റെയിൽവേ ഗേറ്റ് കടന്നു ഇടത്തോട്ട് വളഞ്ഞ് വലതു വശത്തെ മൂന്നാമത്തെ വീട്..കടലാസ് പൂക്കൾ മതിലിൽ പടർന്നു കിടക്കുന്നു..
എനിയ്ക്ക് തെറ്റിയിട്ടില്ല...
ഉമ്മറത്ത് തന്നെ ചാരുകസേരയിൽ വിജയൻ മാഷ് കിടക്കുന്നുണ്ടായിരുന്നു...
ഉം...ആരാ..?
ഞാൻ പേര് പറഞ്ഞു. ..തിരുവിഴയിലെ വേണു പറഞ്ഞിട്ട്........
ചിരിച്ചുകൊണ്ട് മാഷ് എന്നെ സ്വീകരിച്ചു. .ഉമ്മറപടിയിലിരിക്കവേ മാഷ് ചോദിച്ചു. .
ഏതു തരം തൂലികയാണ് വേണ്ടത്..പറയൂ..?
ഇതേക്കുറിച്ച് ആദൃം കേൾക്കുകയാണ് ..എഴുതുവാനുള്ള ഒരു......അതുകൊണ്ട് എല്ലാം ഒന്ന് കണ്ടാൽ ...
വരൂ...
വിശാലമായി അലങ്കരിച്ച മുറിയായിരുന്നു അത്..അവിടെ പല നിറങ്ങളിൽ പല വലുപ്പത്തിലുള്ള പേനകൾ..
ഭംഗിയുള്ള ഒരു കറുത്ത പേന ഞാനെടുത്തു...
ഇത്..
വൃത്തവും അലങ്കാരങ്ങളും ചേർത്ത് ആർക്കും മനസിലാവാതെ കട്ടിയുള്ള വാക്കുകളാൽ ... പണ്ഡിതനാക്കുന്ന പേനയാണിത്. .സാധാരണ ബുദ്ധി ഇല്ലാത്ത ബുദ്ധിജീവികൾക്ക് പ്രിയപ്പെട്ടത്..
ഈ നീല പേനയോ മാഷേ..?
അശ്‌ളീല സാഹിത്യം ..കനലുകത്തുന്ന വാക്കുകളുടെ ഫാഷൻ പരേഡ്. .ഇടയ്ക്കിടെ ശുക്ളവും മാസക്കുളിയും സമം ചേർത്ത് വിളമ്പും...സഫലമാവാത്ത ആഗ്രഹം ഉള്ളിലുള്ള എഴുത്തുകാർക്ക് ആത്മനിർവൃതിയ്ക്കായി..
ഈ വെളുത്ത പേനയോ..
ദേശഭക്തിയുടെ കഥകൾക്കും കവിതകൾക്കും വേണ്ടി. .കണ്ണുകൾ ചിമ്മാതെ കാഞ്ചിയിൽ വിരൽവച്ച് എല്ലാം മറന്നു നമ്മളെ കാക്കുന്നവർക്കുള്ള സാഹിത്യം..ഹൃദയരക്തം ചീന്തിയ രാജൃസ്നേഹത്തിന്റെ ഈ പേനയ്ക്ക് വില വളരെ കുറവാണ്. .
മാഷേ ഈ ചുവന്ന പേനയോ? ?
അത് പ്രണയം..ഏറ്റവും വില്പന സാദ്ധൃത ഉള്ള അക്ഷരങ്ങൾ വിനൃസിപ്പിക്കുന്ന പേന..വില കൂടൂതലാണ്..കണ്ണുകളുടെ.. വിറച്ചുവിതുമ്പുന്ന ചുവന്ന ചുണ്ടുകളുടെ സാന്നിദ്ധ്യങ്ങൾ...
എനിയ്ക്ക് ചിരി വന്നു. എനിയ്ക്കറിയാവുന്ന പലർക്കും ഈ പേനയുണ്ട്....ആരും കാണാതെ എഴുതുവാൻ..
പച്ച പേന പ്രകൃതിയ്ക്ക് സ്നേഹാക്ഷരങ്ങൾ വിളമ്പുന്നു..ചിറകൊടിഞ്ഞ പക്ഷിയായി ,മഴുവീണ മരങ്ങളായി ,വറ്റിവരണ്ട പുഴകളായി..
പഴയ സ്റ്റോക്കാ..ആർക്കും വേണ്ടാത്ത മഷി പടരുന്ന പേന...
കുങ്കുമ കളർ പേന വിരഹത്തിന്റെതാണ്..ഏകാന്തതകളിൽ കണ്ണുനീർ ചാലിച്ചെഴുതുന്ന... വികാരാക്ഷരങ്ങൾ വിടരുന്ന പേന..ചിതറിയ ഹൃദയവുമായി കാത്തിരിക്കുന്നവർക്ക്...
അമ്മയെക്കുറിച്ചുള്ള പേനയുണ്ടോ മാഷേ.??
വൃദ്ധസദനങ്ങളിൽ അമ്മമാർ പെരുകുന്നു....ഓർക്കാൻ പോലും സമയമില്ലാതാവുന്നു അമ്മ എന്ന ആ രണ്ടക്ഷരം..ആ പേന ഇതുവരെ ഇറങ്ങിയിട്ടില്ലത്രേ....
പ്രിയപ്പെട്ടവരേ....ഞാൻ വൃതൃസ്ത പേനകളുമായി ഒരാശയക്കുഴപ്പത്തിലാണ്..
വൃതൃസ്ത നിറങ്ങൾ ഉള്ള പേനകൾ..വൃതൃസ്ത കാഴ്ചപ്പാടുകളുമായി ഒരുകൂട്ടം ജനങ്ങൾ. ...
ഞാൻ ഏതു പേന എടുക്കണം.? ഏതു പേനയിലാണ് നിങ്ങളെന്നെ ഇഷ്ടപ്പെടുക..ഏതിലാണ് നിങ്ങൾ എന്നെ വെറുക്കുക.
ഞാൻ വിജയൻമാഷിനു മുന്നിൽ വാക്കുകൾ മരവിച്ചു നിന്നു...
.....പ്രേം ....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക