Slider

വാഷിംഗ്‌ മെഷീൻ

0


"സൽമമോള് വീടിരിക്കലിന് ന്നോട് ചെല്ലാൻ പറഞ്ഞില്ലല്ലോ റാബിയാ..എന്തെപ്പോ അങ്ങനെ ചെയ്തത്.."
ഇന്നും ഹംസക്കാടെ ശബ്ദം കേട്ട് തന്നെ ഞാൻ ഉണർന്നത്.മൂപ്പർക്ക് ചെവി കുറച്ചു പതുക്കെയായത് കൊണ്ട് അല്പം ശബ്ദം ഉയർത്തിയാണ് സംസാരിക്കാറ്...
"വല്യ വല്യ ആൾക്കാരാണ് ഷബീറിന്റെ ചങ്ങായിമാരൊക്കെ.ചെവി കേൾക്കാണ്ട് ങ്ങള് അവിടെ ചെന്ന് എന്താക്കാനാ?മുണ്ടാണ്ട് ഇവടെ ഇരുന്നോളീ.."
റാബിയത്താടെ മറുപടി എന്നത്തേയും പോലെ യാതൊരു കൂസലും ഇല്ലാതെ തന്നെ..
ആ മറുപടി എന്നെ കുറച്ചു വർഷം പിറകോട്ട് കൊണ്ട് പോയി..
വലിയ ശബ്ദത്തോടെ വീടിന്റെ മുന്നിലൂടെ പോകുന്ന ബുള്ളറ്റിൽ വെള്ള ഖദർ ഷർട്ടും മുണ്ടും ധരിച്ച് റാഡോ വാച്ചും കെട്ടി നിഷ്കളങ്കമായൊരു ചിരിയും പാസാക്കി പോകുന്ന ഒരു പാവം പണക്കാരൻ..
ഹംസക്കയെ വർഷങ്ങൾക്കിപ്പുറം ഓർത്തെടുക്കുമ്പോൾ കിട്ടുന്ന രൂപം ഇങ്ങനെയാണ്..
ഗൾഫിൽ പോയ ആദ്യനാളുകളിൽ ഒരു അറബിയുടെ ഉപ്പയെ നോക്കുന്ന ജോലിയായിരുന്നത്രെ ഹംസാക്കാക്ക്.ഇടക്കെപ്പോഴോ ഡ്രൈവർ ആയി.പിന്നെ പാചകം,വീട്ടുജോലി മൂപര് കൈവെക്കാത്ത മേഖലകൾ ചുരുക്കമാണെന്ന് അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്..
ഓരോ തവണ നാട്ടിൽ വരുമ്പോഴും വീട് അപ്പോഴുള്ള മോഡൽ എന്താണോ ആ രീതിയിൽ പുതുക്കണം എന്നത് റാബിയത്താടെ നിർബന്ധമായിരുന്നു..
"ഇനീം വീട് വലിപ്പം കൂട്ടുവാണോ ഹംസക്കാ,എല്ലാ വർഷോം ഇതിങ്ങനെ കുത്തിപൊളിച്ചാൽ ഉറപ്പൊക്കെ പോവില്ലേ.എത്ര കാശാണ് ആവശ്യല്ല്യാണ്ട് ചെലവാക്കണേ.പെങ്കുട്ട്യോളെ കെട്ടിക്കാറായി തുടങ്ങീലെ?"
അമ്മ ഒരിക്കൽ ചോദിച്ചതിന് ഉച്ചത്തിലുള്ള ഹംസാക്കാന്റെ സ്പെഷ്യൽ ചിരിയോടൊപ്പമുള്ള മറുപടി ഇങ്ങനെയായിരുന്നു..
"ന്റെ അക്കൗണ്ടില് നാല് പെങ്കുട്ട്യേളെ കെട്ടിക്കാനുള്ളതും അതിലപ്പുറവും ഉണ്ട് സുമേ,അനക്ക് കടം വല്ലതും വേണങ്കിൽ ന്നോട് ചോയ്ക്ക്.റാബിയ അറിയാണ്ടിരുന്നാ മതി.."
"എനിക്ക് കടമൊന്നും വേണ്ട ഹംസക്കാ,അത്യാവശ്യം ചിലവാക്കാനുള്ളത് ഉണ്ടെങ്കിൽ ഇനിയും ആ മരുഭൂമിയിലെ ചൂട് കൊള്ളേണ്ടല്ലോ.നാട്ടിൽ നിന്നൂടെ?"
"എടി സുമേ,നമ്മക്ക് ആരോഗ്യം ഉള്ള കാലത്തല്ലേ നയിക്കാൻ പറ്റൊള്ളൂ.അപ്പൊ ഓൾക്കും കുട്ട്യേള്ക്കും വേണ്ടതൊക്കെ വാങ്ങി കൊടുക്കണം.ആയ കാലത്ത് ങ്ങള് ഞങ്ങളെ നോക്കീലാന്ന് പറയൂലല്ലോ.."
ധൂർത്തിനെ കുറിച്ച് ഓർമിപ്പിക്കുമ്പോഴെല്ലാം ഹംസക്ക പറയുന്നത് ഇതേ മറുപടിയാണ്..
ആഡംബര സൗകര്യങ്ങൾ ഒരുപാട് ഉണ്ടായിരുന്നു മൂപ്പർക്ക്.മൂത്ത പെൺകുട്ടികൾ രണ്ട് പേരുടെയും സ്കൂട്ടിയുൾപ്പെടെ നാലോ അഞ്ചോ വണ്ടികൾ എന്റെ ഓർമയിൽ അവരുടെ വീട്ടുമുറ്റത്ത് ഉണ്ടാവാറുണ്ട്..
മൂത്ത മോള് സൽമയെ നൂറ് പവൻ കൊടുത്തു കെട്ടിക്കുമ്പോൾ കൂടെ ഒരു പാവപ്പെട്ട പെൺകുട്ടിക്ക് ഇരുപത് പവൻ കൊടുത്ത ഹംസാക്കയെ നാട്ടുകാർക്കും വലിയ കാര്യമായിരുന്നു..
നാല് പെൺകുട്ടികൾക്കും അവരാഗ്രഹിച്ച വിദ്യാഭ്യാസം നൽകാൻ ലക്ഷങ്ങൾ പൊടിച്ചു.അത്യധികം ആഡംബരത്തോടെ തന്നെയായിരുന്നു റാബിയത്തയും മക്കളും ജീവിച്ചത്..
ചെറുപ്പത്തിൽ അവരുടെ വീട്ടിലേക്ക് കളിക്കാൻ പോകുമ്പോൾ റാബിയത്തയെ അധികവും പുറത്തുകാണാറേയില്ല.അകത്തേയും പുറത്തേയും പണിക്ക് വെവ്വേറെ ആളുകളുണ്ടായിരുന്നു അവിടെ. കടയിൽ പോകാനായി ഒരു ചെറിയ ചെക്കനും..
റാബിയത്ത നടക്കുമ്പോൾ സ്വർണവളകൾ കൂട്ടിമുട്ടുമ്പോഴുള്ള പ്രത്യേക ശബ്ദം കേൾക്കാം.അന്നൊന്നും എന്റെ വീട്ടിൽ ടീവി ഉണ്ടായിരുന്നില്ല.അതിനും ഹംസാക്കാടെ വീട് തന്നെ ശരണം.പക്ഷെ റൂമിലേക്കൊന്നും പ്രവേശനമില്ല..
പകരം ജനൽ തുറന്നിടും.അപ്പോൾ സിറ്റൗട്ടിൽ ഇരുന്നാലും കുഴപ്പമില്ലാതെ കാണാം.മക്കളൊന്നും കണ്ടാൽ മിണ്ടുക പോലുമില്ല.എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് നാണമില്ലാതെ പിന്നേം പോകും..
നാല് പെൺകുട്ടികളുടെ കല്യാണവും മാമൂലുകളും എല്ലാം കഴിഞ്ഞപ്പോൾ പ്രവാസം നൽകിയ പ്രായത്തിൽ കവിഞ്ഞ ചുളിവുകളും രോഗങ്ങളുമായി ഇനിയൊരു മടങ്ങിപ്പോക്കില്ല എന്നും പറഞ്ഞ് വന്നെങ്കിലും കാലം വീണ്ടും വീണ്ടും ഹംസക്കയെ പ്രവാസിയാക്കി..
ആകെയുള്ള ഒരു മോൻ സാബിത്തിന് മാസ്റ്റർ ഡിഗ്രി എടുക്കാനുള്ള കാശും കെട്ടിവെച്ച് നീണ്ട മുപ്പത്തഞ്ച് വർഷത്തെ പ്രവാസത്തിനോട് വിട പറഞ്ഞ് ഹംസക്ക നാട്ടിലെത്തിയത് നാല് വർഷം മുൻപാണ്..
"ന്റെ ദേവാ,ഇനിയൊരു തിരിച്ച് പോക്കില്ലാന്നു കരുതിയാണ് ഓരോ പ്രാവശ്യവും വരുന്നത്.പക്ഷേങ്കി ഇവിടെ എത്തിയാൽ എന്തെല്ലാം കാര്യങ്ങളാണ്.ഇനി വയ്യ,നല്ലൊരു ഡോക്ടറെ കാണണം.പ്രഷറും ഷുഗറും ഒക്കെയുണ്ട്.."
നാട്ടിൽ വന്ന ദിവസം ഹംസക്ക അച്ഛന്റെ കൂടെയിരുന്ന് സംസാരിക്കുമ്പോൾ പറയുന്നത് കേട്ടു..
താങ്ങാൻ വയ്യാത്ത ഭാരം തലയിൽ നിന്നൊഴിഞ്ഞ ചുമട്ടുകാരന്റെ ആശ്വാസമായിരിക്കണം അപ്പോൾ അവരുടെ മനസ്സിൽ..
ഉപ്പ ഐ ഫോൺ കൊണ്ടുവന്ന സന്തോഷത്തിൽ മതിമറന്നു നടക്കുകയായിരുന്നു സാബിത്ത്.അവനെ ഹംസാക്കാക്ക് ജീവനായിരുന്നു..
പെൺകുട്ടികളുടെ വിരുന്ന് വരവും ബിരിയാണി വെക്കലും എല്ലാമായി അടിച്ചുപൊളിച്ചു കഴിഞ്ഞിരുന്ന നാളുകൾ വേഗത്തിൽ കടന്നു പോയി..
പാൽ ചായയിൽ നിന്നും കട്ടൻ ചായിലേക്കും സ്പെഷ്യൽ പലഹാരങ്ങൾ ബക്കറിയിലേക്കും മാറിത്തുടങ്ങി.ഉപ്പയെ ദൂരെനിന്ന് കാണുമ്പോൾ ബഹുമാനം കാണിച്ചിരുന്ന മക്കൾ ഉപ്പ നിക്കുമ്പോൾ കസേരയിൽ ഞെളിഞ്ഞിരിക്കാൻ തുടങ്ങിയതും വളരെ വേഗത്തിലായിരുന്നു..!
"ആയ കാലത്തൊക്കെ ആ മരുഭൂമീല് കഴിച്ചുകൂട്ടി.ഇപ്പൊ ആവതില്ലാത്തപ്പോ ഇവടെ ണ്ടായിട്ട് ന്താ കാര്യം?"റാബിയത്ത ഇടയ്ക്കിടെ കുത്തുവാക്കുകൾ എറിയുന്നതിൽ മിടുക്ക് കാണിച്ചു..
സാബിത്തിന്റെ സ്വഭാവഗുണം കാരണം കൂടെപഠിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ നാട്ടുകാർ കെട്ടിയിട്ട വാർത്ത ചുമരുകൾ പോലും രഹസ്യം പറഞ്ഞ ആ ദിവസം രാത്രിയാണ് ഹംസക്ക കുഴഞ്ഞു വീണത്..
കുറേ കാലത്തെ ആശുപത്രിവാസത്തിനിടക്ക് വന്ന പനി മൂപ്പരുടെ കേൾവിയെ ബാധിച്ചു.ചില ഗുളികകളുടെ അലർജി കാരണം ശരീരം മൊത്തം തടിപ്പും ചൊറിച്ചലും വന്നതോടെ ഹംസക്ക നിത്യരോഗിയായി..
കുടുംബനാഥനെക്കാൾ ഉയർന്ന ശബ്ദത്തിൽ റാബിയത്തയുടെ സംസാരം കേട്ടുതുടങ്ങിയ അന്നുമുതൽ ആ വീട്ടിലെ ഐശ്വര്യം നശിച്ചു..
ദിവസങ്ങൾ കടന്നു പോകേ ഹംസക്ക ആ വീട്ടിൽ ഒറ്റപ്പെട്ടുകൊണ്ടേയിരുന്നു..
മൂപർക്കായി ഉമ്മയും മക്കളും സിറ്റ് ഔട്ടിൽ ഒരു മുറി ഒഴിച്ചുകൊടുത്തു.ഡ്രെസ്സുകൾ ഉണക്കിയെടുക്കാൻ വേറെ അയ കെട്ടി,പുറത്തുള്ള കുളിമുറിയിൽ കൂട്ടിയിട്ട ചകിരി മാറ്റി ഉപയിഗിക്കാൻ കൊടുത്തു..
"മൂപ്പർടെ മേലൊക്കെ ചൊറിയാ സുമേ..അത് പകരൂലേ.മരുമക്കളൊക്കെ അറിഞ്ഞാൽ പിന്നെ കുട്ട്യേളെ ഇങ്ങണ്ട് വിടൂല.."
ചെയ്യുന്ന പ്രവർത്തികളെ ന്യായീകരിച്ച് കൊണ്ട് റാബിയത്ത ഒരിക്കൽ അമ്മയോട് പറഞ്ഞത് കേട്ടു..
"ഞാനും വല്ലാണ്ട് അടുക്കാൻ പോവൂല.അഥവാ പകർന്നാലോ.മൂപർക്കവിടെ ചൊറിഞ്ഞിരുന്നാ മതി.മുണുങ്ങാനൊക്കെ നേരത്തിന് കിട്ടണ്‌ണ്ടല്ലോ.ഞാൻ ചൊറിഞ്ഞു കുത്തിയിരുന്നാ ന്റെ മോൻ പട്ടിണി ആവൂലെ.."
എല്ലാം കൊണ്ടും ഹംസക്ക തനിച്ചായെന്ന് മനസിലാക്കാൻ ആ വാക്കുകൾ തന്നെ ധാരാളമായിരുന്നു.എല്ലാം കേട്ട് കഴിഞ്ഞ് അകത്തേക്ക് കയറുമ്പോൾ അമ്മയുടെ കൺകോണിൽ ഒരു നനവ് കണ്ടു..
എല്ലാം മനസിലാക്കിയിട്ടാവണം,ഒരുദിവസം രാവിലെ ഹംസക്ക അലക്കുന്നത് കണ്ടു.അതൊരു അവസരമായി മുതലെടുത്ത് റാബിയത്ത ആ പണിയും നിർത്തി..
സാബിത്തിന് ജോലികിട്ടിയതോടെ ആ വീട് പൂർണ്ണമായും അവന്റെ അധികാര പരിധിയിലായി.ഉപ്പയുടെ ദൂർത്ത് മകൻക്ക് ഇല്ലാത്തോണ്ട് അകത്തും പുറത്തും പിന്നീട് പണിക്കാര് വന്നില്ല.റാബിയത്താടെ കയ്യിൽ സ്വർണവളകളുടെ കിലുക്കവും കേട്ടില്ല..
മൂന്നാമത്തെ മോള് സമീറ അവളുടെ നാല് വയസായ കുട്ടി,ഹംസക്ക ഉപയോഗിക്കുന്ന ബാത്‌റൂമിൽ കേറിയെന്നും പറഞ്ഞ് അതിനെ അടിച്ച് കൊല്ലനാക്കിയത് കുറച്ച് ദിവസം മുൻപാണ്.ഇപ്പോൾ ഉപ്പ അവർക്കൊക്കെ "അയാൾ"ആയി..
അധികപറ്റാവുന്നത് അറിഞ്ഞുകൊണ്ട് തന്നെ ഹംസക്ക സിറ്റിയിൽ ഒരു ഹോട്ടലിൽ പണിക്ക് പോയി തുടങ്ങി.ഉമ്മയും മക്കളും കൂടെ തമാശ പറഞ്ഞും കളിച്ചും ചിരിക്കുന്നത് നാലുവീട് അപ്പുറത്തേക്ക് പോലും കേൾക്കാം.ഹൃദയം തകർന്നൊരു മനുഷ്യൻ ആ വീട്ടിലെ നാലുചുവരിനുള്ളിൽ നെഞ്ചുപൊട്ടി കരയുന്നുണ്ടാവാം..
കുറച്ച് ദിവസം മുൻപൊരു രാത്രി അച്ഛനെ കാണാൻ വീട്ടിൽ വന്നിരുന്നു..
"സൽമ മോൾടെ വീട് താമസം അടുത്ത ആഴ്ചയാണ് ദേവാ,സാബിത്ത് എന്തെങ്കിലും കൊടുക്കും.ന്നാലും വാപ്പാന്റെ വക ആയിട്ടു ന്തേലും വേണ്ടേ?"
"ഇക്കാന്റെ കയ്യിലിപ്പോ ഒന്നൂല്യാന്ന് സൽമാക്ക് അറിയാലോ.അതോണ്ട് ഒന്നും കൊടുത്തില്ലെങ്കിലും കുഴപ്പല്യ.പിന്നെ സാബിത്ത് കൊടുക്കുന്നതും ഇക്കാ കൊടുക്ക്ണ പോലെ അല്ലേ..?"അച്ഛൻ സമാധാനിപ്പിക്കാൻ ഒരു ശ്രമം നടത്തി..
"ന്നാലും അങ്ങനല്ലല്ലോ,ഞാൻ ഓൾടെ വാപ്പല്ലേ..ഒരു വാഷിങ്മെഷീൻ കടേല് ചോയ്ച്ച് വെച്ചീണ്ട്.നല്ലതൊന്നിന് പത്തിരുപത്തയ്യായിരം രൂപ വേണം.കൂട്ടിവെച്ച കായി പൈനായിരം ന്റെ കയ്യീണ്ട്.."
"ഇക്കാന്റെ ആഗ്രഹമല്ലേ നടക്കട്ടെ,ബാക്കി കാശ് ഞാൻ തരാം.."
"അന്റെ കയ്യില് ഇപ്പൊ ണ്ടാവൂല.മോൾക്ക്‌ ആസ്പത്രീലോക്കെ കുറേ ചെലവായതല്ലേ.."
"അതൊന്നും സാരമില്ല.ഇക്ക സാധനം മേടിച്ചോ,ബാക്കി ഞാൻ തരാം.."
കുറേ നിർബന്ധിച്ചപ്പോൾ മാത്രമാണ് അച്ഛൻ കാശ് കൊടുത്തപ്പോൾ ഹംസക്ക വാങ്ങിയത്.സംസാരിക്കുമ്പോഴെല്ലാം ഭാര്യയെയും മക്കളെയും പറ്റി പുകഴ്ത്തി പറയുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നും..
"അന്ന് ദൂർത്തടിച്ചു കളഞ്ഞിരുന്ന കാശ് കുറച്ചു ബാങ്കിൽ ഇട്ടിരുന്നെങ്കിൽ ഇങ്ങനെ വയ്യാത്തപ്പോ ഹംസക്കാക്ക് ജോലിക്ക് പോകണ്ടായിരുന്നു.അല്ലേ ദേവേട്ടാ?"
അമ്മയുടെ ചോദ്യത്തിന് മറുപടിയായി അച്ഛൻ ഒരു ദീർഘനിശ്വാസം വിടും..
രാത്രി ഒരു പൊതി ചോറ് കയ്യിൽ പിടിച്ച് ടോർച്ചും അടിച്ച് വീടിന്റെ മുന്നിലൂടെ പോകുന്ന ഹംസക്കയെ കാണുമ്പോൾ ഞാൻ ഓർക്കും.വലിയ ശബ്ദത്തിലുള്ള ബുള്ളറ്റിൽ റാഡോ വാച്ച് കെട്ടിയ,നിഷ്കളങ്കമായി ചിരിക്കുന്ന ഹംസക്കയെ..
ഇന്നായിരുന്നു സൽമയുടെ വീട് താമസം.വാഷിംഗ്‌ മെഷീൻ തലേന്ന് തന്നെ ഷോപ്പിൽ നിന്നും നേരിട്ട് എത്തിച്ചു കൊടുത്തിട്ടുണ്ട്..
പക്ഷെ ഉപ്പയെ ക്ഷണിച്ചില്ല മകൾ.എല്ലാവരും പോയപ്പോൾ അകത്തുനിന്ന് ഹംസക്ക പുറത്തിറങ്ങിയതേയില്ല.ആളുകളുടെ ചോദ്യം നേരിടാൻ കഴിയാഞ്ഞിട്ടാവും..
കുറച്ച് നേരം മുൻപ് അച്ഛനെ ചോദിച്ച് വീട്ടിൽ വന്നപ്പോൾ പതിവില്ലാത്ത സങ്കടം ഹംസാക്കാടെ മുഖത്തുള്ളതായി തോന്നി..
"ഞാൻ പോയില്ല,അവിടെ പോയാല് ആളോള് എന്തേലും ചോയ്ച്ചാ ചെവി കേക്കാതെ ഞാൻ എന്താക്കാനാ?അന്റെ കായി കൊറച്ചീസം കൊണ്ട് താരാട്ടാ.."
മറുപടിക്ക് കാത്ത് നിൽക്കാതെ വേഗത്തിൽ വലിച്ച് പുറത്തേക്കൂതുന്ന സിഗരറ്റിന്റെ പുകയെ പിന്നിലാക്കി ഹംസക്ക നടന്നകന്നു.
ആ പോക്കും നോക്കി റൂമിന്റെ ജനലിൽ പിടിച്ച് നിൽക്കുമ്പോൾ എന്റെ മനസ്സിൽ പണ്ടെപ്പോഴോ കേട്ട ഒരു കാര്യം തെളിഞ്ഞു വന്നു..
"ആണുങ്ങൾ പന്ത്രണ്ട് വയസ് വരെ തുമ്പിയെ പോലെയാണ്.പാറി നടക്കും...
മുപ്പത് വരെ കുതിരയെ പോലെ,ഓടിച്ചാടി നടക്കും..
അമ്പത് വരെ കഴുതയെ പോലെ,ഭാരം ചുമക്കാൻ..
അത് കഴിഞ്ഞാൽ നായയെ പോലെ,വീടിനും വീട്ടുകാർക്കും കാവൽ കിടക്കാൻ..
ഒടുവിൽ മൂങ്ങയെ പോലെ,എന്ത് കണ്ടാലും കേട്ടാലും മൂളൽ മാത്രം.."
ജിയ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo