദിച്ചു.
"എനിക്കറിയില്ല മോളെ..സ്കൂളിൽ ലീന മിസ് പഠിപ്പിക്കുന്നത് കേൾക്കാം.അങ്ങനെ കുറച്ച് വാക്കുകൾ അറിയാം.."ശ്രീബാല പറഞ്ഞു.
"കല്യാണം ഉറപ്പിച്ചൂന്ന് പറഞ്ഞിട്ടും ജിതേഷേട്ടനും കണ്ണേട്ടനും വീട്ടിലേക്ക്  വന്നില്ലല്ലോ ചേച്ചി.."വേണി സംശയം ചോദിച്ചു.
ശ്രീബാല ഒന്നും മിണ്ടിയില്ല.അവളുടെ ഉള്ളിലും അതെ സംശയം ഉണ്ടായിരുന്നു.ജിതേഷുമായുള്ള അവസാന കൂടിക്കാഴ്ച്ച ഓർത്തപ്പോൾ തന്നെ അവളുടെ ശരീരം ഒന്ന് വിറച്ചു...***
വൈകിട്ട് സ്കൂൾ വിട്ട് വരുന്ന വഴി മഴ തിമിർത്ത് പെയ്തു.
വേണിയും ശ്രീബാലയും നനഞ്ഞ് കുളിച്ചാണ് വീട്ടിൽ എത്തിയത്.ഗേറ്റ് തുറന്നതും ഉമ്മറത്ത് ശേഖരന്റേ  കൂടെ ഇരുന്ന് സംസാരിക്കുന്നവരെ കണ്ടതും വേണിയുടെ മുഖം വിടർന്നു.ജിതേഷും കണ്ണനുമായിരുന്നു അത്.രാഘവനും കൂടെ ഉണ്ട്.ശ്രീബാല അവരെ നോക്കാതെ മുഖം താഴ്ത്തി നടന്നു.ജിതേഷ് അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.വീടിന്റെ പിറകുവശത്ത് കൂടി നടന്ന്  അവർ അടുക്കള വാതിളിൽ എത്തി.നനഞ്ഞ് കുതിർന്ന സാരി പിഴിഞ്ഞ് രണ്ടുപേരും അകത്ത് കയറി..
തീന്മേശയുടെ അരികിൽ നിന്ന്  വേണി ഉമ്മറത്ത്  ഇരിക്കുന്നവരുടെ  സംസാരം കേൾക്കാനായി കാത് കൂർപ്പിച്ച് നിന്നു.
"പോയി വേഷം മാറ് പെണ്ണെ.എന്നിട്ടാവാം ന്യൂസ് പിടിക്കുന്നത്.."ശ്രീബാല അവിടെ കിടന്ന ഒരു തുണികൊണ്ട് വേണിയുടെ മുടി തോർത്തി അവളെ മുറിയിലേക്ക് ഉന്തിത്തള്ളി വിട്ടു.എന്നിട്ട്  അവളും മുടി തോർത്തി.
"ചേച്ചിയും  വാ.."വേണി വിളിച്ചു.
"നീ ആദ്യം പോയ് ഡ്രസ്സ് മാറിയിട്ട് വാ.ഞാൻ അവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം ..ഞാൻ വേഷം മാറാൻ പോവുമ്പോ നീ അത്  അവർക്ക് കൊണ്ടുപോയി കൊടുക്കണം .."ശ്രീബാല പറഞ്ഞു.
അവൾ അടുക്കളയിൽ പോയി കാപ്പിക്കുള്ള വെള്ളം തിളപ്പിച്ചു.സാരി മുഴുവൻ നനഞ്ഞത് കൊണ്ട് ശരീരം ആകെ തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു.അന്ന് ജിതേഷിന്റെ കൈയിൽ ഉമ്മ കൊടുത്തതിൽ പിന്നെ അവർ തമ്മിലൊരു കൂടിക്കാഴ്ച്ച ഉണ്ടായിട്ടില്ല. ചമ്മൽ ഉള്ളത് കൊണ്ടാണ് വേണിയോട്  വേഷം മാറി വന്ന് കാപ്പി കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞത്..
"നീ ആ പഞ്ചസാര ഇങ്ങെടുത്തെ.."പിന്നിൽ കാൽപ്പെരുമാറ്റം കേട്ടപ്പോൾ ശ്രീബാല പറഞ്ഞു.
പഞ്ചസാരയുടെ ടിൻ പുറകിൽ നിന്നും ആരോ അവൾക്ക് നേരെ നീട്ടി.
"നീ കൊണ്ടുപോയി കൊടുത്താൽ മതി കേട്ടോ..ഞാൻ ആ പരിസരത്തേക്കേ വരുന്നില്ല..ഞാൻ എങ്ങനാ മോളെ അവിടെ ചെല്ലുന്നത്..അന്നത്തെ സംഭവം ഓർക്കുമ്പോ ഇപ്പഴും തരിപ്പ് മാറിയിട്ടില്ല.അപ്പൊ കണ്ട ഒരാൾക്ക് ഉമ്മ കൊടുക്കാനും മാത്രം അധഃപതിച്ചവളാണ് ഞാൻ എന്ന് ഓർക്കില്ലേ..നീ ഇത് കൊണ്ടുപോയി കൊടുക്ക്.."കാപ്പി കപ്പും പിടിച്ച് തിരിഞ്ഞപ്പോ മുൻപിൽ നിൽക്കുന്ന ആളെ കണ്ട് ശ്രീബാല ഞെട്ടിപ്പോയി! അവിടെ അവളെ നോക്കി ചിരിച്ചുകൊണ്ട് ജിതേഷ് നിൽപ്പുണ്ടായിരുന്നു.ശ്രീബാല ചമ്മി അടിച്ച് നിന്നു.പെട്ടെന്നാണ് താൻ നഞ്ഞൊട്ടിയ വസ്ത്രങ്ങളിട്ടാണ് നിൽക്കുന്നതെന്ന് അവൾക്ക് ഓർമ്മ വന്നത്.
ശ്രീബാല  കാപ്പിയുടെ ട്രേ താഴെ വെച്ച് അവിടെ നിന്ന് ഓടാൻ തുടങ്ങി.പെട്ടെന്ന് ജിതേഷ് അവളുടെ കൈയിൽ പിടിത്തമിട്ടു.എന്തോ പറയാൻ തുടങ്ങിയ അവളുടെ വാ പൊത്തി അവളെ അടുക്കളയുടെ ഭിത്തിയോട് ചേർത്ത് നിർത്തി.എന്താണ് സംഭവിക്കുന്നതെന്ന് മാനസ്സിലാവാതെ ശ്രീബാല  കണ്ണ് മിഴിച്ച് അവനെ തന്നെ നോക്കി നിന്നു. ജിതേഷ് അവളുടെ അടുത്തേക്ക് തന്റെ മുഖം അടുപ്പിച്ചു.
"ഒച്ച വെക്കരുത്! മരുമോൻ  ഒരു ആഭാസൻ ആണെന്ന് അച്ഛൻ വിചാരിക്കും."ജിതേഷ് പറഞ്ഞു.അത് കേട്ട് ചിരി വന്നെങ്കിലും വായ പൊത്തിപ്പിടിച്ചിരുന്നതിനാൽ ശ്രീബാലയ്ക്ക് ശ്വാസം മുട്ടി.അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.അവന്റെ ചൂട് ശ്വാസം അവളുടെ  മുഖത്തേക്ക് അടിച്ചു.
"നിന്നോട് സംസാരിക്കാനും നിന്നെ കാണാനുമുള്ള  കൊതികൊണ്ടാ അമ്പലത്തിലും ദൈവത്തിലുമൊന്നും വിശ്വാസമില്ലാത്ത ഞാൻ കണ്ണന്റെ കൂടെ അന്ന് അമ്പലത്തിൽ വന്നത്.അന്ന് ദേഷ്യം വന്നപ്പോ ഞാൻ എന്തോ പറഞ്ഞുപോയതാ..കരയിപ്പിക്കാൻ  അല്ല..എന്നോട് ദേഷ്യമുണ്ടോ?"ജിതേഷ് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.ഇല്ലെന്ന് അവൾ തലയാട്ടി.അവളുടെ ഹൃദയം പട പട എന്ന് മിടിക്കുന്നുണ്ടായിരുന്നു.
"എന്നെ ഇഷ്ടമാണോ?"ജിതേഷ് വീണ്ടും ചോദിച്ചു.വാ പൊത്തിപ്പിടിച്ചിരുന്നതിനാൽ അവൾക്ക് മറുപടി പറയാൻ സാധിച്ചില്ല.ഇഷ്ടം ആണെന്ന് അവൾ തലയാട്ടി.അവൻ തന്റെ കൈകൾ മെല്ലെ അയച്ചു.
"എങ്കിൽ അന്ന് എന്റെ കൈയിൽ  തന്നതിന്റെ ഒരു ചെറിയ കണക്ക് അങ്ങോട്ട് തരാൻ ഉണ്ട്..തരട്ടെ?"ജിതേഷ് ചോദിച്ചു.
ശ്രീബാല പേടിച്ച് വേണ്ടെന്ന് തലയാട്ടി.ആരെങ്കിലും വരുന്നുണ്ടോ എന്ന്  അവൾ വാതിലിന് നേർക്ക് നോക്കി.
"തരണം.കടം മേടിച്ചതെല്ലാം കണക്ക് സഹിതം ഞാൻ കൊടുത്ത് തീർത്തിരിക്കും.അതാ എന്റെ ഒരു  രീതി.."പറഞ്ഞതും ജിതേഷ് ശ്രീബാലയുടെ ചുണ്ടുകൾ ലക്ഷ്യമാക്കി അവന്റെ മുഖം അടുപ്പിച്ചു.ശ്രീബാല പെട്ടെന്ന് കണ്ണുകൾ ഇറുക്കി അടച്ചു.ജിതേഷ് ഒരു നിമിഷം അവളെ ഒന്ന് നോക്കി.പിന്നെ പതിയെ അവളുടെ മുഖത്തുകൂടി തന്റെ മുഖം ഉരസ്സി അവളുടെ നെറ്റിയിൽ ഒരുമ്മ  വെച്ചു.അവൾ തന്റെ കൈകൾ സാരിയിൽ മുറുകെ പിടിച്ചു.ഒരു നിമിഷം കഴിഞ്ഞ് ശ്രീബാല കണ്ണുകൾ തുറന്നു.അവിടെ ആരും ഉണ്ടായിരുന്നില്ല.
"എന്താ ചേച്ചി ഭിത്തിയിൽ ചാരി നിൽക്കുന്നെ?ഇതെന്താ മുഖം ഒക്കെ ചുവന്നിരിക്കുന്നല്ലോ?"വേണി അടുക്കളയിലേക്ക് വന്നുകൊണ്ട് ചോദിച്ചു.ശ്രീബാല ചുറ്റും നോക്കി.
"ആരെയാ ചേച്ചി നോക്കുന്നത്?"വേണി ചോദിച്ചു.ശ്രീബാല വേറെ ഏതോ ലോകത്താണെന്ന് തോന്നി.
"എന്റെ കമ്മലിന്റെ ആണി താഴെ പോയി.അത് തപ്പി എടുക്കുവായിരുന്നു.അതാ താമസിച്ചത്..ഈ കാപ്പി തണുത്ത് പോയല്ലോ ചേച്ചി..ഒന്നുകൂടി ചൂടാക്കാം.."വേണി പറഞ്ഞു.ശ്രീബാല അവളോട് ഒന്നും മിണ്ടാതെ വേഗം മുറിയിലേക്ക് പോയി.കണ്ണാടിയിൽ ഒന്ന് നോക്കി.അവളുടെ മുഖം ചുവന്ന്  തുടുത്തിരുന്നു.അവൾ ഒരു നാണത്തോടെ അവളുടെ നെറ്റിയിൽ തടവി..അപ്പോഴാണ് വേണി അടുക്കളയിൽ നിന്ന് വിളിച്ചത്.പെട്ടെന്ന് തന്നെ വേഷം മാറി ശ്രീബാല അടുക്കളയിലേക്ക് ചെന്നു..ഉമ്മറത്ത് കല്യാണത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു രാഘവനും ജിതേഷും കണ്ണനും ശേഖരനും.വേണി അവരുടെ സംസാരം കേൾക്കാൻ പാകത്തിൽ കതകിന്റെ മറവിൽ നിൽക്കുന്നു.
"നേരത്തെ തീരുമാനിച്ചത് പോലെ രജിസ്റ്റർ മാര്യേജ് മതി.ഇവർ ഡൽഹിക്ക് തിരികെ പോവുന്ന അന്ന് നമുക്ക് ഇതങ്ങ് നടത്താം.ഇപ്പൊ നടത്തിയാൽ ഇവർക്ക് എല്ലാവര്ക്കും കൂടെ ഈ വീട്ടിൽ താമസിക്കാൻ സൗകര്യം കാണില്ലല്ലോ..പിന്നെ സുധിയുടെ വീട്ടിൽ താമസിക്കുന്നത് ശെരി അല്ലല്ലോ.അതാ ഇവര് തിരികെ പോവുന്ന അന്ന് മതി കല്യാണം എന്ന് പറഞ്ഞത്.."രാഘവൻ പറഞ്ഞു.ശേഖരനും അത് ശരി വെച്ചു .
"അവിടെ ചെന്നാൽ നിങ്ങൾ രണ്ടു കൂട്ടരും രണ്ട് അപ്പാർട്മെന്റിലേക്ക് മാറുവോ?"ശേഖരൻ  ചോദിച്ചു.
"അതിന്റെ കാര്യം  ഞാൻ അന്ന് പറഞ്ഞിരുന്നു..അച്ഛൻ മറന്നുപോയി എന്ന് തോന്നുന്നു.."ജിതേഷ് പറഞ്ഞു."ഞാൻ അവിടെ ഒരു ചെറിയ അപാർട്മെന്റ് വിലയ്ക്ക് മേടിക്കാൻ പോവാണ്.ഒരുപാട് സൗകര്യങ്ങളൊന്നുമില്ല.ഒറ്റ മുറി.ഒരു ചെറിയ അടുക്കള.ഒരു കൊച്ച്  ലിവിങ് റൂം.എനിക്ക് റിയൽ എസ്റ്റേറ്റിന്റെ ബിസിനസ് ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ..അധികം താമസിയാതെ ഒരു ഡീൽ നടക്കാനുണ്ട് .ഒരു പ്രോപ്പർട്ടി ഡിസ്പോസ് ചെയ്യുമ്പോ കുറച്ച് ക്യാഷ് കിട്ടും.പിന്നെ കുറച്ച്  തുക എന്റെ കൈയിൽ തന്നെ ഉണ്ട്..ബാക്കി ലോൺ എടുക്കും.ബാലയേം  കൊണ്ട് ചെന്നുകേറുന്നത് പുതിയ വീട്ടിലേക്കായിരിക്കും.." ജിതേഷ് പറഞ്ഞു.അകത്ത് നിന്നും ശ്രീബാലയും വേണിയും ഇത് കേൾക്കുന്നുണ്ടായിരുന്നു. വേണി ശ്രീബാലയെ സന്തോഷത്തോടെ  നോക്കി .ശ്രീബാല നാണം കൊണ്ട് മുഖം താഴ്ത്തി.
“ബാല റിസൈന്‍ ചെയ്യാനുള്ള ഫോർമാലിട്ടീസ് എല്ലാം തുടങ്ങട്ടെ .അവിടെ ചെന്നിട്ട് ഞങ്ങൾ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ ജോലി നോക്കാം.” ജിതേഷ് പറയുന്നത് ശ്രീബാല അകത്ത് നിന്നും കേൾക്കുന്നുണ്ടായിരുന്നു.അവൾക്കത് കേട്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നി.
"പിന്നെ വിവാഹദിവസം ഇടാനുള്ള സാരിയും മറ്റും നമുക്കെല്ലാവർക്കും ഒരുമിച്ച് പോയി എടുക്കാം.."കണ്ണൻ പറഞ്ഞു.അത് കേട്ട് വേണി ശ്രീബാലയെ നോക്കി.
"അച്ഛന്റെ കൈയിൽ കാശുണ്ടാവില്ല..അച്ഛൻ എന്ത് പറയും..?"വേണി ശ്രീബാലയോട് സ്വകാര്യം ചോദിച്ചു.അത് തന്നെയായിരുന്നു ശേഖരന്റേയും ചിന്ത.അദ്ദേഹം രാഘവനെ ദയനീയമായി നോക്കി.
"അച്ഛൻ ഒന്നുമോർത്ത് വിഷമിക്കണ്ട.ഇവിടുത്തെ  അവസ്ഥ ഞങ്ങൾക്ക് നന്നായിട്ട് അറിയാം.പെൺകുട്ടികളുടെ ഇഷ്ടങ്ങളൊന്നും ഞങ്ങൾക്ക് വലിയ പിടിയില്ല. അവർക്ക് ഇഷ്ടമുള്ളത് നേരിട്ട് എടുക്കാമല്ലോ എന്ന് വെച്ചിട്ടാ എല്ലാവരും കൂടെ ഒരുമിച്ച് പോവാമെന്ന് പറഞ്ഞത്.നാളെ ഒരു ടാക്സിയുമായി ഞങ്ങൾ വരം.നിങ്ങൾ ഒരുങ്ങി നിന്നാൽ മതി.എല്ലാ  കാര്യങ്ങളും  ഞങ്ങൾ നോക്കിക്കോളാം.."ജിതേഷ് പറഞ്ഞു.ശേഖരന്റെ കണ്ണുകളും മനസ്സും നിറഞ്ഞു.വേണിക്കും  ശ്രീബാലയ്ക്കും പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം തോന്നി..
പിറ്റേന്ന് ഉച്ചയോടടുപ്പിച്ച് ശേഖരനും ശ്രീബാലയും വേണിയും  ജിതേഷ് ഏർപ്പാടാക്കിയ ഒരു ടാക്സി കാറിൽ ടെക്സ്റ്റൈൽ ഷോപ്പിൽ ചെന്നു.അവിടെ അവരെ കാത്ത് ജിതേഷും കണ്ണനും ഇരിപ്പുണ്ടായിരുന്നു.ജിതേഷിനെ കണ്ടതും ശ്രീബാലയുടെ മുഖം ചുവന്നു.അത് കണ്ട്  ജിതേഷിന് ചിരി വന്നു.
"നമുക്ക് സാരി സെക്ഷനിലേക്ക് പോവാം.."കണ്ണൻ അവരോട് പറഞ്ഞു.എല്ലാവരും സാരി സെക്ഷനിൽ എത്തി.സെയിൽസ് ഗേൾസ്  അവർക്ക് ഓരോരോ സാരികൾ എടുത്ത് കൊടുത്തു.ഓരോ സാരി ഇടുമ്പോഴും വേണിയും ശ്രീബാലയും ജിതേഷിനെയും കണ്ണനെയും നോക്കി.ഒടുവിൽ എല്ലാവർക്കും  ഇഷ്ടപ്പെട്ട രണ്ട് സാരികൾ തിരഞ്ഞെടുത്തു.
"ഇനി കുറച്ച്  സൽവാർ നോക്കാം?"കണ്ണൻ  പറഞ്ഞു.
"സാരി എടുത്തല്ലോ..അത് മതി...ചുരിദാർ വേണ്ട.."ശ്രീബാല പറഞ്ഞു.
"സാരി കല്യാണത്തിന് ഉടുക്കാൻ അല്ലെ.അവിടെ ചെല്ലുമ്പോ മാറി ഉടുക്കാൻ ചുരിദാറും സാരിയും നൈറ്റിയും  അണ്ടർഗാർമെൻറ്സും  ഒക്കെ വേണ്ടേ?അതൊക്കെ എടുക്കാം."ജിതേഷ് പറഞ്ഞു.ശ്രീബാലയ്ക്കും വേണിക്കും അവരോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി.ഈ ആവശ്യങ്ങളൊക്കെ അച്ഛനോട് എങ്ങനെ പറയുമെന്നോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു അവർ.മാറിയുടുക്കാൻ നല്ലൊരു സാരിയോ ചുരിദാറോ അവർക്കില്ല.എല്ലാം പല തവണ ഇട്ട് മുഷിഞ്ഞതാണ്..അതെ അവസ്ഥ തന്നെയായിരുന്നു ശേഖരനും..നല്ല വസ്ത്രങ്ങൾ ഒരുപാടൊന്നും വാങ്ങിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.പെൻഷൻ കിട്ടുന്നത് ഓരോരോ വഴിക്ക് ചിലവായി പോവുമായിരുന്നു.ശ്രീബാലയും വേണിയും തങ്ങളുടെ ഒരാവശ്യങ്ങളും  അദ്ദേഹത്തെ അറിയിച്ചിരുന്നുമില്ല.ഉള്ളത്കൊണ്ട് ഓണം പോലെ ആണ് അവർ കഴിഞ്ഞിരുന്നത്. ശ്രീബാലയ്ക്ക് ജോലി കിട്ടിയതിന് ശേഷം അവൾ കുറച്ച് കാശ് മിച്ചം വെച്ച് ശേഖരനും  വേണിക്കും  ഇടയ്ക്ക് വസ്ത്രങ്ങൾ എടുത്ത് കൊടുക്കുമായിരുന്നു...അവർ  അവിടുത്തെ സ്റ്റാഫിനോട് ചോദിച്ച് ചുരിദാറിന്റെ സെക്ഷനിലേക്ക് പോയി. ശ്രീബാലയും വേണിയും തങ്ങൾക്കിഷ്ടപെട്ട വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് നിറമിഴികളോടെ ശേഖരൻ നോക്കി ഇരുന്നു. പിന്നീട് ഒരു ജ്വല്ലറിയിൽ കയറി താലിയും മാലയും പിന്നെ കല്യാണ ദിവസം ഇടാൻ രണ്ട് മാലകളും നാല് വളകളും വാങ്ങി.
ബില്ല്  പേ ചെയ്ത അവിടെ  ഒരു ഹോട്ടലിൽ കയറി ആഹാരവും കഴിച്ച് എല്ലാവരും വീട്ടിലേക്ക് തിരിച്ചു..
ഇതിനിടയ്ക്ക് ജിതേഷും കണ്ണനും   ശ്രീബാലയ്ക്കും വേണിക്കും  ഓരോ മൊബൈൽ ഫോൺ വാങ്ങി കൊടുത്തു.പിന്നീട് ദിവസവും രാത്രി അവർ പരസ്പരം വിളിച്ച് സംസാരിക്കുമായിരുന്നു.
രജിസ്റ്റർ മാരിയേജിനുള്ള  എല്ലാ കാര്യങ്ങളും റെഡി ആക്കിയിട്ടുണ്ടെന്ന് രാഘവൻ വഴി ജിതേഷ് ശേഖരനെ അറിയിച്ചു.
ശ്രീബാല താൻ പഠിപ്പിക്കുന്ന സ്കൂളിൽ അടുപ്പമുള്ള കുറച്ച്  പേരോട് മാത്രം കല്യാണത്തിന്റെ കാര്യം  അറിയിച്ചു.രണ്ടുകൂട്ടർക്കും ആരെയും വിളിക്കാനുണ്ടായിരുന്നില്ല.ഓരോ ദിവസത്തെയും ഫോൺ വിളികളിലൂടെയും ഇടയ്ക്ക് അവിടെയും ഇവിടെയും വെച്ചുള്ള കണ്ടു മുട്ടലിലൂടെയും അവർ  പരസ്പരം മനസ്സുകൊണ്ട് ഒരുപാടടുത്തു.ശേഖരനെ പിരിയുന്നതിലായിരുന്നു ശ്രീബാലയ്ക്കും വേണിക്കും  സങ്കടം.ഡൽഹിയിൽ ചെന്ന് സെറ്റിൽ ആയിട്ട് ശേഖരനെയും തങ്ങളുടെ  ഒപ്പം കൂട്ടാം  എന്ന് ജിതേഷും കണ്ണനും അവർക്ക് ഉറപ്പ് കൊടുത്തു.
ഒരു വൈകുന്നേരം ശ്രീബാലയും വേണിയും വിവാഹ ദിവസം ഇടാൻ മേടിച്ച സാരിയുടെ ബ്ലൗസ് തൈച്ച് കിട്ടിയത് ഇട്ടു നോക്കുന്ന തിരക്കിലായിരുന്നു.ശേഖരൻ  ഉമ്മറത്ത് തന്നെ ഉണ്ട്.ഗേറ്റ് തുറന്ന് രാഘവൻ ഉമ്മറത്ത് കയറി ഒരു കസേരയിൽ ഇരുന്നു.അയാളുടെ മുഖം മ്ലാനമായിരുന്നു.
"മക്കള് ഇവിടെ ഉണ്ടോ?"രാഘവൻ ചോദിച്ചു.
"ഉണ്ടല്ലോ..കല്യാണത്തിന് ഇനി വളരെ കുറച്ച് ദിവസങ്ങൾ അല്ലെ ഉള്ളു."ശേഖരൻ സന്തോഷത്തോടെ പറഞ്ഞു.രാഘവൻ ഒന്നും മിണ്ടിയില്ല.വെളിയിലെ സംസാരം കേട്ട് ശ്രീബാലയും വേണിയും അങ്ങോട്ട് വന്ന് വാതിലിന്റെ മറവിൽ നിന്നു.
"എന്താടോ തന്റെ മുഖത്ത് ഒരു വിഷമം?ഒട്ടും തെളിച്ചമില്ലല്ലോ..എന്താ കാര്യം?"ശേഖരൻ തിരക്കി.
"പറയാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്..ഞാനും വല്ലാത്തൊരവസ്ഥയിൽ ആണ്.."രാഘവൻ ശേഖരന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
"താൻ മനുഷ്യനെ തീ തെറ്റിക്കാതെ എന്താ കാര്യമെന്ന് പറയ്.."ശേഖരൻ അസ്വസ്ഥനായി.
"ഈ വിവാഹം നടക്കില്ല!"രാഘവൻ പറഞ്ഞു

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot