കയറുപൊട്ടിയ പാരഷൂട്ട്
പാരഷൂട്ട് ലാൻഡ് ചെയ്യുമ്പോൾ അനുഷ കാലുകൾ ശരിയായ പൊസിഷനിൽ വെച്ചിട്ടുണ്ടാവില്ല...ഞാൻ അവളെ പിടിക്കാൻ കുതിച്ചെങ്കിലും അവൾ മൈതാനിയിൽ മുട്ടുകുത്തി വീണതിന് ശേഷം മാത്രമാണവളുടെ ഹാർനെസിൽ എനിക്ക് പിടുത്തം കിട്ടിയത്. ഭാഗ്യത്തിന് പാരഷൂട്ട് അനുഷയെ നിലത്തൂടെ വലിച്ചു കൊണ്ട് പോയില്ല. പക്ഷെ അപ്പോഴേക്കും കട്ടിയുള്ള കാക്കി യൂണിഫോം കാൽമുട്ടിന് താഴെ കീറി അവളുടെ കണങ്കാലിലൊരു ചെമ്പരത്തിപ്പൂവ് വിരിഞ്ഞിരുന്നു. ഞാൻ അവളെ എഴുന്നേൽപ്പിച്ചു ഹാർനെസ് അഴിക്കാൻ തുടങ്ങി. ചോര വാർന്നു കാൽ വിരലുകളിൽ എത്തി.
"ഹാരീ...നീ എന്നെ പിടിക്കാതോണ്ടല്ലേ വീണത്...കാല് വേദനിച്ചിട്ടു വയ്യ."
ചുവന്നു തുടുത്ത അവളുടെ മുഖത്ത് മറ്റൊരു സൂര്യോദയം.
ഥാപ്പ (ഗൂർഖ പട്ടാളക്കാരൻ) ഓടി വന്നു എന്നെ രൂക്ഷമായി നോക്കി. ഇനിഎന്തൊക്കെയായിരിക്കും ശിക്ഷ. ഇപ്രാവശ്യത്തെ NCC ക്യാമ്പ് എനിക്ക് കഷ്ടകാലം തന്നെയാണല്ലോ
122 ഇൻഫൻട്രി ബറ്റാലിയൻ - കണ്ണൂർ. പട്ടാള യൂനിറ്റിനുള്ളിൽ നടക്കുന്ന ഞങ്ങളുടെ NCC ക്യാമ്പാണ് രംഗം
പാരഷൂട്ട് ജമ്പിങ് ഉണ്ടാവും എന്ന ആവേശത്തിലായിരുന്നു ഓടി വന്നത്. പാരാ സെയ്‌ലിംഗ് ആണത്രേ (പാരഷൂട്ടിനെ ഏതാണ്ടൊരമ്പത് മീറ്റർ കയറുകൊണ്ട് ജീപ്പിൽ കെട്ടി വലിക്കുമ്പോൾ പൊങ്ങി മുകളിലേക്ക് പോകും - ഇപ്പോൾ ടെക്‌നിക്കിൽ എന്തെങ്കിലും മാറ്റം വന്നോ എന്നറിയില്ല. അന്നൊക്കെ ഇത് വ്യാപകമായിരുന്നില്ല )
എന്തായാലും ആകാശത്തു പറന്നു നടക്കാം, പട്ടാള ക്യാമ്പിൽ താമസിക്കുകയും ചെയ്യാം. അപ്പോഴതാ ഒരു ഓർഡർ - കെഡറ്റുകൾ കൂടുതൽ ആയതു കാരണം ഉയരവും തടിയുമൊക്കെയുള്ളവരെ ഒഴിവാക്കുമെന്ന്. ആദ്യത്തെ റൗണ്ടിൽ തന്നെ ഞാൻ വീണു. പിന്നെ ഓട്ട മത്സരമൊക്കെ വെച്ച് അതിൽ കൂടി കര പറ്റി വന്നപ്പോഴിതാ അനുഷാ പർവ്വം.
ഞങ്ങൾ കോളജ് കെഡറ്റുകൾക്കൊപ്പം(ആൺ മാത്രം) നഗരത്തിലുള്ള ആംഗ്ലോ-ഇന്ത്യൻ ഗേൾസ് സ്‌കൂളിലെ ആറേഴു പെൺകുട്ടികളും ഉണ്ട്. അവർക്ക് പാരഷൂട്ട് ഹാർനെസ്സ് കെട്ടിക്കൊടുക്കുക, അഴിക്കുക. ..പിന്നെ ലാൻഡ് ചെയ്യുമ്പോൾ കൂടെ മുന്നോട്ട് ഓടി വീഴാതെ പിടിക്കുക - ഒക്കെ ഞങ്ങളുടെ ഡ്യൂട്ടിയാണ്
😀
അനുഷയെ ഞാൻ ഫ്രീ ആയി വിടാൻ രണ്ട് കാരണമുണ്ട്. ഒന്ന് അവൾ വളരെ സ്മാർട്ട് ആണെന്ന് മലയാളവും ഇംഗ്ലീഷും ചേരുംപടി ചേർത്തുള്ള അവളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി. രണ്ടാമത് പെൺകുട്ടികളുടെ കൂട്ടത്തിലെ ഏറ്റവും സുന്ദരിയായിരുന്നു കണ്ണൂർ ബെല്ലാർഡ് റോഡിൽ ബിസിനസ് നടത്തുന്ന ഗുജറാത്തി സേട്ടിന്റെ ഈ മകൾ. അവൾ ചാടുന്ന സമയത്ത് ചെറുപ്പക്കാരനായ ഒരു മലയാളി പട്ടാളക്കാരനായിരുന്നു ഇൻ ചാർജ്. അയാൾ എന്നോട് പറഞ്ഞു :
"ശരിക്ക് കെട്ടിപ്പിടിച്ചോണം ട്ടോ "
അയാൾ പറഞ്ഞതിന്റെ ധ്വനി വിപരീതാർത്ഥത്തിൽ എടുത്തു കഴിയുന്നതും അവളെ തൊടാതിരിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ . എന്റെ പ്രണയം അപ്പോൾ അഞ്ചു നിറങ്ങളിൽ വിടർന്നു ചിരിച്ചു മോഹിപ്പിച്ചു നിൽക്കുന്ന പാരഷൂട്ടിനോട് മാത്രമായിരുന്നു. അത് കൈവിടുന്ന ഒരു കളിക്കും ഞാൻ തയ്യാറല്ലായിരുന്നു.
കിഴവൻ ഥാപ്പ സ്നേഹമുള്ളവനായിരുന്നു. ചോരയൊക്കെ തുടച്ചു കഴിഞ്ഞപ്പോൾ അനുഷക്ക് വലിയ മുറിവൊന്നുമില്ലെന്നു മനസ്സിലായി. അവൾ പിറ്റേന്ന് തന്നെ ബാക്കി ചാട്ടത്തിനു റെഡിയായി. ഹാർനെസ്സ് കെട്ടി പാരഷൂട്ട് വിടാൻ പോകുമ്പം പറയും
"നീ എന്നെ പിടിക്കണേ".
പിന്നെ ഞാൻ അനുഷയെ വീഴാൻ സമ്മതിച്ചില്ല. അവളുടെ അവസാന റൗണ്ട് ചാട്ടത്തിനുള്ള ദിവസം ഹാർനെസ് അഴിച്ചു കൊടുക്കുമ്പോൾ അവൾ പറഞ്ഞു :
"എന്റെ കാലിലെ പാട് ഇനി പോകുമെന്ന് തോന്നുന്നില്ല .. നമ്മളെ ക്യാമ്പ് രണ്ട് ദിവസം കഴിഞ്ഞാ തീരും ല്ലേ...പിന്നെ കാണുമോ ?"
ഞാൻ അവളുടെ മുഖത്തു നോക്കി ... കണ്ണുകളിൽ കൊള്ളിമീനുകൾ നീന്തിത്തുടിക്കുന്നു. ആഹാ...ഈ പത്താം ക്‌ളാസ്സുകാരി കണ്ണുകൊണ്ട് പ്രണയിക്കാൻ പഠിച്ചല്ലോ...പെട്ടെന്ന് തന്നെ എന്റെ പഞ്ചവര്ണക്കിളിയെയും ബാക്കിയുള്ള രണ്ടു ചാട്ടത്തെയും ഓര്മ വന്നു
"ദാ, ഥാപ്പ വരുന്നു.." എന്നും പറഞ്ഞു ഞാൻ നടന്നു.
അടുത്ത ദിവസം ഒരു സംഭവമുണ്ടായി. ഒരു കെഡറ്റ് കയറിയ പാരഷൂട്ട് കയർ പൊട്ടി മാനത്ത് ഒഴുകി നടക്കാൻ തുടങ്ങി. കാറ്റുള്ളതിനാൽ താഴോട്ട് വരുന്നില്ല. കെഡറ്റുകളും ഓഫീസർമാരും അങ്ങോട്ടും ഇങ്ങോട്ടും വെപ്രാളപ്പെട്ട് നടക്കുന്നു. തൊട്ടപ്പുറം അറബിക്കടലാണ്. ഞാൻ തണലിൽ പാരഷൂട്ടും നോക്കി ഇരുന്നു.
കാൽപ്പെരുമാറ്റം കേട്ട് നോക്കുമ്പോൾ അനുഷ.
"നീ എന്താ സ്വപ്നം കാണുകയാ "
"അതെ ...ആ കയറു പൊട്ടിയ പാരഷൂട്ടിൽ ഞാനായിരുന്നെങ്കിൽ എന്ന്"
"ഹ...വാട്ട് എ ഫാന്റസി ....ഞാനും അതാ ചിന്തിക്കുന്നേ"
"നീ കവിത എഴുതാറുണ്ടോ"
"ഉം....ഇപ്പോൾ മനസ്സിൽ ഒരു കവിത കുറിച്ചതെ ഉള്ളൂ. ആ കയർ പൊട്ടിയ പാരഷൂട്ടിൽ മേഘങ്ങൾ നീന്തികടന്നു നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞു ഞാൻ ഒഴുകിപ്പോകുന്നു"
"അപ്പോൾ ഞാനോ ?"
“നമുക്ക് ഒന്നിച്ചു പോകാം " അവൾ ചിരിച്ചു
"നിന്റെ കാലിന്റെ വേദന മാറിയോ?"
"കുറച്ചുണ്ട്"
"അത് നാളെ ക്യാമ്പ് കഴിയുമ്പം മാറിക്കൊള്ളും"
പെട്ടെന്ന് ഗോതമ്പിന്റെ നിറമുള്ള അനുഷയുടെ മുഖം വിവർണ്ണമായി...മത്താപ്പൂ കത്തിച്ചു വെച്ചിരുന്ന അവളുടെ കണ്ണുകളിൽ അന്നാദ്യമായി കാർമേഘം പെയ്തിറങ്ങി.
അവൾ യൂണിഫോമിന്റെ പോക്കറ്റിൽ നിന്ന് മടക്കി ഒട്ടിച്ച ഒരു കടലാസ്സ് എനിക്ക് തന്നിട്ട് പറഞ്ഞു:
അവൾ യൂണിഫോമിന്റെ പോക്കറ്റിൽ നിന്ന് മടക്കി ഒട്ടിച്ച ഒരു കടലാസ്സ് എനിക്ക് തന്നിട്ട് പറഞ്ഞു:
"ഹാരീ...നീ ഇത് വീട്ടിലെത്തിയിട്ടേ തുറന്നു നോക്കാവൂ ...പ്രോമിസ് ??
എന്തായിരുക്കുമെന്നറിയാൻ ഹൃദയം അതിവേഗം മിടിച്ചു കൊണ്ടിരുന്നെങ്കിലും ഞാൻ അവൾക്ക് ഉറപ്പു കൊടുത്തു..
പെട്ടെന്ന് ഒരാരവം ഉയർന്നു. പാരഷൂട്ട് താഴോട്ട് വരുന്നു. ഞാൻ മൈതാനത്തേക്ക് ഓടി
അന്ന് രാത്രി ബാരക്കിൽ കിടന്നു ഉറക്കം വരുന്നില്ല. നാളെ പോവുകയാ. പാരഷൂട്ടും ബഡാ ഘാനയും ഭാൻഗ്ര ഡാൻസും കോഴി അങ്കവും എല്ലാം വിട്ട്. എന്നും എന്റെ സാഹസികതക്ക് കൂട്ട് നിൽക്കുന്ന അജുവിന്റെ പെട്ടെന്നുള്ള ചോദ്യം
"എടാ നീ ഇതുവരെ രാത്രി കടൽക്കരയിൽ കിടന്നുറങ്ങിയിട്ടില്ലല്ലോ .വാ ,.ബ്ലാങ്കറ്റ് എടുത്തോ."
.
"പട്ടാളക്കാരുടെ വെടി കൊണ്ട് ചാവും"
.
"പട്ടാളക്കാരുടെ വെടി കൊണ്ട് ചാവും"
"ഇല്ലെടാ ...കമ്പി വേലിയില്ലാത്ത ഒരു വഴിയുണ്ട്...അതിലെ പോകാം" (തൊട്ടടുത്ത് തന്നെയാണ് കടൽ)
പൂഴിയിൽ ബ്ലാങ്കറ്റ് വിരിച്ചു കിടന്നു. തിരയുടെ സങ്കടം കേട്ട് കേട്ട് ഒന്ന് മയങ്ങിപ്പോയി. രാത്രിയുടെ ഏതോ യാമത്തിൽ ഞെട്ടിയുണർന്നു നോക്കുമ്പോൾ സ്വർണ നൂലുകളിൽ നെയ്ത ഞൊറിപ്പാവാട ഉടുത്തു, കാലിൽ ചെമ്പരത്തിപ്പൂ കൊലുസ്സിട്ടു, കവിളിൽ ഗുൽമോഹർ വിരിയിച്ചു അനുഷ കയർ പൊട്ടിയ ഒരു പാരഷൂട്ടിലിരുന്ന് നക്ഷത്രങ്ങളോട് കിന്നരിക്കുന്നു. ഞാൻ കൈ മാടി വിളിച്ചപ്പോൾ അതിലേതോ ഒരു നക്ഷത്ര വാതിൽ അവൾക്കായി തുറക്കപ്പെട്ടു. അതിലൂടെ അവൾ അനന്തതയിലേക്ക് ഒഴുകിപ്പോയി
വീട്ടിലേക്ക് പോകാൻ ബസ്സിറങ്ങിയപ്പോൾ തന്നെ ഞാൻ അവളുടെ കടലാസ് തുറന്നു നോക്കി. ഇങ്ങിനെ മാത്രം:
I have nothing to say - അവൾക്ക് ഒന്നും പറയാനില്ല – എനിക്കും.
-------------
(ഹാരിസ്)
(ഹാരിസ്)
(സ്വാതന്ത്ര ദിന ചിന്തകൾ ഉണരുന്ന ഈ ആഗസ്റ്റിൽ എന്റെ മനസ്സ് ബെല്ലാർഡ് റോഡിലും 20 ദിവസം ഞാൻ താമസിച്ച പട്ടാള ബാരക്കിലും വെറുതെ അലഞ്ഞു. അനുഷയുടെ പാരഷൂട്ട് സ്വപ്നം പോലെ നമ്മുടെ ത്രിവര്ണ പതാകയും ഉരുണ്ടു കൂടുന്ന അസഹിഷ്ണതയുടെ കാർമേഘങ്ങൾ വകഞ്ഞു മാറ്റി അനന്ത വിഹായസ്സിൽ പാറി പറക്കട്ടെ) .

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക