Slider

ആലംനൂർ

0

**************
'മുസാഫിർ ഹും യാരോ....
നാ ഘർ ഹേ നാ... ഠികാനാ....
മുഝെ ചൽത്തേ ജാനാ ഹേ....ബസ്
ചൽത്തേ ജാനാ.....'
ജാക്കറ്റിനെ പോലും തോൽപിച്ച്,
സിരകളിലേക്ക് അരിച്ചിറങ്ങുന്ന കോടമഞ്ഞിലും, വിറപ്പിക്കുന്ന കാറ്റിന്റെ കുളിരിലും, ചുണ്ടിൽ വിരിയുന്നത് അവൻ എന്നും മൂളാറുള്ള ഈ വരികൾ തന്നെയാണ്. മുസാഫിർ .... ദി ഗ്രേറ്റ് മുസാഫിർ..
സഞ്ചാരി.... അതെ ശെരിക്കും അവനൊരു സഞ്ചാരി തന്നെയല്ലേ? എന്നും എന്നെ കൊതിപ്പിച്ചിട്ടുള്ള സഞ്ചാരി...ആ സഞ്ചാരി കാണിച്ചുതന്ന വഴികളിലൂടെയാണ് ഇന്നീ യാത്ര...
കിഴക്കുനിന്ന് വെട്ടമെത്തുന്നതേ ഉള്ളൂ..മലയോരക്കാഴ്ചകൾ പകർത്താനെത്തുന്ന , സഞ്ചാരികൾ എന്റെ ക്ലാസിക് 350 യെ മറികടന്നു പോകുന്നുണ്ട്.
ഈ മങ്ങിയ കാഴ്ചയിലും കോടമഞ്ഞിലേക്കലിഞ്ഞ് ചേർന്നൊരു യാത്ര. തേയിലത്തോട്ടങ്ങളുടെ ഓരം ചേർന്ന ഒറ്റയടിപ്പാതയിലൂടെ എന്നെയും കൊണ്ട് പറക്കുന്ന ബുള്ളറ്റ് . ഇളം കാറ്റിൽ പാറിപ്പറക്കാൻ കൊതിക്കുന്ന മുടിയിഴകൾ ഹെൽമെറ്റിനുള്ളിൽ വീർപ്പുമുട്ടുന്നു, ഉള്ളിലടക്കി വച്ച മോഹങ്ങൾ പോലെ.
വളവു തിരിവുകളാകുന്ന ഓരോ കയറ്റങ്ങളിലും വഴികളെല്ലാം സുപരിചിതം പോലെ. തനിച്ചൊരു മലകയറ്റം ആദ്യമായാണ് എന്നതുമോർക്കാതെ...അതും ബുള്ളറ്റിൽ. താങ്ക്സ് ടു 'ബുള്ളറ്റ് & ബൈക്ക് ഗേൾസ്'. സൈക്കിൾ ബാലൻസ് പോലുമില്ലാതിരുന്ന ഒരു ഗ്രാമവാസിപ്പെണ്ണിനെ ബുള്ളറ്റ്ഗേൾ ആക്കിയതിന്.
എന്നും കൗതുകത്തോടെയും അല്പം സങ്കടത്തോടെയും നോക്കിക്കണ്ടിട്ടുള്ള ഒന്നായിരുന്നു royal enfield ബൈക്കുകൾ. ബൈക്ക് സവാരി ചെയ്യുന്ന സ്ത്രീകളോട് വല്ലാത്ത ബഹുമാനമാണ് എന്ന് ഒരിക്കൽ പറഞ്ഞപ്പോളാണ് അവൻ എന്നോട് ടു വീലർ , ഫോർ വീലർ ലൈസൻസ് എടുക്കുന്നതിനെപ്പറ്റി വാചാലനായത്. ഒടുവിൽ അവന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ലൈസൻസ് എടുത്തതും , ബൈക്ക് ഓടിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ ബുള്ളെറ്റ് & ബൈക് ഗേൾസിൽ അംഗമാകുന്നതും. എന്നിൽ ആത്മവിശ്വാസം ഉണർത്താൻ ആ കൂട്ടായ്മയ്ക്കൊപ്പമുള്ള യാത്രകൾക്ക് സാധിച്ചിട്ടുണ്ട്.
അല്ലെങ്കിലും അവർക്ക് മാത്രമല്ലല്ലോ നന്ദി പറയേണ്ടത് എന്റെ മുസാഫിറിനും കൂടിയല്ലേ. എന്നെ അവരിലേക്കെത്തിച്ചത് അവനല്ലേ. ദി ഫേക്ക് മുസാഫിർ. ഞാനറിയാതെ തന്നെ ചുണ്ടിൽ ചിരി പടർത്താൻ അവനെക്കുറിച്ചുള്ള ചിന്തകൾക്ക് കഴിയാറുണ്ട്.
'ആത്മമിത്രങ്ങൾ തമ്മിൽ നോ സോറി നോ താങ്ക് യു നോ പ്ലീസ് '
അവന്റെ ഒരേയൊരു അജണ്ട അത് മാത്രമാണ് .
അവനിലേക്കെത്തുന്ന ഓരോ ചിന്തയും ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ എത്തിക്കും എന്നും. കണ്ണുകളിലൂടെ കഥ പറയുന്നവൻ, കാഴ്ചകൾ പകർത്തുന്നവൻ, സഞ്ചാര പ്രിയൻ....വിശേഷണങ്ങൾ ഏറെ എങ്കിലും അവന്റെ ചിരിക്കുന്ന കണ്ണുകൾ തന്നെ എന്നെ ഞാനാക്കാൻ മതിയാകും. ആ കണ്ണുകൾക്ക് എന്നോ നഷ്ടമായ ബാല്യകാലസുഹൃത്തിന്റെ ഛായ ഉണ്ടായിരുന്നു.
അസ്തമയസൂര്യന്റെ അവസാന കിരണങ്ങൾ വിടപറയുന്നതും നോക്കിയിരിക്കുന്ന, ഒരു പെണ്ണിന്റെ 'ഇരുണ്ട ചിത്രം' ഇൻസ്റ്റഗ്രാമിൽ പതിപ്പിച്ചപ്പോളാണ്, 'അസ്തമയങ്ങൾക്ക് മാത്രമല്ല ഉദയത്തിനും ഭംഗിയുണ്ട്' എന്ന കമന്റുമായി മുസാഫിർ@205 എന്നൊരു പേരുകാരൻ കടന്നുവരുന്നത്.
അവഗണനയുടെ മൗനശരങ്ങളായിരുന്നു ആദ്യമൊക്കെ അവനുള്ള മറുപടികൾ.
പോകപ്പോകെ അവനെയും അവന്റെ കമന്റുകളേയും ശ്രദ്ധിച്ചു തുടങ്ങി. കറുത്തുനരച്ച ഹെൽമറ്റിനുള്ളിൽ തിളങ്ങി നിൽക്കുന്ന കണ്ണുകളായിരുന്നു അവന്റെ മുഖചിത്രം. അപരിചിതത്വത്തിന്റെ നേരിയകണിക പോലും ആ ചിരിക്കുന്ന കണ്ണുകളിൽ എനിക്ക് കാണാനായില്ല.
അനുവാദമില്ലാതെയാണ് അവനെന്റെ ഏകാന്തതയിലേക്ക് കടന്നു വന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് മെസഞ്ചർ കൂട്ടിലേക്കു വളർന്ന സംഭാഷണങ്ങൾ.
അവനുമായുള്ള ആദ്യ സംഭാഷണങ്ങൾ പുനർവായനയിൽ എന്നും എന്നിൽ പുഞ്ചിരി വിരിയിച്ചിരുന്നു.
''നിന്നെ എനിക്കറിയാമോ? എന്റെ മനസ്സ് പറയുന്നു നമ്മൾ അറിയുമെന്ന്"
" ഹ..ഹ.മനസ്സങ്ങനെ പറയുന്നുണ്ടേൽ ശരിയായിരിക്കും"
"നിന്റെ പേരെന്താ?''
'' ഒരു പേര് നിർബന്ധമാണെങ്കിൽ നിനക്കെന്നെ മുസാഫിർ എന്ന് വിളിക്കാം''
'' മുസാഫിർ...സഞ്ചാരി...കൊള്ളാം. അപ്പോ നീ ഒരു നാടോടിയാണോ?''
''ഹ..ഹ.. അങ്ങനെ വേണമെങ്കിൽ അങ്ങനെയുമാവാം. നിനക്കിഷ്ടമുള്ളത് പോലെ കരുതാം''
''അതെന്താ വിളിക്കുന്നവരുടെ ഇഷ്ടം പോലെ മതിയോ?''
''ഹ..ഹ.ഹ...നിനക്ക് ചോദ്യങ്ങൾ മാത്രമേയുള്ളോ പെണ്ണേ...ആരാലും അറിയപ്പെടാതെ ഈ ലോകം മുഴുവനിങ്ങനെ സഞ്ചരിക്കുന്ന ഒരു യാത്രികൻ അതാണെനിക്ക് ഞാൻ ''
''എനിക്ക് 'പെണ്ണേ' എന്ന വിളി ഇഷ്ടമല്ല. പെണ്ണെന്നു വിളിച്ച് തളച്ചിടാൻ വെമ്പുന്ന ആൺവർഗ്ഗത്തിന്റെ ധാർഷ്ട്യമുണ്ട് ആ വിളിയിൽ.'
''ആഹാ...പിന്നെ എങ്ങനെ വിളിക്കുന്നതാ ഇഷ്ടം?''
''യഥാർത്ഥ വ്യക്തിത്വം തുറന്നു പറയാത്ത നിന്നോട് ഞാനെന്തിന് എന്നെക്കുറിച്ച് പറയണം?''
''എന്നെ അറിയണമെന്ന് നിർബന്ധം നിനക്കല്ലേ?''
''പറയൂ..നിന്റെ ശെരിക്കുള്ള പേര് എന്താ ?''
'' പറഞ്ഞല്ലോ നിനക്കെന്നെ മുസാഫിർ എന്ന് വിളിക്കാം''
''അതൊരു ഫേക്ക് നെയിം അല്ലേ ''
''ഹ ഹ...മിടുക്കിയാല്ലോ..സത്യാ അതൊരു ഫേക്ക്നെയിമാ...പക്ഷെ അങ്ങനെ അറിയപ്പെടാനാ എനിക്കിഷ്ടം''
''ഉം അപ്പോ ഞാനങ്ങനെ വിളിക്കാം.''
''നിന്റെ പേരും ഫേക്കല്ലേ sama@1111 കാണുമ്പോളെ അറിയാം. എങ്കിലും എനിക്കറിയണ്ട. നിന്നെ ഞാൻ ആലംനൂർ എന്ന് വിളിക്കും ''
'' അതെങ്ങനെ അറിയാം? ആലംനൂർ ? എന്നുവച്ചാൽ എന്താ? അർത്ഥം? 'എന്താ അങ്ങനൊരുപേര്?''
''അർത്ഥം നീ കണ്ടുപിടിക്ക്....എന്തൊ എനിക്കങ്ങനെ വിളിക്കണമെന്ന് തോന്നി.''
''എങ്ങനെ വിളിക്കണമെങ്കിലും എന്നെക്കുറിച്ച് എന്തെങ്കിലും അറിയണ്ടേ''
''ഒന്നുമറിയില്ല. അറിയേം വേണ്ട. ആരുടേയും പാസ്റ്റ് തേടി നടക്കുന്നവനല്ല ഞാൻ. ഞാൻ 'ഇന്നിൽ' ജീവിക്കുന്നവൻ!''
''ഫിലോസഫി!...പറയാനെളുപ്പമാ''
''ഹ ഹ ഹ...നീ വാ..നമുക്ക് ഈ തീരത്തൊന്ന് നടന്നിട്ട് വരാം ..''
''തീരമോ? ഏത് തീരം? പരിസരബോധം ഇല്ലാണ്ടായോ?...ഞാനിപ്പോ എന്റെ വീട്ടിൽ, എന്റെ ഫോണിൽകുത്തിയല്ലെ നിന്നോട് സംസാരിക്കുന്നത്.''
''ഓ ...ആണോ...എനിക്കറിയില്ലാർന്നു. ബുദ്ധൂസ്...ഞാനിപ്പോ കടപ്പുറത്താ...നിനക്ക് കാണണോ?''
പരസ്പരം മല്ലിട്ട്, ആർത്തിരമ്പി വരുന്ന കടൽത്തിരമാലകൾ പാറക്കൂട്ടങ്ങളിൽ തല്ലിക്കൊഴിഞ്ഞു പിരിയുന്ന ദൃശ്യങ്ങൾ സ്ക്രീനിൽ തെളിഞ്ഞു ചലിക്കുമ്പോളും കടലിന്റെ ഇങ്ങനെയൊരു സൗന്ദര്യം എന്തുകൊണ്ട് മുൻപ് കണ്ടിരുന്നില്ല എന്ന ആശ്ചര്യമായിരുന്നു എനിക്കപ്പോൾ. മണലിൽ തീർത്ത പാദമുദ്രകളെ മായ്ച്ചുകളയാനെത്തുന്ന കടൽത്തിരകളിൽ അവസാനിക്കുന്നവയായിരുന്നു എന്റെ കടൽക്കാഴ്ചകൾ.
പിന്നീടങ്ങോട്ട് കാഴ്ചകളുടെ ചലിക്കുന്ന പ്രകൃതിവിസ്മയങ്ങൾ അവനെനിക്ക് ആ കൊച്ചു സ്ക്രീനിൽ തെളിച്ചു തന്നുകൊണ്ടേയിരുന്നു. ജനിച്ചുവളർന്ന ഓർഫണേജും, മോളുടെ സ്കൂളും പിന്നെ ഈ ഇരുനിലവീടും വലയം ചെയ്തിരിക്കുന്ന കാഴ്ചകളേക്കാൾ മനോഹരമായ, കാഴ്ചകളുടെ മറ്റൊരു ലോകം.
ചിലപ്പോൾ കാടിന്റെ വശ്യതയിലേക്കിറങ്ങിച്ചെല്ലുന്ന ദൃശ്യങ്ങളെങ്കിൽ മറ്റുചിലപ്പോൾ അതിന്റെ ഭയപ്പെടുത്തുന്ന ഏകാന്തതയായിരിക്കും അവൻ കാണിച്ചു തരിക. ചിലപ്പോളാകട്ടെ രാത്രിയുടെ സുന്ദരയാമങ്ങളെ ഒപ്പിയെടുത്തു കൊണ്ടൊരു യാത്ര. പച്ചപ്പട്ട് വിരിച്ച കൊയ്ത്തു പാടങ്ങളും കൊച്ചുകൊച്ച് മലനിരകളും, കുത്തിയൊലിക്കുന്ന കൈത്തോടുകളിലെ പരൽമീനുകളും അങ്ങനെയങ്ങനെ നിരവധി ദൃശ്യങ്ങൾ.
കാട്ടരുവിയിലെ നീർച്ചാലുകളെ തട്ടിത്തെറിപ്പിക്കുന്ന കാൽപാദങ്ങളെയും, മലമുകളിൽ തെന്നിനീങ്ങുന്ന മേഘക്കൂട്ടങ്ങളെ, എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന അവന്റെ കറുത്ത കരങ്ങളേയും കണ്ടപ്പോൾ അവന്റെ മുഖത്തിന് ഇരുനിറമായിരിക്കും എന്ന് ഞാൻ വെറുതെ കല്പിച്ചു കൂട്ടി.
ഒരിക്കലും അവനു നേരെ തിരിക്കാത്ത മൊബൈൽ ക്യാമറക്കണ്ണുകൾ, എന്നും എന്നെ അതിശയിപ്പിച്ചിരുന്നു. അവന്റെ ബൈക്കിന്റെ മുൻപിലുള്ള ചലിക്കുന്ന ദൃശ്യങ്ങൾ പകർത്താനാണവയ്ക്ക് ഏറെയിഷ്ടം. അത് പലപ്പോഴും ഞാനാണാ വണ്ടിയുടെ സാരഥി എന്ന് തോന്നിപ്പിച്ചിരുന്നു.
അവന്റെ യാത്രകൾ എന്റേത് കൂടിയാവുകയായിരുന്നു. പരിചയപ്പെട്ടയുടൻ സെൽഫികൾ ആവശ്യപ്പെടാറുള്ള മെസഞ്ചർ സന്ദേശങ്ങളിൽ എന്നെപ്പറ്റിയൊന്നും ചോദിച്ചറിയാതെ മുസാഫിർ വേറിട്ടുനിന്നു. ഞങ്ങൾ എന്നും ഫേക്ക് എന്ന മുഖംമൂടിക്കുള്ളിൽ തന്നെ ആ സൗഹൃദം തുടർന്നു.
'ഹാപ്പിയല്ലേ ആലംനൂർ?' എന്ന ചോദ്യവുമായേ അവൻ കടന്നു വരാറുള്ളൂ. യാത്രയിലാകുന്ന ദിവസങ്ങളിൽ മാത്രമേ അവന്റെ മെസഞ്ചർ സന്ദേശങ്ങൾ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നുള്ളൂ.
അപ്പോഴൊക്കെയും ആലംനൂർ എന്നതിന്റെ അർത്ഥം ഗൂഗിളിൽ തേടി ഞാൻ പരാജയപ്പെട്ടിരുന്നു. ചിലപ്പോൾ പ്രത്യക്ഷപ്പെടലുകൾ മാസങ്ങളോളം നീണ്ടു പോയിരുന്നു
'നീ ഹാപ്പിയല്ലേ ആലംനൂർ ?' എന്ന അടുത്ത സന്ദേശത്തിന്റെ കാത്തിരിപ്പിൽ പഴയ സന്ദേശങ്ങൾ വായിക്കുക എന്നതായി എന്റെ വിനോദം.
പലപ്പോഴും സിനിമാഗാനങ്ങളുടെ ഈരടികളായി അവന്റെ ശബ്ദസന്ദേശവുമെത്തിയിരുന്നു.
അവന്റെ ഈണത്തിന് തുടർച്ചയായി പാടാൻ തുടങ്ങിയതോടെയാണ് വരികളും ഈണങ്ങളും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. മൂളിപ്പാട്ടുകൾ വിരിയാൻ തുടങ്ങിയ ഏകാന്തമായ പകലുകൾ. എന്നിലെ മാറ്റങ്ങൾ എന്റെ ചുറ്റുമുള്ളവരിലും ഉന്മേഷം ഉണ്ടാക്കുന്നുണ്ട് എന്ന് അദ്ദേഹത്തിന്റെ കള്ള നോട്ടങ്ങൾ നിറഞ്ഞ ചേഷ്ടകളിൽ നിന്നും മോളുടെ കെട്ടിപ്പിടിച്ചുള്ള മുത്തങ്ങളിൽ നിന്നും മനസ്സിലാകുന്നുണ്ടായിരുന്നു.
അദ്ദേഹത്തിനും എനിക്കുമിടയിൽ കാലം തീർത്ത മൗനത്തിന്റെ മതിലുകൾ അലിഞ്ഞില്ലാതാവുന്നതും അറിയുന്നുണ്ടായിരുന്നു. പ്രണയവിവാഹമായിരുന്നിട്ട് പോലും എന്നോ അദൃശ്യമായി മാറിയ പ്രണയം ഞങ്ങൾക്കിടയിൽ വീണ്ടും ഉടലെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ബിസിനസ് യാത്രകളിൽ കൂടെ ചേർന്ന് ഞാനും, എന്റേതായ എല്ലാ വട്ടുകൾക്കും ചുക്കാൻ പിടിച്ചുകൊണ്ട് അദ്ദേഹവും കൗമാരത്തിലേക്ക് കടക്കുന്ന ഞങ്ങളുടെ മോളും ചേർന്ന എന്റെ ലോകം വീണ്ടും തിരിച്ചുപിടിക്കാനായതിന്റെ ആനന്ദമായിരുന്നു മനസ്സ് നിറയെ.
'ഹാപ്പിയാണോ ആലംനൂർ?' എന്ന അവന്റെ ചോദ്യങ്ങൾക്ക് 'അതെല്ലോ' എന്ന് മറുപടി അറിയിക്കാൻ ആവേശമായിരുന്നു പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ. ഓർഫനേജും, സ്കൂളും, വീടും നിറഞ്ഞ എന്റെ ത്രികോണലോകത്തിലെ കെട്ടുപിണഞ്ഞുകിടക്കുന്ന ചങ്ങലകൾ അവസാനിക്കുന്നതും ആരംഭിക്കുന്നതും എന്നിൽ തന്നെയാണെന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന്റെ കാരണമെന്ന് ബോധ്യപ്പെട്ട ദിവസങ്ങളിൽ ആലംനൂർ ന്റെ അർത്ഥത്തിന് വേണ്ടിയുള്ള എന്റെ ആകാംക്ഷ വർദ്ധിച്ചു.
മുസാഫിറിനോട് ആ വാക്കിനർത്ഥത്തിന് വേണ്ടി കേണപേക്ഷിച്ചെങ്കിലും അവനൊന്നും വിട്ടു പറയുന്നില്ലായിരുന്നു.
''ചില വാക്കുകൾ ഒന്നിച്ചു ചേരുമ്പോളാണ് അർത്ഥം പൂർണ്ണമാകുന്നത്. ഇതിന്റെ അർത്ഥം സമയമാവുമ്പോ നിനക്ക് മനസ്സിലാവും എന്ന മറുപടിയിലൊതുക്കി അവൻ വീണ്ടുമെന്നെ യാത്രകളിലേക്ക് നയിക്കും. അപ്പോഴും ആലവും നൂറും ഭൂമിയും ചന്ദ്രനും എന്ന രണ്ടു വാക്കുകളായി തന്നെ നിലകൊണ്ടു.
രണ്ട് വർഷത്തെ ആത്മബന്ധത്തിൽ ഒരിക്കലും അവനെന്നെക്കുറിച്ചോ, ഞാനവനെക്കുറിച്ചോ ഒന്നും അറിയാൻ ശ്രമിച്ചില്ല. അറിഞ്ഞതും പറഞ്ഞതുമെല്ലാം ഇഷ്ടങ്ങളെയും മോഹങ്ങളേയും കുറിച്ചായിരുന്നു. പാട്ട്, യാത്ര , മഴ ഏകാന്തത അങ്ങനെ ഞങ്ങളുടെ ഇഷ്ടങ്ങൾക്കും സാമ്യതകളേറെയായിരുന്നു.
യാത്രകൾ നമ്മളെയാണ് തിരഞ്ഞെടുക്കുന്നതെന്ന് അവൻ പലപ്പോഴും പറയാറുണ്ട്. ഹിമാലയൻ മലനിരകളിലേക്കൊരു യാത്രയാണ് തന്നെയിപ്പോ ഏറെ മോഹിപ്പിക്കുന്നത് എന്നും അവനാവേശത്തോടെ പറഞ്ഞിരുന്നു.
ആ ആവേശമായിരുന്നു ഞാൻ തന്നെ മറന്നു തുടങ്ങിയ എന്നിലെ സഞ്ചാരിയെയും ഉണർത്തിയത്. അതേ ആവേശമാണ് റൈഡിങ്ങിലേക്കും, ഡ്രൈവിങ്ങിലേക്കും, ബുള്ളറ്റ് ഗേൾസിലേക്കും ഒക്കെയെത്തിച്ചത്.
ഒറ്റയ്ക്കൊരു യാത്രയുടെ മോഹം പറഞ്ഞപ്പോൾ 'പരുന്തുംപാറയിലേക്ക്' എന്ന മുസാഫിറിന്റെ വാക്കുകളുടെ പുറകേ ഇറങ്ങി തിരിച്ചത്, അവനിവിടെ ഉണ്ടാവും എന്ന ഉറപ്പുള്ളത്കൊണ്ടാണ്. ഈ മലനിരകൾക്ക് മുകളിൽ ആലംനൂറിനെയും കാത്ത് മുസാഫിർ ഉണ്ടാവാതിരിക്കുന്നതെങ്ങനെ
പുകമഞ്ഞ് മൂടിയ മലഞ്ചരിവുകൾ താണ്ടാനായി വണ്ടി പാർക്ക് ചെയ്ത്, ചെങ്കുത്തായ മലയുടെ ഏറ്റവും മുകളിലേക്ക്.. ഉയരമണയുന്തോറും കിതപ്പിനൊപ്പം ശ്വാസഗതികളുടെ താളവുമേറി വരുന്നു. പ്രായം നാല്പതുകൾ താണ്ടിയിരിക്കുന്നു എന്ന ചിന്ത കാലുകളെ തളർത്തുന്നുണ്ട്. അപ്പോഴും നാല്പതുകളിലാണ് ജീവിതത്തിന്റെ രണ്ടാം ഘട്ടമാരംഭിക്കുന്നതെന്ന മുസാഫിറിന്റെ വാക്കുകൾ അവയ്ക്ക് വീണ്ടും ബലമേകി. എനിക്ക് മുസാഫിറിലേക്ക് എത്തിയേ മതിയാകുള്ളൂ. ഈ ഉയരങ്ങളുടെ അവസാനം അവനുണ്ട് ആലംനൂറിന്റെ പൂർണ്ണമായ അർത്ഥം എനിക്കിന്നവനിൽ നിന്നറിയണം.
ഒടുവിലിതാ ഈ യാത്രയുടെ അവസാനം അഥവാ ലക്ഷ്യസ്ഥാനം വന്നണഞ്ഞിരിക്കുന്നു. മെയ്മാസച്ചൂടിലും മൂടൽമഞ്ഞിനാൽ അനാവരണം ചെയ്തു നിൽക്കുന്ന അനേകം മൊട്ടക്കുന്നുകൾ, അതിനിടയിലൂടെ വെള്ളി വരകൾ പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. ആഴപ്പരപ്പിലേക്കെത്തിനോക്കാനാവാത്ത വിധം അഗാധമായ കൊക്കകൾ.
കാഴ്ചകൾ ഓർമ്മകളുടെ ഫ്രെയിമിലേക്ക് പകർത്താൻ എത്തിച്ചേർന്ന സഞ്ചാരികളും ധാരാളം . പക്ഷെ ആ കൂട്ടത്തിലൊന്നും പരിചിതമായ ആ കണ്ണുകളെ കണ്ടെത്താനായില്ല. അവനെന്നെത്തേടി വരുക തന്നെ ചെയ്യും എന്ന് ഞാനുറപ്പിച്ചു.
ഉദയകിരണങ്ങളെ പോലും കടത്തി വിടാൻ മടിച്ചുകൊണ്ട് നിൽക്കുന്ന മേഘക്കൂട്ടങ്ങളെ തട്ടി മാറ്റി, ആർത്തിരമ്പിയെത്തുന്ന കുളിർകാറ്റ്, ചെറിയ ഇടവേളകളിട്ട് പെയ്ത് പോകുന്ന മഴനൂലിഴകൾ എല്ലാം ചേർന്ന് മനോഹരമായ പ്രകൃതിയും എനിക്കൊപ്പം മുസാഫിറിനേയും കാത്തിരിപ്പായി.
മുകിലോളങ്ങൾക്കൊപ്പം തഴുകാനെത്തിയ കാറ്റിനെ ഒരു നിമിഷം കണ്ണുകളടച്ച് ഞാനെന്നിലേക്ക് ലയിപ്പിച്ചു. അതേ നേരത്താണ് ജാക്കറ്റിനുള്ളിലെ ഫോൺ ശബ്ദമുണ്ടാക്കി ചിലച്ചത്. ഒരു വേള സ്വപ്നത്തിൽ നിന്നുണർത്താനുള്ള മണിമുഴക്കമാണോ എന്ന് ഭയന്ന് കണ്ണുകൾ തുറക്കാൻ ഞാൻ മടിച്ചു. മൊബൈൽ വീണ്ടും ചിലച്ചപ്പോളാണ് സ്വപ്നമല്ല എന്ന തിരിച്ചറിവിൽ അതെടുത്ത് നോക്കിയത്. മുസാഫിറിന്റെ സന്ദേശങ്ങൾ ആയിരുന്നു അത്.
'' ആലംനൂർ ഇപ്പോ നീ ശരിക്കും ഹാപ്പി അല്ലേ?..നീ കാണുന്നില്ലേ പ്രകൃതി നിന്നെ സ്വന്തമാക്കിയത്. അതാ ഞാൻ പറഞ്ഞത്. യാത്രകൾ നമ്മളെയാണ് തിരഞ്ഞെടുക്കുന്നത്. നീ നിന്റെ വലത് ഭാഗത്തായുള്ള ആ മല കണ്ടോ? പറക്കാൻ വെമ്പി നിൽക്കുന്ന ഒരു പരുന്തിന്റെ രൂപം പോലൊരു പാറക്കെട്ട്. നിന്റെയുള്ളിലും ഉണ്ട് ചിറക് വിടർത്തി പറക്കാൻ കൊതിക്കുന്ന ഒരു മനസ്സ്. നീ ഇന്ന് ആ യാത്രയുടെ ആരംഭത്തിലാണ്. നീ കടുത്ത വിഷാദത്തിലായിരുന്നെന്ന് എനിക്കറിയാം. ലൈഫിനെ മറ്റൊരു വശത്ത്കൂടിയും നോക്കികാണണം എന്നും ഇപ്പോ നിനക്കറിയാം.
''The happiest journey of life and wisdom -ആലംനൂർ എന്ന വലിയ അർത്ഥം ...യാത്രകൾ ഇഷ്ടപ്പെടുന്ന എന്റെ പ്രിയ കൂട്ടുകാരി നിന്റെ യാത്രകൾ ഇവിടെ തുടങ്ങുന്നു...god bless you ...''
''മറ്റൊന്ന് കൂടി....നമ്മൾ ഫേക്കുകൾ ആയി സൗഹൃദം തുടങ്ങിയവരാണ് . ആ സൗഹൃദം മുഖംമൂടികൾക്കുള്ളിലെ അന്തരാത്മാക്കൾ തമ്മിലുള്ളതാണ്. ദി റിയൽ സോൾമേറ്റ്. പ്രണയത്തേക്കാൾ മഹത്തായ ആത്മബന്ധം അതങ്ങനെ തന്നെ ഇരിക്കട്ടെ. ഞാൻ പറഞ്ഞിരുന്നില്ലേ, എന്നെ മാടിവിളിക്കുന്ന ഹിമാലയത്തെക്കുറിച്ച് ഞാനിന്ന് ആ സ്വപ്ന യാത്രയിലാണ്. ആ യാത്രയിൽ നമുക്കിനിയും കണ്ടുമുട്ടാം...അത് വരെ ഖുദാ ഹാഫിസ് മേരെ ആലംനൂർ.'
സംശയങ്ങൾ മാത്രം ബാക്കിയായുള്ള ചോദ്യങ്ങളിൽ എന്നെ കുഴക്കിക്കൊണ്ട് അവന്റെ പച്ചവെളിച്ചം അണഞ്ഞിരുന്നു.
എന്നിലെ വിഷാദരോഗത്തെ ഞാൻ പറയാതെ തിരിച്ചറിഞ്ഞ മുസാഫിർ ആരായിരിക്കും? അർത്ഥമില്ലാത്ത ആലംനൂറിന് അർത്ഥം കല്പിച്ചു നൽകി സന്തോഷകരമായ ജീവിതയാത്രയിലേക്ക് നയിച്ച അവൻ, ഒരുപക്ഷെ.... എന്നെ തിരികെ കൊണ്ടു വരാൻ അദ്ദേഹം തയ്യാറാക്കിയ നാടകകഥയിലെ നായകനാണോ? അതോ ആദ്യമേ സംശയിച്ചത് പോലെ
ബാല്യത്തിൽ അകലേക്ക് പോയ്മറഞ്ഞ ഉറ്റ ചങ്ങാതിയാണോ?
ചോദ്യങ്ങൾ മാത്രമുള്ള പെണ്ണായി ഉത്തരങ്ങൾ തേടിയുള്ള യാത്ര ഇവിടെ ആരംഭിക്കുകയാണ്. മുസാഫിർ പറഞ്ഞത് പോലെ എന്നെ തിരഞ്ഞെടുത്ത യാത്രയിലേക്ക് ....
'The happiest journey of life begins here'
പുകമഞ്ഞ് നിറഞ്ഞ മനസ്സ് അപ്പോളും ആ മൂളിപ്പാട്ടിലായിരുന്നു
'മുസാഫിർ ഹും യാരോ....
നാ ഘർ ഹേ നാ... ഠികാനാ....
മുഝെ ചൽത്തേ ജാനാ ഹേ....ബസ്
ചൽത്തേ ജാനാ.....'
(അവസാനിച്ചു)
===============
ബിനിത
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo