ചേതനയറ്റ ശരീരങ്ങൾ...............കഥ (A Story by Shaju Vijayan)
**********************************************
**********************************************
പോലീസ് കസ്റ്റഡിയിൽ വച്ച് ഒരു പക്ഷെ സമാധാനമുണ്ടായിരുന്നു. പോലീസുകാരുടെ അടിയും , ഇടിയും , രോമം പറിക്കലും , സുഷിരങ്ങളിലൂടെയുള്ള ഈർക്കിൽ കയറ്റവും, ലാത്തി കയറ്റവും ഒക്കെ ഏറ്റാൽ മതിയായിരുന്നു. സബ് ഇൻസ്പെക്ടറും കുറെ കോൺസ്റ്റബിൾ മാരും മുഖത്ത് കാർക്കിച്ചു തുപ്പിയപ്പോഴും തറയിൽ തുപ്പി അത് നക്കി തുടപ്പിച്ചപ്പോഴും ഇത്രയേ ഉള്ളോ മൂന്നാം മുറ എന്നു തോന്നി ആശ്വസിച്ചു. തെറ്റുകൾ ആദ്യമേ തന്നെ ഏറ്റു പറഞ്ഞെങ്കിലും മർദ്ദന മുറകൾ എല്ലാം തുടർന്നു. പോലീസ് കസ്റ്റഡിയുടെ ഒരാഴ്ച കഴിഞ്ഞെങ്കിലും പിന്നെയും പത്തു ദിവസം കൂടി കസ്റ്റഡിയിൽ വെയ്ക്കാൻ പൊലീസുകാർ അനുമതി തേടുകയും അത് കോടതി അഗീകരിക്കുകയും ചെയ്തു .തന്നെ കോടതിയിലേക്ക് കൊണ്ടു പോകുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും കോടതി വളപ്പിൽ നിന്ന ജനാവലി ബഹളം ഉണ്ടാക്കുകയും പോലീസ് വലയം ഭേദിച്ചു തന്നെ ആക്രമിക്കുവാൻ ശ്രമം നടത്തുകയും ചെയ്തു. അതിൽ ഒരുവൻ കത്തി കൊണ്ടു വീശിയെങ്കിലും പോലീസ് തടഞ്ഞത് കാരണം മുഖത്തു ചെറിയ മുറിവ് മാത്രം ഉണ്ടാക്കുകയും ചെയ്തു. ജനാവലിക്കിടയിൽ നിന്ന് സ്വന്തം ഭാര്യ കാർക്കിച്ചു തുപ്പികയും
" ഈ കാലനെ ഇഞ്ചിഞ്ചായി വെട്ടി നുറുക്കി കൊല്ലണം" എന്ന് അലച്ചു വിളിച്ചു പറയുകയും ചെയ്തപ്പോൾ മനസ്സിലായി ഭാര്യക്ക് തന്നോട് യാതൊരു സഹതാപവും ഇല്ലെന്ന്. തന്റെ വക്കീലിനൊപ്പം ലോക്കപ്പിൽ കാണാൻ വന്ന അമ്മയുടെയും , അമ്മാവന്റെയും മുഖത്തും യാതൊരു സഹതാപവും കണ്ടില്ല. മറിച്ച്
"ഈ മഹാപാപിയെ ആണല്ലോ ഞാൻ പത്തുമാസം വയറ്റിൽ കൊണ്ടുനടന്നത്.!!!!"
എന്ന് വിലപിക്കുകയും ചെയ്തു. നീതി പീഠത്തിൽ ഇരുന്ന വനിതാ ജഡ്ജിയുടെ അറപ്പോടെയും വെറുപ്പോടെയും ഉള്ള നോട്ടം കണ്ടാൽ തോന്നുമായിരുന്നു ഈ ലോകത്തെ ഏറ്റവും നികൃഷ്ടനായ മനുഷ്യൻ താനാണെന്ന്. എന്നാലും ഒരു കുറ്റബോധവും തോന്നിയില്ല മറിച്ച് തന്റെ ശരീരം മർദ്ദനങ്ങളാൽ അനുഭവിക്കുന്ന വേദന മാത്രം ആരോചകമായി തോന്നി. മാനസികമായ ഒരു വേദനയും തോന്നിയില്ല , വെറുമൊരു മൃഗത്തെ പോലെ. താൻ ഒരു മനുഷ്യ മൃഗമാണെന്നോർത്ത് അഭിമാനിക്കാൻ പ്രേരിപ്പിക്കുന്നു വികലമായ തന്റെ മനസ്സ്. കൂടുതൽ പോലീസുകാരുടെ വലയത്തിൽ വീണ്ടും വാഹനത്തിൽ കയറ്റിയപ്പോൾ അക്രമാസക്തരായ ജനം കല്ലെറിയുന്നുണ്ടായിരുന്നു. ഒരു കല്ലു കൂടെയുണ്ടായിരുന്ന ഒരു പോലീസ് കാരന്റെ തലയിൽ കൊണ്ടു. ആ വാശി തീർക്കാൻ അയാൾ കാൽ മുട്ടുകൊണ്ടു തന്റെ നാഭി നോക്കി തന്ന തൊഴി വൃഷ്ണങ്ങളെ കലക്കി. ബോധരഹിതനായ തന്നെ തൂക്കിയെടുത് ലോക്കപ്പിലേയ്ക്കിട്ടു. അന്ന് വൈകിട്ട് മൂന്ന് ഗുണ്ടകൾ പോലീസിനോട് കളിച്ചുചിരിച്ചു ലോക്കപ്പിലേയ്ക്കു വന്നു. അവർ തന്നെ തലോടി. എത്ര നല്ലവൻ, പഞ്ചാരക്കുട്ടൻ , ചക്കര കുട്ടൻ എന്നൊക്കെ അഭിസംബോധന ചെയ്തു. അവരിൽ ഒരുവൻ "നിന്റെ വജ്രായുധം ഒന്നു കാണട്ടെ " എന്നു പറഞ്ഞുകൊണ്ട് തന്റെ ജനനേന്ദ്രിയം പുറത്തെടുത്തു. രണ്ടു ഗുണ്ടകൾ പുറകിൽ നിന്നു കൈ കാലുകൾ പിടിച്ചു. ഒന്നാമൻ പോക്കറ്റിൽ നിന്നും ഒരു പോളിത്തീനിൽ നിറച്ച കാന്താരി മുളകരച്ചതെടുത്തു. മുളകിന്റെ ഗന്ധം ഇരച്ചുകയറി നാസികാചർമ്മത്തിൽ നീറ്റലുണ്ടാക്കി. ശരീരത്തിലെ മൃതു ചർമ്മങ്ങളിലും , മുറിവുകളിലും, കണ്ണിലും കാന്താരി പുരട്ടി. ഒഴിഞ്ഞ ഒരു ടൂത്ത്പേസ്റ്റിന്റെ കുഴലിൽ നിറച്ച കാന്താരി അരച്ചത് മല മൂത്ര ദ്വാരങ്ങളിലൂടെ ഞെക്കി കയറ്റി. അങ്ങനെ പലതും സഹിച്ച് എങ്ങനെയങ്കിലും ഈ പോലീസ് കസ്റ്റഡി ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് അറിയാവുന്ന ദൈവങ്ങളെ ഒക്കെ തെറി വിളിച്ച് പറയുകയും, ആ ദൈവങ്ങൾ ഒക്കെയും മുടിഞ്ഞു പോകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. ദൈവങ്ങൾ ദുഷ്ടന്മാരോട് അനീതി കാട്ടുകയാണെന്നും താൻ പരലോകത്തെത്തുമ്പോൾ ഏതെങ്കിലും ദൈവത്തെ കണ്ടാൽ കാന്താരി മുളക് തേയ്ക്കുമെന്നും ശപഥം ചെയ്തു.
പോലീസ് കസ്റ്റഡി കഴിഞ്ഞു. അതീവ സുരക്ഷയിൽ കവചിത വാഹനത്തിൽ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. തന്നെ കൊണ്ടുപോകുന്നത് മണത്തറിഞ്ഞ ജനങ്ങൾ പലയിടത്തും വണ്ടി തടഞ്ഞു. അവർ അക്രമാസക്തരായി. പോലീസ് നന്നേ പണിപ്പെട്ട് ജില്ലാ ജയിലിൽ എത്തിച്ചു. അവിടെ തന്നെ എതിരേൽക്കാൻ ജയിലിലെ പോലീസിനെ കൂടാതെ ഒരുകൂട്ടം ജയിൽ പുള്ളികളും ഒത്തുകൂടി. ചിലർ തെറി വിളിച്ചു. മറ്റുചിലർ തലമുടി പിടിച്ചു വലിക്കുകയും, അടിക്കുകയും ,തൊഴിക്കുകയും ഒക്കെ ചെയ്തു. കൂടെ വന്ന ഒരു പോലീസുകാരൻ,
"ഞാനും ഒരു മുൻ മിലിറ്ററിക്കാരനാണ്. മിലിറ്ററിക്കാർക്കും പോലീസുകാർക്കും പേരുദോഷം വരുത്താൻ നിന്നെ പോലെ കുറെ ജന്മങ്ങൾ. എക്‌സ് മിലിറ്ററി പോലും. ധൂ................" മുഖത്തേക്ക് കാർക്കിച്ചു തുപ്പി. കണ്ടു നിന്ന പൊലീസുകാർ ഒക്കെ തന്റെ നേരെ കാർക്കിച്ചു തുപ്പി. കണ്ടുനിന്ന ഒരു ജയിൽ പുള്ളി
"സാറുംമ്മാരെ ഞങ്ങൾ ഇവന് അത്താഴം ഒരുക്കുന്നുണ്ട് ; വിഭവസമൃദ്ധമായി."
ഒന്നിനും ഒരു കുറവും ഉണ്ടാകരുതെന്നു പറഞ്ഞുകൊണ്ട് ഒരു പോലീസുകാരൻ പുറത്തൊരു ചവിട്ടും , താൻ കമഴ്ന്നു വീണതും ഒരുമിച്ചായിരുന്നു. കയ്യിലെ വിലങ്ങുകാരണം കൈ കുത്താൻ കൂടി കഴിഞ്ഞില്ല. സിമന്റ് തറയിൽ മൂക്കും പല്ലും ചെന്നിട്ടിച്ചു. മുന്നിലെ ഒരു പല്ല് പകുതി ഒടിഞ്ഞു. മറ്റൊരു പല്ല് ഇളകി , ഇളകിയില്ല എന്ന രീതിയിലും. കൊണ്ടുചെന്നു പത്തോളം തടവുകാരുള്ള ഒരു അറയിൽ ഇട്ടു. അവർ ഓരോരുത്തരും ക്രൂരമായി ഉപദ്രവിച്ചു. വെള്ളം ചോദിച്ചപ്പോൾ മൂത്രം ഒഴിച്ച് തന്നു. അത് ബലമായി കുടിപ്പിച്ചു. മലം തീറ്റിച്ചു. ലോക്കപ്പിലെ മാതിരിയുള്ള മുളക് പ്രയോഗം വേറെ. രണ്ടാഴ്ച അങ്ങനെ കടന്നുപോയി. സഹതാപത്തിന്റെ ഒരു തരിപോലും കണ്ടില്ല.ഒരിക്കൽ അമ്മയും, അമ്മാവനും,തന്റെ മകളും ,അഭിഭാഷകനും വന്നു. ഭാര്യ അടുത്ത വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഒരു അന്യദേശത്തൊഴിലാളിയുടെ കൂടെ ഒളിച്ചോടി എന്ന് അമ്മ പറഞ്ഞു. നാട്ടുകാരുടെ ആട്ടും തുപ്പും കിട്ടുന്നതിൽ നല്ലത് അങ്ങനെ ഒരു ഒളിച്ചോട്ടം ആണെന്ന് അവൾ കരുതിക്കാണും. മകൾ തന്റെ മുഖത്തുപോലും നോക്കിയില്ല. അമ്മയുടെ മുഖത്ത് മാത്രം ചെറിയൊരു സഹതാപം കണ്ടു. കോടതിയിൽ എന്തു പറയണമെന്ന് വക്കീൽ പറഞ്ഞു തന്നു. മുഴുവൻ പറയും മുൻപേ പോലീസുകാർ അവരെ ആട്ടി പായിച്ചു.
മർദ്ദനങ്ങൾക്കും , പീഡിപ്പിക്കലിനും ഒരു കുറവ് വന്നു. പലതവണ കോടതിയിൽ കൊണ്ടുപോയി. എല്ലാ പ്രാവശ്യവും പൊതുജനത്തിന്റെ അരിശത്തിന് ഇരയായി. കൊണ്ടുപോകുന്ന വണ്ടിയിൽ ഇട്ടു പൊലീസുകാർ പൊതിരെ തല്ലി. വിധി വന്നു. കോടതി വധശിക്ഷ വിധിച്ചു. സെൻട്രൽ ജയിലിലേക്ക് മാറ്റി. വധ ശിക്ഷ വിധിച്ചവരുടെ ഒറ്റക്കുള്ള അറയിൽ ഇട്ടു. കോടതിയിൽ നിന്ന് കൊണ്ടുവന്നപ്പോൾ തൂക്കുമരത്തിന്റെ അരികിൽക്കൂടി കൊണ്ടുവന്നു. അതിൽ തന്നെ എങ്ങനെ കൊല്ലുമെന്ന് വിവരിച്ചു തന്നു. ആദ്യമായി മരണത്തെ പേടിക്കാൻ തുടങ്ങി. ഇരുണ്ടടഞ്ഞ , ഇടുങ്ങിയ അറയിൽ തറയിൽ കിടക്കണം. ഒരു മൂലയിൽ വൃത്തികെട്ട ഒരു കക്കൂസും വെള്ളം എടുക്കാൻ ഒരു പ്ളാസ്റ്റിക് ടാപ്പും. ഇരുമ്പ് കൊണ്ടുള്ള വാതിലിൽ അഴിയിട്ട ഒരു കിളിവാതിൽ. മൂന്നാൾ പൊക്കത്തിൽ അഴിയിട്ട ഒരു ചെറിയ ജനാല. ദിവസം രണ്ടു തവണ പേപ്പർ പാത്രങ്ങളിൽ കഴിക്കാൻ എന്തെങ്കിലും കിളിവാതിലിലൂടെ ജയിൽ ജീവനക്കാർ കൊണ്ടുവന്നു തരും. അസഹ്യമായ ചൂട്. രാത്രിയോ പകലോ എന്നറിയാൻ മുകളിലെ ജനാലയിലേക്ക് നോക്കും. ഭിത്തിയുടെ കനത്തിന്റെ ആധിക്യം കൊണ്ടു ജനലിലൂടെ വരുന്ന വെട്ടം ചെറിയൊരു സമചതുരമായി മച്ചിൽ കാണാം. ഇരുമ്പ് കതകിന്റെ മുൻഭാഗതായി ഒരു ഇടുങ്ങിയ ഇടനാഴിയും ഇടനാഴി തുറക്കുന്നിടത്ത് ഭദ്രമായി പൂട്ടിയ ഇരുമ്പഴികളും കാരണം കിളിവാതിലിൽ കൂടി വെട്ടം വരാറില്ല.
ആഴ്ചയിൽ ഒരിക്കൽ കൈ വിലങ്ങും കാലിൽ ചങ്ങലയുമിട്ട് ,വൈദ്യ പരിശോധനക്ക് അറയുടെ വെളിയിൽ കൊണ്ടുപോകും. കൊണ്ടുപോകുന്നവർ കഴുകുമരം കാട്ടാൻ ഒരിക്കലും മറക്കാറില്ല. വീട്ടുകാർ തന്നെ കൈ വിട്ടുവെന്നും ഏതോ പ്രസിദ്ധി നേടാൻ ആഗ്രഹിക്കുന്ന ക്രിമിനൽ വക്കീൽ സ്വന്തം ചിലവിൽ ഉയർന്ന കോടതിയിൽ വീട്ടുകാരെ കൊണ്ട് അപ്പീൽ കൊടുപ്പിച്ചെന്നും ഏതോ ഒരു ജയിൽ ജീവനക്കാരൻ പറഞ്ഞു. ഏകാന്തതയും ,മരണ ഭയവും തന്റെ മാനസിക നില തെറ്റിച്ചതുപോലെ തോന്നി. തുങ്ങി മരണം എങ്ങനെയെന്നറിയാൻ സ്വന്തം കൈകൊണ്ട് കഴുത്തു ഞെരുക്കി നോക്കി.കഴുത്തിൽ വേദനയും ,ശ്വാസം മുട്ടലും അനുഭവിച്ചപ്പോൾ കൈ തന്നെത്താൻ അഴിഞ്ഞു. തൂങ്ങി മരിക്കുമ്പോൾ എങ്ങനെ ആയാലും അഞ്ചു മിനിറ്റോളം വേദനയും ശ്വാസംമുട്ടലും അനുഭവിക്കേണ്ടി വരുമെന്ന് ഒരു ജീവനക്കാരൻ പറഞ്ഞു. അതോർത്ത് പേടി തോന്നി. തൂക്കി കൊല്ലാൻ ഇന്നു വരും ,നാളെ വരും എന്നോർത്ത് ഒരു സമാധാനവും കിട്ടുന്നില്ല. ഉറങ്ങാൻ കഴിയുന്നില്ല. കണ്ണടച്ചാൽ തൂക്കുമരവും കയറും. തന്നെ തൂക്കാതെ വെടി വെച്ചോ അല്ലെങ്കിൽ സയനൈഡ് വിഷം തന്നോ കൊന്നെങ്കിൽ എന്നുപോലും ആശിച്ചു.ഓരോ തരം മരണത്തിന്റെയും വേദനയുടെ കാഠിന്യം ആലോചിച്ച് അലോസരനായി.
അഞ്ചു വർഷങ്ങൾ അങ്ങനെ കടന്നുപോയി. വെളുത്തവാവ് അടുക്കുമ്പോൾ മുകളിലെ ചെറിയ ജനാലയിലൂടെ വരുന്ന വെട്ടം കൊണ്ട് ഓരോ മാസങ്ങൾ പോകുന്നതും , ദേശീയാഘോഷ ദിനങ്ങളിൽ കിട്ടുന്ന മധുര പലഹാരം കൊണ്ട് വർഷങ്ങൾ കടന്നു പോകുന്നതും അറിഞ്ഞു. കനത്ത ഭിത്തി തുരന്ന് വെളിയിൽ കടക്കണം എന്നു തോന്നി. എങ്ങനെ തുരക്കും. പല്ലുകൊണ്ട് ഭിത്തിയിൽ കാർന്നുനോക്കി. കുലുങ്ങുന്ന പല്ല് ഇളക്കി എടുത്ത് ആ പല്ലുകൊണ്ട് ഭിത്തിയിൽ ചുരണ്ടി നോക്കി , തുളയുണ്ടാക്കാൻ!!! കിളി വാതിലിന്റെ അഴിയിൽ പിടിച്ച് കുലുക്കിയും കടിച്ചും ഒക്കെ നോക്കി.
അങ്ങനെ ഒരു ദിവസം വൈകും നേരം കതക് തുറന്ന് തോക്കുപിടിച്ച ഒരു പോലീസുകാരൻ അകത്തു വന്നു. കയ്യിൽ വിലങ്ങും , കാലിൽ ചങ്ങലയും ഇട്ടു. അറയിലേക്ക് രണ്ട് ഉയർന്ന ഉദ്യോഗസ്‌ഥർ കടന്നു വന്നു. അടുത്ത ദിവസം രാവിലെ അഞ്ചുമണിക്ക് തന്നെ തൂക്കിലേറ്റുമെന്നറിയിച്ചു. രാവിലെ കഴിക്കാൻ വിശേഷിച്ച് എന്തെങ്കിലും വേണോ എന്ന് ചോദിച്ചു. രാവിലെ വിളിക്കുമെന്നും , ബാർബർ വന്നു ക്ഷൗരം ചെയ്യുമെന്നും, കുളിക്കാൻ ചൂടു വെള്ളം വേണമോ എന്നും ചോദിച്ചു. രണ്ടു പോലീസുകാർ കൂടി വന്ന് വിലങ്ങും ചങ്ങലയും അഴിച്ചു. വാതിൽ പൂട്ടി ഭദ്രത ഉറപ്പ് വരുത്തി കടന്നു പോയി.
അപ്പോൾ തികച്ചും പേടി തോന്നിയില്ല. ആദ്യമായി തന്റെ ഇരയെക്കുറിച്ചോർത്തു. ഭൂതകാലം ഓർത്തു. കുടുംബത്തെ വീട്ടിൽ വിട്ട് രാജ്യത്ത് പലയിടത്തും അതിർത്തി സേനയിൽ ജോലി ചെയുന്ന കാലം. കൂടാരങ്ങളിൽ പല വിധ പ്രകൃതി വിരുദ്ധ ലൈംഗിക വികൃതികൾ കാട്ടിയ കാലം. മാവോയിസ്റ്റുകളെ പിടിക്കാൻ ഉത്തരേന്ത്യൻ കാടുകളിൽ കഴിഞ്ഞ കാലം. തന്നെ പോലെതന്നെയുള്ള ചുരുക്കം ചില അധമന്മാരൊത്ത് ആദിവാസി ബാലികമാരെയും , സ്ത്രീകളെയും , വൃദ്ധകളെയും കാമഭ്രാന്തിന് ഇരയാക്കിയ കാലം. രതിവൈകൃതങ്ങൾ മനസ്സിനെ മധിച്ച കാലം. പെൻഷൻ പറ്റി നാട്ടിൽ വന്നു. ആശുപത്രിയുടെ സുരക്ഷാ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചു. അന്ന് ആ ദിവസം രാത്രിയിലെ ഡ്യൂട്ടി ആയിരുന്നു. വെളുപ്പിന് രണ്ടുമണി. ഒരു ഫോൺ വിളി വന്നു. പ്രസവവാർഡിലെ നഴ്‌സിന്റെ ആയിരുന്നു. വാഡിലെ മൂത്രപ്പുരയിൽ വെള്ളം തീർന്നുവെന്നും , ലൈറ്റ് കത്തുന്നില്ലന്നും പറഞ്ഞു. വെള്ളത്തിന്റെ പമ്പിന്റെ സ്വിച്ച് സ്ഥിതിചെയ്യുന്ന വാർഡിന്റെ പുറകിലെ ഇരുളടഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ അവിടെ ഇരുട്ടിന്റെ മറവിൽ ഇരുന്നു ഒരു ഗർഭിണി മൂത്രം ഒഴിക്കുന്നു. തന്നിലെ കാമഭ്രാന്ത് സട കുടഞ്ഞെഴുനേറ്റു. അവരെ കടന്നു പിടിച്ചു. ശബ്ദം പുറത്ത് വരാതിരിക്കാൻ ഇടതു കൈ കൊണ്ട് വായ പൊത്തി. വലതു കൈകൊണ്ട് ഭിത്തിയോട് ചേർത്ത് വെച്ച് കഴുത്ത് ഞെരിച്ചു. മരിച്ചിട്ടും വിട്ടില്ല. ചേതനയറ്റ രണ്ടു ശരീരങ്ങളിൽ കാമപൂർത്തി വരുത്തി.
.......................ഷാജു.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക