മിനിക്കഥ
ഒരു മന്ത്രവാദിയുടെ മോൻ മന്ത്രവാദിയും ഡോക്ടറുടെ മോൻ ഡോക്ടറും തെങ്ങു കയറ്റക്കാരന്റെ മോൻ തെങ്ങു കയറ്റക്കാരനും ആകും. അതാണ് നടപ്പു രീതി. അതു കൊണ്ടു നിന്റെ ശ്രദ്ധ മുഴുവൻ അച്ഛന്റെ കുലത്തൊഴിലിൽ തന്നെ ആകണം.
മന്ത്രവാദിയായ അച്ഛൻ എപ്പോഴുംഎന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും. അങ്ങനെയാണ് ഞാൻ അച്ഛനെ പഠനം ഉപേക്ഷിച്ചു മന്ത്രവാദത്തിൽ സഹായിക്കാൻ ഇറങ്ങിയത്.
രാത്രി ഉറങ്ങാൻ നേരത്തു അച്ഛൻ ഓരോ യക്ഷിക്കഥകൾ പറഞ്ഞു തരും. കർണ്ണയക്ഷി വടയക്ഷി അങ്ങനെ പലതരം യക്ഷികളുടെയും അപ്സരസ്സുജളുടെയും ഭൂതപ്രേതപിശാചുക്കളുടെയും കഥകൾ കേട്ടു ഞാൻ ഉറങ്ങും.
യക്ഷികളെ ഉപാസിക്കേണ്ട വിധം അവയെ ആജ്ഞാനുവര്തികൾ ആക്കാനുള്ള മന്ത്രങ്ങൾ അച്ഛൻ പറഞ്ഞു തരും. യക്ഷികൾ ചോര കുടിച്ചികൾ അല്ലത്രേ. വെറും പാവങ്ങൾ. മനുഷ്യനു കീഴ്പ്പെട്ടാൽ അവർ സ്വർഗ്ഗസുഖം പകരുന്നു തരുമത്രെ. അതിൽ കർണ്ണയക്ഷിയെ ഉപാസിച്ചാൽ കൊള്ളാമെന്നു എനിക്കും തോന്നിയിട്ടുണ്ട്. മനുഷ്യരുടെ ഭാവി ഭൂത വർത്തമാനകാലങ്ങളെ കുറിച്ചു കാതിൽ പറഞ്ഞു തരുമത്രെ ഈ യക്ഷി. അധ്വാനിക്കാതെ ജീവിക്കാൻ നല്ലൊരു മാർഗ്ഗം ആണെന്ന് തോന്നി. പക്ഷെ അതിന്റെ പരിണിത ഫലങ്ങൾ അറിഞ്ഞപ്പോൾ പിന്മാറി. കേൾവി ശക്തിയില്ലാതെ ഒറ്റപ്പെട്ടു മരണത്തിനു കീഴടങ്ങേണ്ടി വരുന്ന അവസ്ഥയെ കുറിച്ചു ഓർത്തപ്പോൾ നിരാശ തോന്നി.
എന്നാൽ അപ്സരസ്സുകളെ ഉപാസിച്ചാലോ? ദേവ നർത്തകികളായ ഉർവ്വശി രംഭ തിലോതിമ മേനക തുടങ്ങിയ അതി സുന്ദരികളെ സ്വർഗ്ഗത്തിൽ പോകാതെ തന്നെ നേരിട്ടു കാണാം. അതിന്റേയും അനന്തര ഫലം ശോകാത്മകം. എങ്കിലും നാല്പത് അപ്സരസ്സുകളെ കാണാൻ കൊതിയുണ്ട്.
ഉപാസനകൾ എല്ലാം മനുഷ്യ നന്മക്കായിരിക്കണം അല്ലെങ്കിൽ ജീവിതം കെട്ടുപോകും. സ്വാർത്ഥ ആവിശ്യങ്ങൾക്ക് ഉപാസനകൾ നടത്തുന്നതും വിപത്തുകൾ ക്ഷണിച്ചു വരുത്തും.
അച്ഛന്റെ ഉപദേശങ്ങൾ തുടർന്നു പോകുമ്പോൾ ഞാൻ ഉറങ്ങിപ്പോകും.
ഒരു ചരടു മന്ത്രിച്ചു കൊടുക്കുമ്പോൾ അച്ഛന്റെ അടുത്തു ഞാൻ ഉണ്ടാകണമെന്ന് നിർബന്ധമാണ്. മിക്കവാറും ആഴചയിൽ ഒന്നു രണ്ടു ദിവസം എവിടെയെങ്കിലും മന്ത്രവാദ പൂജകൾ ഉണ്ടാകും. ശാക്തേയ കർമ്മങ്ങളും അച്ഛൻ ചെയ്യാറുണ്ടായിരുന്നു. മറ്റു പരികർമ്മികൾ ഇല്ലാത്തതിനാൽ എല്ലാറ്റിനും ഞാൻ കൂടെ വേണം. മിക്കവാറും മന്ത്രവാദം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ അര്ധരാത്രിയോ പുലർച്ചയോ ആകും. വാഹനങ്ങൾ കിട്ടാത്തതിനാൽ ഞങ്ങൾ നടന്നിട്ടായിരിക്കും വരിക.
ഒരിക്കൽ ഒരു ബാധ ഒഴിപ്പിച്ചു വീട്ടിലേക്ക് വരുമ്പോൾ ഉണ്ടായ സംഭവം മറക്കാൻ പറ്റാത്തതാണ്. അന്നു അർദ്ധരാത്രി കഴിഞ്ഞിരുന്നു. നല്ല നിലാവ് പരന്നൊഴുകുന്ന രാത്രി. പാലപ്പൂവിന്റെ ഗന്ധം ആവാഹിച്ചു കാറ്റ് എത്തുമ്പോൾ അച്ഛൻ എന്നോട് പറഞ്ഞു.
ഇന്ന് നീ ആദ്യമായി യക്ഷിയെ കാണും.
എനിക്ക് ഇതു കേട്ടപ്പോൾ ഭയമാണ് തോന്നിയത്. ഞാൻ അച്ഛന്റെ കയ്യിൽ പിടുത്തമിട്ടു.
പേടിക്കണ്ട.. ഞാനില്ലേ കൂടെ. ഒരു യക്ഷിയും നമ്മളെ ഒന്നും ചെയ്യില്ല.
ശരിയാണ്. അച്ഛനെ കാണുമ്പോൾ ഏത് യക്ഷിയും ഭയന്നോടും. എത്രയെത്ര പ്രേതങ്ങളെയും പിശാചുക്കളേയും അച്ഛൻ പിടിച്ചു കുപ്പിയിലാക്കി കടലിൽ ഒഴുക്കിയിട്ടുണ്ട്. പക്ഷെ മനുഷ്യരെ അച്ഛന് പേടിയായിരുന്നു. അവർക്കു പ്രേതങ്ങളുടെ ബുദ്ധിയില്ലെന്നുഅച്ഛൻ എപ്പോഴും പറയും.
അങ്ങനെ ഞങ്ങൾ നടന്നു ഒരു പൊട്ടക്കിണറിനു സമീപം എത്തിയപ്പോൾ ഒരു സ്ത്രീഅഴിഞ്ഞ മുടി ചീകി കെട്ടുന്നത് ഞാൻ കണ്ടു. നിലാവിൽ അവൾ പൂത്തു നിൽക്കുന്ന ചെമ്പകം പോലെ തോന്നിച്ചു.
അതാ യക്ഷി.. അവിടെയുണ്ട്... മോൻ പേടിക്കണ്ട. ഞാൻ അതിനെ തളക്കട്ടെ.. മോൻ കണ്ണുമടച്ചു ഈ കിണർവക്കിൽ ഇരുന്നോളു. അച്ഛൻ വന്നാൽ മാത്രമേ കണ്ണു തുറക്കാൻ പാടുള്ളു. ഭീകര രൂപം കാട്ടി അവൾ ഭയപ്പെടുത്താൻ ശ്രമിക്കും.
ഒരു കല്ലു മന്ത്രിച്ചു കയ്യിൽ തന്ന ശേഷം അച്ഛൻ യക്ഷിയെ തളക്കാൻ അങ്ങോട്ട് പോയി. ഞാൻ പടവിൽ അച്ഛനെ കാത്തിരിക്കും. ഒടുവിൽ അച്ഛൻ വരുമ്പോൾ കോഴി കൂകിയിരിക്കും. അപ്പോൾ ഞാൻ നല്ല ഉറക്കത്തിലായിരിക്കും.
ഇതു പോലെ നിരവധി തവണ ഞാൻ യക്ഷീ ദർശനം അനുഭവിച്ചിട്ടുണ്ട്.
ഒരിക്കൽ അങ്ങു ദൂരെ പ്രേതാവഹണത്തിനു പോയപ്പോൾ എന്നെ കൂടെ കൂട്ടിയിരുന്നില്ല. അന്നു ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും. അച്ഛൻ വരുമ്പോൾ തലയറ്റ കോഴികളും കുടിച്ചു ബാക്കിയായ നാടൻ ചാരായവും ഉണ്ടാകും. അന്നു കുശാൽ ആയിരിക്കും.
ഒരിക്കൽ ഇതു പോലെ അച്ഛൻ ദൂരെനാട്ടിൽ മന്ത്രവാദത്തിനു പോയപ്പോൾ ഞാനും അമ്മയും തനിച്ചായി വീട്ടിൽ. കാലത്ത് അമ്മ ഉറക്കെ ആരെയോ വഴക്കു പറയുന്നതു കേട്ടാണ് ഞാൻ ഉണർന്നത്. പതിവില്ലാത്ത വഴക്കു കേട്ടപ്പോൾ ഞാൻ എഴുന്നേറ്റു ചെന്നു നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി.
യക്ഷി
പല രാത്രികളിലും നിലാവിൽ കുളിച്ചു നിന്ന ആ യക്ഷി മുന്നിൽ നിൽക്കുന്നു. കരഞ്ഞു കൊണ്ടു. എനിക്കു സങ്കടമായി.
യക്ഷികൾക്കും കണ്ണീരോ?
നീ എന്റെ മുമ്പിൽന്ന് പോകുന്നുണ്ടോ? അല്ലെങ്കിൽ എന്റെ തനി സ്വഭാവം നീ കാണും...
അമ്മ യക്ഷിയെ പോലെ ഉറഞ്ഞു തുള്ളിയപ്പോൾ യഥാർത്ഥ യക്ഷി പിന്നെ അവിടെ നിന്നില്ല. അവൾ കരഞ്ഞു കൊണ്ടു പടിയിറങ്ങിപ്പോയി.
അപ്പോൾ അമ്മ ആരോടെന്നില്ലാതെ ഉറക്കെ പറയുന്നുണ്ടായിരുന്നു.
കെർപ്പം ആണെത്ര ഗർഭം. നിന്റെ തന്തയുടെ...
അന്നാദ്യമായി യക്ഷികളോട് സഹതാപം തോന്നി. പാവം.
By Krishna Abaha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക