Slider

നെല്ലിമരച്ചുവട്ടിലെ കൂട്ടുകാരി

0
Image may contain: 1 person
Jayaraj:-
കുറേക്കാലങ്ങൾക്ക് ശേഷമാണ് ഇന്നലെ ധന്യ വന്നത്. മോൾടെ സ്‌കൂളിൽ പി ടി എ മീറ്റിങ്ങിന് പോകുമ്പോഴേ എനിക്ക് അറിയാമായിരുന്നു ഞാൻ നിർബന്ധിച്ചാൽ അവളെൻറെ കൂടെയിങ്ങ് പോരുമെന്ന്. വീട്ടിൽ തിരിച്ചെത്തി പെട്ടെന്ന് ചായയൊക്കെ വെക്കുമ്പോഴും അവൾ എന്നെ നോക്കിക്കൊണ്ട് അടുക്കളയിൽ തന്നെ നിന്നു. "ഞാൻ ജീവിച്ചിരുന്നെങ്കിൽ ഇപ്പൊ നിന്നെപ്പോലെ ഇങ്ങനെ രണ്ടുകുട്ടികളും കെട്ട്യോനും അടുക്കളയും ഒക്കെയായി ഏതോ ഒരു വീട്ടിൽ തിരക്കിലായിരിക്കും അല്ലെ" അവൾ വെറുതെ ചിരിച്ചപ്പോൾ പഴയപോലെ അവളുടെ ചിരി നുണക്കുഴിയിൽ അലിഞ്ഞുപോയി. അതുകേട്ടപ്പോൾ എൻറെ കണ്ണിലെവിടെയോ ഒരു നനവ് പടർന്നു.
ഇന്നെൻറെ മോളുപഠിക്കുന്ന അതേ ഗവർണമെന്റ് സ്‌കൂളിൽ തന്നെയായിരുന്നു ഞാനുമവളും ഒരുമിച്ച് പഠിച്ചിരുന്നത്. ആഴത്തിലുള്ള ജന്മബന്ധങ്ങളായി സൗഹൃദങ്ങൾ പൂക്കുന്ന സ്‌കൂൾ കാലം.. എല്ലാവർഷവും ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിൽ ഇരിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടുകയും ചെയ്തു, ഏഴാം ക്‌ളാസിലേക്ക് സ്‌കൂൾ തുറക്കും വരെ..
ഉച്ചകഴിഞ്ഞുള്ള ക്ലാസുകൾക്ക് തണുപ്പേകിക്കൊണ്ട് കിഴക്കേമുറ്റത്തെ നെല്ലിമരം ചാഞ്ഞുനിൽക്കുന്ന ഏഴ് A ഞങ്ങളുടെ ഇഷ്ടപ്പെട്ട കളാസ്സ്മുറിയായിരുന്നു. അവിടെ ജനലിനോട് ചേർന്നിരിക്കുമ്പോൾ ചാഞ്ഞുവന്ന് കഴുത്തിലും തോളിലുമായി മഴനൂലുകൾ നൽകിയ ചെറുചുംബനങ്ങൾക്ക് കൂട്ടിനായ് നെല്ലിയുടെ കുഞ്ഞിലകളും ഉണ്ടാകുമായിരുന്നു. പച്ചയും മഞ്ഞയും കലർന്ന കുഞ്ഞിലകൾ. ഇളംകുളിരുള്ള ആ നിമിഷങ്ങളിൽ ഞങ്ങൾ മുട്ടിയുരുമ്മിയിരുന്ന് മഴയെയും മാഷേയും മാറിമാറിനോക്കും. മാഷ് പറയുന്നതിനേക്കാൾ മഴപറയുന്ന കാര്യങ്ങളായിരുന്നു ഞങ്ങൾക്ക് കൂടുതൽ മനസ്സിലായത്.
ഊട്ടിയിൽ നിന്ന് ലീവിൽ വന്ന അച്ഛൻറെ ഷേവിങ്ങ് കിറ്റിൽ നിന്നൊരു ബ്ലേഡ് എടുത്ത് ബോക്സിൽ വെച്ചാണ് ഞാൻ ഒരു ദിവസം ക്ലാസ്സിൽ എത്തിയത്. അതിൽ ഒരുപകുതി ധന്യക്ക് കൊടുത്തത് പെൻസിൽ മൂർച്ചകൂട്ടാൻ ആയിരുന്നുവെങ്കിലും അവളതുവെച്ച് ഡെസ്‌ക്കിലെ അവളുടെ ഭാഗം ചുരണ്ടിച്ചുരണ്ടി വൃത്തിയാക്കിയെടുത്തു. മുൻതലമുറകൾ വര്ഷങ്ങൾകൊണ്ട് ബാക്കിവെച്ചുപോയ ചെളിയമർന്ന ആ ഡെസ്കുകൾക്ക് ഇങ്ങനെയൊരു പൂർവനിറം ഉണ്ടെന്ന് ആലോചിക്കാൻപോലും പറ്റില്ലായിരുന്നു. ഇരുണ്ടമാനംപോലെ മുൻപിൽ കറുത്തു നീണ്ടുകിടക്കുന്ന ഞങ്ങളുടെ ഡെസ്ക്കിൽ മേഘങ്ങളില്ലാതെ സൂരുൻ തിളങ്ങിനിൽക്കുന്ന ഒരു ആകാശചീന്തുപോലെ ധന്യയുടെ മുൻപിലെ ഡെസ്ക്കിൻറെ ഭാഗം തെളിഞ്ഞുനിന്നു. "എൻറെ ഈ പത്തുസെന്റിൽ ആരും കൈവെക്കരുത്" ചിരിയോടെ പറയുമ്പോൾ തന്നെ അവൾ ആ ഭാഗത്തിന് ഒരു കുഞ്ഞു ബോർഡർ വരച്ചു. ഒരു ആശാരിയുടെ കരവിരുതോടെ അതിൻറെ ഒരു വശത്തുനിന്നും ഒരു മരക്കൊമ്പ് നീണ്ടുനിന്നു. അതിന്മേൽ രണ്ടു കുഞ്ഞുപക്ഷികളെക്കൂടി വരച്ചു ചേർത്തു "ഇത് നമ്മളുടെ നെല്ലിമരം, ഇരിക്കുന്ന പക്ഷികൾ നമ്മൾ രണ്ടാളും", എന്നെ ചേർത്തുപിടിച്ച് അവളത് പറഞ്ഞപ്പോൾ എൻറെ ഉള്ളം തുടിച്ചു; ഇടതുവശത്ത് ഇരിക്കുന്നത് തന്നെയാവും ഞാൻ. അച്ഛൻറെ ബ്ലേഡിൻറെ കൂർത്ത അറ്റം ചേർത്ത് അവൾ അടിയിൽ എഴുതി, "By Dhanya K". ആ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് ചിത്രത്തെക്കാൾ ആഴം കൂടുതൽ ആയിരുന്നു... "നമ്മൾ അടുത്തകൊല്ലം ഇവിടുന്നുപോയാലും ഇനിവരുന്നവർ നമ്മളെ ഓർക്കണം", നുണക്കുഴിയിലേക്ക് പടർന്നിരുന്നു അവളുടെ പുഞ്ചിരി അപ്പോഴും.
മഴമൂത്ത ജൂണിൻറെ അവസാനത്തെ ആഴ്ച, തിങ്കളും ചൊവ്വയും അവൾ ക്ലാസിൽ വരാത്തപ്പോഴും ഞങ്ങൾ പറഞ്ഞത് കരകവിഞ്ഞൊഴുകുന്ന പുഴയിൽ അവരുടെ മരപ്പാലം ഒലിച്ചു പോയതുകൊണ്ടാവാം എന്നാണ്. ആ ആഴ്ച്ച മുഴുവൻ അവൾ കളാസ്സിൽ വന്നതേയില്ല. വൃത്തിയോടെ അതിരുകെട്ടിത്തിരിച്ച അവളുടെ പത്തുസെന്റിലെ നെല്ലിമരക്കൊമ്പിലിരിക്കുന്ന കുഞ്ഞുപക്ഷികളെ ഞാൻ ഇടക്കിടെ തഴുകിക്കൊണ്ടേയിരുന്നു.
അടുത്ത തിങ്കളാഴ്ച രാവിലെ കണ്ടത് 7A ചേർന്നിരുന്ന കിഴക്കേനെല്ലിയുടെ കൊമ്പ് പൊട്ടിക്കിടക്കുന്നതാണ്. . ക്‌ളാസ് മാഷ് രാവിലെ ഒരു പ്രത്യേക വിവരം എന്ന നിലയിലാണ് ആ കാര്യം പറഞ്ഞത്. "നമ്മളുടെ ക്ലാസ്സിലെ ധന്യ കെ കഴിഞ്ഞ വെള്ളിയാഴ്ച കോളറ വന്ന്‌ മരിച്ചു.. ചടങ്ങെല്ലാം ശനിയാഴ്ച തന്നെ കഴിഞ്ഞു; നമ്മൾക്കെല്ലാം ഒരു നിമിഷം അവളുടെ ഓർമകൾക്ക് മുൻപിൽ പ്രാര്ഥിച്ചുനിൽക്കാം". പ്രാർത്ഥന കഴിഞ്ഞപ്പോൾ എല്ലാവരും കളിക്കാൻ പൊയ്ക്കോളാൻ മാഷ് പറഞ്ഞത് കുട്ടികളുടെ മനസ്സിൽ നിന്നും ആ ദുഃഖം മാഞ്ഞുപോട്ടെ എന്നുകരുതിയാവാണം.
പത്തുസെന്റിലെ പക്ഷികളുടെ മുകളിൽ കൈവെച്ച് ഞാൻ കമഴ്ന്നുകിടന്നു. ശനിയാഴ്ചയും ഞായറാഴ്ച്ചയും നടന്ന ഒരുപാട് കാര്യങ്ങൾ എനിക്ക് നിന്നോട് പറയാനുണ്ടായിരുന്നല്ലോടീ. എവിടെയാണ് നീ? നിന്നെ വെള്ളപുതപ്പിച്ച് കിടത്തിയത് ഞാൻ എങ്ങനെയാണ് സങ്കൽപ്പിക്കുക.. നിൻറെക്കൂടെ ആ തുണിക്കടിയിൽ ഞാനും ഉണ്ടായിരുന്നെങ്കിൽ നമുക്ക് എന്തൊക്കെ സംസാരിക്കാമായിരുന്നു അല്ലെ? മണ്ണിൻറെ അടിയിൽ ശ്വാസംമുട്ടാതെ നിനക്കെങ്ങനെ കിടക്കാൻ കഴിയും. കഴിഞ്ഞ ആഴ്ച്ച മുഴുവൻ നീയെന്നെ ഓർത്തിരിക്കില്ലേ? നിൻറെ വേദനകൾ ഒന്നുമറിയാതെ ഞാൻ നിന്നെ കാത്തിരുന്നല്ലോ.. എനിക്കുറപ്പാണ്, മണ്ണിൻറെ അടിയിൽ കിടന്നും നീ എന്നെ ഓർക്കുന്നുണ്ടാവും.. നീ എവിടെപ്പോകാനാണ്..? ഇവിടെ മഴനൂലുകൾ നെല്ലിയിലകളുടെ കൂട്ടുകൂടി വരുന്ന ഈ നീല ജനാലഴികൾക്കപ്പുറംനിന്ന് നീ പുഞ്ചിരിക്കുന്നതും നുണക്കുഴികൾ വിടരുന്നതും എനിക്കിപ്പോഴും കാണാമല്ലോ ... നെല്ലിമരച്ചുവട്ടിൽ നിൽക്കാതെ നീയിവിടെ എൻറെ അരികിൽ വന്നിരിക്കൂ.. പറഞ്ഞാലൊന്നും തീരാത്ത എത്ര കാര്യങ്ങളാണ് പങ്കിടാനുള്ളത്!!
ഉള്ളുപൊള്ളുന്ന വിഭ്രാന്തിയുടെ നെരിപ്പോടുകളായിരുന്നു പിന്നെ കുറെ ദിവസം. ആരും ഒന്നും അറിഞ്ഞില്ല, നിർത്താതെ ഒഴുകുന്ന എൻറെ കണ്ണുകൾ ആരും ശ്രദ്ധിച്ചില്ല.
ടീച്ചേഴ്സ് റൂമിൽ ആരുമില്ലാത്ത ഒരു ദിവസം കണ്ടുപിടിച്ചാണ് ഞാൻ ഞങ്ങളുടെ ക്‌ളാസ്മാഷിൻറെ അടുത്ത് ചെന്നത്...
"മാഷേ, എനിക്കൊരു കാര്യം പറയാനുണ്ട്, "
എൻറെ വിതറിയ വാക്കുകൾക്കൊപ്പം അറിയാതെ അടർന്നുവീണ വലിയ നീർമുത്തുകളിൽ ഒന്ന്‌ മാഷിൻറെ കയ്യിലും വീണുപോയി. അതിൻറെ പൊള്ളലേറ്റാവാം മാഷെന്നെ ചേർത്തുപിടിച്ചു..
"എന്താ മോളെ"?
"ധന്യ ഇരുന്നിരുന്ന സീറ്റ് മറ്റാർക്കും കൊടുക്കരുത് മാഷേ, അത് ഒഴിഞ്ഞുതന്നെ കിടന്നോട്ടെ, എന്നെയും നമ്മളുടെ ക്ളാസും വിട്ടുപോകാൻ ഓൾക്കാവില്ല മാഷേ"..
വലിയ വെള്ളച്ചാട്ടത്തിൻറെ ഇടയിലൂടെയാണ് നോക്കിയതെങ്കിലും മാഷിൻറെ കണ്ണിലും ഒരുറവ പൊടിയുന്നത് ഞാൻ കണ്ടു.
"ഒരിക്കലുമില്ല, എനിക്കറിയാം നിങ്ങൾ അടുത്ത കൂട്ടുകാരികളായിരുന്നുവെന്ന്, അത് ഒഴിഞ്ഞുതന്നെ കിടന്നോട്ടെ.., " മാഷിൻറെ ശബ്ദവും ഇടറിയിരുന്നു.
തല പാതി കുമ്പിട്ട് ഞാൻ ക്ലാസ്സിലേക്ക് തിരിച്ച് നടക്കുമ്പോൾ നെല്ലിയിലകൾക്കൊപ്പം സ്‌കൂൾ വരാന്തയിലേക്ക് പാറിവന്ന മഴത്തുള്ളികളിൽ എൻറെ ചൂടുനീർമുത്തുകൾ ചേർന്നലിഞ്ഞത് ആരും കണ്ടില്ല.
എട്ടും പത്തും പന്ത്രണ്ടും കഴിഞ്ഞ് കാലം യൗവനത്തിലേക്ക് നടത്തിച്ചപ്പോൾ എല്ലാവരും അവളെ മറന്നു. വല്ലപ്പോഴും വഴിക്കുവെച്ചു കണ്ടാൽ ദാമോദരൻ മാഷ് 'എന്താ മോളെ സുഖാല്ലേ" എന്ന് മാത്രം ചോദിച്ചു.
പിന്നെ വർഷങ്ങൾ കഴിഞ്ഞു മോളെ സ്‌കൂളിൽ ചേർക്കാൻ പോയപ്പോഴാണ് ഞാൻ വീണ്ടും 7A യിൽപ്പോയത്. എൻറെ ഉള്ളിലൊരു കൊളുത്തിവലി ഉണ്ടായിരുന്നു. കാലം ഒരു മാറ്റവും വരുത്തിയിരുന്നില്ല ഞങ്ങളുടെ വിദ്യാലയത്തിന്. നീലപ്പെയിന്റടിച്ച ജനാലയഴികൾക്കിപ്പുറം നിന്ന്‌ ഞാൻ നോക്കി..., ഞങ്ങളുടെ ഡെസ്‌ക്കിലെ ധന്യയുടെ 10 സെന്റ് സ്ഥലം വീണ്ടും ചെളിപിടിച്ചിരുന്നു. സാരിയുടെ തലപ്പിൽ ഇത്തിരി വെള്ളമാക്കി ഞാൻ അവിടെ അമർത്തിത്തുടച്ചു, കുഞ്ഞതിരുകൾ തീർത്ത ആ സ്ഥലത്ത് നെല്ലിമരത്തിൻറെ കൊമ്പും അതിലിരിക്കുന്ന പക്ഷികളും തെളിഞ്ഞുവന്നു. അതിന്റെ അടിയിൽ ആ പേരും, by Dhanya K. "അമ്മയെന്താ ഇത്ര ആവേശത്തിൽ ചെയ്യുന്നത്?" മോളുടെ ചോദ്യത്തിന് ഞാൻ ഇടതു വശത്തിരിക്കുന്ന പക്ഷിയെക്കാണിച്ചു ചോദിച്ചു, "ഇതാരാന്ന് അറിയ്യോ"?
"ഇല്ല"
"ഇതാണ് ഞാൻ, നിന്റെ 'അമ്മ", ഇതു ധന്യ ആന്റി' ..
പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആ വിളികേട്ടത്.. എടീ...
സന്തോഷം കൊണ്ട് ഞാൻ നോക്കി നിന്നു.. നെല്ലിയുടെ കീഴിൽ ധന്യ നിൽക്കുന്നു. "ഇപ്പോഴെങ്കിലും നീ വന്നല്ലോ.. എത്ര കാലമായെന്നോ ഞാൻ കാത്തുനിൽക്കുന്നു.."
എനിക്കൊന്നും മിണ്ടാൻ പറ്റാതെ നിന്നു, ഉമിനീർ വറ്റിപ്പോയപ്പോലെ. അവളുടെ നുണക്കുഴിയിൽ അപ്പോഴും ആ പുഞ്ചിരി അലിഞ്ഞുചേർന്നു.
"നിന്റെ മോളാ"?
"ഉം'
ഞാൻ ചിരിച്ചു.
അങ്ങനെയാണ് ഞാൻ ആദ്യമായി അവളെ ഇവിടെ വീട്ടിലേക്ക് കൂട്ടിയത്. ഓട്ടോറിക്ഷയിലിരുന്നും അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു, ഇടക്കിടെ മോൾടെ കവിൾ പിടിച്ച് അവളുടെ കവിളിനോടുരുമ്മി. അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവൾ പറഞ്ഞു. "നീ ഉണരുംമുമ്പേ ഞാൻ പോകും. നീ എപ്പോൾ വന്നാലും ഞാൻ ഉണ്ടാകും, ആ ക്ലാസിലോ, നെല്ലിയുടെ ചുവട്ടിലോ ഒക്കെയായി. ദാമോദരൻ മാഷ്ടെ യാത്രയായപ്പിന് നീ വന്നില്ലല്ലോ.. ഞാൻ ഉണ്ടായിരുന്നു. പുതിയ കുട്ടികളും മാഷമാരും വന്നും പോയുമിരിക്കും. ഞാൻ അവിടെത്തന്നെയുണ്ടാകും, വേറെ എവിടെപ്പോകാൻ. "
ഇപ്പൊ ഇടക്കിടെ ഞാൻ സ്‌കൂളിൽ PTA മീറ്റിങ്ങിനൊക്കെ പോകുമ്പോൾ അവളെ കാണും. എപ്പോഴും നെല്ലിയുടെ ചുവട്ടിലോ ക്ലാസ്സിലോ ഞങ്ങൾ കുറേസമയം ഇരിക്കും. ചിലപ്പോൾ നിർബന്ധിച്ചാൽ എന്റെ കൂടെ വീട്ടിൽ വരും. ഇന്നും ഇതാ ഞാൻ കുളികഴിഞ്ഞു വന്നപ്പോഴേക്കും ഒന്നും പറയാതെ അവൾ പോയി.. അവൾ പോയതാണോ, അല്ല ജീവിതത്തിന്റെ പുത്തനൊഴുക്കുകളിൽ ഞാൻ നിന്നെ മറന്നതോ? ഇല്ല അതൊരിക്കലും എനിക്കാവില്ല. നീയുണ്ടാവുമല്ലോ ആ നെല്ലിച്ചുവട്ടിൽ.. ഞാൻ വരാം.

By: Jayaraj KG
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo