Slider

ഇനി നിങ്ങളുടെ ഊഴം

0
No photo description available.
***********************
“എത്ര പെട്ടെന്നാണ് ഈ നഗരത്തില്‍ വെള്ളം പൊങ്ങുന്നത് ?”
എന്റെ കൂട്ടുകാരന്‍ ചോദിച്ചു.അവനാണ് കാര്‍ ഓടിച്ചത്.നല്ല വേഗത്തിലോടിച്ചു ശീലമുള്ള അവനു ഈ വെള്ളക്കെട്ടില്‍ പതുക്കെ വണ്ടി ഓടിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതായി തോന്നി.ഞങള്‍ ഇടക്ക് ദൂരെയുള്ള നഗരങ്ങളില്‍ കറങ്ങാന്‍ പോകാറുള്ളതാണ് .അത്തരം ഒരു യാത്രയായിരുന്നു ഇത്.
വെള്ളക്കെട്ടു കാരണം ഒരു നീണ്ട ട്രാഫിക്ക് രൂപപ്പെട്ടു.ഹോണുകള്‍ മുഴക്കി ആളുകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു.ഞങ്ങള്‍ക്ക് അധികം ശബ്ദം ഇഷ്ടമല്ല.കാറിലെ ഗസലുകള്‍ കേട്ട് ഞാന്‍ മയങ്ങിയിരിക്കുകയാണ് പതിവ്.അവനാകട്ടെ ഹരം പിടിച്ചു വണ്ടി ഓടിക്കുന്നതിലും.
സന്ധ്യ ആയിരുന്നു.ഞാന്‍ കാറിന്റെ ഡോര്‍ താഴ്ത്തി.മഴയ്ക്ക് ശേഷമുള്ള തണുത്ത കാറ്റ് വീശി.റോഡിന്റെ അരികിലെ വെയിറ്റിംഗ് ഷെഡ്‌ഡിന്റെ മുകളില്‍ പച്ചനിറമുള്ള പായല്‍ കട്ടിയായി വളര്‍ന്നുനില്‍ക്കുന്നത് ഞാന്‍ കണ്ടു.അത് കുതിര്‍ത്തുകൊണ്ട് മഴവെള്ളം ഇറ്റ് വീഴുന്നു.അതിന്റെ താളത്തിലെന്ന പോലെ..
“ഹോഷ്വാലോം കോ ഘബര്‍ ക്യാ.....:ജഗ്ജിത് സിംഗ് മെല്ലെ പാടിത്തുടങ്ങി...
ട്രാഫിക് ബ്ലോക്ക് കടന്നു വണ്ടി മെല്ലെ നീങ്ങി.എന്റെ കണ്ണുകള്‍ ഉറക്കത്തിലേക്ക് വഴുതി വീഴാന്‍ തുടങ്ങവേ കൂട്ടുകാരന്‍ തട്ടി വിളിച്ചു.അവന്റെ കണ്ണുകളിലെ തിളക്കം കണ്ടു ഞാന്‍ ശ്രദ്ധിച്ചു.
റോഡരികില്‍ ഒരു നീല സാന്റ്രോ പാര്‍ക്ക് ചെയ്തിരിക്കുന്നു.മൂന്നു പേര് അതിന്റെയരികില്‍ നില്‍പ്പുണ്ട്.രണ്ടു പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് അത്.അതിലൊരാള്‍ കൈ കാണിക്കുന്നു.
എന്റെ കൂട്ടുകാരന്‍ വണ്ടി സ്ലോ ചെയ്തു.
കൈ കാണിച്ച ഉയരം കൂടിയ യുവാവ് കാറിനരികിലേക്ക് വന്നു.അയാള്‍ ഒരു ജൂബയും മുണ്ടുമാണ് ധരിച്ചിരുന്നത്.കണ്ണാടി വച്ച അയാള്‍ക്ക് ഒരു ബുദ്ധിജീവി ലുക്കുണ്ടായിരുന്നു.
“ഒരു ചെറിയ പണികിട്ടി ഭായി..വണ്ടി ബ്രേക്ക് ഡൌണായി.ഞങ്ങളെ ഒന്ന് അങ്കമാലി വരെ ഡ്രോപ്പ് ചെയ്യുമോ...ഇവിടെ ബസ് ഒന്നും നിര്‍ത്തുന്നില്ല.നേരം ലേറ്റ് ആവുകയും ചെയ്തു.” അയാള്‍ പറഞ്ഞു.
കൂട്ടുകാരന്‍ എന്നെ നോക്കി.ഞാന്‍ തലയാട്ടി.
“വൈ നോട്ട്..ഞങ്ങള്‍ ആ വഴിക്കാണ്.”ഞാന്‍ പറഞ്ഞു.അയാള്‍ മറ്റുള്ളവരെ കൂട്ടാന്‍ പോയപ്പോള്‍ എന്റെ കൂട്ടുകാരന്‍ പറഞ്ഞു.
“അയാളെ കണ്ടിട്ട് ഒരു എഴുത്തുകാരന്‍ ലുക്കുണ്ട്..”
“ഇടക്ക് ബുജികളുമായി ഇടപെടുന്നത് നല്ലതാ..വിവരം വയ്ക്കും.”ഞാന്‍ അഭിപ്രായപ്പെട്ടു.ഞാന്‍ എഴുത്തുകാരെ എന്നും ബഹുമാനിച്ചിരുന്നു.
അവര്‍ മൂന്നുപേരും വന്നു വണ്ടിയുടെ പുറകില്‍ കയറി.വണ്ടി മുന്‍പോട്ടു നീങ്ങിയപ്പോ ഞങ്ങള്‍ പരിചയപ്പെട്ടൂ.
ആഷ,ശ്രീരാജ് , പിന്നെ എബിന്‍.
മൂന്നു പേരും എഴുത്തുകാരാണ്.അവര്‍ ഒരു വലിയ എഴുത്ത്ഗ്രൂപ്പിന്റെ മീറ്റ്‌ കഴിഞ്ഞു വരുന്ന വഴിയാണ്.
ഞാന്‍ പറഞ്ഞത് ശരിയല്ലേ എന്ന മട്ടില്‍ എന്റെ കൂട്ടുകാരന്‍ എന്നെ നോക്കി.
“സാധാരണ ഇങ്ങനെ വഴിയില്‍ നിന്നു കൈ കാണിച്ചാലൊന്നും ഈ വഴിക്ക് ആരും വണ്ടി നിര്‍ത്താറില്ല.”ആഷ പറഞ്ഞു.
“അതെന്താ..”ഞാന്‍ ചോദിച്ചു.
“എന്റെ ഒരു ഫ്രണ്ടിന്റെ വീട് ഇതിനടുത്തുണ്ട്.ഞങ്ങള്‍ കൈകാണിച്ചതിന്റെ അടുത്ത് ഒരു കുരിശു സ്ഥാപിച്ചിരിക്കുന്നതു കണ്ടായിരുന്നോ ?” ആഷ ചോദിച്ചു.
ഞാനും എന്റെ കൂട്ടുകാരനും ഒരുമിച്ചാണ് തലയാട്ടിയത്‌.
“രാത്രി പന്ത്രണ്ടു മണിക്കും മൂന്നുമണിക്കുമിടയില്‍ വരുന്ന വണ്ടികള്‍ ഈ സ്ഥലം ആകുമ്പോള്‍ തനിയെ നിന്ന്പോകുമായിരുന്നു.പണ്ടിവിടെ ആളും പേരും ഒന്നുമില്ലാതെ വിജനമായി കിടന്ന സ്ഥലമായിരുന്നല്ലോ...അന്നത്തെ കാലത്ത് ഒത്തിരി പേരെ കൊന്നു കൊണ്ടുവന്നു കുഴിച്ചു മൂടിയ സ്ഥലമാ.ഏതോ യക്ഷിയോ പ്രേതമോ ആരുന്നു വണ്ടിക്കാരെ ശല്യപ്പെടുത്തിയത്.ആ ശല്യം ഒഴിവാക്കാനാ ഇവിടെ കുരിശു നാട്ടിയത്.”
ആഷ പറഞ്ഞു.അത് പറയുബോള്‍ ആഷയുടെ മുഖത്ത് വല്ലാത്ത ഒരു ആവേശം ഞാന്‍ ശ്രദ്ധിച്ചു.
എന്റെ കൂട്ടുകാരന്‍ ഇപ്പോള്‍ വണ്ടി പതുക്കെയാണ് ഓടിക്കുന്നത്.അവന്റെ മുഖത്തെ ടെന്‍ഷന്‍ കണ്ടപ്പോള്‍ എനിക്ക് ചിരി വന്നു.പക്ഷേ ഉള്ളില്‍ എനിക്കും ചെറിയ പേടി തോന്നി എന്ന് പറഞ്ഞാല്‍ നുണയാവില്ല.
“എബിന് ഒരു കഥയെഴുതുവാനുള്ള സ്കോപ്പ് ആയല്ലോ.” കൂട്ടത്തിലെ പയ്യനായ ശ്രീരാജ് പറഞ്ഞു.
“അതെന്താ ..”ഞാന്‍ ചോദിച്ചു.
“പുള്ളി പ്രേതകഥയുടെ ആളാ..ഈ യാത്രയും പ്രേതവുമൊക്കെ നാളെ കഥയാകും.”ശ്രീരാജ് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും ചിരിച്ചു.പക്ഷേ എബിന്റെ മുഖത്ത് ഗൗരവമായിരുന്നു.
“പ്രേതം എന്നത് തമാശ കാര്യമല്ല.”അയാള്‍ പറഞ്ഞു.അപ്പോള്‍ ഞങ്ങള്‍ നിശബ്ദരായി.
പതുക്കെ ഞങ്ങളുടെ സംഭാഷണം പ്രേത കഥയിലേക്ക് തിരിഞ്ഞു.
“ഒരു കാര്യം ചെയ്യാം.” എബിന്‍ ഒരു ഐഡിയ പറഞ്ഞു.
“അങ്കമാലി വരെ എത്താന്‍ ഇനിയും സമയമുണ്ട്.നമ്മള്‍ ഓരോരുത്തരും ഓരോ പ്രേത കഥ പറയുന്നു.സമയവും പോകും.നല്ലൊരു അനുഭവുമായിരിക്കും. “ അയാള്‍ പറഞ്ഞു.
“ഓ,ഞാന്‍ പറഞ്ഞില്ലേ..കഥയുടെ ത്രെഡ് കണ്ടുപിടിക്കാനുള്ള നമ്പരാ ..”ശ്രീരാജ് പറഞ്ഞു.ഞങള്‍ എല്ലാവരും വീണ്ടും ചിരിച്ചു.
“മാഷേ ..ഞാന്‍ മാത്രമല്ല ഈ ഇരിക്കുന്ന രണ്ടു പേരും ഹൊറര്‍ സ്പെഷലിസ്റ്റുകളാണ്.”എബിന്‍ പറഞ്ഞു.
“നിങ്ങള്‍ ഹൊറര്‍ എഴുത്തുകാരു നേരിട്ട് കഥ പറയുന്നത് ഒരു അനുഭവം തന്നെയായിരിക്കും.വേഗം തുടങ്ങിക്കോളൂ..” എന്റെ കൂട്ടുകാരന്‍ പ്രോത്സാഹിച്ചു.
ആദ്യം തുടങ്ങിയത് എബിനാണ്.
“ഒരിക്കല്‍ ഞങ്ങള്‍ മണിമല റൂട്ടില്‍ പൊന്തന്‍ പുഴക്ക് പോവുകയായിരുന്നു.ഒരു കൂട്ടുകാരനെ കാണാന്‍.ആ പ്രദേശം ഫുള്‍ കാടാണ്..ആള്‍താമസം തീരെ കുറവ്..” അയാള്‍ പറഞ്ഞു തുടങ്ങി.
എനിക്കും കൂട്ടുകാരനും ആ പ്രദേശമൊക്കെ നന്നായി അറിയാമായിരുന്നു.ഞങള്‍ അത് വഴി എത്ര വട്ടം പോയിരിക്കുന്നു.
“ഞങ്ങള്‍ അവന്റെ വീടിന്റെ അടുത്തെത്തിയപ്പോള്‍ ഒരുപാട് നേരം വൈകി.ആദ്യമായാണ് ഞങ്ങള്‍ പോകുന്നത്.അത് കൊണ്ട് വഴി അത്ര പരിചയമില്ല.നേരം ഒരു രാത്രി രണ്ടു മണികഴിഞ്ഞിട്ടുണ്ടാകും.വഴി ചോദിയ്ക്കാന്‍ ആരുമില്ല.റോഡിലും ആരുമില്ല.രണ്ടു വശവും റബ്ബര്‍ തോട്ടവും.അത് കാടുപിടിച്ച് കിടക്കുകയാണ്.”
“എന്നിട്ട് ?”
“കുറച്ചു ദൂരം മുന്‍പോട്ടു പോയപ്പോള്‍ ,ഒരു ചെറു തോടിനു കുറുകെ പാലം കടന്നു കഴിഞ്ഞപ്പോള്‍ ഒരു വെളിച്ചം കണ്ടു.ആ വെളിച്ചം കണ്ട ഭാഗത്തേക്ക് ഞങ്ങള്‍ വണ്ടിയോടിച്ചു.പക്ഷെ ഞങള്‍ എത്ര ഓടിയിട്ടും വണ്ടി ആ വെളിച്ചത്തിന്റെ അരികിലെത്തിയിയില്ല.ഞങ്ങള്‍ പരസ്പരം എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.വെളിച്ചം മുന്‍പോട്ടു നീങ്ങുന്നതും ഞങ്ങള്‍ക്ക് അതിന്റെ അരികില്‍ ചെല്ലാന്‍ പറ്റാത്തതും ഞങ്ങള്‍ ശ്രദ്ധിച്ചില്ല.ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ കാണും.അപ്പോള്‍ ഞങ്ങളുടെ കൂട്ടുകാരന്‍ പറഞ്ഞു.വേഗം വണ്ടി തിരിക്കാന്‍.അവനു എന്തോ പന്തിയില്ലായ്മ തോന്നിയിരുന്നു.”
“എന്നിട്ട് ?” കാറിന്റെ എസിയിലും എനിക്കും കൂട്ടുകാരനും വിയര്‍ത്തു.
“എങ്ങിനെയോ ഞങ്ങള്‍ കൂട്ടുകാരന്റെ വീട്ടിലെത്തി.ഞങ്ങളുടെ അനുഭവം പറഞ്ഞപ്പോള്‍ അവന്‍ വാ പൊളിച്ചു.അവന്റെ വീട്ടിലേക്ക് വരുന്ന വഴി അങ്ങിനെയൊരു തോടോ പാലമോ ഒന്നുമില്ല.അപ്പോഴാണ്‌ ശരിക്കും ഞങ്ങള്‍ പേടിച്ചത്.അപ്പോള്‍ അവന്റെ അപ്പൂപ്പന്‍ പറഞ്ഞു.ആ ദുഷ്ട ശക്തികള്‍ സ്ഥലകാല ഭ്രമം വരുത്തി നമ്മളെ അപകടപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന്.ആ സ്ഥലത്തും പണ്ടോരുപാദ് ദുര്‍മരണങ്ങള്‍ നടന്നിട്ടുള്ളതാണത്രെ.അതിനു പിറ്റേന്ന് ഞങ്ങള്‍ വന്ന വഴി മുഴുവന്‍ തിരഞ്ഞു.അങ്ങിനെയൊരു പാലമോ തോടോ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.”
എബിന്‍ പറഞ്ഞു നിര്‍ത്തി.
കാര്‍ ഇപ്പോള്‍ നിശബ്ദമാണ്.ഞാന്‍ തുവാലയെടുത്തു വിയര്‍പ്പ് തുടച്ചു.
അടുത്ത കഥ പറഞ്ഞത് ആഷയായിരുന്നു തന്റെ കൂട്ടുകാരിക്കുണ്ടായ അനുഭവമാണ് ആഷ പറഞ്ഞത്.
“അവള്‍ പാലക്കാടാ ഡിഗ്രി പഠിച്ചത്.ഒരിക്കല്‍ അവള്‍ പരീക്ഷസമയത്ത് കൂട്ടുകാരികളുടെ കൂടെ പഠിക്കുവാന്‍ അവര്‍ ഒരുമിച്ചു താമസിച്ച വീട്ടില്‍ ചെന്നു.അതൊരു പഴയ വീടായിരുന്നു.പത്തു പതിനഞ്ചു കുട്ടികള്‍ അവിടെ താമസിക്കുന്നുണ്ടായിരുന്നു.അതിന്റെ ഉടമസ്ഥര്‍ വിദേശത്തും.അവള്‍ ചെന്ന ദിവസം രാത്രി കുറച്ചു കുട്ടികള്‍ താഴത്തെ നിലയില്‍ ഒരു മുറിയില്‍ ചീട്ടുകളിയും ബഹളവുമായി കൂടിയിരിക്കുകയായിരുന്നു.ഇവളും മറ്റൊരു കൂട്ടുകാരിയും മുകളിലത്തെ നിലയിലെ മുറിയിലിരുന്നു പഠിക്കുകയും.കുറച്ചു കഴിഞ്ഞപ്പോള്‍ ഇവര്‍ പഠിത്തം മതിയാക്കി.അവളുടെ കൂട്ടുകാരി ,താഴെ മറ്റുള്ളവരുടെ മുറിയിലേക്ക് പോവുകയും,ഇവള്‍ കിടക്കുകയും ചെയ്തു.കുറച്ചു കഴിഞ്ഞു എന്തോ ദു:സ്വപ്നം കണ്ടു അവള്‍ ഉണര്‍ന്നു.നേരം രാത്രി ഒരു മണിയാട്ടിട്ടുണ്ടാവും.വീട്ടിലെ ബഹളങ്ങള്‍ എല്ലാം നിലച്ചിരിക്കുന്നു.പക്ഷേ ആരോ കുശുകുശുക്കുന്ന ശബ്ദം അവള്‍ കേട്ടു.ആനിലയിലെ അങ്ങേയറ്റത്തെ മുറിയില്‍ നിന്നാണ് അവള്‍ ആ ശബ്ദം കേട്ടത്.വല്ലാത്ത ഒരു അസ്വസ്ഥത അവള്‍ക്ക് തോന്നി.ഭയമല്ല.മറ്റെന്തോ ഒന്ന്.ആ മുറിയിലും തന്നെപ്പോലെ ആരോ ഉറങ്ങാതെ കിടപ്പുണ്ട് എന്നോര്‍ത്തു അവള്‍ക്ക് ആശ്വാസം തോന്നി.അവരെയും കൂടെ വിളിച്ചുണര്‍ത്തിയാലോ എന്നവള്‍ ആലോചിച്ചു.പെട്ടെന്ന് ആ മുറിയില്‍ നിന്ന് എന്തോ താഴെ വീണു പൊട്ടുന്ന ശബ്ദം കേട്ട് അവള്‍ ഞെട്ടി.അവള്‍ വീണ്ടും കിടന്നു.വിശദീകരിക്കാന്‍ കഴിയാത്ത ആ അസ്വസ്ഥത തന്നെ മൂടുന്നത് അവള്‍ അറിഞ്ഞു.കിടന്നിട്ടു ഉറക്കം വരുന്നില്ല.ആ കുശുകുശുപ്പ് വീണ്ടും കേള്‍ക്കുന്നത് പോലെ.പെട്ടെന്ന് ചെവിയില്‍ ഒരു പിറുപിറുക്കല്‍”താഴെ പോയി നിന്റെ കൂട്ടുക്കാരികളുടെ കൂടെ കിടക്കടി.”അത് അവളുടെ മരിച്ചുപോയ വല്യമ്മച്ചിയുടെ സ്വരമായിരുന്നു.ഇപ്പോഴും നേരില്‍ കാണുമ്പോള്‍ ഈ സംഭവം എങ്ങാനും ചര്‍ച്ച ചെയ്താല്‍ അവള്‍ ഉറപ്പു പറയും.അന്നു കേട്ടത് വലിയമ്മച്ചിയുടെ സ്വരമായിരുന്നുവെന്നു അവള്‍ക്ക് സംശയം ഒന്നുമില്ലെന്ന്.അതോടെ അവള്‍ താഴത്തെ നിലയില്‍ കൂട്ടുകാരികളുടെ മുറിയില്‍ പോയി കിടന്നു.എല്ലാവരും നല്ല ഉറക്കമായിരുന്നു.അവരുടെ ഒപം കിടന്നപ്പോഴാണ്‌ ആ അസ്വസ്ഥത അവളെ വിട്ടുമാറിയത്.”
“ആ വീട്ടിലും എന്തെങ്കിലും ദുര്‍മരണം നടന്നിട്ടുണ്ടാകും.”എബിന്‍ പറഞ്ഞു.
“അതേ.ഒരു കുടുംബത്തിലെ മൂന്നു പേര്‍ വിഷം കഴിച്ചു മരിച്ചതാരുന്നു ആ വീട്ടില്‍.ആ മുറി അവര്‍ തുറക്കാറില്ല.ആ വീടിന്റെ നോട്ടക്കാരന്‍ പിറ്റേന്ന് വന്നപ്പോഴാണ് അവള്‍ അതറിഞ്ഞത്.വേറെ ആരും വാടകക്ക് എടുക്കാഞ്ഞത് കൊണ്ട്,വീട് കോളേജ് കുട്ടികളുടെ തലയില്‍ വച്ചതായിരുന്നു.അത്തരം അനുഭവങ്ങള്‍ ആ വീട്ടില്‍ വച്ച് പലര്‍ക്കും ഉണ്ടായിട്ടുമുണ്ട്‌.”
“പണ്ടാരം ഇതൊക്കെ കേട്ടിട്ട് .ഇനി രാത്രി തനിച്ചു ബൈക്കുമായി എങ്ങനെ വീട്ടിലേക്ക് പോകും എന്നാലോചിക്കുമ്പഴാ...”ശ്രീരാജ് തല ചൊറിഞ്ഞു.
“അടുത്ത നീയാ..വേഗം പറ..” ആഷ പറഞ്ഞു.
ശ്രീരാജ് പറഞ്ഞതും രക്തം ഉറയുന്ന ഒരു കഥയായിരുന്നു.
അവന്റെ കൂട്ടുകാരന്‍ വൈദ്യുതി ബോര്‍ഡിലെ പണികള്‍ കോണ്ട്രാക്റ്റ് എടുത്തു ചെയ്യുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.ഒരിക്കല്‍ കട്ടപ്പന റൂട്ടിലെ ഒരു പവര്‍ ഹൗസില്‍ അയാള്‍ ജോലി ചെയ്യുകയായിരുന്നു.ആ റൂട്ടും മുന്‍പ് പറഞ്ഞ കഥകളിലെ പോലെ അതിവിജനമായ പ്രദേശമാണ്.ജോലി ചെയ്യുന്ന സ്ഥലത്തിനടുത്താണ് ബസ് സ്റ്റോപ്പ്.നെടുംകണ്ടം -തിരുവനന്തപുരം ബസ് രാത്രി രണ്ടരക്ക് അത് വഴി പോകും.ഒരു ദിവസം രാത്രി വീട്ടില്‍ പോകുന്നതിനായി അയാള്‍ ബസ് സ്റ്റോപ്പിലേക്ക് പോവുകയാണ്.അവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്നും അര കിലോമീറ്റര്‍ ഉണ്ട് മെയിന്‍ റോഡിലെ ബസ് സ്റ്റൊപ്പിലെക്ക്.ഇരുവശത്തും കാട് .നടുവിലൂടെ റോഡ്‌.അല്പം നിലാവുണ്ട്.വെളുപ്പിനെ രണ്ട് മണിയായിട്ടുണ്ടാവും.പെട്ടെന്ന് ,മനസ്സിനെ മയക്കുന്ന ഒരു സുഗന്ധം അയാള്‍ അനുഭവിച്ചു.അല്പം മുന്‍പിലായി അആരോ നടന്നു പോകുന്നത് അയാള്‍ ശ്രദ്ധിച്ചു.അതൊരു യുവതിയാണ്.അവളും പോകുന്നത് ആ ബസ് സ്റ്റോപ്പിലെക്കാണ്.അയാള്‍ ചെല്ലുമ്പോള്‍ ,അവള്‍ സ്റ്റോപ്പില്‍ എത്തിയിരുന്നു.അയാള്‍ നിന്നതിന്റെ നേരെ എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പിലാണ് അവള്‍ നിന്നത്.എണ്‍പത് കളിലെ സിനിമകളില്‍ കാണുന്നത് പോലത്തെ വലിയ കറുത്ത പൊട്ടുകള്‍ ഉള്ള സാരിയും തീക്കനല്‍ നിറമുള്ള ബ്ലൗസും.അത്ര അടുത്ത് നിന്നിട്ടും മുഖം അത്ര വ്യക്തമല്ല.അവള്‍ ബസ് സ്റൊപ്പിലെ തൂണില്‍ ചാരി നിന്നുകൊണ്ട് അവളെ നോക്കി.മുഖത്ത് മനം മയക്കുന്ന ചിരി.സ്റ്റോപ്പില്‍ വേറെ ആരും ഇല്ലാഞ്ഞതിനാല്‍ ഇവനെ ഭയം കൊണ്ട് വിറച്ചു.അവള്‍ നില്‍ക്കുന്നത് കട്ടപ്പനക്ക് പോകാന്‍ നില്‍ക്കുന്ന ബസ് സ്റ്റോപ്പിലാണ്.ആ സമയത്ത് ആ റൂട്ടില്‍ ബസ്സില്ല എന്ന് അവനു അറിയാമായിരുന്നത് കൊണ്ട് ഭയം അധികരിച്ചു.ഒരു അഞ്ചു മിനിറ്റു അവനെ നോക്കിനിന്നിട്ട് അവള്‍ തിരികെ വന്ന വഴി പോകുന്നത് അവന്‍ കണ്ടു.അപ്പോഴേക്കും ബസ് വന്നു.ഇപ്പോഴും ഈ സംഭവം പറയുമ്പോള്‍ അവനെ വിറയ്ക്കും.
ശ്രീരാജ് പറഞ്ഞു നിര്‍ത്തി.
“ഇനി നിങ്ങളുടെ ഊഴം.പറയൂ..” ആഷ പറഞ്ഞു.അവരുടെ സ്വരത്തിന് വല്ലാത്ത ഒരു മൂര്‍ച്ച ഉള്ളത് പോലെ എനിക്ക് തോന്നി.
“എനിക്ക്..എനിക്ക് പറയാന്‍ അങ്ങനെ കഥകള്‍ ഒന്നുമില്ല.”ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.
“അത് പറ്റില്ല.ഞങ്ങള്‍ മൂന്നു പേരും കഥ പറഞ്ഞു കഴിഞ്ഞു.ഇനി നിങ്ങളുടെ ഊഴമാണ്.നിങ്ങളുടെ കൂട്ടുകാരന്‍ വണ്ടി ഓടിക്കുകയാണ്.അത് കൊണ്ട് അയാളെ ഞങള്‍ ഒഴിവാക്കി...പറയൂ .നിങ്ങളുടെ പ്രേതാനുഭവം...” ആഷയുടെ ഒച്ച ഉയര്‍ന്നു.ആ സ്വരത്തില്‍ ഭീഷണി കലര്‍ന്നിട്ടുണ്ട് എന്നെനിക്ക് സംശയം തോന്നി.എന്റെ കൂട്ടുകാരന്റെ മുഖത്തും ഒരു കാളിമ പരന്നിട്ടുണ്ട്.അവന്റെ മുഖത്തും പരന്നിരിക്കുന്നത് ഭീതിയുടെ നിഴലാണോ ?
“ശരി ..ഞാന്‍ പറയാം..പക്ഷേ നിങ്ങള്‍ക്ക് ഇഷ്ടപെടുമോ എന്നറിയില്ല.കാരണം ഞാന്‍ നിങ്ങളെ പോലെ ഒരു എഴുത്തുകാരനല്ലല്ലോ..അത് കൊണ്ട് കഥ പറച്ചില്‍ അത്ര ആകര്‍ഷകമാകുമോ എന്ന് സംശയമുണ്ട്...”ഞാന്‍ പറഞ്ഞു.
“നിങ്ങള്‍ സമയം കളയാതെ സംഭവം പറയൂ..”എബിന്റെ സ്വരത്തില്‍ അക്ഷമ കലര്‍ന്നിരിക്കുന്നു.
“എങ്കില്‍ നമ്മുടെ കെയര്‍ടേക്കറുടെ കഥ പറഞ്ഞാലോ...”ഞാന്‍ കൂട്ടുകാരന്റെ മുഖത്ത് നോക്കി.
“അത് വേണോ..?”അവന്റെ മുഖത്ത് സന്ദേഹം.
“ഈ കഥയില്‍ ഞാനും ഇവനുമുണ്ട്.ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു ഒരിക്കല്‍ തഞ്ചാവൂരിനടുത്ത് ,ശ്രീരംഗം എന്ന ചെറിയ പട്ടണത്തില്‍ പോയി.അവിടെ എന്റെ പഴയ ഒരു സഹപാഠിയുടെ സഹോദന്റെ കല്യാണം കൂടാനാണ് ഞങ്ങള്‍ പോയത്.അവന്‍ സ്കൂള്‍ കാലത്ത് എന്റെ സുഹൃത്ത്‌ കൂടിയായതു കൊണ്ട് എനിക്ക് ആ പരിപാടി ഒഴിവാക്കാന്‍ കഴിഞ്ഞില്ല.മാത്രമല്ല സ്കൂളില്‍ ഒപ്പം പഠിച്ച പലരും ഈ കല്യാണം കൂടാന്‍ വരുന്നുണ്ട്.അത് കൊണ്ട് ഒരു ചെറിയ ഗെറ്റ് ടുഗദര്‍ കൂടിയായിരുന്നു ഈ കല്യാണം.”
ഞാന്‍ പറഞ്ഞുതുടങ്ങി.
“എന്നിട്ട് ?”ശ്രീരാജ് ചോദിച്ചു.
****
ഒരുപാട് ദൂരം വണ്ടി ഓടിക്കാന്‍ വയ്യാഞ്ഞത് കൊണ്ട് ഞാന്‍ ഇവനെയും കൂട്ടി.ഞങ്ങള്‍ ശില്പഭംഗിക്ക് പേരുകേട്ട തഞ്ചാവൂര് ക്ഷേത്രത്തിലും മറ്റും കയറി ,അവിടെ നിന്നിറങ്ങിയപ്പോള്‍ ഒരുപാട് വൈകി.ശ്രീരംഗം തഞ്ചാവൂര് നിന്ന് ഏകദേശം പത്തു പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ് എന്നും അവിടുത്തെ പദ്മപ്രിയ എന്ന ആഡിറ്റോറിയത്തില്‍ വച്ചാണ് റിസപ്ഷന്‍ എന്നും മാത്രമേ എനിക്ക് അറിയുകയുണ്ടായുള്ളൂ.ഞാന്‍ കൂട്ടുകാരനെ വിളിച്ചെങ്കിലും അവന്റെ ഫോണിലേക്ക് കോള്‍ പോകുന്നുണ്ടായിരുന്നില്ല.ശ്രീരംഗം ഒരു ഗ്രാമപ്രദേശമാണ് എന്ന് അവന്‍ സൂചിപ്പിച്ചിരുന്നു.ഏതായാലും ഞങ്ങള്‍ ഒരു ഊഹം വച്ച് ഇറങ്ങി.
കരിമ്പനകളും തെങ്ങും വാഴത്തോട്ടങ്ങളും നെല്‍പ്പാടങ്ങളും നിറഞ്ഞ നാടന്‍ തമിഴ്നാട്‌.നേരം ഇരുട്ടി തുടങ്ങിയിരുന്നു.പച്ച നിറമുള്ള നെല്‍പ്പാടങ്ങള്‍ക്ക് മീതെ ഇരുട്ടിന്റെ മഷിക്കുപ്പി ചരിഞ്ഞു.മണ്ണിന്റെ ,കൃഷിയുടെ ചൂര്.
പേരക്കാ മണമുള്ള ഉള്ള ഒരു ബക്കാര്‍ഡി വോഡ്ക ഞങ്ങള്‍ ഇടക്കിടക്ക് കഴിച്ചുകൊണ്ടിരുന്നത് കൊണ്ട് ആ യാത്ര ഹൃദ്യമായിരുന്നു.എബിന്റെ അനുഭവം പോലെ ,ഞങ്ങള്‍ ഒരു വിജനമായ ഗ്രാമപ്രദേശത്ത് ചെന്നെത്തി.നേരം വളരെ വൈകിയിരുന്നു.വീടുകള്‍ വളരെ കുറവാണ്.വഴിയിലെങ്ങും ആരെയും കാണാനില്ല.
എവിടെ നോക്കിയാലും പരന്നു കിടക്കുന്ന വിജനമായ പാടശേഖരങ്ങള്‍ മാത്രം.
കുറച്ചു ദൂരം മുന്‍പോട്ടു നീങ്ങിയപ്പോള്‍ ഒരു വണ്ടിയുടെ വെളിച്ചം മുന്‍പില്‍ കണ്ടു.ഞങ്ങള്‍ വേഗം കൂട്ടി.അപ്പോള്‍ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ,മുണ്ടും ഷര്‍ട്ടുമണിഞ ഒരു കറുത്ത മനുഷ്യന്‍ റോഡ്രികില്‍ നില്‍ക്കുന്നത് കണ്ടു.ഞങ്ങള്‍ അയാളുടെ അരികില്‍ വണ്ടിയൊതുക്കി.അയാള്‍ക്ക് ഒര ആറു ആറരയടി ഉയരം തോന്നിച്ചു. തോള്‍ വരെ നീണ്ട മുടി.ബലിഷ്ഠമായ ശരീരം.
ഞാന്‍ അയാളോട് പദ്മ
പ്രിയ ആഡിറ്റോറിയം എവിടെയാണ് എന്ന് ചോദിച്ചു.
അപ്പോള്‍ അയാള്‍ മുറുകി ചുവന്ന പല്ലു കാട്ടി ചിരിച്ചു.അത് കണ്ടപ്പോള്‍ എനിക്ക് ഭയം തോന്നി.
“കുറച്ചു ദൂരം മുന്‍പോട്ടു പോയാല്‍ മതി.ഞാന്‍ ഇപ്പൊ കല്യാണഹാളില്‍ നിന്ന് വരികയാണ്.ഒരു കാറ് മുന്‍പേ പോയിട്ടുണ്ട്.അവരുടെ പിറകെ പോയാല്‍ മതി.”അയാള്‍ തമിഴില്‍ പറഞ്ഞു.
ഞങ്ങള്‍ വണ്ടി അതിവേഗം മുന്‍പോട്ടു പായിച്ചു.മുന്‍പേ കണ്ട വണ്ടിയുടെ വെളിച്ചം അപ്പോഴും മുന്‍പിലുണ്ട്.അത് ഒരു കറുത്ത നിറമുള്ള ഓംനിയാണ്.ഞങ്ങള്‍ വരാന്‍ കാത്തു നിന്നപോലെ അത് മെല്ലെ മുന്‍പോട്ടു നീങ്ങി.ഞങ്ങള്‍ ആ ഓംനിയുടെ പിറകെ വണ്ടിയോടിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ വഴിയരുകില്‍ തരിശായ പാടത്തിനു നടുവില്‍ ,ഒരു വലിയ വെളിച്ചം കണ്ടു.വലിയ ഒരു കമാനത്തില്‍ പേരെഴുതി വച്ചിരിക്കുന്നത് കണ്ടു.
പദ്മപ്രിയ ആഡിറ്റോറിയം.
ഞങ്ങള്‍ പുറത്തിറങ്ങി. നല്ല തണുപ്പുണ്ട്.ആഡിറ്റോറിയം ഒരു നേര്‍ത്ത മൂടല്‍ മഞ്ഞില്‍ മുങ്ങി കിടക്കുന്നു.
“എന്താ ആംബിയന്‍സ് ?”എന്റെ കൂട്ടുകാരന്‍ പറഞ്ഞു.
ഞങ്ങള്‍ മെല്ലെ അകത്തേക്ക് കയറി.അകത്തു എല്ലാം വര്‍ണ്ണശബളമായി അലങ്കരിച്ചിരിക്കുന്നു.ചുവന്ന ബലൂണുകള്‍,തിളങ്ങുന്ന മാലകള്‍ ,പ്രധാന വാതിലിന്റെ ഇരുവശത്തും കുലച്ച വാഴകള്‍.അകത്തു വേദിയുടെ അരികില്‍ ഒരു ചെറിയ സ്റ്റേജില്‍ ,ഒരു ഗായകസംഘം പാട്ടുപാടുന്നു.പഴയ തമിഴ് ഗാനങ്ങളാണ് അവര്‍ പാടുന്നത്.
“നിനൈവോ ഒരു പറവൈ ....വിരിക്കും അതിന്‍ സിറഗൈ..പറക്കും അത് കലക്കും തന്‍ ഉറവൈ....”എസ്.ജാനകിയുടെ പഴയ ഹിറ്റ് ഗാനമാണ് ഇപ്പോള്‍ വേദിയിലെ ഗായിക പാടുന്നത് .
“ഇത് സിഗപ്പു റോജാക്കളിലെ പാട്ടാ..ഒത്തിരി പഴയതാണ്..”എന്റെ കൂട്ടുകാരന്‍ പറഞ്ഞു.
“ഇത് നാട്ടിന്‍ പുറമല്ലെ..ഇപ്പോഴായിരിക്കും ഇവിടെ ഹിറ്റായത്..”ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
അകത്തു ഹാളില്‍ തിളങ്ങുന്ന കസേരകളില്‍ കുറച്ചു പേര്‍ കാത്തിരിക്കുന്നുണ്ട്.പക്ഷെ ചെറുക്കന്റെയും പെണ്ണിന്റെ പേരെഴുതിയ കമാനമോ ഒന്നും കണ്ടില്ല.
ഞാന്‍ എന്റെ സഹപാഠിയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു.കോള്‍ പോകുന്നില്ല.
അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്..എനിക്ക് അവന്റെ സഹോദരന്റെ പേരറിയില്ല.ഈ കല്യാണമണ്ഡപം തന്നെയാണോ എന്ന് ഉറപ്പുമില്ല.
“ഈ ശ്രീരംഗം ഗ്രാമത്തില്‍ ഒരു പദ്മപ്രിയ ആഡിറ്റോറിയം മാത്രമേ ഉള്ളു.അത് ഇത് തന്നെയാണ്.”
ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.
ചുവന്ന കാഞ്ചീപുരം പട്ടുടുത്ത ഒരു സ്ത്രീ നില്‍ക്കുന്നു. പച്ച നിറമുള്ള മുക്കുത്തി അവരുടെ നാസികയില്‍ തിളങ്ങുന്നു.അതിനെക്കാള്‍ തിളക്കമാര്‍ന്ന കണ്ണുകള്‍.ഒരു തളിരരടയ്ക്കയുടെ നിറം.മുഴങ്ങുന്ന സ്വരം.പക്ഷേ അവരുടെ കണ്ണില്‍ കോപമോ വെറുപ്പോ പോലെ എന്തോ ഒന്നുണ്ട്...
“നിങ്ങള്‍ എവിടെ നിന്ന് വരികയാണ്..?’അവര്‍ ചോദിച്ചു.
“കേരളത്തില്‍ നിന്ന്..ചെക്കന്റെ സഹോദരന്റെ ക്ലാസ് മേറ്റാണ്”ഞാന്‍ പറഞ്ഞു.
“നിങ്ങള്‍ ആ ക്ലോക്കിലേക്ക് നോക്കൂ..”അവര്‍ പറഞ്ഞു.
ഞാന്‍ ആഡിറ്റൊറിയത്തിന്റെ ഭിത്തിയില്‍ സ്ഥാപിച്ച വലിയ കറുത്ത നിറമുള്ള ക്ലോക്കിലേക്ക് ഞാന്‍ നോക്കി.സമയം ഏഴു പത്ത്..
“ഞാന്‍ ഈ പദ്മപ്രിയ ആഡിറ്റോറിയത്തിന്റെ കെയര്‍ ടേക്കര്‍ ആണ്.ആറുമണി മുതലാണ് റിസപ്ഷന്‍ പറഞ്ഞതു.ഇതുവരെയായും ചെറുക്കാനും പെണ്ണും ബന്ധുക്കാരും എത്തിയിട്ടില്ല.”അവര്‍ കോപം കൊണ്ട് ജ്വലിച്ചു.
അവരുടെ ഭാവമാറ്റം കണ്ടു ഞാന്‍ ഭയന്ന്പോയി. ചെറുക്കന്റെ സഹോദരന്റെ കൂട്ടുകാരന്‍ എന്ന നിലയില്‍ എനിക്കും ഇപ്പോള്‍ ഈ കല്യാണത്തിനു ഉത്തരവാദിത്വം ഉണ്ട്.ഞാന്‍ വീണ്ടും കൂട്ടുകാരനെ വിളിച്ചു.കോള്‍ പോകുന്നില്ല.
ഒന്നൊന്നായി അതിഥികള്‍ എത്തി തുടങ്ങി.
ഹാളില്‍ വേല്‍വെറ്റു തുണി വിരിച്ച കസേരകള്‍ നിരന്നു കഴിഞ്ഞിരിക്കുന്നു.വലിയ അലങ്കാരവിളക്കുകള്‍ തൂങ്ങുന്ന മച്ച്‌.അതിന്റെ പൊന്‍വെളിച്ചത്തില്‍ ,ആ ഹാളും പരിസരവും തിളങ്ങുന്നു.ഭിത്തിയില്‍ ത്മിഴ്നാട്ടിലെ ചോളരാജാക്കന്‍മാരുടെയും വീരന്‍മാരുടെയും ചിത്രങ്ങള്‍.എവിടെനിന്നോ വരുന്ന കര്‍പ്പൂരത്തിന്റെ ഗന്ധം കലര്‍ന്ന തണുത്ത കാറ്റ്.
ഞാന്‍ ആ സ്ത്രീയെ ശ്രദ്ധിച്ചു.അവര്‍ എല്ലാത്തിനും മേല്‍നോട്ടം വഹിച്ചു കൊണ്ട് ഓടി നടക്കുന്നു.
ഹാളിന്റെ ഇരുവശത്തും പാചകക്കാര്‍ ഭക്ഷണപാനിയങ്ങള്‍ ഒരുക്കുകയാണ്.കൊതിയൂറുന്ന ഗന്ധം.
“നമ്മുക്ക് രണ്ടെണ്ണം അടിച്ചിട്ട് ഭക്ഷണം കഴിച്ചാലോ ?”എന്റെ കൂട്ടുകാരന്‍ ചോദിച്ചു.അത്രയും നേരം വണ്ടി ഓടിച്ചത് കൊണ്ട് അവന്‍ ക്ഷീണിതനാണ്.
ആ നിമിഷം ആ സ്ത്രീ ഹാളിന്റെ മൂലയില്‍ നിന്ന് വെട്ടിത്തിരിഞ്ഞു എന്നെ നോക്കി.അവരുടെ കണ്ണുകള്‍ക്ക് ഒരു ചുവപ്പ് രാശി.അവര്‍ വേഗം എന്റെ അടുക്കലേക്ക് നടന്നു വരുന്നത് കണ്ടു എനിക്ക് പേടി തോന്നി.
“ചെറുക്കനും പെണ്ണും വേദിയില്‍ കയറി ഇരിക്കാതെ ,അതിഥികള്‍ ഭക്ഷണം കഴിക്കാന്‍ പാടില്ല.നിങ്ങള്‍ക്ക് വേണമെങ്കില്‍ തിരിച്ചു പോകാം.അവര്‍ വരാന്‍ വൈകും.”കെയര്‍ടേക്കര്‍ അറുത്തു മുറിച്ചു പറഞ്ഞു.
എനിക്ക് വല്ലായ്മ തോന്നി.
പക്ഷേ എന്റെ കൂട്ടുകാരനു നല്ല ദേഷ്യം വന്നു.അവന്‍ എന്നെയും കൂട്ടി കാറിനരികിലേക്ക് പോയി.ഞങ്ങള്‍ അതിവേഗം ഒരു പൈന്റ് വോഡ്ക കാലിയാക്കി.അവരെയും എന്റെ കൂട്ടുകാരനെയും തമിഴ്നാടിനെയും കുറച്ച നേരം ചീത്ത പറഞ്ഞപ്പോള്‍ എനിക്ക് ആശ്വാസം തോന്നി.
ഞങ്ങള്‍ തിരികെ വന്നപ്പോള്‍ ചെറുക്കനും പെണ്ണും വേദിയില്‍ കയറിയിരുന്നു.ഹാള്‍ നിറയെ ആളുകള്‍.ചിലരുടെ കയ്യില്‍ സമ്മാനപ്പൊതി.
വേദിയില്‍ ഒരു കറുത്ത സ്യൂട്ട് ധരിച്ച മനുഷ്യനും അയാളുടെ ഭാര്യയും കൂടി ചെറുക്കാന് കൈ കൊടുക്കുന്നു.പിന്നെ അവരുടെ ഇരുവശത്ത് നിന്ന് ഫോട്ടോയെടുക്കുന്നു.
ഒരു യുവാവും യുവതിയും പ്ലേറ്റില്‍ മസാലദോശ വാങ്ങി കഴിക്കാന്‍ തുടങ്ങുന്നു.
“ഇനിയേലും നമ്മുക്ക് എന്തേലും കഴിക്കാലോ..”
“പറ്റില്ല.വേദിയില്‍ ചെന്ന് ദമ്പതികളെ അഭിവാദ്യം ചെയ്തിട്ടേ കഴിക്കാന്‍ പറ്റൂ..”അത് അവരാണ്.കെയര്‍ടേക്കര്‍.കത്തുന്ന കണ്ണുകളുമായി അവര്‍ ഞങ്ങളുടെ തൊട്ടുപിന്നില്‍ നില്പുണ്ട്.
“എന്റെ കൂട്ടുകാരന്‍ വന്നില്ല...അതാണ്‌ ഒരു പ്രശ്നം..”ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.
“ഞാന്‍ പറഞ്ഞല്ലോ..ആളുകള്‍ വരാന്‍ വൈകും.നിങ്ങള്‍ പോകുന്നതാണ് നല്ലത്.എന്തിനു വെറുതെ വിശന്നു ബുദ്ധിമുട്ടി നില്‍ക്കണം.”
അത്രയും പറഞ്ഞിട്ട് അവര്‍ തിരിച്ചു നടന്നു.
ഒരു മെറൂണ്‍ നിറമുള്ള സാരി അണിഞ്ഞ സ്ത്രീയും തിളങ്ങുന്ന ചുവന്ന ഷര്‍ട്ട്‌ അണിഞ്ഞ അവരുടെ ഭര്‍ത്താവും ഇപ്പോള്‍ വേദിയില്‍ കയറിയിരിക്കുന്നു.അവര്‍ക്കൊപ്പം മൂന്നുകുട്ടികളുമുണ്ട്.അവര്‍ ഫോട്ടോയെടുക്കുന്നു.
“ഞാന്‍ എങ്ങിനെയാ ഒറ്റക്ക് സ്റെജില്‍ കയറുക.ചെറുക്കനും പെണ്ണിനും നമ്മളെ അറിയത്തില്ല.ആകെ അലമ്പായല്ലോ..”ഞാന്‍ കൂട്ടുകാരനോട് പറഞ്ഞു.
“നിങ്ങള്‍ തന്നെ കയറു..എന്നിട്ട് നമ്മുക്ക് എന്തേലും കഴിക്കാം..ഓരോ വൃത്തിക്കെട്ട ആചാരങ്ങള്‍..!”
അവന്‍ ദേഷ്യത്തോടെ പറഞ്ഞു.
“ശ്ശെ..”ഒരു ധൈര്യം വരുന്നില്ല.ഞാന്‍ പറഞ്ഞു.
“പൊട്ടിക്കാതെ വച്ചിരിക്കുന്ന ചെയര്‍മാന്‍സ് ചോയ്സ് ബ്രാണ്ടിയുണ്ട് വണ്ടിയില്‍.ധൈര്യത്തിനു അത് പോതും.”കൂട്ടുകാരന്‍ ചെവിയില്‍ പറഞ്ഞു.
ഞങ്ങള്‍ കുഴഞ്ഞ കാലുകളുമായി കാറിന്റെ അരികിലേക്ക് പോയി.തീ എരിയുന്ന മദ്യം അകത്തു ചെന്നപ്പോള്‍ ആകെ ഒരു മാറ്റം.ശരീരത്തിനും മനസ്സിനും.
ഞങ്ങള്‍ വീണ്ടും ഹാളിലേക്ക് ചെന്നു.ഒരു തൂണില്‍ ചാരി നിന്ന് കൊണ്ട് ഞങ്ങള്‍ വേദിയിലേക്ക് നോക്കി.
വേദിയില്‍ ഒരു കറുത്ത സ്യൂട്ടിട്ട മനുഷ്യനും അയാളുടെ ഭാര്യയും.
അത് മുന്‍പ് ഞങള്‍ കണ്ട അതെ മനുഷ്യനല്ലേ...
ഞാന്‍ കൂട്ടുകാരനെ അത് വിളിച്ചു കാണിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അവനും അത് ശ്രദ്ധിച്ചു കഴിഞ്ഞിരുന്നു.
“നമ്മള്‍ അടിച്ചതിന്റെയാണോ...മൊത്തം റിപ്പീറ്റ് ആണല്ലോ..”
“ചിലപ്പോ ഇനി ഇവിടുത്തെ വല്ല ആചാരവുമാണോ ?” ഞാന്‍ സംശയിച്ചു.
വേദിയില്‍ ആദ്യം കണ്ട കാഴ്ച വീണ്ടും ആവര്‍ത്തിക്കുകയാണ്.
ആദ്യം വന്ന അതിഥികള്‍ വീണ്ടും വരുന്നു.വധൂവരന്‍മാര്‍ അവരെ സ്വീകരിക്കുന്നു.അവരുടെ ഭാവവഹാദികള്‍ക്ക് ഒരു വ്യതാസവുമില്ല.
ഇപ്പോള്‍ മെറൂണ്‍ നിറമുള്ള സാരി അണിഞ്ഞ സ്ത്രീയും തിളങ്ങുന്ന ചുവന്ന ഷര്‍ട്ട്‌ അണിഞ്ഞ അവരുടെ ഭര്‍ത്താവും കുട്ടികളുമാണ് വീണ്ടും വേദിയില്‍.
“വേദിയില്‍ മാത്രമല്ല .ദാ നോക്ക്..”കൂട്ടുകാരന്‍ ചൂണ്ടിക്കാണിച്ചു.
മുന്‍പ് കണ്ട യുവാവും യുവതിയും പ്ലേറ്റില്‍ മസാല ദോശ എടുത്തു കഴിക്കുന്നു.
“ഞാന്‍ പറഞ്ഞല്ലോ.നിങ്ങള്‍ക്ക് പോകാന്‍ ഒരുപാട് സമയമുണ്ടായിരുന്നു.പക്ഷേ നിങ്ങള്‍ പോയില്ല.”
പുറകില്‍ ആ സ്ത്രീയുടെ സ്വരം.
അവരുടെ ചുവന്ന കണ്ണുകള്‍.വഴിയില്‍ വച്ച് കണ്ട മനുഷ്യനെ പോലെ ഇപ്പോല അവരും മുറുക്കിക്കൊണ്ടിരിക്കുകയാണ്‌.ചുവന്ന കറ പിടിച്ച പല്ലുകള്‍..
“ഞങ്ങള്‍ക്ക് പോകണം.”ഞാന്‍ കരയുന്നത് പോലെ പറഞ്ഞു.
“എങ്കില്‍ വധൂവരന്‍മാരെ പോയി അഭിവാദ്യം ചെയൂ..”
ഞാന്‍ ധൈര്യം സംഭരിച്ചു സ്റ്റേജിലെക്ക് നടന്നു.
ഇപ്പോള്‍ ഹാളിലെ ശബ്ദങ്ങള്‍
നിലച്ചിരിക്കുന്നു.എല്ലാവരുടെയും കണ്ണുകള്‍ എന്റെ മേലാണ്.ഞാന്‍ തല കുനിച്ചു മൊബൈല്‍ വീണ്ടും തുറന്നു.
ഗൂഗിളില്‍ ശ്രീരംഗം പദ്മ ആഡിറ്റോറിയം എന്ന് സേര്‍ച്ച്‌ ചെയ്യാന്‍ ടൈപ്പ് ചെയ്തു.അതിനു ശേഷം വേദിയിലേക്ക് നടന്നു.
എന്നെ കണ്ടതും ചിരിച്ചു കൊണ്ട് വധൂവരന്‍മാര്‍ എഴുന്നേറ്റു.
മൊബൈലില്‍ റേഞ്ച് വന്നിരിക്കുന്നു.ഒരു ബീപ് ശബ്ദം കേട്ടു.
“ശ്രീരംഗം പദ്മ പ്രിയ ഹാള്‍ മാരിയേജ് ആക്സിഡന്റ്..”ഗൂഗിളില്‍ സേര്‍ച്ച്‌ റിസള്‍ട്ട് ലോഡ് ചെയ്യുന്നു.
തഞ്ചാവൂരിലെ ശ്രീരംഗം പട്ടണത്തിലെ പദ്മപ്രിയ ആഡിറ്റൊറിയംയം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കത്തി നശിച്ചതിന്റെ വാര്‍ത്തയാണ് അത്.വധൂവരന്‍മാരടക്കം ഒരു കല്യാണ പാര്‍ട്ടി മുഴുവന്‍ വെന്തു മരിച്ച വാര്‍ത്ത.
വരന്‍ എന്റെ നേര്‍ക്ക് കൈ നീട്ടി.ഞാന്‍ അറിയാതെ ആ കയ്യില്‍ സ്പര്‍ശിച്ചു.അത് മഞ്ഞുകട്ട പോലെ തണുത്തിരിക്കുന്നു.
ഞാന്‍ വെട്ടിത്തിരിഞ്ഞ് കൂട്ടുകാരനെ നോക്കി.
“ഡാ ക്ലോക്കിലേക്ക് നോക്കടാ ..ഓടിക്കോ..രക്ഷപെടടാ”ഞാന്‍ വേദിയില്‍ നിന്നും ചാടിക്കൊണ്ട് പറഞ്ഞു.
ക്ലോക്കില്‍ ഇപ്പോഴും സമയം ഏഴു പത്ത്. ഞങ്ങളുടെ വാച്ചിലും സമയം ഏഴുപത്ത്.
ഞാന്‍ അവന്റെ കൈ പിടിച്ചു അവിടെനിന്ന് ഇറങ്ങിയോടി.
ആ ഹാളിലുണ്ടായിരുന്നവര്‍ കല്‍പ്രതിമകളെ പോലെയാകുന്നത് എനിക്ക് തോന്നി.അതൊരു മായകാഴ്ചയായിരുന്നു.
ഞങ്ങള്‍ കാറിന്റെ അരികിലേക്ക് പോയില്ല.നേരെ റോഡിലേക്കാണ് ഓടിയത്.ഞങ്ങള്‍ റോഡില്‍ ഇറങ്ങിയതും ആ കറുത്ത ഓംനി പാഞ്ഞു വന്നു ഞങ്ങളെ ഇടിച്ചു തെറിപ്പിച്ചു.
ഞാന്‍ കഥ പറച്ചില്‍ നിര്‍ത്തി.
“എന്നിട്ടും എന്ത് പറ്റി..ബാക്കി പറയൂ..”ശ്രീരാജ് പറഞ്ഞു
"വേണ്ട .ബാക്കി കേള്‍ക്കണ്ട..വണ്ടി നിര്‍ത്തു..”എബിന്‍ ഉറക്കെ വിളിച്ചു പറഞ്ഞത് പെട്ടെന്നാണ്.
“അതെന്താ..ബാക്കി കൂടെ കേള്‍ക്കു..ഇഷ്ടമായില്ലേ..”ഞാന്‍ ചോദിച്ചു.
“വേണ്ട വണ്ടി നിര്‍ത്തൂ..ഞങളെ വെറുതെ വിടൂ..ഞങ്ങള്‍ക്ക് ഇവിടെ ഇറങ്ങിയാല്‍ മതി...”എബിന്‍ ഒച്ച വച്ചു.
“ഇനിയുള്ള കഥയാ രസം..ആഷ പറയൂ എബിനോട്‌..”ഞാന്‍ നിര്‍ബന്ധിച്ചു.ആഷയുടെ മുഖവും ഭയം കൊണ്ട് വിറങ്ങലിച്ചിരിക്കുന്നു.
ഞാന്‍ കൂട്ടുകാരനെ നോക്കി.അവന്‍ പുഞ്ചിരിയോടെ വണ്ടി ഒതുക്കി.
എബിന്‍ ഡോര്‍ തള്ളി തുറന്നു കൂട്ടുകാരെ വണ്ടിയില്‍ നിന്നിറക്കി.
കൂട്ടുകാരന്‍ വണ്ടി മുന്‍പോട്ടു വിട്ടു.
“അവനു മനസ്സിലായി..ചിലപ്പോള്‍ ഫ്രണ്ട് മിററില്‍ നമ്മടെ മുഖം കാണാത്ത കൊണ്ടാവും..”ഞാന്‍ പറഞ്ഞു.
“ഹേ അതല്ല...അവര്‍ കയറിയിയിടത്തെ കുരിശു അവന്‍ ശ്രദ്ധിച്ചിട്ടുണ്ടാവും.”എന്റെ കൂട്ടുകാരന്‍ പുറത്തേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു.
പുറത്തു നേര്‍ത്ത മഞ്ഞില്‍ ഒരു കറുത്ത കുരിശു ഉയര്‍ന്നു നില്‍ക്കുന്നത് ഒരു പുഞ്ചിരിയോടെ ഞാന്‍ കണ്ടു.
(അവസാനിച്ചു)
Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo