Slider

നൈകാ

0

ഹാ! എന്ത് വലിയ പൂന്തോട്ടം. നീലയും, പിങ്കും പൂവുകളുള്ള രണ്ടു തരം ചെടികൾ ഇടകലർന്നു നിൽക്കുന്നുണ്ട് ആ തോട്ടത്തിൽ. അഞ്ചു ഇതളുകളുള്ള ആ പൂവുകൾ കാണുവാൻ എന്തൊരഴകാണ്.യഥേഷ്ടം സൂര്യപ്രകാശവും, നല്ല കുളിർതെന്നലുമെല്ലാമേറ്റു അവ പരസ്പരം മുട്ടിയുരുമ്മിയും ചാഞ്ചാടിയും നിൽപ്പുണ്ട്.
ഹേ, അതെന്താണ്, തോട്ടത്തിന്റെ തെക്കേ മൂലയിൽ ഒരു കൊച്ചു കൂടാരം പോലെ.
അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് കണ്ടത്, ആ കൂടാരം നിർമ്മിച്ചിരിക്കുന്നത്, ഒന്ന് ചെറുതായി സ്പർശിച്ചാൽപോലും ശരീരം മുറിഞ്ഞു രക്തം കിനിയുന്ന കൂർത്ത കമ്പിമുള്ളുകൾ കൊണ്ടാണ്. എന്തായിരിക്കും ഈ കൂടാരത്തിനുള്ളിൽ. പ്രയാസപ്പെട്ട്, മുള്ളുകൾ കൊളുത്തി വലിച്ചു, ശരീരമാസകലം രക്തം വാർന്നു, വല്ലാത്ത വേദനയോടെ കൂടാരത്തിനുള്ളിൽ കടന്നു ചെന്നപ്പോൾ കണ്ട കാഴ്ച്ച ! ഒരുപാട് ചെടികളുണ്ട് ആ കൂടാരത്തിനുള്ളിൽ. അഞ്ചു ഇതളുകളുള്ള പൂവുകൾ. രണ്ടു ഇതളുകൾക്ക് പിങ്ക് നിറം, രണ്ടെണ്ണത്തിന് നീല നിറം, ഒരു ഇതളിന് വെള്ളനിറം.ഓരോ ചെടിയും മുള്ളു വേലിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. കാറ്റും വെളിച്ചവും ഒട്ടുമില്ലാത്ത ഇരുണ്ട കൂടാരത്തിൽ പൂക്കളെങ്ങാനുമിളകിയാൽ വേലിയിലെ മുള്ളുകൊണ്ട് ഇതളുകൾ കീറിമുറിയും.
ആ കൂടാരത്തിനുള്ളിലെ എല്ലാ പൂക്കളുടെ മേലെയും ഒരു നേർത്ത വെള്ളപ്പാട പോലെ.
അയ്യോ, കണ്ണീരുണങ്ങി ഉപ്പ് പറ്റിപ്പിടിച്ചപോലെയുണ്ടല്ലോ.
ആ ചെടിയുടെയരികിൽ എന്താണത്. ഏഹ്!ഇത് ഒരു ഓട്ടോഗ്രാഫ് ബുക്കല്ലേ.
ചുവന്ന് മിനുസമുള്ള വെൽവെറ്റ് പുറം ചട്ടയുള്ള ഒരു കൊച്ചു പുസ്തകം. അത് കുനിഞ്ഞു കയ്യിലെടുത്തതും, പെട്ടെന്ന് കയ്യിലെ തൊലിയെല്ലാം ചുക്കി ചുളിഞ്ഞു.അയ്യോ! കൈ വേദനിക്കുന്നു. ഇതെന്തു മറിമായം. തന്റെ കൈകളിപ്പോൾ ഒരു വൃദ്ധന്റെതു പോലെയായിരിക്കുന്നു.
ദൈവമേ. "പമ്മാ, പമ്മാ", ആരോ തന്നെ വിളിക്കുന്നല്ലോ. അങ്ങകലെ നിന്നും ആ വിളി വീണ്ടും കേൾക്കാം.ആകെ വിയർക്കുന്നു, ശ്വാസം മുട്ടുന്ന പോലെ.
"പമ്മാ, ഇതാ പുതിയ പമ്പരം.നീയെടുത്തോ ട്ടാ.
പമ്മാ, കുമ്മാട്ടി കാണാൻ പോവാട്ടോ.
പമ്മാ, ഈ കണക്കു എനിക്ക് കിട്ടുന്നില്ല, പറഞ്ഞു തരുമോ.
പമ്മാ,എനിക്ക് മാത്രം മീശ മുളയ്ക്കുന്നില്ലല്ലോ ടാ..
പമ്മാ, നീ പൊയ്ക്കോ..ഞാനില്ല പുഴയിൽ കുളിക്കുവാൻ.
പമ്മാ, എനിക്കു നിന്നോട് കുറേ സംസാരിക്കാൻ ഉണ്ട്. നിന്നോടെങ്കിലും എനിക്കെല്ലാം തുറന്നു പറയണം.
അല്ലെങ്കിൽ വേണ്ട പമ്മാ, നീ എന്നെ വെറുത്താലോ.
പമ്മാ, നിന്നെ അമ്മാത്തേക്ക് കൊണ്ട് പോവാണല്ലേ. എന്നാ ഇനി കാണാൻ കഴിയാ.
പമ്മാ, നിന്റെ വിവാഹക്ഷണക്കത്തു കിട്ടി.ന്റെ പ്രാർത്ഥനകൾ ഉണ്ടാകും കൂടെ.
പമ്മാ, പമ്മാ."
ആരോ നിലവിളിക്കുന്നു.
ചെവി വല്ലാതെ വേദനിക്കുന്നു.
ആരോ കരയുന്ന പോലെയുണ്ടല്ലോ.
ആമിയല്ലേ അത്.
"ഈ ലോകത്തിലെ ഏറ്റവും പുണ്യം ചെയ്ത സ്ത്രീകളിൽ ഒരാളാണ് ഞാനെന്ന് എല്ലാവരും പറയുന്നു. നല്ല ഭർത്താവ്,മിടുക്കനായ മകൻ.
എങ്കിലും പരമുവേട്ടാ, എനിക്കറിയാം നിങ്ങൾ ഒരിക്കലും എന്നെ പ്രണയിച്ചിട്ടില്ലെന്നു.
ഉള്ളിലെപ്പോഴൊക്കെയോ ഞാനില്ലായിരുന്നുവെങ്കിൽ എന്ന് നിങ്ങൾ സങ്കല്പിക്കാറില്ലേ. നിങ്ങളൊരിക്കലും എന്റേതായിരുന്നില്ല ഏട്ടാ.
അവൾ തന്റെ കണ്ണുകളിലേക്കു തുറിച്ചു നോക്കി, അവസാന ശ്വാസം വലിച്ചു."
വിറയ്ക്കുന്ന കൈകളോടെ താൻ അവളുടെ തുറിച്ച കണ്ണുകൾ എന്നേക്കുമായി തഴുകിയടച്ചു.
ഡും ഡും ടം ഡമാ ഡമാ..
ഇതെന്തൊരു ശബ്ദമാണ്.. ഡമരുവിന്റേത് പോലെ..
ചെവിയിൽ തുളച്ചു കയറുന്നുവല്ലോ.
കയ്യിൽ കനൽ ചട്ടിയുമായി അതാ അങ്ങകലെ ആരോ നൃത്തം ചെയ്യുന്നു.
അതൊരു പുരുഷനല്ലേ? അതേ.ദൃഢഗാത്രനാണ് അയാൾ.
സൂക്ഷിച്ചു നോക്കി.അല്ല അതൊരു സ്ത്രീയാണല്ലോ.
അർദ്ധനഗ്നമേനിയിൽ മാറിടങ്ങൾ കാണാമല്ലോ.
രക്തമിറ്റുന്ന നാവു നീട്ടി തീക്കനലുള്ള മൺചട്ടിയേന്തി ആ രൂപം ഡമരു നാദത്തിനൊത്തു നൃത്തം ചെയ്യുകയാണ്.
"എന്തിനു മാറ്റി നിർത്തുന്നു മമ സന്താനങ്ങളെ
അവരും ഭൂമി തൻ അവകാശികൾ.
കാമപണ്ടാരങ്ങളല്ലവർ!
കണ്ണുനീർ ധാരയാലും കനലടക്കുവാനാവാത്ത,
നിങ്ങളാൽ പൊള്ളിക്കപ്പെടുന്ന മനസ്സ് പേറുന്നവർ.
പിച്ചിചീന്തിയെരിച്ചടക്കുന്നവർ ഏകരല്ലേ.
കൊലവിളി നടത്തുന്നവർ ഏകരല്ലേ.
മാറ്റി നിർത്തപ്പെടേണ്ടവർ ആ ഏകരല്ലേ
ഈ നൈകരല്ലാ.
ഡും ഡും ഡമാ ഡമ...
പെട്ടന്ന് ആ രൂപത്തിന്റെ ഹൃദയഭാഗത്തു നിന്നും അഗ്നിനാളങ്ങൾ ഉയർന്നു വന്നു.
ആ തീനാളങ്ങൾ തന്റെയടുത്തേയ്ക്കു ഒരു ഭയാനക സർപ്പം കണക്കെ ഇഴഞ്ഞു വരുന്നു.
അയ്യോ.
പരമേശ്വരൻ ഞെട്ടിയുണർന്നു.
വല്ലാതെ വിയർത്തിരിക്കുന്നു.
ഫ്രിഡ്‌ജിൽ നിന്നും വെള്ളമെടുക്കാനായി ഹാളിലേക്ക് പോകുന്നതിനിടയിൽ പരമേശ്വരൻ അപ്പുറത്തെ മുറിയിലേക്കെത്തി നോക്കി.
അവിടെ ദേവ ഉറങ്ങുകയാണ്.
അയാൾ പതുക്കെ ആ മുറിയിലേക്ക് ചെന്നു.
ദേവ നല്ലയുറക്കമാണ്.ചുണ്ടിൽ പാതി വിരിഞ്ഞ പുഞ്ചിരി കാണാം.അവളെന്തോ നല്ല സ്വപ്നം കാണുകയാണ്. കാണട്ടെ. ഇനിയെങ്കിലും കാണട്ടെ അവൾ സ്വപ്‌നങ്ങൾ.
ഇനിയും മുളയ്ക്കാത്ത മുഖരോമങ്ങളെക്കുറിച്ചോർത്തു വ്യസനിക്കാതെ, ഉയർന്നമാറിടങ്ങൾ മറ്റാരെങ്കിലും ശ്രദ്ധിച്ചെങ്കിലോ എന്നയാശങ്കയില്ലാതെ താൻ ആഗ്രഹിച്ച തന്റെ ഇഷ്ടപ്പെട്ട വസ്ത്രമായ സാരിയുമുടുത്തു ദേവ 'അവളായി' ഉറങ്ങുന്നു.
ആരെയും ഭയക്കാതെ.
അയാൾ കട്ടിലിനറ്റത്തു കിടന്ന പുതപ്പെടുത്തു അവളെ പുതപ്പിച്ചു.
കട്ടിലിന്നരികിലെ മേശമേൽ ഒരു ഓട്ടോഗ്രാഫ് ബുക്ക്‌ വച്ചിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു.
ചുവന്ന വെൽവെറ്റ് ചട്ടയുള്ള ആ ബുക്കിൽ ഒരു പേജൊഴികെ മറ്റെല്ലാം കീറിമാറ്റപ്പെട്ടിട്ടുണ്ട്. ആ പേജിൽ ഇങ്ങനെ എഴുതിയിരുന്നു.
"ഞാൻ വരും. നിന്നെ നീയായി ജീവിപ്പിക്കുവാൻ, നിനക്ക് ചുറ്റുമുള്ള മുള്ളുവേലി പറിച്ചെറിഞ്ഞു, നിന്നെ കൊണ്ടുപോകുവാൻ ഞാൻ വരും"
സ്വന്തം പമ്മൻ.
പരമേശ്വരൻ(ഒപ്പ്)!!
അമ്പത്തിയൊന്നു വർഷങ്ങൾക്കു മുൻപുള്ള തന്റെ കൈപ്പടയിൽ,ചുക്കിചുളിഞ്ഞ കൈകൊണ്ടു തലോടി അയാൾ പുഞ്ചിരിച്ചു.
************************************
Aisha Jaice
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo