Slider

ഓം ശാന്തി, ശാന്തി

0

ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല എന്നു പറയുന്നത് എത്ര സത്യമാണല്ലേ. ഇന്നത്തെ യുദ്ധം കഴിഞ്ഞു , നേരം പാതിരാവിനോടടുക്കുന്നു. കൗരവപാണ്ഡവയുദ്ധങ്ങൾ എന്നും സൂര്യനസ്തമിക്കുന്നതിന് മുമ്പ് അവസാനിച്ചിരുന്നു പക്ഷെ തന്റെ യുദ്ധങ്ങൾ തീരുന്നില്ലല്ലോ, എന്നു തീരും? സൂര്യനസ്തമിച്ച്, ചന്ദ്രന്റെ ഉദയവും പിന്നീട് പാതിവഴിസഞ്ചാരവും കഴിയുമ്പോൾ അടുത്ത യുദ്ധത്തിന് മുമ്പുള്ള വിശ്രമത്തിനുള്ള ചെറിയ ഇടവേള മാത്രം.
തൊട്ടു മുന്നിലുള്ള കറുത്ത പെരുമ്പാമ്പുപോലെ നീണ്ടുനിവർന്നു കിടക്കുന്ന നാലുവരി പാത സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞവെളിച്ചത്തിൽ ഭ്രാന്തമായ എല്ലാ വേഗങ്ങളേയും ഉള്ളിലേക്ക് ആവാഹിച്ച് തിളങ്ങിക്കിടന്നു. പറന്നു നീങ്ങുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചു കടക്കൽ പകൽ പോലുമൊഴിവാക്കിയതിനാൽ ഭൂഗർഭപാതയിലൂടെ മറുവശത്തെത്താനായ് താഴോട്ടുള്ള പടിക്കെട്ടുകൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് അല്പമകലെ ഏതോ അപകടത്തിന്റെ ബാക്കിപത്രം പോലെ അങ്ങിങ്ങായി കാണുന്ന ആൾക്കൂട്ടം. നാലു വരിപ്പാതയുടെ ഇരുവശങ്ങളിലും, നടുഭാഗത്തും കൂടാതെ സർവ്വീസ് റോഡിലും, തൊട്ടു മുന്നിലായ് ചെറിയ ഒരാൾക്കൂട്ടം, ഓടിപ്പിടഞ്ഞെത്തി അപകട സ്ഥലവും, ദൃശ്യങ്ങളും കാണാനും മൊബൈലിൽ പകർത്തലും ഒന്നുമില്ലാത്തതു കൊണ്ട് അങ്ങോട്ടുള്ള യാത്ര ഒഴിവാക്കി. അല്ലെങ്കിൽ തന്നെ ഏത് അപകടങ്ങൾ കാണുമ്പോഴും അവയെല്ലാം താനുമായി സാദൃശ്യപ്പെടുത്തി അതിനോട് ബന്ധപ്പെടുത്തി താരതമ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന തളർച്ച, അകാരണമായ ഭയം എല്ലാം തന്നെ അപകട സ്ഥലത്ത് നിന്ന് എന്നും അല്പം അകറ്റി നിർത്തുകയാണല്ലോ.
അടുത്തു കണ്ട ചെറിയ ആൾക്കൂട്ടം എന്താണെന്ന് വെറുതെ ഒന്ന് എത്തി നോക്കി. ആൾക്കൂട്ടത്തിനു നടുവിൽ ഇരുന്ന് പൊട്ടിക്കരയുന്ന ഒരു ചെറുപ്പക്കാരൻ, അവന്റെ മുന്നിൽ വച്ചിരിക്കുന്ന ക്രച്ചസ്സ് കണ്ടാലറിയാം, ക്രച്ചസ്സിന്റെ സഹായം ഇല്ലാതെ അവന് ഒരടി മുന്നോട്ട് നടക്കാനാവില്ല എന്ന്, എല്ലാവരും അവനെ ആശ്വസിപ്പിക്കുന്നുണ്ട്. പക്ഷെ അതു കൊണ്ടെന്തു കാര്യം. അവൻ കരച്ചിൽ തുടരുകയാണ്. കൂടെ നിൽക്കുന്നവരിൽ നിന്നാണ് അവന്റെ വിവരങ്ങൾ അറിഞ്ഞത്. രണ്ടാഴ്ച മുൻപുണ്ടായ ഏതോ അപകടത്തിൽ ആണ് അവന്റെ രണ്ടു കാലുകൾക്കും ഒടിവ് സംഭവിച്ചത്. അവന്റെ സ്പോൺസറെ കണ്ട് സംസാരിച്ച് വിദഗ്ദചികിത്സയ്ക്ക് നാട്ടിൽ കയറ്റി വിടുന്നതിനെ പറ്റി സംസാരിക്കാനാണ് അവന്റെ സഹോദരൻ അങ്ങു ദൂരെ നിന്ന് അല്പം മുമ്പ് അവനെ കാണാനായി വന്നത്. സഹോദരൻ റോഡിന്റെ അപ്പുറത്തെ സൈഡിൽ വന്നിറങ്ങി അവന്റെ അടുത്തേക്ക് വരാനായി റോഡു മുറിച്ചു കടന്നതും ചീറി പാഞ്ഞു വന്ന ഏതോ ഒരു വാഹനം ഇടിച്ചു തെറിപ്പിച്ചതും നിമിഷങ്ങൾ കൊണ്ടാണ്. അവസാനമായി ഒരൊറ്റ പിടച്ചിൽ എല്ലാം ഒരു നിമിഷം കൊണ്ടവസാനിച്ചു. ഒന്ന് ഓടി ചെല്ലാൻ പോലുമാകാതെ നിന്നിടത്ത് കുത്തിയിരുന്നു കരയുന്ന സഹോദരനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കാനാണ്. അന്തിമവിധി നടപ്പാക്കുന്ന ദൈവങ്ങളോട് ഒരേ ഒരു ചോദ്യം, എന്തിനീ ക്രൂരത?. വിധിയുടെ വിളയാട്ടങ്ങൾ, ഉത്തരമില്ലാത്ത ഒത്തിരി ചോദ്യങ്ങളിൽ ഒന്ന് മാത്രം. പ്രവാസദുഃഖങ്ങളിലേക്ക് എഴുതി ചേർക്കാൻ നോവിന്റെ ഒരേടുകൂടി നല്കുന്ന വിധിയുടെ വിളയാട്ടങ്ങളിൽ മനസ്സു തകരുന്നു.

By PS Anilkumar DeviDiya

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo