...................
ഇടക്കാലത്തേക്ക് പെൻഷൻ പറ്റിയ ഒരു കാമുകിയുടെ ഒഴിവുണ്ട്
വേതനമില്ലെങ്കിലും വേദനയാവോളം നുകരാം
പ്രണയത്തിന് പ്രായമായത് കൊണ്ട് ചുംബനങ്ങൾക്ക് ചൂട് കൊതിക്കരുത്
കൂടെ നിർത്തുന്നത് കൂട്ടിന് ആരെങ്കിലുമുണ്ടെന്ന തോന്നലിന് വേണ്ടിയാണ്
വാർദ്ധക്യ പെൻഷൻ കൊണ്ട് കഞ്ഞിയും ബാക്കി കൊണ്ട് നിന്റെ ഇഷ്ടങ്ങളും വാങ്ങാം
രക്തത്തിൽ പിറന്നവർക്ക് ഉത്തരവാദിത്വങ്ങൾ നിറഞ്ഞതിനാൽ പരിചരണവും പരിഗണനയും ദുസ്സഹമാണ്
നരച്ച മുടികൾ കൊഴിഞ്ഞു വീണ ഗ്രാനൈറ്റ് തറകൾ വേലക്കാരിക്ക് പോലും ശല്യമാണ്
നമുക്കൊരുമിച്ചിരിക്കണം
വിട്ടുപോയവളെ പറ്റി പറയുന്നതെല്ലാം നി ചിരിച്ചു കൊണ്ട് കേൾക്കണം
വിട്ടുപോയവളെ പറ്റി പറയുന്നതെല്ലാം നി ചിരിച്ചു കൊണ്ട് കേൾക്കണം
ഒഴിവ് കാമുകിയുടെ തന്നെയാണ് ഹോം നേഴ്‌സിന് ഒറ്റപ്പെട്ടവന്റെ മിടിപ്പളക്കാൻ കഴിയില്ലലോ
എന്റെ നരകളിൽ ചുളിവുകൾ വീണ നിന്റെ കൈവിരലുകൾ ഓർമ്മകളെ പരതണം
കണ്ണ് നിറയുമ്പോ കവിളിൽ തടഞ്ഞു നിർത്താൻ നിന്റെ തട്ടത്തിനൊരറ്റത്തെ ഇത്തിരി സ്ഥലം തരണം
പ്ലാവിലകളിൽ ഈർക്കില് കുത്തി സ്പൂണുകളെ നമുക്ക് വലിച്ചെറിയണം
ഓവനിൽ വെന്തതിനെക്കാൾ ചൂടോടെ കനലിൽ നിന്നൊരു അത്താഴം നി വിളമ്പണം
ഒഴിവ് കാമുകിയുടെ തന്നെയാണ് ഹോം നേഴ്‌സിന് ഒറ്റപ്പെട്ടവന്റെ മിടിപ്പളക്കാൻ കഴിയില്ലലോ.
വിട്ടു പോയവളെ പൊതിഞ്ഞതിൽ ബാക്കി വന്ന വെള്ളത്തുണി നി ഒന്നൂടെ കഴുകിത്തരണം
പ്രണയിച്ചു കൊതി തീരാത്തവന്റെ
നൊമ്പരങ്ങൾക്ക് നി കാതാവണം
നൊമ്പരങ്ങൾക്ക് നി കാതാവണം
നിനക്ക് പറയാനുള്ളത് അധരങ്ങൾ ഹൃദയത്തോട് ചേർത്തു കേൾക്കാം ഞാൻ
അവളെ പറ്റി പറഞ്ഞു പറഞൊടുവിൽ നിലക്കുന്ന നാളിൽ നിനക്ക് പിരിഞ്ഞു പോകാം
അവളാകില്ലെങ്കിലും നി കാമുകി തന്നെ ആയിരിക്കും
ഒഴിവില്ലാത്തവരുടെ ലോകത്ത് നമുക്ക് ഒഴിവുകാലങ്ങൾ തന്നെ സൃഷ്ടിക്കാം
സ്നേഹം കിട്ടാത്തവന്റെ ആർത്തിയാണ് പെണ്ണേ
ഒഴിവ് കാമുകിയുടെ തന്നെയാണ് ഹോം നേഴ്‌സിന് ഒറ്റപ്പെട്ടവന്റെ മിടിപ്പളക്കാൻ കഴിയില്ലലോ..
_അൻവർ മൂക്കുതല_
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക