നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കളർ

Image may contain: 1 person, smiling, beard, eyeglasses and closeup
ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ...
കോടിയുടുത്തല്ലോ ഉണ്ണി ചാടി മറഞ്ഞല്ലോ.....
അത്യാവശ്യം കൊള്ളാവുന്ന ശബ്ദത്തിലും ഈണത്തിലും ഒരു മിടുക്കി കുട്ടി, പാട്ടു പാടുകയാണ്...
ഇതിനിടെ വഴിയരികിൽ നിർത്തിയിട്ട കാറിലിരിക്കുന്ന എന്റെ അടുത്തേക്ക് വന്ന വിജയൻ ചേട്ടനോട് ഞാൻ ചോദിച്ചു..
"ചേട്ടാ... ഇനി എത്ര നേരം കൂടി ഞാൻ ഇതിനാത്ത് ഇരിക്കണം? ഞാൻ വന്ന് അവിടെ എവിടെയെങ്കിലും ഇരിക്കാം... ആ പ്രോഗ്രാം എങ്കിലും കാണാലോ..."
(നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് നല്ല ഉറക്കത്തിൽ കിടന്ന എന്നെ വീട്ടിൽ ആരും ഇല്ലാത്ത തക്കം നോക്കി കോളിംഗ് ബെൽ തുടർച്ചയായി അടിച്ച് ഉണർത്തി ഒരുപകാരം ചെയ്യാമോ എന്ന് ചോദിച്ച്, ഞാൻ സമ്മതിക്കും മുൻപേ തന്നെ പല്ല് തേച്ചത് പോലെയും ടോയ്‌ലറ്റിൽ പോയത് പോലെയും ഭക്ഷണം കഴിച്ചത് പോലെയും അഭിനയിപ്പിച്ച് വീട്ടിൽ നിന്നും പൊക്കി ഒരു പൂക്കളമത്സരം ജഡ്ജ് ചെയ്യാൻ വീടിനടുത്തുള്ള ഒരു കവലയിൽ കൊണ്ട് വന്നിരിക്കുകയാണ്.....
ഞാൻ ആവുമ്പാട് പറഞ്ഞു...
"എന്റെ പൊന്നു ചേട്ടാ... എനിക്ക് ഒരു ഐഡിയയും ഇല്ലാത്ത കേസാ...
മാത്രല്ല, എനിക്ക് കളർ ശരിക്ക് അറിയാമ്പാടില്ല... പൂക്കളം ഞാൻ ജഡ്ജ് ചെയ്താ ശരിയാവില്ല."
ഇത്രേം പണിയെടുത്ത് നിന്നെ എണീപ്പിച്ചു പ്രോഗ്രാമിന് കൊണ്ട് വരാൻ പറ്റുമെങ്കിൽ നിന്നേക്കൊണ്ട് ജഡ്ജ് ചെയ്യിക്കാനും എനിക്കറിയാം എന്ന മട്ടിൽ എന്നെ നോക്കി വിജയൻ ചേട്ടൻ ഒരു ചിരി ചിരിച്ച് പറഞ്ഞു..
"അതൊന്നും സാരമില്ലെടാ.. ഇതിപ്പോ ഇന്റർനാഷണൽ മത്സരം ഒന്നും അല്ലല്ലോ... നീ മൊത്തത്തിൽ ഒന്ന് നോക്കുക.. കൂട്ടത്തീ കൊള്ളാവുന്നത് നോക്കി ഒറ്റ മാർക്ക് അങ്ങ് വെച്ച് കൊടുത്തേക്കുക. അത്ര തന്നെ... കളർ ഒന്നും നോക്കണ്ട."
പിന്നെ അൽപ നേരം എന്നെ നോക്കി നിന്ന ശേഷം, ഒരു സംശയത്തോടെ, പുള്ളി ആരോ ഗൾഫിൽ നിന്ന് വന്നപ്പോ കൊടുത്തിട്ട് പോയ ഒരു ഊള നിറമുള്ള സ്വന്തം കൈലിയുടെ ഒരു തുമ്പ് പൊക്കി എന്നെ കാണിച്ച് ചോദിച്ചു...
"നിനക്ക് ശരിക്കും കളർ അറിയാൻ മേലെ? ഇതേതാ കളർ എന്ന് പറഞ്ഞെ?"
കുട്ടികൾ വെളിക്കിറങ്ങിയ പോലത്തെ ആ നിറം കണ്ട് വായുടെ അറ്റത്തു വരെ വന്ന ഓക്കാനം അടക്കി ഞാൻ പറഞ്ഞു.
"മഞ്ഞ"
"ആ... നിനക്ക് ഒരു കൊഴപ്പോം ഇല്ല. ബാ..."
അങ്ങനെ പൊക്കി കൊണ്ടുവന്ന് പ്രോഗ്രാം നടക്കുന്ന സ്റ്റേജിന്റെ അല്പം അകലെ മാറ്റി കാർ നിർത്തിയതിനടുത്തേക്കാണ് വിജയൻ ചേട്ടൻ വന്നതും ഞാൻ ഈ ചോദ്യം ചോദിച്ചതും...)
"നീ അവിടെ ഇരിക്കെടാ... ഞാൻ ഈ പാട്ട് മത്സരം കഴിയുമ്പോ മൈക്ക് എടുത്ത് നല്ല ബിൽഡപ്പ്‌ ഒക്കെ കൊടുത്ത് വിളിക്കും. അപ്പോ അകത്തേക്ക് വന്നാ മതി.
ഗമ ഒട്ടും കുറയ്ക്കരുത്. നാട്ടിലെ ഒരേയൊരു എഴുത്തുകാരനും പത്രക്കാരനും ഒക്കെയാ നീ. അത് മറക്കണ്ട."
"പത്രക്കാരൻ അല്ല ചേട്ടാ... പത്ര ജീവനക്കാരൻ.."
"പിന്നെ... അതൊന്നും ഇവിടെ പ്രസക്തമല്ല. നീ ഇവിടെ അടങ്ങി ഇരിക്കർക്കാ.."
ഒരു പ്രൈമറി ഹെൽത്ത് സെന്ററിന്റെ ഷീറ്റ് മേഞ്ഞ് ടൈൽ വിരിച്ച മുറ്റം ആണ് മത്സരവേദി.
ഒറ്റ നോട്ടത്തിൽ ആറ് പൂക്കളം ഉണ്ട്. ആറു പ്രത്യേകം തിരിച്ച ഭാഗങ്ങളിൽ ആയി ഇട്ടിരിക്കുന്നു. കുറ്റം പറയാനില്ല. അവൈലബിൾ സാഹചര്യങ്ങളിലെ ഏറ്റവും മനോഹരങ്ങളായ പൂക്കളങ്ങൾ. ഞാൻ കമ്മിറ്റി അംഗങ്ങളോടൊപ്പം പൂക്കളങ്ങൾക്കിടയിലൂടെ നടന്ന് ഓരോന്നായി മാർക്കിട്ടു. എത്ര പ്രാവശ്യം നോക്കിയിട്ടും ആദ്യത്തെ പൂക്കളത്തിന്റെ അത്ര ഭംഗി മറ്റൊന്നിനും ഇല്ലാത്ത കൊണ്ട് അതിനു മാത്രം പത്തിൽ ഒൻപത് മാർക്കിട്ടു. ബാക്കി എല്ലാത്തിനും 7 മുതൽ താഴോട്ട് മാർക്കുകളും.
മാർക്ക് ഷീറ്റ് കൈമാറാൻ തുനിയവെ, വിജയൻ ചേട്ടൻ എന്നെ ഹെൽത്ത് സെന്ററിന്റെ ഉമ്മറത്തെ വരാന്തയിലേക്ക് വിളിച്ചു. വിശിഷ്ട വ്യക്തികളെ കസേര നൽകി ഇരുത്താനോ മറ്റോ ആയിരിക്കും എന്ന മട്ടിൽ, ഞാൻ ജനിച്ച അന്ന് മുതൽ കാണുന്ന ആളുകൾക്കിടയിൽ കൂടി കട്ട ജാടയിൽ ഞാൻ വരാന്തയിലേക്ക് കയറി.
ദേ കിടക്കുന്നു ഇനിയും ഒരു പൂക്കളം കൂടി. ഏഴാമത് ഒരെണ്ണം!
അല്പം ഒന്ന് പതറി എങ്കിലും ഞാൻ പൂക്കളം സൂക്ഷ്മമായി ഒന്ന് നിരീക്ഷിച്ചു. ഒരുപാട് തരം പൂക്കൾ ഇട്ടിട്ടുണ്ട്. മാത്രമല്ല, നാട്ടിൽ അന്യം നിന്ന് പോയ അരിപ്പൂ, കൊങ്ങിണിപ്പൂ, പിന്നെ അക്കേഷ്യയുടെ പൂ, എന്നിവയും ഇറച്ചിപ്പൂ എന്ന പൂവും, ഹനുമാൻ കിരീടം, വട്ടപ്പെരു എന്നിവ കൂടാതെ കാക്കപ്പൂവും തുമ്പപ്പൂവും സമൃദ്ധിയായി....
നോസ്റ്റാൽജിഫൈഡ് ആയ ഞാൻ, പത്ത് മാർക്ക് കൊടുക്കാൻ എന്റെ ഈഗോ അനുവദിക്കില്ലാത്ത കാരണം ഒൻപത് മാർക്ക് കൊടുത്തു. അപ്പോ അതാ വേറെ ഒരു പ്രശ്നം. കാണാൻ മാത്രം തെറ്റില്ലാത്ത ഒരു പൂക്കളത്തിന് ആൾറെഡി ഒൻപത് കൊടുത്തിരിക്കുന്നു. ഒട്ടും മടിച്ചില്ല. ഒൻപത് കരകുര വെട്ടി. എട്ടാക്കി. ഞാൻ ആണ് വെട്ടിയത് എന്ന് മനസ്സിലാക്കാൻ കൂടെ ഒരു ഒപ്പും ഇട്ടു.
പിന്നെ, ജഡ്ജ്മെന്റ് കൈമാറി എല്ലാവരെയും കൈ വീശിക്കാണിച്ച് കാറിൽ കയറി വീട്ടിൽ പോയി.
മഹാ നവമിയുടെ തലേന്ന് ഫുൾ നൈറ്റ് കഴിഞ്ഞ് വന്ന് അവധിയൊന്നും ബാധകമല്ലാതെ ബോധം കെട്ട് ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്നെ വീണ്ടും കോളിംഗ് ബെൽ അടിച്ച് ആരോ വിളിച്ചുണർത്തി.
വീണ്ടും വിജയൻ ചേട്ടൻ!
ഇത്തവണ കാർ ഇല്ല. ഒരു സൈക്കിളിൽ ആണ് വന്നിരിക്കുന്നത്. വളരെ ദയനീയ ഭാവം മുഖത്ത്. ആരോ മരിച്ച വിവരം പറയാൻ വന്ന പോലെ തോന്നും...
"എന്താ ചേട്ടാ.."
"എടാ.. നീ നമ്മുടെ കവല വരെ ഒന്ന് വരണം. അവിടെ ഒരു പ്രശ്നം ഉണ്ട്."
എന്റെ മനസ്സിൽ സന്തോഷം ഇരച്ചു കയറി. അങ്ങനെ സ്വന്തം നാട്ടിൽ ഒറ്റ പൂക്കള മത്സരത്തോടെ ഞാൻ പ്രമുഖൻ ആയിരിക്കുന്നു.... എന്തോ ഒരു പ്രശ്നം തീർക്കാൻ എന്നെ മദ്ധ്യസ്ഥം പറയാൻ വിളിക്കാൻ വന്നിരിക്കുകയാണ്...
"എവിടെയാ ചേട്ടാ പ്രശ്നം? ഞാൻ ദേ ഈ തുണി ഒന്ന് മാറ്റി അങ്ങോട്ട് എത്താം... അഞ്ചു മിനിറ്റ്.."
"നീ ആ കവലയിൽ പ്രൈമറി ഹെൽത്ത് സെന്ററിൽ വന്നാ മതി. ഞാൻ അവിടെ കാണും."
"ഓക്കേ."
സെന്ററിൽ ഞാൻ ചെല്ലുമ്പോൾ വിജയൻ ചേട്ടൻ ഗേറ്റിനടുത്ത് നിൽക്കുന്നുണ്ട്. എന്നെ കണ്ടതും പുള്ളി ഓടി വന്ന് എന്നെ വിളിച്ച് അകത്തേക്ക് കൊണ്ട് പോയി. അവിടെ വരാന്തയിൽ ഏതോ വനിതാ കൂട്ടായ്മയുടെ ഒരു യോഗം നടക്കുകയാണ്... എന്നെ കണ്ടതും യോഗ നടപടികൾ നിർത്തി അംഗങ്ങൾ എന്നെ നോക്കി.
എന്താ പ്രശ്നം എന്ന് എനിക്ക് ചോദിക്കാൻ സാധിക്കും മുൻപേ തന്നെ വിജയൻ ചേട്ടൻ ചീറിക്കൊണ്ട് അവരുടെ നേരെ ചെന്നു. പിന്നെ ഉറക്കെ ആക്രോശിച്ചു.
"ചോദിക്ക്...
ഇവനോട് ചോദിക്ക്..
ആരാ മാർക്ക് തിരുത്തിയത് എന്ന് ഇവനോട് ചോദിക്ക്...
കുത്തി വരച്ചതാണോ ഒപ്പിട്ടതാണോ എന്ന് ഇവനോട് ചോദിക്ക്...
ആർക്കാ പൂക്കളത്തിന് ഫസ്റ്റ് എന്ന് ഇവൻ പറയട്ടെ.."
ടോം ആൻഡ് ജെറിയിലെ കടിയൻ പട്ടിയുടെ മുന്നിൽ പെട്ട ടോമിനെ പോലെ നിൽക്കുന്ന എന്നെയും കൂട്ടായ്മ അംഗങ്ങളെയും മാറി മാറി നോക്കി ഗദ്ഗദകണ്ഠനായി വിജയൻ ചേട്ടൻ തുടർന്നു...
"എന്നാലും എന്റെ ഭാര്യയെ നിങ്ങടെ ഇലക്ഷന് തോപ്പിച്ചത് ഞാൻ മൈൻഡ് ചെയ്യുന്നില്ല... നിങ്ങള് സത്യം മനസ്സിലാക്കണം... യഥാർഥ തെറ്റുകാരനെ നിങ്ങള് മനസ്സിലാക്കണം... നമുക്കിനീം ഈ നാട്ടിൽ ജീവി..................."
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot