Slider

നിരഞ്ജന

0
Image may contain: Aneesh Anu, outdoor and closeup
=======
പതിവുപോലെ കോളേജ് കഴിഞ്ഞു ബസ് ഇറങ്ങി വീട്ടിലേക്ക് ഉള്ള നടത്തത്തിലാണ് നിരഞ്ജന. പതിവ് കാഴ്ചകൾ തന്നെ രാഘവേട്ടന്റെ ചായക്കടയുടെ ചില്ല് അലമാരയിൽ പലഹാരങ്ങൾ നിറഞ്ഞിരിപ്പുണ്ട് പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇതൊക്കെ വൈകുന്നേരം ആവുമ്പോഴേക്കും കഴിയുമോ കഴിയുമായിരിക്കും. തൊട്ടപ്പുറത്തെ ക്ലബ്ബിലിരുന്നു കുറച്ച് പേർ കാരംസ് കളിക്കുന്നു ചിലർ പുറത്തേക്ക് നോക്കിയിരിപ്പുണ്ട് ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന കുട്ടികളെ വായ്നോട്ടം തന്നെ.
അവിടെ നിന്നും വേഗം നടന്നു വായനശാലയ്ക്ക് അടുത്തെത്തിയപ്പോൾ നടത്തം വേഗത കുറച്ചു അവിടെ ഒരാൾ എന്നും കാത്തുനിൽപ്പുണ്ട് ഒരു നോട്ടത്തിനു വേണ്ടി. രഘു ഇരുനിറത്തിൽ ആണെങ്കിലും കാണാൻ സുന്ദരൻ പഠനം കഴിഞ്ഞു ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കയാണ്. ആൾക്ക് സംസാരിക്കാൻ കഴിയില്ല എന്നൊരു കുറവുണ്ട് മറ്റുള്ളവരുടെ കണ്ണിൽ, തനിക്കത് അങ്ങനെ തോന്നിയിട്ടില്ല. ഇന്ന് വരെ പരസ്പരം മിണ്ടിയിട്ടില്ല എങ്കിലും എന്തോ ഒരിഷ്ടം ഉണ്ട് ആൾക്ക് തന്നോട്.
"ഇതെന്താ കുഞ്ഞേച്ചി ഇവിടെ നിന്ന് ആലോചിക്കുന്നേ"
പെട്ടെന്ന് പുറകിൽ നിന്നൊരു ശബ്ദം. രാമേട്ടന്റെ കടയിലെ തൂങ്ങി കിടക്കുന്ന പഴകുലകൾക്കിടയിൽ നിന്ന് കോൽ ഐസും വാങ്ങിക്കൊണ്ട് അപ്പു ഇറങ്ങി വന്നു.
"ഒന്നുല്ലടാ ചുമ്മാ നിന്നതാ വാ പോകാം" അവനെയും കൂട്ടി പെട്ടെന്ന് നടന്നു.
"കുഞ്ഞേച്ചി ഞാനിന്ന് കളി കഴിഞ്ഞിട്ട് വന്നാൽ മതിയോ പഠിക്കാൻ? "
"ആ നീ വൈകി വന്നാൽ ഒറ്റക്ക് ഇരുന്നു പഠിക്കേണ്ടി വരും എനിക്ക് പഠിക്കാൻ ഉണ്ട്"
"എന്നാ വേണ്ട ഞാൻ പോയിട്ട് വേഗം വരാം, അല്ല ചേച്ചിടെ വീട്ടിൽ ഇന്ന് വിരുന്നുകാർ ഒക്കെ ഉണ്ടല്ലോ ദേ മുറ്റത്തൊരു കാർ കിടക്കുന്നു"
"ശെരിയാണല്ലോ ഇതിപ്പോ ആരാ ഒരു പരിചയം ഇല്ലാത്ത വണ്ടി ആണല്ലോ"
വീട്ടിലേക്കുള്ള ഗേറ്റ് അടുത്തെത്തിയതും മാധവൻമാമ വന്നു.
"നീ ആ പുറകുവശത്തൂടെ ഉള്ള ഗേറ്റ് കൂടി അകത്തേക്ക് കയറിയാൽ മതി മോളെ ചെല്ല് ".
"അതെന്താപ്പോ അങ്ങനെ ആ എന്തോ ആവട്ടെ ഇമ്മക്ക് പോവാ, എനിക്ക് തോന്നുന്നത് ഇത് ചേച്ചിക്കുള്ള എന്തോ പണിയാണെന്നാ"
"ഒന്ന് പോയെടാ അപ്പു നീ പോയിട്ട് വാ ട്ടോ"
ഗേറ്റ് കടന്നു അടുക്കളവാതിലിൽ എത്തിയപ്പോ അവിടെ ചെറിയമ്മയും അമ്മായിയും അമ്മയും ചായ ഉണ്ടാകുന്നത്തിന്റെയും പലഹാരം പ്ലേറ്റ് ആക്കുന്നതിന്റെയും തിരക്ക്.
"ആ മോള് വന്നോ, പോയിട്ടൊന്നു മുഖം കഴുകി ഡ്രസ്സ്‌ മാറി വന്നെടാ "
"എന്തിനാ അമ്മേ, ആരാ ഉമ്മറത്തു വന്നേക്കുന്നെ" ആകാംഷയോടെ മുഖത്തേക്ക് നോക്കി.
"അവർ നിന്നെ ഒന്ന് കാണാൻ വന്നതാ, നീ പോയി ഡ്രസ്സ്‌ മാറി വാ"
ശെടാ തന്റെ പെണ്ണുകാണൽ ചടങ്ങാണോ ഈ നടക്കുന്നത്. എല്ലാം പറയുന്ന അച്ഛൻ പോലും ഒന്നും പറഞ്ഞില്ല ലോ എന്ത് പറ്റി.
പെട്ടെന്ന് പോയി ഡ്രസ്സ്‌ മാറി വന്നു ഇല്ലേൽ ചിലപ്പോ അതിനാവും ചീത്ത കേൾക്കാ. അടുക്കളയിൽ ചെന്ന വഴി അമ്മ ഒരു പ്ലേറ്റ് എടുത്തു കയ്യിൽ തന്നു അവർക്ക് കൊടുക്കാൻ ഉള്ള ചായയാണ്. അത് അവിടെ കൊണ്ട് കൊടുത്തു ഒരു നിമിഷം നിന്നിട്ട് തിരികെ വാതിലിൽ അമ്മേടെ അടുത്ത് വന്നു നിന്നു. മാധവൻമാമ എല്ലാർക്കും ചായ എടുത്തു കൊടുത്തു.
കൂട്ടത്തിലെ ചെറുപ്പക്കാരൻ കുറെ തവണ തന്നെ നോക്കുന്നത് കണ്ടപ്പോഴേ ഉറപ്പായി അത് തന്നെ ചെക്കൻ.
"കുട്ടി നിന്ന് മുഷിയണ്ട അകത്തേക്ക് പൊയ്ക്കോളൂ, ബാക്കി കാർന്നോമ്മാര് തമ്മിൽ സംസാരിക്കാ" കൂട്ടത്തിലെ പ്രായം ചെന്നൊരാൾ പറഞ്ഞു. രക്ഷപെട്ടു എന്ന് മനസ്സിലോർത്തു അവടെ നിന്നും ഓടി.
വന്നവർ കുറെ നേരം കഴിഞ്ഞാണ് പോയത്. അവർ പോയതിനുശേഷം മാധവൻ മാമയും അച്ഛനും ചെറിയച്ചനും കൂടി കുറെനേരം നിന്ന് സംസാരിക്കുന്നത് കണ്ടു. അവർ എന്തോ തീരുമാനം എടുത്ത മട്ടാണ്. കുറച്ച് കഴിഞ്ഞപ്പോൾ അപ്പു വന്നു കുറച്ച് നേരം അവനു സംശയം ഉള്ളത് പറഞ്ഞു കൊടുത്തു. പഠിക്കാൻ ഇരുന്നേങ്കിലും അവിടെയും ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല.
അത്താഴം കഴിക്കുന്നതിനിടയിലാണ് അച്ഛൻ കാര്യം പറഞ്ഞു തുടങ്ങിയത്.
"മോളെ നല്ലൊരു ആലോചനയാണ് വന്നിരിക്കുന്നത്, നല്ല കുടുംബം ചെക്കന് ദുബായിൽ ആണ് ജോലി നല്ല പോസ്റ്റ്‌ ആണ്. മോൾക്ക് ഇഷ്ടായോ"
അച്ഛന്റെ ചോദ്യം കേട്ടു ആദ്യം നോക്കിയത് അമ്മേടെ മുഖത്തേക്കാണ്. അവിടെയും കണ്ടു ഒരു ആകാംഷ.
"ഇഷ്ടായാലും ഇല്യാച്ചാലും നീ പറഞ്ഞോ മോളെ കുഴപ്പമില്ല, ആൾ അടുത്താഴ്ച തിരിച്ചു പോകും അതോണ്ട് നാളെ തന്നെ വിവരം പറയണം"
"അച്ഛന്റെ അമ്മേടേം ഇഷ്ടം പോലെ ആയിക്കോട്ടെ" ഒരൊഴുക്കിന് അങ്ങ് പറഞ്ഞു. തള്ളിക്കളയാൻ മാത്രം ഒരു കുറവ് ഉള്ളതായി തോന്നിയില്ല. നല്ല കുടുംബം ജോലി എല്ലാം കൊണ്ട് ചേരുന്ന ബന്ധം. തന്റെ മറുപടി കേട്ടതും അച്ഛന് സമാധാനമായി മുഖം തെളിഞ്ഞു.
" പക്ഷെ അച്ഛാ എനിക്ക് പഠിക്കണം അതിന് പറ്റില്ല പറയരുത്"
"അത് അച്ഛൻ പറഞ്ഞിട്ടുണ്ട്, ഡിഗ്രി കഴിയ്യാറായില്ലേ അതൊക്കെ അവർ നോക്കിക്കോളും. അവിടത്തെ അമ്മ ടീച്ചർ ആണ് അതോണ്ട് അവർക്ക് അറിയാതെ ഇരിക്കില്ലലോ വിദ്യാഭ്യാസത്തിന്റെ വില."
"അച്ഛൻ എന്തായാലും അവരോട് ഉറപ്പ് പറയാൻ പോവാണ് ട്ടോ"
പിന്നെ എല്ലാം പെട്ടെന്നു ആയിരുന്നു വളരെ കുറച്ച് റിലേറ്റീവ് ആയി കല്യാണം ഉറപ്പിര് നടത്തി. കല്യാണം കേമം ആക്കാം എന്ന ഉറപ്പിന്മേലാണ് അച്ഛനത് സമ്മതിച്ചത്. മോഹൻ നല്ല ആളായിരുന്നു നല്ല ഫ്രണ്ട്‌ലി ആണ് ആൾ. 3 മാസത്തിന് കല്യാണതീയതി തീരുമാനിച്ചു വെച്ചാണ് മോഹൻ തിരികെ പോയത്.
മൂന്നും മാസം വളരെ പെട്ടെന്ന് പോയി ഇടക്കെപ്പോഴോ രണ്ടു തവണ മോഹൻ വിളിച്ചിരുന്നു. എല്ലാരുടേം മുന്നിൽ വെച്ച് നിന്ന് സംസാരിക്കാൻ ഒന്നും അധികം നിന്നില്ല. കല്യാണത്തിന് സ്വർണം എടുക്കലും തുണിയെടുക്കലും വീടുവൃത്തിയാക്കലും വൈറ്റ് വാഷിംഗ്‌ ഒക്കെയായി. ഒരുത്സവ പ്രതീതി ആയിരുന്നു വീട്ടിൽ.
തറവാട്ടമ്മയുടെ സന്നിധിയിൽ വെച്ച് മോഹൻ കഴുത്തിൽ താലി ചാർത്തി ജീവിതസഖിയായി കൈപിടിച്ചു. നാലുകൂട്ടം പായസമുള്ള ഗംഭീരസന്ധ്യയായിരുന്നു അച്ഛൻ ഒരുക്കിയിരുന്നത് നടന്നറിഞ്ഞുള്ള കല്യാണം. ഒടുവിൽ അച്ഛനേം അമ്മയേം പിരിഞ്ഞു മറ്റൊരുവീട്ടിലേക്ക്.
നിലവിളക്ക് എടുത്ത് വലതുകാൽ വെച്ച് അവിടത്തെ ടീച്ചറമ്മ ഞങ്ങളെ ആനയിച്ചു. മധുവിധു രാവുകൾ സന്തോഷത്തിന്റെ അതിർവരമ്പുകൾ പൊട്ടിക്കുന്നതായിരുന്നു. വിരുന്നും കറക്കവുമായി ഒരു മാസം പോയതറിഞ്ഞില്ല അതിനിടയിൽ മോഹൻ തന്നെ കൊണ്ട് പോകാനുള്ള കാര്യങ്ങൾ എല്ലാം ശെരിയാക്കിയിരുന്നു. ടീച്ചറമ്മ ജോലി ചെയുന്നത് അടുത്ത ജില്ലയിൽ ആയിരുന്നു അതാണ് മോഹൻ തന്നെ വീട്ടിൽ നിർത്താതെ ഗൾഫിലോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചത്.
നാട്ടിൻപുറത്തുകാരിയുടെ തനിമയോടെ നിന്ന താനിനി ഗൾഫിലേക്ക് പറക്കുകയാണ്. ഒരുപാട് സന്തോഷം ആകാംഷ എല്ലാരേം പിരിയുന്ന സങ്കടം എല്ലാം നിറയുന്നതായിരുന്നു അപ്പോഴത്തെ അവസ്ഥ. തലേദിവസം പെട്ടി പാക്ക് ചെയ്യലും ഡ്രസ്സ്‌ എടുത്ത് വെക്കലും എല്ലാം തകൃതിയായി നടന്നു. അപ്പുവും വന്നിരിന്നു അച്ഛന്റേം അമ്മയുടേം കൂടെ അവന്റെ കുഞ്ഞേച്ചിയെ കാണാൻ.
പിറ്റേന്ന് രാവിലെ ഫ്ലൈറ്റ് ആണ് പോകുന്നത് എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി. അപ്പുവിന്റെ അടുത്തെത്തിയപ്പോൾ മാത്രം കണ്ണു നിറഞ്ഞു ഒഴുകി. രണ്ട് കവിളത്തും ഒരു മുത്തം നൽകി അവനും കരഞ്ഞിരുന്നു. മോഹൻ കൂടെ ആയത് കൊണ്ട് വല്യ വിഷമം തോന്നിയില്ല. ആകാംഷയോടെ ഓരോ കാര്യങ്ങളും നോക്കി കണ്ടു. സിഗ്നൽ അനൗൺസ് മെന്റുകൾക്ക് ശേഷം ഫ്ലൈറ്റ് ഉയർന്നു പൊങ്ങി തങ്ങളെയും കൊണ്ട്...
തുടരും...
📝അനീഷ് അനു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo