കുനിഞ്ഞ ശിരസ്സും, നെഞ്ചിലേക്ക് തറച്ച അപമാന ഭാരവും ഉള്ളിലൊതുക്കികൊണ്ട് ഞാനും, ബ്രോക്കർ കുഞ്ഞപ്പൻ ചേട്ടനും ആ വീട്ടിൽ നിന്നുമിറങ്ങി. യാത്രാമദ്ധ്യേ ഞാൻ കുഞ്ഞപ്പൻ ചേട്ടനോടോ, അദ്ദേഹം എന്നോടോ പരസ്പരം ഒന്നും സംസാരിച്ചില്ല.
ഞാൻ ചിന്തിക്കുകയായിരുന്നു ചെയ്തത് തെറ്റ് തന്നെ കേവലം പത്താംക്ലാസ് വിദ്യാഭ്യാസവും, വെറുമൊരു ഓട്ടോ ഡ്രൈവറുമായ ഞാൻ ഒരിക്കലും ഉയർന്ന പഠിപ്പും, പ്രൈവറ്റ് സ്കൂളിൽ ജോലിയുമുള്ള ആ പെൺകുട്ടിയെ പെണ്ണുകാണുവാനായി ചെല്ലുവാൻ പാടില്ലായിരുന്നു.
"പെണ്ണിന് കുറച്ചു വിദ്യാഭ്യാസമുണ്ടെന്നെയുള്ളു, സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ്, ഞാൻ നിന്റെ ജോലിയും, പഠിപ്പുമെല്ലാം പെണ്ണിന്റെ അച്ഛനോട് പറഞ്ഞിട്ടുണ്ട് അയാൾക്ക് പൂർണ്ണ സമ്മതം".ഇങ്ങനെ കുഞ്ഞപ്പൻ ചേട്ടൻ പറഞ്ഞത് കൊണ്ടാണ് ഞാൻ ഇ പെണ്ണുകാണലിനു തുനിഞ്ഞ് ഇറങ്ങിയത്.
ചായയുമായി അവൾ വന്നപ്പോൾ ഞാൻ ഒറ്റ നോട്ടമേ നോക്കിയുള്ളൂ. അവൾ ചായയും തന്നിട്ട് കുറച്ചു അങ്ങോട്ട് മാറി നിന്നു. അപ്പോഴാണ് അവിടെയുണ്ടായിരുന്ന പെണ്ണിന്റെ ഏതോ ഒരു സ്വന്തക്കാരാൻ ചോദിച്ചത് "ചെറുക്കന് എന്താ ജോലി." ഞാൻ ഉടനെ പറഞ്ഞു ഓട്ടോ ഡ്രൈവർ ആണെന്ന്. ഞാൻ ഉത്തരം നൽകി കഴിഞ്ഞതും അവിടെ നിന്ന അവൾ പെട്ടന്ന് അകത്തേക്ക് കയറി പോയി.
അവർ തമ്മിൽ എന്തേലും സംസാരിക്കട്ടെ കുഞ്ഞപ്പൻ ചേട്ടൻ പറഞ്ഞപ്പോൾ. തലയാട്ടി അത് ശരിവച്ചു കൊണ്ട് പെണ്ണിന്റെ അച്ഛൻ അകത്തേക്ക് പോകുവാൻ പറഞ്ഞു.ചെറിയ ചമ്മലോടും, ഭയത്തോടും കൂടി ഞാൻ എഴുനേറ്റകത്തേക്ക് നടന്നു.
"മോളെ നീയൊന്നു ചെന്ന് എന്തേലും സംസാരിക്കു.. പിന്നീട് നമുക്ക് പറയാം ഇഷ്ടമായില്ലന്ന്". ഒരു സ്ത്രീയുടെ സംസാരം കേട്ട ഞാൻ നടത്തം നിർത്തി. "എന്നാലും ഒരു ഓട്ടോകാരനെ!! എന്നെ കാണിക്കാൻ കൊണ്ടുവരുവാൻ അച്ഛന് എങ്ങനെ തോന്നി, അമ്മയ്ക്ക് അറിയില്ലേ ഇ ഓട്ടോക്കാരെല്ലാം വെറും ആഭാസന്മാരാണ്"... ചായയുമായി വന്ന പെണ്ണിന്റെ ശബ്ദമായിരിക്കുമതെന്ന് ഞാൻ മനസ്സിലാക്കി.
ഇതൊക്കെ ചെവികളിൽ കേട്ട ഞാൻ വീണ്ടും അകത്തേക്ക് നടക്കാതെ പുറത്തേക്കു തിരിച്ചു നടന്നു. പുറത്ത് കസേരയിൽ ഇരുന്ന എല്ലാപേരും എഴുനേറ്റു നിൽക്കുന്നുണ്ടായിരുന്നു. പെണ്ണിന്റെ അച്ഛൻ തല കുനിച്ചു നിൽക്കുകയായിരുന്നു. അകത്തെ സംസാരം പുറത്തും കേട്ടിരിക്കുന്നു. ആരും പരസ്പരം മിണ്ടിയില്ല ഞാനും, കുഞ്ഞപ്പൻ ചേട്ടനും അവിടെ നിന്നും ഇറങ്ങി.
ആ സംഭവമെല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ വർഷം രണ്ടാകുന്നു. ഞാൻ സന്തോഷത്തോടുകൂടി ഓട്ടോ ഓടിച്ചു ജീവിക്കുന്നു. അന്ന് ഉച്ചയോടുകൂടി ഞാൻ വീട്ടിലേക്ക് പോകുന്ന വഴിയിൽ എന്തോ ആക്സിഡന്റ് പറ്റി ഒരു മനുഷ്യൻ റോഡിൽ കിടക്കുന്നത് കണ്ടു. ആൾക്കാരെല്ലാം ചുറ്റും കൂടി നിൽക്കുന്നു. ഞാനും വണ്ടി നിർത്തി ഇറങ്ങി അവിടേക്ക് ചെന്നു.
ചോരയിൽ കുളിച്ചു കിടക്കുന്ന ഒരു മനുഷ്യൻ. ഞാൻ നോക്കിയപ്പോൾ അയാൾക്ക് ജീവൻ ഉണ്ട്. ഉടനെ തന്നെ ഞാൻ അയാളെ എടുത്ത് ഓട്ടോയിലേക്ക് കയറ്റി. അവിടെ കൂടി നിന്നവരിൽ ആരോടേലും കൂടെ കയറുവാൻ പറഞ്ഞു നോക്കി. എല്ലാവരും കേൾക്കാത്ത മട്ടിൽ തിരിഞ്ഞു നിന്നു.
മറ്റാരും ഇല്ലാത്തതു കൊണ്ട് ഞാൻ ആശുപത്രിയിൽ നിൽക്കേണ്ടി വന്നു. കൈയിൽ ഉണ്ടായിരുന്ന പൈസ മുഴുവൻ അവിടെ ചിലവായി. സമയത്തു കൊണ്ട് വന്നത് കൊണ്ട് ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞെന്നു ഡോക്ടർ പറഞ്ഞു. ഒരു ജീവൻ ഞാൻ കാരണം രക്ഷപ്പെട്ടിരിക്കുന്നു.
വാർഡിലേക്ക് മാറ്റിയ അയാളുടെ അടുത്തേക്ക് ഞാൻ ചെന്നു. അവിടെ നിന്ന സിസ്റ്റർ ഇതാണ് നിങ്ങളെ ഇവിടെ കൊണ്ട് വന്ന ആളെന്ന് അയാളോട് പറഞ്ഞു. അയാൾ കിടന്നു കൊണ്ട് തല തിരിച്ചു. അപ്പോഴാണ് ഞാനും ശരിക്കും അയാളെ കാണുന്നത്. രണ്ടു വർഷം മുന്നേ കേവലം ഒരു ഓട്ടോക്കാരനായ ഞാൻ പെണ്ണുകാണാൻ ചെന്നതിനു വാക്കുകളാൽ അപമാനിച്ച പെൺകുട്ടിയുടെ അച്ഛൻ!!.
ഞാൻ അയാളെ നോക്കി ഒന്ന് ചിരിച്ചു. അയാളുടെ മുഖത്ത് വല്ലാത്തൊരു ചമ്മൽ ഉണ്ടായിരുന്നു. അന്ന് നടന്നതിനൊക്കെ അയാൾ മാപ്പ് പറഞ്ഞു തുടങ്ങി. അപ്പോഴേക്കും അയാളുടെ മകൾ അഥവാ ഞാൻ അന്ന് കല്ല്യാണം ആലോചിച്ചു ചെന്ന പെൺകുട്ടിയും, അയാളുടെ ഭാര്യയും കൂടി അവിടേക്ക് വന്നു.
ഞാൻ അവിടെ നിൽക്കുന്നതൊന്നും അവൾ ശ്രദ്ധിച്ചില്ല.അച്ഛനെ നോക്കുന്ന വെപ്രാളത്തിൽ ആയിരുന്നു. കുറച്ചു കഴിഞ്ഞ് അയാൾ എന്തോ പറഞ്ഞപ്പോൾ അവൾ നന്ദി അറിയിക്കുവാനാ കണും ഞാൻ നിന്നിടത്തേക്ക് നോക്കി. പെട്ടന്ന് അവളുടെ മുഖം വല്ലാതായി അവൾ അറിയാതെ തലകുനിച്ചു പോയി.
ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു എന്നിട്ട് പറഞ്ഞു. "എല്ലാ ജോലിക്കും അതിന്റെതായ മാന്യതയുണ്ട്. പിന്ന ഓട്ടോക്കാരെല്ലാം ആഭാസന്മാരാണെന്നുള്ള ധാരണ മാറ്റണും കേട്ടോ, പിന്ന എല്ലാ വിഭാഗത്തിലും നല്ലവരും, ചീത്തകളും കാണും. ഏതെങ്കിലും ഒരു ഓട്ടോക്കാരൻ തെറ്റ് ചെയ്തിട്ടുണ്ടാകാം അതിനു എല്ലാവരെയും അടച്ചു ആക്ഷേപിക്കരുത്"….ഇത്രയും പറഞ്ഞ് ഞാൻ തിരികെ നടന്നു.
പിറ്റേന്ന് ഒരു മൂന്ന് മാണിയോട് കൂടി ഞാൻ അയാളെ കാണുവാൻ ആശുപത്രിയിലേക്ക് ചെന്നു. ഞാൻ ചെല്ലുമ്പോൾ അയാളുടെ അടുത്ത് ആരും ഉണ്ടായിരുന്നില്ല. കുറെ നേരം സംസാരിച്ചിട്ട് ഞാൻ പോകുവാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു."മോനെ, എന്റെ മോൾ പറഞ്ഞു അവൾക്കു മോനെ കല്ല്യാണം കഴിക്കുവാൻ ഇഷ്ടമാണെന്ന്!!…മോന് എതിർപ്പില്ലെ നമുക്ക് ഒന്നുകൂടി ആലോചിച്ചു കൂടെ"...... അത് കേട്ടതും ഞാൻ ഒരു ചിരി അയാൾക്ക് സമ്മാനിച്ചിട്ട് അവിടെ നിന്നും ഇറങ്ങി.
പുറത്തേക്കു പോകുന്ന വഴിയിൽ ഞാനും അവളും പരസ്പരം കണ്ടുമുട്ടി. അവളുടെ മുഖത്ത് വല്ലാത്ത കുറ്റബോധം നിഴലിച്ചിരുന്നു. ഞാൻ അവളോട് പറഞ്ഞു... "അച്ഛൻ കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞു"..... ഞാൻ അങ്ങനെ പറഞ്ഞു കഴിഞ്ഞതും അവൾ നാണത്തോടു കൂടി തല മെല്ലെ തറയിലേക്ക് താഴ്ത്തി. ഞാൻ കണ്ടു കാലിന്റെ തള്ള വിരൽ കൊണ്ട് അവൾ വൃത്തം വരയ്ക്കുന്നത്.
അപ്പോഴാണ് ഞാൻ കൈയിൽ കെട്ടിയിരുന്ന വാച്ചിലേക്ക് പെട്ടന്ന് സമയം നോക്കിയത്. സമയം നാലുമണി കഴിഞ്ഞിരിക്കുന്നു.വൃത്തം വരച്ച് കളിക്കുന്ന അവളോട് വീണ്ടും ഞാൻ പറഞ്ഞു. "ക്ഷമിക്കണും കൂടുതൽ സംസാരിച്ചു നിൽക്കാൻ സമയമില്ല… ഇവിടെ അടുത്തുള്ള സർക്കാർ സ്കൂളിലെ ടീച്ചർ ആണ് എന്റെ ഭാര്യ ഇപ്പോൾ അവൾ സ്കൂൾ വിട്ട് പുറത്തിറങ്ങി എന്നെ കാത്തു നിൽക്കുന്നുണ്ടാകും... എന്നാൽ ഞാൻ പോകട്ടെ"........ ഞാൻ ഇത് പറഞ്ഞു കഴിഞ്ഞതും അവൾ പെരുവിരലാൽ തീർത്തുകൊണ്ടിരുന്ന വൃത്തം പൂർത്തിയാക്കാൻ കഴിയാതെ തരിച്ചു നിൽക്കുകയായിരുന്നു....
ഡിനുരാജ് വാമനപുരം

super
ReplyDelete