ഒരു ചുരിദാറിന്റെ ഓർമ്മയ്ക്ക്
***********************************
***********************************
നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് എനിക്ക് ചുരിദാർ ഇടാൻ മോഹം ഉദിച്ചത്. ഏതാണ്ട് 25 വർഷങ്ങൾക്കു മുൻപ്. അന്നൊന്നും ചുരിദാർ നമ്മുടെ നാട്ടിലങ്ങനെ രണ്ടു കാലിൽ ഓടി നടക്കാറായിട്ടില്ല..പിച്ച വെച്ചു വരുന്നതെ ഉണ്ടായിരുന്നുള്ളു.എന്നാലും കോളേജിലെ ചേച്ചിമാർ ചുരിദാർ ഇട്ട് അതിന്റെ മീതേയൊരു ഷാൾ ഒക്കെ ഇട്ടു പോകുന്നതു കണ്ടപ്പോൾ പെണ്ണല്ലേ ജാതി ! ...എന്റെ മനസ്സിലും ചുരിദാർ ഇടാൻ ആശ ഉദിച്ചു. പക്ഷെ അമ്മയുടെ ദോശ ചുടുന്ന ചട്ടുകത്തിന്റെ കാര്യം ആലോചിച്ചപ്പോൾ ഞാൻ ആ ആശയെ എന്റെ അകതാരിൽ കുഴി കുഴിച്ച് അതിലേക്കിട്ട് അതിനു മീതെ നെടുവീർപ്പിന്റെ മണ്ണിട്ടു മൂടി.
അങ്ങനെയിരിക്കെ എന്റെ മൂത്ത ചേച്ചിയുടെ കല്യാണം ഇങ്ങോടിയെത്തി. ആറു പെണ്മക്കളിൽ ആദ്യത്തെ മകളുടെ കല്യാണം കെങ്കേമമാക്കാൻ അപ്പനും അമ്മയും ബന്ധുക്കാരും അയൽവക്ക ക്കാരും എല്ലാം തലങ്ങും വിലങ്ങും ഓടി നടക്കുകയാണ്.
ഞങ്ങളുടെ വീടിന്റെ മുൻപിൽ ഉണ്ടായിരുന്ന ചെറിയ പൂന്തോട്ടമെല്ലാം പിഴുതെറിയപ്പെട്ടു. മുറ്റം നിറയെ വലിയ തോരാ പന്തൽ കെട്ടി. ഞാനും പടിഞ്ഞാറേലെ വിപിനും ഗിരീഷും എല്ലാം അതിൽ കളം വരച്ച് തൊങ്കിത്തോട്ടം കളിക്കാനും, ഒളിച്ചു കളിക്കാനും, അത്തള പിത്തള തവളാച്ചി കളിക്കാനുമൊക്കെ തുടങ്ങി.
അന്നൊന്നും കാറ്ററിംഗ് പിറവി എടുത്തട്ടില്ല. കല്ല്യാണത്തിന് രണ്ടാഴ്ച മുൻപേ "പാർട്ടി "ക്കുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങും. അന്നാളിൽ സ്കൂൾ വിട്ടു വരാൻ എനിക്ക് വല്ലാത്ത ധൃതി ആയിരുന്നു .എന്നും പുതിയ പുതിയ പലഹാരങ്ങളുടെ നല്ല മണങ്ങൾ കേൾക്കാം,പല നിറത്തിൽ , പല തരത്തിൽ അത് ഉണ്ടാക്കുന്നത് കാണാം, ചൂടുള്ള അടുപ്പിന്റെ അടുത്തു നിന്ന് അതെല്ലാം ചൂടോടെ വയറു നിറയെ തിന്നാം. ആഹാ!. അടിപൊളി !.പണിക്കാരാണേൽ എന്നും വളരെ സ്നേഹത്തോടെ എന്നെ അടുത്തു വിളിച്ച് ഗണപതിക്ക് വെച്ചു നീട്ടും പോലെ എന്റെ നേരെ ഓരോരോ പലഹാരങ്ങൾ നീട്ടും.. അങ്ങനെ പൂ കേക്ക്, അലുവ, ലഡു, മിച്ചർ,ഇത്യാദി ഐറ്റംസ് തിന്ന് തിന്ന് രണ്ടാഴ്ച കൊണ്ട് ഞാൻ ഒന്ന് നന്നായി മിനുങ്ങി.
അതിനിടയിൽ ചരക്കെടുക്കൽ കെങ്കേമമായി നടക്കുന്നു.. സ്വര്ണമായാലും ഡ്രെസ്സായാലും വാങ്ങുന്നത് മുഴുവൻ ചേച്ചിക്ക്... അനുജത്തി മാരായ ഞങ്ങൾക്ക് ഒന്നുമില്ല. ഇതെന്താ വെള്ളരിക്കാ പട്ടണോ!! പക്ഷപാതം സഹിക്കാതെ വന്നപ്പോൾ ഞാൻ കേറി ഇടപെട്ടു.
"അമ്മേ ...കല്യാണത്തിന് ചേച്ചിക്ക് മാത്രേ ഡ്രെസ്സ് വാങ്ങോള്ളു!! ഞങ്ങൾക്കൊന്നും വാങ്ങില്ലേ?
"വാങ്ങാടി..."
ഓഹ്!!'...അമ്മ ആദ്യമായിട്ടാണ് എന്റെ ഒരൊറ്റ ചോദ്യത്തിൽ തന്നെ ഉത്തരം "വാങ്ങാം" എന്നു പറയുന്നത്.അല്ലെങ്കിൽ.."ഒന്നു പോ കൊച്ചേ... പൈസയില്ല" "പിന്നെയാകട്ടെ" "ഇന്നാളല്ലേ വാങ്ങിയുള്ളൂ"എന്നിങ്ങനെയുള്ള പാഴ് വാക്കുകൾ ആണ് ഞാൻ. ശ്രവിക്കാറ്.!
വാങ്ങാം എന്നു പറഞ്ഞ സ്ഥിതിക്ക് ചുരിദാർ തന്നെ വാങ്ങിപ്പിക്കണം എന്നു എന്റെ മനസ്സ് എന്നോട് പലവട്ടം ഉരുവിട്ടു കൊണ്ടേയിരുന്നു. മന ശല്യം സഹിക്കവയ്യാതെ വന്നപ്പോൾ ഞാൻ പറഞ്ഞു.
"എനിക്ക് ചുരിദാർ മതി"
"ഉം..ശെരി"
ശെരിന്ന് !!..ഇതിൽ പരം ഒരാനന്ദം എനിക്കെവിടുന്നു കിട്ടാനാണ്!! തക്ക സമയത്തു എന്നെ എന്റെ ആശകൾ അവതരിപ്പിക്കാൻ നിര്ബന്ധിപ്പിച്ച എന്റെ മനസ്സിനെ ഞാൻ കെട്ടിപിടിച്ചു ഉമ്മ വെച്ചു.പിന്നെ ഞാനും മനസ്സും കൂടി കൈകോർത്തു നടന്ന് പുതിയ ചുരിദാർ ഇട്ട് ചെത്തി നടക്കുന്നതും.. ഷാൾ പുറകിലേക്ക് വി ആകൃതിയിൽ മടക്കി ഇടുന്നതും, അത് ഇഴുകി വീഴുമ്പോൾ പിന്നേം എടുത്ത് പുറകിലോട്ടു ഇടുന്നതുമൊക്കെ സ്വപ്നം കണ്ടു.
ഓരോദിവസവും ചേച്ചിമാർ വീട്ടിൽ നിന്ന് ഷോപ്പിംഗിനു പോകുമ്പോൾ ഞാൻ ചോദിക്കും
" ഇന്നെനിക്കു ചുരിദാർ വേടിക്കോ ?"
"ഇന്നല്ല ..നിനക്ക് വെള്ളിയാഴ്ച വാങ്ങി തരാം. ഞായറാഴ്ച അല്ലെ കല്യാണം "
വേഗം വെള്ളിയാഴ്ചയാകാൻ ഞാൻ കുറെ പ്രാർത്ഥിച്ചെങ്കിലും ഒരു കാര്യോം ഉണ്ടായില്ല ...ആ വെള്ളിയാഴ്ച അതിന്റെ പതിവ് തെറ്റിക്കാതെ വെള്ളിയാഴ്ച തന്നെ വന്നു !.അന്ന് രാവിലെ സ്കൂളിൽ പോകാൻ മടി ....പക്ഷെ അമ്മേടെ കണ്ണുരുട്ടലുകൾക്കു മുൻപിൽ എന്റെ മടി ഓടിയോടി സ്കൂളിൽ പോയി.
കല്യാണത്തിന് ഇടാനുള്ള എന്റെ കോസ്റ്റിയൂം വന്നിട്ടുണ്ടോന്നറിയാൻ സ്കൂളിൽ നിന്നും വാലും കുത്തി ഓടി കിതച്ചു ഞാൻ വീട്ടിലെത്തി.വീട്ടിൽ കല്യാണം കൂടാനായി അമ്മായിമാരും ബന്ധുക്കാരും ഒക്കെ എത്തിയിട്ടുണ്ട്. ആരോ പറഞ്ഞു
"കുട്ടന് പുതിയ ഉടുപ്പ് വാങ്ങാൻ ചേച്ചിമാരൊക്കെ മാളക്ക് പോയിട്ടുണ്ട് "
(പണ്ട് എന്നെ "കുട്ടൻ " എന്നാണ് ചേച്ചിമാരും വീട്ടിൽ ഉള്ളവരുമൊക്കെ വിളിച്ചിരുന്നത് പിന്നീട് വലുതായപ്പോൾ മുട്ടൻ സ്വഭാവം കാരണം ആ വിളി നിലച്ചു പോയി.)
ഞാൻ പറഞ്ഞു .." ഉടുപ്പല്ല...ചുരിദാർ!! "
യൂണിഫോമു പോലും മാറാതെ വീടിന്റെ ഉമ്മറപടിയിൽ ചെന്നിരുന്ന് റോഡിലൂടെ പോകുന്ന വണ്ടികൾ കണ്ണിമക്കാതെ നോക്കിയിരുന്നു.മാളയിൽ നിന്നും വരുന്ന അഞ്ചുമണിയുടെ ഫ്ലവർ ബസ്സാണ് ലക്ഷ്യം. താടിയിൽ കയ്യുന്നി കൺ നിറയെ പ്രതീക്ഷകളുമായി ഫ്ലവറിന്റെ ഹോണടി കേൾക്കാൻ കാതോർത്തിരുന്ന എനിക്ക് കുഞ്ഞമ്മായി ചായയും അടയും കൊണ്ടു തന്നു.അതും തിന്ന് ചായ കുടിച്ച് പകുതി ആയപ്പോഴേക്കും മണ്ടികേറ്റം കയറി വരുന്ന ഫ്ലവറിന്റെ ഹോണടി എന്റെ ചെവികളിൽ വന്നലച്ചു.ഞാൻ ചാടി എണീറ്റ് ഓടി റോഡരികിൽ ചെന്നു നിന്ന് ബസ്സിനുള്ളിലേക്കു സൂക്ഷിച്ചു നോക്കി. ഫ്രണ്ടിലായി മണ്ടിക്കേറ്റത്ത് ഇറങ്ങാൻ വേറെ പലരും തിക്കിതിരക്കി മുൻപോട്ടേക്കു വരുന്നുണ്ടെങ്കിലും ...ഞാൻ പ്രതീക്ഷിച്ച നമ്മടെ ചേച്ചിമാരുടെ പാവാട കളർ ഒന്നും കാണാനില്ലായിരുന്നു...എന്നാലും ബസ്സിൽ നിന്നുമിറങ്ങി വീടിന്റെ മുൻപിൽ കൂടി പോകുന്നവരെ എല്ലാം വീക്ഷിച്ചു നിന്നു... ഇല്ല..ഇനിപ്പോ അഞ്ചരക്ക് മരിയ വരണം... ഞാൻ പിന്നേം വന്നു പടിയിന്മേൽ ഇരുന്നു.
പന്തലിൽ അലങ്കാര പണികൾ നടന്നു കൊണ്ടിരിക്കുകയാണ്..അവർ സ്റ്റേജ് കെട്ടുന്നതും, പന്തലിന്റെ മുകൾ ഭാഗത്ത് വളരെ കഷ്ടപ്പെട്ട് പല നിറത്തിലുള്ള റിബണുകൾ മൊട്ടു സൂചി കൊണ്ടു കുത്തി പല ആകൃതികൾ ഉണ്ടാക്കുന്നതും, പന്തലിന് ചുറ്റും തുണികൾ വലിച്ചു കെട്ടുന്നതുമൊക്കെ നോക്കിയിരുന്നു.
അതിനിടയിൽ വിപിൻ വന്നു കളിയ്ക്കാൻ വിളിച്ചു...ഞാൻ പോയില്ല.
അങ്ങനെയിരിക്കെ മരിയ അലറി വിളിച്ചു കൊണ്ടു മണ്ടികേറ്റം കുതിച്ചു കേറി വന്നു... ഞാൻ പിന്നേം ഓടി റോഡരുകിൽ ചെന്ന് നിന്നു ബസ്സിലേക്കു നോക്കി... കണ്ടു.. മഞ്ഞയിൽ കറുത്ത പുള്ളിയുള്ള പാവാട!.. അതെ.. ലിൻസിടെ പാവാട.എന്റെ കണ്ണുകളിൽ സന്തോഷ പൂത്തിരി കത്തി. ചുണ്ടിൽ ആശ്വാസ ചിരി പടർന്നു.സ്റ്റോപ്പിൽ ഇറങ്ങി ലീനേം ലിൻസിയും (ഞങ്ങൾ മൂത്ത ചേച്ചിയെ മാത്രമേ ചേച്ചി കൂട്ടി വിളിക്കത്തൊള്ളൂ ..ബാക്കി എല്ലാവരെയും പേര് വിളിച്ചാണ് ശീലം..ഒന്നും തോന്നരുത്.) വരുന്നത് വരെ എനിക്ക് ഇരിക്കപൊറുതി ഇല്ലായിരുന്നു.
അവരാണെങ്കിൽ കയ്യിൽ അഞ്ചാറു കവറുകൾ ഉള്ള കാരണം അതൊക്കെ ആട്ടിയാട്ടി മന്ദം മന്ദം ആണ് നടപ്പ്.ഞാൻ ഓടി ചെന്ന് ലീനേടെ കയ്യിൽ തൂങ്ങി ചോദിച്ചു. ഇതിൽ ഏതാ എന്റെ ?അവർ രണ്ടുപേരും പരസ്പരം ഒന്നു നോക്കി എന്നിട്ടു ഒരു കവർ എന്റെ നേരെ നീട്ടി.ഞാൻ അതും കൊണ്ടു ഇറയത്തേക്ക് പടികൾ ഓടി കയറി.
ന്യൂ ഫേബ്രിക്സിന്റെ കവറിൽനിന്നും ബൗൺ നിറത്തിലുള്ള കവർ എടുത്തു മുകൾ ഭാഗം കീറി ....പുതിയ തുണിയുടെ മണം എന്റെ മൂക്കിലേക്കു മന്ദം മന്ദം കയറി...അന്നും ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള മണമാണത്. ഞാൻ പതുക്കെ കൈകൾ ഇട്ട് എന്റെ ചുരിദാർ കുമാരിയെ പുറത്തേക്കു വലിച്ചു. ഇളം പച്ചയും ക്രീമും കലർന്ന എന്തോ ഒന്ന് പുറത്തേക്കു വന്നു .ഞാൻ അത് നിവർത്തി കുടഞ്ഞു എന്റെ മേലോട്ട് വെച്ച് നോക്കി ...അതെന്റെ മുട്ടിനു മീതെയായി നിൽക്കുന്നു .. ങേ !!! ഇത് ചുരിദാർ അല്ലെ?!! ഞാൻ തിരിച്ചും മറിച്ചും നോക്കി ..അല്ല അത് ചുരിദാർ അല്ല മുട്ടിന് മീതെ നിൽക്കുന്ന ഒരു കുട്ടി ഉടുപ്പ് !!! അന്നത്തെ നാലാം ക്ലാസുകാരിയുടെ നാണം മറയ്ക്കാൻ അത് തികയുമായിരുന്നില്ല... എന്റെ കണ്ണിൽ തീ പാറി . നെറ്റി ചുളിച്ച് , കണ്ണുകൾ തുറുപ്പിച്ച്, മൂക്ക് വിറപ്പിച്ച് , ആക്രോശത്തോടെ ഞാൻ അവർക്കു നേരെ ഒന്ന് നോക്കി.
" എനിക്ക് ചുരിദാർ വാങ്ങാൻ പറഞ്ഞിട്ട് !!"
" അതേയ് കുട്ടാ , നിന്റെ പാകത്തിന് ഉള്ള ചുരിദാർ അവിടെ ഉണ്ടായില്ല ...ദേ ഇത് നല്ല ഭംഗി ഉള്ള ഉടുപ്പല്ലേ ? നിനക്ക് നന്നായി ചേരും! ലീന പറഞ്ഞു.
" എനിക്ക് വേണ്ട ഈ കുന്ത്രാണ്ടം! " ഞാൻ കലിപ്പോടെ അത് മുറ്റത്തേക്ക് ഒരൊറ്റ കീറ് വെച്ച് കൊടുത്തു .
മുറ്റത്തു നിന്ന പണിക്കാരും, പുത്തൻ കുപ്പായം കാണാൻ വന്ന ബന്ധുക്കാരും,അത് വാങ്ങി കൊണ്ട് വന്ന ചേച്ചിമാരും ഒരു നിമിഷം സ്തബ്ദ്ധരായി പോയി
" അയ്യോ മോള് എന്തുട്ടാ കാണിച്ചേ " "അവളുടെ ഒരു അഹങ്കാരം കണ്ടില്ലേ" "കിട്ടിയത് ഇട് കൊച്ചെ " ഇമ്മാതിരി ഡയലോഗുകൾ മുറ്റം നിറയെ അലയടിച്ചു
ആ സംഘർഷ അവസ്ഥയിലേക്ക് നമ്മടെ അന്നം ടീച്ചർ കടന്നു വന്നു. സ്കൂളിലെ സകല ടീച്ചർമാരെയും കല്യാണകാര്യം ഓർമ്മ പ്പെടുത്തി ,ഒരാഴ്ചത്തെ ലീവ് ലെറ്റർ കൊടുത്ത് ,അഡ്വാൻസ് ആയി അടുത്ത ആഴ്ചയിലേക്കുള്ള പണികളെല്ലാം തീർത്ത് വെച്ച് വരുന്ന വരവാണ്...മുറ്റത്തു കിടക്കുന്ന ഉടുപ്പും, ചുറ്റുമുള്ളവരുടെ കഷ്ടം വെച്ച നിപ്പും,ഒരു യുദ്ധത്തിനായി കോപ്പു കൂട്ടി നിൽക്കുന്ന എന്റെ ഭാവവും കണ്ടപ്പോൾ അമ്മക്ക് ഏതാണ്ടൊക്കെ പിടി കിട്ടി .'അമ്മ എനിക്ക് മുഖം തരാതെ ചേച്ചിമാരോട് ചോദിച്ചു
"എന്തെ?"
"ചുരിദാർ ഞങ്ങൾ കേറിയ കടയിൽ നോക്കി ..കിട്ടിയില്ല!"
നോട്ട് ദി പോയിന്റ് " ഞങ്ങൾ കേറിയ കടയിൽ "!! അതിനർത്ഥം അവർ വേറെ കടയിൽ അന്വേഷിച്ചിട്ടില്ല എന്നല്ലേ!! ? പട്ടി ചന്തക്കു പോയത് പോലെ കിട്ടിയതും കൊണ്ട് കേറി വന്നിരിക്കുന്നു ദുഷ്ട്ടകൾ!! .നിങ്ങൾ അവഗണിച്ചത് എന്നെ മാത്രമല്ല.. ...നിങ്ങളുടെ കുഞ്ഞനുജത്തി അഞ്ചാറുമാസമായി മനസ്സിൽ നട്ട് വളർത്തി താലോലിച്ച് അവളുടെ നിഴൽ പോലെ കൊണ്ട് നടന്ന ആ സുന്ദര സ്വപ്നത്തെ കൂടിയാണ്!.വഞ്ചകികളെ നിങ്ങള്ക്ക് മാപ്പില്ല ....!!
കലി പൂണ്ട ഞാൻ എന്റെ വലതുകാൽ പൊക്കി നിലത്തു ആഞ്ഞു ചവിട്ടികൊണ്ടു പറഞ്ഞു.. "എനിക്ക് ചുരിദാർ മതി ....വാങ്ങി തന്നില്ലെങ്കിൽ ഞാൻ ചത്തു കളയും!."
എന്നിട്ടു ചായ്പ്പിലേക്ക് ഓരോട്ടം വെച്ചു കൊടുത്തു.കട്ടിലിൽ കയറി കിടന്ന് എങ്ങിയടിച്ചു കരഞ്ഞു.കരയുന്ന നേരത്തെങ്ങാനും എന്നെ ആശ്വസിപ്പിക്കാൻ ആരെങ്കിലും വന്നാൽ അവരെ ഞാൻ കടിച്ചു കീറി കലിപ്പ് തീർക്കും എന്ന മുൻപരിചയം ഉള്ളത് കൊണ്ടാകണം എന്നെ ആശ്വസിപ്പിക്കാൻ ആരും ധൈര്യം കാണിച്ചില്ല.പക്ഷെ ആരൊക്കെയോ ചായ്പ് വരെ വന്നു എത്തി നോക്കി തിരികെ പോകുന്ന കാൽ പെരുമാറ്റങ്ങൾ ഞാൻ ഇടക്കിടക്ക് കേട്ടു കൊണ്ടിരുന്നു. കരഞ്ഞു കരഞ്ഞു ഉറങ്ങിപോയത് ഞാൻ അറിഞ്ഞില്ല ...വിശപ്പിന്റെ വിളി കേട്ടു ഞാൻ ഉണർന്ന പ്പോഴേക്കും രാത്രി ഏതാണ്ട് 8 മണിയായി.എണീറ്റു ചെന്നപ്പോൾ എല്ലാവരും പ്രാർത്ഥന ഒക്കെ ചെല്ലി ചോറ് ഉണ്ണാനുള്ള തയ്യാറെടുപ്പിലാണ്.
ആരോട് പിണങ്ങിയാലും ഭക്ഷണത്തോട് ....ങ്ഹും....ഞാൻ പിണക്കം കാണിക്കാറില്ല ...മുഖത്തെ ദേഷ്യഭാവം ഒട്ടും കുറക്കാതെ തന്നെ കിട്ടിയതൊക്കെ ഞാൻ തട്ടിവിട്ടു. വായും മുഖവും കഴുകി മുറ്റത്തോട്ടു ചെന്നപ്പോൾ അപ്പനവിടെ നിൽക്കുന്നു.
"അപ്പാ.. അപ്പൻ വല്ലതും അറിഞ്ഞാ?"
"ഉം..നിനക്ക് ഉടുപ്പ് ഇഷ്ട്ടയില്ലെങ്കിൽ നാളെ ചുരിദാർ വാങ്ങാം ഇപ്പോൾ മോള് പോയി കിടന്നോ."
എന്റെ ഏറ്റി പിടിച്ച മുഖത്ത് ചാറ്റൽ മഴ വീശിയ പോലെ ഒരു കുളിർമ പടർന്നു.അപ്പന്റെ വാഗ്ദാനത്തിൽ അടിയുറച്ചു വിശ്വസിച്ച് സമാധാനത്തോടെ ഞാൻ പോയുറങ്ങി.
ഞാൻ ശല്യമാവും എന്നു ഓർത്തിട്ടാണോ എന്തോ എന്നെ ആരും വിളിച്ചില്ല... എണീറ്റപ്പോൾ പത്തുമണി!.പല്ലും തേച്ചു വല്ലോം കഴിച്ചിട്ട് വേണം ചുരിദാർ വാങ്ങാൻ പോകാൻ..വേഗം ഞാൻ എന്റെ കാര്യങ്ങൾ ഒക്കെ ചെയ്ത് നല്ല കുട്ടിയായി. അപ്പോഴേക്കും വീട് ആൾക്കാരെ കൊണ്ടു നിറഞ്ഞു. കല്യാണത്തിന്റെ ചരക്ക് കാണാൻ ആൾക്കാർ വന്നും പോയും കൊണ്ടിരുന്നു.പണിക്കാരുടെ അടുത്തു എന്തൊക്കെയോ പറഞ്ഞു കൊണ്ട് നിൽക്കുന്ന അപ്പന്റെ അടുത്തു ചെന്നു ഞാൻ കിണുങ്ങി..
"അപ്പന് ഇന്ന് ഇവിടുന്ന് മാറാൻ പറ്റില്ല...അമ്മേടെ അടുത്തു പറ"
ങേ!! .... അപ്പോൾ അപ്പന്റെ വാഗ്ദാനം !! എന്റെ ഹൃദയത്തിൽ ഒരു ഇടി വാൾ മിന്നി...അതിന്റെ മുഴക്കത്തിലും മിന്നലിലും ഞാൻ ഓടി അമ്മേടെ അടുത്തു ചെന്നു... സ്കൂളിൽനിന്നും കുറെ ടീച്ചർമാർ വന്നിട്ടുണ്ട്. 'അമ്മ മുറിക്കകത്ത് ആരോടൊക്കെയോ വിശേഷം പറഞ്ഞു നിക്കാ.അമ്മേനെ ഞാൻപതുക്കെ ഞൊണ്ടി.
"എപ്പോഴാ ചുരിദാർ വാങ്ങാൻ പോകാ? "
"ഇനിപ്പോ എവിടുന്നാ സമയം ? മോള് ആ ഉടുപ്പിട്ടാൽ മതി.കല്യാണം കഴിയുമ്പോൾ നമുക്ക് ഒരുമിച്ചു പോയി വാങ്ങാം." 'അമ്മ ഇച്ചിരി ദേഷ്യത്തോടെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
എന്റെ കണ്ണിൽ നിന്നും തീ പാറി.. ആ തീയുടെ ചൂടേറ്റ് കണ്ണിൽ നിന്നും വീണ രണ്ടു തുള്ളി കണ്ണു നീർ വിറക്കുന്ന മൂക്കിൽ തട്ടി വിതുമ്പുന്ന ചുണ്ടിൽ വന്നു പടർന്നു.അതിന്റെ ഉപ്പുരസം എന്റെ നാവിൽ പടർന്ന നിമിഷം എന്റെ തൊണ്ടയിൽ നിന്നും ഒരു ഗർജനം പുറത്തേക്കു പ്രവഹിച്ചു...അതിനൊപ്പം എന്റെ കൈകൾ ആരോ കുടിച്ചുവെച്ച ഗ്ലാസ് എടുത്ത് ഒരേറ് എറിഞ്ഞു... അത് ചുമരിൽ തട്ടി അമിട്ട് പൊട്ടും പോലെ പൊട്ടി ചിതറി...ആഹാ!..മുറിയാകെ ചില്ല് തരികൾ എന്റെ തകർന്ന സ്വപ്നങ്ങളെ പോലെ തളർന്നു കിടന്നു.
ടീച്ചർമാരെല്ലാം ചാടി എണീറ്റു.
"ഒരു ചൂരൽ ഇങ്ങട് എടുത്തേൻ" "ഒരടി വെച്ചു തന്നാൽ ഉണ്ടല്ലോ !" "ഇവൾക്ക് ഇത്ര കുറുമ്പോ?" "അവളെകൊണ്ടു തന്നെ അത് വാരിക്ക് ടീച്ചറെ" തുടങ്ങിയ ആക്രോശങ്ങൾ അവിടെ മുഴങ്ങി.
അമ്മയുടെന്നു അടി ഉറപ്പായതോടെ ഞാൻ വീണ്ടും അപ്പന്റെ അടുത്തേക്ക് ഓടി.പറമ്പിലും വീടിനു ചുറ്റിലുമായി ഓടി നടക്കണ അപ്പനെ അന്വേഷിച്ച് അന്വേഷിച്ച് അവസാനം പന്തലിന്റെ മൂലക്കു അപ്പന്റെ കണ്ണൂരിൽ നിന്നും വന്ന കൂട്ടുകാരുമായി വർത്താനം പറഞ്ഞു നിൽക്കണ കണ്ടു. അതിനിടയിൽ ആരൊക്കെയോ അകത്തു നടന്ന സംഭവങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് അപ്പന് പറഞ്ഞു കൊടുത്തിട്ടുണ്ടായി .എന്നെ കണ്ടപ്പോൾ അപ്പൻ രംഗം ശാന്തമാക്കാനോ എന്തോ അടുത്തുള്ള കസേര വലിച്ചിട്ടു അതിലിരുന്ന് എന്നെ അപ്പന്റെ മടിയിൽ ഇരുത്തി.
"മോള് ഒന്നടങ്..ഇന്ന് നേരം ഇല്ലാത്ത കാരണം അല്ലെ മോൾക്ക് എത്ര ചുരിദാർ വേണ മെങ്കിലും അപ്പൻ പിന്നെ വാങ്ങി തരാം"
അതു കേട്ട വഴി ഞാൻ ഒന്ന് മുരണ്ടു കൊണ്ട് അപ്പന്റെ പിടി വിട്ട് ഓടാൻ പോയപ്പോളേക്കും അപ്പൻ പിടി മുറുക്കി.. ഞാൻ ഊർന്നിറങ്ങി കുതറിയപ്പോൾ അപ്പൻ കുനിഞ്ഞു അതു തടയാൻ ശ്രമിച്ചു .എന്റെ കൈ അപ്പന്റെ കറുത്ത ഫ്രെയ്മുള്ള കണ്ണടയിൽ ഉടക്കി ...ഞാൻ അതു പറിച്ചെറിഞ്ഞു ഓടി...
"നോക്കിക്കോ ഞാൻ ചത്തു കളയും!.."
എന്റെ ഭീഷണി കേട്ട് അവിടെ ഉണ്ടായിരുന്നവർ മൂക്ക്ത്തു വിരൽ വെച്ചു. അതിൽ ഏറ്റവും കൂടുതൽ വെച്ചത് എന്റെ നാലുകെട്ടിലെ വെല്യമ്മേടെ മോൻ ..ജോയ് ചേട്ടൻ ആയിരുന്നു.ജോയ് ചേട്ടൻ എന്റെ പിന്നാലെ ഓടി വന്നു എന്നെ വട്ടം പിടിച്ചു നിർത്തി.
"നീ ചത്താ പിന്നെ എനിക്കാരെഡി ഉള്ളെ??. ഇവിടെ വരുമ്പോ എന്റെ ആനപുറത്തു കേറാൻ ഉള്ള ആന പാപ്പാൻ അല്ലെ നീ. നിനക്കു ചുരിദാർ അല്ല..വേണേൽ സാരി വരെ ഞാൻ വാങ്ങി തരാം.. നീ വേഗം ഒരുങ്ങിക്കേ.."
ഞാൻ ജോയ് ചേട്ടന്റെ കണ്ണിൽ നോക്കി ...വിശ്വസിക്കാമോ എന്ന മട്ടിൽ ..
"നീ വേഗം വാ അടുത്ത ബസിന് നമുക്ക് മാളക്ക് പോകാം."
എന്നിൽ നിന്നും ഒരു ദീർഘ നിശ്വാസം പുറത്തേക്കു വമിച്ചു.
അങ്ങനെ കടുത്ത മാനസികസംഘർഷത്തിൽ നിന്നും ജോയ് ചേട്ടൻ എന്നെ മാള എന്ന സ്വർഗ്ഗത്തിലേക്ക് കൂടി കൊണ്ടു പോയി.
ഒരു കടയിൽ കേറി ചുരിദാർ എന്നു ചോദിച്ച വഴി ..ഇല്ലാന്ന് പറഞ്ഞു..മുഖം വളിഞ്ഞു പോയ എന്റെ കൈ പിടിച്ചു ചേട്ടൻ അടുത്ത കട ലക്ഷ്യമാക്കി നടന്നു..അവിടുത്തെ സെയിൽസ്മാൻ വേഗം സ്റ്റോർ റൂമിൽ പോയി രണ്ടെണ്ണം എന്റെ പാകത്തിന് എടുത്തു കൊണ്ട് വന്നു.അതിൽ ഒരെണ്ണം കണ്ടപ്പോൾ എന്റെ കണ്ണും മനസ്സും നിറഞ്ഞു..മറൂണ് കളറിൽ വെള്ള പൂ ഒക്കെ വെച്ച് എന്റെ സ്വപ്നത്തിലെ ഷാൾ ഒക്കെ ആയി ഒരു അത്യുഗ്രൻ ചുരിദാർ!!.
"ഇത് മതിയോ ? "ജോയ് ചേട്ടൻ ചോദിച്ചു..
ഞാൻ എന്റെ കണ്ണിൽ പൂത്തിരി കത്തിച്ച് നാണം നിറഞ്ഞ പുഞ്ചിരിയോടെ തലയാട്ടി പറഞ്ഞു .."മതി !."
അങ്ങനെ പിറ്റേന്ന് എന്റെ സ്വപ്ന സുന്ദരിയെ എന്റെ മേലണിഞ് ഞാൻ അതി സുന്ദരി ആയി ഗമയിൽ അങ്ങനെ ചെത്തിയടിച്ച് ചേച്ചീടെ കല്യാണം കൂടി.
അന്നത്തോടെ വാശി കുടുക്ക എന്ന പേര് എനിക്ക് വീണെങ്കിലും..എന്റെ ജീവിതത്തിലോട്ടു ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ നേടിയെടുത്ത ആശകൾക്കൊക്കെ എന്തെങ്കിലും ഒരു വാശിയുടെ കഥ പറയാൻ ഉണ്ടാകും...
ഇനി ഒന്നു കൂടി തിരിഞ്ഞു നോക്കിയാൽ ..വാശി പിടിക്കാത്ത ആശകൾ ഇപ്പോഴും അപ്പൂപ്പൻ താടി പോലെ ..ഒരു ലക്ഷ്യവും ഇല്ലാതെ പറന്നു നടക്കുകയാണ്..."ഒന്നു വാശി പിടിക്കുന്നെ"... എന്നും പറഞ്ഞ്!.
അല്ലെങ്കിലും വാശിയുള്ള മനസ്സിലേ ആശകൾ പൂവണിയുകയുള്ളൂ അല്ലേ?
Lipi

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക