The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Thursday, December 12, 2019

ഇഷ്ടം

Image may contain: 1 person, smiling
കറുത്ത കളറിൽ ഗ്ലാമർ കെട്ട് ആരും നോക്കാനില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന കാലം...
ഇതുപോലൊരു വൃശ്ചികമാസം...
മിക്ക ദിവസങ്ങളിലും സന്ധ്യാസമയത്ത് ഞങ്ങൾ അടുത്തുള്ള ശാസ്താക്ഷേത്രത്തിൽ ദീപാരാധന തൊഴാൻ പോവും..
അസ്സലായി വായിൽ നോക്കണം എന്നൊക്കെ മനസ്സിൽ ആഗ്രഹമുണ്ടെങ്കിലും ആത്മാഭിമാനം സമ്മതിക്കാത്തതിനാൽ തികഞ്ഞ ഭക്തയായി തൊഴുതു പോരും...
കർപ്പൂര ഗന്ധം നിറഞ്ഞ അന്തരീക്ഷത്തിൽ മണിനാദവും ശരണം വിളികളും മുഴങ്ങി നിൽക്കുമ്പോൾ.. ശ്രീകോവിലിന്റെ നടതുറക്കും.... ആ സമയത്ത് മാത്രം വൃശ്ചിക കാറ്റിൽ കുളിർന്ന് മറ്റെല്ലാം മറന്ന് ഞാൻ ഭഗവാനോട് ചേർന്ന് കുറച്ചുനിമിഷങ്ങൾ നിൽക്കും...
ദീപാരാധനയ്ക്കുശേഷം ഭജനയുണ്ട്..... ഭജന പാടാൻ ഇരിക്കുന്നവരുടെ കൂട്ടത്തിൽ കാണാൻ ഇമ്പം തോന്നുന്ന മനോഹരമായി പാടുന്ന ഒരു പയ്യൻ ഉണ്ട്... എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിയുമ്പോൾ തികച്ചും സ്വാഭാവികം എന്നവണ്ണം ഞാനും നോക്കിനിൽക്കും..... ആ സംഗീത മധുരിമയിൽ മയങ്ങി നിൽക്കും....
ഒരിക്കലും എന്നെ ശ്രദ്ധിച്ചിട്ട് ഉള്ളതായി തോന്നിയിട്ടില്ല... അല്ലെങ്കിലും കാണാൻ കൊള്ളാവുന്ന കൂട്ടുകാരികൾക്കിടയിൽ നിൽക്കുമ്പോൾ എന്നെ ശ്രദ്ധിക്കുമെന്ന് ഞാനും പ്രതീക്ഷിച്ചിട്ടില്ല.....
എങ്കിലും പ്രത്യേകിച്ച് ഒരു ഇഷ്ടം ആ പാട്ട് കാരനോട് എനിക്ക് ഉണ്ടായിരുന്നു...
ഒന്നുരണ്ട് വർഷങ്ങൾക്കു ശേഷം ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം.... ഒരു മഴയത്ത് ഞാനും കൂട്ടുകാരിയും കോളേജ് വിട്ട് വീട്ടിലേക്ക് നടക്കുന്നു...
കൂട്ടുകാരികൾ എല്ലാം ഡ്രസ്സിൽ വെള്ളവും ചെളിയും പുരളാതെ നടക്കുമ്പോൾ ഞാൻ കാണുന്ന ചെളിവെള്ളം എല്ലാം ചവിട്ടി തെറിപ്പിച്ച് കുടചൂടിയിട്ടുണ്ടെങ്കിലും പറ്റുന്നത്ര നനഞ്ഞ് വീട്ടിലേക്ക് നടക്കുന്ന നേരം..... ആ പാട്ടുകാരൻ പയ്യൻ വഴിയോരത്തുള്ള കടത്തിണ്ണയിൽ നിന്ന് മഴത്തുള്ളികൾ ക്കിടയിലൂടെ നോക്കുന്നത് കണ്ടു.... എന്നെ തന്നെയാണോ എന്ന് ഉറപ്പിക്കാൻ വീണ്ടും നോക്കി... അതെ സംശയമില്ല... പിറ്റേന്നും ആളെ കണ്ടു.... പിന്നീട് ഒരു ദിവസം പാട്ടുകാരൻ എന്നോടുള്ള ഇഷ്ടം അറിയിച്ചു കൂട്ടുകാരിയോട്.... എനിക്കാകെ കൺഫ്യൂഷനായി...
ഇഷ്ടമില്ല എന്നു പറഞ്ഞാൽ കള്ളം ആവും... എന്നെ മനസ്സിലാക്കിയ കൂട്ടുകാരി എന്റെ ഇഷ്ടം അവനെ അറിയിച്ചു...
പിന്നീടാണ് ട്വിസ്റ്റ്....
വഴിയിലൊക്കെ പാട്ടുകാരൻ എന്നെ കാത്തു നിൽക്കാൻ തുടങ്ങിയപ്പോൾ എനിക്ക് വെപ്രാളം ആയി..... അതുവരെ ആരെയും നോക്കാതെ വായും പൊളിച്ചു നടന്ന എനിക്കു മുന്നിൽ ഒരു വിലങ്ങു വീണത് പോലൊരു തോന്നൽ... ഒരു അസ്വാതന്ത്ര്യം..
പരസ്പരം മിണ്ടിയിട്ട് കൂടി ഇല്ല.. എന്നാലും അതിന്റെ നോട്ടത്തിൽ എല്ലാ സ്നേഹവും ഉണ്ടായിരുന്നു...
എന്റെ മനസ്സിൽ പ്രണയത്തിന് പകരം അപ്പന്റെ കൊമ്പൻ മീശയും ചേട്ടന്റെ നോട്ടത്തിൽ കാർക്കശ്യവും ഒക്കെ നിറഞ്ഞുനിന്നു...
എന്റെ മനസ്സ് പുറകോട്ട് വലിയാൻ തുടങ്ങി....
കുറച്ചു ദിവസങ്ങൾ കടന്നു പോയി...
ഇനിയും പുറകെ നടത്തിയാൽ പണി പാളും എന്ന് മനസ്സ് പറഞ്ഞു...
ലാസ്റ്റ് സീൻ
രാവിലെ അമ്പലത്തിൽ പോയി വരുന്ന ഞാൻ.. വഴിയിൽ എന്നെ കാത്തു നിൽക്കുന്ന പാട്ടുകാരൻ.... പെട്ടെന്ന് എന്റെ മനസ്സിൽ ഒരു ഐഡിയ പൊട്ടിമുളച്ചു... പ്രണയം നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന പാട്ട്കാരനോട് എതിരെ വന്ന ഒരു ചേട്ടനെ ചൂണ്ടിക്കാണിച്ചു ഞാൻ പറഞ്ഞു..
എനിക്ക് ആ ചേട്ടനോട് ആണ് ഇഷ്ടം...
പാട്ടുകാരൻ പകച്ചു പോയി... കുനിഞ്ഞ മുഖത്തോടെ ഇറങ്ങിപ്പോകുന്ന അവനെ നോക്കി അന്ന് ഒരു വിജയിയെ പോലെ ഞാൻ നിന്നു...
കാലം കഴിയും തോറും ആ ഓർമ്മ മനസ്സിൽ ഒരു നോവായി...
മറ്റ് എന്തുവേണമെങ്കിലും പറഞ്ഞു ഒഴിവാക്കാമായിരുന്ന ബന്ധം എത്ര ക്രൂരമായാണ് ഞാൻ അവസാനിപ്പിച്ചത്..
ഒരക്ഷരം ഉരിയാടാതെ തിരിഞ്ഞു നടന്ന പാട്ടുകാരനോട് മനസ്സിൽ ഒരായിരം തവണ പിന്നീട് ഞാൻ മാപ്പു പറഞ്ഞു....
പക്ഷേ എന്തുകൊണ്ടോ ആ സ്നേഹം സ്വീകരിക്കാൻ എനിക്കായില്ല.. ചിലപ്പോൾ അതൊരു പ്രണയമായിരുന്നിരിക്കില്ല...
ഇഷ്ടം മാത്രം ആയിരുന്നിരിക്കാം...
അതെ എനിക്കിപ്പോഴും ഇഷ്ടമാണ് അയാളെ.... അയാളുടെ പാട്ടുകളെ...
അതിനപ്പുറവും ഇപ്പുറവും ഒന്നുമില്ലാത്ത ഇഷ്ടം മാത്രം....
കഥ തീർന്നു...... 😌
എന്ന് ഒരു പാവം തേപ്പുകാരി... പ്ലിംഗ്... 😒
ആരും വിഷമിക്കേണ്ട ട്ടോ ഈ കഥ വായിച്ചിട്ട്,...
അത് കാരണം പാട്ടുകാരന് ഗ്ലാമർ ഉള്ള ഒരു പാവം പെൺകൊച്ചിനെ ഭാര്യയായി കിട്ടി... 


By: Beena Suraj

No comments:

Post Top Ad

Your Ad Spot