"മാഷേ ...വടി എടുത്തോളൂ..പത്താം ക്‌ളാസ്സിലെ പിള്ളേർ മഹാ പീക്കിരികളാണ്" പ്രിൻസിപ്പൽ എന്നോട് പറഞ്ഞു.
ആദ്യത്തെ ക്‌ളാസിൽ തന്നെ വടിയുമായി വരുന്നൊരു മാഷ് ! ഞാൻ ആ കമാൻഡ് നിരുപാധികം തള്ളി ക്‌ളാസ്സിലേക്ക് കയറി. 20-25 കുട്ടികൾ ഉണ്ട്. അയൽവാസികളും നാട്ടുകാരുമൊക്കെ ആയി അറിയുന്ന കുറച്ചു പേരുടെ മുഖത്ത് ആദ്യം തന്നെ കണ്ണുകളുടക്കി.
“മാഷേ....കബഡി...കബഡി...” ഒരു വിരുതന്‍ പറഞ്ഞു. (അന്ന് ഞാന്‍ കബഡി കളിക്കാന്‍ പോകാറുണ്ടായിരുന്നു)
പിള്ളേരുടെ അടക്കം പറച്ചില്‍...ചിരി...അന്താളിപ്പ്...ഞാന്‍ എന്നെതന്നെയോന്നു നോക്കി...ഹല്ലാ ..ഞാന്‍ തന്നെയല്ലേ ഇവരുടെ മാഷ് !!
എന്തായാലും പിള്ളേരുടെ ഇംഗ്ലീഷ് പരിജ്ഞാനം പരീക്ഷിക്കാൻ ഡിക്റ്റേഷൻ കൊടുത്തു .. കുറച്ചു antonyms (വിപരീതപദം) എഴുതാനും. ഇപ്പോള്‍ പിള്ളേരുടെ ശബ്ദമൊക്കെ അടങ്ങി... പേപ്പർ തിരിച്ചു വാങ്ങിച്ചു നോക്കാൻ തുടങ്ങി... പിള്ളേർ തല താഴ്ത്തി ഇരിക്കുകയാണ്.. ...പകുതിയിലധികം ശരിയായി എഴുതിയവർ ആരും ഇല്ല..സർക്കാർ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ച എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല..പക്ഷെ ഇവരെയും കൊണ്ട് ഞാൻ എങ്ങിനെയാണ് കപ്പലോടിച്ചു കരക്കെത്തുക എന്ന ബേജാറ് മാത്രം ബാക്കിയായി ..
"Both " എന്ന് പറഞ്ഞപ്പോൾ "Poth" എന്ന് എഴുതിയിരിക്കുന്നു !
Innocent എന്ന വാക്കിന് Mamukkoya എന്ന് വിപരീതപദം എഴുതിയ ഒരു അഗ്രഗണ്യനും എന്‍റെ കുട്ടികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ഞാൻ ആരെയും വഴക്ക് പറഞ്ഞില്ല... അന്ന് ചില കഥകളും ഇംഗ്ലീഷ് ഭാഷയുടെ ഭംഗിയും മനോഹാരിതയും ചില പൊടിപ്പും തൊങ്ങലും ഒക്കെ വെച്ച് പറഞ്ഞു.. (എന്റെ അല്പ പരിജ്ഞാനം വെച്ച്). പേടി മാറ്റി അവരെ ഇംഗ്ലീഷ് ഭാഷയുടെ ഇഷ്ടക്കാരാക്കി മാറ്റുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് എനിക്ക് ബോധ്യമായി.
ഒന്ന് രണ്ട് ആഴ്ചകൾ കഴിഞ്ഞപ്പോൾ ചില രക്ഷിതാക്കൾ കാണാൻ വരികയും സ്നേഹ ബഹുമാനത്തോടെ നല്ല അഭിപ്രായം പറയുകയും ചെയ്തു. ഞാൻ ആദ്യമായി എന്റെ ജോലിയെ ഇഷ്ടപ്പെടാൻ തുടങ്ങി..എന്റെ ക്‌ളാസിൽ പിള്ളേരുടെ ബഹളമുണ്ടാവുന്നു എന്നതൊഴിച്ചാൽ സാറിനും നല്ല അഭിപ്രായം..ഞാനും കുട്ടികളും കുറച്ചു സമയം തമാശയും ഔട്ട് ഓഫ് സിലബസ് കാര്യങ്ങളും പറയും..
ദൈവാനുഗ്രഹം കൊണ്ട് നന്നായി ക്ലസ്സെടുക്കാൻ പറ്റുകയും നഗരത്തിലുള്ള മറ്റൊരു കോളജിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. അവിടെ നൈറ്റ് ക്‌ളാസ് ഉണ്ടായിരുന്നു..പത്താം ക്‌ളാസ്. .പത്തിരുപത് പേർ.. കുറെ പേർ കണ്ണൂർ സെൻട്രൽ ജയിലിലെ വാർഡന്മാരാണ്.. റിട്ടയർ ആവാൻ പോകുന്നവർ.. പത്തു പാസായാൽ പ്രമോഷൻ കിട്ടുന്നവർ .ആദ്യം ഒരു അമ്പരപ്പും ആകുലതയുമൊക്കെയായിരുന്നു.. ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ എഴുന്നേൽക്കേണ്ട എന്ന് പറഞ്ഞെങ്കിലും വാർഡന്മാർ അവരുടെ "ഡിസിപ്ലിൻ" മറന്നില്ല..
ഒരു “ഒളിച്ചു കളി” എന്ന രീതിയിൽ തുടങ്ങിയ ഈ “അദ്ധ്യാപഹയം” എന്നെ വല്ലാതെ വരിഞ്ഞുമുറുക്കാൻ തുടങ്ങി...ഇടക്ക് നിർത്തി ഓടാൻ പറ്റുന്ന ഒരു പണിയല്ല ഇതെന്ന് കുട്ടികളുടെ മുഖങ്ങൾ എന്നോട് വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.. .
എലിപ്പെട്ടിയിൽ കുടുങ്ങിയ എലിയുടെ അവസ്ഥയെക്കുറിച്ചൊരു കവിത എഴുതണമെന്നു വിചാരിച്ചായിരിക്കും എപ്പോഴും കിടന്നുറങ്ങുക.. ഒരു കെട്ടിയിടൽ ഒരിക്കലും ഇഷ്ടമില്ലാത്ത മനസ്സ് അടുത്ത മാർച്ച് മാസമാവാൻ മുന്നേ മാർച്ചു ചെയ്തു നീങ്ങുന്നുണ്ടായിരുന്നു...
ഒരു തിങ്കളാഴ്ച പത്താം ക്ലാസ്സില്‍ കയറിപ്പോള്‍ ഞെട്ടിക്കുന്ന (അന്നത് ഞെട്ടിക്കുന്നത് തന്നെ) ഒരു വാര്‍ത്തയാണ് കുട്ടികള്‍ ആദ്യം പറഞ്ഞത്
“മാഷേ .......ളെ (കുട്ടിയുടെ പേര്) പയ്യാമ്പലം കൊണ്ടുപോയി....”
കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ കൊണ്ടുപോവുക എന്ന് പറഞ്ഞാല്‍ അന്ന് രണ്ടു അര്‍ത്ഥങ്ങളാണ് ഉള്ളത്....ഒന്ന്, മരിച്ചു ദഹിപ്പിക്കാന്‍ കൊണ്ടുപോവുക എന്നതാണ്... ഇവിടെ നടന്നത് രണ്ടാമത്തേതാണ്
ഞാന്‍ അവളെ അന്വേഷിച്ചിറങ്ങി....
(ഞാന്‍ വീണ്ടും വരും ട്ടാ )
ഹാരിസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക