നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇങ്ങനെയും ഒരമ്മ


...............................
"ഇത് നിന്റെ കുഞ്ഞ് തന്നെയാണോടി "... അയാളുടെ പരുക്കൻ സ്വരം അവളെ വല്ലാതെ ഉലച്ചു.. ഉന്തു വണ്ടിയിൽ പെറുക്കി കൂട്ടിയ ആക്രി സാധനങ്ങൾക്കിടയിൽ വിരിച്ചിട്ട തുണിയിൽ കിടത്തിയ മോളെ നോക്കി..നെഞ്ചൊന്നു പിടഞ്ഞു.. മാറിടത്തിൽ മുലപ്പാലിന്റെ നനവ്.. അമ്മ നോവ്. അവൾ നെഞ്ചത്ത് കൈവച്ചു.. പിന്നെ ഇടറിയ സ്വരത്തിൽ പറഞ്ഞു.. "ഇതെന്റെ കുഞ്ഞ് തന്നെയാ സാറെ.. "
അയാൾ വിശ്വാസമാകാതെ അവളെ ചുഴിഞ്ഞു നോക്കി.. മുകളിൽ ഉയർത്തി കെട്ടി വച്ചിരിക്കുന്ന ജട പിടിച്ച മുടിയും.. മുഷിഞ്ഞ സാരിയും മുറുക്കി ചുവന്ന ചുണ്ടുകളും.. തമിഴത്തിയാണ്.. മൂക്കുത്തിയണിഞ്ഞ മുഖത്തു കറുപ്പാണെങ്കിലും ഐശ്വര്യമുണ്ട്.. അയാൾ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ നോക്കി. വൃത്തിയുള്ള ഉടുപ്പാണ് ഇട്ടിരിക്കുന്നത്.. അവളെക്കാൾ നിറമുണ്ട്.. കണ്ണെഴുതി പൊട്ടു തൊട്ടിരിക്കുന്നു. കണ്ടാൽ അവളുടെ ആണെന്നു തോന്നുന്നില്ല.. അയാൾക്ക്‌ വീണ്ടും സംശയം.
"ഇതിനെ കണ്ടാൽ നിന്റേതെന്നു തോന്നുന്നില്ലല്ലോ "..? അയാൾ ചോദിച്ചു..
ഇത്തവണ അവളുടെ കണ്ണുകളിൽ നിറം മങ്ങിയ ഒരു രൂപത്തിന്റെ ഓർമ്മ തെളിഞ്ഞു. അയാൾ.. അയാളെ കാണാൻ നല്ല ഭംഗിയായിരുന്നു.. താലി കെട്ടി കൂടെ കൂട്ടാമെന്നു വെറും വാക്കു പറഞ്ഞു.. മഴ പെയ്ത ഒരു രാത്രിയിൽ തന്റെ ശരീരത്തിൽ നിന്നും ഇറങ്ങി പോയ അയാൾ പിന്നെ വന്നില്ല.പക്ഷേ മനസ്സിൽ നിന്നും ഇറങ്ങി പോയില്ല. ഗർഭപാത്രത്തിൽ താൻ സ്നേഹമെന്നു തെറ്റിദ്ധരിച്ച കാമത്തിന്റെ വിത്ത് വളർന്നു.. തെരുവിൽ വളർന്നവൾക്കു ദൈവം കൊടുത്ത രക്തബന്ധം.
ഓർമ്മ വച്ച നാളുകൾ തെരുവിലായിരുന്നു.. രാക്കിയമ്മ.. പൊന്നണ്ണ.. അവരായിരുന്നു അന്ന് കൂടെയുണ്ടായിരുന്നത്.. ആക്രി സാധനങ്ങൾ പെറുക്കി നടന്നു അത് വിറ്റു ജീവിതം കഴിക്കുന്നവർ.. അവരുടെ കൂടെ കുപ്പിയും പാട്ടയുമൊക്കെ പെറുക്കാൻ നടന്നു..
തെരുവുകളിൽ അലഞ്ഞു.. വീടുകളിൽ കയറിയിറങ്ങി..
സാധനങ്ങൾ പെറുക്കിയിടാൻ ഒരു ഉന്തു വണ്ടി കൂടെ കൂട്ടി.. അത് കൊണ്ടു നടന്നു.. ഒപ്പം വല്ലാത്തൊരു തന്റേടവും.. ആരുടെ മുന്നിലും കൂസാതെ തന്റേടത്തോടെ ശരീരം കാത്തു സൂക്ഷിച്ചിരുന്നു.. പക്ഷേ തോറ്റു പോയത് അയാൾക്കരുകിൽ.. ഏതു പെണ്ണും കൊതിച്ചു പോകുന്ന പുരുഷന്റെ സ്നേഹത്തിനു മുന്നിൽ. കഴുത്തിൽ ചേർന്നുകിടക്കുന്ന ഒരു താലിയിൽ പുരുഷന്റെ സംരക്ഷണം കൊതിച്ചു പോയി.. അയാൾക്കു ശരീരത്തോടായിരുന്നു സ്നേഹമെന്നു തിരിച്ചറിഞ്ഞില്ല..കണ്ണുകളിൽ തിളങ്ങിയത് സ്നേഹമായിരുന്നില്ല.. കാമമാണെന്ന് അറിയാൻ വൈകി പോയി.
അന്ന് വയറിൽ കൈവച്ചു..ഉള്ളിൽ വളരുന്ന പ്രാണന്റെ തുടിപ്പ്.. എത്ര കഷ്ടപ്പെട്ടിരിക്കുന്നു.. വീർത്ത വയറുമായി തെരുവിൽ അലയുമ്പോഴും ആ പ്രാണന്റെ തുടിപ്പിൽ തന്റെ പ്രാണനെയും ചേർത്തു വച്ചു.. ഒരുനാൾ തന്റെ കൺമുന്നിൽ തെളിയുന്ന പുഞ്ചിരിക്കുന്ന ആ കുഞ്ഞു മുഖത്തെ കാത്തിരുന്നു. പിറന്നു വീണ നിമിഷം മുതൽ നെഞ്ചോട്‌ ചേർത്തു തന്നെ വളർത്തിയ കുഞ്ഞാണ് ഈ കിടക്കുന്നത്‌. എന്റെ പ്രാണനാണ്.. മുത്തേയെന്ന് നീട്ടി വിളിക്കും.. അത് കേൾക്കുമ്പോൾ അവൾ ചിരിക്കും.. തന്റെ നെഞ്ചിൽ മുഖം ചേർക്കും.. ഒരു വയസ്സ് ആയതേയുള്ളു അവൾക്ക്.. ഒരാളെയും ഏൽപ്പിക്കാതെ നെഞ്ചോട്‌ ചേർത്തു തന്നെ കൊണ്ടുനടന്നു.. ഈ ജന്മത്തിൽ ആകെയുള്ള ബന്ധം.. അവളില്ലാതെ താനില്ലെന്ന് തന്നെ തോന്നി പോകും.. രാവിലെ കുളിപ്പിച്ചൊരുക്കി ഉന്തു വണ്ടിയിലിരുത്തി കൊണ്ടു നടക്കും.. തനിക്കു കിട്ടാത്തതൊക്കെ അവൾക്ക് കിട്ടണമെന്ന് മോഹിക്കും. കിട്ടുന്ന പൈസ മാറ്റി വച്ച് നല്ല ഉടുപ്പ് വാങ്ങി കൊടുക്കും.. കണ്ണെഴുതി പൊട്ടു തൊടുവിച്ചു ഭംഗിയിൽ ഇരുത്തും.. അവൾ നന്നായിരിക്കണം. താൻ എങ്ങനെയൊ ആവട്ടെ.. അങ്ങനെ ചിന്തിക്കും..
ആ കുഞ്ഞിനെ നോക്കിയാണ് ഇയാൾ പറയുന്നത് എന്റെ യല്ലെന്ന്..
അവൾ മുഖമുയർത്തി നോക്കി. ആളുകൾ കൂടാൻ തുടങ്ങിയിരിക്കുന്നു..
എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.. "ഇവളിതിനെ എവിടുന്നോ എടുത്തു കൊണ്ടു വന്നതാണ്.. ഇതിവളുടെ കുഞ്ഞല്ല.. കുറേ ദിവസമായി ഇവളിതിനെയും കൊണ്ടു ഇവിടെ കറങ്ങാൻ തുടങ്ങിട്ടു.. "
സ്വരങ്ങൾക്കു നടുവിൽ അവൾ തളർന്നു.. കൈ കാലുകൾ വിറച്ചു.. അവൾ അവർക്കു നേരെ കൈകൂപ്പി.. "ഇതെന്റെ കുഞ്ഞാണ്.. ഞാൻ പെറ്റതാ..സത്യം.. "അവൾ വയറ്റിൽ കൈകൊണ്ടു അടിച്ചു.. കരഞ്ഞു.. "വിശ്വാസിക്ക് സാറെ.. എന്റെ കുഞ്ഞാ.. "അവൾ കരച്ചിലിനിടയിൽ പറഞ്ഞു കൊണ്ടിരുന്നു.
ആൾക്കൂട്ടം വിശ്വസിച്ചില്ല.. "പോലീസിനെ വിളിക്കാം.. ആരോ പറഞ്ഞു.. "
അവളൊന്നു ഞെട്ടി.. പിടഞ്ഞു കരഞ്ഞു.. അതിലൊരാൾ ആ കുഞ്ഞിനെ എടുത്തു. അവൾ മുന്നോട്ടു വന്നപ്പോൾ ആരോ അവളെ പിടിച്ചു തള്ളി.. അവൾ തലയിടിച്ചു താഴെ വീണു.
ഒരു നിമിഷം മണ്ണിൽ ചുരുണ്ടു കിടന്ന് അവൾ എഴുന്നേറ്റു.. കണ്ണുകൾ തുടച്ചു. മുറുക്കാൻ പുറത്തേക്ക് തുപ്പി.. കണ്ണുകൾ ചുവന്നിരുന്നു.. അവൾ മാറിടത്തിൽ നിന്നും സാരി മാറ്റി.. മുഷിഞ്ഞു പിഞ്ചിയ ബ്ലൗസിന്റെ കുടുക്കുകൾ വലിച്ചു പൊട്ടിച്ചു.. നഗ്നമായ മാറിടത്തിൽ അവൾ കൈകൾ അമർത്തി..മുലപ്പാൽ ചുരന്നു ഒഴുകാൻ തുടങ്ങി. മുലക്കണ്ണിൽ അമർത്തി പിടിച്ചു അവൾ ഉറക്കെ പറഞ്ഞു.. "നോക്ക് എന്റെ കുഞ്ഞിന്റെ പാല്.." മുലപ്പാലിന്റെ മണം.. കുഞ്ഞ് കണ്ണു തുറന്നു കരയാൻ തുടങ്ങി. അവൾ സാരി ഊരി താഴെയിട്ടു.. അടിവയറിൽ ചുരുങ്ങിയ പാടുകൾ..പൊക്കിൾ കൊടിയുടെ അടയാളം.. തൂങ്ങിയ വയറിലേക്ക് അവൾ കൈ ചേർത്തു.. "എന്റെ കുഞ്ഞ് ഇവിടെ.. ഇവിടെയാ.. കിടന്നേ.. "
അവൾ കിതപ്പോടെ വിറയലോടെ പറഞ്ഞു.
അവളുടെ ദേഹത്ത് പതിഞ്ഞ കണ്ണുകളിൽ ഞെട്ടലുണ്ടായി.
അവിടെ കൂടി നിന്നവർക്കു അവളുടെ നഗ്നതയിലേക്ക് നോക്കാൻ തോന്നിയില്ല..
പാലൊഴുകുന്ന മുലകളും തൂങ്ങിയ അടിവയറും..
ഇതൊരു സ്ത്രീയാണ്.. അമ്മയാണ്..
അമ്മയെന്ന് തെളിയിക്കാൻ ആൾക്കൂട്ടത്തിൽ നഗ്‌നയായവൾ. കാലടികൾ പതിഞ്ഞ ഭൂമിയെ പോലെ പിടഞ്ഞു കണ്ണു നീരൊഴുക്കുന്ന അമ്മ.
"അമ്മ.." ആരോ പിറുപിറുത്തു..
കുട്ടിയെ എടുത്ത ആളുടെ കൈകൾ വിറച്ചു. ആ കുഞ്ഞിന്റെ ചുണ്ടുകൾ മെല്ലെ ശബ്ദിച്ചു.. അമ്മാ..
പിന്നെ അവൾക്ക് നേരെ കൈകൾ നീട്ടി. അയാൾ ആ കുഞ്ഞിനെ അവളുടെ കൈയിൽ കൊടുത്തു.
അവൾ കരഞ്ഞു കൊണ്ടു മോളെ ചേർത്തു പിടിച്ചു.. ഉമ്മ വച്ചു. താഴെ മണ്ണിലിരുന്നു മുല കണ്ണ് അവളുടെ വായിൽ തിരുകി. ആ കുഞ്ഞ് ആർത്തിയോടെ പാല് കുടിക്കാൻ തുടങ്ങി.. ആൾക്കൂട്ടം പിറു പിറുത്തു പിരിഞ്ഞു പോയി.
അവളൊന്നു ഉറക്കെ കരഞ്ഞു.ഉന്തു വണ്ടിയിൽ കൂട്ടിയിട്ട പഴയ സാധനങ്ങളിലേക്കു നോക്കി.. ഇനിയും എവിടെയോ ആർക്കും ആവശ്യമില്ലാത്ത കുറേ സാധനങ്ങൾ തന്നെ കാത്തിരിക്കുന്നു.. അന്നമാണ്..അവൾ സാരി ശരിയാക്കി.. കുഞ്ഞിനേയും കൊണ്ടു എഴുന്നേറ്റു. ഇനിയും ചോദ്യങ്ങൾ ഉണ്ടാവാം.പിളർന്ന ചുണ്ടുകൾക്കിടയിൽ പറ്റി പിടിച്ച മുലപ്പാലിന്റെ രുചിയോടെ മുത്ത്‌ വീണ്ടും കൊഞ്ചി അമ്മേന്നു വിളിച്ചു.. അവൾ മോളുടെ കണ്ണുകളിൽ ചുണ്ടുകൾ ചേർത്തു. ഇടറിയ കാലടികളോടെ ഉന്തു വണ്ടിക്കരുകിലേക്ക് നടന്നു.ദൈവം ഉപേക്ഷിച്ച ജന്മങ്ങൾ.. "നമുക്ക് ജീവിക്കണം.. "അവൾ പതുക്കെ മോളുടെ കാതിൽ നേർത്ത ചിരിയോടെ പറഞ്ഞു.. പിന്നെ വണ്ടിയിൽ വിരിച്ച പഴയ തുണിയിലേക്ക് മുത്തിനെ കിടത്തി..കൈയിൽ തടഞ്ഞ പഴയ ഒരു കുപ്പി കയ്യിൽ ചേർത്തു പിടിച്ചു മുത്ത്‌ അമ്മയെ നോക്കി ചിരിച്ചു..തെരുവിന്റെ ഇടവഴികളിലൂടെ ആ അമ്മയും കുഞ്ഞും വീണ്ടും യാത്രയായി.

Preetha Sudhir

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot