നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്റ്റാറ്റസ്


ഇയാളുടെ ഫോൺ ഒന്നു തന്നേ, ഒന്ന് നാട്ടിൽ വിളിക്കാനാണ്.
അതെന്തു പറ്റി ബെന്നീ നിന്റെ വീട്ടിലെ വൈഫൈ കട്ടായോ അതോ ഫോണിലെ നെറ്റു തീർന്നോ?
നെറ്റും തീർന്നില്ല വൈഫൈ കട്ടായതുമില്ല, അതു രണ്ടും ഉണ്ട് പക്ഷെ അതിനേക്കാൾ വലിയ മറ്റൊരു മുട്ടൻപണി കിട്ടി, അതു പിന്നെ പറയാം, രാവിലെ തൊട്ട് വീട്ടിൽ ഫോൺ ചെല്ലാത്തതും നോക്കിയിരിക്കുകയായിരിക്കും റബേക്ക. ആദ്യം അവളുടെ പരിഭവം തീർക്കട്ടെ, നടന്ന കാര്യങ്ങൾ എന്നിട്ട് വിശദമായി പറയാം.
എന്റെ ഫോണിന്റെ വാട്സപ്പിനു മുകളിലായ് ഡെമോക്ലീസിന്റെ വാളുപോലെ തൂങ്ങിയാടുന്ന ഒരു സിംബൽ കണ്ടോ? അത് കൊണ്ടാണ് ഞാൻ നെറ്റും ഓഫ് ചെയ്ത് ഇങ്ങിനെ തെക്കുവടക്ക് ഓടുന്നത്.
ഒന്നും മനസ്സിലാകുന്നില്ലല്ലോ, എന്താണ് എന്നു പറഞ്ഞാലല്ലേ എന്തെങ്കിലും പരിഹാരം ചെയ്യാൻ പറ്റുകയുള്ളു.
അത് ഒരു വാട്സ്അപ്പ് സ്റ്റാറ്റസ് ആണ് അതൊന്ന് ഡിലേറ്റ് ചെയ്ത് തരാമോ?
അതിന് ഡിലേറ്റ് ഓപ്ഷൻ കാണുന്നില്ലല്ലോ, പിക്ച്ചർ സെന്റ് ആയാലേ ഡിലേറ്റ് ചെയ്യാൻ പറ്റുകയുളളു. ആദ്യം സെന്റ് ചെയ്യട്ടെ എന്നിട്ട് ഡിലേറ്റ് ചെയ്യാം.
അത് സെന്റ് ചെയ്യുന്നതിനേക്കാൾ ഭേദം എന്നെ തന്നെ അങ്ങോട്ട് ഡിലേറ്റ് ചെയ്യുന്നതാണ്.
നിങ്ങൾ കാര്യം പറ ബെന്നീ, എന്താണ് ഇത്രയും പ്രശ്നമുള്ള കാര്യം, ഇത്ര തല പോകുന്ന എന്തു കാര്യം ആണ് ഇതിനു മുകളിൽ ഉള്ളത്.
അത് പറയാം ആദ്യം ഇത്തിരി വെള്ളം തരുക. എന്നിട്ടു പറയാം രാവിലെ തൊട്ട് എന്നെ വെള്ളം കുടിപ്പിക്കുന്ന കാര്യം. സാധാരണയായി ഞാൻ രാവിലെ എഴുന്നേൽക്കുന്ന സമയത്ത് വാട്ട്സപ്പ് നോക്കാറില്ല. രാവിലെ എന്തെങ്കിലും ദുഃഖകരമായ സന്ദേശങ്ങൾ കണ്ടാൽ പിന്നെ അന്നത്തെ ദിവസം പോക്കാണ്. നെറ്റ് രാത്രി ഓഫ് ചെയ്തിരുന്നത് ഓൺ ചെയ്തു. കുറച്ചു നേരം കഴിഞ്ഞ് ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് കൂടെ ജോലി ചെയ്തിരുന്ന സുഭാഷിന്റെ ഒരു മെസേജ് വന്നത്, ഓഫീസിലെ വല്ല അത്യാവശ്യ കാര്യമായിരിക്കും എന്നോർത്താണ് മെസേജ് നോക്കിയത്. അപ്പോഴാണ് തമാശ, ഏതോ ഒരു സിനിമാനടിയുടെ മുഖം വച്ച് മോർഫിംഗ് ചെയ്തെടുത്ത ചൂടൻഫോട്ടോ ആയിരുന്നു അവൻ മെസേജ് ചെയ്തിരിക്കുന്നത്. ഞാൻ അത് ഡിലേറ്റ് ചെയ്യാൻ നോക്കിയപ്പോൾ അത് തെറ്റി നേരെ സ്റ്റാറ്റസിലേയ്ക്ക് പോയി ഞാൻ എടാപിടീന്ന് നെറ്റും ഓഫ് ചെയ്തു, വാട്സപ്പിൽ വന്ന ചിത്രവും ഡിലേറ്റ് ചെയ്തു. ചിത്രം അയച്ച കൂട്ടുകാരനെ പത്ത് പള്ളും വിളിച്ചു , അവനോട് പണ്ടേ എത്ര വട്ടം പറഞ്ഞിരിക്കുന്നതാണ് ഇതു പോലുള്ള ചിത്രങ്ങൾ എനിക്കെന്നല്ല കുടുംബം ആയി കഴിയുന്ന ആർക്കും അയക്കരുത് എന്ന്. ഒന്നാമതെ മിക്ക വീട്ടിലും മാതാപിതാക്കൾക്ക് ഫോണിൽ വരുന്ന മെസേജ് കുട്ടികളാണ് മിക്കപ്പോഴും ആദ്യം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് എന്തും ശ്രദ്ധിച്ച് മെസേജ് ചെയ്യണം എന്ന് എപ്പോഴും അവനോട് പറയാറുള്ളതാണ്. പക്ഷെ അതെല്ലാം പറഞ്ഞിട്ട് ഇനി എന്തു കാര്യം. എന്റെ വാട്ട്സപ്പിന്റെ മുകളിൽ നേരത്തെ പറഞ്ഞ രാജാവിന്റെ തലയ്ക്ക് മുകളിൽ തൂങ്ങുന്ന വാളുപോലെ സ്റ്റാറ്റസ് അപ്ഡേറ്റിംഗ് എന്നു കാണിക്കുന്ന സിംബൽ കാണുന്തോറും അവനോടുള്ള ദേഷ്യം ഇരട്ടിക്കുകയാണ്. മക്കളും, വീട്ടുകാരും, കൂട്ടുകാരും, ഓഫീസ് സ്റ്റാഫുകളും, മാനേജരും ഉൾപ്പെടെ ഏതാണ്ട് പത്തിരുനൂറ് പേരുളളതാണ് എന്റെ വാട്ട്സപ്പ്. അതിനിടയിലേക്ക് സ്റ്റാറ്റസിൽ ഇങ്ങിനെ ഒരു ചിത്രം ചെന്നാൽ പിന്നെ നാണം കെട്ട് ജീവിച്ചിരിക്കേണ്ട കാര്യം ഇല്ല എന്നുള്ളത് സത്യമായ കാര്യമാണ്.
അതിന് നിങ്ങൾക്ക് വന്ന ചിത്രം ഡിലേറ്റ് ചെയ്തില്ലേ അപ്പോൾ പിന്നെ സ്റ്റാറ്റസിലേക്ക് ഡൗൺലോഡാകില്ല എന്നത് ഉറപ്പാണ്
അതിപ്പോൾ കുറുപ്പിന്റെ ഉറപ്പ് പോലാകുമോ? സ്റ്റാറ്റസിൽ അതിന്റെ കണ്ടന്റ് ഇപ്പോഴും കാണിക്കുന്നുണ്ടല്ലോ എങ്ങാനും നെറ്റ് ഓൺ ചെയ്താൽ സ്റ്റാറ്റസിൽ ചിത്രം തെളിഞ്ഞാലോ?
എന്നാൽ നമുക്ക് വാട്ട്സപ്പ് ഡിലേറ്റ് ചെയ്തിട്ട് പുതിയതായിട്ട് വാട്സപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതിയാ കുമെന്ന് തോന്നുന്നു.
പക്ഷെ നേരത്തെ ഫോൺ റീ സ്റ്റാർട്ട് ചെയ്ത് നോക്കിയിട്ടും ഫോണിന്റെ മുകൾഭാഗത്ത് ഡെമോക്ലീസ് അങ്കിളിന്റെ വാളിന് മാത്രം ഒരു മാറ്റവും കണ്ടില്ല. ഇനിയിപ്പോൾ ഉള്ള വാട്സപ്പ് കളഞ്ഞിട്ട് പുതിയത് ഇൻസ്റ്റാൾ ചെയ്താലും ഇതിന്നൊരു മാറ്റം ഉണ്ടാകുമോ എന്ന് ദൈവത്തിന് മാത്രം അറിയാം.
ഞാൻ ഏതായാലും നമ്മുടെ മൊബൈൽ റിപ്പയറിംഗ് ഷോപ്പിലെ പയ്യനെ കാണിച്ചിട്ട് വല്ല പരിഹാരവും ഉണ്ടോ എന്ന് നോക്കിയിട്ട് വരാം.
ബെന്നി യാത്ര പറഞ്ഞിട്ട് പോയി. അവന്റെ മാനസിക വിഷമത്തെ പറ്റിയോർത്തു. സത്യമാണ് കണ്ണിൽ കൊള്ളാനുളളത് പുരികത്തിൽ കൊണ്ടു എന്നു പറഞ്ഞാൽ മതി. നേരെ മറിച്ച് കൈ തട്ടി ആ ചിത്രം സ്റ്റാറ്റസിലേക്ക് പോയത് അവൻ അറിഞ്ഞില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ഒരവസ്ഥ ഓർത്തിട്ട് തന്നെ പേടിയാകുന്നു. ചെറിയ നാണക്കേട് മതി ചിലർക്ക് ജീവൻ പോലും കളയാൻ ഇന്നത്തെ കാലത്ത്. ദൈവമേ ഒന്നും സംഭവിക്കാതിരുന്നത് ഭാഗ്യം എന്ന് ആശ്വസിക്കാം.
അങ്ങിനെ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോൾ ആണ് തന്റെ ഫോണിലേക്ക് മെസേജ് വരുന്ന ശബ്ദം കേട്ടത്. എത്ര നോക്കണ്ട എന്നെല്ലാം ഓർത്താലും, മെസേജ് വരുന്ന ശബ്ദം കേട്ടാൽ എന്താണ് അതിന്റെ ഉള്ളടക്കം എന്നറിഞ്ഞില്ലെങ്കിൽ ഉള്ളിലൊരു തിക്കുമുട്ടൽ ആണ്. ഇനിയിപ്പോൾ ബെന്നി യുടെ വല്ല മെസേജ് ആണെങ്കിലോ? ഫോൺ തുറന്നു നോക്കി, ചിന്തിച്ചത് ശരിയാണ് ബെന്നിയുടെ മെസേജ് തന്നെയാണ്.
അളിയാ രക്ഷപ്പെട്ടു, വാട്ട്സപ്പ് ഡിലേറ്റ് ചെയ്യാതെ തന്നെ സ്റ്റാറ്റസിൽ നിന്ന് അതൊഴിവാക്കി. ഏതായാലും അതിനൊരു തീരുമാനം ആയി എന്നാലും അളിയൻ ഒന്ന് വാട്ട്സപ്പ് തുറന്ന് എന്റെ സ്റ്റാറ്റസ് നോക്കിയിട്ട് ഇപ്പോൾ എന്താണ് സ്റ്റാറ്റസ് ആയി കാണുന്നത് എന്നുള്ളത് ഒന്ന് എന്നെ വിളിച്ച് പറയണേ.
ബെന്നിയുടെ വാട്ട്സപ്പ് തുറന്ന് സ്റ്റാറ്റസ് നോക്കിയപ്പോൾ മനസ്സിൽ ഡിസംബറിലെ മഞ്ഞിന്റെ അല്പം കുളിരു വീണു. ഒന്നാം തീയതി അവൻ മാറ്റിയ സ്റ്റാറ്റസിന്റെ സ്‌റ്റാറ്റസ് കോ തന്നെ ഇപ്പോഴും നിലനിർത്തിയുണ്ട്. ജിംഗിൾ ബെല്ലിന്റെ പിന്നണി ഗാനത്തിൻ അകമ്പടിയോടെ മഞ്ഞിലൂടെ റെയിൻഡിയർ വലിക്കുന്ന വണ്ടിയിൽ ഇരിക്കുന്ന ക്രിസ്തുമസ്സ് അപ്പൂപ്പൻ. അപ്പുപ്പന്റെ താടിയ്ക്കും തലമുടിയ്ക്കും ഉള്ള നല്ലതൂവെള്ള നിറത്തിനു മുകളിലേക്ക് പെയ്തു വീഴുന്ന തൂമഞ്ഞിന്റെ തരികൾ വണ്ടിയിൽ നിറച്ചു വച്ചിരിക്കുന്ന വർണ്ണസമ്മാന പൊതികൾക്കു മുകളിലും പെയ്തിറങ്ങി കൊണ്ടിരിക്കുന്നു. ശാന്തമായ രാത്രി, ശുഭ്രമായ നീലാകാശത്ത് കണ്ണുചിമ്മി കാട്ടുന്ന നക്ഷത്രക്കൂട്ടങ്ങൾ ഭൂമിയിൽ സന്മസ്സുള്ളവർക്ക് സമാധാനം എന്നുരുവിടുന്നതായി തോന്നിയത് വെറും തോന്നലല്ലായിരുന്നു.

By: PS ANilkumar Devideviya

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot