നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സംഗീതം ജീവിതം

Image may contain: Giri B Warrier, smiling, outdoor and closeup
കഥ | ഗിരി ബി വാരിയർ
****
"അല്ല ദേവേട്ടാ, കാലത്ത് എന്നോട് ഏതോ വാർത്ത കണ്ടിരുന്നോ എന്ന് ചോദിച്ചില്ലേ, അതെന്തായിരുന്നു..?"
ദേവന് കൊണ്ടുപോകാനുള്ള ടിഫിൻ ടേബിളിൽ വെച്ച് അനിത ചോദിച്ചു.
"ഞാൻ എന്തിനാ പറയണേ.. നിനക്ക് എഴുത്തും വായനേം ഒക്കെ അറിയില്ലേ, വായിച്ചൂടെ.."
ദേവൻ ഷൂസിന്റെ ലെയ്സ് കെട്ടിക്കൊണ്ട് പറഞ്ഞു.
"എന്നാലും ദേവേട്ടാ, നിങ്ങൾ വായിക്കുമ്പോൾ കേൾക്കാൻ അതിനൊരു സുഖാണ്..ഞാൻ ആവുമ്പോൾ അരിയിൽ കല്ലുപെറുക്കുന്ന പോലെ ഓരോ അക്ഷരം കൂട്ടി പെറുക്കി വായിക്കുമ്പോഴേക്കും ആ രസം പോകും.."
അനിത പഠിച്ചതും വളർന്നതും പൂനെയിൽ ആയിരുന്നതിനാൽ മലയാളം വായിക്കാൻ സമയമെടുക്കും പക്ഷേ നന്നായി സംസാരിക്കും.
"എടി..എനിക്കെന്താ മറവീടെ അസുഖം വന്നൂന്ന് കരുതിയോ നിയ്യ്.. കൊറച്ച് മുൻപ് എന്തൊക്കെയോ പറയുണ്ടായിരുന്നുലോ "
"അതോ.. പേപ്പർ വായിച്ചുകൊണ്ടിരുന്ന നിങ്ങൾ എന്നോട് ഈ വാർത്ത കണ്ടോന്ന് ചോദിച്ചാൽ പിന്നെ ദേഷ്യം വരില്ല്യേ. ഞാനെന്താ ഇന്നത്തെ പേപ്പർ ഇന്നലെ വൈകുന്നേരം വായിച്ചിരുന്നോ?"
"അല്ല.. എന്തൊക്കെയായിരുന്നു ഡയലോഗ്..നിങ്ങൾക്ക് കാലത്ത് എഴുന്നേറ്റ് കാലുമ്മേ കാലും കേറ്റി വെച്ചിരുന്ന് പേപ്പർ വായിച്ചാൽ മതി, എനിക്കിവിടെ നിന്ന് തിരിയാൻ സമയം ഇല്ല്യ, എന്നിട്ടിപ്പോൾ വാർത്ത എന്താന്നറിയണം അല്ലേ."
"നിങ്ങൾക്ക് പറ്റുംച്ചാ പറഞ്ഞാൽ മതി." അനിത തുടർന്നു
"എന്നാ കേട്ടോ. ഡൽഹീല് ഒരു അറുപത്തിനാല് വയസ്സുള്ള പടുകിളവൻ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയേയും മരുമകളെയും വെട്ടിക്കൊന്നൂന്ന് .. എന്തിനാണെന്നറിയോ ? ഭാര്യയും മരുമകളും നല്ല സ്നേഹത്തിൽ ആയിരുന്നുപോലും . മരുമകൾക്ക് കിട്ടുന്ന മുഴുവൻ ശമ്പളം കാർണോർക്ക് വേണം, അയാളോട് ചോദിച്ചേ പുറത്ത് പോകാവൂ. കാർന്നോരുടെ മകൻ സിംഗപ്പൂർ ആണ് അതുകൊണ്ട് അയാൾ രക്ഷാധികാരി ചമയുകയായിരുന്നത്രെ. ഇതിന്റെ പേരിൽ ദിവസവും വഴക്കാണ്. അതിനും പുറമെ സംശയം, ഭാര്യയേയും മരുമകളേയും. അവർ എങ്ങോട്ട് പോയാലും അവർ അറിയാതെ കാർന്നോർ അന്വേഷിക്കും. ഇയാളുടെ ശല്യം സഹിക്കാനാവാതായപ്പോൾ മരുമകൾ മക്കളേയും കൂട്ടി വാടക വീട്ടിലേക്ക് മാറാൻ തീരുമാനിച്ചു, കൂടെ അമ്മായിയമ്മയും മരുമകളോടൊപ്പം പോകുകയാണെന്ന് പറഞ്ഞു"
"അമ്മായിയമ്മയും മരുമകളും സ്നേഹത്തിലോ? അതും ഡെൽഹിപോലുള്ള സ്ഥലത്ത്? അത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്." അനിത പറഞ്ഞു.
"മരുമകൾ ഒരു അനാഥയായിരുന്നു. അമ്മാമന്മാരണ് വളർത്തിയത്. അവൾക്ക് അച്ഛനമ്മമാരുടെ സ്നേഹം കിട്ടിയിട്ടില്ല. അവൾക്ക് കിട്ടിയത് അമ്മയെത്തന്നെ ആയിരുന്നു. അമ്മായിഅമ്മയ്ക്ക് ജീവിതകാലം മുഴുവൻ ഭർത്താവിന്റെ ദേഷ്യത്തോടുള്ള പെരുമാറ്റം മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളു. മരുമകളുടെ സ്നേഹം കിട്ടിത്തുടങ്ങിയപ്പോൾ അവർക്ക് തിരിച്ചും അവളോട് സ്നേഹം തോന്നിയതിൽ അത്ഭുതമില്ല. "
"എന്നിട്ട് ...?"
"അവർ മാറിത്താമസിക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല. ഭാര്യയുടെ കൂടെ മരുമകളും ചെറുമക്കളും കിടക്കുന്നത് കണ്ടപ്പോൾ കാർണോർക്ക് സഹിച്ചില്ല, അതായിരുന്നു കൊലപാതകത്തിനുള്ള അയാളുടെ മോട്ടീവ്"
"ശ്ശ്യോ.. ആ ദുഷ്ടന് കൊല്ലണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ?"
എടീ.. ഇതൊക്കെ കുറെ വരുത്തി വയ്ക്കുന്നതാണ് .."
"ഒന്ന് മിണ്ടാതിരിക്ക് ദേവേട്ടാ..എന്താ ഭാര്യ പറഞ്ഞോ വാ എന്നെ വെട്ടിക്കൊല്ല് എന്ന് ..."
"എടീ കഴുതേ, ഞാൻ പറഞ്ഞത് അതല്ല.. ഒരു പ്രായം വരെ ഭാര്യ അയാളെ അനുസരിച്ച് ഒരു അടിമയെപ്പോലെ ജീവിച്ചു. അയാൾ പറയുന്നതിന് അപ്പുറം സ്ത്രീക്കൊരു ജീവിതമില്ലായിരുന്നു. മരുമകൾ വന്നതോടെ അവർക്ക് ഹൃദയം തുറന്ന് സംസാരിക്കാൻ ഒരാളെ കിട്ടി. ഭാര്യയെ മരുമകൾ സ്നേഹിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് അസൂയയായി. ചിലർ അങ്ങിനെയാണ്. ഭാര്യയുടെ സന്തോഷം അയാൾക്ക് സഹിച്ചിട്ടുണ്ടാവില്ല.. നീ ഇന്നലെ പറഞ്ഞില്ലേ ആ പൂനത്തിന്റെ കാര്യം അതുപോലെത്തന്നെ.."
"അത് വ്യത്യാസം ഉണ്ട് ദേവേട്ടാ..പൂനത്തിന്റെ ഭർത്താവിന് പൂനം എന്നുവെച്ചാൽ ജീവനാണ്.."
"എടീ, എന്തോന്ന് ജീവൻ. ആ കുട്ടിയുടെ കല്ല്യാണം കഴിഞ്ഞിട്ടു് ആറേഴ് കൊല്ലമായില്ലേ, പിന്നീടു് ആ കുട്ടിയെ വീട്ടിനുവെളിയിൽ കാണുന്നത് ഇന്നലെ രാത്രി പത്തുമണിക്ക്, അതും സ്വന്തം സഹോദരന്റെ വിവാഹത്തിന് ഒരു അതിഥിയെപ്പോലെ. അയാൾ മുൻപിൽ കുട്ടിയെ ഒക്കത്തിരുത്തി നടക്കുന്നു, ഒരു കൈകൊണ്ട് ഭാര്യയെ പിടിച്ചു കൊണ്ടുവരുന്നത് കണ്ടില്ലേ. തൊഴുത്തിൽ നിന്നും പശുവിനെ തെങ്ങിൻചോട്ടിൽ കെട്ടാൻ കൊണ്ടുപോകുന്നതുപോലെ. എന്തൊരു പ്രഹസനം ആയിരുന്നു. എല്ലാവരും അത് ശ്രദ്ധിച്ചു , എന്നിട്ടും അയാൾക്കൊരു കൂസലും ഉണ്ടായില്ല."
"അത് ശര്യാ ദേവേട്ടാ. ആ വീട്ടിലെ ബാൽക്കണിയിൽ പോലും വരാൻ പൂനത്തിന് അനുവാദമില്ല. അവളെന്ന് വെച്ചാൽ അയാൾക്ക് ഭ്രാന്താണ്. അടുക്കളയിൽ കയറാൻ പാടില്ലത്രേ, ഒരു പണിയും അവളെക്കൊണ്ട് ചെയ്യിക്കില്ല. എന്തെങ്കിലും അസുഖം വന്നാൽ പോലും അറ്റകൈയ്‌ക്കേ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകൂ. "
"അയാൾ ഇത്രയും വലിയ ഒരു കച്ചവടക്കാരൻ ആണ്. നാല് ആഡംബര കാറുകൾ, മൂന്ന് ഇറക്കുമതി ചെയ്ത ബൈക്കുകൾ , ഇന്നുവരെ നീ ആ പൂനത്തിനെ ബൈക്കിന്റെ പിറകിലോ, അയാളുടെ കാറിലോ കണ്ടിട്ടുണ്ടോ.. സ്വന്തം മകളുടെ ഒന്നാം പിറന്നാളിന് കേക്ക് മുറിക്കാൻ പോലും പൂനത്തിനെ പന്തലിൽ കൊണ്ടുവന്നില്ല... എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത ജീവിതം.. എല്ലാം പോരാതെ സ്വന്തം അനുജന്റെ വിവാഹത്തിന് ഒരു വിരുന്നുകാരിയായി.."
"പക്ഷേ ഏട്ടാ, പൂനത്തിന് അത് പ്രശ്നമല്ല , ആ കുട്ടി അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു."
"പൊരുത്തപ്പെടാതെ പിന്നെന്തു ചെയ്യും.. നീ പറ.. പൂനം പന്ത്രണ്ടിൽ പഠിക്കുമ്പോൾ ആണ് അവരുടെ പ്രേമ വിവാഹം. വിവാഹം കഴിഞ്ഞതോടെ പന്ത്രണ്ടാം ക്ലാസ് പഠനം പോലും മുഴുമിപ്പിച്ചില്ല, കല്യാണപ്പുതുമയിൽ ജീവിച്ചു, പിന്നെ രണ്ടുവർഷം കഴിഞ്ഞപ്പോൾ കുഞ്ഞായി.. ഇനിയിപ്പോൾ ഇഷ്ടമല്ലെങ്കിൽ കൂടി പൂനം എന്ത് ചെയ്യും. അവളുടെ വീട്ടിൽ സാമ്പത്തികമായി നല്ല നിലയിലല്ല എല്ലാം വിട്ട് അങ്ങോട്ട് പോകാം എന്ന് കരുതിയാൽ..
"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്” എന്ന വള്ളത്തോളിന്റെ വരികൾ കേട്ടിട്ടില്ലേ.. എത്ര വലിയ രാജകുമാരിയായാലും, സ്വാതന്ത്ര്യം ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്താ.."
"ചിലർ കുറച്ചുദിവസം കഴിയുമ്പോൾ പ്രതികരിക്കാൻ തുടങ്ങും, അത് പിന്നീട് വിവാഹമോചനത്തിലോ ആത്മഹത്യയിലോ കൊലപാതകത്തിലോ ഒക്കെ എത്തും."
മക്കൾ വളർന്ന് അമ്മയുടെ ഈ ഗതി കണ്ട് ഒന്നുകിൽ അവർ അച്ഛനെ വെറുക്കും, അല്ലെങ്കിൽ അച്ഛനോട് എതിർത്ത് പറയാൻ അമ്മയെ നിർബന്ധിക്കും, രണ്ടായാലും അതയാൾക്ക് സഹിക്കില്ല കാരണം അതയാളുടെ ഈഗോയെ ബാധിക്കും."
"പരസ്പരം ബഹുമാനിക്കാനും, തുറന്ന് സംസാരിക്കാനും മനസ്സുണ്ടാവണം. രണ്ടുപേർക്കും വീട്ടിൽ ഒരേ സ്വാതന്ത്ര്യവും വേണം, അതാണ് ഒരു കുടുംബത്തിന്റെ ശക്തി. ഒരാളെ ചൊല്പടിയിൽ നിർത്തുന്നതാണ് വിവാഹമെന്നത് തെറ്റായ ധാരണയാണ്. അവിടെയാണ് ഈഗോയും ഒക്കെ.."
"അത് ശര്യാ.. സ്വാതന്ത്ര്യം വേണം.. എന്നെപ്പോലെ.."
"നിന്നെപ്പോലെ, ഉവ്വ്, നിനക്ക് സ്വാതന്ത്ര്യം കൂടിയതിന്റെ പ്രശ്നമാണ്."
"അല്ല, സ്വാതന്ത്ര്യം കൂടിയിട്ടെന്താ.. ഞാൻ വല്ലോരുടേം കൂടെ എറങ്ങിപ്പോയോ.. നിങ്ങൾക്കോ കുട്ട്യോൾക്കോ എന്തെങ്കിലും കുറവുണ്ടാക്കിയിട്ടുണ്ടോ.. പറയ്.." അനിതയുടെ സ്വരം ഉയരാൻ തുടങ്ങി.
"നീ എന്നെക്കൊണ്ട് കത്തിയെടുപ്പിക്കും.."
"നിങ്ങൾക്കിപ്പോൾ എന്നെ കൊല്ലാൻ തോന്നും. അല്ലെങ്കിലും ഇരുപത്തിയഞ്ചാം വാർഷികം കഴിഞ്ഞില്ലേ. മടുപ്പായിക്കാണും. ഓഫീസില് കൊച്ചുപെമ്പിള്ളേര് ഉണ്ടല്ലോ കൊഞ്ചാനും കുഴയാനും.."
ശബ്ദം കൂടി രംഗം വഷളാവാൻ തുടങ്ങിയപ്പോഴേക്കും ഇളയ മകൻ ഉണ്ണിക്കുട്ടൻ അകത്തു നിന്നും വിളിച്ചു ചോദിച്ചു..
"എന്ത് പറ്റി അച്ഛാ .. അമ്മ നാഗവല്ലി ആയോ?"
"നിന്റെ അച്ഛന്റെ വർത്താനം കേട്ടാ നാഗവല്ലിയല്ല, കളളിയങ്കാട്ട് നീലിയാവും. " അനിത വിളിച്ചുപറഞ്ഞു.
" എന്നാ കള്ളിയങ്കാട്ട് നീല്യേ ഞാനെറങ്ങട്ടെ... ഇനി വൈക്യാ ഓഫീസിൽ ഡ്രാക്കുളയാണ് കാത്തുനിൽക്കുന്നത്"
ദേവൻ ബാഗെടുത്ത് കാറിനടുത്തേക്ക് നടന്നു..
"എത്ത്യാ വിളിക്കണം ട്ടോ ദേവേട്ടാ "
"ശ്ശോ ഞാൻ മുകളിൽ നിന്നും താഴെ എത്തുമ്പോഴേക്കും നിങ്ങളുടെ തല്ലൂട്ടം കഴിഞ്ഞോ " ഉണ്ണിക്കുട്ടൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
"എടാ ഞങ്ങടെ തല്ലൂട്ടം സംഗീതം പോലെയാണ്. നിന്റെ അമ്മയ്ക്ക് പാടാൻ അറിയാത്തോണ്ട് അപസ്വരം പോലെ തോന്നുന്നതാ." ചിരിച്ചു കൊണ്ട് ഇത്രയും പറഞ്ഞ് ദേവൻ കാറിൽ കയറിയിരുന്നു.
ദേവൻ പോയിക്കഴിഞ്ഞപ്പോൾ അനിത തൊട്ടടുത്ത ബ്ലോക്കിലെ പൂനത്തിന്റെ ഫ്ലാറ്റിലേക്ക് നോക്കി, അടച്ചിട്ട ജനാലകളും ഒരിക്കലും തുറക്കാത്ത ബാൽക്കണി വാതിലുകളും നോക്കി... എന്നെങ്കിലും അവ തുറന്ന് പൂനം പുറത്ത് വരുമെന്ന വ്യാമോഹത്തോടെ..
****
ഗിരി ബി. വാരിയർ
11 നവംബർ 2019
© copyrights protected

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot