Slider

ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു

0
Image may contain: 1 person, smiling, closeup

'ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ'..
ചെറിയ കുട്ടിയായിരിക്കുമ്പോ മഴ നനഞ്ഞാൽ അമ്മൂമ്മ വഴക്കിടും.. ജാലകത്തിലൂടെ നോക്കി നിന്നുകൊണ്ട് സ്വപ്നത്തിൽ മഴ നനഞ്ഞു..മഴയിലോടിക്കളിച്ചു...
വലുതായപ്പോ ജലദോഷം പേടിക്കേണ്ടല്ലോ,വീട്ടിലിരിക്കുന്ന ദിവസം മഴ പെയ്താൽ ഒന്നും നോക്കൂല്ല.. പുറത്തു ചാടും. .
കണ്ണടച്ചു നിന്നു മഴനനയും..
അവസാനതുള്ളിയും മണ്ണിൽ ചിതറിയിട്ടെ മുറിയിൽ കേറുള്ളൂ...
യാത്ര ചെയ്യുമ്പോ മഴയുണ്ടെങ്കിൽ സങ്കടത്തോടെ ഓർക്കും..കടുകോളം ചെറുതായിരുന്നെങ്കിൽ ,മഴ നനയാമായിരുന്നു...
ഒരിക്കൽ മാവിന്റെ ചുവട്ടിൽ നിന്നു മഴ കണ്ടു..തടിയിലൂടെ വെള്ളം ഒഴുകിവരുമ്പോൾ ഉറുമ്പുകളുടെ വെപ്രാളം..വേഗം എവിടെയെങ്കിലും ഒളിക്കാനുള്ള ഓട്ടം..
താഴെ മഴ നനയുന്ന എനിക്ക് കൂട്ടായി ചില്ലയിൽ ഒരു കാക്കയും..
മരപ്പൊത്തിൽ നിന്നും താഴെ നിൽക്കുന്ന എന്നെ നോക്കിയ അണ്ണാറക്കണ്ണനും...
ഒരിക്കൽ അച്ഛൻ പറമ്പിൽ വെച്ച എലിക്കെണിയിൽ ഒരു അണ്ണാറക്കണ്ണൻ കുടുങ്ങി.
വാല് പുറത്തും ബാക്കി ശരീരം അകത്തും.
അതിന്റെ കരച്ചിൽ കേട്ടിട്ട് രക്ഷിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട്..ഈ വേദനയിൽ അതു കടിച്ചാലോ എന്നു കരുതി ആരും കെണിയുടെ അടുത്തേയ്ക്ക് പോയില്ല..
മാറി നിന്ന് നോക്കിക്കൊണ്ടു നിന്നു..
കുറെ നേരം നിന്നിട്ട് എല്ലാവരും തിരിയെ പോയി.
തൊടിയുടെ അറ്റത്ത് പുസ്തകവായനയിൽ മുഴുകി ഇരുന്ന ഞാനും കരച്ചിൽ കേട്ട് എലിക്കെണിയുടെ അടുത്തു വന്നു..
പാതിമുറിഞ്ഞ ചോരപുരണ്ട വാലുമായി കെണിക്കുള്ളിൽ നിറഞ്ഞ കണ്ണുകളുമായി അണ്ണാറക്കണ്ണൻ.
ഞാൻ വേഗം കെണിയിൽ തൊട്ടപ്പോ 'അമ്മ പറഞ്ഞു എണീറ്റ് പോ അമ്മു അത് വേദനിച്ചു നിൽക്കുന്നു ,നീ ഉപദ്രവിക്കാനാണ് ചെന്നത് എന്നു കരുതി അത് നിന്നെ കടിക്കും..
'കടിക്കുന്നെങ്കിൽ കടിക്കട്ടെ,എന്നെയല്ലേ' ,എന്നു പറഞ്ഞിട്ട് കെണി തുറന്നു..
അതു ജീവനും കൊണ്ട് പാഞ്ഞു..
കുറെ ദിവസങ്ങൾക്ക് ശേഷം .ഞാൻ വെറുതെ മുറ്റത്ത് പരന്നു കിടക്കുന്ന വെയിലിൽ കണ്ണുംനട്ട് പൂമുഖത്തിരിക്കുമ്പോൾ ഒരു അണ്ണാറകണ്ണൻ ചിലച്ചുകൊണ്ട് ചാടി മുറ്റത്ത് വന്നു.
എന്നെ മാത്രം നോക്കി വെറുതെ നിൽക്കുന്നു.എന്റെ തൊട്ടടുത്തേയ്ക്ക് ഭയമില്ലാതെ അത് നീങ്ങി വന്നപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്,അതിനു പാതി വാലേയുള്ളൂ...
അതിന്റെ നോട്ടത്തിൽ സ്നേഹമായിരുന്നു നിറഞ്ഞു നിന്നത്.പാവമാ ജീവിയോട് സംവദിക്കാൻ എനിക്കറിയുന്ന ഏക ഭാഷ പുഞ്ചിരിയായിരുന്നു..
എന്നിലേയ്ക്ക് ഇടയ്ക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ട് അത് പതിയെ പോവുന്നത് ഞാൻ നോക്കി നിന്നു..
അന്നാണ് പ്രകൃതി എന്നെ സ്നേഹത്തിന്റെയും നന്മയുടെയും പാഠം ഒരിക്കലും മറക്കാത്തത് പോലെ പഠിപ്പിച്ചത്..
എന്നോട് നന്ദിപറയാൻ ഞാൻ തനിച്ചിരുന്നപ്പോൾ ഓടിയെത്തിയ ആ കുഞ്ഞു ജീവി പിന്നീട് കുറേക്കാലം തൊടിയിലെ അന്തേവാസിയായിരുന്നു..
നല്ലൊരോർമ്മ അവശേഷിപ്പിച്ച് എവിടേക്കോ പോയി...
ഇവിടെ പ്രകൃതിക്കൊപ്പം വളർന്ന എന്റെ കൗമാരം.

By: Nisa ravindran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo