Slider

എന്തൊക്കയോ നഷ്ടപ്പെട്ടവൻ (കഥ)

0
എന്തൊക്കയോ നഷ്ടപ്പെട്ടവൻ (കഥ)
***************************************
ആ വൈകുന്നേരം അയാൾ ഓഫീസിൽ നിന്നുമിറങ്ങുമ്പോൾ എന്നത്തേയും പോലെ മുഖത്ത്‌ ജോലി ഭാരത്തിന്റെ ക്ഷീണമല്ലായിരുന്നു. മറിച്ച് സന്തോഷത്തിന്റെ പ്രസന്ന ഭാവമായിരുന്നു.പക്ഷേ വിശപ്പെന്ന മൃഗം അയാളുടെ വയറിനുള്ളിൽ സംഹാരതാണ്ഡവം നടത്തുന്നുണ്ടായിരുന്നു. എന്നിരുന്നാലും അയാളെ സംബന്ധിച്ചു ഇന്ന് നല്ലൊരു ദിവസമായിരുന്നു. ലക്ഷങ്ങളുടെ പുതിയൊരു പ്രൊജക്റ്റാണ് കൈയിൽ വന്നിരിക്കുന്നത്. ഒന്നും ആലോചിക്കാതെ ആഹാരം പോലും ഉപേക്ഷിച്ചായിരുന്നു ആ പ്രൊജക്റ്റിനു വേണ്ടി കഴിഞ്ഞ കുറെ മണിക്കൂറുകളായി പടവെട്ടിയത്.അങ്ങനെ സന്തോഷം അയാളുടെ മനസ്സിനെയും,ശരീരത്തെയും കുളിർമ്മപെടുത്തുമ്പോഴും,വിശപ്പ് അയാളെ തളർച്ചയിലേക്ക് നയിച്ചുകൊണ്ടുമിരുന്നു. വേഗം തന്നെ ബൈക്കും സ്റ്റാർട്ട്‌ ചെയ്ത് അയാൾ റോഡിലേക്ക് കടന്നു.അടുത്തു കണ്ട ചെറിയ ഹോട്ടലിലേക്കുള്ള റോഡ് സൈഡിൽ ബൈക്ക് നിർത്തി.
അയാൾ ഹോട്ടലിലേക്ക് നടന്നു. പോകുന്ന വഴിയിൽ നന്നേ ക്ഷീണിതനായി ഒരു പത്തു വയസ്സുകാരൻ നിൽക്കുന്നുണ്ടായിരുന്നു .കഴിഞ്ഞു പോയ ഉച്ചവെയിലും, അടങ്ങാത്ത വിശപ്പുമായിരിക്കണും പത്തുവയസ്സുകാരനെ നന്നേ തളർത്തിയിരിക്കുന്നു. അയാളുടെ വരവു കണ്ട അവൻ ദയനീയതയോടെയും, എന്നാൽ ഏറെ പ്രതീക്ഷയോടെയും അയാളുടെ മുഖത്തേക്കൊന്ന് പാളിനോക്കി. അയാളുടെ കണ്ണുകളും അവന്റെ മുഖത്തേക്ക് പതിഞ്ഞെങ്കിലും പക്ഷേ ആ മുഖത്തെ ദയനീയത അയാൾക്ക്‌ കാണുവാൻ കഴിഞ്ഞില്ല.വേഗം തന്നെ കണ്ണുകൾ പിൻവലിച്ചുകൊണ്ട് അയാൾ ഹോട്ടലിനകം ലക്ഷ്യമാക്കി നടന്നു പോയി .ആ പത്തുവയസ്സുകാരനും അയാൾക്ക്‌ പുറകെ മൂന്ന് നാല് സ്റ്റെപ്പ് മുന്നോട്ട് വച്ചെങ്കിലും പെട്ടന്ന് എന്തോ ഓർമ്മിച്ചപോലെ അവൻ അവിടെ തരിച്ചു നിന്നു.എന്നിട്ട് നോട്ടം ഹോട്ടലിനുള്ളിലേക്ക് നീട്ടി.
കൈ കഴുകി വന്നിരുന്ന അയാളുടെ ടേബിളിനു മുന്നിലേക്ക് ഒരു പ്ലേറ്റ് ബിരിയാണി സപ്ലയർ കൊണ്ടുവന്നുവെച്ചു. അയാളത് നല്ല വിശപ്പ്കാരണം വളരെ വേഗത്തിൽ തന്നെ വാരികഴിച്ചുതുടങ്ങി. ഇടക്കെപ്പോഴോ നോട്ടം പുറത്തേക്കു നീങ്ങിയപ്പോൾ അയാൾ കണ്ടു ആ പത്തുവയസ്സുകാരൻ താൻ കഴിക്കുന്നതും നോക്കി നിൽക്കുന്നു. അവന്റെ നോട്ടം അയാൾക്ക് അരോചകമായി തോന്നി. ഉടനെ ടേബിളിന്റെ അങ്ങേയറ്റത്തേക്ക് അയാൾ നീങ്ങിയിരുന്നു.ഇപ്പോൾ ഭിത്തി അയാളും, അവനും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഒരു മറ തീർത്തിരുന്നു.സംതൃപ്തിയോടെ ആഹാരം കഴിച്ചു കഴിഞ്ഞ അയാൾ കൈയും,വായും കഴുകി ബില്ല് കൊടുക്കുവാനായി ചെന്നപ്പോഴേക്കും പറഞ്ഞിരുന്നു രണ്ടു ബിരിയാണി പാഴ്‌സലാക്കി അവിടെ വച്ചിരുന്നു. ബില്ലും കൊടുത്ത് പാഴ്‌സലും കൈയിൽ തൂക്കി അയാൾ പുറത്തേക്കിറങ്ങി. ആ പത്തുവയസ്സുകാരൻ ഹോട്ടലിനുള്ളിലേക്ക് നോക്കി അവിടെ തന്നെ നില്പുണ്ടായിരുന്നു. അയാളുടെ കൈയിലെ പാഴ്‌സൽ കണ്ട് അവന്റെ മുഖം പ്രതേകരീതിയിൽവിടർന്നു. കണ്ണുകൾ കൊതിയോടെ പാഴ്‌സലിലേക്ക് പതിഞ്ഞു.വളരെ പ്രതീക്ഷയോടെ നോക്കി നിന്ന അവനെയും കടന്ന് അയാൾ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് ഓടിച്ചു പോയി... .
വീടിന്റെ മുറ്റത്ത്‌ ഒരു സൈഡിൽ ആയി ബൈക്ക് ഒതുക്കി വച്ചിട്ട് അയാൾ വീട്ടിനുള്ളിലേക്ക് കടന്നു. ബൈക്കിന്റെ ശബ്ദം കേട്ടാകണും അയാളുടെ 8വയസ്സുകാരിയായ മകൾ മുറിയിൽ നിന്നും ചെറിയൊരു പുഞ്ചിരിയോടുകൂടി പുറത്തേക്ക് വന്നു. അതീവ സന്തോഷത്തോടെ അയാൾ ആ പാഴ്‌സൽ കുഞ്ഞിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു.....
"ഇതാ മോളെ നീ രാവിലെ പറഞ്ഞില്ലേ ബിരിയാണി വേണുമെന്ന്... "
ആ കുഞ്ഞിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു... "അമ്മേ ദാ അച്ഛൻ ബിരിയാണി കൊണ്ട് വന്നിരിക്കുന്നു." അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
അയാൾ സോഫയിലേക്ക് ഇരുന്നു. അപ്പോൾ അവൾ മനോഹരമായ ഒരു പേന അയാളുടെ നേരെ നീട്ടികൊണ്ട് പറഞ്ഞു.... "അച്ഛാ! ഇത് നോക്കിയെ ഇന്ന് ടീച്ചർ എനിക്ക് സമ്മാനമായി തന്നതാ.."
"ആഹാ!! കൊള്ളാമല്ലോ... എന്തിനായിരുന്നു മോൾക്കിന്ന് സമ്മാനം കിട്ടിയത്"... കുഞ്ഞിനെ അടുത്തേക്ക് പിടിച്ചിരുത്തികൊണ്ട് അയാൾ ചോദിച്ചു..
"അതേ അച്ഛാ ഇന്ന് സ്കൂളിലേക്ക് പോകുന്ന വഴിയിലെ ഒരു പാവം സ്ത്രീയെ കണ്ടു. അവരുടെയടുത്ത് ഒരു കുട്ടിയും കരഞ്ഞു കൊണ്ട് ഇരിപ്പുണ്ടായിരുന്നു.".. അയാളുടെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു..
"അതിന് !!എന്ത്‌ സംഭവിച്ചു?" അയാൾ ആശ്ചര്യത്തോടെ ചോദിച്ചു...
"ഞാനെ അവരോടു ചോദിച്ചു എന്തിനാ കുഞ്ഞുവാവ കരയുന്നതെന്ന്.... അപ്പൊ അ സ്ത്രീ പറഞ്ഞു വിശന്നിട്ടാന്ന്.. എനിക്ക് സങ്കടം വന്നു ഞാൻ എന്റെ ടിഫിൻബോക്സെടുത്ത് അവർക്ക് നേരെ നീട്ടി..അപ്പോഴേ അത് കണ്ട് ടീച്ചർ അവിടേക്ക് വന്ന് കാര്യം തിരക്കിയിട്ട് എന്റെ ടിഫിൻബോക്സ്‌ തിരികെ ബാഗിലേക്ക് വയ്പ്പിച്ചു.എന്നിട്ട് ടീച്ചർ അവർക്ക് ആഹാരത്തിനുള്ള പൈസ കൊടുത്തു... എന്റെ നല്ല മനസ്സിന് ഒരു ചെറിയ സമ്മാനം എന്നും പറഞ്ഞുകൊണ്ട് ഈ പേന എനിക്കും തന്നു"..... അവൾ പുഞ്ചിരിച്ചു കൊണ്ട് അയാളുടെ മുഖത്തിനു നേരെ പേന ഉയർത്തികൊണ്ട് പറഞ്ഞു..
പെട്ടന്ന് അയാളുടെ മുഖമൊന്ന് വിളറി... ഹോട്ടലിനടുത്ത കണ്ട പത്തുവയസ്സുകാരനിലേക്ക് അയാളുടെ ചിന്ത പാഞ്ഞു. വിശപ്പ് സഹിക്കാൻ കഴിയാതെ ആയിരിക്കില്ലേ ഒരു പക്ഷേ അവൻ തന്നെ നോക്കിയത്. ഒരു എട്ട് വയസ്സുകാരിയുടെ ചിന്ത പോലും തന്റെ മനസ്സിലേക്ക് ആ സമയത്ത് കടന്ന് വന്നില്ലല്ലോ. സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന താൻ എന്തൊരു സ്വാർത്ഥനാണ് . കുറ്റബോധം അയാളുടെയുള്ളിൽ കടലുപോലെ ഇരമ്പി. വേഗം തന്നെ അയാൾ മോളെ മടിയിൽ നിന്നും മാറ്റിയിരുത്തിയിട്ട് സോഫയിൽ നിന്നും എഴുന്നേറ്റു. "ഞാൻ ഇപ്പൊ വരാം".. എന്ന് ഭാര്യ കേൾക്കേ വിളിച്ചു പറഞ്ഞിട്ട് അയാൾ പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.
അയാൾ വേഗം തന്നെ ഹോട്ടലിന്റെ അടുത്തെത്തി.കണ്ണുകൾ കൊണ്ട് ആ പത്തുവയസുകാരനെ അയാൾ അവിടെയൊക്കെ തിരഞ്ഞു. പെട്ടന്ന് അയാളുടെ കണ്ണുകളിൽ കുറച്ചപ്പുറത്തായി അവൻ ഇരിക്കുന്നത് കണ്ടു. പക്ഷേ അവനടുത്തായി വേറൊരാളും കൂടി ഇരുപ്പുണ്ടായിരുന്നു. അയാൾ ആ ആളെ സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി. തന്റെ ഓഫീസിനു മുന്നിലൊക്കെ സ്ഥിരമായി വന്ന് തെണ്ടാറുള്ള, അല്പം മാനസികരോഗിയായ ആളാണതെന്ന്. പക്ഷേ ആ മാനസികരോഗി അപ്പോൾ ആ കുട്ടിയോട് ചെയ്യുന്ന കാഴ്ച്ച അയാളെ തളർത്തി കളഞ്ഞു. മാനസികരോഗിക്ക് എവിടെ നിന്നോ തെണ്ടികിട്ടിയ ഭക്ഷണത്തിന്റെ ഒരു പങ്ക് ആ പത്തുവയസ്സുകാരന് വീതിച്ചു നൽകുന്നു. ആ കാഴ്ചക്കണ്ട അയാൾക്ക് അയാളുടെ ഉള്ളിൽ നിന്നും എന്തൊക്കയോ നഷ്ടപെടുന്നതുപോലെ തോന്നി....
ഡിനുരാജ് വാമനപുരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo