മിനിക്കഥ
മൂന്നു പെങ്ങന്മാർ അയാളുടെ ജീവനായിരുന്നു. അച്ഛൻ മരിച്ചപ്പോൾ ആ സ്ഥാനത്തിരുന്നു അവരെ പഠിപ്പിച്ചു നല്ല നിലയിൽ കെട്ടിച്ചയച്ചതും അയാളായിരുന്നു. ഇതിനിടയിൽ അയാൾ ഒരു കാര്യം മറന്നു. സ്വന്തം ജീവിതം.
നല്ല സമയത്തു കല്യാണം കഴിക്കാൻ ആഗ്രഹിച്ചതായിരുന്നു. അപ്പോൾ ഒരു പെങ്ങളുടെ കല്യാണം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. വീട്ടിൽ ഒരു പെണ്ണു വന്നു കയറിയാൽ ചിലപ്പോൾ പെങ്ങമ്മാരുടെ ഭാവിക്ക് അതു വിലങ്ങു തടിയാകുമോന്ന് ഭയന്നു അന്നത് ചെയ്തില്ല. എല്ലാം കഴിയുമ്പോഴേക്കും കെട്ടുപ്രായം കഴിഞ്ഞു. ഇനി ഈ വയസ്സന് ആരു പെണ്ണു തരാൻ?
ഇനിയുള്ള കാലം പെങ്ങമ്മാരെ നോക്കി അവരുടെ കുഞ്ഞുങ്ങളെ കളിപ്പിച്ചു മരിക്കാം. എങ്കിലും മരിക്കാൻ നേരത്തു സ്വന്തം എന്നു പറയാൻ ഒരാള് വേണ്ടേ? മരണ കിടക്കക്കു അരികിൽ ഇരുന്നു കരയാൻ ഒരു പെണ്ണു. അവളുടെ കൈ കൊണ്ടു ഒരിറ്റു വെള്ളം കുടിച്ചു മരിക്കാൻ... ആശിക്കുന്നത് തെറ്റാണോ?
അമ്മ മരിച്ചു കഴിഞ്ഞാൽ പിന്നെ സ്നേഹിക്കാൻ ശാസിക്കാൻ മറ്റാരാണ് ഉള്ളത്? അമ്മക്ക് പകരം വെക്കാൻ ഒരു സ്ത്രീ സങ്കല്പം ഭാര്യ മാത്രം.
അയാൾക്ക് കിടന്നിട്ടു ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഈ ഏകാന്തതയിൽ ഒരു കൂട്ട് അത്യാവശ്യം. വയസ്സ് കൂടുമ്പോൾ ഭയവും കൂടി കൂടി വരുന്നു. എനിക്ക് വേണ്ടി ഏതെങ്കിലും ഒരു പെണ്ണിനെ ദൈവം കണ്ടു വെച്ചിട്ടുണ്ടാകുമോ? ഒരാണിന് ഒരു പെണ്ണ് അതെവിടെയെങ്കിലും കരുതി വെച്ചിട്ടുണ്ടാകും. അതു പ്രകൃതി നിയമം.
അല്ലെങ്കിൽ വേണ്ട. സ്നേഹ നിധികളായ പെങ്ങന്മാർ ഉള്ളപ്പോൾ എന്തിനു വെറുതെ ഭയക്കുന്നു. അവർ നോക്കിക്കൊള്ളും. പക്ഷെ അവർ ഇപ്പോൾ ഈ ഏട്ടനെ തിരിഞ്ഞു നോക്കുന്നില്ലല്ലോ. ജോലി. പിന്നെ അവരുടെ കുടുംബം. അതിൽ നിന്നു മോചനം കിട്ടിയിട്ടു വേണ്ടേ എന്നെ നോക്കാൻ.
അയാൾക്ക് സങ്കടം വന്നു. നേരവും കാലവും നോക്കി ജീവിതം കെട്ടിപ്പടുക്കാൻ കഴിയാത്തത് കൊണ്ടു. അന്നു മയക്കത്തിന് മുമ്പ് അയാൾ ഒരു തീരുമാനത്തിൽ എത്തിയിരുന്നു.
പിറ്റേന്ന് പുലർന്ന ഉടനെ അയാൾ പെങ്ങന്മാരെയെല്ലാം വീട്ടിലേക്കു വിളിച്ചു വരുത്തി കാര്യങ്ങൾ പറഞ്ഞു.
ഇനി നിങ്ങളാണ് ഈ ഏട്ടന്റെ കാര്യങ്ങൾ നോക്കേണ്ടത്. ഈ വയസ്സ് കാലത്ത് കൂട്ടിനൊരു പെണ്ണു വേണം. ഒറ്റക്ക് ജീവിക്കാൻ പ്രയാസം. അല്ലെങ്കിൽ നിങ്ങളിൽ ആരെങ്കിലും വന്നു ഈ തറവാട്ടിൽ താമസിക്കുക.
ഇതിനാണോ ഏട്ടൻ ഞങ്ങളെ വിളിച്ചു വരുത്തിയത്? എന്തെല്ലാം പ്രശ്നങ്ങൾക്ക് ഇടയിലാണ് ഞങ്ങൾ വന്നതെന്നറിയാമോ? ഇക്കാര്യം വിളിച്ചു പറഞ്ഞാൽ പോരായിരുന്നോ?
അവർ ഒരേ സ്വരത്തിൽ ചോദിച്ചു.
പിന്നെ നിങ്ങൾ എന്താണ് കരുതിയത്?
അയാൾ ചോദിച്ചു.
ഈ വയസ്സാൻ കാലത്ത് പെണ്ണു കെട്ടിയിട്ടു എന്തു കാര്യം? ഒരു മക്കൾ ഉണ്ടാകുമോ? പിന്നെ ഒരു തലവേദന കൂടി കെട്ടിവെക്കുന്നു. ഇനി ഇങ്ങനെ പോയാൽ മതി ഏട്ടാ....
അയാൾക്ക് കണ്ണിൽ ഇരുട്ട് കേറുന്നത് പോലെ തോന്നി.
ഈ തറവാട് ഞങ്ങളുടെ പേരിൽ എഴുതി തരാൻ വേണ്ടിയാണ് വിളിപ്പിച്ചത് എന്നു കരുതിയാണ് ഞങ്ങൾ ലീവെടുത്തു വന്നത്. അക്കാര്യത്തെ കുറിച്ചു പറ.
കടക്കു പുറത്തു നന്ദി കെട്ട നായ്ക്കളെ... അമ്മ മരിക്കുമ്പോൾ എന്റെ പേരിൽ എഴുതി തന്ന ഈ തറവാട് ഇനി നിങ്ങൾക്കില്ല. അനാഥാലയത്തിനു കൊടുത്താലും.
ഇവിടെ നിന്ന് അനങ്ങില്ല ഞങ്ങൾ. ഇത് എല്ലാവർക്കും അവകാശപ്പെട്ട സ്വത്താണ്.
പാലു കൊടുത്തു വളർത്തിയ പെങ്ങമ്മാരുടെ വാക്കുകൾ അയാളെ തളർത്തി. പിന്നീട് അയാൾ ആ പടിവിട്ടിറങ്ങി.
അപ്പോൾ ഒരു പെങ്ങൾ പറയുന്നത് കേട്ടു.
എവിടെയെങ്കിലും പോയി തുലയി.. വയസ്സ് കാലത്ത് ഓരോ പൂതി...
By Krishnan Abaha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക