Slider

ഒരു നുണക്കഥ

0
 Image may contain: 1 person
നാട്ടിൽ ലീവിന് വന്ന സമയത്ത് ഉമ്മറത്ത് മഴയും നോക്കി ഇരിക്കുമ്പോഴാണ്.ആറാം ക്ലാസ്സിൽ പഠിക്കുന്ന മോൻ വന്നു പറയുന്നത് .
"വാപ്പൊ നമുക്ക് പുറത്തു പോയി ഒരു ചായ കുടിച്ചാലോ".
"അതെന്താടാ വീട്ടിലെ ചായ നിനക്കു പിടിക്കുന്നില്ലേ"
"അതല്ല എന്നും ഇതു തന്നെ അല്ലേ കുടിക്കുന്നെ .ഇടക്കു പുറത്തു നിന്നും കുടിക്കാലോ?
"നീ ആളു കൊള്ളാലോ ഉമ്മ കേൾക്കണ്ട .നീ പുറത്തു പോയി ചായയൊക്കെ കുടിക്കാറായ" .
"എന്നും പറയുന്നില്ലല്ലോ .വാപ്പ ഉള്ളപ്പോഴല്ലേ പുറത്തു പോകാൻ പറ്റൂ".
"അതെന്താ നിനക്കിപ്പോ പുറത്തു പോയി ചായ കുടിക്കാൻ തോന്നാൻ കാരണം" .
"ഒന്നുല്ല .നല്ല മഴയല്ലേ .. പുറത്തു പോയി ചായയൊക്കെ കുടിച്ചു .ചായ ഗ്ലാസിന്റെ ഫോട്ടവും ജോണ്സണ് മാഷിന്റെ പാട്ടും വെച്ചു അന്തസ് എന്നും പറഞ്ഞു വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇടാലോ" ...
അവന്റെ സംസാരം കേട്ടു ഞാൻ ഞെട്ടി ." നീ ആറാം ക്ലാസ്സിൽ തന്നയല്ലെ പടിക്കുന്നെ" .നിനക്കിതൊക്കെ ആരാ പറഞ്ഞു തരുന്നെ .
"ഇതൊന്നും ആരും പറഞ്ഞു തരണ്ട ..ഇനിക്കു ഇതൊക്കെ അറിയാം .ദുൽഖർ സൽമാൻ സിനിമയിൽ പറയുന്നുണ്ടല്ലോ" ...
"വാപ്പാടെയല്ലേ മോൻ ഇങ്ങനൊയൊക്കെ തന്നെയല്ലെ വരു "
കേട്ടുവന്ന ഭാര്യ ഇനിക്കിട്ടു വെച്ചു
"എന്നാൽ നമുക്കു പുറത്തു പോകാട ...അതുമാത്രമല്ല നിനക്കു ഞാനിന്ന് ഒരു കഥ പറഞ്ഞു തരാം" .അതുംപറഞ്ഞു ഞാൻ അവളെ ഇടം കണ്ണിട്ടു നോക്കി.
"നിങ്ങൾ ഇനി ചെക്കനേയും ചീത്തയാക്കോ ".
"അതെന്താടി അങ്ങനെ പറഞ്ഞേ ഞാൻ ചീത്തയാണോ" .
"ഞാൻ ഒന്നും പറഞ്ഞില്ലേ " അതും പറഞ്ഞു അവൾ ഉള്ളിലേക്കു പോയി.
ഞങ്ങൾ നേരെ മൊയ്‌ദുവിന്റെ ചായക്കടയിലേക്ക് വിട്ടു.
നമുക്ക് പൊറോട്ട കഴിച്ചാലോ ഞാൻ അവനോട് ചോദിച്ചു.
"വാപ്പാക്കെന്താ പൊറോട്ട ഇത്ര ഇഷ്ടം".
"വാപ്പ എപ്പോൾ വന്നാലും ഉമ്മയെക്കൊണ്ട് പൊറോട്ട ഉണ്ടാക്കി കഴിക്കലാണല്ലോ" .
അതൊരു കഥയാണ്. നിനക്ക് കേൾക്കണോ
പറ വാപ്പോ.. കഥയല്ലേ കേട്ടോളാം.
പണ്ട് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം.
**********************
ക്രീം കുറേ തേച്ചിട്ടും മുഖത്തിനൊരു തെളിച്ചമില്ല. ടീവി യിലെ പരസ്യത്തിൽ കാണുന്ന പെണ്ണ് ഇത് തന്നെയല്ലെ തേക്കുന്നെ. അവളുടെ മുഖത്തു എന്തു തെളിച്ചമാ. നമ്മുടെ മുഖത്തു മാത്രം തേച്ചാൽ ഒരു വിത്യാസമില്ല.
ഈ മുഖം കൊണ്ട് ബീവാത്തുനോട് ഇഷ്ടം പറയാൻ ചെന്നാൽ ബീവാത്തു ആട്ടിയോടിക്കും.
ഇന്ന് സ്കൂളിൽ പൂക്കൾ മത്സരമാണ്. ക്ലാസിലെ സുന്ദരിയും അദ്രുക്കാടെ മോളുമായ ബീവാത്തുനോട് ഇനിക്കൊരു ഇഷ്ടം. ബീവാത്തു എന്നത് അവളുടെ വീട്ടിലെ വിളിപ്പേരാണ് കേട്ടോ .അവളോട് ഇതു വരെ ഇഷ്ട്ടമാണെന്ന് പറഞ്ഞട്ടില്ല. ഇന്നാണ് ഇഷ്ട്ടം പറയാൻ പറ്റിയ ദിവസം.
പക്ഷെ ഇരു നിറമുള്ള എന്നെ വെളുത്തു തുടുത്തിരിക്കുന്ന അവൾ ഇഷ്ട്ടപ്പെടില്ല എന്നാണ്.... എന്റെ കൂട്ടുകാരൻ മൊയ്‌ദു പറയുന്നത്.
അത് കൊണ്ട് ഇരുനിറം മാറ്റാൻ വേണ്ടി വാപ്പാടെ കീശയിൽനിന്നും വാപ്പ അറിയാതെ ഇടുത്ത പൈസക്ക് ഒരു പാക്കറ്റ് ഫെയർ ആൻഡ് ലൗലി വാങ്ങി. കാലത്തു മുതൽ മൂന്ന് വട്ടം ഇട്ടിട്ടും പേരിനു പോലും വെളുപ്പ് വന്നില്ല.
"ഡാ പോകാം" പുറത്തു വന്നു മൊയ്‌ദു വിളി തുടങ്ങി. അവൻ ഇനി അകത്തു വന്നാൽ ഈ ക്രീം ഇന്നു തീരും.അതിനു മുന്പേ പുറത്തിറങ്ങണം . അവനും കറുത്തിട്ടാണ് എന്നാലും സമ്മതിച്ചു തരില്ല. വേഗം ബാഗുമെടുത്തു പുറത്തേക്കിറങ്ങി.
അവൻ പറയുന്നത് ഞാൻ കാക്ക കറുപ്പും അവൻ മഴവില്ലിന്റെ കറുപ്പും ആണെന്നാണ്. സത്യം പറഞ്ഞാൽ മഴവില്ലിന് കറുപ്പുണ്ടാ... ഞാൻ ഇതു വരെ കണ്ടിട്ടില്ല. ഇനി കൂടുതൽ തർക്കിക്കാൻ നിന്നാൽ അവന്റെ വായിലുള്ള മുഴുവൻ മൗലൂദും ഞാൻ കേൾക്കേണ്ടി വരും.
അതുമാത്രമല്ല സ്കൂളിൽ കൂടെ നടക്കാൻ അവൻ മാത്രേമേയുള്ളു. ഇടയ്ക്കു ലൂബിക്കേം ജാമും വാങ്ങി കൊടുത്ത് അവനെ ഞാൻ കൂടെ നിർത്തിയേക്കാ... അതുമാത്രമല്ല അവൻ എന്റെ കൂടെ നടന്നാൽ എന്റെ കറുപ്പിൽ ഇനിക്ക് അസൂയ തോന്നാറുമില്ല.
"അല്ലടാ അൻവറേ നീ ഇന്നു അവളോട് ഇഷ്ടം പറയോ"മൊയ്തു ചോദിച്ചു
"ഇന്നു എന്തായാലൂം പറയും" ഞാൻ തറപ്പിച്ചു പറഞ്ഞു.
മ്മ്" അവനൊന്നു മൂളി.
ഇനി ഇവനെങ്ങാനും അവളെ നോക്കുന്നുണ്ടാ.
ഏയ്‌ അങ്ങനെ ഉണ്ടാകില്ല. അഥവാ ഉണ്ടായാലും ഇവനെ അവൾ ഇഷ്ടപ്പെടില്ല. എന്റെ അത്രേം ഗ്ലാമർ ഇവനില്ല.
ഞാൻ മനസിൽ അങ്ങനെ ആശ്വസിച്ചു.
ക്ലാസ്സിൽ കയറിയ ഞാൻ ആദ്യം നോക്കിയത് ബീവാത്തു വന്നോ എന്നാണ്. ഭാഗ്യം വന്നിട്ടുണ്ട്. കൂടെയുള്ള കൂട്ടുകാരികളുടെ ഇടയിൽ സിനിമയിലെ നായികയെ പോലെ നാണമുള്ള ചിരി ചിരിച്ചുകൊണ്ട് അവൾ ഇങ്ങനെ നിൽക്കുന്നു. ഇനിക്ക് വർണ്ണിക്കാൻ അറിയില്ല. അവളുടെ ഭംഗി എങ്ങനെ ഞാൻ നിങ്ങളോട് പറയും. എന്തൊക്കെയോ പറയണമെന്നുണ്ട്. മലയാളം ക്ലാസിലെ പദ്യമാണ് ഇനിക്ക് ഓർമ്മ വരുന്നത്. ഏതു പദ്യമാണ് എന്ന് ചോദിച്ചാൽ അതും അറിയില്ല. ഒരു കാര്യം ഞാൻ പറയാം. ഇത്രയും മൊഞ്ജ് സിനിമയിലെ മോനിഷക്ക് മാത്രം ഞാൻ കണ്ടിട്ടുള്ളു.
"ഡാ പോയി പറ" മൊയ്‌ദു പറഞ്ഞു
"എങ്ങനെയാട പറയാ"... നീയും വാ കൂടെ
പിന്നേ ഞാൻ വരില്ല... എന്നിട്ട് വേണം അവൾ നിന്നെയല്ല എന്നെയാണ് ഇഷ്ട്ടമെന്ന് പറയാൻ... അങ്ങനെ പറഞ്ഞാൽ നിനക്ക് വിഷമം ആകും. കുറെ സിനിമയിൽ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുള്ളതാ .അവൻ അവന്റെ മനസിലുള്ള ആഗ്രഹം പുറത്തു പറഞ്ഞു .
പോടാ കരിവണ്ടേ അവൾ നിന്നോട് ഇഷ്ടം പറയേ... അങ്ങനെ സംഭവിച്ചാൽ ഈ സ്കൂളിന്റെ ഉത്തരത്തിൽ ഞാൻ കെട്ടിത്തൂങ്ങി ചാകും .ഞാൻ മനസ്സിൽ പറഞ്ഞു .
ഒരുപാട് കുട്ടികൾ പൂക്കൾ കൊണ്ടുവന്നിട്ടുണ്ട് .ബീവാത്തു അവരുടെ ഇടയിലിരുന്ന് പൂക്കൾ തരം തിരിക്കാണ്.
ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു .ഞങ്ങൾ ഒരേ ക്ലാസിൽ ആണേലും ഇതുവരെ സംസാരിച്ചിട്ടില്ല .എന്താണെന്നറിയില്ല പെണ്കുട്ടികളോട് സംസാരിക്കുമ്പോൾ കയ്യും കാലും വിറക്കും .ഇപ്പോഴും അങ്ങനെ തന്നെ .എന്തായാലും അടുത്താഴ്ച വർക്കി ഡോക്ട്ടറെ പോയി കാണണം .
അവിടെയിരുന്ന പൂക്കളുടെ ഇടയിൽ നിന്നും ഒരു പൂ ഞാനെടുത്തു.
"ബീവാത്തു" ഞാൻ പതുക്കെ വിളിച്ചു .
അവൾ എന്റെ മുഖത്തേക്ക് നോക്കി .
"എന്താ "
എന്റെ വായിലെ വെള്ളമൊക്കെ വറ്റി.കയ്യും കാലും വിറക്കുന്നുണ്ട്.
"ഒന്നൂല്ല ..വാപ്പാടെ ചായക്കടയിൽ വന്നാൽ ഇന്ന് പൊറോട്ട കിട്ടോ" ഞാൻ ചോദിച്ചു.
"ഉവ്വാലോ" അവൾ നാണത്തോടെ പറഞ്ഞു .
"പൊറോട്ട അത്രക്കും ഇഷ്ടാണോ"
മ്മ് "ഞാനൊന്നു മൂളി.
"എന്നാ പൊറോട്ട ഉണ്ടാക്കാൻ അറിയുന്ന പെണ്ണിനെ കെട്ടിയാൽ മതി ".അവൾ ചിരിയോടെ പറഞ്ഞു .
"ബീവത്തുന് പൊറോട്ട ഉണ്ടാക്കാൻ അറിയോ "
"ഏയ്‌ എനിക്കറിയില്ല ...എന്റെ ഉമ്മാക്കറിയാം"
"ബീവത്തുന് പടിച്ചൂടെ "
എന്ത് ?
"അല്ല പൊറോട്ട ഉണ്ടാക്കാൻ അങ്ങനെ ആണെങ്കിൽ എനിക്ക് എന്നും പൊറോട്ട തിന്നാലോ ...
അതു കേട്ടപ്പോൾ അവൾക്കു നാണം വന്നു.
ആ നാണം ഇനിക്കു സമ്മതമായി തോന്നി ...
ഞാൻ തിരിച്ചു നടന്നു
"അതേയ് ഒന്നു നിന്നെ" ...അവൾ വിളിച്ചു
ഞാൻ തിരിഞ്ഞു നോക്കി
അവളുടെ ബാഗിൽ നിന്നും ചോറു പാത്രം ഇടുത്തു ഇനിക്കു തന്നു.
"ഇന്നു ഞാൻ പൊറോട്ടയും ബീഫുമാണ് കൊണ്ടു വന്നത് .പൊറോട്ട അത്രക്കും ഇഷ്ടമുള്ള ആളല്ലേ .ഇതു കഴിച്ചോ" ....അവൾ പാത്രം എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു .
ഞാൻ അതു വേടിച്ചു . ഇനിക്ക്‌ പൊറോട്ടയേക്കാൾ ഇഷ്ടം നിന്നോടാ ബീവാത്തു ..ഞാൻ മനസ്സിൽ പറഞ്ഞു ...
അങ്ങനെ ആദ്യമായി പൊറോട്ടയിൽ കൂടി എന്റെ പ്രണയം തളിർത്തു .
പിന്നീടുള്ള ചില ദിവസങ്ങളിൽ ബീവാത്തു പൊറോട്ട കൊണ്ടു വരുമായിരുന്നു. അങ്ങനെ പൊറോട്ടയും പൊറോട്ട കൊണ്ടു വന്ന ആളും എന്റെ ജീവിതത്തിന്റെ ഭാഗമായി.
കഥ പറഞ്ഞു കഴിഞ്ഞു ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.
"നിനക്ക് എന്തേലും മനസിലായ".
"ഉവ്വ വാപ്പോയ് ഇനിക്ക് മനസിലായി..... പണ്ടും പൊറോട്ട തിന്നാൻ വേണ്ടി വാപ്പ പെണ്പിള്ളേരുടെ പിന്നാലെ നടന്നിട്ടുണ്ടന്നു.........ഞാനിതു ഉമ്മാനോട് പറയും നോക്കിക്കോ "
ഞാൻ ചിരിച്ചു. അവനറിയില്ലല്ലോ ആ പൊറോട്ടക്കാരി അവന്റെ ഉമ്മയാണെന്ന്.
റഹീം...........
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo