നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാതാപിതാഗുരോദൈവം


സ്കൂൾ ബസ്സ് വന്നു നിന്നു.
അമ്മേ എന്ന വിളിയുമായി
സുന്ദ് ബസ്സിൽ നിന്നിറങ്ങിയപ്പോഴേ ശ്രദ്ധിച്ചു, കടന്നൽകുത്തേറ്റതുപോലെ മുഖം വീർപ്പിച്ചാണ് ഇന്നും വന്നിരിക്കുന്നത്. അല്ലെങ്കിൽ തന്നെ ചിരി കുറവാണ്. എന്തെങ്കിലും ചെറിയ കാര്യം മതി മുഖം ബലൂൺ പോലെ വീർത്തു വരാൻ.
ഇനി ഇന്നെന്താണാവോ പുതിയ പ്രശ്നം. കൂട്ടുകാരോട് വഴക്കിടാനാന്നും പോകാറില്ല. കൂട്ടുകാർ തന്നെ ഇല്ലെന്ന് പറയാം. എന്നും സ്കൂളിൽ പോകുക, നന്നായി പഠിയ്ക്കുക തിരിച്ചുപോരുക അതാണ് പുള്ളീടെ ഒരു രീതി.
എന്താണ് കാര്യം എന്നു ചോദിച്ചാലും ഇപ്പോൾ പറയില്ല. പറയാനുള്ള മൂഡ് വരുമ്പോൾ തന്നത്താൻ പറയും.
വീട്ടിൽ ചെന്ന ഉടനെ സുന്ദ് പതിവില്ലാതെ യൂണിഫോം പോലും മാറാതെ ടിവി ഓൺ
ചെയ്ത് കാർട്ടൂൺ ചാനൽ കാണാൻ തുടങ്ങി. ചായയും പലഹാരവും എടുത്ത് കൊടുത്തപ്പോൾ നല്ലകുട്ടിയായി കൈകഴുകി വന്നിരുന്ന് ഭക്ഷണം കഴിയ്ക്കാൻ തുടങ്ങിയതേയുള്ളു പെട്ടെന്ന്
അവസാനിപ്പിച്ചു.
അമ്മേ കൈ വേദനിക്കുന്നു.
വായിൽ വച്ചു തരുമോ അമ്മേ.
അതെന്താ കൈ ഇന്ന് വേദനിക്കുന്നത് മോളെവിടെയെങ്കിലും വീണോ?
ഇല്ലമ്മേ ടീച്ചർ അടിച്ചിട്ടാണ് കൈ വേദനിക്കുന്നത്, ഉച്ചയ്ക്കും ചോറുണ്ണാൻ പറ്റിയില്ലമ്മേ കൈ വേദനിച്ചിട്ട്.
സുന്ദ് വല്ല കുരുത്തക്കേടും കാണിച്ചോ, പിന്നെന്തിനാ അടിച്ചത്, ഏത് ടീച്ചറാണ്
അടിച്ചത്.
മീരട്ടീച്ചറാണ് അമ്മേ അടിച്ചത്.
അമ്മയല്ലേ പറഞ്ഞത് നല്ല മാർക്ക് മേടിച്ചാൽ ടീച്ചർക്ക് സന്തോഷമാകും. പഠിക്കുന്ന കുട്ടികളോട് ടീച്ചർക്ക് പ്രത്യേക സ്നേഹം ഉണ്ടാകും എന്നെല്ലാം. ഞാനല്ലേ അമ്മേ
ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് മേടിച്ചത്. എന്നിട്ടാണമ്മേ ഒരു കാരണവും ഇല്ലാതെ എന്നേയും മറ്റു കൂട്ടുകാരേയും
അടിച്ചത്.
കഴിഞ്ഞ ദിവസം മുതൽ മീര ടീച്ചറിന്റെ വിഷയത്തിന്റെ പഠിത്തത്തിൽ പുള്ളി വലിയ ശ്രദ്ധ കൊടുക്കാതിരുന്നപ്പോൾ താൻ കാരണം തിരക്കി.
അമ്മേ ഞാൻ കഴിഞ്ഞ ദിവസം പാഠഭാഗത്തിൽ എന്തോ സംശയം ചോദിച്ചതിന് ടീച്ചർ അടിച്ചു.
ഇങ്ങോട്ട് ഒന്നും ചോദിക്കേണ്ട
അങ്ങോട്ട് പറയുന്നത് കേട്ടാൽ മതി എന്ന് .
അപ്പോഴാണ് താൻ മോളോട് പറഞ്ഞത്. നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങിയാൽ ടീച്ചർ നല്ല കുട്ടിയാണ് എന്നു പറയും
എന്നെല്ലാം പറഞ്ഞാണ് ഒന്നു പരീക്ഷയ്ക്ക് പഠിപ്പിച്ച് വിട്ടത്.
ടീച്ചറെന്താ റേഡിയോ ആണോ, പത്രപ്രവർത്തകരെ പേടിയ്ക്കുന്ന ചില ഭരണാധികാരികൾ റേഡിയോ
പ്രക്ഷേപണം നടത്തുന്ന
പോലെയാണോ വിദ്യാഭ്യാസം.
ഇന്നെന്തിനാ തല്ലിയത്, അമ്മ ടീച്ചറിനെ വിളിച്ച് ചോദിയ്ക്കാട്ടോ .
ഇന്നെല്ലാവരേയും തല്ലിയതിന് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലായിരുന്നമ്മേ ,
ആൻസർ ഷീറ്റിൽ ക്വസ്റ്റിൻ എഴുതിയില്ല, ഓരോ ലൈൻ ലീവ് ചെയ്ത് എഴുതിയില്ല
എന്നെല്ലാം പറഞ്ഞാണ്
എല്ലാ കുട്ടികളേയും തല്ലിയത്. ഇന്നുവരെ അങ്ങിനെ ചെയ്യണമെന്നൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ലമ്മേ.
അങ്ങിനെയൊന്നും ഒരു നിയമമില്ലല്ലോ, ഇതെന്തൊരു ടീച്ചറാണ്. ഏതായാലും അമ്മ സീമട്ടീച്ചറിനെ വിളിച്ച് നമ്പർ വാങ്ങിയിട്ട് മീരട്ടീച്ചറേ വിളിച്ച് കാര്യം തിരക്കാം.
ഹലോ,
സീമട്ടീച്ചറേ എനിക്ക് ഒരു സഹായം വേണമല്ലോ. നമ്മുടെ മീരട്ടീച്ചറിന്റെ നമ്പർ ഒന്നു വേണമല്ലോ.
നമ്പർ തരാം പക്ഷെ നമ്പർ ഞാനാണ് തന്നതെന്ന് മാത്രം പറയരുത്. ഞങ്ങൾ ടീച്ചേഴ്സിന് എല്ലാവർക്കും അവരെ പേടിയാണ്. എന്തെങ്കിലും കംപ്ലെയിന്റു പറയാനാണെങ്കിലും അതുകൊണ്ട് കാര്യമില്ലെന്ന് മാത്രമല്ല അവർ അതിന്റെ പേരിൽ കുട്ടിയെ മാനസികമായും ശാരീരികമായും കൂടുതൽ പീഡിപ്പിക്കും. എന്തിനു പറയുന്നു ഞാനവരെ ഒന്ന് ഉപദേശിച്ചതിന് അവർ പകരം വീട്ടുന്നത് അവരുടെ ക്ലാസ്സിൽ പഠിക്കുന്ന എന്റെ കുട്ടിയോടാണ്. മാനേജ്മെന്റിലും അവർക്ക് നല്ല ഹോൾഡാണ്. അവർക്ക് പഠിക്കുന്ന കുട്ടികളേയും പഠിക്കാത്ത കുട്ടികളേയും എന്നു വ്യത്യാസമില്ല. ഒരു കുട്ടിയേയും ഇഷ്ടമില്ല.
ടീച്ചർ പറഞ്ഞത് സത്യമാണോ? ദൈവമേ ഇതു പോലുള്ള ചില ടീച്ചേഴ്സ് ആണ് പഠിപ്പിക്കുന്നുവെങ്കിൽ കുട്ടികൾ അനുഭവിക്കുന്ന
മാനസികസംഘർഷങ്ങൾ എത്ര കൂടുതൽ ആയിരിക്കും.
മാതാപിതാഗുരോദൈവം. എന്നു പറയുന്നതിൽ ഇതുപോലുള്ള ഗുരുക്കന്മാരെ
ദൈവമെന്ന് എങ്ങിനെ വിളിക്കും. എന്തു ചെയ്യാനാണ് ഇത്തരത്തിലുള്ളവരെ എങ്ങിനെ നന്നാക്കാനാണ്.
കത്തിക്കൊണ്ടിരിക്കുന്ന വിളക്കിൽ നിന്നല്ലേ ദീപം പകർന്നു കൊടുക്കേണ്ടത്. തമസോമാ ജ്യോതിർഗമയാ എന്നല്ലേ അദ്ധ്യാപകരെ പറ്റി പറയുന്നത്. ഇരുളകറ്റാനുള്ള വെളിച്ചമാകാതെ സ്വയം ഇരുട്ടാകുന്നവർ ആയാൽ എന്തു ചെയ്യും. പ്രകാശത്തിന്റെ , പ്രതീക്ഷകളുടെ ദീപാവലികൾക്കിടയിലെ ചില കരിന്തിരികൾ. നിങ്ങൾക്ക് എല്ലാ ടീച്ചേഴ്സിനും കൂടി ഒന്നിച്ച് മുകളിലേയ്ക്ക് പരാതി കൊടുക്കുകയോ, എല്ലാവരും കൂടെ ഒന്നുപദേശിച്ച് അവരെ നന്നാക്കി എടുക്കാൻ ആവില്ലേ ടീച്ചറേ.
എല്ലാവർക്കും സ്വന്തം
കാര്യം മാത്രമാണ് മുഖ്യം. ചില രക്ഷകർത്താക്കൾ പരാതി പറയാഞ്ഞിട്ടല്ല,
അതിനു ശേഷം പരാതി പറഞ്ഞവരുടെ കുട്ടികളെ അവർ ഒരു ദയാദാക്ഷിണ്യം കൂടാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന എന്തോ ഒരു മാനസിക വൈകല്യത്തിന് ഉടമയാണെന്ന് തോന്നുന്നു . സീനിയർ ആയതിനാലും സ്കൂളിലെ പ്രശ്നങ്ങൾ തീർക്കാനായി മാനേജ്മെന്റ് അവരെ ഉപയോഗപ്പെടുത്തുന്നതിനാലും മാനേജ്മെൻറ് അവർക്കെതിരെ ഒന്നും ചെയ്യില്ല എന്ന അവരുടെ അഹങ്കാരവും ആണ്.
കുട്ടികൾക്ക് അല്ല ആദ്യം ഇത്തരം അദ്ധ്യാപകർക്ക് ആണ് കൗൺസിലിംഗ് വേണ്ടത് എന്നറിയാഞ്ഞിട്ടും പറയാഞ്ഞിട്ടും അല്ല. പക്ഷെ പൂച്ചയ്ക്കാരു മണി കെട്ടും. അടുത്ത പിറ്റിഎ മീറ്റിംഗിന് നിങ്ങൾ രക്ഷകർത്താക്കൾ എല്ലാവരും കൂടി ചേർന്ന് ഒരു പരാതി എഴുതി ഒപ്പിട്ട് മീറ്റിംഗിന് സമർപ്പിക്കുക, ഞങ്ങൾ മറ്റു ടീച്ചേഴ്സും നിങ്ങളുടെ കൂടെ ഉണ്ടാകും, ഉറപ്പ്.
ശരി ടീച്ചറേ അങ്ങിനെ തന്നെ ചെയ്യാം.
സുന്ദ് വിഷമിക്കാതിരുന്നോ , അമ്മ ടീച്ചറിനെ വിളിച്ച് ഒന്നു സംസാരിച്ച് കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കാം. മോൾ ഭക്ഷണം കഴിഞ്ഞ് നാളത്തെ ഹോം വർക്കും ചെയ്ത് ബാക്കി പഠിക്കാനുള്ളതും പഠിച്ചു തീർത്തോളൂ, അമ്മ മീരട്ടീച്ചറേ ഒന്ന് വിളിച്ച് സംസാരിക്കട്ടെ.
ഹലോ, മീരട്ടീച്ചറല്ലേ
അതേ ആരാണ്
ഞാൻ ടീച്ചറുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ അമ്മയാണ്.
ഏതു കുട്ടി?
അതു പറയാം ടീച്ചറേ, കുട്ടിയുടെ പേരിനല്ല പ്രാധാന്യം ആദ്യം കാര്യം പറയാം പിന്നെ ആവശ്യമെങ്കിൽ പറയാം കുട്ടിയുടെ പേര്.
ശരി അങ്ങിനെയെങ്കിൽ അങ്ങിനെ ആദ്യം നിങ്ങൾ കാര്യം പറയൂ, എനിക്ക് ബാക്കി ഒത്തിരി പണികൾ ചെയ്തു തീർക്കാനുണ്ട്. നിങ്ങൾക്ക് ഏതു ക്ലാസ്സിലെ കാര്യം ആണ് അറിയേണ്ടത്. നിങ്ങളുടെ കുട്ടി ഏത് ക്ലാസ്സിലാണ് പഠിക്കുന്നത്.
എന്റെ 4th B യിലാണ് പഠിക്കുന്നത്.
ഓഹോ അപ്പോൾ കുരുത്തക്കേട് കാട്ടിയ കുട്ടികളെ എന്തിനാണ് തല്ലിയത് എന്ന് ചോദിയ്ക്കാനുള്ള വിളിയാണല്ലേ.
മറ്റു രക്ഷകർത്താക്കളെ പോലെ സ്വന്തം കുട്ടിയെ തല്ലിയത് എന്തിന് എന്ന് ചോദിയ്ക്കാനല്ല ടീച്ചറേ ഞാൻ വിളിച്ചത്, കുരുത്തക്കേടുകൾ കാണിച്ചാൽ തല്ലുന്നതിന് ഞാനും എതിരല്ല പക്ഷെ എന്തായിരുന്നു കുട്ടികൾ കാണിച്ച കുരുത്തക്കേട് എന്ന് ചോദിയ്ക്കുന്നത് തെറ്റാണോ?
അതോ അതു പറയാം. ഇന്ന് ഉത്തരക്കടലാസ്സുകൾ തിരിച്ചു കൊടുത്തപ്പോഴാണ് ശ്രദ്ധിച്ചത് കൂട്ടികൾ ആരും തന്നെ ചോദ്യമെഴുതിയിട്ടല്ല ഉത്തരമെഴുതിയിരിക്കുന്നത്. അതു പോലെ മിക്ക കുട്ടികളും ഉത്തരമെഴുതിയിരിക്കുന്നതും ഓർഡറിലല്ല . അവർക്ക് അറിയാവുന്ന ഉത്തരങ്ങൾ ചോദ്യങ്ങളുടെ മുൻഗണന നോക്കാതെ ആദ്യമേ എഴുതി വയ്ക്കുക ഒരുത്തരം കഴിഞ്ഞ് ഒരു വരി പോലും വിടാതെ അടുത്ത ഉത്തരം എഴുതുക അങ്ങിനെയെല്ലാം ചെയ്താൽ പിന്നെ എങ്ങിനെ അടി കൊടുക്കാതിരിക്കും.
ടീച്ചറേ ഒരു സംശയം ചോദിച്ചോട്ടെ, ഇതിന് മുമ്പ് ഇതെല്ലാം ഇങ്ങിനെ ചെയ്യരുത് എന്ന് ക്ലാസ്സിൽ പറഞ്ഞു കൊടുത്തിട്ടുണ്ടോ? പിന്നെ എങ്ങിനെയാണ് അവർ ചെയ്തത് തെറ്റായിരുന്നു എന്ന് അവർക്ക് ബോദ്ധ്യമാവുന്നത്.
എത്ര നാളായി അവർ പരീക്ഷ എഴുതുന്നു എന്നിട്ട് അവർക്കിതൊന്നും അറിയില്ലേ?
ഇത് ടീച്ചർ എന്നോടല്ല ചോദിക്കേണ്ടത് ഞാൻ ടീച്ചറോടാണ് ചോദിക്കേണ്ടത്. ക്ലാസ്സിലെ എല്ലാ കുട്ടികളും ഇങ്ങിനെ തെറ്റിച്ചാണ് ചെയ്തതെങ്കിൽ അതെങ്ങിനെ കുട്ടികളുടെ തെറ്റാവും , അവർക്ക് ഇതിന് മുമ്പ് ആരും ശരിയായ രീതി പറഞ്ഞു കൊടുക്കാഞ്ഞിട്ട് അല്ലേ അവർ അങ്ങിനെ തന്നെ ചെയ്തു കൊണ്ടിരിക്കുന്നത്.
ഒരു കാര്യം കൂടി ചോദിച്ചോട്ടെ ടീച്ചറേ, കുട്ടികൾ സംശയം ചോദിച്ചാൽ ടീച്ചർ അവരെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നു മാത്രമല്ല അവരെ നിർദ്ദയം നിരുത്സാഹപ്പെടുത്തുന്നു എന്നും പറയുന്നല്ലോ.
അത് അനാവശ്യ സംശയങ്ങൾ ചോദിച്ച് ഒരു വിധത്തിലും ക്ലാസ്സ് മുന്നോട്ട് കൊണ്ടുപോകാൻ സമ്മതിക്കാത്ത കുറെ വിരുതന്മാരുണ്ട് അപ്പോൾ പിന്നെ പോർഷൻ സമയത്ത് തീർക്കാനാവില്ല. അതു കൊണ്ട് ആണ് ക്ലാസ്സിൽ സംശയം ചോദിയ്ക്കണ്ട എന്നു പറഞ്ഞത്.
ക്ലാസ്സിൽ സംശയം ചോദിയ്ക്കണ്ട എന്നു പറഞ്ഞെങ്കിൽ പാഠഭാഗങ്ങളിൽ എന്തെങ്കിലും സംശയമുള്ള കൂട്ടികൾ ടീച്ചേഴ്സ് റൂമിൽ വന്ന് ചോദിച്ചാൽ സംശയനിവാരണം നടത്തി കൊടുക്കാം എന്നു കൂടെ പറയാമായിരുന്നു. ടീച്ചറേ നമ്മൾ കൊയ്ത്തിന് ട്രില്ലിംഗ് യന്ത്രം ഉപയോഗിക്കുന്നു എന്നു കരുതി കള പറിക്കുന്നതിനും അതേ യന്ത്രം ഉപയോഗിച്ചാൽ പിന്നെ വിളവ് എടുക്കാൻ നേരത്ത് പാടം തരിശായിരിക്കില്ലേ. തെറ്റു ചെയ്യുന്ന കുട്ടികളെ ശിക്ഷിയ്ക്കുന്നതിന് ഞങ്ങൾ രക്ഷകർത്താക്കൾ എതിരല്ല, പക്ഷെ അനാവശ്യമായ ശിക്ഷ കൊണ്ട് ദോഷങ്ങൾ മാത്രമേ ഉണ്ടാകൂ, നമ്മളെല്ലാം പഠിച്ചിരുന്നപ്പോൾ ഉള്ള കാലമല്ല ടീച്ചറേ ഇപ്പോൾ ക്ലാസ്സ് റൂമിൽ വടി ഉപയോഗിക്കുന്നതും , കുട്ടികളെ മാനസ്സികമായി പീഡിപ്പിക്കുന്നത് ശിക്ഷാർഹം ആണെന്ന് ഞാൻ പറയാതെ തന്നെ ടീച്ചർക്ക് അറിയാമല്ലോ. എന്നാൽ വയ്ക്കട്ടെ ടീച്ചറേ, ടീച്ചറിന്റെ പണികൾ നടക്കട്ടെ .
ശരി, വിളിച്ചതിന് നന്ദി, ഇനി ശ്രദ്ധിയ്ക്കാം, ശുഭരാത്രി.
ശുഭരാത്രി ടീച്ചറേ

By PS ANilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot