Slider

ഒരു ഭാഗ്യക്കുറിയുടെ കഥ (കഥ)

0
ഒരു ഭാഗ്യക്കുറിയുടെ കഥ (കഥ)
__________________________
"ഇരുപത്തയ്യായിരം റിയാല്‍ ലോട്ടറിയടിച്ചിരിക്കുന്നു!"
സ്വപ്നത്തിലാണെങ്കിലും രായന്‍കുട്ടി അതിനെ പതിനേഴുകൊണ്ട് ഗുണിച്ചുനോക്കി.
നാലേക്കാല്‍ ലക്ഷം രൂപ!
ഈ തുകകൊണ്ട് മൊത്തം കടവും വീട്ടാം. പുലര്‍കാലത്ത് കണ്ട ആ സ്വപ്നം രായന്‍കുട്ടിയെ വല്ലാതെ സന്തോഷിപ്പിച്ചു.
ഈ നാട്ടില്‍ ഭാഗ്യക്കുറിയുടെ ഏര്‍പ്പാടൊക്കെ ഉണ്ടോ? നേരെ ബംഗാളി സൂക്കില്‍പോയി വിശദമായൊരു അന്വേഷണം നടത്തി. ഉണ്ട്........!! മിയാഭായിടെ മുറുക്കാന്‍ കടയില്‍, തായ്ലാന്‍റ് ലോട്ടറിയുടെ നമ്പര്‍വച്ച് രഹസ്യ എഴുത്ത് നടക്കുന്നുണ്ട്. മാസത്തില്‍ രണ്ടുദിവസം- ഒന്നിനും പതിനാറിനും. വലിയ വലിയ കളികളാണ് അവിടെ നടക്കുന്നത്. ഒരു തൂപ്പുകാരന്‍ ബംഗാളി, ലോട്ടറിയടിച്ച് കോടീശ്വരനായ കഥ പലരില്‍നിന്നായി കേട്ടപ്പോള്‍ രായന്‍കുട്ടിക്ക് ആവേശമായി. തുടക്കത്തില്‍തന്നെ പത്തിന്‍റെ കളിക്ക് ആയിരം ലഭിച്ചപ്പോള്‍ ആവേശം അതിന്‍റെ അതിരുലംഘിച്ച് അലയടിച്ചു. അത് പത്തില്‍ നിന്നും നൂറിലേക്കും, പിന്നെ ആയിരങ്ങളിലേക്കും വ്യാപിച്ചു. സത്യം പറഞ്ഞാല്‍ ആ സ്വപ്നമാണ് , അല്ലെങ്കില്‍ പുലര്‍ച്ചയ്ക്ക് കാണുന്ന സ്വപ്നം ഫലിക്കുമെന്ന വിശ്വാസമാണ് രായന്‍കുട്ടിയെ വിഴുങ്ങിയത്.
മകള്‍ക്ക് എട്ടുവയസുള്ളപ്പോഴാണ് രായന്‍കുട്ടി പ്രവാസജീവിതം തുടങ്ങിയത്. അന്ന് ഭാര്യ നജ്മയുടെ ആഭരണങ്ങള്‍ വിറ്റുതുലച്ച് പോയപ്പോള്‍, തുടക്കത്തില്‍തന്നെ കല്ലുകടിയായിരുന്നു. സ്പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലായി. ജയില്‍മോചനത്തിന് ഉണ്ടായിരുന്ന വീടുതന്നെ വില്‍ക്കേണ്ടിവന്നു.
മകള്‍ വളര്‍ന്നുവരുന്നു..... വാടകവീട്..... ആലോചനകള്‍ക്ക് ഒടുവില്‍ പലിശക്ക് പണംവാങ്ങി വീണ്ടുമൊരു വിസ റെഡിയാക്കി. ആ പോക്കില്‍ തരക്കേടില്ലാത്ത ശമ്പളത്തില്‍ ഒരു ജോലിയും കിട്ടി. പക്ഷേ, ഭാഗ്യപരീക്ഷണം എന്ന ലഹരിക്ക് അടിമയായപ്പോള്‍ പണം പോയത് വീട്ടിലേക്കല്ല, മിയഭായിടെ മുറുക്കാന്‍ കടയിലാണ്.
രായന്‍കുട്ടി ഇപ്പോള്‍ ബംഗാളി സൂക്കില്‍ അറിയപ്പെടുന്ന ഒരു ചൂതാട്ടക്കാരനാണ്. ഉപദേശിക്കാന്‍ വരുന്നവരെ ചീത്തവിളിച്ച് അകറ്റിനിര്‍ത്തി.
പലിശക്കടത്തിന്‍റെ ഭാരം തലയില്‍
നിന്നും ഇറക്കിവയ്ക്കണം! സ്വന്തമായൊരു വീട് ...!
പിന്നെ...... 'മുടിയന്‍'
എന്ന വിളിപ്പേര് മായ്ച്ചുകളയണം!
നഷ്ടങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ നികത്തണമെന്ന ചിന്ത! അയാള്‍ തികച്ചും അക്ഷമനായി.
കണ്ണിങ്ങ് ആയ പതിനെട്ട് നമ്പറുകള്‍ എഴുതി രായന്‍കുട്ടി വലിയൊരു കളിയാണ് കളിച്ചിരിക്കുന്നത്. മൂന്നുമാസത്തെ ശമ്പളം മുന്‍കൂറായി വാങ്ങിയിട്ടാണ് ഈ തീക്കളി. നാളെ നേരംപുലര്‍ന്നാല്‍...... ഭാഗ്യദേവത കടാക്ഷിച്ചാല്‍..........
ആകെ പിരിമുറുക്കത്തില്‍ ഇരിക്കുമ്പോഴാണ് ഭാര്യയുടെ
കോള്‍ വന്നത്. അവള്‍ കരയുകയാണ്
" ഇക്ക വേഗം ഇങ്ങോട്ടുവാ.... കടക്കാര് എന്‍റെ മാനത്തിന് വിലപറഞ്ഞ് തുടങ്ങി. ഒന്നുമാവാത്ത നമ്മുടെ മോളെ കുറിച്ചുപോലും അവര്‍....... ഇനിയെനിക്കു വയ്യാ... ഇക്ക വന്നില്ലെങ്കില്‍...... ഞാന്‍........."
അവളുടെ തേങ്ങിക്കരച്ചില്‍ കേള്‍ക്കാനാവാതെ കോള്‍ ഡിസ്കണക്ട് ചൈത് ഫോണ്‍ ദൂരേക്കെറിഞ്ഞു. ഒരു കൂട് സിഗരറ്റ് വലിച്ചുതീര്‍ത്ത് മുറിയിലെ ലൈറ്റ് അണച്ചു. ഇരുട്ടില്‍ കുത്തിയിരുന്ന് കണ്ണീരൊഴുക്കികൊണ്ട് നേരം വെളുപ്പിച്ചു.
സൂക്കില്‍ പരിചയക്കാര്‍ പലരും പ്രഭാത ഭക്ഷണത്തിനായി വിളിച്ചെങ്കിലും രായന്‍കുട്ടി പോയില്ല. ഒരു എനര്‍ജി ഡ്രിങ്ക് വാങ്ങി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ വാര്‍ത്ത കാതുകളിലെത്തിയത്.
സ്വപ്നം നാലിരട്ടി വലുപ്പത്തില്‍ യാദാര്‍ത്ഥ്യമായിരിക്കുന്നു!!!
ഒരുലക്ഷം റിയാലാണ് ലോട്ടറിയടിച്ചിരിക്കുന്നത്. ഇപ്പോഴാണ് രായന്‍കുട്ടി ശരിക്കും ഊര്‍ജ്ജസ്വലനായത്. ശരിക്ക് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെങ്കിലും, ആ ക്ഷീണമൊക്കെ എങ്ങോ പോയ്മറഞ്ഞു. സന്തോഷവാര്‍ത്ത ഭാര്യയെ വിളിച്ചുപറയണം, പക്ഷേ പലതവണ വിളിച്ചിട്ടും കിട്ടുന്നില്ല. ഫോണ്‍ ഓഫ് ചൈത് അവള്‍ എവിടെ പോയികിടക്ക്യാ......???
നജ്മക്ക് ഡയല്‍ ചൈതുകൊണ്ടിരിക്കുന്ന വേളയില്‍ രായന്‍കുട്ടി ചില പ്ലാനിങ്ങും നടത്തി. കടം വീട്ടണം, ചെറിയൊരു വീടുവാങ്ങണം, മകളെ പഠിപ്പിച്ച് ഉദ്യോഗം വാങ്ങികൊടുക്കണം- അത് നജ്മയുടെ ആഗ്രഹമാണ്.
വളരെ രഹസ്യമായിട്ട് തുക കൈപറ്റണം, കാരണം നാട് ഏതായാലും പണം ആളെകൊല്ലിയാണ്. പൈസ കുഴല്‍പണക്കാരുവഴി നാട്ടിലെത്തിക്കണം. കമ്പനിയില്‍ നിന്നും റിലീസുവാങ്ങി, കഫീലിനോട് എക്സിറ്റ് അടിക്കാന്‍ പറയണം. കുറച്ചു പൈസമുടക്കി വല്ല കച്ചോടവുമായി, ഇനിയുള്ളകാലം നാട്ടില്‍തന്നെ കഴിയണം. ഭാര്യയോടും മകളോടുമൊത്തുള്ള ആ സുദിനങ്ങളെ കുറിച്ചാലോചിച്ച് ആനന്ദിക്കുമ്പോഴാണ് ഫോണ്‍ ചിലയ്ക്കുന്നത്. നാട്ടില്‍നിന്നുള്ള അറിയാത്ത നമ്പര്‍ ആണ് .
"ഡാ... നായിന്‍റെ മോനേ.... നീ ഏതുനാട്ടിലാണെങ്കിലും അവിടെ കിടന്ന് ചത്തോ...... ഇനി ഇങ്ങോട്ടുവന്നാല്‍ പച്ചക്ക് കത്തിക്കും."
രോക്ഷം കൊള്ളുന്ന ആ ഗ്രാമവാസി ഇത്രയുംകൂടി പറഞ്ഞു.
" ഈ സന്തോഷ വാര്‍ത്തകൂടി നീ കേട്ടോ..... നീ കെട്ടിയ പെണ്ണും നിനക്കുണ്ടായ മോളും, പലിശക്കാരെകൊണ്ട് പൊറുതിമുട്ടി വിഷം കുടിച്ച്........"
കുപ്പിച്ചില്ലുപോലെ തിളങ്ങുന്ന അന്തരീക്ഷം ആകെ കറുത്തിരുണ്ടു. രായന്‍കുട്ടിയുടെ കാഴ്ച്ചക്ക്‍ കരിനീലനിറം പുരണ്ടു. ചുട്ടുപൊള്ളുന്ന മണല്‍തരികളിലേക്ക് അയാള്‍ കുപ്പുകുത്തി. ബോധം മറയുന്നതിനു മുന്‍പ് ‍ ഉറക്കെ വിളിച്ചു.
'' എന്‍റെ നജൂ........ പൊന്നുമോളേ റസൂ..........''
___________________________________________
രമേഷ് പാറപ്പുറത്ത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo