Slider

നാലാമത്തെ ആൾ

1
Image may contain: 1 person, beard and closeup
 കഥ:-
പുലർച്ചെ അഞ്ചു മണിയോടെയാണ് പരാശരൻ ഉണർന്നത്.
ഉറങ്ങിയിരുന്നു എന്നു പറഞ്ഞു കൂട....
ഒരു മയക്കം.
അതും ഒന്നോ രണ്ടോ മണിക്കൂർ മാത്രം.
അയാളുടെ മുഖം വീർത്തു വിങ്ങിയിരുന്നു.
ഉണർന്ന പാടെ എഴുന്നേറ്റു പുറത്തേക്കിറങ്ങി പശു തൊഴുത്തിന്റെ ഭാഗത്തേക്കു നടന്നു. അയാളുടെ സാന്നിധ്യം മനസ്സിലാക്കി പശുക്കൾ ശബ്ദമുണ്ടാക്കി.എങ്കിലും അത് ശ്രദ്ധിക്കാനൊന്നും അയാൾ മിനക്കെട്ടില്ല.
തൊഴുത്തിന്റെ ഉത്തരത്തിൽ തൂക്കിയിട്ടിരുന്ന വട്ടത്തിൽ ചുരുട്ടിയ കയർ എടുത്ത് അയാൾ തിരിച്ചു നടന്നു.
വീടിനു മുന്നിലെത്തി പുറത്തേക്കുള്ള വഴിയേ നടന്നു തുടങ്ങി.
കിഴക്ക് വെള്ള കീറിയിട്ടില്ല. എങ്ങും ഒരു കാൽ പെരുമാറ്റവും വീണു തുടങ്ങിയിട്ടില്ല. അകലെ നിന്നും ക്ഷേത്രത്തിലെ അയ്യപ്പ സ്തുതി നിശബ്ദതയെ ഭേദിച്ച് അരിച്ചരിച്ച് വന്നു കൊണ്ടിരുന്നു. മഞ്ഞു മാസങ്ങളിലെ സുഖമുള്ള പ്രഭാത കുളിര് പരാശരനെ ബാധിച്ച ലക്ഷണമില്ല.
പുറത്ത് നിരത്തിലേക്ക് ഇറങ്ങിയപ്പോൾ തന്നെ ഒരു പൂച്ച അയാളെ വട്ടം മറികടന്നു പോയി.
നിരത്തിലൂടെ കുറച്ചു നടന്നുകഴിഞ്ഞപ്പോൾ എതിരെ ഒരാൾ നടന്നു വരുന്നു . അയാൾ പരാശരനോട് ചോദിച്ചു.
" എങ്ങോട്ടാ. .... ഇത്ര വെളുപ്പിനെ "
'' പുഴയോരം വരെ "
" ഇത്ര നേരത്തെ ... പുഴയോരത്ത് "
" ചാവാനാണ് ..... "
"ങേ...... ചാവാനോ ...."
"അതേന്ന്. .... ചവാൻ തന്നെ "
പിന്നീട് അയാൾ ഒന്നും ചോദിച്ചില്ല. നടത്തം മതിയാക്കി നിന്നു എന്നു മാത്രം.
" അപ്പോ ... ഞാൻ നടന്നോട്ടെ ... "
പരാശരൻ ചോദിച്ചു.
"അങ്ങനെയാവട്ടെ ...."
അനുമതി കൊടുക്കുന്നതു പോലെ അയാൾ പറഞ്ഞു.
പരാശരൻ നടന്നു തുടങ്ങി.
ഇടതു കയ്യിലിരുന്ന കയർ അയാൾ വലതു കയ്യിലേക്കു മാറ്റി.
അധികം അകലെയല്ലാതെ പുഴയുടെ ഹുങ്കാരം അയാൾക്ക് കേൾക്കാമായിരുന്നു.
" എങ്ങോട്ടാ... പരശൂ.... കയറുമായി... "
രണ്ടാമതൊരാൾ കൂടി എതിരെ നടന്നു വരുന്നുണ്ടായിരുന്നു.
" കടവു വരെ.... "
"ഈ .. കയറ് ...... എന്തിനാപ്പാ..."
"ചാവാൻ വേണ്ടി........"
രണ്ടാമൻ ഉടൻ തന്നെ നടത്തം നിർത്തി. പരാശരനും നിന്നു.
"ങേ..... ങ്ങള് നേരാ പറേണത്....."
"നേരായിട്ടും...... "
"എനിക്കറിയാം ...... ങ്ങള് ..തമാശക്ക് പറയുവാണെന്ന് ......
ചെല്ല്........ പോയി പെട്ടെന്ന് ചത്തു കൊൾക ........."
" അങ്ങനെയാവട്ടെ "
പരാശരൻ വീണ്ടും നടന്നു തുടങ്ങി.
അയാളുടെ നടപ്പു നോക്കി രണ്ടാമൻ കുറച്ചുനേരം അങ്ങനെ നിന്നു. പിന്നീട് എന്തോ പിറുപിറുത്തു കൊണ്ട് അയാൾ തിരിഞ്ഞു നടന്നു.
താമസിയാതെ ഉദിക്കും , വെളിച്ചം പരക്കും എന്നുള്ളതു കൊണ്ട് പരാശരൻ നടപ്പിന് വേഗത കൂട്ടി. എന്നാൽ മൂന്നാമതൊരാളെ കൂടി അയാൾക്ക് വഴിയിൽ നേരിടേണ്ടി വന്നു.
മൂന്നാമൻ ചോദിച്ചു
"നിക്ക് ......നിക്ക്....എങ്ങോട്ടാ ... ഇത്ര ഝടുതിയിൽ ....."
പരാശരന് നിൽക്കേണ്ടി വന്നു.
"കടവ് വരെ......"
" എന്തിന് ....... ഈ ഇരുട്ടത്ത് ...."
"മരിക്കാൻ തന്നെ..... "
മൂന്നാമന് പെട്ടെന്ന് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല. പരാശരന്റെ കയ്യിലിരുന്ന കയർ അയാളുടെ ശ്രദ്ധയിൽ പെട്ടു .
'' ഹോ. ...:അതിനാണ് ഈ കയർ ....."
. അയാളുടെ ശ്രദ്ധ ഇനിയും കയറിൽ പതിയേണ്ടെന്നു കരുതി പരാശരൻ കയർ പിടിച്ചിരുന്ന കയ്യ് പുറകോട്ടാക്കി .
"നിങ്ങൾ ഉറപ്പിച്ചു തന്നെയാണോ ......."
പരാശരനെ ഒന്നു ടെസ്റ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടെ ആവാം അയാൾ അങ്ങനെ ചോദിച്ചത് .
" അതേ ...... ഉറപ്പിച്ചു തന്നെ... "
ഇത്രയുമായപ്പോൾ പരാശരൻ ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യ മാണ് മൂന്നാമൻ ചോദിച്ചത്.
" പുഴയോരത്തെ ഏത് മരം. ...ചെല്ലുമ്പോൾ ഇടതു വശം നില്ക്കുന്നതോ ....അതോ വലത്തേതോ ......."
പരാശരൻ ഒരു നിമിഷം പകച്ചു പോയി
''വലതു വശം നില്ക്കുന്നത് ....... "
'നന്നായി......എനിക്കും നിങ്ങടെ കൂടെ വരണമെന്നുണ്ട് . പക്ഷേ കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട്. താമസിയാതെ നിങ്ങൾക്കൊപ്പം ഞാനും വരും. ഞാൻ ഇടതു വശത്തെ മരമാണ് നോക്കി വച്ചിട്ടുള്ളത്. നിങ്ങൾ നടന്നോ ......ഇപ്പോ.... നേരം വെളുത്തു തുടങ്ങും ... "
മൂന്നാമൻ പ്രതികരണത്തിനൊന്നുംകാത്തു നിൽക്കാതെ നടന്നു തുടങ്ങി. ഇക്കുറി പരാശരനാണ് അയാളുടെ പോക്കും നോക്കി നിന്നു പോയത്. അല്പം കഴിഞ്ഞ് പരാശരൻ തിരിഞ്ഞ് തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു തുടങ്ങി. നേരം പുലരാൻ ഇനി അധികമില്ല എന്ന തിരിച്ചറിവ് അയാളുടെ നടത്തത്തിന് പൂർവാധികം വേഗത നൽകി.
പുഴയോരം എത്താറായി. ഉദ്ദേശിക്കുന്ന വലതു വശത്തെ മരം അയാൾക്ക് ആ ഇരുട്ടിലും തിരിച്ചറിയാവുന്ന ദൂരത്തിലായി.
"പരാശരാ ........."
പരാശരൻ നടത്തം നിർത്തി. മുന്നിൽ ആരെയും കാണുന്നില്ല. പുറകിലും ആരുമില്ലെന്ന് അയാൾക്ക് ബോധ്യമായി.
പിന്നെ എവിടെയാണ് ഈ നാലാമത്തെ ആൾ.
പാതയുടെ വലതു വശത്തെ പൊ ന്തക്കിടയിൽ നിന്ന് ഒരാൾ പ്രത്യക്ഷപ്പെട്ടു. അയാൾ പരാശരന് സമീപം വന്നു നിന്നു.
" എങ്ങോട്ടാ ........"
നാലാമൻ ചോദിച്ചു.
"കടവ് വരെ......"
പരാശരന്റെ കയ്യിലിരു ന്നിരുന്ന കയർ അയാളുടെ ദൃഷ്ടിയിൽ പെട്ടു . വികൃതമായ ഒരു ചിരി അയാളുടെ ചുണ്ടുകളിൽ പ്രത്യക്ഷമായത് പരാശരൻ ആ ഇരുട്ടിലും തിരിച്ചറിഞ്ഞു.
"മരിക്കാനാണ് ......അല്ലേ......"
" അതേ ..........."
നാലാമൻ മുരളുന്ന പോലെ ഒരു ശബ്ദം പുറപ്പെടുവിച്ചു .തുടർന്ന് തീർത്തും വികൃതമായ ഒരു ചിരിയും.
"നിങ്ങൾ ഉറപ്പിച്ചോ ........."
"അതെ.......ഉറപ്പിച്ചു തന്നെ .......:
പരാശരൻ അക്ഷമനായി പറഞ്ഞു. ഉദിക്കാൻ ഇനി ഏതാനും നിമിഷങ്ങളേ ഉള്ളൂ. വെളിച്ചം പരന്നാൽ അയാളുടെ പദ്ധതിക്ക് വിഘ്നം നേരിടാൻ സാധ്യതയുണ്ട്. നാലാമനെ ഒഴിവാക്കി അയാൾ നടക്കാൻ തുടങ്ങി.
"നില്ക്കൂ........" നാലാമന്റെ ശബ്ദത്തിന് ഒരു ആജ്ഞാശക്തി ഉണ്ടായിരുന്നു.
പരാശരൻ നിന്നു.
" എന്താണ് നിങ്ങളുടെ പ്രശ്നം ....... മരിച്ചു കളയാൻ മാത്രമുള്ളത് ......"
പരാശരനോട് ഇതുവരെ ആരും ചോദിക്കാത്ത ചോദ്യമാണ് അത്. എങ്ങനെ ഉത്തരം പറയണമെന്നും അയാൾക്ക് അറിയില്ലായിരുന്നു.
" ഒരു പാട് പ്രശ്നങ്ങളാണ് ... ഒഴിവാക്കാൻ പരമാവധി നോക്കി.... പറ്റുന്നില്ല. "
" കുടുംബം .........:
' ' എല്ലാവരുമുണ്ട്....... ഭാര്യയും മക്കളും എല്ലാവരും ... "
"അവരാണോ നിങ്ങളുടെ പ്രശ്നം ......."
നാലാമന്റെ ചോദ്യം ഇത്തവണ പരാശരനെ അല്പം കുഴക്കി. കുറച്ചുനേരം അയാൾക്ക് മിണ്ടാതെ നിൽക്കേണ്ടി വന്നു.
" അവരൊന്നുമല്ല പ്രശ്നം..... എന്റെ പ്രശ്നം ഞാൻ തന്നെയാണ് ....... എനിക്ക് എന്നെ തന്നെ താങ്ങാൻ പറ്റുന്നില്ല .... "
പെട്ടെന്നു തന്നെ ഏതോ വികാരത്തിനടിമപ്പെട്ട് പ രാശരൻ വിതുമ്പി. നാലാമൻ അയാൾക്കരികെ എത്തി തോളിൽ കൈ വച്ചു. ആശ്വാസത്തിന്റെ ഒരു കൈ പോലെ. പരാശരൻ ഒന്നും മിണ്ടാതെ കിഴ്
പോട്ട് നോക്കി നിന്നതേയുള്ളൂ .
" പരാശരാ ........ ഈ ഞാൻ ....... ഒരു കാലത്ത് നിന്നേക്കാൾ ദുർബലനായിരുന്നു. ഞാനും രാത്രിയിൽ ഇതു പോലെ ജീവനൊടുക്കാൻ പുറപ്പെട്ടതാണ്. കടവത്തു വലതു വശം നില്ക്കുന്ന ആ മരം കണ്ടോ. അതിന്റെ ഒരു കൊമ്പ് കുറേ നാൾ മുമ്പ് എന്നെയും കൊണ്ട് ഒടിഞ്ഞ് വീണതാണ്. ആരോ ആശുപത്രിയിലെത്തിച്ച് രക്ഷപെടുത്തി. അതു കൊണ്ട് എന്റെ മോൾക്ക് അച്ഛനെങ്കിലുമുണ്ട് . അവളുടെ അമ്മ ഞങ്ങളെ വിട്ട് എന്നേ പോയതാണ്. ഞാനും കൂടി പോയിരുന്നെങ്കിൽ എന്റെ മോൾക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുണ്ടാകുമായിരുന്നു. ഞാൻ മരിച്ചിരുന്നെങ്കിൽ അനാഥയായി പോകുമായിരുന്ന അവളുടെ ഭാവി എന്താകുമായിരുന്നു. ...."
നാലാമന്റെ കണ്ഠം ഇടറി. തുടർന്നു പറയുവാനുള്ളവ തൊണ്ടയിൽ കുടുങ്ങി.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.
" പരശൂ........ ആശു പത്രിയിൽ രാപകലില്ലാതെ കരഞ്ഞു കലങ്ങിയ മുഖവുമായി അവൾ എനിക്കു കാവലിരുന്നു. എനിക്കു ബോധം വന്നു കഴിഞ്ഞപ്പോൾ എട്ടു വയസു മാത്രം പ്രായമുള്ള കുട്ടി എന്നോട് ചോദിച്ചതെന്തെന്നറിയു മോ പരശൂ നിനക്ക് ........"
ഒന്നു നിർത്തിയിട്ട് പരാശരന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ട് അയാൾ പറഞ്ഞു.
" അവൾ എന്നോട് കരഞ്ഞു കൊണ്ട് ചോദി ച്ചത് പുഴയോരത്തെ മരത്തിനു താഴേക്ക് അവളെയും കൊണ്ടു പോകാമായിരുന്നില്ലേ എന്നാണ്. ഇപ്പോഴും ആ വാക്കുകളുടെ ചൂട് എന്നെ
വിയർപ്പിക്കാറുണ്ട് പരശൂ........."
നാലാമൻ പറഞ്ഞു നിർത്തി കണ്ണൂ തുടച്ചു . പരാശരന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.
ചുറ്റിനും പ്രകാശം പരന്നു കഴിഞ്ഞിരുന്നു . റോഡിലൂടെ പോയിരുന്ന വരിൽ ചിലർ അവരെ ശ്രദ്ധിക്കാതിരുന്നില്ല. അവരാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ അവരുടെ മാത്രം ലോകത്തായിരുന്നു.
" ഇപ്പോൾ അവൾ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുയാണ് . ആകെക്കൂടി സംതൃപ്തമായ ഒരു കുടുംബ ജീവിതം . ഇതിൽ പരം എന്തു വേണം പരശൂ ......... ജീവിതം അങ്ങിനെ യൊക്കെ യാ ണ്.
സ്നേഹിക്കപ്പെടുമ്പോൾ എല്ലാം സ്വീകരിക്കാനും മറക്കാനുമുള്ള ഹൃദയം നമ്മൾ ഒരുക്കി വയ്ക്കണം . നമ്മുടെ സ്നേഹം കാത്ത് കുറച്ച് ഹൃദയങ്ങൾ ഇരിപ്പുണ്ടെന്ന ബോധവും നമുക്കു വേണം. ..........ജീവിത കാലത്ത് ബാക്കിയുള്ളതെല്ലാം നമ്മൾ ഉണ്ടാക്കുന്നതും നഷ്ടപ്പെടുത്തുന്നതുമായ കാര്യങ്ങളെ കുറിച്ചുള്ള വിഷമങ്ങൾ മാത്രമാണ്. അതോർത്ത്
വേവലാതിപ്പെടാതെ മുന്നോട്ടു നീങ്ങുക. സ്വന്തം വഴിയിൽ എന്തു പ്രശ്നമുണ്ടെങ്കിലും തരണം ചെയ്യും എന്ന ആത്മവിശ്വാസത്തോടെ , ഉറച്ച കാലടിയോടെ ....... ഉദാഹരണമായി ഈ .... എന്റെ ജീവിതം തന്നെയാണ് എനിക്ക് ചൂണ്ടിക്കാട്ടാനുള്ളത്. "
നാലാമൻ പറഞ്ഞു നിർത്തി. ഇനിയും പറയാനുണ്ട്. എന്നാൽ അയാൾ ഒരു വാഗ്മിയോ പ്രഭാഷകനോ അല്ലായിരുന്നു. ഇത്രയും പറഞ്ഞതു തന്നെ അയാളുടെ പരമിതമായ അറിവിന്റെ പരമാവധിയായിരുന്നു.
ഇപ്പോൾ നേരം പുലർന്നു കഴിഞ്ഞു . ഇരുട്ട് അകന്നു തുടങ്ങി. പുഴയോരത്തെ മരങ്ങളിൽ നിന്ന് പക്ഷികളുടെ കലപില കേട്ടു തുടങ്ങി.
പരാശരൻ അപ്പോഴും യാതൊന്നും ഉരിയാടാതെ നിർന്നിമേഷനായി നാലാമനെ നോക്കി നില്ക്കുകയാണ്.
എന്നാൽ ഏതോ നിമിഷത്തിൽ അയാൾ സാധാരണ നിലയിലേക്കെത്തി.
ചുറ്റുമൊന്നു നോക്കി വെളിച്ചം പരന്നു എന്നു മനസ്സിലാക്കി. റോഡിൽ ആൾപ്പെരുമാറ്റവും കൂടിക്കഴിഞ്ഞിരിക്കുന്നു. നാലാമനെ നോക്കി മുരളുന്ന പോലെ ഒരു ശബ്ദമുണ്ടാക്കി. വികൃതമായി ഒന്നു ചിരിച്ച് കയ്യിലിരുന്ന കയർ വളയം നിലത്തിട്ട് അയാൾ തിരിഞ്ഞ് വീട് ലക്ഷ്യമാക്കി നടന്നു തുടങ്ങി.
നാലാമൻ ഒട്ടും വികൃതമല്ലാത്ത പുഞ്ചിരിയോടെ അത് നോക്കി നിന്നു. അടുത്തു തന്നെയുള്ള അയാളുടെ വീട്ടിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടു തുടങ്ങി. മോള് എഴുന്നേറ്റ് അടുക്കളയിലെ ജോലി തുടങ്ങിയിട്ടുണ്ടാവുമെന്ന് അയാൾക്ക് മനസ്സിലായി. കുട്ടിയെ ആശ്വസിപ്പിക്കാനും ലാളിക്കുവാനുമായി താഴെ കിടന്നിരുന്ന കയർ ചവിട്ടി തെറിപ്പിച്ച് അയാൾ വീട്ടിലേക്കു നടന്നു.
......................
എ എൻ സാബു
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo