Slider

തിയറി ഓഫ് റിലേറ്റിവിറ്റി(മിനിക്കഥ)

0
Image may contain: 1 person, eyeglasses, night and closeup
*************************************
ചിന്തകൾ ചിലസമയങ്ങളിൽ വേട്ടപ്പട്ടികളെപ്പോലെയാണ്.കടിച്ചുകുടയുന്തോറും അവറ്റകൾക്ക് ആവേശം കൂടും..!
നിരീക്ഷണം നടത്തുന്ന രീതിയ്ക്കനുസരിച്ച് നിരീക്ഷണഫലത്തിലും മാറ്റം ഉണ്ടാവും എന്ന വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം തന്നെ സഹായിച്ചേക്കുമോ..?
സയൻസ് അധ്യാപിക കൂടിയായ വീണട്ടീച്ചർ ഒന്നു ദീർഘമായി ശ്വസിച്ചു..!
സ്റ്റാഫ് റൂമിലേക്ക് രവിസാറിന്റെ പെട്ടെന്നുള്ള വരവ് വീണട്ടീച്ചറിന്റെ ചിന്തകളെ മുറിച്ചിടാനുതകുന്നതായിരുന്നു..!
ഷേക്സ്പിയർ നായകൻ 'മാക്ബെത്ത്' ആയി ക്ലാസ്സിൽ പകർന്നാടിയ സന്തോഷത്തോടെ,കൈകൾ ആഞ്ഞുവീശിയുള്ള സാറിന്റെ നടപ്പ് വീണട്ടീച്ചറിൽ ഒരു ചെറുചിരി ഉണർത്തുക തന്നെ ചെയ്തു..!
പാവം...!കലാലയ ജീവിതത്തിലെ ബെസ്റ്റ് ആക്ടർ ആയിരുന്നത്രേ സാറ്. ഇനി നിന്നെ തിരശ്ശീലയിൽ കണ്ടോളാം എന്നായിരുന്നു സാറിന്റെ ഫ്രണ്ട്സ് പറയാറുണ്ടായിരുന്നത്..!
എന്നിട്ടെന്തായി.., പിന്നീട് കലയുടെ വഴിയേതെന്ന് പോലും മറന്നുപോയ് ആ സാധു..!
ഇപ്പൊഴുംഒരൊന്നാന്തരം അഭിനേതാവാണ്, ജീവിതത്തിലാണെന്നുമാത്രം.മറ്റെല്ലാവരേയും പോലെ മകന്റേതും, സഹോദരന്റേതും, അച്ഛന്റേതുമെല്ലാമുൾപ്പെട്ട വേഷങ്ങൾ പരമാവധി മെച്ചപ്പെടുത്തുന്നു..!
ആത്മാർപ്പണവും,വികാരമടക്കലും എല്ലാമായിരുന്നു ഒരുകണക്കിന് സാറിന്റെ ലിറ്ററേച്ചർ ക്ലാസ്സുകൾ..!
"എന്തുണ്ടായി സാർ... ?"
കഥാപാത്രത്തിൽ നിന്ന് ഊരിയിറങ്ങാൻ ബദ്ധപ്പെടുന്ന സാറിനോടായി കലാസ്വാദകകൂടിയായ വീണട്ടീച്ചർ ചോദിച്ചു..!
കഥാപാത്രത്തിന്റെ നെടുനീളൻ കുപ്പായത്തിൽ നിന്ന് പുറത്തു കടക്കാൻ അദ്ദേഹം നല്ല ശ്രമംതന്നെ നടത്തുന്നുണ്ടെന്ന് ടീച്ചർക്ക് ബോധ്യമായിരുന്നു..!
തന്നെ നന്നായി മനസ്സിലാക്കാൻ കഴിവുള്ള ,തന്റെഅഭിനയഅഭിരുചിയെക്കുറിച്ചറിയാവുന്ന ടീച്ചറിന്റെ ചോദ്യം സാറിനെ ഒരു വേദാന്തിയാക്കി മാറ്റിയതുപോലെ..!
"ലൈഫ് ഈസ് എ ഡ്രാമ വിത്തൗട്ട് എനി റിഹേഴ്സൽ "
കണ്ണുകളിലെ തീക്ഷ്ണത ഒട്ടും കെടാതെ സാർ തുടർന്നു.
" ഈ റിഹേഴ്സലില്ലാത്ത ഡ്രാമയിൽ നായകനോ പ്രതിനായകനോ, സഹനടനോ നടിയോ ഒക്കെയായി ആരുടെ വേഷം കെട്ടണമെന്ന് നമ്മളാണ് ടീച്ചറേ തീരുമാനിക്കേണ്ടവർ.മറ്റാർക്കും ഇതിലൊരു പങ്കുമില്ല..!"
"അല്ല സാർ... ഒരിക്കലുമല്ല...,
നമുക്കുമാത്രം തീരുമാനിക്കാവുന്ന കാര്യവുമല്ല അത്.പല സന്ദർഭങ്ങളിലും പക്വതയും പാകതയും ഉള്ള വേഷങ്ങൾക്കു പകരം, പാകമാകാത്ത ഉടുപ്പുകളും നമുക്ക് എടുത്തണിയേണ്ടതായ് വരാറില്ലേ..?
ഇഷ്ടമില്ലാതെയും ചുറ്റുമുള്ളവർ നല്കുന്ന വേഷംസ്വീകരിക്കാൻനിർബ്ബന്ധിക്കപ്പെടാറില്ലേ നാമൊക്കെയും..?
ഇന്നത്തെ നായകർ നാളത്തെ പ്രതിനായകർ ആയിക്കൂടാന്നുണ്ടോ...?"
ജീവിതനാടകത്തിൽ പലപ്പോഴും പാകമാകാത്ത വേഷം ധരിക്കേണ്ടി വന്നതിലെ ദു:ഖച്ചുവയുണ്ടായിരുന്നു വീണട്ടീച്ചറിന്റെ വാക്കുകളിൽ...!
" എനിക്കു ദാനമായി കിട്ടിയ ഈ ജീവിതം ഞാൻ നായകനായിത്തന്നെ ജീവിച്ചു തീർക്കും..!"
പരമസാത്വികനായ ഗോപൻ സാർ ഇടയിൽക്കയറി.
നേരു തന്നെ..!
അഗ്നിപർവ്വതം ചുട്ടുപൊള്ളുന്ന ലാവയെ മാത്രമേ ഒഴുക്കൂ... പക്ഷേ ഗോപൻ സാർ ഒരിക്കലും ഒരഗ്നിപർവ്വതമായി മാറാനും പോകുന്നില്ല, ഇനി അഥവാ അങ്ങനെ സംഭവിച്ചാലും ലാവയ്ക്കു പകരം തണുതെളിനീരൊഴുകാനും മതി..!
ബെല്ലടിച്ചതും വീണട്ടീച്ചർ എഴുന്നേറ്റു വിശിഷ്ടആപേക്ഷികതാ സിദ്ധാന്തം പഠിപ്പിക്കാനായി ക്ലാസ്സിലേക്കു നടന്നു..!=================================
സരിത.കാവുമ്പായി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo