നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവൾ

അത്രമേൽ പ്രിയമുള്ളവളെ
"വിനു ഒന്നും പറഞ്ഞില്ലല്ലോ? " സാരിയുടെ ഞൊറി ശരിയാക്കി പിൻ ചെയ്യുന്നതിനിടയിൽ മീര ചോദിച്ചു
"ഞാൻ ഇതിനുത്തരം പലതവണ പറഞ്ഞു കഴിഞ്ഞു മീര "ലാപ്ടോപ്പിൽ നിന്ന് മുഖമുയർത്താതെ വിനു പറഞ്ഞു
"അതൊക്കെ കഴിഞ്ഞിട്ട് വർഷം രണ്ടായില്ലേ വിനു ?നമ്മൾ ഒന്നായില്ലേ ?ഇനിയെങ്കിലും എന്റെ വീട്ടുകാരോട് ക്ഷമിച്ചു കൂടെ ?"
"എന്താ ഞാൻ ക്ഷമിക്കേണ്ടത് ?എന്താ ഞാൻ മറക്കേണ്ടത് ? നടുറോഡിലിട്ട് പട്ടിയെ പോലെ തല്ലിച്ചതച്ചതോ ?നിന്നെ സ്നേഹിച്ചതിന്റെ പേരിൽ പതിനാലു ദിവസം ജയിലിൽ കിടന്നതോ ? ഇന്റർവ്യൂ വരെ കഴിഞ്ഞു ആറ്റുനോറ്റു കാത്തിരുന്ന ജോലി നഷ്ടം ആയതോ ?പറയു ഇതിലേതാ ഞാൻ മറക്കേണ്ടത് ?"
മീര നിറകണ്ണുകളോടെ അനങ്ങാതെ നിന്നു.
ശരിയാണ് ഈ ചോദ്യങ്ങൾക്കൊന്നും എന്റെ പക്കൽ ഉത്തരമില്ല. അല്ലെങ്കിൽ ചോദ്യങ്ങളെല്ലാം ന്യായമാണ് .അച്ഛൻ ചെയ്തതെല്ലാം തെറ്റായിരുന്നു. അതെല്ലാം ഒറ്റ മകളായ എന്നോടുള്ള സ്നേഹത്തിൽ നിന്നും ഉണ്ടായതുമാണ്.
വിനുവിന്റെ കയ്യും പിടിച്ചു കോടതിയിൽ നിന്നും ഇറങ്ങി പോരുമ്പോൾ തളർന്നു വീണു പോയ അമ്മയെ ചേർത്ത് നിൽക്കുന്ന അച്ഛന്റെ തളർന്ന മുഖം ഓർമയുണ്ട് .ആ കണ്ണിൽ നിന്ന് കണ്ണീരൊഴുകുന്നുണ്ടായിരുന്നു .
വിനുവും അച്ഛനുമല്ല തെറ്റുകാർ . താനാണ്. താൻ മാത്രമാണ്.
ആഗ്രഹിച്ചതെല്ലാം വാങ്ങിത്തന്ന അച്ഛൻ വിനുവിന്റെ കാര്യതിൽ ഒരു നോ പറയുമെന്ന് താൻ ചിന്തിച്ചില്ല.
ജാതിയോ മതമോ അച്ഛനെ സ്വാധീനിച്ചതായി താൻ കണ്ടിട്ടില്ല.
ദരിദ്രരോടും സമ്പന്നരോടും സമഭാവേന ഇടപഴകുന്ന അച്ഛനെ മാത്രമേ താൻ കണ്ടിട്ടുള്ളു.
സ്വന്തം മകളുടെ കാര്യം വന്നപ്പോൾ അച്ഛൻ എത്ര വേഗമാണ് ക്രൂരനായത് ?സ്വാർത്ഥനായത് ?
"നിനക്ക് വേണമെങ്കിൽ നിന്റെ അച്ഛനെ പോയി കാണാം മീര എന്നെ നിർബന്ധിക്കരുത് "
വിനുവിന്റെ ശബ്ദം കേട്ട് അവൾ ചിന്തകളിൽ നിന്നുണർന്നു.
"അച്ഛൻ വിനുവിനെ കാണണം എന്നല്ലേ പറഞ്ഞത് ?മരിക്കാൻ പോകുന്ന ഒരാളുടെ അവസാന ആഗ്രഹമില്ലേ വിനു ?അച്ഛൻ എത്ര തവണ ക്ഷമ പറഞ്ഞു ?വിനുവിന് ക്ഷമിച്ചു കൂടെ ?ഞാൻ ഈ കാല് പിടിക്കാം
വിനു "
"നീ ഇത്ര ചീപ് ആകരുത് മീര എന്റെ മുന്നിൽ അച്ഛന്റെ രാജകുമാരി മുട്ടുകുത്തരുത്. ഈ ദരിദ്രന്റെ മുന്നിൽ ..ഈ അനാഥന്റെ മുന്നിൽ "
"ഇങ്ങനെ ഒന്നും പറയരുതേ വിനു ...എന്തിനാ ഇങ്ങനെ സ്വയം താഴുന്നത് ? ഞാൻ വിനുവിന്റെയല്ലേ ?"അവൾ അവന്റെ മുഖം കൈയിൽ എടുത്തു
"നീ എന്റെ ആണെങ്കിൽ, എന്റെ സ്വന്തം ആണെങ്കിൽ നിന്റെ അച്ഛന് വേണ്ടി ഇങ്ങനെ കെഞ്ചുന്നതെന്തിന് ?നിന്റ ഉള്ളിൽ ഇപ്പോളും നിന്റെ അച്ഛനാണ് വലുത് "
"വിനു ..എല്ലാം ഉപേക്ഷിച്ചു ഞാൻ വന്നില്ലേ ?എനിക്കി ഭൂമിയിൽ ഇപ്പൊ ഈ ഒരാൾ മാത്രം അല്ലെ ഉള്ളു ? ഇരുപത്തിനാലു വർഷം ആ അച്ഛന്റെ സ്നേഹം ,ലാളന ഒക്കെ അനുഭവിച്ചു വളർന്ന ഒരു മകളല്ലേ ഞാൻ ?
വിനു മുഖം തിരിച്ചു കളഞ്ഞു
"നിനക്ക് ഓഫീസിൽ ടൈം ആയില്ലേ പോകാൻ നോക്ക് ..ഇക്കാര്യത്തിലെനിക്ക് ഒരു വാക്കേയുള്ളു അയാൾ മരിച്ചാൽ കൂടി ഞാൻ വരില്ല "
"ആരാണാദ്യം മരിക്കുക എന്ന് ആർക്കാ അറിയുക വിനു ?അത് ചിലപ്പോൾ ഞാൻ ആകാം വിനു ആകാം .."
"ആവശ്യമില്ലാത്തതൊന്നും പറയണ്ട . പോകാൻ നോക്ക്. ഞാൻ ഇന്ന് വൈകും. വൈകിട്ട് മീറ്റിംഗ് ഉണ്ട് " അവൾ ഒന്നും മിണ്ടാതെ ബാഗ് എടുത്തു.
"മീര "അവനവളുടെ മുഖം മെല്ല കയ്യിലെടുത്തു പിടിച്ചു.
പ്രകാശം വറ്റിയ മുഖം
"എനിക്ക് പറ്റാഞ്ഞിട്ട് ആണ് സോറി .."
മീര തലകുലുക്കി മെല്ലെ ചിരിക്കാൻ ശ്രമിച്ചു.
പിന്നേ നടന്നു പോയി.
മീറ്റിംഗ് കഴിഞ്ഞു മൊബൈൽ ഓൺ ആക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നു കുറെ അധികം മിസ്സ്‌ കാളുകൾ. വിനു വേഗം ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.
"ഹലോ, ഇതാരാണ്? "
"വിനോദ് മോഹൻ അല്ലെ? "
"അതെ. ആരാണ്? "
"ഞാൻ സൗത്ത് പോലീസ് സ്റ്റേഷൻ എസ് ഐ ആണ് ശ്രീജിത്ത്‌. നിങ്ങൾ ഒന്ന് മെഡിക്കൽ ട്രസ്റ്റ്‌ വരെ വരിക "
അവന്റെ ഉള്ളിൽ ഭയം തേരട്ടയെ പോലെ നുഴഞ്ഞു കയറുന്നുണ്ടായിരുന്നു. മീരയെ വിളിച്ചു നോക്കി. സ്വിച്ച് ഓഫ്‌ ആണ്.
ആശുപത്രിയിൽ ഐ സി യു വിന്റെ മുന്നിൽ വിനു നിന്നു. അവന്റെ മുന്നിൽ ആകാശവും ഭൂമിയുമൊക്ക നിശ്ചലമായി കഴിഞ്ഞിരുന്നു
"റോഡ് ക്രോസ്സ് ചെയ്തതാണ്. ഒരു ലോറി.. "ആരോ ആരോടോ പറയുന്നു
"ഇപ്പൊ കുറച്ചു കോൺഷ്യസ് ആണ് വിനോദ് വന്നോളൂ. ഇമോഷണൽ ആവരുത്.
പേഷ്യന്റിനെ ഒട്ടും ടെൻഷൻ ആക്കരുത്. "
വിനു തലയാട്ടി പിന്നെ മുഖം ഒന്നമർത്തി തുടച്ചു.
"സൂക്ഷിച്ചു പോകണമെന്ന് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് മോളെ? "അവന്റെ ശബ്ദം ഇടറി
"അച്ഛനെ ഒന്ന് പോയി കാണുമോ? ""അച്ഛന് സീരിയസ് ആണെന്ന് അമ്മയുടെ ഫോൺ ഉണ്ടായിരുന്നു. അത് കേട്ട് വന്നപ്പോഴാണ് ആ ലോറി എന്നെ.. അച്ഛനെ ഒന്ന് പോയി കാണാമോ? അവൾ ദുർബലമായ ശബ്ദത്തിൽ വീണ്ടും ചോദിച്ചു.
അവൻ അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കി
"വിഷമം ആവില്ലെങ്കില്... പ്ലീസ് "
അച്ഛൻ എന്ന സ്നേഹക്കടലിനെ നെഞ്ചിൽ ചേർത്തവൾ.. കൊടിയ വേദനയിൽ പോലും അച്ഛൻറെ മകൾ മാത്രം ആകുന്നവൾ. ചിലപ്പോൾ എങ്കിലും പെണ്ണ് ഒരു അത്ഭുതം ആണ്.
"പോകാം "അവൻ ആ നിറുകയിൽ ചുംബിച്ചു.
"സത്യം? "ആ മുഖം പ്രകാശിച്ചു
"ഇപ്പൊ തന്നെ പോകാം സത്യം "അവൻ ഉറപ്പോടെ പറഞ്ഞു.
അവൾ സ്നേഹത്തോടെ ആ കണ്ണുകളിലേക്ക് നോക്കി.
നമുക്കേറ്റവും പ്രിയമുള്ളവർ നഷ്ടപ്പെടുന്നതിന്റ മുന്നിൽ ആത്മാഭിമാനവും വിജയവും തോൽവിയുമില്ല.
അത്ര മേൽ പ്രിയമുള്ളവർക്ക് വേണ്ടി ഭൂമിയോളം താഴാനും നമുക്ക് മടിയുണ്ടാവുകയുമില്ല
പക്ഷെ അത് എപ്പോളെന്നോ?
അവർ നഷ്ടം ആകുമെന്ന് തോന്നുന്ന നിമിഷം മാത്രം.
അല്ലാത്തപ്പോളെല്ലാം നാം നമ്മുടെ അഹങ്കാരത്തെ, സ്വാർത്ഥതയെ, അന്ധമായ ആത്മാഭിമാനത്തെ മുറുകെ പിടിച്ചു കൊണ്ടേയിരിക്കും.

By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot