മകൾ (കഥ )
********************
********************
ടേബിളിന്റെ മുകളിലിരിക്കുന്ന മദ്യക്കുപ്പിയിൽ നിന്നും പകുതിയോളം അയാൾ കാലിയാക്കിക്കഴിഞ്ഞു.തലയ്ക്കു മുകളിൽ ഫാൻ വട്ടംചുറ്റിക്കൊണ്ടിരുന്നു. ശരീരം മുഴുവൻ വിയർപ്പ് തുള്ളികൾ ഒലിച്ചു തുടങ്ങിയപ്പോൾ അയാൾ ഷർട്ടിന്റെ ബട്ടൺ മുഴുക്കെ അഴിച്ചുകൊണ്ട് കസേരയിലേക്ക് ചാരി.ലഹരി അയാളുടെ തലയ്‌ക്കുള്ളിൽ പുതിയ ലോകത്തിന്റെ പരവതാനി വിരിച്ചു തുടങ്ങിയിരുന്നു. ആകാശത്തിലൂടെ ഒഴുകി നടക്കുന്ന പ്രതീതിയിൽ ചുണ്ടുകൾ പ്രേത്യക രീതിയിൽകോട്ടി അയാൾ ചിരിക്കുന്നുണ്ടെങ്കിലും കഴുത്തുറയ്ക്കാത്ത ഒരു പിഞ്ചുകുഞ്ഞിന്റെ അവസ്ഥയിൽ അയാളുടെ തല താനെ കുമ്പിട്ടു പോകുന്നു .
വിവാഹം കഴിഞ്ഞ അന്ന് മുതൽ ഇത് കണ്ടു തുടങ്ങിയതാകാം ഭാര്യ ഒന്നും മൈൻഡ് ചെയ്യാതെ ടീവിയിൽ സീരിയൽ കണ്ടിരുന്നു.അകത്തേ മുറിയിൽ ഇരുന്നു പഠിക്കുന്ന ഒൻപതു വയസ്സുകാരിയായ മകൾ ദിയ ആകട്ടെ തനിക്ക് ചിത്രരചനയ്ക്ക് കിട്ടിയ സമ്മാനം അച്ഛനെ കാണിക്കുവാൻ വെമ്പി നിൽക്കുകയാണ്. അമ്മയെ കാണിച്ചപ്പോഴേ ദിയയെ കെട്ടിപിടിച്ചു നെറ്റിയിൽ ഒരു മുത്തം നൽകികൊണ്ട് അവർ പറഞ്ഞിരുന്നു "അച്ഛനെ നാളെ രാവിലെ കാണിച്ചാൽ മതി കേട്ടോ ".. എന്തോ ദിയയുടെ കൊച്ചു മനസ്സു മുഴുവൻ തനിക്ക് ആദ്യമായി കിട്ടിയ സമ്മാനം അച്ഛനെ ഇ രാത്രി തന്നെ കാണിച്ചുകൊടുക്കാതെ ഒരു സമാദാനവും കിട്ടില്ല എന്ന അവസ്ഥയിൽ ആയിരുന്നു .
അയാൾ വീണ്ടും ഗ്ലാസ്സിലേക്ക് മദ്യം പകരുവാൻ തുടങ്ങി. കൈകളുടെ വിറ കുപ്പിയിൽ നിന്നും മദ്യത്തെ ഗ്ലാസ്സിലേയ്ക്കും, ടേബിളിനു പുറത്തേക്കും ഒഴുക്കി . "അച്ഛാ ഇതൊന്നു നോക്കിയേ "ഒരു കൈയിൽ സമ്മാനവും പിടിച്ചു കൊണ്ട് അയാൾക്ക് മുന്നിൽ ദിയമോൾ ചിരിച്ചുകൊണ്ട് വന്ന് നിന്നു. ദിയയുടെ ശബ്ദം കേട്ട് അമ്മ ടീവിയിൽ നിന്നു ശ്രദ്ധ തിരിച്ചു ദിയയെ നോക്കി കണ്ണുകൾ ഉരുട്ടി. അമ്മയുടെ മുഖത്തിനു പിടികൊടുക്കാതെ അവൾ പ്രതീക്ഷയോടെ അയാളെ നോക്കി നിന്നു. കുപ്പി തിരികെ വച്ചിട്ടു വിറയ്ക്കുന്ന കൈകൾ കൊണ്ട് അയാൾ വെള്ളമിരുന്ന ജഗ്ഗ് എടുത്തു ദിയയെ ഒന്ന് നോക്കുകപോലും ചെയ്യാതെ പറഞ്ഞു "ആാാ കൊള്ളാം ".... ദിയയ്ക്ക് സങ്കടം വന്നു" ഇ കുടിയൊന്ന് നിർത്തി ഒന്ന് നോക്കച്ഛാ "എന്നും പറഞ്ഞു ദിയ ഒരു കൈ കൊണ്ട് മദ്യകുപ്പിയുടെ മൂടിയിയിൽ പിടിച്ചു കുപ്പി മേലേക്കുയർത്തി. ശരിയാവണ്ണം ഉറച്ചിട്ടില്ലാത്ത മൂടി ദിയയുടെ കൈകളിലും, കുപ്പി തറയിലേക്കും ഊർന്നു പോയി. ഒരു വലിയ ശബ്ദത്തോട് കൂടി കുപ്പി പൊട്ടിച്ചിതറി. മദ്യം തറയിലെ ടൈൽസിലാകെ പരന്നൊഴുകി.
"കഴുവേറി മോളെ "എന്ന് വിളിച്ചുകൊണ്ട് അയാൾ പരിഭ്രമിച്ചു നിന്ന ദിയയെ ശക്തിയോട് കൂടി ഒറ്റതള്ളായിരുന്നു. കൈയിൽ ഇരുന്ന സമ്മാനം ദിയയുടെ കൈവിട്ടു പോയി . തള്ളിന്റെ ശക്തിയിൽ ദൂരേക്ക് തെറിച്ച ദിയ ഭിത്തിയിൽ ഇടിച്ചു തറയിലേക്ക് വീണു. "മോളെ" എന്നലറിക്കൊണ്ട് അമ്മ ദിയയുടെ അടുത്തേക്ക് പാഞ്ഞു. അയാളും സ്‌തംബിതാനായി ചാടി എഴുന്നേറ്റു . ദിയയുടെ ചോര ഭിത്തിയിൽ വ്യത്യസ്ഥ രീതിയിൽ മൂന്നു വരകൾ തീർത്ത് താഴേക്ക് ഒലിച്ചു .ചലനമറ്റ ശരീരത്തെ മടിയിലെടുത്ത് വച്ചുകൊണ്ട് ആ അമ്മ അലറിക്കരഞ്ഞു. ദിയയുടെ ചെവിയിൽ നിന്നും കവിളിൽ നിന്നു ചോര തറയിലേക്ക് ഒഴുകി. ആ കാഴ്‌ച ഒരു നിമിഷം കൊണ്ട് അയാളുടെ ഉള്ളിൽ ഉണർന്നിരുന്ന ലഹരിയെന്ന ചെകുത്താനെ അലിയിച്ചുകൊണ്ട് അയാളെ ഒരച്ഛനാക്കി മാറ്റി. വേഗം അയാൾ മൊബൈൽ എടുത്തു കാൾ ചെയ്തു.." സതീഷേ.... ഒന്ന് വണ്ടിയുമായി വാടാ മോള് സ്റ്റെപ്പിൽ നിന്നും കാലുതെറ്റി തലയിടിച്ചു വീണു. ഒന്ന് ഹോസ്പിറ്റൽ വരെ പോകണും." അയാൾ ഫോൺ കട്ട് ചെയ്ത് മോളുടെ അടുത്തേക്ക് ചെന്നതും. ഭാര്യ ഒലിച്ചിറങ്ങുന്ന കണ്ണുനീരിനിടയിലൂടെ ദഹിപ്പിക്കുന്ന ഒരു നോട്ടം അയാളെ നോക്കി. കുറ്റബോധത്തോടെ അയാൾ തലകുനിച്ചു.
Icu.. വിന്റെ മുന്നിൽ അക്ഷമരായി അവർ രണ്ടു പേരും നിന്നു . കരഞ്ഞു കരഞ്ഞു അമ്മയുടെ കണ്ണുകളും, മുഖവും നീരുവന്ന് വീർത്തിരുന്നു . അയാൾ ലഹരിയിൽ നിന്നും മോചിതനായില്ലെങ്കിലും തലയും കുമ്പിട്ടു കുറ്റബോധത്തോടെ അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു . അവർ പരസ്പരം ഒന്നും സംസാരിച്ചില്ല.അകത്തു കിടക്കുന്ന മറ്റുരോഗികളുടെ പുറത്തിരിക്കുന്ന ബന്ധുക്കൾ അവജ്ഞതയോടെ അയാളെ നോക്കുന്നുണ്ട്. പെട്ടന്നാണ് icu-വിന്റെ ഡോർ കുറച്ച് ഓപ്പൺ ചെയ്ത് ഒരു സിസ്റ്റർ പുറത്തേക്കു തലയിട്ടത് .പുറത്ത് കാത്തിരിക്കുന്നവരെല്ലാം പ്രതീക്ഷയോടെ സിസ്റ്ററെ നോക്കി. ".ആരാണ് ആ തലയിടിച്ചു കൊണ്ട് വന്ന കുട്ടിയുടെ കൂടെയുള്ളവർ അവരോടു ഡോക്ടറുടെ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു." സിസ്റ്റർ വാതിൽ വലിച്ചടച്ചു .
അയാൾ തലയുയർത്തി ഭാര്യയെ നോക്കി രണ്ടു പേരുടെയും കണ്ണുകൾ പരസ്പരം ഉടക്കി . എന്തിനായിരിക്കും ഡോക്ടർ വിളിച്ചത് എന്റെ മോൾക്ക് ഇനിയെന്തെങ്കിലും ആ അമ്മയുടെ മനസ്സ് പ്രഷുബ്‌ദമായി. ഇറ്റ് വീഴുന്ന കണ്ണുനീരുമായി അവരും. ബാലൻസ് ശരിയാകാതെ നടന്നുകൊണ്ട് അയാളും ഡോക്ടറുടെ റൂമിലേക്ക് കടന്ന് ചെന്നു. "ഇരിക്കണും" ഡോക്ടർ അവിടെ കിടക്കുന്ന കസേര ചൂണ്ടിക്കൊണ്ട് പറഞ്ഞു. അവർ രണ്ടു പേരും ഡോക്ടറിനഭിമുഖമായിരുന്നു. "സത്യം പറയണും എന്താണ് ആ കുട്ടിക്ക് പറ്റിയത്..." ഡോക്ടർ ചോദിച്ചു കഴിഞ്ഞതും ഭാര്യ എന്തേലും പറയുമെന്ന് കരുതിയാകണും അയാൾ നാക്കുകുഴഞ്ഞ അവസ്ഥയിൽ വേഗം പറഞ്ഞു. "സ്റ്റെപ്പിൽ നിന്നും കാലുതെന്നി വീണതാ ഡോക്ടറെ.." ഇത് പറയുമ്പോൾ അയാളുടെ വായിൽ നിന്നും പുറത്തേക്കു വന്ന മദ്യത്തിന്റെ ഗന്ധം അവിടെയാകെ പരന്നു. ഡോക്ടർ ഒരു കൈകൊണ്ടു മൂക്ക് പൊത്തി അയാളെ അടിമുടി ഒന്ന് നോക്കി കൊണ്ട് ചോദിച്ചു ."സത്യം തന്നെയാണോ ഇയാൾ പറയുന്നത് കുട്ടിയുടെ അമ്മ പറയു". ഭാര്യ തല തിരിച്ചു അയാളെ നോക്കി അയാളുടെ മുഖത്തപ്പോൾ ഒരു ദയനീയ ഭാവമായിരുന്നു. "അതേ വീണതാ ഡോക്ടറെ"പറഞ്ഞു കഴിഞ്ഞപ്പോൾ അവർ പൊട്ടി കരഞ്ഞു പോയി .. "നിങ്ങൾ പറയുന്നത് ഒരു ഡോക്ടർ ആയ എനിക്ക് വിശ്വസിക്കുവാൻ പ്രയാസമുണ്ട്.... കാരണം സ്റ്റെപ്പിൽ നിന്നും വീഴുകയാണെങ്കിൽ ശരീരത്തിന്റ പല ഭാഗത്തും ഫ്രാക്ച്ചർ ഉണ്ടാകണും .. അങ്ങനെ ഒന്നും കാണുന്നില്ല.. ആരോ ശക്തിയായി കുട്ടിയെ പിടിച്ചു എന്തിലോ ഇടിച്ചപോലെയാണ് എനിക്ക് തോന്നുന്നത്... അതുകൊണ്ട് തന്നെ ഞാൻ ഇത് പോലീസിൽ വിളിച്ചു അറിയിക്കുകയാണ് ബാക്കി അവരോടു പറയു"ഡോക്ടർ പറഞ്ഞു നിർത്തി.
വീണ്ടും icu വിന് മുന്നിൽ അവർ രണ്ടു പേരും വന്നിരുന്നു. അമ്മയുടെ കണ്ണിൽ നിന്നും അപ്പോഴും കണ്ണുനീർ വറ്റിയിരുന്നില്ല. അവർ പ്രതീക്ഷയോടെ icu വിന്റെ ഗ്ലാസ്സ് ഡോറിലേക്ക് നോക്കിയിരുന്നു.അയാൾ ആകെ അസ്വസ്ഥനായി മാറി. താൻ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു തന്റെ ഇ നശിച്ച കൂടിയാണ് എല്ലാത്തിനും കാരണമായത്. എന്റെ പൊന്നുമോൾ എന്നെ കാരണം ഇപ്പോൾ മരണത്തോട് മല്ലടിച്ചു കിടക്കുന്നു. പോലീസ് ഉടനെ വരും അവരോടു എല്ലാം തുറന്നു പറയണും ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കണും അയാൾ മനസ്സിൽ ഉറപ്പിച്ചു. ഒരിക്കലും ദൈവത്തെ കൂട്ടുപിടിച്ചിട്ടില്ലാത്ത അയാൾ ആ രാത്രി ആദ്യമായി തന്റെ മോളുടെ ജീവൻ തിരികെകിട്ടുവാൻ വേണ്ടി മനമുരുകി ദൈവത്തിനോട് പ്രാർത്ഥിച്ചു.
തറയിൽ ബൂട്ടുകൾ അമരുന്ന ശബ്ദം അയാൾ തലയുയർത്തി നോക്കി രണ്ടു പോലീസ്‌കാരും ഡോക്ടറുകൂടി നടന്നു വരുന്നു. "ദ ഇവരാണ് അവർ..". ഡോക്ടർ ചൂണ്ടി കൊണ്ട് പറഞ്ഞു. അവർ രണ്ടുപേരും മെല്ലെ എഴുനേറ്റു... "എന്താ സംഭവിച്ചത് പറയു ഡോക്ടർക്ക് ചില സംശയങ്ങൾ ഉണ്ടന്നാണല്ലോ പറയുന്നത്.. "ഒരു പോലീസ്‌കാരൻ ചോദിച്ചു.. "അയ്യോ സാറേ ഞങ്ങൾ സത്യമാണ് പറഞ്ഞത് മോള് സ്റ്റെപ്പിൽ നിന്നും കാലുതെറ്റി വീണതാ..." അമ്മ പറഞ്ഞു... നീ നല്ല ഫിറ്റാണല്ലടാ .. കുടിച്ചു കൊണ്ട് ആ കൊച്ചിന്റെ തലയടിച്ചു പൊട്ടിച്ചതല്ലേടാ... പോലീസ്‌കാരൻ അല്പം കനപ്പിച്ചു ചോദിച്ചു. "അയ്യോ അങ്ങേരു കുടിക്കുമെങ്കിലും ഉപദ്രവിക്കുകയൊന്നും ചെയ്യില്ല സാറേ..." അമ്മ വീണ്ടും ഇടയിൽ കയറി പറഞ്ഞു. "നിനക്കെന്താടാ നാക്കില്ലേ.... സത്യമാണോടാ ഇവർ ഇ പറയുന്നത് ...."പോലീസ്‌കാരൻ വീണ്ടും ചോദിച്ചു. "അതേ സാറേ" അയാൾ തറയിലേക്ക് കുനിഞ്ഞു നോക്കികൊണ്ട് പറഞ്ഞു." ഡോക്ടറെ കുട്ടിക്ക് ബോധം തെളിയുമ്പോൾ ആദ്യം സ്റ്റേഷനിൽ വിളിച്ചറിയിക്കണും , പോലീസ് വന്ന് കുട്ടിയോട് സംസാരിച്ചിട്ട് ഇവരെ കാണിച്ചാൽ മതി... കുട്ടി എന്താ പറയുന്നതെന്ന് നോക്കട്ടെ.....അതിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാം ..." പോലീസ്കാരൻ ഡോക്ടറോടായി പറഞ്ഞു. ഡോക്ടറും അത് ശരിയെന്ന് സമ്മതിച്ച് അവർ അവിടെനിന്നും പോയി. അയാൾ ഭാര്യയുടെ മുഖത്തേക്ക് നോക്കി പകയുള്ള ഒരുവനെ കണ്ടപോലെ അവൾ വേഗം മുഖം വെട്ടി തിരിച്ചു കളഞ്ഞു... രണ്ടു ദിവസങ്ങൾ കടന്ന് പോയി.. ആ ദിവസങ്ങളിൽ അയാൾ ഒരു തീരുമാനമെടുത്തു ഇനി ഒരിക്കലും കുടിക്കുകയില്ല... ഒരു നല്ല ഭർത്താവും, അച്ഛനുമായി ഇനിയുള്ള കാലം ജീവിക്കണും.
.മൂനാം ദിവസം ഉച്ചയോട് കൂടി ഒരു സിസ്റ്റർ വന്ന് അവരോടു പറഞ്ഞു." ദിയയ്ക്ക് ബോധം തെളിഞ്ഞു.. കുട്ടിയിപ്പോൾ നോർമൽ ആണ് പിന്നെ പോലീസ് വന്ന് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചതിനു ശേഷം വാർഡിലേക്ക് മാറ്റും അപ്പോഴേ നിങ്ങൾക്ക് കാണുവാൻ കഴിയു". തന്റെ മകളെ ഒരു നോക്കു കാണുവാൻ ഇനിയും കാക്കാണുമല്ലോ എന്നുള്ള വിഷമത്തിൽ അമ്മ തളർന്നു കസേരയിലേക്ക് ഇരുന്നു. അയാൾ ദൈവങ്ങളോട് മനസ്സുകൊണ്ട് നന്ദി പറഞ്ഞു. ദിയ നോർമൽ ആയല്ലോ ഇനി എനിക്ക് എന്ത് സംഭവിച്ചാലും സാരമില്ല അയാൾ മനസ്സിൽ ചിന്തിച്ചു .
കുറച്ചു സമയങ്ങൾക്ക് ശേഷം പോലീസ് വരുകയും ഒരു പോലീസ് കാരൻ icu വിന് ഉള്ളിലേക്ക് കയറി പോയി.ഏകദേശം രണ്ടുമിനിറ്റ് കഴിഞ്ഞു പോലീസ്‌കാരൻ പുറത്തേക്കു വന്നു.വെളിയിൽ ഇറങ്ങിയ പോലീസ്കാരൻ രൂക്ഷമായി അയാളുടെ മുഖത്തേക്ക് തറപ്പിച്ചുനോക്കി.കുറ്റബോധത്താൽ അയാൾ പെട്ടന്ന് തന്നെ മുഖം കുനിച്ചു കളഞ്ഞു. രണ്ടു പേരെയും പോലീസ്കാരൻ കുറച്ചപ്പുറത്തേക്ക് വിളിച്ചു മാറ്റി നിർത്തിയിട്ട് പറഞ്ഞു....
"എന്റെ പോലീസ് വേഷം കണ്ടാകണും പാവം അ കുട്ടിയും പറഞ്ഞു സ്വയം മറിഞ്ഞു വീണതാണെന്ന്.... പക്ഷേ ഞാൻ ഒരു പോലീസ്കാരൻ ആണ് എനിക്കറിയാം. നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നുള്ള പേടിയും, അതുപോലെ നിങ്ങളോടുള്ള സ്നേഹവുമൊന്ന് കൊണ്ട് മാത്രമാണ് കുട്ടിയിങ്ങനെ പറഞ്ഞതെന്ന്.. സ്വന്തം ഭാര്യയെയും, കുട്ടിയെയും സ്നേഹിക്കാതെ കുടിച്ചു കൂത്താടി നടക്കുന്ന താനൊക്കെ ഒരു മനുഷ്യൻ ആണോ... "ഒന്ന് നീട്ടി തറയിലേക്ക് തുപ്പിയിട്ട് ആ പോലീസ്കാരൻ നടന്നു നീങ്ങി.
അപ്പോഴേക്കും സിസ്റ്റർ വന്നു പറഞ്ഞു ദിയയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട് നിങ്ങൾക്ക് അങ്ങോട്ട് പോകാമെന്നു... ആ അമ്മ മോളുടെ അടുത്തേക് വേഗത്തിൽ നടക്കുന്നതിനിടയിലും അയാളെ ഒന്ന് നോക്കി... പക്ഷേ അയാൾ അപ്പോൾ പുറത്തേക്കു തിരിഞ്ഞു നടക്കുകയായിരുന്നു. അടുത്തിരിക്കുന്ന അമ്മയോട് ദിയ ചോദിച്ചു "അച്ഛൻ വന്നില്ലേ അമ്മേ... "
"വരും മോളെ.. "പുറത്തേക്കു വന്ന കരച്ചിലിനെ ഉള്ളിൽ അടക്കികൊണ്ട് അമ്മ പറഞ്ഞു. ഇതിനിടയിൽ അവർ പലതവണ അയാളുടെ ഫോണിലേക്ക് വിളിച്ചു നോക്കിയപ്പോഴും സ്വിച്ച് ഓഫ് ആയിരുന്നു. അവരുടെ മനസ്സിൽ പല ചിന്തകളും കടന്ന് പോയി.രണ്ടു ദിവസം കുടിക്കാതിരുന്നതിന്റെ ക്ഷീണം തീർക്കുവാൻ പോയതാകുമോ, അതോ കുറ്റബോധം താങ്ങാനാകാതെ മറ്റെന്തെങ്കിലും. ചിന്തകൾ തിരമാലകൾപോലെ കടന്ന് വന്നപ്പോൾ അവൾ ആകെ പരവശയായി.പെട്ടന്നായിരുന്നു "ദേ അച്ഛൻ വരുന്നു" ദിയ അമ്മയെ തൊട്ട് വിളിച്ചുകൊണ്ടു പറഞ്ഞത് . ഭയത്തോടെ അവൾ അയാളെ നോക്കി.അയാളുടെ കൈയിൽ ഇരുന്നു ദിയയ്ക്ക് കിട്ടിയ സമ്മാനംവെട്ടി തിളങ്ങി. അയാൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു സ്നേഹത്തിന്റെ പുഞ്ചിരിയായിരുന്നു അത്.
ഡിനുരാജ് വാമനപുരം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക