നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജൽസ

Image may contain: 1 person, smiling, selfie and closeup
(Article Story )
***********
ആഭരണങ്ങൾ ഒന്നൊന്നായി അഴിച്ച്, അവസാനമായി ദേഹത്തു ചുറ്റിയിരുന്ന മഞ്ഞപട്ടുചേല അഴിച്ചു മാറ്റാനൊരുങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിലക്കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് പാറിവീണു. നിലക്കണ്ണാടിക്ക് അഭിമുഖമായി തിരിഞ്ഞ് അവൾ ചേലച്ചുറ്റഴിക്കാൻ തുടങ്ങി. വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി പൂർണനഗ്നയായി അവൾ കണ്ണാടിക്കു മുമ്പിൽ നിന്നു.എല്ലാ അഴകളവുകളും തികഞ്ഞ പൂർണ്ണയായ ഒരു സ്ത്രീ.അവൾക്ക് അഭിമാനം തോന്നി. അതേ, താനിന്നൊരു പൂർണ്ണയായ സ്ത്രീയാണ്. നാല്പത്തൊന്ന് ദിവസങ്ങൾക്കു മുൻപ് വരെ താനൊരു ആണുംപെണ്ണും കെട്ടവനായിരുന്നു അതോ ആണുംപെണ്ണും കെട്ടവളോ?
ഒരു നൈറ്റ്‌ഗൗൺ എടുത്തിട്ട് ശ്രുതി കട്ടിലേക്ക് ചാഞ്ഞു. ഒരു ദിനം മുഴുവൻ നീണ്ട ഹൽദി മെഹന്ദി ചടങ്ങുകൾക്ക് ശേഷം വളരെ ക്ഷീണിതയാണവൾ. നാളെ അവളുടെ വിവാഹം ആണ്.
ജൽസ!
ഏതെങ്കിലും ഒരു പുരുഷനാൽ അല്ല അവൾ വിവാഹിതയാക്കുന്നത്. മുപ്പത് വർഷങ്ങൾ അവളുടെ കൂടെയുണ്ടായിരുന്ന അവളിൽ അടിച്ചേല്പിക്കപെട്ട സ്വത്വത്തെ സന്തോഷിമാതായുടെ അനുഗ്രഹാശിസുകളോടെ ജലദേവതയ്ക്കർപ്പിച്ചു അവളുടെതായ സ്ത്രീത്വത്തെ സ്വീകരിക്കുകയാണ്. അങ്ങനെ എല്ലാ അർത്ഥത്തിലും അവളൊരു സ്ത്രീയായി അംഗീകരിക്കപെടുകയാണ്.
ഇന്ന് സമൂഹത്തിൽ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും നല്ലൊരു മോട്ടിവേഷണൽ സ്പീക്കറും ആണവൾ.
ഇതുവരെ എത്താൻ താനനുഭവിച്ച ശാരീരിക മനസികപീഡകൾ എത്രയാണ്? ശ്രുതി തന്റെ ഭൂതകാലത്തിലേക്ക് മനസുകൊണ്ടൊന്ന് തിരിച്ചുപോയി.
അഞ്ചു വയസുവരെ അമ്മയുടെ കുസൃതികണ്ണനായി വളർന്നതാണ് സുജിത്ത്. പിന്നീടെപ്പോഴോ ആണ് അവന്റെ സ്വപ്നങ്ങളിൽ മഴവിൽനിറങ്ങൾ വിരിഞ്ഞു തുടങ്ങിയത്. അവനിലൊളിഞ്ഞിരിക്കുന്ന അവളെ അവൻ തന്നെ തിരിച്ചറിഞ്ഞു തുടങ്ങി. പെൺകുട്ടികളെ പോലെ ഉടുപ്പിടാൻ, അണിഞ്ഞൊരുങ്ങാൻ അവരോടൊപ്പം കൂട്ടുകൂടാൻ ഒക്കെയായി കുഞ്ഞി സുജിത്തിന് പ്രിയം. സ്ക്കൂൾ ക്ലാസ്സുകളിലെത്തിയപ്പോൾ സഹപാഠികളായ ആൺകുട്ടികൾ ഒൻപത് എന്ന് കളിയാക്കി വിളിക്കാൻ തുടങ്ങി.ശരീരം കൊണ്ട് ആൺകുട്ടിയായി വളർന്നുവെങ്കിലും, അവന്റെ പെരുമാറ്റത്തിലും, സംസാരത്തിലും നിറഞ്ഞു നിന്ന സ്ത്രൈണത, ചിലരിലെ കാമഭ്രാന്തിനെ ഉണർത്തിയിരുന്നു. ആദ്യമായി തുടകൾക്കിടയിലൂടെ ഒലിച്ചിറങ്ങിയ വഴുവഴുപ്പ് സ്വന്തം ചെറിയച്ഛനിൽ നിന്നു തന്നെയായിരുന്നു.
"നീ ആണാണോ എന്ന് ഞങ്ങളൊന്ന് നോക്കെട്ടെടാ ഒൻപതേ "
പത്താം ക്ലാസ്സിലെ സ്ക്കൂൾ യുവജനോത്സവത്തിന്റെ ഒരു രാത്രി സഹപാഠികളുടെ ക്രൂര പീഡനത്തിനിരയായി, ശരീരത്തിനേക്കാൾ മനസിനേറ്റ മുറിവുമായി ഒരാശ്രയത്തിനായി സുജിത് അമ്മയ്ക്കരികിലെത്തി.
"ഈ ആണുംപെണ്ണും കെട്ടവൻ എന്റെ വയറ്റിൽ തന്നെ കുരുത്തല്ലോ " എന്ന ശാപവാക്കുകൾ ഹൃദയത്തിൽ വീണു പൊള്ളിയ ആ രാത്രി സുജിത്ത് തന്റെ സ്വത്വം തേടിയിറങ്ങി.
എപ്പോഴോ കേട്ടറിഞ്ഞ ഒരറിവ്, തന്നെ പോലുള്ളവർ ബാംഗ്ലൂർ നഗരത്തിൽ ഉണ്ടെന്നറിഞ്ഞു അവരെ തേടി അവൻ ആ മഹാനഗരത്തിലെത്തി. റയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങിയപ്പോൾ മുതൽ കണ്ടു തുടങ്ങി, ക്രോസ്സ്ഡ്രസ്സിങ് ചെയ്ത് ഭിക്ഷയ്ക്കായി കൈകൾ നീട്ടിയും, ആണുങ്ങളെ വശീകരിക്കാൻ ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചും നിൽക്കുന്ന ഹിജഡകളെ. പക്ഷെ അവരുടെ അടുത്ത് ചെല്ലാനോ സംസാരിക്കാനോ അവൻ ഭയപ്പെട്ടു. കൈയിലുണ്ടായിരിന്ന ചില്ലറ തുട്ടുകൾ തീർന്ന ഒരുരാത്രി കടത്തിണ്ണയിൽ തളർന്നുറങ്ങുമ്പോൾ ശരീരത്തിൽ എന്തോ ഇഴയുന്നതുപോലെ തോന്നി അവൻ ഞെട്ടിയുണർന്നു. വലിയപൊട്ടുതൊട്ടു മുഖത്തു നിറയെ ചായം വാരിപ്പൂശി ക്രോസ്സ്ഡ്രസിങ് ചെയ്ത ഒരു രൂപം അവന്റെ നേരെ പല്ലിളിച്ചു. ഭയം കൊണ്ട് വിറച്ച സുജിത് കണ്ണടച്ചു കൈകൾ മാറത്ത് പിണച്ചുകൊണ്ട് നിലവിളിച്ചു.
"എന്നെ ഒന്നും ചെയ്യല്ലേ, ഒന്നും ചെയ്യല്ലേ "
ആ രൂപം അവനെ ഒന്നുറ്റു നോക്കി, എന്നിട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഹമാരാ തരഹ്, ഹ ഹ "
അവന്റെ കയ്ക്കു പിടിച്ചു വലിച്ചുയർത്തി കൊണ്ട് അയാൾ പറഞ്ഞു.
"മേരെ സാത്ത് ആവോ " അവന്റെ സമ്മതത്തിനു കാക്കാതെ അയാൾ അവനെയും വലിച്ചുകൊണ്ട് തെരുവിലൂടെ അതിവേഗം നടന്നു. ഏറെ നേരത്തെ നടത്തത്തിനു ശേഷം അവർ ഹിജഡകൾ തിങ്ങി പാർക്കുന്ന ഒരു ചേരിയിലെത്തി. അവർ അവനു വയറു നിറയെ ഭക്ഷണം നൽകി. ഉടുക്കാൻ ചേലയും, ശ്രുതി എന്ന പേരും. പിറ്റേന്ന് മുതൽ മഹാനഗരത്തിന്റെ തെരുവുകളിൽ ഭിക്ഷയെടുത്തും രാത്രികളിൽ പകൽമാന്യരുടെ മുറികളിലേക്കും അവന്റെ ജീവിതം വഴിമാറി. ഓരോ രാത്രി ഇരുട്ടി വെളുക്കുമ്പോളും കൈയിൽ വരുന്ന നോട്ടുകൾ അവൻ സ്വരുക്കൂട്ടി, ഇതിനിടയിൽ എപ്പോഴോ കേട്ടറിഞ്ഞ ട്രാൻസ്ജെൻഡർ സർജറി എന്ന സ്വപ്നത്തിനായി. എന്നിട്ട് നാട്ടിലേക്ക് തിരിച്ചുപോകണം, മനുഷ്യനായി, ഒരു സ്ത്രീയായി ജീവിക്കണം, മാന്യമായി.
വർഷങ്ങൾ കടന്നു പോകെ അവനെ പോലുള്ള നിരവധി പേർ അപമാനം സഹിക്കാനാവാതെ നാട്ടിൽ നിന്ന് വരികയും ഈ മഹാനഗരത്തിലെ ചെളിക്കുണ്ടിൽ വീണുഴലുകയും ചെയ്തു കൊണ്ടിരുന്നു.
ഒരു രാത്രി നഗരത്തിലെ പഞ്ചനക്ഷത്രഹോട്ടലിൽ കസ്റ്റമറെ കാണാതെ മടങ്ങി പോരാൻ തുടങ്ങുമ്പോഴാണ് ഒരു പിൻവിളി.
"ഹേയ്, ശ്രുതി "
തിരിഞ്ഞു നോക്കുമ്പോൾ മിസ്സ് ശാലിനി ശ്യം. അവളെ പോലെ തന്നെ ഒരു ട്രാൻസ്ജൻഡർ മലയാളി. ഹിജഡകളുടെ ഉത്സവം നടക്കുമ്പോഴാണ് ശ്രുതി അവരെ പരിചയപ്പെടുന്നത്. LGBT സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു ട്രാൻസ് വുമൺ ആണവർ.
"ഹായ്, ശാലിനി മാം "
"ശ്രുതി, ഒരു ഹെല്പ് വേണമായിരുന്നു.ഇന്ന് നൈറ്റ്‌ ഇവിടെ പ്രശസ്ത നടി ഹേമയുടെ ഒരു ഡാൻസ് പെർഫോമൻസ് ഉണ്ട്.വരാമെന്നേറ്റിരുന്ന മേക്കപ്പ് ആർട്ടിസ്റ്റ് വന്നിട്ടില്ല. ശ്രുതി ഒന്നു ഹെല്പ് ചെയ്യാമോ? "
"ഞാനോ, എനിക്ക് പ്രൊഫെഷണൽ മേക്കപ്പ് ഒന്നും അറിയില്ല "
"അറിയാവുന്നത് മതി, പിന്നെ അന്ന് ഉത്സവത്തിന് ഡാൻസേഴ്സിനെ ഒരുക്കിയത് ശ്രുതിയല്ലേ, എത്ര മനോഹരമായിരുന്നു "
"എന്നാലും " ശ്രുതി വീണ്ടും സംശയിച്ചു നിന്നു.
"നീ വാ കൊച്ചേ "
അവർ ശ്രുതിയുടെ കൈയിൽ പിടിച്ചു കൊണ്ട് മേക്കപ്പ് റൂമിലേക്ക് കയറി.
അതിസുന്ദരിയായി ഹേമയെ ശ്രുതി അണിയിച്ചൊരുക്കി. പ്രൊഫെഷണൽ മേക്കപ്പ് ആർട്ടിസ്റ്റുകൾ വരെ തോറ്റുപോകുന്ന തരത്തിൽ. ആ ഒരു രാത്രി ശ്രുതിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാകുകയിരുന്നു. പിന്നീട് പഴയ ജീവിതത്തിലേക്ക് അവൾക്ക് തിരിച്ചു പോകേണ്ടിവന്നില്ല. മലയാളികളടക്കമുള്ള സെലിബ്രിറ്റികളുടെ തിരക്കേറിയ മേക്കപ്പ് ആർട്ടിസ്‌റ്റ് ആയി ശ്രുതി മാറി.എല്ലാവരും അവളെ ശ്രുതി മാം എന്ന് വിളിക്കാൻ തുടങ്ങി.
ഏതൊരു മനുഷ്യനെയും പോലെ അവൾക്കുമുണ്ടായി പ്രണയം. തന്റെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഒരാൾ. ശരീരത്തിന് വേണ്ടിയല്ലാതെ അവളെ പ്രണയിച്ച ഒരാൾ. അഞ്ചു വർഷം നീണ്ടു നിന്ന ആ പ്രണയം പക്ഷെ അവളുടെ പേഴ്സിന്റെ കനം കണ്ടിട്ട് ആണെന്ന് തിരിച്ചറിയാൻ അവൾ വൈകിപ്പോയിരുന്നു. വർക്ക് കഴിഞ്ഞ് അവിചാരിതമായി നേരത്തെ മടങ്ങി വന്നൊരു രാത്രി കാമുകിയോടൊത്തു അയാൾ, അവളുടെ വീട്ടിൽ, അവളുടെ കിടപ്പുമുറിയിൽ!. ആട്ടിയിറക്കിവിട്ടു അയാളെ, വീട്ടിൽ നിന്നും അവളുടെ മനസിൽ നിന്നും. ഇനിയൊരു ചതി പറ്റില്ലെന്ന ഉറച്ച തീരുമാനത്തോടെ.
പിന്നെ തിരിച്ചു നാട്ടിലേക്ക്. കൈനിറയെ കാശുമായി കയറി ചെന്നെങ്കിലും കണ്ണുനിറച്ചു ശ്രുതിക്ക് തന്റെ വീടിന്റെ പടിയിറങ്ങേണ്ടി വന്നു.
അതിലും വേദനജനകമായ മറ്റൊരനുഭവത്തെയും അവൾക്ക് സ്വന്തം നാട്ടിൽ അഭിമുഖീകരിക്കേണ്ടി വന്നു. ഒരു പാതിരാവിൽ വർക്ക്‌ കഴിഞ്ഞു മടങ്ങുകയായിരുന്ന അവളുടെ കാർ ട്രാഫിക്ക് പോലീസ് തടഞ്ഞു.
ഡോറിൽ ലാത്തികൊണ്ട് മുട്ടികൊണ്ട് ഒരു പോലീസുകാരൻ.
"തുറക്ക് തുറക്ക് "
ശ്രുതി ഗ്ലാസ്‌ താഴ്ത്തി.
"സർ ഞാനൊരു മേക്കപ്പ് വുമൺ ആണ്, ഒരു വർക്ക്‌ കഴിഞ്ഞു വരികയാണ്"
അയാളവളെ ഒന്നു തറപ്പിച്ചു നോക്കി. കൂടെയുണ്ടായ മറ്റൊരു പോലീസുകാരനെ കൂടി വിളിച്ചു.
"ഉവ്വാ, നീയിങ്ങോട്ടിറങ്ങു, ഒരു മേക്കപ്പ് വുമൺ, രണ്ടും കെട്ടവൻ നീയിങ്ങിറങ്ങ്, ഞങ്ങളൊന്ന് കാണട്ടെ "
സാരി ഒതുക്കി പിടിച്ചു ശ്രുതി കാറിൽ നിന്നിറങ്ങി.
അവളെ ആപാദചൂഡം നോക്കി ആ പോലീസുകാർ പരസ്പരം നോക്കി വഷളൻ ചിരി ചിരിച്ചു.
"നീയൊന്ന സാരി അഴിക്ക്, ഞങ്ങളൊന്ന് നോക്കട്ടെ, വുമൺ ആണോ മാൻ ആണോ എന്ന് "
"സർ, അപമാനിക്കരുത്, ഞാനൊരു ട്രാൻസ്ജൻഡർ ആണ് " ശ്രുതി അപേക്ഷിച്ചു.
"ഒരു ട്രാൻസ്‍ജൻഡർ ആ പേരും പറഞ്ഞു കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് ഇപ്പൊ, ഒക്കെ മറ്റേപണിയ "
"നീ സാരി അഴിക്ക് "
പെട്ടെന്ന് ശ്രുതി ധൈര്യം വീണ്ടെടുത്തു.
"ശരി ഞാൻ അഴിക്കാം, സ്റ്റേഷനിൽ ചെന്നിട്ട്, എന്ത് കുറ്റം ആണ് ഞാൻ ചെയ്തത് എന്നറിഞ്ഞിട്ട് "
അതുകേട്ടതും അവരൊന്ന് പതറി.
"ശരി, നിന്നെയിപ്പോ വിടുന്നു, ഇനിയെങ്ങാൻ ഇങ്ങനെ കണ്ടാൽ, സൂക്ഷിച്ചോ നീ "
ആ സംഭവത്തോടെ ട്രാൻസ്‍ജൻഡർ സമൂഹത്തിനായി, അവരും വ്യക്തിത്വമുള്ളവരായി ജീവിക്കണം എന്ന ഉറച്ച തീരുമാനത്തോടെ കേരളത്തിൽ ട്രാൻസ്ജൻഡറുകൾക്കായി ഒരു ഷെൽട്ടർ ആരംഭിക്കാൻ ശ്രുതി തീരുമാനിച്ചു.വീട്ടിലും നാട്ടിലും അപമാനിതരായി ഒരു ട്രാൻസ് പോലും ചെളിക്കുണ്ടിൽ വീണുപോകരുതെന്ന ഉറച്ച തീരുമാനം.അങ്ങനെ ഉണ്ടാക്കിയതാണ് ഈ മനോഹരമായ രണ്ടുനില വീട്‌, ധാരാളം മുറികളുള്ള വലിയൊരു വീട്‌. അവിടെ ഇന്ന് പതിനഞ്ചോളം ട്രാൻസ്ജെൻഡറുകൾ താമസിക്കുന്നു.ശ്രുതി മാമിന്റെ മക്കളായി.
നാൽപ്പത്തൊന്നു ദിവങ്ങൾക്കുമുൻപ് അവളുടെ മറ്റൊരു സ്വപ്നവും സഫലമായി ട്രാൻസ്ജൻഡർ സർജറി. നാല്പത്തൊന്നു നാളുകൾ നീണ്ട കഠിനവ്രതത്തിനു ശേഷം നാളെ ആണ് ആ സുദിനം. ജൽസ !ഓരോ ട്രാൻസ്‌ജെൻഡറിന്റെയും സ്വപ്നം. എല്ലാ അർത്ഥത്തിലും സ്ത്രീത്വത്തെ സ്വീകരിക്കുന്ന സുദിനം.ഇനി മുതൽ ശ്രുതി ആണും പെണ്ണും കെട്ടവനോ/കെട്ടവളോ അല്ല, സമൂഹം അംഗീകരിക്കുന്ന ഒരു ട്രാൻസ്‍വുമൺ ആണ്. നാളെ തന്റെ അമ്മ ശാലിനി (പെറ്റമ്മയല്ല) LGBT സമൂഹത്തിലേക്ക് തന്നെ മകളായി സ്വീകരിച്ച അമ്മ, തന്നെ മഞ്ഞളും ചന്ദനവും ചാർത്തി മംഗല്യസൂത്രമണിയിക്കും, തന്റെ ചേലകൾ (ട്രാൻസ് സഹോദരിമാർ) ആട്ടവും പാട്ടുമായി തന്നെ സമുദ്രതീരത്തേയ്ക്കാനയിക്കും. സന്തോഷിമാതയുടെ അനുഗ്രഹത്തോടെ താൻ തന്റെ സ്വത്വത്തെ ജലദേവതയ്ക്കർപ്പിക്കും. താനൊരു തികഞ്ഞ സ്ത്രീയായിമാറും, സമൂഹം അംഗീകരിക്കുന്ന ട്രാൻസ്‌വുമൺ.
ഇനി ഞാനൊന്ന് ശാന്തമായി ഉറങ്ങട്ടെ. നാളത്തെ സുന്ദരപ്രഭാതത്തിലേക്കുണരാൻ. ശ്രുതി കണ്ണുകൾ മെല്ലെ അടച്ചു.
@ ജിസു
കേരളത്തിലെ LGBT സമൂഹത്തിനായി ഈ രചന ബഹുമാനത്തോടെ സമർപ്പിക്കുന്നു. ഒരുപാട് പേരുടെ ജീവിതം വായിച്ചും, ഇന്റർവ്യൂസ് കണ്ടും എഴുതിയതാണ്. അതുകൊണ്ട് തന്നെ പല ട്രാൻജൻഡഴ്‌സിന്റെ ജീവിതവുമായി സാമ്യമുള്ളതുമാണ്.
#Transgenders are bold and beautiful humanbeings.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot