The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Tuesday, December 10, 2019

ചുവന്ന ഹെൽമറ്റ്


മിനിചേച്ചീ ഇത്ര പെട്ടെന്ന് പോയിട്ട് തിരിച്ചു വന്നോ ?
അനിതേ അതിനു ഞാൻ ഇന്ന് എങ്ങും പോയില്ലല്ലോ.
അപ്പോൾ ഇന്നു രാവിലെ നമ്മൾ തമ്മിൽ കണ്ടപ്പോൾ ചേച്ചി ഈ റോസ് ചൂരിദാർ തന്നെയായിരുന്നല്ലോ ഇട്ടിരുന്നത്.
അതിനു നമ്മൾ തമ്മിൽ ഇന്ന് കണ്ടേ ഇല്ലല്ലോ, ഇന്നത്തെ ദിവസം നേരം വെളുത്തിട്ട് ഞാൻ നിന്നെ ഇപ്പോൾ ആണ് ആദ്യമായി കാണുന്നത്.
അതാ ഇപ്പോ നന്നായത് നമ്മൾ ഇന്നു രാവിലെ വൈറ്റിലയിൽ വച്ച് കണ്ടില്ലേ, ചേട്ടൻ ഇന്ന് നീല ചെക്ക് ഷർട്ടും കറുത്ത പാന്റും അല്ലേ ധരിച്ചിരുന്നത്. എന്നാൽ ചേച്ചി എന്നെ കാണാഞ്ഞിട്ടായിരിക്കും ചേട്ടൻ കൈയ്യെല്ലാം കാണിച്ചിരുന്നു. ചേച്ചി പുറകിൽ ചുവന്ന ഹെൽമറ്റ് എല്ലാം വച്ചോണ്ടിരിക്കുന്നത് ഞാൻ കണ്ടിരുന്നു.
സോറി അനിതേ ഞാൻ കണ്ടില്ലായിരുന്നു. ഇപ്പോൾ അനിത വല്ല അത്യാവശ്യത്തിന് വന്നതാണോ ?
അല്ല ചേച്ചി,വെറുതെ ഇതിലെ പോയപ്പോൾ കേറിയതാണ്, കുട്ടികൾ വരാൻ നേരമായി ഞാൻ പോകട്ടെ ചേച്ചി.
അനിത യാത്ര പറഞ്ഞു പോയപ്പോൾ മുതൽ ആകെ ആധിയായി , ആരായിരിക്കും ചേട്ടന്റെ ബൈക്കിന്റെ പുറകിൽ ഉണ്ടായിരുന്ന പെൺകുട്ടി. ഓഫീസിൽ അങ്ങിനെ ഒരു ചുറ്റിക്കളി ഉള്ളതായിട്ട് കേട്ടറിവ് ഒന്നുമില്ല. ഇനി ഫോണിലൂടെ ചാറ്റിംഗിലൂടെ വല്ല കേസ്സു കെട്ടും ആണോ ? ആലോചിച്ചിട്ട് തല പുണ്ണാകുന്നു. ഫോൺ വിളിച്ച് ചോദിക്കാൻ രണ്ടു വട്ടം ഫോൺ എടുത്തതാണ്. ചേട്ടൻ വീട്ടിലേയ്ക്ക് വരുന്ന വഴിയിൽ ആയിരിക്കും. ടൂവീലറിൽ വരുന്ന സമയം മൊബൈലിൽ വിളിക്കാറില്ലല്ലോ. ഏതായാലും എന്നും എത്തുന്ന നേരം ആയി. വരട്ടെ നേരിൽ ചോദിയ്ക്കാം.
അല്പസമയത്തിനു ശേഷം പതിവു പോലെ ചേട്ടനെത്തി.
സ്വന്തം ഹെൽമറ്റ് ഊരി ബൈക്കിന്റെ ഹാന്റിലിൽ തൂക്കി, സൈഡിൽ കൊളുത്തിയിട്ടിരുന്ന ചുവന്ന ഹെൽമറ്റും ആയി വീട്ടിലേക്ക് കടന്നുവന്നു.
മുഖം വീർപ്പിച്ചിരിക്കുന്ന തന്നോടായിട്ട് പറഞ്ഞു.
പ്രിയേ ഇതാ നീ പറഞ്ഞ പോലെ ഐഎസ്ഐ മാർക്കുളള ചുവന്ന നിറത്തിലുള്ള നല്ല വില കൂടിയ ഹെൽമറ്റ്.
എനിക്കൊരു ഹെൽമറ്റും വേണ്ട, ഗില്ലറ്റും വേണ്ട,
ഇന്നാകെ കോപത്തിലാണല്ലോ ഭാവതി, എന്താണ് ഇന്നിപ്പോൾ വഴക്കടിക്കാനുള്ള പുതിയ കാരണം.
കാരണമില്ലാതൊന്നുമില്ല, എന്തേയ് ചുവന്ന ഹെൽമറ്റ് മാത്രമായ് കൊണ്ടുവന്നത്, രാവിലെ തൊട്ട് അതും വച്ച് നിങ്ങടെ കൂടെ കറങ്ങിയ റോസ് ചൂരിദാറുകാരിയെ കൂടെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടു വരാതിരുന്നതെന്തേ? ഇപ്പോൾ പുറകിൽ ഇരിക്കുന്ന ആളും ഹെൽമറ്റ് വച്ചിരിക്കുന്നതു കൊണ്ട് നിങ്ങൾക്കെന്തുമാകാമല്ലോ. നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് കള്ളക്കറക്കം കറങ്ങാമല്ലേ, ഞാൻ ഒന്നും അറിയില്ല എന്നാണല്ലേ കരുതിയിരിക്കുന്നത്.
എന്റെ പൊന്നു മിനീ എന്നെയൊന്ന് പറയാൻ സമ്മതിക്ക് , ഇന്ന് ബൈക്കിന്റെ പുറകിൽ ഒരു സ്ത്രീയെ ഇരുത്തി കൊണ്ടുപോയി എന്നത് സത്യമാണ്. അതു മറ്റാരേയും അല്ല നിനക്കും കൂടെ അറിയാവുന്ന ആളാണ് നമ്മുടെ ഓഫീസിലെ ഗായത്രി ആയിരുന്നു അത്. ഗായത്രിയുടെ മകൻ ക്ലാസ്സിൽ തല കറങ്ങി വീണപ്പോൾ സ്കൂളിൽ നിന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. സ്കൂൾ പ്രിൻസിപ്പാൾ വിളിച്ച് പറഞ്ഞതിനാൽ ഞാൻ അവരെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് ചെന്നാക്കിയതാണ്. പിന്നിലിരിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയതിനാൽ നിനക്ക് വാങ്ങിയ ഹെൽമറ്റ് അവർക്ക് ഒന്ന് വയ്ക്കാൻ കൊടുത്തു എന്നു മാത്രം. അതിനാണോ മിനി നീയിത്ര ചന്ദ്രഹാസം ഇളക്കുന്നത്.
അതായിരുന്നോ സംഭവം. എന്നാൽ ചേട്ടന് അതൊന്ന് പറഞ്ഞാൽ പോരായിരുന്നോ?
അതിന് നീയൊന്ന് പറയാൻ സമ്മതിക്കണ്ടേ . ദൈവമേ പുറകിലിരിക്കുന്നവർ ഹെൽമറ്റ് വച്ചില്ലെങ്കിൽ പോലീസുകാർ പിടിക്കും, വച്ചാൽ ഭാര്യമാരു പിടിക്കും, ഇതെന്തൊരു നിയമം എന്റെ ദൈവമേ .
ഇത് ചേട്ടനും ചേട്ടനെ പോലുള്ളവർക്കും ഒരു പാഠം ആയിരിക്കട്ടെ. ഞങ്ങൾ പാവം ഭാര്യമാരെ പറ്റിയ്ക്കാം എന്ന ചിന്ത വേണ്ട, എങ്ങിനെയെങ്കിലും ഞങ്ങൾ മണത്തു കണ്ടുപിടിക്കും നിങ്ങളുടെയെല്ലാം കള്ളത്തരങ്ങൾ, ജാഗ്രതൈ.

By PS Anilkumar

No comments:

Post Top Ad

Your Ad Spot