നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുസാഫിർ.

.
ആലംനൂർ ....ഒരുനിമിഷം...,
കുറച്ചു നാളായി ഞാൻ ഭയപ്പെട്ടതെന്തോ അതുതന്നെ സംഭവിച്ചിരിക്കുന്നു ....!
തിരസ്ക്കരണവും പരാജയവും കൊണ്ട് നിറഞ്ഞ എന്റെ ഭാണ്ഡത്തിന് പക്ഷെ ഇത് താങ്ങാനാവുന്നതിലുമപ്പുറമാണ് .
അതേ ...., മുസാഫിർ തല താഴ്ത്തി മടങ്ങുകയാണ് ...,
ജന്മാന്തരങ്ങളുടെ ഊടും പാവും നെയ്ത എന്റെ ഓർമ്മച്ചെപ്പിൽ പക്ഷെ ആലംനൂർ നീയുണ്ടാവും, എന്നും.....,
മറക്കില്ല ..... മറക്കാനാവില്ല.....! സൂര്യകിരണങ്ങൾ തലോടുന്ന ഭൂമിയിൽ ചന്ദ്രിക എത്രത്തോളം നിഷ്പ്രഭമാണെന്നോർക്കണമായിരുന്നു ..!
ശരിക്കും ആരായിരുന്നു നീയെനിക്ക് ..? ഉരുകിയൊലിക്കുന്ന മഞ്ഞുകണങ്ങൾ നോക്കിനിന്നൊരു പുലരിയിലായിരുന്നു നിന്നെ ഞാനാദ്യമായിക്കണ്ടത്. അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന ഒരു പെണ്ണിന്റെ ചിത്രമായിരുന്നു എന്റെ വിരലുകളെ നിശ്ചലമാക്കിയത് .... എന്തോ അസ്തമയങ്ങളെനിക്കിഷ്ടമായിരുന്നില്ല .. ഏകാന്തതയുടെ നശിച്ച കമ്പളം പുതപ്പിക്കുന്ന രാത്രികളോടെനിക്ക് ദേഷ്യമായിരുന്നു.
ഉദയത്തിന്റെ ഭംഗിയാണെനിക്കിഷ്ടം ..
പ്രതീക്ഷയുടെ നിറമാല തീർക്കുന്ന പുലരികൾ ...!
ഞാനാദ്യമായി ഉറങ്ങാൻ കഴിയാതിരുന്ന രാത്രിയെന്നാണെന്ന് അറിയണമോ ....? അനാഥത്വത്തിന്റെ നശിച്ച ബാല്യത്തിൽ അന്നം തന്നൊരകന്ന ബന്ധുവുണ്ടായിരുന്നു. എന്നേക്കാൾ
ഭാരിച്ച പണികൾ എല്ലുമുറിയേ ചെയ്യിക്കുമ്പോഴും ഇടയ്ക്കെന്നെ നോക്കി പുഞ്ചിരിച്ചൊരു കൂട്ടുകാരിയുണ്ടായിരുന്നു ആ വീട്ടിൽ ... നിലാവ് വീഴുന്നൊരാ പുഞ്ചിരി എനിക്ക് പകർന്ന ഊർജ്ജം ചെറുതായിരുന്നില്ല ... നിന്നെപ്പോലെ ആരൊക്കയോ ആയിരുന്നു അവളെനിക്ക് .
പക്ഷെ ഞാനവളെ മോശമായി നോക്കിയെന്നും പറഞ്ഞ് ഒരു രാത്രി മുഴുവൻ എന്നെ തല്ലിച്ചതച്ച്
രായ്ക്ക് രാമാനം പറഞ്ഞു വിടുമ്പോൾ എനിക്ക് ജന്മം നൽകിയവരെ ഞാൻ ശപിച്ചിരുന്നില്ല ... എന്റെ മുറിവുകൾ ഉണങ്ങാനനുവദിക്കാതെ ഞാൻ അലയാൻ തുടങ്ങി ... ഒരു പന്ത്രണ്ടു വയസ്സുകാരന് അന്ധകാരം എത്ര ഭീതിതമാണെന്നോർക്കണം.
ആദ്യമൊക്കെ വിശപ്പകറ്റാൻ മാത്രമായിരുന്നു ഞാനോടിയത് ,പിന്നീടത് ശീലമായി ..നാടും നഗരവും കാടും കടലും ഞാൻ താണ്ടി ,പല മുഖങ്ങളും കണ്ടു ,പലരും പുകഴ്ത്തി .ചിലരൊക്കെ തള്ളിപ്പറഞ്ഞു ,ഒടുവിൽ നിന്നിലേക്കെത്തുമ്പോൾ ഞാൻ തളർന്നിരുന്നു ... പക്ഷെ നീയാകട്ടെ എന്റെ മുറിവുകളിൽ മൃദുവായിത്തലോടി ,പതിയെ ഞാൻ വേദനകൾ മറന്നു ... ആലംനൂർ നീയെനിക്ക് ആരെല്ലാമോ ആയിരുന്നു.
എന്തോ , നിനക്ക് പിന്നാലെ പതിഞ്ഞ കാലടികളോടെ നടക്കാൻ എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു.
മൗനത്തിന്റെ ശരശയ്യയിൽ പ്രതീക്ഷയുടെ പച്ചവെളിച്ചവും കാത്ത് ഞാനേറെയിരുന്നിട്ടുണ്ട് .. നേരിയ സാന്നിധ്യം പോലും ആഘോഷമാക്കിയ രാവുകൾ ... പതിയേ ഞാൻ രാവിനേയും സ്നേഹിച്ചു തുടങ്ങി ..!
പിന്നെയുള്ള സഞ്ചാരങ്ങളിൽ എന്റെ വലംകൈയ്യിൽ നീയുമുണ്ടായിരുന്നു .. ശരിക്കും നീയെനെക്കാരായിരുന്നു ...? അറിയില്ല പെണ്ണേ ....! ഓഹ്... സോറി അങ്ങിനെ വിളിക്കുന്നതിഷ്ടമല്ലല്ലോ അല്ലേ ...
പരസ്പരം കാണാതെ ഞാനൊഴിഞ്ഞു മാറുകയായിരുന്നു. എന്റെ രൂപം ചിലപ്പോൾ ആലം നൂറിനെ എന്നിൽ നിന്നകറ്റിയാലോ എന്നു ഞാൻ ഭയപെട്ടു.
നിന്റെ സന്തോഷം ... അതു മാത്രമായിരുന്നു എന്റെ ലക്ഷ്യം , നിനക്കിഷ്ടമില്ലാത്തതിനെ യൊക്കെ ഞാൻ നിഷ്ക്കരുണം തള്ളി .. ഞാൻ മറ്റൊരു ഞാനാവുകയായിരുന്നു , നിന്റെ സാന്നിധ്യമെന്നിൽ വസന്തം തീർത്തിരുന്നു. നീ വീണ്ടും നീയാവുമ്പോൾ ഞാൻ എന്നെ വീണ്ടെടുക്കുകയായിരുന്നു .. നിനക്ക് വേണ്ടി .
നിനക്കായി പരുന്തുംപാറയൊരുങ്ങുമ്പോൾ നിന്നെ ഒരു നോക്ക് കൺനിറയെക്കാണാൻ , അടുത്തിരുന്ന് കുശലം പറയാൻ ,മതിമറന്നൊന്ന് പൊട്ടിച്ചിരിക്കാൻ കാതങ്ങൾ താണ്ടി ഞാൻ വന്നിരുന്നു .. ബുള്ളറ്റ് ക്ലബിലെ റാണിയായി ഇടിമുഴക്കവുമായി നീയണയുമ്പോൾ നിന്നെ സ്വീകരിക്കാൻ ,നിന്നെ അമ്പരപ്പിക്കാൻ ഒരുങ്ങി നിന്ന നിന്റെ മുസാഫിറിനെ നീ തിരിച്ചറിഞ്ഞില്ലല്ലോ പെണ്ണേ ... പലവട്ടം നിന്നരുകിൽ വന്നിട്ടും ..... ഒരു തവണയെങ്കിലും ഒന്ന് ചിരിക്കാമായിരുന്നു ..!
സങ്കടമില്ല ... ശീലമായിപ്പോയതാണ് , നിന്റെ ഉയർച്ചയിൽ ഒരു പാട് സന്തോഷിച്ചു കൊണ്ട് പറയട്ടെ ... മറക്കരുത് ഈ പാവം ഊരുതെണ്ടിയെ ... പോവുകയാണ് ,അങ്ങ് ദൂരേക്ക് .... മഞ്ഞണിഞ്ഞ ഹിമാലയം താണ്ടണം എങ്കിലേ എന്റയീ ചൂട് ശമിക്കൂ. ..
"നോ താങ്ക്സ് ആന്റ് സോറി ...!
പ്രിയ ആലംനൂർ , ചോദിക്കാൻ മറന്നതല്ല ...!
നീ ഹാപ്പിയല്ലേ ... !"
നീറിപ്പുകയുന്ന മനസ്സിൽ ധൂപവൃത്തങ്ങൾ അലങ്കാരങ്ങൾ ചമയ്ക്കുമ്പോൾ പശ്ചാത്തലത്തിൽ എതോ ഒരു പഴയ ഗാനം മുഴങ്ങുന്നുണ്ടായിരുന്നു.
മറക്കുവാൻ പറയാനെന്തെളുപ്പം ...
മണ്ണിൽ പിറക്കാതിരിക്കലാണ്
അതിലെളുപ്പം ....
മറവിതൻ മാറിടത്തിൽ
മയങ്ങാൻ കിടന്നാലും,
ഓർമ്മകളോടിയെത്തി
ഉണർത്തിടുന്നു.
The happiest journey of life begins here....
ആലം നൂറിനെ വായിക്കാൻ....
✍️ശ്രീധർ.ആർ.എൻ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot