Slider

അപരിചിതരുടെ ലോകം.

0

★---------------------★
"ഡാഡി,അറിഞ്ഞോഅടുത്ത ഫ്ലാറ്റിലെ സൂസിയാന്റി മരിച്ചു."
ഓഫീൽ പോകുവാൻ,ഒരുങ്ങുന്ന
തിരക്കിനിടയിലുള്ള ഹരിയുടെ ശബ്ദംകേട്ടാണ്
വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ നിന്നും മുഖമുയർത്തിയത്.
ലിഫ്റ്റിൽ കയറുവാൻ ഭയമുള്ളതിനാൽ
ആയാസപ്പെട്ട് പടികൾ കയറിവരുന്ന സൂസിയുടെ
ദയനീയമായമുഖം ഓർമ്മയിൽ തെളിഞ്ഞു.
"അവിടവരെ ഒന്നു പോകേണ്ടെ മോനെ ..?"
തന്റെ ചോദ്യത്തിനുത്തരം തേടി വീണ്ടും മുഖമുയർത്തിയപ്പോൾ ഹരിയുടെനോട്ടം
തന്നിൽ പതിഞ്ഞിരിക്കുന്നത് അറിഞ്ഞു.
"അവർ ആരെന്നുപോലും അറിയില്ല. അപ്പോളാണ് ഡെഡ്ബോഡി കാണാൻ പോകുന്നത്..!ഹോസ്പിറ്റലിൽ നിന്നും നേരെ ഇലക്ട്രിക്ക് ശ്മശാനം.അത്രതന്നെ"
ഹരിയുടെ ശബ്ദം അകന്നു പോവുന്നതറിഞ്ഞു..
ഒരു ഭിത്തിക്കപ്പുറം നടക്കുന്ന ജനന,
മരണങ്ങൾപോലും ആരെയും ബാധിക്കുന്നില്ല. എന്നത്തേയുംപോലെദിവസം കടന്നുപോകുന്നു
എല്ലാവരും ഏതോ വാശിയിൽ ജീവിക്കുന്നു.
എന്തിനോടെന്നോ.. ആരോടെന്നോ അറിയാത്ത വാശി.
ഓർമ്മകൾ വാശിയോടെ എന്തോ തിരഞ്ഞു
ഒരു മഴക്കാലത്തിലെത്തിനിന്നു.
ചാറ്റൽമഴയ്ക്കിടയിലൂടെ അതിര് ലംഘിച്ച് കടന്ന് വന്ന മീൻവറുക്കുന്നതിന്റെ ഗന്ധം,
നാസികത്തുമ്പറിഞ്ഞപ്പോൾ ഒട്ടിയവയറ്
പ്രതിക്ഷേധം രേഖപ്പെടുത്തിയത്
തളർന്നുകിടന്ന വിശപ്പിനെ കുത്തിപ്പൊക്കി
യായിരുന്നു.
എഴുന്നേറ്റു അടുക്കളയിലെത്തി .
വെട്ടുകല്ലുകൾ ചേർത്തുവച്ച അടുപ്പിൽ
ഉണങ്ങാത്ത ചുള്ളിക്കമ്പുകൾ ആയാസപ്പെട്ട്
കറുത്ത പുകയുയർത്തി എരിയുന്നുണ്ട്. ചളുങ്ങിയ അലുമിനിയംകലത്തിൽ നിന്നും
ഇടയ്ക്കിടെ തിളച്ചു തൂവുന്ന തുള്ളികൾ
തീക്കനലുകളെ എന്തിനോശപിച്ചു കൊണ്ടിരുന്നു .
ചാറ്റൽ മഴയിലേയ്ക്ക് കണ്ണുനട്ട് ,
അടുക്കളപ്പടിയിൽ അമ്മ ഇരിക്കുന്നത് കണ്ട്
അടുത്തു ചെന്നു.
" വിശക്കുന്നമ്മേ ,ചോറായോ ..? "
തന്റെ ദയനീയ ശബ്ദം കേട്ട് അമ്മ തിരിഞ്ഞു. ആ മുഖത്ത് ചാലുകൾ തീർത്തുകൊണ്ട് കണ്ണുനീർ
ഒഴുകിയിറങ്ങുന്നത് കണ്ടു .
"അമ്മയെന്തിനാ കരയുന്നത് ?"
കരിന്തിരി കത്തി അണയാൻ വെമ്പുന്നമണ്ണെണ്ണ വിളക്ക് പോലെ മങ്ങിയൊരു ചിരി അമ്മയുടെ മുഖത്ത് തെളിഞ്ഞുമാഞ്ഞു..
"നീ കൈ കഴുകി വാ ,അപ്പോഴെയ്ക്കും
അമ്മ ചോറ് തരാം "
കൈകൾ രണ്ടും അമ്മയുടെനേരേ നീട്ടി ..
"നല്ല കയ്യാണമ്മേ .."
"എടാ മടിയാ, .. നീ ആള് കൊള്ളാല്ലോ ,
നല്ല കയ്യാണ് ,എന്നാലും ഒന്നൂടെ കഴുകിയേക്ക് "
അമ്മ, ചിരിയോടെ പറഞ്ഞത് കേട്ട്,
ഇറയത്തെയ്ക്ക് കൈ നീട്ടി.ഇറ്റ് വീഴുന്ന
മഴത്തുള്ളികൾ കൊണ്ട് കൈ കഴുകി .
സ്റ്റീൽപാത്രത്തിൽ ചൂട്ചോറിൽ നിന്നുള്ള ആവി ഉയർന്നു. നോട്ട്ബുക്കിന്റെപുറംചട്ടയാൽ വീശി
ചൂടകറ്റുന്നതിനിടയിൽ മുളക് ,ഉപ്പും കൂട്ടികല്ലിലിടിച്ച് വെളിച്ചെണ്ണയിൽചാലിച്ചത് സ്റ്റീൽപാത്രത്തിന്റെ ഒരു വശത്ത് വച്ചത്
കണ്ടു മുഖമുയർത്തി അമ്മയെ നോക്കി
" വറുത്തമീനില്ലെ ..അമ്മേ ?"
"ഇവിടെയൊന്നുമില്ല .. !" അമ്മ വേഗം തിരിഞ്ഞ് നിന്നു കണ്ണുനീർ തുടയ്ക്കുന്നത്
കണ്ടു .
"കള്ളം പറയല്ലെ അമ്മേ ,മണം വന്നല്ലോ ?"
"അത്‌ രാധാക്കയുടെ വീട്ടീന്നാമോനെ .. " അമ്മയുടെ ശബ്ദം നേർത്തിരുന്നു .
"എനിക്കിത് വേണ്ടമ്മേ.."
മുന്നിലിരുന്ന പത്രം കൈകൊണ്ട് തള്ളിനീക്കി
"രാവിലെയും, ഒന്നും കഴിച്ചില്ലല്ലോടാ.എന്റെ മോൻ
കഴിക്ക്‌."
അമ്മയുടെ കൈകൾ തന്റെ ശിരസ്സിൽ
വാത്സല്യത്തോടെ തലോടി..പുറത്തു മഴയ്ക്ക് ശക്തികൂടി..
" മീൻ വറുത്തത് വേണം."
നിരാശയിൽ പൊതിഞ്ഞ പിടിവാശിയുടെ ശബ്ദം .
"അച്ഛന് പണിയില്ലമോനെ,..പണി ആവുമ്പോൾ നമുക്ക് മീൻ വാങ്ങി വറുക്കാം" അമ്മയുടെ വാക്കുകൾ മഴയുടെശബ്ദവുമായി മത്സരിച്ചു.
"മുളകിടിച്ചതും കൂട്ടിഎനിക്ക് വേണ്ട.."
പ്ലേറ്റ് പിന്നെയും അമ്മയുടെ നേരെ ശക്തിയിൽ തള്ളി.. കുറച്ചു വറ്റ് തറയിൽ വീണുരുണ്ടു.
അത് കണ്ടതും അമ്മയുടെ കണ്ണ് ചുവന്നു.
കൈകൾ ശക്തിയിൽ തന്റെ തുടയിൽ
പതിഞ്ഞു.
"പാടുപെട്ട് ഉണ്ടാക്കികൊടുത്തപ്പോൾ
നെഗളിപ്പ് കാട്ടുന്നോ.. കഴിക്കെടാ വേഗം"
അമ്മ അലർച്ചയോടെ പിന്നെയും കൈ ഓങ്ങി. തുടയിലെ പൊള്ളലിന്റെ വേദനയിൽ
കണ്ണുനീർ പതിഞ്ഞചോറ് വാരി വായിൽവച്ചു.
"കഴിച്ചുകഴിഞ്ഞോടാ ...?"
അടുക്കളവാതിലിൽ നിന്നുള്ള വെളിച്ചം
മറഞ്ഞു. കൈയിൽ ഒരു പാത്രവുമായി
മഴനനഞ്ഞു രാധാക്ക കയറിവന്നു.
"ഇത് അവനു കൊടുക്ക്.."
അമ്മയുടെ നേരെ രാധാക്കയുടെ കയ്യിലിരുന്ന പാത്രംനീണ്ടു.
"എന്താക്കെ ഇത്..?"
അമ്മയുടെ ചോദ്യം.
"കുറച്ചു മീൻ വറുത്തതാടി,പിള്ളേരുടെ
അച്ഛൻ മാർക്കറ്റിൽ പോയിരുന്നു.
അങ്ങേരുടെ ഒരു കൂട്ടുകാരൻ ആയതു
കൊണ്ടു ഒരുപാട് മീൻ കൊടുത്തുവിട്ടു.."
അത് കേട്ട് അമ്മവിശ്വാസംവരാതെ തന്റെ
മുഖത്ത്‌ നോക്കി.കണ്ണുനീർവറ്റി പുഞ്ചിരി തെളിഞ്ഞത് അമ്മ നോക്കിനിന്നു...!
കഷ്ടതകൾ പറയാതെ അറിയുന്ന ഒരു ഒരാത്മബന്ധം അയൽപക്കങ്ങൾ തമ്മിലു
ണ്ടായിരുന്നു. അവിടെ കെട്ടിയുയർത്തിയ മതിലുകളില്ലായിരുന്നു.പണമോ,ജാതിയോ,
കൊടിയോ, നിറമോ അവരെ അകറ്റിയിരുന്നില്ല.
അവിടെ മനുഷ്യർ മാത്രംജീവിച്ചിരുന്നു..ആ നല്ല
നാളുകളുടെ ഓർമ്മകൾക്കു മുന്നിൽ...
സ്നേഹപൂർവം.
By,
Nizar vh.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo