നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴല്‍ച്ചിത്രങ്ങള്‍

അക്ഷരദീപം മാസികയില്‍ വന്ന എന്‍റെ കഥ..
നിഴല്‍ച്ചിത്രങ്ങള്‍
---------------------------
കറുപ്പു നിറമുള്ള വസ്ത്രം ധരിച്ചാണ് അവള്‍ വന്നത്. സൂര്യനും ഇരുട്ടിന്‍റെ നേര്‍ത്ത കറുപ്പ് കമ്പളം പുതച്ച് ഉറങ്ങാനൊരുങ്ങുകയായിരുന്നു അപ്പോള്‍.
ചേക്കേറാന്‍ വെെകിയ ചില പക്ഷിക്കൂട്ടങ്ങള്‍ ചക്രവാളം ലക്ഷ്യമാക്കി നിര നിരയായി പറന്നു.
നാട്ടിന്‍പുറമായത് കൊണ്ട് റോഡില്‍ ആള്‍ പെരുമാറ്റം കുറവായിരുന്നു.
ജോലി കഴിഞ്ഞ് തിരിച്ച് വീടണയേണ്ടുന്ന ചിലര്‍ മാത്രം ധൃതിയില്‍ നടന്നു പൊയ്ക്കൊണ്ടിരുന്നു. അവരില്‍ ചിലര്‍ കെെയ്യിലെ സഞ്ചിയില്‍ എന്തോ തൂക്കിപ്പിടിച്ചിട്ടുണ്ട് . ചിലപ്പോള്‍ അത്താഴത്തിനുള്ള അരിയായിരിക്കും.
അവരാരും അവളെ ശ്രദ്ധിച്ചതേയില്ല.
'ഇവരൊക്കെ എന്നെ ഇത്ര വേഗം മറന്നോ? കുറച്ച് നാള്‍ മുന്‍പ് വരെ തോളിലേറ്റി നടന്നതായിരുന്നല്ലോ..'
ചിന്തകളുടെ ഭാരവും പേറി അവള്‍ യാത്ര തുടര്‍ന്നു..
റോഡരികിലുള്ള ചില വീടുകളില്‍ വിളക്ക് കൊളുത്തി വെച്ച് കുട്ടികള്‍ ഉച്ചത്തില്‍ നാമം ജപിക്കുന്നുണ്ടായിരുന്നു.
'അന്നും ഇതുപോലെ തന്നെയായിരുന്നു.. ഇതേ സമയത്ത് തന്നെയാണ് ഇവിടെ എത്തിയത്. സമയവും ദിവസവുമൊക്കെ ശരി തന്നെ. പക്ഷേ അവര്‍ അവിടെയുണ്ടാകു മോ എന്നൊരു ശങ്ക.'
'ഉണ്ടാകാതെ എവിടെപ്പോകാന്‍? എല്ലാ വര്‍ഷവും ഈ ദിവസം അവരവിടെ ഒത്തുകൂടുന്നതല്ലേ..'
അടുത്ത നിമിഷം തന്നെ ശങ്കയുടെ മുനയൊടിഞ്ഞ് പകരം ശുഭപ്രതീക്ഷ കയറി വന്നു.
'ഇനി ഏതാനും വാര താണ്ടിക്കഴിഞ്ഞാല്‍ അവിടെയെത്തും.'
അവള്‍ മുന്നോട്ടേക്ക് നടന്നു കൊണ്ടിരുന്നു.
സൂര്യന്‍ നേര്‍ത്ത കമ്പളം മാറ്റി കട്ടിക്കമ്പളം പുതച്ച് സുഖ നിദ്രയിലാണ്ടു കഴിഞ്ഞു.
ആരോ മറന്നു വെച്ച തേങ്ങാപ്പൂളു പോലെ കറുത്ത ആകാശത്ത് ചന്ദ്രന്‍ ഇളം മഞ്ഞ വെളിച്ചം പരത്തി നിന്നു.. നാലഞ്ച് നക്ഷത്രങ്ങള്‍ ഇടയ്ക്കിടെ വന്ന് എത്തിനോക്കുന്നുമുണ്ട്.
അവളുടെ നടത്തം ഒരു ഒറ്റയടിപ്പാതയിലെത്തി നിന്നു. ആള്‍ത്താമസമില്ലാത്ത ഒരു പഴയ കെട്ടിടം അല്പം ദൂരെയായി കാണുന്നുണ്ടായിരുന്നു. നേര്‍ത്ത നിലാവെളിച്ചത്തില്‍ അതൊരു ഭാര്‍ഗ്ഗവീ നിലയത്തെ ഒാര്‍മ്മിപ്പിച്ചു.
ചീവീടുകളുടെ ശബ്ദം അന്തരീക്ഷത്തിലെങ്ങും പ്രതിധ്വനിച്ചു. അകലെയെങ്ങോ കുറുനരികള്‍ നീട്ടി ഓരിയിട്ടു.
അവള്‍ ആ കെട്ടിടത്തിനരികിലേക്ക് ചെന്നു.
'ഇവിടെ വെച്ചാണല്ലോ എനിക്ക് എന്നെ നഷ്ടപ്പെട്ടത്.. എന്‍റെ സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടത്.'.
അവളുടെ കണ്ണില്‍ ചില നിഴല്‍ച്ചിത്രങ്ങള്‍ തെളിഞ്ഞു.
''വീട്ടുകാരുടെ സമ്മതത്തോടെ നമുക്ക് ഒരിക്കലും ഒന്നാവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സന്ധ്യ മയങ്ങിക്കഴിയുമ്പോള്‍ നീ ആ പഴയ കെട്ടിടത്തിനരികിലേക്ക് വരണം. ഞാന്‍ അവിടെയുണ്ടാകും. നമുക്ക് എങ്ങോട്ടെങ്കിലും പോവാം.''
സന്ധ്യ കുങ്കുമച്ചായം എടുത്തണിയുന്നതിനു മുന്‍പേ ആരുമറിയാതെ അവള്‍ വീടു വിട്ടിറങ്ങി. മറ്റാരും കാണാതിരിക്കാന്‍ ഇരുട്ടിന്‍റെ മറ പറ്റി കെട്ടിടത്തിനരികിലെത്തി.
അവിടെ അവളെ കാത്ത് അവന്‍ നില്‍പ്പുണ്ടായിരുന്നു. ഒപ്പം അവന്‍റെ കൂട്ടുകാരും.
അവന്‍റെ വാക്കുകള്‍ വിശ്വസിച്ച് വീടും നാടുമുപേക്ഷിച്ച് ഏഴു നിറങ്ങള്‍ നിറഞ്ഞൊരു ജീവിതം മോഹിച്ചെത്തിയതായിരുന്നു അവള്‍..
അവനും കൂട്ടുകാരും എല്ലാ വര്‍ഷവും അവിടെ വെച്ച് നടത്തുന്ന ഒത്തുചേരല്‍ മാമാങ്കത്തിലേക്ക് ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു താനെന്ന് അവളറിഞ്ഞില്ല. അവന്‍റെ കെെപിടിച്ച് കെട്ടിടത്തിനുള്ളിലേക്ക് നടന്നപ്പോള്‍ അവിടെ തളംകെട്ടിയിരുന്ന മദ്യത്തിന്‍റെയും പുകയിലയുടെയും രൂക്ഷഗന്ധം അവളെ ശ്വാസം മുട്ടിച്ചു എങ്കിലും അവന്‍റെ സ്നേഹ പ്രകടനങ്ങള്‍ക്ക് മുന്‍പില്‍ നിശബ്ദയായി കീഴടങ്ങി. പൊടുന്നനെ വിളക്കണഞ്ഞത് അവളുടെ ജീവിതത്തില്‍ നിന്നു തന്നെയാണെന്ന് തിരിച്ചറിയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. പാതി ബോധത്തില്‍ അവള്‍ കേട്ടു , ഇത്രയും നല്ല വിരുന്നൊരുക്കിയ തന്‍റെ കാമുകനെ അഭിനന്ദിക്കുന്ന അവന്‍റെ കൂട്ടുകാരുടെ സന്തോഷം നിറഞ്ഞ അട്ടഹാസങ്ങള്‍.
എല്ലാത്തിന്‍റെയും അവസാനം നിറങ്ങളെ പ്രണയിച്ചവള്‍ക്ക് അവരെല്ലാവരും ചേര്‍ന്നു ഒരു നിറം സമ്മാനിച്ചു. ചോരയുടെ കടും ചുവപ്പ് നിറം.
പിറ്റേന്ന് കാലത്ത് ആ കെട്ടിടത്തിനു പിന്നിലുള്ള റെയില്‍വേ ട്രാക്കില്‍ ആ കടും ചുവപ്പ് നിറം ചിതറിത്തെറിച്ചു നിന്നിരുന്നു.
കെട്ടിടത്തിനുള്ളില്‍ നിന്ന് ഉച്ചത്തിലുള്ള പൊട്ടിച്ചിരികള്‍ കേട്ടപ്പോള്‍ അവളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.
'നാലു പേരും എത്തിയിട്ടുണ്ട്.'
പുറത്തു നിന്ന അവളുടെ കണ്ണുകള്‍ വന്യമായി തിളങ്ങി. ചുണ്ടില്‍ ഒരു പുഞ്ചിരി മിന്നി മാഞ്ഞു.
അവള്‍ സാവധാനം അടികള്‍ വെച്ച് അകത്തേക്ക് കയറി. നാലുപേരും അവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു. അവര്‍ ഊതി വിടുന്ന പുകച്ചുരുളുകള്‍ അന്തരീക്ഷത്തില്‍ വലയങ്ങള്‍ സൃഷ്ടിച്ചു.
പിന്നില്‍ ഒരു നിഴലനക്കം കണ്ട് അവര്‍ തിരിഞ്ഞു നോക്കി. മങ്ങിയ വെളിച്ചത്തില്‍ ഒരു പെണ്‍രൂപം നില്‍ക്കുന്നത് കണ്ടപ്പോള്‍ ആഹ്ളാദാരവം പുറപ്പെടുവിച്ച് കൊണ്ട് മുന്നോട്ടാഞ്ഞു.
''ഇത്തവണയും പതിവു തെറ്റിക്കാതിരിക്കാനുള്ള അതിഥിയെത്തിയല്ലോ.. ആരായാലും കടന്നു വരൂ സുസ്വാഗതം..'
നാലില്‍ ഏതോ ഒരു കുഴഞ്ഞ നാക്കില്‍ നിന്ന് പുറപ്പെട്ട ശബ്ദം കേട്ടപ്പോള്‍ അവള്‍ വെളിച്ചത്തിലേക്ക് കയറി നിന്നു.
അവളുടെ രൂപം വെട്ടത്ത് കണ്ടപ്പോള്‍ നാലു പേരും നടുങ്ങി വിറച്ചു.. അവരുടെ മനസ്സിലൂടെ ഓര്‍മ്മകളുടെ മിന്നല്‍പ്പിണരുകള്‍ കടന്നു പോയി തലച്ചോറിനുള്ളില്‍ ഭീതിയുടെ വിത്തു വിതച്ചു.
പാതി നിറഞ്ഞ മദ്യ ഗ്ളാസുകള്‍ തറയില്‍ വീണ് ചിന്നിച്ചിതറി.
കറുത്ത വേഷമണിഞ്ഞ് അഴിഞ്ഞുലഞ്ഞ മുടിയും അഗ്നി വര്‍ഷിക്കുന്ന കണ്ണുകളുമായി അവള്‍ മുന്നില്‍ നിറഞ്ഞു നിന്നപ്പോള്‍ അവരുടെയുള്ളില്‍ നുരച്ചു പൊന്തിയിരുന്ന ലഹരി വിയര്‍പ്പായ് മാറി. പെട്ടെന്ന് അവരുടെ തലയ്ക്ക് മുകളിലൂടെ അനേകം കടവാതിലുകള്‍ ചിറകടിച്ചു കൊണ്ട് പറന്നു പോയി. ഭയം കൊണ്ട് വിറച്ച് അവര്‍ നിലവിളിച്ചു. അപ്പോഴേക്കും കാര്‍മേഘങ്ങള്‍ വന്ന് ചന്ദ്രനെ വിഴുങ്ങിക്കഴിഞ്ഞിരുന്നു. പുറത്തെങ്ങും കുറ്റാക്കുറ്റിരുട്ട് വ്യാപിച്ചു. വിജനതയിലെങ്ങോയിരുന്ന് കാലന്‍കോഴികള്‍ നിര്‍ത്താതെ കൂവി.
പ്രാണഭയത്തോടെ അലറിക്കരഞ്ഞുകൊണ്ട് പിന്‍വാതിലിലൂടെ തട്ടിയും തടഞ്ഞും അവര്‍ പുറത്തേക്കോടി.
അവള്‍ ഭാവഭേദമേതുമില്ലാതെ അവരെ പിന്തുടര്‍ന്നു കൊണ്ടിരുന്നു. വീശിയടിച്ച കാറ്റില്‍ കരിയിലകള്‍ ഉയര്‍ന്നു പൊങ്ങി. അവരുടെ ഓട്ടം റെയില്‍വേ ട്രാക്കിലെത്തിയതും അകലെ നിന്ന് ട്രെയിന്‍ പാഞ്ഞു വന്നതും ഒന്നും അവരറിഞ്ഞില്ല.
നിമിഷനേരം കൊണ്ട് റെയില്‍വേ ട്രാക്കിനു ചുറ്റും ചോരയുടെ കടും ചുവപ്പ് നിറം പടര്‍ന്നു.
അവളുടെ സ്വപ്നങ്ങള്‍ക്ക് അന്ന് അവര്‍ ചാര്‍ത്തിക്കൊടുത്ത അതേ കടും ചുവപ്പ് നിറം.
അല്പ സമയത്തിനകം പിന്നിട്ട വഴികളിലൂടെ അവള്‍ മടക്കയാത്ര ആരംഭിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ തിരയടങ്ങിയ കടല്‍ പോലെ ശാന്തമായിരുന്നു. പോകുന്നതിനു മുന്‍പ് അവള്‍ കറുപ്പ് വസ്ത്രം മാറ്റി വെള്ള വസ്ത്രം ധരിച്ചിരുന്നു. നിത്യശാന്തിയുടെ തൂവെള്ള വസ്ത്രം..
അജിന സന്തോഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot