നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇംഗ്ളീഷ് വിംഗ്‌ളീഷ്‌

Image may contain: Muhammad Ali Ch, smiling, selfie, stripes, closeup and indoor
---------------------------------
സഹപാഠികളിൽ നല്ല അടുപ്പക്കാരോട് ഇനി മുതൽ സാധ്യമാകുന്ന രീതിയിൽ ഇംഗ്ളീഷിൽ സംസാരിക്കണമെന്ന ആഗ്രഹം എപ്പോഴോ എങ്ങനെയോ ഉമ്മറിന്റെ മനസ്സിൽ പൊട്ടിമുളച്ചതായിരുന്നു!
നാലാം ക്ലാസ് മുതലാണ് ഇംഗ്ളീഷ് അക്ഷരങ്ങൾ പഠിച്ചു തുടങ്ങിയത്.!
സാധാരണ സർക്കാർ സ്ക്കൂളിൽ മലയാളം മീഡിയത്തിൽ , പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇംഗ്ളീഷ് പഠിപ്പിക്കുന്ന പുഷ്പ ടീച്ചർ , ഒലിവർ ട്വിസ്റ്റ് തുടങ്ങിയ പാഠങ്ങൾ പഠിപ്പിച്ചു തന്നയുടൻ, ടീച്ചർ പഠിപ്പിച്ച അതേ പോലെ ക്ലാസ്സിൽ അത് ആവർത്തിച്ചു പറഞ്ഞു കൊടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർത്ഥിയായിരുന്നു ഉമ്മർ. പുഷ്പ ടീച്ചറുടെ ഇംഗ്ലീഷ് ഭാഷ പരിശീലന പദ്ധതി കുറഞ്ഞപക്ഷം ഉമ്മറിനെങ്കിലും വലിയ ഉപകാരമായിരുന്നു!
പ്രീഡിഗ്രി പരീക്ഷയിൽ ഭാഷാവിഷയങ്ങളൊഴികെയുള്ളവ മലയാളത്തിൽ എഴുതാൻ അവസരമുണ്ടായിരിക്കെ ഇംഗ്ളീഷിൽ പരീക്ഷയെഴുതാൻ ആത്മഹത്യാപരമായ തീരുമാനമെടുക്കുകയും അത് വിജയകരമായി നടപ്പാക്കുകയും ചെയ്ത ചരിത്രമുണ്ട് ഉമ്മറിന്.
ഡിഗ്രി ക്ലാസ്സെത്തിയപ്പോൾ, കോളേജിലേക്കുള്ള ബസ്സിൽ ഒരുമിച്ചു യാത്ര ചെയ്യുകയും ചെയ്യാറുള്ള , സുഹൃത്തും സഹപാഠിയുമായ ധനഞ്ജയനോട് , ഇംഗ്ളീഷ് സംസാരിച്ചു പരിശീലിക്കാനുള്ള ആവേശത്തിൽ ഒരു ദിവസം "വേർ ആർ യു ഗോയിങ് " എന്ന് ചോദിച്ചപ്പോൾ അവൻ നൽകിയ മറുപടി "വേറെ ആരുടേയും കോയിയൊന്നുമല്ല , സ്വന്തം വീട്ടിലെ കോയി തന്നെയാ അറുത്ത് കറി ഉണ്ടാക്കിയത്" എന്നാണ്. അത്രക്കായിരുന്നു അക്കാലത്ത് സുഹൃത്തുക്കളിൽ നിന്നുമുണ്ടാകാറുള്ള ഇംഗ്ളീഷ് ഭാഷയുടെ പൊതു പ്രോത്സാഹനം!
മാസ്റ്റർ ഡിഗ്രി ക്ലാസ്സിൽ 'സെക്യൂരിറ്റി അനാലിസിസ് ' വിഷയത്തിൽ,ഇംഗ്ളീഷ് മാത്രം സംസാരിക്കുകയും ഇംഗ്ളീഷിൽ മാത്രം ക്‌ളാസ്സെടുക്കുകയും ചെയ്യാറുള്ള സുബൈർ സാറിനോട് അതിരറ്റ ബഹുമാനമായിരുന്നു.
ഒരു സഹപാഠിയോട് "വാട്ട് ഈസ് യുവർ നെയിം ?" എന്ന് സാർ ചോദിച്ചപ്പോൾ "സജീവൻ" എന്ന് പേര് പറഞ്ഞ അവനോട് "വൗ .. യു ആർ സ്റ്റിൽ അലൈവ്" എന്ന അർത്ഥവത്തായ തമാശ പൊട്ടിച്ചിട്ടുണ്ട് സുബൈർ സാർ. മാഷിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കൊണ്ട് സഹപാഠികളോട് ഇംഗ്ളീഷിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ "ഓ ഓൻറെയൊരു ഇംഗ്ളീഷ് കേട്ടാ, നീയാരാ ഇംഗ്ളീഷുകാരൻ ഉമ്മറാ .. ഒന്ന് പോടാ ഓന്റെ ഒരു ഇംഗ്ളീഷ്"..
ആരോടെങ്കിലും ഇംഗ്ളീഷ് സംസാരിച്ചേ അടങ്ങൂ എന്ന വാശി ഉള്ളിൽ കൊണ്ട് നടന്ന ഉമ്മർ അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടം സന്ദര്ശിക്കാനെത്തി. അവിടെയുള്ള ഇളനീർ തട്ടുകടയുടെ മുന്നിൽ വെച്ച് ഇംഗ്ളീഷുകാരായ ആൺ പെൺ സുഹുര്ത്തുക്കളെയോ ദമ്പതികളെയോ കണ്ടുമുട്ടി!. അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ ഉമ്മറിന്റെ മനസ്സിൽ ഇംഗ്ളീഷ് ഭാഷ പെരുമ്പറ കൊട്ടി. ഇംഗ്ളീഷുകാരോട് ഇംഗ്ളീഷ് സംസാരിക്കാനുള്ള അവസരം നോക്കി, തട്ടുകടയുടെ മുന്നിൽ വെറുതെ അങ്ങോട്ടുമിങ്ങോട്ടും ചുറ്റിക്കളിച്ചുകൊണ്ടിരുന്നു. ഓരോ ഇളനീർ കഴിച്ചിട്ട് വീണ്ടും കഴിക്കാൻ ആഗ്രഹം തോന്നിയ ഇംഗ്ളീഷുകാർ തൃശൂർ മലയാളം സംസാരിക്കുന്ന തട്ടുകടയുടമയായ ചേച്ചിയോട് "ടു മോർ " എന്ന് ആവശ്യപ്പെട്ടു. ഇംഗ്ളീഷുകാർ അവരുടെ ഇംഗ്ളീഷ് ശൈലിയിൽ പറഞ്ഞത് മനസ്സിലാകാതിരുന്ന ചേച്ചി, "അവർ എന്താണ് പറഞ്ഞത് എന്ന് അറിയാൻ ചേച്ചി ഉമ്മറിന്റെ മുഖത്ത് നോക്കി. ഇംഗ്ളീഷ് എല്ലിൽ കുത്തിക്കയറി നാവിൻ തുമ്പത്ത് നിന്നും പുറത്തേക്ക് ചാടാൻ കാത്തു നിൽക്കുന്ന അവസ്ഥയിലുള്ള ഉമ്മറിന്റെ നാവിൽ നിന്നും അത് പുറത്തേക്ക് തലനീട്ടിക്കൊണ്ട് "ടു മോർ" എന്ന് പറഞ്ഞു ഒരൊറ്റ ചാട്ടം. !!
കേട്ടു നിന്ന വിൽപ്പനക്കാരി ചേച്ചിയും , ഇളനീർ ആവശ്യപ്പെട്ട ഇംഗ്ളീഷുകാരും , പാകമാകാത്ത കരിക്ക് കുടിച്ച പോലെ ഉമ്മറിന്റെ മുഖത്തേക്ക് നോക്കി ... നോട്ടത്തിലെ ചവർപ്പ് മനസ്സിലായ ഉമ്മർ വെള്ളച്ചാട്ടം ലക്ഷ്യമാക്കി ഊടുവഴികളിലൂടെ ഊർന്നിറങ്ങി !!..
വാൽക്കഷണം ..
അവസരം ലഭിച്ചപ്പോൾ ഇംഗ്ളീഷ് പ്രസംഗം യാതൊരു സങ്കോചവും കൂടാതെ സുന്ദരമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കുഞ്ഞനുജത്തിയെ അഭിനന്ദിക്കുന്നവരുടെ വിശാല മനസ്സ് പ്രശംസനീയം .. !!
ഉമ്മറിന്റെ അനുഭവങ്ങൾ ... (ഭാഗം ഏഴ്)
ഇനിയും ചില 'കത്തിയുമായി ഉമ്മർ വരുമോ ? അല്ല, വരണോ ?
- - മുഹമ്മദ് അലി മാങ്കടവ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot