നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Small Aim is a Big Crime

No photo description available.
===========
കഴിഞ്ഞ ജൂലൈ മാസത്തിൽ എന്റെ മകന്റെ സ്കൂളിലെ മെറിറ്റ് ഡേയിൽ പങ്കെടുക്കാൻതൃശൂരിലെ മോഡൽ ബോയ്സ് സ്കൂളിൽ പോയപ്പോൾ MboSat അംഗവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കൂടി ആയിരുന്ന ആലപ്പാട്ടച്ചൻ ആശംസാ പ്രസംഗത്തിനിടെ പ്രതിപാദിച്ച ഒരു വാക്യമാണിത്. നമ്മുടെ രാഷ്ട്രപതി ആയിരുന്ന എപിജെ അബ്ദുൾ കലാമിന്റെ പ്രസിദ്ധമായ വാക്കുകൾ. ഇത് ഞാനിവിടെ പറയാൻ കാരണമുണ്ട്.
കഴിഞ്ഞ അക്കാദമിക് ഇയറിലെ പ്ലസ് ടു റിസൾട്ട് വന്നതിന് ശേഷം ഞാൻ ഏററവും കൂടുതൽ കേട്ട ഒരു പഴഞ്ചൊല്ലാണ് "കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ" എന്നത്.പലരും ഉപദേശ രൂപേണയും ചിലരൊക്കെ പരിഹാസപൂർവ്വവും എനിക്ക് നേരെ തൊടുത്തുവിട്ട വാക്ശരം. ഇതിന് കാരണമായത് 2018-2019 വർഷത്തെ പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയിച്ച മകന്റെ തുടർപഠനവുമായി ബന്ധപ്പെട്ട ചില ആഗ്രഹങ്ങൾക്കു വേണ്ടി ശ്രമിച്ചതാണ്.
ഏഴാം ക്ലാസ് മുതൽ ഉള്ളിലിട്ടു വളർത്തിയ ഒരു ലക്ഷ്യത്തെ പറ്റി അവൻ എന്നോട് പറഞ്ഞപ്പോൾ ,ഒരു അമ്മയെന്ന നിലയിൽ അവന്റെ ആഗ്രഹത്തോടൊപ്പം നിൽക്കുകയും അവന് പ്രോത്സാഹനം നൽകുകയും ചെയ്തതിനോടൊപ്പം ആ ലക്ഷ്യത്തിനു വേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി പ്ലസ് ടു റിസൾട്ട് വരും മുന്നേ അവനെIELTS കോച്ചിങ്ങിന് എറണാകുളത്ത് പറഞ്ഞു വിട്ടതും ഞാൻ തന്നെയാണ്. പ്ലസ് ടു റിസൽട്ട് വന്നത് IELTS കോച്ചിങ്ങിന് ഇടയിലാണ്. ഫുൾ എപ്ലസ് ആണെന്ന വിവരം അവൻ വിളിച്ചു പറഞ്ഞപ്പോൾ ആ വിജയം ആഘോഷിക്കാൻ ഞങ്ങളോടൊപ്പം അവനില്ലാതെ പോയല്ലോ എന്ന സങ്കടമായിരുന്നു എനിക്ക്.
ഇതിനിടയിൽ എജ്യുക്കേഷൻ ലോണിനു വേണ്ടിയുള്ള ചില്ലറ ശ്രമങ്ങളൊക്കെ ഞങ്ങൾ നടത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി അവൻ തിരഞ്ഞെടുത്തത് യു എസിലെ യുണിവേഴ്സിറ്റി ആയിരുന്നു.ബാങ്ക് ലോൺ കിട്ടും എന്ന വിശ്വാസത്തിലാണ് അവന്റെ ആഗ്രഹത്തിന് ഞാൻ എതിരു പറയാതിരുന്നത്. പക്ഷേ അവന് പോകാൻ ആവശ്യമായ തുകക്കുള്ള ലോൺ കിട്ടുന്നതിന് വേണ്ടുന്ന മൂല്യമുള്ളതായിരുന്നില്ല അഞ്ചു സെന്റിലെ ഞങ്ങൾ താമസിക്കുന്ന വീട്.ലോൺ കിട്ടില്ലെന്ന് ഉറപ്പായപ്പോൾ വീടും സ്ഥലവും വിറ്റിട്ടായാലും അവനെ പഠിപ്പിക്കാമെന്നു ഉറപ്പിച്ചു ഞാൻ. അതിനു വേണ്ടിയും ശ്രമങ്ങൾ നടത്തി.ആഗസ്റ്റ് മാസത്തെ ഇൻടേക്കിൽ അഡ്മിഷൻ എടുക്കാൻ വേണ്ടിയുള്ള പേപ്പർ വർക്കിനിടയിൽ IELtsറിസൽട്ട് വന്നു. ഒൻപത് പോയൻറിൽ ഏഴു പോയിന്റും നേടി അവൻ വിജയിച്ചു.വീടും സ്ഥലവും വിചാരിച്ച പോലെ വിൽക്കാൻ ആവില്ലെന്നറിഞ്ഞപ്പോൾ സഹായത്തിന് വേണ്ടി പല വാതിലുകളിലും മുട്ടി.ഞങ്ങളുടെ ആവശ്യം കേട്ടതേ പലരും പുച്ഛിച്ചു ചിരിച്ചു."കൊക്കിലൊതുങ്ങിയത് കൊത്തിയാൽ" പോരെ എന്ന ഉപദേശവും. ഞങ്ങളുടെ നിവർത്തിയില്ലായ്മയെ ഓർത്ത് സ്വയം വെറുപ്പ് തോന്നിയ നാളുകളായിരുന്നു അത് .ഒരിക്കൽ ഞാനവനോട്‌ ചോദിച്ചു, "നിനക്ക് ഏതെങ്കിലും സമ്പന്നനായ അച്ഛന്റെയും അമ്മയുടെയും മകനായി ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നുന്നുണ്ടോ"യെന്ന്. അപ്പോഴവൻ മറുപടി പറഞ്ഞു,"എങ്കിൽ എനിക്കീ ആഗ്രഹം ഉണ്ടാവില്ലായിരുന്നു അമ്മേ ...സുഖലോലുപതയുടെ മടിത്തട്ടിൽ ഞാനൊരു ലക്ഷ്യബോധമില്ലാത്തവനായി പോകുമായിരുന്നേനെ"എന്ന് ....
ഡിഗ്രി ക്ലാസ്സ്‌ തുടങ്ങിയപ്പോൾ മറ്റു കുട്ടികളുടെ അമ്മമാർ ചോദിക്കാൻ തുടങ്ങി ,ആഷിക് എവിടെയാണ് ഡിഗ്രിക്ക് ചേർന്നതെന്ന് .ഇതുവരെ ചേർന്നില്ലെന്ന എന്റെ മറുപടി കേട്ടപ്പോൾ വെറുതെ നടക്കാത്ത ആഗ്രഹവും പേറികൊണ്ട് ചെക്കനോട് ഭാവി കളയരുതെന്ന് പറയാൻ ഒരു ഉപദേശവും തന്നു .
പിരിമുറുക്കത്തിന്റെ നാളുകൾ ....
അവനെ കാണുന്നതേ എനിക്ക് സങ്കടമായി തുടങ്ങിയിരുന്നു .അങ്ങനെയിരിക്കെ ഒരുദിവസം ഇന്നെന്തായാലും അവനോട് സംസാരിക്കണം എന്നുറച്ചു ഞാനിരുന്നു ..ഉച്ചനേരത്തു പ്രതീക്ഷയറ്റ മുഖവുമായി അവൻ വീട്ടിലേക്ക് കയറി വന്നു ."മോനെ ...ഇനിയെന്താണ് നമ്മൾ ചെയ്യുക ??നിന്റെ ആഗ്രഹം നടക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ "എന്ന എന്റെ ചോദ്യം കേട്ട് അവൻ അൽപനേരം മിണ്ടാതെ തലകുനിച്ചിരുന്നു .അവൻ കരയുകയാണെന്നു ഞാൻ അറിയുന്നുണ്ടായിരുന്നു ."എനിക്ക് കഴിവില്ലാഞ്ഞിട്ടല്ലലോ അമ്മേ ...നമുക്ക് പൈസ ഇല്ലാഞ്ഞിട്ടല്ലേ ??എന്നൊരു മറുചോദ്യം ചോദിച്ചു കൊണ്ട് അവൻ തുടർന്നു .ആഗസ്ത് മാസത്തിലെ ഇൻടേക്കിൽ എനിക്ക് പോകാനാവില്ലെന്നു എനിക്കിപ്പോ ഉറപ്പായി .പക്ഷേ ഞാൻ എന്റെ ലക്ഷ്യത്തിൽ നിന്ന് പിന്മാറുന്നില്ല .അടുത്ത ജനുവരിയിലെ ഇൻടേക്കിന് ഞാൻ എന്തായാലും പോകും .അതിന് വേണ്ടി ഞാൻ എൻട്രൻസ് എഴുതാൻ തയ്യാറാവുകയാണ് .ഇന്ന് മുതൽ അതിന് വേണ്ടി ശ്രമിക്കയാണ് .എങ്കിൽ എനിക്ക് സ്കോളർഷിപ്പോടെ ജനുവരിയിൽ അഡ്മിഷൻ എടുക്കാം എന്ന് പറഞ്ഞു നിർത്തി .അവന്റെ ദൃഡനിശ്ചയം കണ്ടപ്പോൾ മറുത്തൊന്നും പറയാൻ തോന്നിയില്ല എനിക്ക് .
അവൻ എൻട്രൻസ് എഴുതി വിജയിച്ചു ..40% സ്കോളര്ഷിപ്പോടെ ആദ്യവർഷവും 50%മുതൽ 75%സ്കോളർഷിപ്പോടെ തുടർവർഷങ്ങളിലും പഠിക്കാമെന്ന ഓഫർ ലെറ്റർ കൈപറ്റി "യു എസിലെ ട്രോയ് യൂണിവേഴ്സിറ്റിയിൽ" വർഷത്തിൽ പതിനഞ്ചു പേർക്ക് മാത്രം പ്രവേശനം നൽകുന്ന കുട്ടികളിൽ ഒരാളായി അഡ്മിഷൻ നേടിയെടുത്തു .
വീണ്ടും ബാങ്ക് ലോൺ വില്ലനായി .ആവശ്യപ്പെട്ടതിന്റെ പകുതി തുകപോലും ലോൺ അനുവദിക്കാതെ ബാങ്ക് ഞങ്ങളെ ശിക്ഷിച്ചു ...വീണ്ടും സഹായത്തിനു വേണ്ടി പലയിടങ്ങളിലും കയറിയിറങ്ങി ...വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തിരിക്കുന്നവരുടെ വാതിലുകളിൽ പോലും മുട്ടിവിളിച്ചു .നിങ്ങൾ നിങ്ങളുടെ ബന്ധുക്കളോട് സഹായിക്കാൻ പറയൂ എന്ന ഉപദേശം ഫ്രീയായി തന്ന് അവരും കണ്ണടച്ചു ..വിവിധ ചാരിറ്റി സംഘടനകളുമായി ബന്ധപ്പെട്ടു ...അസുഖം വന്നിട്ട് ചികിൽസിക്കാനാണെങ്കിൽ എത്ര പൈസ വേണേലും തരാം എന്ന് ..."വിദ്യാഭ്യാസം കയ്യിൽ പണമുള്ളവന്റെ മാത്രം കുത്തക"യാണെന്നു പറയാതെ പറഞ്ഞു അവരും കൈ മലർത്തി .എല്ലാ പ്രതിസന്ധികളുടെ നടുവിൽ നിന്ന് കൊണ്ടു തന്നെ ഞാൻ അവനെയും കൊണ്ട് വിസ ഇന്റർവ്യൂവിന് ചെന്നൈയിൽ പോയി ...ഭാഗ്യം അവന്റെ കൂടെ ആയിരുന്നത് കൊണ്ട് അവന് വിസ അപ്രൂവൽ കിട്ടി .ഈ മാസം 15ന് അവന് പോകണം ...ഇപ്പോഴും ആവശ്യമായ തുക മുഴുവനായി സംഘടിപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല ...ഇവിടം വരെ എത്തിയല്ലോ ഇനി എല്ലാം നടക്കും എന്നൊരു ശുഭാപ്തി വിശ്വാസത്തിന്റെ പുറത്തു ഓരോ ദിവസവും ഉണരുകയാണ് ...അവന്റെ ആഗ്രഹം അവന്റെ ലക്ഷ്യത്തിലേക്കുള്ള പരിശ്രമത്തിനു വഴിയാകട്ടെന്ന് മാത്രം ആശംസിക്കാനെ എനിക്ക് കഴിയൂ ...ചിലപ്പോഴൊക്കെ വല്ലതെ നിസ്സഹായയായി പോകാറുണ്ട് .അപ്പോഴൊക്കെ പലപ്പോഴും ഇനി വേണ്ട മോനെ ...നമ്മളെകൊണ്ട് ആവില്ലെന്ന് പറയാൻ തോന്നിയിട്ടുണ്ട് .പക്ഷേ ഞാൻ അത് പറഞ്ഞാൽ മുന്നോട്ടുള്ള അവന്റെ കുതിപ്പിനെ തടയിടാൻ അത് കാരണമായേക്കും എന്ന് ഉള്ളിലിരുന്നാരോ പറയും ...പറയാൻ വന്ന വാക്കുകളെ വിഴുങ്ങി വീണ്ടും ഞാൻ അവന് വേണ്ടി ഓടാൻ തുടങ്ങും ...
വലിയ ലക്ഷ്യങ്ങൾ ഏറ്റവും വലിയ ക്രിമിനൽ കുറ്റമാണോ എന്ന് ആലപ്പട്ടച്ചന്റെ ആ പ്രസംഗം കേൾക്കും വരെ ഞാനും ചിന്തിച്ചിരുന്നു .എന്തെന്നാൽ കഴിഞ്ഞ ചില മാസങ്ങളായി ഞാനും മോനും അങ്ങനെ തോന്നിപ്പിക്കുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോന്നത് .അവനെന്തോ വലിയ പാതകം ചെയ്തത് പോലെ മറ്റുള്ളവരുടെ വിമർശനങ്ങൾക്കും ഉപദേശങ്ങൾക്കും വേണ്ടി നിന്നുകൊടുക്കേണ്ടി വന്നിട്ടുണ്ട് .ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലാത്തതാണ് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച നീ ആഗ്രഹിച്ചതെന്ന് പറഞ്ഞു കുറ്റപെടുത്തിയവരുടെ കൂട്ടത്തിൽ ഏറെ പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു .മകനെ "എത്താ കൊമ്പിലെ കനി "കാട്ടി അതിന് വേണ്ടി പ്രയത്നിച്ച അമ്മയെന്ന പഴി എനിക്കും കേൾക്കേണ്ടി വന്നു .
ചെറുതിലെ മുതൽ പുസ്തകൾ സമ്മാനമായി കൊടുത്തിരുന്ന ,വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ചു മാത്രം അവനോട് സംസാരിച്ചിരുന്ന,അവന്റെ വിജയത്തിന് വേണ്ടി എന്നും കൂടെ തന്നെ നടന്നിരുന്ന ഈ അമ്മക്ക് അവന്റെ കഴിവിൽ അത്രമേൽ വിശ്വാസമുള്ളത് കൊണ്ട് ഞാൻ ഉറച്ചു വിശ്വസിക്കുന്നു, അവൻ ഉദേശിച്ച ലക്ഷ്യത്തിലേക്കു അവനെത്തുക തന്നെ ചെയ്യുമെന്ന് .
അന്ന് ആലപ്പട്ടച്ചന്റെ ആശംസാ പ്രസംഗം കേട്ട് സദസിലിരിക്കുമ്പോൾ എന്റെ മകന്റെ പഠിക്കാനുള്ള ആഗ്രഹം ഒരിക്കലും ഒരു ദുരാഗ്രഹം ആയിരുന്നില്ലെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു .ആ ഒരു വാക്യം ഉൾക്കൊണ്ടുകൊണ്ടാണ് ഇന്ന് ഇവിടം വരെ ഓടിയെത്താൻ എനിക്ക് കഴിഞ്ഞത് .അവന്റെ ആഗ്രഹം പോലെ ഒരു സയന്റിസ്റ്റ് ആയി തിരിച്ചു വരാൻ അവന് സാധിക്കട്ടെ ...ഈ ഞായറാഴ്ച രാത്രി അവൻ പോകുകയാണ് ..ഞങ്ങളുടെ സന്തോഷത്തിലേക്ക് എല്ലാവരെയും ചേർത്തുനിർത്തുകയാണ് .വരാൻ പറ്റുന്ന എല്ലാവരും ഞങ്ങളുടെ കുഞ്ഞു വീട്ടിലേക്കു വരണം ...കൂടെ നിന്ന എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു ...
വലിയ ലക്ഷ്യങ്ങൾ ഒരിക്കലും ഒരു ക്രൈം അല്ലെന്ന് നമ്മുടെ മക്കളെ ബോധ്യപ്പെടുത്തി അവരെ ലക്ഷ്യത്തിലേക്കെത്തിക്കാൻ എല്ലാ മാതാപിതാക്കൾക്കും അധ്യാപകർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു .മക്കളുടെ ലക്ഷ്യത്തിലേക്കുള്ള വിജയപാതയൊരുക്കാൻ നമുക്കാവട്ടെ ...

By Gowry Kalyani

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot