Slider

ഇന്നെന്റെ വിവാഹ ദിവസമാണ്

0
ഇന്നെന്റെ വിവാഹ ദിവസമാണ്.ആഭരണങ്ങളും പുതുവസ്ത്രവും അണിഞ്ഞു ചെക്കന് വേണ്ടി കാത്തു നിൽകുമ്പോഴും എന്റെ കണ്ണുകൾ തിരയുന്നത് മറ്റൊരാൾക്ക്‌ വേണ്ടിയാണ്.
അഥിതികൾ ഓരോരുത്തർ വന്നും പോയി ഇരുന്നു...
ഇടക്ക് പുറത്തേക്കു നോക്കിയപ്പോഴാണ് സമപ്രായക്കാരായ രണ്ടു പെൺകുട്ടികളെ കണ്ടത്...
കളിച്ചും ചിരിച്ചുമുള്ള അവരുടെ സംസാരം അതെന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോയി.
----------------------------------------------------------------=
.രവി സാറിന്റെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് വന്ന അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയിഴകളും വശ്യമായ പുഞ്ചിരിയുമുള്ള അവൾ സുമേയാ.
പ്രായത്തിൽ കവിഞ്ഞ പക്വതയും ,മിതമായ സംസാരം രീതിയും പഠനത്തിലും പഠനേതര വിഷയങ്ങളിലും അവൾ കാണിച്ച മികവും അവളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കി.
സ്കൂളിന് അടുത്തുള്ള വാടക വീട്ടിൽ ഉമ്മയും ഉപ്പയും അവളും അടങ്ങുന്ന ഒരു കൊച്ചു കുടുംബം.എന്റെ തൊട്ടടുത്തിരുന്ന് ഞങ്ങൾ ഉറ്റസുഹൃത്തുക്കളായി മാറിയിട്ട് കൂടി അവളുടെ നാടും വീടും ആത്മാവും എനിക്ക് അറിയില്ലായിരുന്നു.ഞാൻ ചോദിച്ചിട്ടും ഒഴിഞ്ഞു മാറ്റം മാത്രം ആയിരുന്നു മറുപടി.അറിയും തോറും അവളെനിക്ക് കൗതുകമായിരുന്നു ..
പലതവണ ഞാൻ വീട്ടിലേക്കു ക്ഷണിച്ചു എങ്കിലും അതും നിരസിച്ചു.കണ്ടില്ലെങ്കിലും അവളെന്റെ വീട്ടിൽ പരിചിതയായിരുന്നു..ഉച്ചയൂണിനു പതിവായി വീട്ടിൽ പോകാറുള്ള അവളോട്‌ കുടുംബത്തെ കാണാനുള്ള ആഗ്രഹം കൊണ്ട് പലയാവർത്തി വീട്ടിലേക്കു പോന്നോട്ടെ എന്നുള്ള എന്റെ ചോദ്യത്തിന് പുഞ്ചിരിച്ചു കൊണ്ട് പിന്നീടാകാം എന്ന് മാത്രമാണ് മറുപടി ഉണ്ടായിരുന്നത്..
പരീക്ഷയെല്ലാം കഴിഞ്ഞു സ്കൂൾ പൂട്ടുന്ന ദിവസമായിരുന്നു അന്ന്..കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്ന എന്റെ അടുത്ത് വന്ന് അവൾ ചോദിച്ചു "'നീ വരുന്നോ എന്റെ കൂടെ "'..കേട്ടപാതി കേൾക്കാത്ത പാതി ചോറ്റുപാത്രം അടച്ചു വെച്ച് ഞാൻ അവളുടെ കൂടെ ഇറങ്ങാൻ ഒരുങ്ങിയപ്പോൾ എന്റെ ചോറ്റുപാത്രം കൂടി എടുക്കാൻ അവൾ ആവശ്യപെട്ടു.
വിഭവങ്ങൾ ഒരുക്കി മകളെ കാത്തിരിക്കുന്ന ഒരു ഉമ്മയെയാണ് ഞാൻ അവിടെ പ്രതീക്ഷിച്ചത്..എന്നാൽ വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നു.ജനലഴിക്കുള്ളിലൂടെ താക്കോൽ എടുത്ത് വാതിലും തുറന്ന് വീട്ടിലേക്കു സലാം ചൊല്ലി പ്രവേശിച്ചപ്പോൾ തിരിച്ച് മറുപടി ഒന്നും കേട്ടതും ഇല്ല. ഒരു മുറിയും ഒരടുക്കളയും അടങ്ങുന്ന ഒരു കുഞ്ഞു വീട്..ഉമ്മയെ കാണാത്തപ്പോൾ ഞാനാ മുറിയിലേക്ക് ഒന്ന് എത്തി നോക്കി..ഒരു പ്രാവശ്യം മാത്രമേ നോക്കിയുള്ളൂ...
തലകറങ്ങി ഞാനാ കസേരയിൽ ഇരുന്നു. എന്റെ പരിഭ്രാന്തി കണ്ടിട്ടാകാണo അവളെനിക്ക് വെള്ളം നീട്ടിയത്..
"'ഉമ്മിയാണ് കുറച്ചു വർഷങ്ങൾ ആയി സുഖമില്ല "എന്നവൾ എന്നോട് പറഞ്ഞപ്പോൾ മറുപടി എന്നോണം ഉപ്പയെ ആയിരുന്നു ഞാൻ ചോദിച്ചത്..
എല്ലാം ഞാൻ പറയാം എന്നും പറഞ്ഞ് തീൻമേശയിലേക്ക് വിളിച്ചപ്പോൾ അവിടെ സമൃദ്ധമായ സദ്യക്ക് പകരം പഴംകഞ്ഞി ആയിരുന്നു..ഞാൻ കഴിച്ചത് എന്റെ ചോറ്റു പാത്രത്തിലെ ചോറും..രുചിയോടെ അവളതു കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് കൗതുകം ആയിരുന്നു.
അവളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും ഓരോന്നായി കാണിച്ചു തന്നപ്പോൾ ഞാൻ ചിന്തിച്ചത് ഇഷ്ട വിഭവം ഇല്ലെന്നു പറഞ്ഞ് വഴക്കിടുന്ന..ഡ്രെസ്സിലെ പൂവിന്റെ നിറം മങ്ങിയെന്നു പറഞ്ഞ് അതൊഴിവാക്കുന്ന എന്നെ കുറിച്ചാണ്.
ഉമ്മിയുടെ വായിലേക്ക് കഞ്ഞി ഒഴിച്ചു കൊടുക്കുന്നതിനു ഇടയിൽ അവൾ പറയുന്നുണ്ടായിരുന്നു..
മലപ്പുറത്തെ ഒരു നാട്ടിൻപുറത്ത് സമൂഹം കള്ളനെന്നു ഓമനപേരിട്ടു വിളിച്ച ഒരുപ്പയുടെ മകളായി ജനനം..സ്നേഹനിധിയായ ഉമ്മാക്ക് മുഖവും ശരീരവും വികൃതമായി മാറുന്ന മാറാവ്യാധി പിടിപെട്ടപ്പോൾ ജനിപ്പിച്ച അച്ഛൻ ഉപേക്ഷിച്ചു പോയി.
നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു പിന്നീട് ജീവിതം.പഠിക്കാൻ മിടുക്കി.. ആ ഇടക്ക് ക്ലാസ്സിലെ ഒരു സുഹൃത്ത്‌ ഉമ്മയെ കാണാൻ വീട്ടിൽ വരികയും ക്ലാസ്സിൽ ചെന്ന് മറ്റുള്ളവരുടെ മുൻപിൽ വെച്ച് "'അവളുടെ ഉമ്മയുടെ മുഖം ഒരു മൃഗത്തെ പോലെയാണെന്ന് പറഞ്ഞ് ആക്ഷേപിച്ചപ്പോൾ ഉണ്ടായ വേദന കൊണ്ടെത്തിച്ചത് പഠനം നിർത്തുന്നതിലേക്ക് ആയിരുന്നു.
പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു എന്നറിഞ്ഞ അയൽവാസിയായ രവി സാർ എന്നെയും കുടുംബത്തെയും പിന്നീട് ഇങ്ങോട്ട് കൊണ്ട് വരികയായിരുന്നു.. എന്നെ ദത്തു പുത്രിയാക്കിയതോടൊപ്പം എന്റെ ഉമ്മയുടെ ചികിത്സ ചിലവും കൂടി അദ്ദേഹം ഏറ്റെടുത്തപ്പോൾ അദ്ദേഹം എനിക്ക് ദൈവതുല്യനായ ഗുരുവായി..
ചുരുങ്ങിയ വരിയിൽ അവളുടെ വലിയ ജീവിതം എനിക്ക് മുൻപിൽ പറഞ്ഞപ്പോൾ അവളിലൂടെ ഞാൻ മറ്റൊരു ലോകത്തെത്തി.
ഉമ്മയോട് സലാം ചൊല്ലി വീട്ടിൽ നിന്നിറങ്ങിയപ്പോൾ ചിന്തകൾ പലതും ആയിരുന്നു.. കർക്കഷക്കാരനായ രവി സാർ അവൾക്കു ദൈവ തുല്യൻ ആയപ്പോൾ
ഞാൻ ഉൾക്കൊണ്ട പാഠം ഒരദ്യാപകൻ ആണ് ഒരു വിദ്യാർത്ഥിയുടെ ആദ്യ പാഠപുസ്തകം ആകേണ്ടതു എന്നായിരുന്നു..
ദിവസം കഴിയും തോറും അവളോടുള്ള ഇഷ്ടവും ബഹുമാനവും കൂടി.. എനിക്ക് മാത്രമല്ല എന്റെ വീട്ടുകാർക്കും...വർഷങ്ങൾ പലതും കഴിഞ്ഞു.. ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴവും കൂടി..എന്റെ വീട്ടിലെ ഒരംഗമായി അവളും മാറി..ഞാൻ കഴിക്കുന്ന മിട്ടായിയുടെ പാതി അവകാശി അവൾ ആയിരുന്നു..എനിക്ക് പുതുതായി എന്തെടുത്താലും കൂടെ അവൾക്കും എടുക്കാൻ ഉപ്പ മറന്നില്ല..
എനിക്കവൾ സഹോദരിയും ഉമ്മക്കും ഉപ്പക്കും അവൾ മകളുമായി മാറിയപ്പോൾ ഇക്കാക്കയുടെ മനസ്സിൽ അവളെ നല്ലപാതി ആക്കാനുള്ള ആഗ്രഹവും ഉടലെടുത്തു.
എന്റെ പിന്തുണയോടെ ഇക്ക പല തവണ ആവശ്യം പറഞ്ഞെങ്കിലും നിരാശ മാത്രം ആയിരുന്നു ഫലം.ഉമ്മയെ തനിച്ചാക്കി ഞാൻ മറ്റൊരു ജീവിതവും സുഖവും തേടിപോകില്ല എന്നായിരുന്നു അവളുടെ പക്ഷം..
പക്ഷെ ഉമ്മാക്ക് വേണ്ടിയുള്ള അവളുടെ ജീവിതം അധികം നീണ്ടു നിന്നില്ല..അസുഖം കൂടി അവർ മരണത്തിനു കീഴടങ്ങിയപ്പോൾ അനാഥ എന്നൊരു വിളിപ്പേര് കൂടി അവൾക്കു സ്വന്തമായി.
ചെറുപ്രായത്തിൽ പിതാവിനാൽ ഉപേക്ഷിക്കപെട്ടവൾ..കള്ളന്റെ മകളെന്ന് പരിഹസിക്കപെട്ടവൾ. സഹതാപത്തിന്റെയും ദാരിദ്രത്തിന്റെയും രുചിയറിഞ്ഞു വളർന്നവൾ ഒടുവിൽ ഒറ്റപ്പെടലിന്റെയും അനാഥതത്തിന്റെയും വേദന കൂടി അറിഞ്ഞപ്പോൾ വിഷാദ രോഗതിന് അടിമപെടുമെന്നു ഭയന്ന് ഞാനാണ് ഇക്കാക്ക് അവളോടുള്ള താല്പര്യം വീട്ടിൽ അറിയിച്ചത്.
പക്ഷെ മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ സ്വാർത്ഥർ ആകുമെന്ന് ഇവടെയും സത്യമായി..ഒരനാഥ പെണ്ണിനെ മരുമകൾ ആക്കാൻ അവർ ഒരുക്കമല്ലായിരുന്നു.. കൈ നിറയെ സ്ത്രീധനം കൊണ്ട് വരുന്ന മരുമകളെയാണ് അവർക്കും വേണ്ടിയിരുന്നതു.
എന്നാൽ സ്നേഹിച്ച പെണ്ണിനെ കൈ ഒഴിയാൻ ഇക്കാക്കയും കൂട്ടുകാരിയെ അറിഞ്ഞു കൊണ്ട് ഉപേക്ഷിക്കാൻ ഞാനും തയ്യാറായില്ല. എല്ലാം നഷ്ടപ്പെട്ട് സ്വബോധം പോലും ഇല്ലാത്ത സമയത്താണ് ഇക്കാക്ക അവൾക്കു മഹർ ചാർത്തിയത് ..മാതാപിതാക്കളുടെ സ്ഥാനത്ത്‌ രവി സാറും കൂടെപിറപ്പായ എന്റെയും സാനിധ്യം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ..
പ്രതീക്ഷച്ചത് പോലെ വീട്ടിൽ അവൾക്കു സ്ഥാനം ഇല്ലായിരുന്നു.അവളുടെ കയ്യും പിടിച്ച് അന്നിറങ്ങിയതാണ് ഇക്കാക്ക..
പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു.. വർഷങ്ങൾ മാറി വന്നു ഉമ്മയുടെയും ഉപ്പയുടെയും മനസ്സ് മാറി തുടങ്ങി.. അവരെ കണ്ടു പിടിക്കാനുള്ള ഓട്ടമായിരുന്നു പിന്നീട്..
അന്വേഷണം പല വഴിക്കും തിരിഞ്ഞു.എന്റെ കല്യാണം ഉറപ്പിച്ച അന്ന് മുതൽ എനിക്ക് പിന്തുണ നൽകി എന്റെ ഭർത്താവും ഏറെ സഹായിച്ചു.. രവി സാറിനെ അന്വേഷിചിറങ്ങിയപ്പോൾ ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..പക്ഷെ അവിടെ എത്തിയപ്പോൾ അദ്ദേഹം ഒരു യാത്രയിൽ ആണെന്ന് മാത്രം അറിഞ്ഞു..
ഇന്നിതാ കല്യാണദിവസം വന്നെത്തി..ആളും ബഹളവും കേമമായി കല്യാണം നടക്കുമ്പോഴും ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു പ്രതീക്ഷയോടെ എന്റെ കണ്ണുകൾ തിരയുന്നത് അനിയത്തിയുടെ ജീവിതത്തിലെ മനോഹരമായ നിമിഷത്തിന് സാക്ഷിയാവാൻ എന്റെ ഇക്കാക്ക സുമിയുടെ കയ്യും പിടിച്ച് വരുന്നതാണ്.
പക്ഷെ പ്രതീക്ഷ അസ്തമിച്ചു നിറകണ്ണുകളോടെ മഹർ ചാർത്താൻ ഞാൻ കഴുത്ത് നീട്ടാൻ ഒരുങ്ങിയതും എന്റെ ചുമലിൽ കൈ വെച്ചാരോ പറഞ്ഞു
"'മോളെ ബിസ്മി ചൊല്ലാൻ മറക്കല്ലേ "'
എന്റെ ചെവിയിൽ പ്രകമ്പനo കൊള്ളിച്ച ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയതും കയ്യിൽ ഒരു കുഞ്ഞു മാലാഖയുമായി ഇക്കാക്കയുo കൈ നിറയെ സമ്മാനങ്ങളുമായി സുമിയുo രവി സാറും. എന്റെ മുൻപിൽ .
"എങ്ങനെയുണ്ട് എന്റെ വിവാഹസമ്മാനം" എന്ന് ചോദിച്ചു എന്റെ ഭർത്താവ് എന്നെ ചേർത്ത് പിടിച്ചപ്പോൾ എന്റെ മുൻപിൽ ഒരായിരം ചോദ്യങ്ങൾ ആയിരുന്നു.
വിവരങ്ങൾ ഞാൻ പറഞ്ഞ അന്ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു എന്നും മാഷിന്റെ സഹായത്തോടെ ഇക്കയെ കണ്ടു പിടിച്ചു അവിടെ എത്തിയപ്പോൾ സുമിയാണ് നിന്നെ ഒന്നും അറിയിക്കരുത് എന്ന് പറഞ്ഞതും..
നനഞ്ഞ കണ്ണുകൾ കൊണ്ട് ഭർത്താവിനു നന്ദി അറിയിച്ചു സുമിയെ വാരിപുണർന്നപ്പോൾ എല്ലാം കണ്ടും കേട്ടും നിന്ന ഉപ്പയും ഉമ്മയും ഇക്കയുടെ മാലാഖകുഞ്ഞിനെ കോരിയെടുത്തു ഉമ്മ വെക്കുന്ന തിരക്കിൽ ആയിരുന്നു
**************************
*ശുഭം *
---------
# nafy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo