Slider

*നിളയും ,ആകാശും പിന്നെ ചക്കപ്പുഴുക്കും

0
 Image may contain: 2 people, including Sajitha Anil, closeup
....................................
നിളയുടെ Fb യിൽ ഉള്ള അക്കൗണ്ട് ഓപ്പൺ ചെയ്തു നോക്കുകയായിരുന്നു ഞാൻ.
ഇനി ഈ ഞാൻ ആരാന്നു പറയാം....
രുക്മിണി , വയസ് 42 ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു..
വിശ്വേട്ടൻ എന്നെ വിളിക്കുന്നത് രുക്കു എന്നാണ്..
ഈ വിശ്വേട്ടൻ മറ്റാരുമല്ല എന്റെ പതിപരമേശ്വരനാണ്. വിശ്വനാഥൻ വയസ് 48, വാട്ടർ അതോറിട്ടിയിൽ ജോലി ചെയ്യുന്നു..
ഞങ്ങൾക്ക് ഒരു മകൾ ണ്ട് ഗായത്രി. കർണ്ണാടകയിൽ MBBS ന് പഠിക്കുന്നു..
രുക്മിണിയായ ഞാൻ എന്തിനാണ് നിളയുടെ Fb അക്കൗണ്ട് ഓപ്പൺ ചെയ്തു നോക്കണത് എന്നല്ലെ നിങ്ങൾ ചിന്തിക്കുന്നത്?
പറയാം , ഞാൻ തന്നെയാണ് നിള എന്ന പേരിൽ ഒരു അക്കൗണ്ട് Fb യിൽ ക്രിയേറ്റ് ചെയ്തത്..
നിള, വയസ് 22, Studying BTec..
വെറുതെ ഒരു നേരം പോക്കിന് തുടങ്ങിയതാ..
പക്ഷേ ഇപ്പൊ frnds ന്റെ എണ്ണം 1000 കഴിഞ്ഞു..
എന്നാ രുക്മിണിക്കാകട്ടെ വെറും 150 പേർ..
പാവം രുക്കു....
നിളയുടെ in box ൽ മെസേജ്സിന്റെ ബഹളം...
അതിൽ കോട്ടയത്ത് നിന്നുള്ള ഒരു ചേട്ടൻ നിള എന്ന പേരിന്റെ മഹത്വത്തെക്കുറിച്ച് വളരെ വാചാലമായി എഴുതിയിരിക്കുന്നു..
കോട്ടയത്തു കൂടി ഒഴുകുന്ന നിളയുടെ തീരത്ത് കൂടി യാത്ര ചെയ്യുമ്പോ ആ ചേട്ടൻ നിളയെന്ന, എന്നെ ഓർക്കാറുണ്ടത്രേ...
പാവം,,, കോട്ടയത്ത് കൂടി ഒഴുകുന്നത് നിളയല്ല ചേട്ടാ മീനച്ചിലാറാവും എന്നു പറയണമെന്ന് ആദ്യം തോന്നിയതാ ,പിന്നെ വേണ്ടാന്ന് വച്ചു..
നിള എവിടെ കൂടി വേണേലും ഒഴുകിക്കോട്ടെന്നേ നമുക്ക് എന്നതാ..
അനന്തപുരിയിൽ കുടി ഒഴുകുന്നതിലും എനിക്ക് ഒരു വിരോധവുമില്ല..
ആ ചേട്ടന് വേറൊരു അഭിപ്രായം കൂടി ഉണ്ട് .
എന്റെ profile പിക്ചർ Red Rose ന് പകരം ന്റെ ചിത്രം ആക്കി കൂടെയെന്ന്...
ന്യായമായ ആവശ്യമാണ്..
തൽക്കാലം ഇങ്ങനെ തന്നെ പോകട്ടെ എന്ന് ചേട്ടനെ പറഞ്ഞ് സമാധാനിപ്പിച്ചു..
ഇപ്പൊ ഒരു പുതിയ സുഹൃത്തിനെ കിട്ടിയിട്ടുണ്ട്-
ആകാശ് ,
വയസ് 27,
എറണാകുളത്ത് ഉള്ള ഒരു ഐടി കമ്പനിയിൽ വർക്ക് ചെയ്യുന്നു...
software എഞ്ചിനീയർ..
ആകാശേട്ടൻ മാന്യനാണ്..
മാന്യതയുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നു കൊണ്ട് മാത്രമേ നിളയുമായി ചാറ്റാറുള്ളൂ...
അതു കൊണ്ട് തന്നെ നിളക്കും ആകാശിനെ ഇഷ്ടായിരുന്നു...
അങ്ങനെ ഞാനെന്ന നിളയും ആകാശും നല്ല സുഹൃത്ത് ക്കൾ ആയി മാറി.
മറ്റുള്ള ചേട്ടൻമാർക്കൊന്നും Msgs ന് മറുപടി കൊടുത്തില്ലെങ്കിലും ആകാശേട്ടന് മറുപടി കൊടുക്കുമായിരുന്നു...
എന്റെ ഓഫീസിലുള്ള Male Stafs ൽ ഭൂരിഭാഗവും ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ നിളയുടെ friends ആയി മാറി..
പക്ഷേ രുക്മിണിക്ക് അവരിൽ കുറച്ച് പേർ മാത്രമേ ഫ്രണ്ട്സായി ഉണ്ടായിരുന്നുള്ളൂ..
സ്വതവേ മാന്യനെന്ന് തോന്നിപ്പിക്കുന്ന മാനേജർ സണ്ണി ചെറിയാൻ നിളയുടെ ക്ലോസ് ഫ്രണ്ടായി മാറി..
ഒരു ചായ പോലും കുടിച്ചോ എന്ന് ഒരിക്കൽ പോലും എന്നോടു ചോദിച്ചിട്ടില്ലാത്ത മാനേജർ നിളയോട് വളരെ കൃത്യമായി അപ്പ്പ്പോ ചോദിക്കാറുണ്ട്, ചായ കുടിച്ചോ dear,
ഇന്ന് ബ്രേക്ക്ഫാസ്റ്റിന് എന്തായിരുന്നു?
ഉച്ചക്ക് Special എന്നതാ? അങ്ങനെ പോകുന്നു ക്ഷേമാന്വേഷണം...
ഹൊ ഇവർക്കൊക്കെ എന്താ
ഉത്തരവാദിത്വമ്പോധം.. സമ്മതിക്കണം..
ഈ സാംസ്കാരിക കേരളത്തിലെ പുരുഷ കേസരികൾ പെൺകുട്ടികളുടെ കാര്യങ്ങളിൽ എത്ര ശുഷ്കാന്തിയുള്ളവരാണ് !
ഓഫീസിലെ പ്രകാശും അജയനുമൊക്കെ *മോളു* വെന്നാ നിളയെ വിളിക്കണത്....
രാവിലെ ഓഫീസിൽ വച്ച് അവരെയൊക്കെ കാണുമ്പോ എനിക്ക് ശരിക്കും ചിരി വരും..
ദോഷം പറയരുതല്ലോ
മാന്യൻമാരാന്നേ അവർ...
ഒരു ദിവസം പതിവ് പോലെ ഞാൻ ഓഫീസിൽ എത്തിയിട്ട് ,കുറച്ച് സമയം കഴിഞ്ഞ് മൊബൈലെടുത്ത് നെറ്റ് ഓൺ ചെയ്തു..
അപ്പഴാണ് മ്മടെ സോഫിയകൊച്ച്( ഓഫീസിലെ സുന്ദരി സ്റ്റാഫ്) മാനേജർടെ റൂമിലേക്ക് പോകുന്നത് കണ്ടത്..
മാന്യനായ സണ്ണി ചെറിയാന് സോഫിയയെ കാണുമ്പോ ഒരുചെറിയ ഇളക്കമൊക്കെയുണ്ട്..
ഞാൻ (നിള) മാനേജർക്ക് മെസേജ് ചെയ്തു..
"Hai സണ്ണിച്ചാ എന്ത് ചെയ്കയാ.?"
"അൽപ്പം തിരക്കാണ് dear .
പിന്നെ വരാട്ടോ.. ''
മറുപടി ...
ഹും,
പിന്നെ ഇയാൾടെ തിരക്ക് എന്നതാന്ന് എനിക്കറിയാം .
അങ്ങനെ അല്ലറ ചില്ലറ ചാറ്റിംഗ് ഒക്കെയായി ആ ദിവസം കടന്നു പോയി..
പിറ്റേ ദിവസം ഞായാറാഴ്ചയായിരുന്നു... ഷുഗറിന് ചക്ക നല്ലതാന്ന് പറഞ്ഞ് വിശ്വട്ടന്റെ അമ്മ രാവിലെ തന്നെ ചക്കപ്പുഴുക്കും, ചക്കപ്പഴവും കൊണ്ട് വീട്ടിൽ വന്നു.. (അല്ലേലും ചക്കയ്ക്കിപ്പൊ നല്ല കാലമാണല്ലോ)
അന്ന് പകൽ മൊബൈലിന് അവധി നൽകിയിട്ട് അമ്മയോട് സംസാരിച്ചുകൊണ്ടിരുന്നു.
വിശേഷങ്ങളൊക്കെ പറഞ്ഞ് തീർക്കാനുണ്ടായിരുന്നു ഞങ്ങൾക്ക് രണ്ടാൾക്കും.
നന്നായിട്ട് ചക്കപ്പുഴുക്ക് കഴിച്ചതു കൊണ്ടാവാം വയറിന് നല്ല സുഖം തോന്നിയില്ല..
എന്നാലും രാത്രി കുറച്ച് ഭക്ഷണമൊക്കെ ( അത്താഴം അത്തിപ്പഴത്തോളം എന്നല്ലോ ചൊല്ല്) കഴിച്ചിട്ട് മോളെ ഒന്നു വിളിച്ചതിനു ശേഷം ,നിളയുടെ A/c Open ചെയ്തു..
അതാ in box ൽ മെസേജ് സിന്റെ പെരുമഴ.. എന്നെ കാണാത്തതിലുള്ള വിഷമമാണെല്ലാവർക്കും... പാവങ്ങൾ!
ആകാശേട്ടൻ ലൈനിൽ വന്നു..
പരിഭവമായിരുന്നു ഞാനിതുവരെ ഓൺലൈനിൽ വരാത്തതിന് !
ഞങ്ങൾ എല്ലാവരും കൂടി ഒരു സുഹൃത്തിന്റെ വീട്ടിൽ പോയിരുന്നുവെന്നൊരു നുണ വച്ച് കാച്ചി ഞാൻ..
''നല്ല നിലാവുള്ള രാത്രി.. ആകാശേട്ടൻ ഒരു കവിത അയച്ചു.. "
"ചന്ദ്രിക പാൽ പുഞ്ചിരിത്തൂകി നിൽക്കുന്നൊരീ രാവിൽ,
നിൻകരവും പിടിച്ച് നിളാതീരത്തുലാത്തുവാൻ
എൻ മനം തുടിക്കുന്നു..
വരൂ പ്രിയെ ,എന്നരികിൽ..
തുടരാം നമുക്കീ ജീവിതയാത്ര, സങ്കൽപ്പരഥത്തിലേറി.... "
നല്ല ഭാവനാസമ്പുഷ്ടമായ വരികൾ.. പക്ഷേ വയറ് വേദന കാരണം അതങ്ങട് ആസ്വദിക്കാൻ കഴിഞ്ഞില്ല..
"ആകാശേട്ടാ വയറിന് നല്ല സുഖമില്ല, ഫ്രണ്ടിന്റെ വീട്ടിൽ നിന്ന് ചക്കപ്പുഴുക്ക് കഴിച്ചു അതാവും...."
അതും പറഞ്ഞ് of line ആകാൻ പോയപ്പൊ അവിടിന്നും ദാ വരുന്നു Msg..
"എനിക്കും വയ്യ നിളാ,, അമ്മയിന്ന് ഇവിടെയും ചക്കപ്പുഴുക്കുണ്ടാക്കി .."
"ഞാനൊരുപാട് കഴിച്ചു... so എനിക്കും ണ്ട് വയറുവേദന.. ഒരു Ginger T കുടിക്കട്ടെ..
നാളെ കാണാ ട്ടോ.. Tc
Cu , 2Moro... "
ഹൊ രക്ഷപ്പെട്ടു എന്നു കരുതി ഞാൻ റൂമിലേക്ക് പോകാൻ തുടങ്ങിയപ്പൊ വിശ്വേട്ടൻ വരുന്നു..
"രുക്കൂ,,
ഒരു Ginger T ഉണ്ടാക്ക് എനിക്ക് വയറ് നല്ല വേദന ണ്ട്..."
ങ്ങേ... ഞാനന്തം വിട്ടു. പോയി .. ആകാശേട്ടൻ.......
"ഹും അപ്പം ഇത്രയും ദിവസം ആകാശേട്ടനായി അവതരിച്ചിരുന്നത് വിശ്വേട്ടനായിരുന്നു. !'.
"ഒരു മൂളിപ്പാട്ടു പോലും പാടാത്ത മനുഷ്യൻ കവിത എഴുതിയിരിക്കുന്നു... "
" നിളാ തീരത്ത് ഉലത്താൻ മോഹമത്രേ !
ശരിയാക്കിത്തരാം ഞാൻ..."
പെട്ടെന്ന് തന്നെ ഞാൻ മൊബൈൽ എടുത്ത് നിളയുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു..
ഇനി സണ്ണി ചെറിയാനും ,പ്രകാശനും അജയനും, കോട്ടയത്തെ ചേട്ടനും ഒക്കെ പോയി തുലയട്ടെ...
ആകാശേട്ടൻ നിളാതീരത്ത് പോയ് ആകാശം നോക്കി പാടി പാടി നടക്കട്ടെ..
ഹല്ല പിന്നെ എന്നോടാ കളി....
എന്തായാലും ജിഞ്ചർ T ഉണ്ടാക്കാൻ വേണ്ടി കിച്ചനിലേക്ക് പോയി..
നല്ല Strong ആയിട്ട് ജിഞ്ചർ T ഉണ്ടാക്കി ആകാശേട്ടന് അല്ല വിശ്വേട്ടന് കൊടുത്തു.
ഒപ്പം എനിക്കും ഉണ്ടാക്കി ഒരു ഗ്ലാസ്... എന്നിട്ട് ഞങ്ങൾ രണ്ടാളും സിറ്റൗട്ടിൽ പോയിരുന്നു..
നല്ല നിലാവൊളി തൂകുന്നുണ്ടായിരുന്നു..
ഞാൻ വിശ്വേട്ടനെ നോക്കി പറഞ്ഞു...
"ചന്ദ്രിക പാൽ പുഞ്ചിരിത്തൂകി നിൽക്കുന്നൊരീ രാവിൽ
നിൻകരവും പിടിച്ചു,
നിളാതീരത്തുലാത്തുവാൻ
എൻ മനം തുടിക്കുന്നു വരൂ പ്രിയനെ,
എന്നരികിൽ,
തുടരാം നമുക്കീ ജീവിതയാത്ര
സങ്കൽപ്പരഥത്തിലേറി...... ''
വിശ്വേട്ടൻ അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ എന്നെ നോക്കി....
പിന്നെ ആ മുഖത്ത് മിന്നി മറഞ്ഞ രസങ്ങൾ എത്രയെന്ന് എണ്ണുവാൻ എനിക്കായില്ല....
# *സജിത അനിൽ*
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo