നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലവ് ഈസ് ആൻ എവർ ഫിക്സ്ഡ് മാർക്ക്.


*******************************************
ഇളം വെയിൽ പുതച്ചു നിൽക്കുന്ന മനോഹരമായ സായാഹ്നത്തിൽ,
ഒഴുകി നടക്കുന്ന വെൺമേഘങ്ങളെയും നോക്കി,
ചെറിയ ചൂടുള്ള കോഫി നുണഞ്ഞു ഞാൻ ടെറസ്സിലിരുന്നു..
എന്റെ മനസ്സിൽ ബാനുവും, ശ്രീകാന്തുമായിരുന്നു...
ഈ അൻപതാം വയസ്സിലും എന്റെ സിരകളിൽ ഒഴുകുന്നത് ഒരിക്കൽ ബാനു നിറച്ച പ്രണയമാണെങ്കിൽ,
ഇരുപത്തിമൂന്ന് വയസ്സു മുതൽ ഇന്നോളം സൗഹൃദം പകർന്നെന്റെ ഉള്ളു നിറയ്ക്കുന്നത് ശ്രീകാന്താണ്..
ബാനു മറ്റൊരു സ്ത്രീയുടെയും, ഞാൻ ശ്രീകാന്തിന്റെയും സ്വന്തമാണിന്ന്…
കുടുംബ സുഹൃത്തായിരുന്ന സോമനാഥ ബാനർജിയുടെ, പത്തു വയസ്സുകാരൻ മകൻ ബാനുവെന്ന മിലൻ ബാനർജിയും, ഞാനെന്ന എട്ടു വയസുകാരിയും കുടുംബങ്ങളുടെ സൗഹൃദ പാതയിലൂടെയാണ് ചുവടുകൾ വെച്ചത്..
ഇടയ്ക്കിടെ ഇരു കുടുംബങ്ങളും ഒരുമിച്ചു,
ഔട്ടിംഗ്, ഷോപ്പിംഗ്,ഫോട്ടോ സെഷനുകൾ..
ബാല്യം വിട്ടു കൗമാരത്തിന്റെ ഇടനാഴിയിലെത്തിയപ്പോൾ,
ഹൃദയത്തിൽ മാസ്മരികത സൃഷ്ടിച്ചു കൊണ്ട് പ്രണയം പുല്ലാങ്കുഴലൂതി ...
നാഷണൽ ലൈബ്രറിയുടെ മൂന്നാമത്തെ വരിയിലിരുന്ന്, എനിക്കു മാത്രം കേൾക്കാനായി എന്റെ കണ്ണുകളിലേയ്ക്കു നോക്കി, ജോൺ കീറ്റ്സ് ആയി മാറി ബാനു കവിത ചൊല്ലി..
കാളീഘട്ടിന് എതിർവശത്തെ മാളിൽ നിന്നും സന്ദേഷും,രസ്ഗുളയും,മിഷ്ടി ദൊയും, പ്രണയത്തിൽ പങ്കുചേർന്ന സായാഹ്നങ്ങൾ..
ഇന്ത്യൻ മ്യൂസിയത്തിന്റെ പുറകിലെ തണൽ വീഥിയിലൂടെ, കൈകൾ കോർത്ത് നടന്നിരുന്ന നിമിഷങ്ങൾ…
വിടവാങ്ങലിൻ്റെ വേദന സഹിക്കാനാവാതെ,
അസ്തമയം നോക്കി ഞാൻ വിതുമ്പുമ്പോൾ എന്റെ കൈ അവന്റെ നെഞ്ചിലേയ്ക്ക് ചേർത്തു കൊണ്ട് മൃദുവായി അവൻ പറയും,
“ഇഷാ..അമി സൊർബദാ തൊമാർ സാതി ആചി.. “
ബാനുവിന് വേണ്ടി വിരിഞ്ഞ പൂവായിരുന്നു ഞാൻ, അവനോടുള്ള പ്രണയമായിരുന്നെന്റെ സുഗന്ധവും..
ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പടികളിലൊന്നിൽ, കളി കഴിഞ്ഞെത്തുന്ന അവനെയും കാത്തിരുന്നത് എത്ര ആനന്ദത്തോടെയായിരുന്നു…!
ഞാൻ കണ്ട ഏറ്റവും
മനോഹരമായ കാഴ്ച അവന്റെ കണ്ണുകളിലായിരുന്നു...!!
പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞയുടനെ, കല്യാണാലോചന തുടങ്ങിയപ്പോഴാണ്,
ബാനുവിനെ മതിയെന്ന് ഞാൻ വീട്ടിൽ
തുറന്നു പറഞ്ഞത്..
പിന്നെ നടന്നത് ഭൂകമ്പമായിരുന്നു.
അതിൽ ഇരു വീടുകൾക്കുമിടയിലുള്ള,
ഉറപ്പാർന്നതും മനോഹരവുമായതെന്ന് വിശ്വസിച്ചിരുന്ന സൗഹൃദത്തിനു മേൽ, ജാതിയുടെ ഇരുമ്പ് മതിൽ മറിഞ്ഞു വീഴുകയും,സൗഹൃദം അതിന്റെ യാതൊരടയാളവും അവശേഷിപ്പിക്കാതെ തവിടുപൊടിയാവുകയും ചെയ്തു..
ഞാൻ ബാനുവിനൊപ്പമോ, അല്ലങ്കിൽ ഈ ലോകത്തു നിന്നു തന്നയോ പോയേക്കുമെന്ന കുടുംബത്തിന്റെ ഭയം, എന്നെ വീട്ടുതടങ്കലിലാക്കി..
കാളീപൂജയുടെ പിറ്റേന്ന് പകലാണ്,
ഗേറ്റു തള്ളി തുറന്നു വീടിനു മുന്നിൽ വന്നു എന്നെ അവന് നൽകണമെന്ന് അപേക്ഷിച്ചതും, ഒടുവിൽ,"ഇഷാ…. അമി ആപ്നകെ ചാര കിചൂയി നയി... “എന്നു പറഞ്ഞു നീറി പിടഞ്ഞു തിരികെ പോയതും…
അതോടെ ബാനുവും വീട്ടു തടങ്കലിലായി.
ജീവനു യാതൊരു ഉറപ്പുമില്ലങ്കിലും,സോഷ്യൽ സ്റ്റാറ്റസ് എന്ന ഇരുമ്പഴിക്കുള്ളിൽ നിന്നു പുറത്തിറങ്ങാൻ മനുഷ്യന് താത്പര്യമില്ല...
ജാതിയും, മറ്റു യോഗ്യതകളും,
പരിശോധിച്ച് തൃപ്തിപ്പെട്ട് ശ്രീകാന്ത് തിരഞ്ഞെടുക്കപ്പെടുകയും,
കൊഴിഞ്ഞു വീണ ഇല കാറ്റിന്റെ ഗതിയനുസരിച്ച് പറക്കും പോലെ ഞാൻ ശ്രീകാന്തിന്റെ ഭാര്യയാവുകയും ചെയ്തു.
ശ്രീകാന്ത് എനിക്കൊരു പ്ളസ് ആയിരുന്നു..
എന്നെ ഞാനായിരിക്കാൻ പ്രാപ്തയാക്കിയത് ശ്രീകാന്ത് ആണ്.
നഷ്ടപ്പെടലിന്റെ കൊടും ചൂടേറ്റു,
തരിശായി കിടന്നിരുന്ന എന്റെ മനസ്സിൽ സൗഹൃദത്തിന്റെ വിത്തുകൾ പാവുകയും, അത് മുളപ്പിച്ച് വിളവെടുക്കുന്നതിൽ
ശ്രീ വിജയിക്കുകയും ചെയ്തു..
ചില പുരുഷൻമാർ കിരീടമായി അണിയുന്ന സ്ത്രീക്ക് മേലയുള്ള അധികാരം,
ശ്രീ അണിഞ്ഞിരുന്നില്ല..
ശ്രീ എന്നും എന്നെ ചേർത്തു നിർത്തി.
അഭിപ്രായവ്യത്യാസങ്ങളും,പിണക്കങ്ങളും ഉണ്ടായപ്പോഴുമൊന്നും ബാനുവിന്റെ പേരു പറഞ്ഞു ശ്രീ എന്നെ ആക്ഷേപിച്ചിരുന്നുമില്ല.
ശ്രീ നല്ലൊരു ഭർത്താവും, അച്ഛനുമാണ്..
എന്റെ ശ്വാസവുമാണ്..
എന്നിട്ടും,വിവാഹിതയും അമ്മയും മധ്യവയസ്കയും ആയ ഞാൻ,വർഷങ്ങൾക്കു ശേഷം,
ആദ്യമായി ബാനുവിനെ കുടുംബമൊന്നിച്ച് നേരിട്ട് കണ്ട ഇന്നലെ രാത്രി,
ആ നഷ്ടം സഹിക്കാനാവാതെ തലയിണയിൽ മുഖമമർത്തി ആർത്തലച്ചു കരഞ്ഞു....
പെയ്തിട്ടും പെയ്തിട്ടും മതിവരാതെ പിന്നെയും പിന്നെയും ശക്തിയായി കുത്തിയൊലിച്ചു പെയ്യുന്ന മഴ പോലെ..
സിരകളിൽ രക്തം മാറ്റി നിറയ്ക്കുന്നതു പോലെ, പ്രണയം മാറ്റാനാവില്ല എന്നു ഞാൻ മനസ്സിലാക്കുന്നു.
എന്റെ ഹൃദയം മിടിക്കുവോളം ബാനുവിന്റെ പ്രണയം എന്റെ സിരകളിലൊഴുകും.. ഇന്നലെ,ബാനുവിന്റെ കണ്ണുകളിൽ നിന്നും അടരാൻ വെമ്പിയ തുള്ളികളും പറയാൻ ശ്രമിച്ചത് അതു തന്നെയാവും..
ബാനു നഷ്ടപ്പെട്ടതോർത്തു വേദനിക്കുമ്പോഴും,
ശ്രീയെ സ്നേഹിക്കാനാവാതെ,
ശ്രീയുടെ സ്നേഹമില്ലാതെ എനിക്കു ജീവിക്കാൻ കഴിയില്ല.
ശ്രീയുടെ സ്നേഹത്തിൻ്റെ ആഴങ്ങളിൽ മാത്രമേ, എനിക്ക് സന്തോഷത്തിൻ്റെ തിളക്കമുള്ള മുത്തുകൾ സ്വന്തമാവൂ...
അമി തുമാകെ ഭാലോ ഭാഷി ശ്രീ….!
Written by,
Anjali Rajan.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot