ഇട്ടിരപ്പൻ(കഥ )
***************
ഇട്ടിരപ്പൻ മുതലാളി ആ പ്രദേശത്തെ സമ്പന്നന്മാരിൽ പ്രമുഖൻ. വയസ്സ് അറുപത് കഴിഞ്ഞിരിക്കുന്നു.കറുത്ത നിറം,നല്ല ഉയരം, ഉയരത്തെ കവച്ചു വയ്ക്കുന്ന തടി,തടിയെ തോൽപിക്കും കൂട്ട് പുറത്തേക്ക് തള്ളി നിൽക്കുന്ന വയർ,പള, പളാ മിന്നുന്ന കഷണ്ടിതല ഇതൊക്കെയാണെങ്കിലും സൗന്ദര്യത്തിന്റെ കാര്യം പരിഗണിക്കുമ്പോൾ ഇട്ടിരപ്പൻ മുതലാളിയെ സംബന്ധിച്ച് ഇവയെല്ലാം ഒരു അലങ്കാരം തന്നെയാണ്. വെള്ള ജുബ്ബയും, മുണ്ടുമല്ലാതെ മറ്റൊരു വസ്ത്രം ധരിച്ച ഇട്ടിരപ്പൻ മുതലാളിയെ ആരും കണ്ടിട്ടില്ല. ഇനി ഇട്ടിരപ്പൻ മുതലാളി മറ്റൊരു വസ്ത്രം ധരിച്ചു വരുന്നത് ആർക്കും ചിന്തിക്കുവാൻ കൂടി കഴിയില്ല കാരണം ജുബ്ബയും, മുണ്ടും അത്രത്തോളം ആ കറുത്തുരുണ്ട ശരീരത്തിൽ ഇഴുകി ചേർന്നു. കഴുത്തിൽ കിടക്കുന്ന കയറു പിരിയൻ സ്വർണ്ണമാലയും ,വിരലുകളിൽ അണിഞ്ഞിരിക്കുന്ന കല്ല് പതിപ്പിച്ച മോതിരങ്ങളും ഇട്ടിരപ്പൻ മുതലാളിയുടെ പ്രൗഢിയെ വിളിച്ചറിയിക്കുന്നവയാണ്. പക്ഷേ മുഖത്തിനു ചേരാത്തത് പോലെയുള്ള സ്വർണ്ണ ഫ്രെയിമിൽ വലിയ ഗ്ലാസ്സുകളുള്ള കണ്ണട ഇട്ടിരപ്പൻ മുതലാളിക്ക് അല്പം അഭംഗി തന്നെയാണ്.
***************
ഇട്ടിരപ്പൻ മുതലാളി ആ പ്രദേശത്തെ സമ്പന്നന്മാരിൽ പ്രമുഖൻ. വയസ്സ് അറുപത് കഴിഞ്ഞിരിക്കുന്നു.കറുത്ത നിറം,നല്ല ഉയരം, ഉയരത്തെ കവച്ചു വയ്ക്കുന്ന തടി,തടിയെ തോൽപിക്കും കൂട്ട് പുറത്തേക്ക് തള്ളി നിൽക്കുന്ന വയർ,പള, പളാ മിന്നുന്ന കഷണ്ടിതല ഇതൊക്കെയാണെങ്കിലും സൗന്ദര്യത്തിന്റെ കാര്യം പരിഗണിക്കുമ്പോൾ ഇട്ടിരപ്പൻ മുതലാളിയെ സംബന്ധിച്ച് ഇവയെല്ലാം ഒരു അലങ്കാരം തന്നെയാണ്. വെള്ള ജുബ്ബയും, മുണ്ടുമല്ലാതെ മറ്റൊരു വസ്ത്രം ധരിച്ച ഇട്ടിരപ്പൻ മുതലാളിയെ ആരും കണ്ടിട്ടില്ല. ഇനി ഇട്ടിരപ്പൻ മുതലാളി മറ്റൊരു വസ്ത്രം ധരിച്ചു വരുന്നത് ആർക്കും ചിന്തിക്കുവാൻ കൂടി കഴിയില്ല കാരണം ജുബ്ബയും, മുണ്ടും അത്രത്തോളം ആ കറുത്തുരുണ്ട ശരീരത്തിൽ ഇഴുകി ചേർന്നു. കഴുത്തിൽ കിടക്കുന്ന കയറു പിരിയൻ സ്വർണ്ണമാലയും ,വിരലുകളിൽ അണിഞ്ഞിരിക്കുന്ന കല്ല് പതിപ്പിച്ച മോതിരങ്ങളും ഇട്ടിരപ്പൻ മുതലാളിയുടെ പ്രൗഢിയെ വിളിച്ചറിയിക്കുന്നവയാണ്. പക്ഷേ മുഖത്തിനു ചേരാത്തത് പോലെയുള്ള സ്വർണ്ണ ഫ്രെയിമിൽ വലിയ ഗ്ലാസ്സുകളുള്ള കണ്ണട ഇട്ടിരപ്പൻ മുതലാളിക്ക് അല്പം അഭംഗി തന്നെയാണ്.
ഭാര്യ സൂസന്ന, സൗന്ദര്യത്തിലും, വിദ്യാഭ്യാസത്തിലും ഇട്ടിരപ്പൻ മുതലാളിയുടെ ഏഴയലതെത്തുവാൻ പോലും യോഗ്യതയില്ലാത്തവൾ.സൗന്ദര്യം ഒരു പ്രശ്നമേയല്ലാ സ്ത്രീധനമാണ് ജീവിതത്തിൽ പ്രാധാന്യമെന്ന് ചിന്തിച്ച് കെട്ടിയതുകൊണ്ട് കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ ദാമ്പത്യജീവിതത്തിൽ ഇട്ടിരപ്പൻ മുതലാളിയും സൂസന്നയും തമ്മിൽ യാതൊരുവിധത്തിലുമുള്ള പൊരുത്തക്കേടുകളും ഉണ്ടായിട്ടില്ല. കാതുകളിലെ വലുപ്പമുള വളയകമ്മലുകളും, കഴുത്തിലെ നീളൻ കൊന്തമാലയും സൂസന്നയുടെ കൂടപ്പിറപ്പുകളാണ്. ചട്ടയും, മുണ്ടുമല്ലാതെ ഇ ലോകത്തിൽ മറ്റൊരു വേഷവും കണ്ടുപിടിച്ചിട്ടില്ല എന്നാണ് സൂസന്നയുടെ വിചാരം...ഭക്തിയും, ദൈവഭയവുമുള്ള ഒരു അച്ചായത്തിയാണ് സൂസന്ന.
ഇട്ടിരപ്പൻ മുതലാളി താമസിക്കുന്ന അഞ്ചേക്കറിനുള്ളിലെ അതി മനോഹരമായ ആ വീടിന്റെ പഴമയുടെ പ്രൗഡിയിൽ നിന്നും മനസിലാക്കാം പാരമ്പര്യമായി കൈമാറി കിട്ടിയ തറവാട് വീടാണതെന്ന്.വീടിന്റെ മുന്നിൽ അന്തസ്സിനു ചേർന്നമട്ടിൽ രണ്ടു വിലകൂടിയ കാറുകൾ നിർത്തിയിട്ടേക്കുന്നു.പുതിയ കാലത്തിന്റെ അതിഥിയായി മുറ്റം മുഴുവൻ വർണ്ണാഭമായ തറയോടുകൾ തിളങ്ങുന്നു. മുറ്റത്തിന്റെ ഒരു ഭാഗത്തെ ചെറിയ പൂന്തോട്ടത്തിലെ ചെടിച്ചട്ടികളിലെ ഉയരം കുറഞ്ഞ ചെടികളിൽ പലതരം നിറങ്ങളിലുള്ള പൂവുകൾ പൂത്തു നിൽക്കുന്നു.വീടും, പരിസരവും വളരെ വൃത്തിയും, ഭംഗിയുമായി തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.സന്തോഷകരമായ ഇ ദാമ്പത്യ ജീവിതത്തിനിടയ്ക്കും ഇട്ടിരപ്പൻമുതലാളിയുടെയും, സൂസന്നയുടെയും ആകെയുള്ള വിഷമം. എണ്ണിയാൽ ഒടുങ്ങാത്ത സ്വത്തുകൾക്കെല്ലാം അവർ രണ്ടു പേരുടെയും കാലശേഷം അവകാശികളില്ലാതായിപ്പോയല്ലോ എന്നത് മാത്രമാണ്. വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാകാതിരുന്നപ്പോൾ ആദ്യ ഒന്ന് രണ്ടു വർഷം കുറെ ആശുപത്രികൾ കയറിയിറങ്ങി പലതരം മരുന്നുകൾ കഴിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല.അതുകൊണ്ട് തന്നെ കുട്ടികൾ വേണുമെന്നുള്ള ചിന്ത വിസ്മരിച്ചുകൊണ്ട് ഇട്ടിരപ്പൻ മുതലാളി പുതിയ പുതിയ ബിസിനസ്സുകളിലേക്ക് ഓട്ടപാച്ചിൽ തുടർന്നു.പാരമ്പര്യമായി കിട്ടിയ സ്വത്തും, സ്ത്രീധനമായി ലഭിച്ചതും, ഇട്ടിരപ്പൻ മുതലാളി സമ്പാദിച്ചതുമെല്ലാം കൂടി എണ്ണിയാൽ ഒടുങ്ങാത്തത്രയും സ്വത്തിന്റെ അവകാശിയാണ് ഇപ്പോൾ ഇ വയസ്സാംകാലത്ത് ഇട്ടിരപ്പൻ മുതലാളി.
കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളായി ഇട്ടിരപ്പൻ മുതലാളി മറന്നുപോയ കൃഷ്ണ കുമാർ എന്ന പഴയ സ്നേഹിതൻ അദ്ദേഹത്തിന്റെ മകളുടെ വിവാഹം ക്ഷണിച്ചുകൊണ്ട് അയച്ച കത്ത് കൈകളിൽ കിട്ടിയതും. കൃഷ്ണ കുമാർ എന്ന സ്നേഹിതന്റെ ഓർമ്മകൾ ഇട്ടിരപ്പൻ മുതലാളിയുടെ മനസ്സിലേക്ക് ഒഴുകിവന്നു. അത് ഇട്ടിരപ്പൻ മുതലാളിയുടെ ഓർമ്മകളെ ഒരുപാട് വർഷങ്ങൾ പിറകിലിലേക്ക് സഞ്ചരിപ്പിച്ചു.
************
സാധാരണക്കാർ മാത്രമല്ല, രാഷ്ട്രീയക്കാരും, പോലീസ്കാരുമൊക്കെ ഒരേ പോലെ ബഹുമാനിക്കുന്ന നാട്ടിലെ പ്രമാണിയാണ് ഇയ്യപ്പൻ മുതലാളി. ഇയ്യപ്പൻ മുതലാളിയുടെ നാലുമക്കളിൽ ഇളയവനാണ് ഇട്ടിരപ്പൻ. ഇട്ടിരപ്പന്റെ മുകളിലുള്ള മൂന്ന് പെൺകുട്ടികളെയും അവരുടെ അവകാശങ്ങളെല്ലാം കൊടുത്ത് ഇയ്യപ്പൻ മുതലാളി നല്ലനിലയിൽ വിവാഹം കഴിപ്പിച്ചയച്ചു. കോളേജ് പഠനമെല്ലാം കഴിഞ്ഞ ഇട്ടിരപ്പനെയാണ് ഇപ്പോൾ ഇയ്യപ്പൻ മുതലാളി ബിസിനസുകളെല്ലാം നോക്കി നടത്തുവാനേൽപ്പിച്ചിരിക്കുന്നത്.അങ്ങനെ നല്ലരീതിയിൽ ബിസിനസ്സുകളുമായി മുന്നോട്ടു പോയ്കൊണ്ടിരിക്കെയാണ് ഇട്ടിരപ്പൻ സ്ഥലത്തെ മറ്റൊരു പ്രമാണിയുടെ മകനുമായി ഒരു അടിപിടി കേസ് ഉണ്ടാകുന്നത്. കേസിൽ നിന്നും സ്വന്തം മകനെ ഒഴിവാക്കുവാൻ ഇയ്യപ്പൻ മുതലാളി കിണഞ്ഞു ശ്രമിച്ചെങ്കിലും എതിർ പക്ഷത്തുള്ളവർ ശക്തമായി തന്നെ കേസുമായി മുന്നോട്ടു നീങ്ങി. തന്മൂലം നാട്ടിൽ നിന്നും കുറച്ചു നാൾ മാറി നീക്കുവാനുള്ള ഇൻസ്പെക്ടറുടെ ഉപദേശപ്രകാരം ഇട്ടിരപ്പൻ തന്റെ കോളേജിലെ സഹപാഠിയായിരുന്ന കൃഷ്ണ കുമാറിന്റെ നാട്ടിലേക്കു ഒളിവിൽ പോയി.
സാധാരണകാരായിരുന്നു കൃഷ്ണകുമാറിന്റെ കുടുംബം.കോളേജ് പഠനം കഴിഞ്ഞ കൃഷ്ണകുമാർ അച്ഛനോടൊപ്പം കൃഷി പണിയുമായാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. വലിയ മാളികയിൽ നിന്നും പെട്ടന്ന് ചെറിയ ഓലപ്പുരയിലേക്കുള്ള താമസമാറ്റം ഒന്നുരണ്ടു ദിവസങ്ങൾ ഇട്ടിരപ്പന് വലിയ ബുദ്ധിമുട്ടായി തോന്നി. എന്നാൽ പതിയെ പതിയെ നാട്ടിൻപുറത്തെ സുന്ദരകാഴ്ച്ചകളായ പച്ചപ്പ് നിറഞ്ഞ വയലുകളും, കുഞ്ഞുമത്സ്യങ്ങൾ നീന്തി തുടിക്കുന്ന തോടും, ആ തോട് ചെന്നുചേരുന്ന കുത്തിയൊലിച്ചൊഴുകുന്ന പുഴയും, പുഴയുടെ തീരത്തെ മുളംകാടുകളും, മുട്ടോളം വളർന്നു നിൽക്കുന്ന പുൽച്ചെടികളും, അവയ്ക്കിടയിൽ പമ്മിയിരിക്കുന്ന കുളക്കോഴികളും, പലതരത്തിലുള്ള വൃക്ഷങ്ങളും, അവയിൽ കൂടു കൂട്ടിയിരിക്കുന്നു കിളികളും, ചിൽ ചിൽ ശബ്ദമുണ്ടാക്കി മരച്ചില്ലകളിൽ ഓടിനടക്കുന്ന അണ്ണാറക്കണ്ണന്മാരും, മറ്റ് വർണ്ണാഭമായ കാഴ്ച്ചകളുമൊക്കെ കൂടി ചേർന്ന നാട്ടിൻപുറത്തെ ദിവസം പോക,പോകെ ഇട്ടിരപ്പനും ഇഷ്ടപ്പെട്ടു തുടങ്ങി.
നാട്ടിൻ പുറത്തെ നിഷ്കളങ്കകളായ സുന്ദരികളെ ഇട്ടിരപ്പൻ ഏറെ ഇഷ്ടപ്പെട്ടു. കൃഷ്ണ കുമാറിന്റെ അയലത്തെ വീട്ടിലെ യമുന എന്ന സുന്ദരി ഇട്ടിരപ്പന്റെ ഹൃദയത്തിൽ വളരെ വേഗത്തിൽ സ്ഥാനം പിടിച്ചു. ഇട്ടിരപ്പന്റെ ആത്മാർത്ഥ തുളുമ്പുന്ന യമുനയോടുള്ള സ്നേഹത്തിന് കൃഷ്ണകുമാറും ചുക്കാൻ പിടിച്ചു. മാസങ്ങൾ വേഗത്തിൽ കടന്നുപോയി. മനസ്സിന്റെ അടുപ്പത്തിൽ നിന്നും അവരുടെ പ്രണയബന്ധം ശാരീരികമായ കൂടി ചേരലും ആസ്വദിച്ചു. കൃഷ്ണകുമാർ എന്ന ആത്മാർത്ഥ സ്നേഹിതൻ എല്ലാത്തിനും മൂകസാക്ഷിയായി നിലകൊണ്ടു.
നാട്ടിലെ കേസെല്ലാം ഒത്തുതീർപ്പായപ്പോൾ ഉടനെ തന്നെ നാട്ടിലേക്ക് മടങ്ങി വരുവാൻ മകനോട് ഇയ്യപ്പൻ മുതലാളി ആവശ്യപ്പെട്ടു. അപ്പന്റെ സന്ദേശം കിട്ടിയയുടനെ ഇട്ടിരപ്പൻ നാട്ടിലേക്ക് പോകുവാൻ തയ്യാറായി.യമുനയുടെ മുന്നിൽ വച്ചു തന്നെ കൃഷ്ണകുമാറിന് ഇട്ടിരപ്പൻ വാക്കുകൊടുത്തു ഞാൻ നാട്ടിൽ പോയി അപ്പനോട് ഇവളുടെ കാര്യങ്ങളെല്ലാം അവതരിപ്പിച്ച് സമ്മതം വാങ്ങിയിട്ട് തിരികെ വന്ന് യമുനയെ കൂട്ടികൊണ്ട് പോകാം. ഇട്ടിരപ്പന്റെ വാക്കുകൾ യമുനയുടെയും, കൃഷ്ണ കുമാറിന്റെയും മനസ്സിൽ സന്തോഷം വാരി വിതറിയെങ്കിലും. ഇട്ടിരപ്പനെ പിരിയുന്നതിലുള്ള ദുഃഖം യമുനയുടെ മുഖത്തു നിഴലിച്ചു നിന്നു.
ഇയ്യപ്പൻ മുതലാളി നാട്ടിൽ വന്ന മകനുവേണ്ടി വിവാഹം ആലോചിച്ചു തുടങ്ങി.പലപ്പോഴും യമുനയുടെ കാര്യം അപ്പനോട് പറയാൻ ഇട്ടിരപ്പൻ ശ്രമിച്ചെങ്കിലും അപ്പൻ എങ്ങനെ പ്രതികരിക്കും എന്നുള്ള ഭയം അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചുകൊണ്ടിരുന്നു. കാണാൻ ഭംഗിയില്ലെങ്കിലും നൂറുപവനും,പത്തേക്കർ റബ്ബർ തോട്ടവും , ഒരു കാറും സ്ത്രീധനമായി ലഭിക്കുമെന്നായപ്പോൾ ഇയ്യപ്പൻ മുതലാളി സൂസന്നയുമായുള്ള ഇട്ടിരപ്പന്റെ വിവാഹം ഉറപ്പിച്ചു. കണ്ണഞ്ചിപ്പിക്കുന്ന സ്വത്തിനുമുന്നിൽ ഇട്ടിരപ്പനും മയങ്ങി വീണു. മനസ്സിൽ നിന്നും യമുനയുടെ ചിത്രം പതിയെ പതിയെ പൂർണമായും മാഞ്ഞു പോയി.
ഇട്ടിരപ്പന്റെ വിവാഹത്തിന്റെ തലേനാൾ അവിടത്തെ വിശേഷങ്ങളൊന്നും അറിയാതെ ഇട്ടിരപ്പനെയും അന്വേക്ഷിച്ചു ആ ഞെട്ടിക്കുന്ന സത്യവുമായി കൃഷ്ണകുമാർ ഇട്ടിരപ്പന്റെ അടുത്തെത്തി. യമുനയെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേ കൃഷ്ണകുമാറിന്റെ വായടപ്പിച്ചു കൊണ്ട് ഇട്ടിരപ്പൻ പറഞ്ഞു അവളോട് എന്നെ മറന്നേക്കുവാൻ പറയു അപ്പനെ ധിക്കരിക്കുവാൻ എനിക്ക് കഴിയില്ല!. അവൾ ഗർഭിണി ആണെന്നുള്ള സത്യം കൃഷ്ണകുമാർ വെളിപ്പെടുത്തിയപ്പോൾ ഇട്ടിരപ്പന് യാതൊരു കൂസലും ഇല്ലായിരുന്നു. പതിനായിരംരൂപയുടെ ഒരു കെട്ടുനോട്ട് കൃഷ്ണ കുമാറിന്റെ കൈകളിലേക്ക് വച്ചുകൊടുത്തിട്ട് ഇട്ടിരപ്പൻ പറഞ്ഞു ഇ പൈസ കൊണ്ട് അവളുടെ ഗർഭം നശിപ്പിച്ചു കളഞ്ഞേക്കു!!!. അ പൈസയുമായി അവിടെ നിന്നുമിറങ്ങുമ്പോൾ കൃഷ്ണകുമാറിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. ഇട്ടിരപ്പൻ വീണ്ടും വിവാഹതിരക്കുകളിലേക്ക് ഊളിയിട്ടു.
*************
ഇട്ടിരപ്പനിൽ നിന്നും ഇട്ടിരപ്പൻമുതലാളിയിലേക്ക് ഓർമ്മകൾ മടങ്ങി വന്നു. കൃഷ്ണ കുമാറിന്റെ കത്തിലൂടെ ഭൂതകാലത്തിലേക്ക് പോയ ഇട്ടിരപ്പൻ മുതലാളിയുടെ മനസ്സിലെ വീക്ഷണ കോണുകളിൽ എവിടെയൊക്കെയോ യമുന എന്ന കാമുകി നോവുണർത്തി നിലകൊണ്ടു. സ്വന്തം ചോരയിൽ ജന്മം കൊണ്ട പിഞ്ചുകുഞ്ഞിനെ മുളയിലേ നുള്ളിക്കളഞ്ഞതിന്റെ ഫലമായിരിക്കാം ഭാവിയിൽ ഇട്ടിരപ്പൻ മുതലാളിക്ക് ഒരു കുഞ്ഞിനെ ലാളിക്കുവാനുള്ള ഭാഗ്യം ദൈവം കൊടുക്കാതെ പോയത്.
പഴയ സ്നേഹിതന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കുവാൻ രണ്ടു ദിവസം മുന്നേ തന്നെ ഇട്ടിരപ്പൻ മുതലാളിയും, സൂസന്നയും കത്തിൽ വിലാസമായി കൊടുത്തിരുന്ന കൃഷ്ണ കുമാറിന്റെ വീട്ടിലെത്തിച്ചേർന്നു. ഇരുപത്തിയഞ്ചു വർഷങ്ങൾക്കുമുന്നെ പിരിഞ്ഞാതാണെങ്കിലും ആദ്യ കാഴ്ച്ചയിൽ തന്നെ കൃഷ്ണ കുമാർ ഇട്ടിരപ്പൻ മുതലാളിയെ തിരിച്ചറിഞ്ഞു.ജീവിതത്തിലെ ദുരിതപൂർണമായ കയറ്റിറക്കങ്ങൾ കൊണ്ടായിരിക്കണും കൃഷ്ണ കുമാറിന് ഇട്ടിരപ്പൻ മുതലാളിയെക്കാളും പ്രായം തോനിപ്പിക്കുണ്ടായിരുന്നു.
മക്കളെ കൊണ്ടുവന്നില്ലേയെന്ന കൃഷ്ണ കുമാറിന്റെ ചോദ്യത്തിനുമുന്നിൽ ഇട്ടിരപ്പൻ മുതലാളിയും സൂസന്നയും തലകുനിച്ചു.
മക്കളെ കൊണ്ടുവന്നില്ലേയെന്ന കൃഷ്ണ കുമാറിന്റെ ചോദ്യത്തിനുമുന്നിൽ ഇട്ടിരപ്പൻ മുതലാളിയും സൂസന്നയും തലകുനിച്ചു.
അകത്തു നിന്നും കൃഷ്ണകുമാറിന്റെ ഭാര്യയും, മകളും ഇട്ടിരപ്പൻ മുതലാളിയും, സൂസന്നയും ഇരിക്കുന്നിടത്തേക്ക് കടന്നു വന്നു. ഇട്ടിരപ്പൻ മുതലാളിക്ക് കൃഷ്ണകുമാറിന്റെ ഭാര്യയെ കണ്ടപ്പോൾ എവിടെയൊക്കയോ കണ്ടു മറന്ന ഒരു മുഖഛായ പോലെ തോന്നി. ചിന്തയിൽ മുഴുകി കൊണ്ട് വീണ്ടും ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കുവാൻ ഇട്ടിരപ്പൻ മുതലാളി തുനിഞ്ഞപ്പോഴേക്കും അവർ സൂസന്നയെയും കൂട്ടി അകത്തേക്ക് തിരികെ പോയിരുന്നു. ഇട്ടിരപ്പൻ മുതലാളിയുടെ ചിന്തകളെ മുറിച്ചു കൊണ്ട് കൃഷ്ണകുമാർ സംസാരിച്ചു തുടങ്ങി.
പരസ്പരം വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കെ പുറത്തു നിന്നും അവിടേക്ക് കടന്നു വന്ന ഇരുപത്തിയഞ്ചു വയസ്സോളം പ്രായമുള്ള ആൺകുട്ടിയെ തന്റെ മകനാണിതെന്ന് പറഞ്ഞ് കൃഷ്ണകുമാർ ഇട്ടിരപ്പൻ മുതലാളിക്ക് പരിചയപ്പെടുത്തി. ആ ഇരുപത്തഞ്ച് വയസ്സുകാരനിൽ എവിടെയൊക്കയോ സ്വന്തം രൂപസാദൃശ്യം ഇട്ടിരപ്പൻ മുതലാളി തിരിച്ചറിഞ്ഞു.മണിക്കൂറുകൾ കടന്നുപോയപ്പോൾ ആ സത്യവും ഇട്ടിരപ്പൻ മുതലാളി മനസ്സിലാക്കി. താൻ പണ്ട് സ്നേഹം കൊടുത്തു ചതിച്ച യമുന തന്നെയാണ് കൃഷ്ണകുമാറിന്റെ ഭാര്യയെന്ന്.
കാര്യങ്ങൾ ഏകദേശം മനസ്സിലാക്കിയ ഇട്ടിരപ്പൻ മുതലാളി കൃഷ്ണകുമാറിനോട് ചോദിച്ചു. സത്യം പറയണും നിന്റെ മകനായി നീ പരിചയപ്പെടുത്തിയ ആൺ കുട്ടി എന്റെ മകനല്ലേ....മറുപടിയായി കൃഷ്ണകുമാർ പറഞ്ഞു നിന്റെ മകനോ നിന്റെ കുഞ്ഞിനെ നീ ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുന്നേ കൊന്നു കളഞ്ഞില്ലേ,.. അഥവാ നിന്റെ മകനാണെങ്കിൽ തന്നെ നിനക്കെന്ത് അവകാശമുണ്ട് അവന്റെ മേൽ... ജന്മം കൊടുത്തത് ഒരു പക്ഷേ നിയായിരിക്കാം പക്ഷേ എന്റെ ചോരയും, നീരും വിയർപ്പാക്കിയാണ് ഞാൻ അവനെ വളർത്തിയത് അതുകൊണ്ട് തന്നെ ഒരിക്കലും അത് നിന്റെ മകനാണോയെന്ന് ചോദിക്കുവാനുള്ള അവകാശം പോലും നിനക്കില്ല... സ്നേഹിച്ച പെണ്ണിനെ ഗർഭിണിയാക്കിയിട്ട്... മറ്റൊരടുത്തുനിന്നും സ്വത്തും, പണവും കിട്ടിയപ്പോൾ എല്ലാം മറന്ന് അതിന് പിന്നാലെപോയ നിനക്കൊരിക്കലും ഒന്നുതന്നെ ചോദിക്കുവാനുള്ള അവകാശമില്ലാ.... കൃഷ്ണകുമാറിന്റെ വെടിയുണ്ട പോലുള്ള വാക്കുകൾ ഇട്ടിരപ്പൻ മുതലാളിയുടെ ഹൃദയത്തെ കീറി മുറിച്ചുകൊണ്ട് തുളച്ചു കയറി. എന്നാലും ഇട്ടിരപ്പൻ മുതലാളി പറഞ്ഞു.... എനിക്കൊന്നും വേണ്ട എന്റെ മകനാണ് അതെന്നു എനിക്കറിയാം... എന്നാലും എനിക്കൊരു അവകാശവുമില്ല എന്റെ മകനെന്ന് പറയുവാൻ പോലും.... പക്ഷേ അവന്റെ നല്ല ഭാവിക്കു വേണ്ടി ഞാൻ തരുന്ന പണമെങ്കിലും നീ കൈ പറ്റണും നിനക്ക് എത്ര വേണമെങ്കിലും എന്നോട് ചോദിക്കാം.....
പണം !!! നീ തരുന്ന പണം...ഞാൻ വാങ്ങിയാൽ അത് എന്റെ ഭാര്യയുടെ ശരീരം വിറ്റുകിട്ടിയ പണമായേ എനിക്ക് തോന്നുകയുള്ളൂ.,അതുകൊണ്ട് തന്നെ എനിക്ക് നിന്റെ പണവും, സ്വത്തും ഒന്നും ആവശ്യമില്ല... പിന്ന നിനക്ക് നിർബദ്ധമാണെ ഇ നാട്ടിൽ അച്ഛനും, അമ്മയും ആരെന്ന് അറിയാത്ത ധാരാളം അനാഥ കുട്ടികളുണ്ട് നീ ചെയ്ത തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായി നീ അമിതമായി സ്നേഹിച്ച ആ സ്വത്തും, പണവും അനാഥർക്ക് ദാനമായി നൽകി നീ ചതിച്ച യമുനയോട് അങ്ങെനെയെങ്കിലും പ്രായശ്ചിത്തം ചെയ്യൂ ......കൃഷ്ണകുമാറിന്റെ വാക്കുകൾ ഇട്ടിരപ്പൻ മുതലാളിയുടെ നെഞ്ചിലേക്ക് ആഞ്ഞ് തുളച്ചു കയറി. നീറുന്ന ഹൃദയവുമായി എന്തൊക്കയോ മനസ്സിലുറപ്പിച്ച് ഇട്ടിരപ്പൻ മുതലാളി അവിടെ കൃഷ്ണകുമാറിന്റെ മുന്നിൽ തളർന്നിരുന്നു..
ഡിനുരാജ് വാമനപുരം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക