Part 12
ലങ്കാവി - മലേഷ്യ - 4.30 PM
ഭീതിദമായ വേഗതയിൽ കറങ്ങിക്കൊണ്ടിരിക്കുകയാണാ ബോട്ട്.
നീന അലറിക്കരഞ്ഞുകൊണ്ട് അതിന്റെ അമരത്ത് അള്ളിപ്പിടിച്ചു കിടന്നു.
ആ ചുഴി നിമിഷം പ്രതി വളർന്നു കൊണ്ടിരുന്നു. ഏതു നിമിഷവും അതാ ബോട്ടിനെ വിഴുങ്ങും.
നീനക്കു തല കറങ്ങിത്തുടങ്ങിയിരുന്നു. ബോധം മറഞ്ഞു തുടങ്ങി. ബോട്ടിന്റെ വക്കിൽ ഇറുക്കിപ്പിടിച്ചിരുന്ന കൈകൾ പതിയെ അയഞ്ഞു തുടങ്ങി. പിടി വിട്ട് വീഴുന്നതിനു തൊട്ടു മുൻപായി അവൾ കണ്ടു...
ഇരു വശങ്ങളിൽ നിന്നുമായി പാഞ്ഞടുക്കുന്ന ഓറഞ്ചു നിറമുള്ള ബോട്ടുകൾ.
ആ നിമിഷം തന്നെ അവളുടെ ബോട്ടിന്റെ കറക്കം നിലച്ചു. ആ ചുഴി എവിടെയോ പോയ് മറഞ്ഞു.
"ലൈഫ് ഗാർഡ്സ്!! ഡു നോട്ട് ബി അഫ്രൈഡ്! വി ആർ ഹിയർ റ്റു ഹെൽപ് യൂ! " ഏറ്റവും മുൻപിൽ വന്ന ബോട്ടിൽ നിന്നും ഒരാൾ മെഗാ ഫോണിലൂടെ വിളിച്ചു പറയുന്നതു കേട്ടു.
അവശയെങ്കിലും നീന പതിയെ എഴുന്നേറ്റിരിക്കാനൊരു ശ്രമം നടത്തി. നടക്കുന്നില്ല. .. ബാലൻസ് കിട്ടുന്നില്ല
" മാഡം... പ്ലീസ്. സ്റ്റേ . അനങ്ങല്ലേ.... " ലൈഫ് ഗാർഡ്സ് വിളിച്ചു പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ അവർ അവൾക്കരികിലെത്തി.
" ആർ യൂ എലോൺ ? " അവരുടെ ആ ചോദ്യം കേട്ടപ്പോളാണവളോർത്തത് "റോബി?"
റോബിയെ ബോട്ടിൽ കാണാനുണ്ടായിരുന്നില്ല!!
" അയ്യോ," അവൾ നിലവിളിച്ചു " എന്റെ ഹസ്ബൻഡ്!"
അവൾ അതു പറഞ്ഞു തീർന്നതും മുങ്ങൽ ഡ്രസ്സിട്ട രണ്ടു പേർ വെള്ളത്തിലേക്കു ചാടി.
"ഡോണ്ട് വറി മാഡം. ഒന്നും പേടിക്കാനില്ല. ഞങ്ങൾക്കീ തടാകത്തിന്റെ ഓരോ ഇഞ്ചും നന്നായി അറിയാം. അവർ ഇപ്പൊത്തന്നെ താങ്കളുടെ ഹസ്ബൻഡുമായി വരും. "
നീനയെ പിടിച്ച് അവരുടെ ബോട്ടിലേക്ക് കയറ്റുന്നതിനിടയിൽ ഒരു ഓഫീസർ അവൾക്കുറപ്പു നൽകി.
ശരിയായിരുന്നു! നിമിഷങ്ങൾക്കുള്ളിൽ റോബിയുമായി അവർ പൊങ്ങി വന്നു. എന്നാൽ...
ഒരു ഡൈവർ മലേഷ്യൻ ഭാഷയിലെന്തോ വിളിച്ചു പറയുന്നതു കേട്ടു. അയാൾ ചൂണ്ടുവിരൽ മുകളിലേക്കുയർത്തി ചുഴറ്റുന്നുണ്ടായിരുന്നു.
"സോറി മാഡം... അയാളെ എമർജ്ജൻസിയായിട്ട് ഹോസ്പിറ്റലിലെത്തിക്കണം. ഞങ്ങൾ എയർ ലിഫ്റ്റ് ചെയ്യാൻ പോകുന്നു. നമുക്ക് പോകാം. " അയാൾ തിരിഞ്ഞ് ബോട്ടിന്റെ ഡ്രൈവറോടെന്തോ പറഞ്ഞു.
"നോ!! " നീന അലറി. " ഞാൻ റോബിയെ വിട്ട് എങ്ങോട്ടുമില്ല!"
പക്ഷേ ആരു കേൾക്കാൻ. ആ ബോട്ട് തിരിഞ്ഞു കഴിഞ്ഞു.
മല നിരകൾക്കിടയിലൂടെ ഒരു ഹെലിക്കോപ്റ്റർ പാഞ്ഞു വരുന്നുണ്ടായിരുന്നു.
" സീ! അവർ നിങ്ങളുടെ ഹസ്ബൻഡിനെ പിക്ക് ചെയ്ത് അടുത്ത ഹോസ്പിറ്റലിലെത്തിക്കും. നമ്മൾ ഇപ്പൊ അങ്ങോട്ടാണു പോകുന്നത്. പേടിക്കരുത്. എല്ലാ സൗകര്യങ്ങളും ആ ചോപ്പറിലുണ്ട്. ഹീ വിൽ ബി ഫൈൻ! " നേരത്തെ സംസാരിച്ച മനുഷ്യൻ അവളെ നോക്കി വിളിച്ചു പറഞ്ഞു.
ഹെലിക്കോപ്റ്റർ അവരുടെ ബോട്ടിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ താഴ്ന്നു പറന്നു കടന്നു പോയി.
***** ***** ***** ***** ***** ***** ***** *****
"റോബി! ഒരാഴ്ച്ച പോയിട്ട് ഒരു സെക്കൻഡു പോലും ഇനി ഇവിടെ നിൽക്കാൻ ഞാനില്ല. നമ്മക്കു പോകാം. " നീന കരയുന്നതിനിടയിലാണത്രയും പറഞ്ഞത്.
റോബി തലയാട്ടുക മാത്രം ചെയ്തു. അവന്റെ മുഖത്ത് അപ്പോഴും ഓക്സിജൻ മാസ്ക് ഘടിപ്പിച്ചിരുന്നു.
" ഇപ്പൊ എന്നെ വിശ്വാസായോ റോബിക്ക് ? ഞാൻ ഇന്നലെ ബാത്ത് റൂമിൽ കണ്ടെന്നു പറഞ്ഞത് ?"
" വായും മൂക്കുമെല്ലാം അടച്ചു വെച്ചിട്ട് നിങ്ങൾ അയാളോടിങ്ങനെ സംസാരിച്ചോണ്ടിരുന്നാ ലെങ്ങനെയാ ? " പുറകിൽ നിന്നൊരു മലയാളി ശബ്ദം കേട്ട് നീന തിരിഞ്ഞ് നോക്കി.
"ഹായ്! ഞാൻ ബെറ്റി. വയനാട്ടീന്നാ. " സുന്ദരിയായിരുന്നു ആ പെൺകുട്ടി. "ഞാൻ ജോയിൻ ചെയ്തേപ്പിന്നെ ആദ്യായിട്ടാ ഒരു ബോട്ട് ആക്സിഡന്റ്. ഇവിടത്തെ വാട്ടേഴ്സ് ഒക്കെ ഭയങ്കര സേഫാണ്. നിങ്ങൾക്കിതെന്നാ പറ്റീതാ ?"
നീന അവളെ നോക്കി ഒരു വരണ്ട ചിരി ചിരിച്ചു.
“എന്തേ ഇങ്ങനെ ഗ്ലൂമിയായിട്ടിരിക്കണേ ? റോബി 100% ഓക്കെയാണിപ്പോ. കൊറച്ചു വെള്ളം കുടിച്ചെന്നു മാത്രം.” അവൾ വിടാനുദ്ദേശമില്ല.
"ഈയിടെയായിട്ട് മുഴുവൻ അപകടമാണ് ഞങ്ങടെ ജീവിതത്തിൽ. ചുമ്മാ പുറത്തിറങ്ങാൻ തന്നെ പേടിയാവുന്നുണ്ട്. " നീനയുടെ സ്വരത്തിൽ നിരാശയായിരുന്നു.
"എന്തിനാ പേടി ?" ബെറ്റിക്ക് മനസ്സിലായില്ല.
"നീന തുടരാൻ മടിച്ചു. “രണ്ടു കാലിലും ഫ്രാക്ചറായി ഹോസ്പിറ്റലിലായിരുന്നു കഴിഞ്ഞ കുറേ മാസമായിട്ട്. ഇപ്പൊഴാ ഒന്നു നടന്നു തുടങ്ങിയേ. അപ്പൊ ഇതിങ്ങനായി.”
“അതിലൊന്നും ഒരു കാര്യവുമില്ല . നിങ്ങളിങ്ങനെ പേടിച്ചാലോ ? ഇതൊക്കെയല്ലേ ലൈഫിൽ ഒരു അഡ്വെഞ്ചർ എന്നു പറയുന്നത്.” ബെറ്റിയുടെ ചിരി മാഞ്ഞിട്ടില്ല.
“അതു മാത്രമാണെങ്കി സഹിക്കാരുന്നു...” നീനക്ക് മലയാളത്തിൽ സംസാരിക്കാൻ ഒരാളെ കിട്ടിയതിന്റെ സന്തോഷമായിരുന്നു. “ബെറ്റിക്ക് പ്രേതങ്ങളിൽ വിശ്വാസമുണ്ടോ ? നമ്മളെ നശിപ്പിക്കാനായിട്ട് കൂടെക്കൂടിയിരിക്കുന്ന ഒരു അതീന്ദ്രിയ ശക്തി ?”
ഒരു പൊട്ടിച്ചിരിയാണ് നീന പ്രതീക്ഷിച്ചത്. പക്ഷേ ആ കുട്ടി ഒന്നും മിണ്ടാതെ ബെഡിൽ ഇരുന്നു.
“എനിക്ക് നല്ല വിശ്വാസമാണ്. ഞാൻ ഇതിനു മുൻപ് ഓട്ടോപ്സി അസിസ്റ്റന്റ് ആയിരുന്നു. ബോഡി പോസ്റ്റ്മോർട്ടം ചെയ്യുമ്പൊ സർജനെ ഹെല്പ്പ് ചെയ്യുന്ന പണി. ധാരാളം അനുഭവങ്ങളുണ്ടായിട്ടുണ്ടെനിക്ക്. തലയോട്ടിയൊക്കെ വെട്ടിപ്പൊളിച്ചു കഴിഞ്ഞ് ജീവൻ തിരിച്ചു വന്ന സംഭവമൊക്കെ കണ്ടിട്ടുണ്ട് ഞാൻ.”
“അതു പോലല്ല ബെറ്റി. ഇതിപ്പൊ ആരോ ഞങ്ങളെ കൊല്ലാനായിട്ട് കൂടെ കൂടിയിരിക്ക്വാ. ഒരു പെണ്ണാണെന്നു തോന്നുന്നു. ഇന്നലെ ഹോട്ടലിൽ വെച്ചു ഞാൻ കണ്ടു . ഇന്ന് ഈ ആക്സിഡന്റ് ഉണ്ടാകുന്നതിനു തൊട്ടു മുൻപ് വെള്ളത്തിനടിയിൽ ഞങ്ങൾ രണ്ടു പേരും...” അത്രയും പറഞ്ഞപ്പോൾ റോബി അവളുടെ കൈ പിടിച്ചമർത്തി. പറയണ്ട എന്നു കണ്ണു കൊണ്ടാംഗ്യം കാട്ടി.
“അയ്യോ, എന്നോട് പറയാൻ പേടിക്കണ്ടാട്ടോ. ഇവിടെ നിങ്ങൾക്ക് സംസാരിക്കാൻ വേറൊരു മലയാളി നേഴ്സിനെ കിട്ടാൻ പാടാ. എന്തുണ്ടെങ്കിലും ധൈര്യമായിട്ട് പറഞ്ഞോ.”
അപ്പോൾ റോബി മുഖത്തു നിന്നും മാസ്ക് ഊരി മാറ്റി “ കുട്ടിക്ക് വേറേ ജോലിയൊന്നുമില്ലേ ? എല്ലാത്തിനും ലോജിക്കലായിട്ട് ഒരു എക്സ്പ്ലനേഷനുണ്ടാകും. ചുമ്മാ പ്രേതങ്ങളെ പഴി ചാരുന്നു. ഈ 21ആം നൂറ്റാണ്ടിൽ! രണ്ടെണ്ണോം കൊള്ളാം.”
“ആഹാ! എന്നാ ഞാൻ ഇനിയൊരു കാര്യം പറയട്ടെ ?” ബെറ്റി അവന്റെ നേരേ തിരിഞ്ഞു. “ആ ബോട്ടിങ്ങ് സർവ്വീസ് തുടങ്ങിയിട്ട് പത്തു പന്ത്രണ്ട് കൊല്ലമായി. അവിടെയെന്നല്ല, ലങ്കാവിയിലെ ഒരു ലെയ്ക്കിലും ഇന്നു വരെ ഒരു ചുഴിയോ അടിയൊഴുക്കോ ഉണ്ടായിട്ടില്ല. അഥവാ ഉണ്ടായിരുന്നെങ്കിൽ പണ്ടേ ആ സ്ഥലം ഗവണ്മെന്റ് ഷട്ട് ഡൗൺ ചെയ്തേനേ. പിന്നെ, ഏതു നൂറ്റാണ്ടായാലും, പ്രേതങ്ങളില്ല എന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. നിങ്ങൾ മെഡിക്കൽ ഫീൽഡിൽ വർക്കു ചെയ്യണം. എങ്കിലേ മനസ്സിലാകൂ.”
“ഓക്കേ. പ്രേതമുണ്ട്. സമ്മതിച്ചു. കൊച്ചു പൊക്കേ.” റോബിയുടെ മുഖം മുറുകിയിരുന്നു. “ഓൾറെഡി പേടിച്ചിരിക്കുവാ നീന. അതിന്റെ കൂടെ ഇയാൾടെ അഷുറൻസ് ആവശ്യമില്ല.”
“നിങ്ങൾക്കു താല്പ്പര്യമുണ്ടെങ്കി മതി. എനിക്കിവിടത്തെ ‘ഒറാങ്ങ് അസ്ലി’ ട്രൈബ്സുമായിട്ടൊക്കെ നല്ല അടുപ്പമുണ്ട്. എന്തെങ്കിലും ഹെല്പ്പ് വേണെങ്കി പറഞ്ഞാ മതി. ഞാൻ കൂട്ടിക്കൊണ്ടു പോകാം. ഇങ്ങനത്തെ കാര്യങ്ങൾക്കൊക്കെ അവരുടെ കയ്യീ പരിഹാരമുണ്ട്. “ അവൾ എഴുന്നേറ്റു ” ഞാൻ പോവാ. ഇനി ഇവിടെ നിന്നാ റോബി ചെലപ്പൊ എന്നെ തല്ലിക്കൊല്ലും.” ചിരി മായാതെ തന്നെ ബെറ്റി തിരിഞ്ഞു നടന്നു.
“അതെന്താ ഈ ‘ഒറാങ്ങ് അസ്ലി’?” നീന റോബിയെ നോക്കി.
“വല്ല ആദിവാസികളുമായിരിക്കും. ഏതു നാട്ടീ ചെന്നാലും കാണുമല്ലോ മനുഷ്യനെ പറ്റിക്കാൻ കുറേയെണ്ണം.”
“റോബി!” നീനയുടെ മുഖം മാറി. “ഇനിയെന്തു കണ്ടാലാണ് റോബി വിശ്വസിക്കുക ?? യൂ സോ ദാറ്റ് ഗേൾ അണ്ടർ ദ ബോട്ട്. ല്ലേ ? എന്നിട്ടും മനപ്പൂർവ്വം വിശ്വസിക്കില്ല എന്നു വാശി പിടിക്കുകയാണ്. ട്രസ്റ്റ് മീ റോബി! ആരോ നമ്മടെ കൂടെയുണ്ട്. ഉപദ്രവിക്കാൻ തന്നെയാ! എന്തായാലും കണ്ടു പിടിച്ചേ ഒക്കൂ. അല്ലാതെ ഇങ്ങനെ പേടിച്ചു ജീവിക്കുന്നതെങ്ങനെ ? ”
“പറ്റുവാനെങ്കി ഇന്നു രാത്രി തന്നെ നമുക്ക് തിരിച്ച് നാട്ടിൽ പോകാം. അവടെ ചെന്നട്ട് തീരുമാനിക്കാം. എനിക്കും കുറേ കാര്യങ്ങൾ ഒന്ന് ഓർഡറാക്കാനുണ്ട്.” റോബി ആലോചനയോടെ പറഞ്ഞു.
“എങ്ങനെ വിശ്വസിച്ച് പ്ലെയിനിൽ കേറും റോബി ?” കുറേ നേരമായിട്ട് അതാണവളുടെ ടെൻഷൻ..
“ഇങ്ങോട്ട് വന്നില്ലേ ? അതു പോലെ തന്നെ.” റോബിക്ക് വലിയ ഭയമൊന്നും ഉള്ളതു പോലെ തോന്നിയില്ല. എന്തിനും ഒരു ശാസ്ത്രീയ വിശദീകരണമുണ്ടാകുമെന്ന് അയാൾ വിശ്വസിച്ചു.
അപ്പോൾ ബെറ്റി വീണ്ടും ഓടിക്കയറി വന്നു. “ഞാനേ, ബ്ലഡ്ഡെടുക്കാൻ വന്നതാ. ആ കാര്യം മറന്നു പോയി. ഹ ഹ ഹ ” അവൾ ഒരു സിറിഞ്ചെടുത്ത് റോബിക്കരികിലേക്കു കുനിഞ്ഞു.
അതു കഴിഞ്ഞ് തിരിച്ചിറങ്ങാൻ നേരം അവൾ നീനയെ നോക്കി കണ്ണിറുക്കി. “ഒരു പ്രശ്നവുമുണ്ടാകില്ല. ഞാൻ ഒക്കെ ശരിയാക്കിത്തരാം.”
എന്തോ, അതു കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി നീനക്ക്. ബെറ്റിയുടെ മുഖത്തെ ഒരിക്കലും മായാത്ത ആ പുഞ്ചിരി കണ്ടാൽ ആർക്കും ഒരു ആശ്വാസം തോന്നിപ്പോകും.
അങ്ങനെ അന്നു വൈകിട്ടായപ്പോൾ റോബിയെ ഡിസ്ചാർജ് ചെയ്തു. അപ്പോഴേക്കും നാട്ടിലേക്കു വിളിച്ച് റോബി തിരിച്ചുള്ള ടിക്കറ്റ് ഒക്കെ ശരിയാക്കിയിരുന്നു.
“നല്ലോരു വെക്കേഷനായിട്ട്...” അയാൾ പരിതപിച്ചു. “ഈ പ്രശ്നങ്ങളൊക്കെ തീർന്നിട്ട് നമുക്കൊരിക്കൽ കൂടി വരണം കേട്ടൊ ?”
നീന മറുപടിയൊന്നും പറഞ്ഞില്ല. അവൾക്ക് തിരിച്ചുള്ള വിമാനയാത്ര ഓർത്തിട്ട് യാതൊരു സമാധാനവും കിട്ടിയില്ല.
പുറത്തിറങ്ങി ടാക്സിക്ക് കാത്തു നില്ക്കുമ്പോളാണ് റോഡിനപ്പുറത്ത് ബെറ്റിയെ കണ്ടത്.
“നില്ക്കൂ... ഒരു മിനിറ്റ്. എനിക്കൊരു കാര്യം പറയാനുണ്ട്.” അവൾ വിളിച്ചു പറഞ്ഞു.
“ആ പെണ്ണിനിതെന്തിന്റെ സൂക്കേടാ ?” റോബിക്ക് ദേഷ്യമായിരുന്നു.
ഒറ്റ ഓട്ടത്തിന് റോഡ് ക്രോസ്സ് ചെയ്ത് അവൾ അവർക്കരികിലെത്തി.
“ദാ, ഈ സാധനം കൊണ്ടു പോകണം. ഇത് കയ്യിലുള്ളപ്പോ നിങ്ങൾക്കൊരപകടവും സംഭവിക്കില്ല. ” അലുമിനിയം പേപ്പറിൽ പൊതിഞ്ഞ എന്തോ ഒന്ന് അവൾ നീനയുടെ കയ്യിൽ ഏല്പ്പിച്ചു. “ഇതൊരു ചെടിയുടെ വിത്താണ്. നാട്ടിൽ ചെന്ന ഉടനേ ഇത് വീടിനോട് ചേർന്നു നട്ടു പിടിപ്പിക്കണം. പെട്ടെന്നു മുളച്ചു പൊന്തും. ധാരാളം വെള്ളമൊഴിക്കണം.”
“ഇതെന്തു നോൺസെൻസാ ?” റോബി മുഖം ചുളിച്ചു.
“റോബി മൈൻഡ് ചെയ്യണ്ട.” അവൾ നീനയെ പിടിച്ചു മാറ്റി നിർത്തി. “ഞാനിന്നേ, ആ ബ്ലഡെടുത്തതെന്തിനാന്നറിയോ ? ടെസ്റ്റു ചെയ്യാനൊന്ന്വല്ല. ഞാൻ ഒരാളെ കണ്ടിരുന്നു. ഇന്നുച്ചക്ക്. മാമൂത്ത്. ഇവിടത്തെ ഒരു പേരു കേട്ട മന്ത്രവാദിയാ. അയാളാ പറഞ്ഞെ ഒരു തുള്ളി രക്തമോ, തലമുടിയൊ മറ്റോ ആയി ചെന്നു കണ്ടാൽ അങ്ങേർ പരിഹാരമുണ്ടാക്കിത്തരാമെന്ന്.കഥയെല്ലാം കേട്ടു കഴിഞ്ഞപ്പോ അയാൾ പറഞ്ഞു ...” ബെറ്റി നിർത്തി. തുടർന്നു പറയാൻ മടിയുള്ളതു പോലെ.
”പറ ബെറ്റി. എന്താ പറഞ്ഞെ അയാൾ ?“
“ഈ റോബിയോട് എന്തോ വല്ലാത്ത പകയുമായി ഒരാത്മാവ് കൂടെ കൂടിയിട്ടുണ്ട്. ഒരു പക്ഷേ എന്തെങ്കിലും തെറ്റിദ്ധാരണയായിരിക്കും. കൊന്നു കളയാൻ പോലും മടിക്കാത്ത വിധം കലി പൂണ്ട് നടക്കുകയാണ് ആ പെണ്ണ്.”
“പെണ്ണോ ?”
“അതേ. അതൊരു പെൺകുട്ടിയാണെന്നാണ് കക്ഷി പറഞ്ഞത്. പരിഹാരമായിട്ട് ഈ വിത്ത് തന്നു. ഇതുള്ളിടത്ത് ആ ആത്മാവിനടുക്കാനാവില്ല. പിന്നെ വേറൊരു പ്രധാന കാര്യം.... അടുത്തു തന്നെ നിങ്ങടെ ജീവിതത്തിലേക്കൊരു പെൺകുഞ്ഞു കടന്നു വരും. അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കണം. പറ്റുമെങ്കിൽ നിങ്ങളുടെ കൂടെ വളർത്തണം. ഈ സംഭവിക്കുന്നതെല്ലാം ആ കുഞ്ഞിനെ ബെയ്സ് ചെയ്താണ്.”
“എനിക്കൊന്നും മനസ്സിലാകുന്നില്ല ബെറ്റി.” നീന വീണ്ടും കരച്ചിലിന്റെ വക്കിലെത്തി. “ഏതു കുഞ്ഞ് ? ഞങ്ങൾക്കൊരു കുഞ്ഞുണ്ടാകുമെന്നാണോ ?”
“അതറിയില്ല നീന. നിങ്ങളെന്തായാലും മാമൂതിനെ കാണാൻ വരില്ലല്ലോ. വന്നിരുന്നെങ്കിൽ എല്ലാം മനസ്സിലാക്കി സമാധാനമായി തിരിച്ചു പോകാമായിരുന്നു.”
നീന റോബിയെ നോക്കി. അയാൾ ക്രൂദ്ധനായി ബെറ്റിയെ നോക്കി നില്ക്കുകയാണ്. “എന്താ ?” അയാൾ കൈ കൊണ്ടാംഗ്യം കാട്ടി ചോദിച്ചു.
“ബെറ്റി...ഇതിനൊക്കെ കൂടി എന്താ വേണ്ടേ ? കാഷ് വല്ലതും ചിലവായോ ബെറ്റിക്ക് ?”
“അതൊന്നും നിങ്ങളറിയണ്ട. സ്വന്തം നാട്ടുകാരല്ലേ ” അവൾ ചിരിച്ചുകൊണ്ട് നടന്നകന്നു.
“അവളെന്താ പറഞ്ഞേ ? ” റോബി അടുത്തു വന്നു. “കാശു വല്ലതും ചോദിച്ചൊ മാന്ത്രിക വിത്തിന് ?” അവന്റെ മുഖത്ത് പുച്ഛഭാവം.
“ഒന്നു മിണ്ടാതിരുന്നേ. എല്ലാരും കാശ് കാശ് ന്നു പറഞ്ഞു നടക്കുവല്ല, റോബിയെപ്പോലെ.” നീനക്കവനോട് നീരസം തോന്നി.
അന്നു വൈകിട്ട് ഏഴുമണിക്കുള്ള ഫ്ലൈറ്റിൽ അവർ നാട്ടിലേക്കു തിരിച്ചു.
***** ***** ***** ***** ***** ***** ***** *****
അപ്പോൾ നാട്ടിൽ സമയം 4:30
മാത്യൂസിന് അന്ന് അവധിയായിരുന്നു. കുറേ നാളുകളായി ഒരു ലീവ് എടുക്കാൻ ഭാര്യ നിർബന്ധിക്കുന്നു. ഒത്തിരി കാര്യങ്ങൾ പ്ലാൻ ചെയ്ത് തലേന്നു കിടന്നുറങ്ങിയതാണ്. പക്ഷേ എഴുന്നേറ്റപ്പോൾ തന്നെ 11 മണിയായി. പിന്നെ ബാക്കിയുള്ള സമയം അപ്പനും മക്കളും കൂടി തൂമ്പയുമെടുത്ത് പറമ്പിലേക്കിറങ്ങി.
അങ്ങനെ ജൈവ പച്ചക്കറികൾ നട്ടു പിടിപ്പിക്കുന്ന തിരക്കിൽ സമയം പോയതറിഞ്ഞില്ല. വൈകുനേരമായപ്പോൾ ഭാര്യ ഫോണുമായി വന്നു.
“ഹലോ”
“സർ. ഞാൻ ജെയ്ക്കബ്. ജിൻസിയുടെ പപ്പായാണ്.”
“ജിൻസി ?”
“സാർ ഓർക്കുന്നുണ്ടാകില്ല . ഒരു മൂന്നു നാലു മാസം മുൻപ് സാർ നമ്മുടെ പള്ളിയിൽ വന്നില്ലാരുന്നോ ?”
“ആ... മനസ്സിലായി മനസ്സിലായി... എന്തുണ്ട് വിശേഷം ? ജിൻസിക്കിപ്പൊ എങ്ങനുണ്ട് ?”
“അവൾക്കു കൊഴപ്പോന്നുല്ല സാറേ. എന്നാലും സാർ അന്ന് പറഞ്ഞില്ലേ ഒരു ഡോക്ടറെ കാണിക്കണമെന്ന്. അതിൻ പ്രകാരം ഞാൻ ഒരു കൗൺസിലർന്റെ അടുത്തു കൊണ്ടു പോയിരുന്നു അവളെ.”
“നല്ല കാര്യം. എന്നിട്ട് ?”
“കാരണം ഈയിടെയായി അവൾടെ സ്വഭാവത്തിൽ ചെറിയ ചില വ്യത്യാസങ്ങളൊക്കെ പോലെ. വല്ലാത്തെ ദേഷ്യമൊക്കെ. പെട്ടെന്നു സ്വഭാവം മാറും.”
“ഓ... അതാ പ്രായത്തിന്റെയായിരിക്കും. മാറിക്കോളും. പ്രശ്നമില്ല.”
“അതല്ല സർ, ഞാൻ കൗൺസിലറോട് ആ പള്ളിയിലുണ്ടായ സംഭവം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. അയാൾ ആ കഥ കേട്ടപ്പോ വേഗം തന്നെ എന്നെ ഒരു ഹിപ്നോ തെറാപിസ്റ്റിന് റെഫർ ചെയ്തു. ഇത്തരം കേസുകളൊക്കെ നോക്കുന്നതിൽ സ്പെഷ്യലിസ്റ്റ് ആണത്രേ. ഒരു ഡോ. രാമ ചന്ദ്രൻ. ടൗണിൽ തന്നെയാ.ഞാൻ ഇന്നലെ പോയി കണ്ടു അയാളെ.“
”ഉം...“ മാത്യൂസ് ആലോചനയിലായി. ”പ്രശ്നമൊന്നുമില്ലെങ്കിൽ പിന്നെ ഇങ്ങനത്തെ ട്രീറ്റ്മെന്റിനൊന്നും പോകാതിരിക്കുന്നതായിരിക്കും നല്ലത് കേട്ടോ. അന്ന് ഞാനൊരു ആവേശത്തിലങ്ങനെ പറഞ്ഞു പോയെന്നേയുള്ളൂ. “
“എന്നാലും അങ്ങനല്ലല്ലോ സാറേ. അന്നത്തെ ആ സംഭവത്തിനു ശേഷം ഞങ്ങളാകെ ഭയന്നിരിക്കുവാ. ഇനിയും അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അവൾടെ അമ്മക്കു വല്ല വട്ടും പിടിക്കും. “
“ഡോക്ടർ എന്തു പറഞ്ഞു ? ഹിപ്നോ തെറാപ്പി വേണോ ജിൻസിക്ക് ?”
“അതു ചെയ്തു നോക്കാമെന്നു പറഞ്ഞു. യാതൊരപകടവുമുണ്ടാകില്ലെന്ന് ഉറപ്പു തന്നിട്ടുണ്ട്. നല്ലോരു മനുഷ്യനാ ഈ ഡോക്ടർ. പക്ഷേ ഒരു കാര്യമുണ്ട്... ഈ തെറാപ്പി ചെയ്യുന്ന സമയത്ത് സാറു കൂടി ഉണ്ടെങ്കിൽ നന്നായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കാരണം അന്ന് ആ അത്മാവ് സാറിനോടാണല്ലോ സംസാരിക്കാൻ ശ്രമിച്ചത്.“
“അതിനിപ്പെന്താ? എനിക്ക് സന്തോഷമേയുള്ളൂ. സത്യം പറയാമല്ലോ. അന്നത്തെ ആ സംഭവത്തിനു ശേഷം എനിക്കും മന:സമാധാനമുണ്ടായിരുന്നില്ല. ഇനി ഇപ്പൊ അങ്ങനൊരാത്മാവുണ്ടെകിൽ അതിനെന്നോട് പറയാനുള്ളതെന്താണെന്നു മുഴുവൻ കേട്ടിട്ടേ ബാക്കി കാര്യമുള്ളൂ. എവിടെയാ വരേണ്ടതെന്നു പറഞ്ഞാ മതി.“
“എന്നാ ഇന്നു രാത്രി തന്നെ ഞാൻ ഒരു അപ്പോയ്ന്റ്മെന്റ് എടുക്കട്ടെ സർ ?”
“എടുത്തോളൂ... എത്രയും നേരത്തെയായാൽ അത്രയും നല്ലത്. രാത്രി എനിക്കൊരു സുഹൃത്തിനെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ പോണം.”
“താങ്ക് യൂ സർ.”
മാത്യൂസ് ആകെ സന്തോഷവാനായി. ഇടക്കിടക്ക് അയാളെ വേദനിപ്പിച്ചുകൊണ്ടിരുന്ന ഒരു വിഷയമായിരുന്നു ജിൻസി. ഇന്ന് അതിനൊരു പരിഹാരമുണ്ടാക്കുമെന്നയാൾക്കു തോന്നി.
ഒന്നര മണിക്കൂറിനുള്ളിൽ മാത്യൂസ് റെഡി ആയി ഡോ. രാമചന്ദ്രന്റെ വീട്ടിലെത്തി.
ടൗണിന്റെ ഹൃദയ ഭാഗത്തു തന്നെയായിരുന്നെങ്കിലും, മനോഹരമായിരുന്നു ആ വീടും പരിസരവും.
ഇട തൂർന്നു നില്ക്കുന്ന പച്ചപ്പിനിടയിലൂടെ കുറേ ഉള്ളിലേക്ക് കാറോടിച്ചു ചെല്ലണം. ഇരു വശങ്ങളിലുമായി എന്തൊക്കെയോ വിദേശ വൃക്ഷങ്ങൾ പടർന്നു പന്തലിച്ചു നില്ക്കുന്നു.
പഴയ കാലത്തെ നാലുകെട്ടുകളെ ഓർമ്മിപ്പിക്കുന്ന കെട്ടു പണികളായിരുന്നു വീടിന്.
മുൻഭാഗത്തു തന്നെ ഉദ്യാനത്തിൽ ഒരു ചാരു കസേരയിൽ തടിച്ച ഒരു പുസ്തകത്തിൽ മുഴുകിയിരിക്കുകയായിരുന്നു ഡോ. രാമ ചന്ദ്രൻ.
ഏതാണ്ട് 60 വയസ്സിനു മേൽ പ്രായം വരും. എങ്കിലും നല്ല ചുറുചുറുക്കുള്ള മുഖഭാവം. ഒരു സൈക്കോളജിസ്റ്റിന്റേതായ യാതൊരു ലക്ഷണങ്ങളുമില്ല. വെറും സാധാരണ മനുഷ്യൻ.
“മിസ്റ്റർ മാത്യൂ!” അയാളെ കണ്ടതും ഡോക്റ്റർ നിറഞ്ഞ ചിരിയോടെ എഴുന്നേറ്റു. “ഉച്ച മുതൽ ഞാൻ പ്രതീക്ഷിച്ചിരിക്കുവാരുന്നു.”
“അതെയോ ? എന്നെ മി. ജെയ്ക്കബ് വിളിച്ചത് അല്പ്പം മുൻപാണ്. അറിഞ്ഞയുടൻ ഞാൻ പുറപ്പെട്ടു.”
“അതൊന്നും പ്രശ്നമില്ല. എല്ലാം നടക്കേണ്ടുന്ന സമയത്തേ നടക്കൂ മാത്യു. ഞാൻ മാത്യു എന്നു വിളിക്കുന്നതിൽ പ്രശ്നമില്ലല്ലോ ? ”
“നോ പ്രോബ്ലം സർ. ഞങ്ങടെ പുതിയ പെരുമാറ്റ ചട്ട പ്രകാരം, ഞാൻ പൊതുജനങ്ങളെയാണ് സർ എന്നു വിളിക്കേണ്ടത്.” മാത്യൂസ് ചിരിച്ചു. “അവരു വന്നില്ലേ ?”
“ഇല്ല, ഓൺ ദ വേയായിരിക്കും. നമുക്ക് സംസാരിച്ചിരിക്കാം. വരൂ.”
ഡോക്ടർ അയാളെയും കൊണ്ട് ഓഫീസിലേക്ക് കയറി.
“ഞാൻ കരുതി ഡോക്ടർ വളരെ തിരക്കുള്ള ആളായിരിക്കുമെന്ന്.”
“ഏയ്... ഞാൻ എല്ലാ തിരക്കുകളും മാറ്റി വെച്ച് ഈ കേസ് അറ്റൻഡു ചെയ്യുകയാണ്. കാരണം, ഇത്തരം ജെനുവിനായിട്ടൊരു കേസ് വളരെ റെയറാണ്.. സാധാരണ മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ആളുകളെപ്പോലെ അല്ല ജിൻസി. “
”അതെന്താ ഡോക്ടർ ?“
“കാരണം, ആ കുട്ടിക്ക് അങ്ങനൊരു അസുഖം ഇല്ല! അത്ര തന്നെ.”
മാത്യൂസ് അമ്പരന്നു. “മനസ്സിലായില്ല ഡോക്ടർ. ഞാൻ കണ്ടതാണ് ആ കുട്ടി വേറൊരാളായി എന്നോട് സംസാരിച്ചത്. എന്നെ അറ്റാക്ക് ചെയ്യാൻ വരെ ശ്രമിച്ചു.”
“അതു ഞാൻ കേട്ടു. .അതാണല്ലോ എനിക്കിത് വല്ലാതെ ഇന്ററസ്റ്റിങ്ങ് ആയി തോന്നിയത്. - ശ്രദ്ധിക്കൂ മാത്യൂസ് - ഈ എം പീ ഡി എന്ന സംഭവം മറ്റൊന്നുമല്ല, ഉദാഹരണത്തിന് നമ്മൾ വല്ലാതെ ഡിപ്രസ്സ്ഡ് ആയിപ്പോയി എന്നു കരുതുക. പല കാരണങ്ങൾ കൊണ്ടങ്ങനെ സംഭവിക്കാം. ഒരു പക്ഷേ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ കൊണ്ടാകാം, അല്ലെങ്കിൽ ഒരു പക്ഷേ ബ്രെയിന്റെ തകരാറ് , ഹോർമ്മോണുകളുടെ ഇംബാലൻസ്... അങ്ങനെ പല കാരണങ്ങൾ. അങ്ങനെ നമ്മൾ ആകെ വിഷാദത്തിലേക്കു വീണു കഴിയുംമ്പോൾ നമ്മുടെ ഉപബോധ മനസ്സിനു മനസ്സിലാകും, ഇതു ശരിയാവില്ല. ഇങ്ങനെ പോയാൽ എന്റെ ജീവിതം താറുമാറായിപ്പോകും....അങ്ങനെ വരുന്ന അവസ്ഥയിൽ മനസ്സ് മറ്റൊരു പേഴ്സണാലിറ്റി കൂടി സൃഷ്ടിക്കും. ഹാപ്പിയായിട്ട് ഒരെണ്ണം. അല്ലെങ്കിൽ താൻ ആകണമെന്ന് ആഗ്രഹിക്കുന്ന ഒരു പേഴ്സണാലിറ്റി. അങ്ങനെ രണ്ടോ അതിലധികമോ പേഴ്സണാലിറ്റികളുമായി ജീവിക്കുന്ന ഈ രോഗികൾ സാഹചര്യങ്ങൾക്കനുസരിച്ച് ഈ വ്യക്തിത്വങ്ങൾ ഓരോന്നായി പുറത്തെടുക്കും.
ഇതിനുദാഹരണമാണ് നമ്മുടെ ധ്യാന കേന്ദ്രങ്ങളിലും മറ്റും സംഭവിക്കുന്ന ബാധകൾ. കാരണം അവിടത്തെ ആ പാട്ടുകളും പ്രാർഥനകളും മന്ത്രങ്ങളുമെല്ലാം ചേർന്ന് അവരെ വല്ലാത്തൊരു ഉന്മാദാവസ്ഥയിലെത്തിക്കുന്നു. അപ്പോൾ അവരിലെ യതാർഥ വ്യക്തിത്വം അല്പ്പ നേരത്തേക്ക് മാറി നില്ക്കുകയാണ്.“
മാത്യൂസ് എല്ലാം തലയാട്ടി കേട്ടു.
”പക്ഷേ ജിൻസിയുടെ കേസിൽ ... “ ഡോക്ടർ തുടർന്നു. ” ആ കുട്ടിക്ക് യാതൊരു തരം മെന്റൽ ഡിസോർഡറുകളുമില്ല. അവൾ ഡിപ്രസ്സ്ഡ് അല്ല. വളരെ നോർമ്മൽ ആയൊരു മിടുക്കിക്കുട്ടിയാണവൾ. ഇത്തരം ഒരു അസുഖത്തിന്റെ യാതൊരു ലക്ഷണവും ഞാൻ കണ്ടില്ല അവളിൽ.“
“അപ്പോ... ഡോക്ടറെന്താ പറയുന്നേ ? ആ കുട്ടിയുടെ മേൽ ശരിക്കും പ്രേതബാധയുണ്ടായെന്നോ ?”
“ഉം... അതൊരു ചോദ്യമാണ് മാത്യൂസ്. “ ഡോക്ടർ ഊറിച്ചിരിച്ചു. ” വല്ലാത്തൊരു കുഴക്കുന്ന ചോദ്യം... എന്തു തന്നെയായാലും നമുക്ക് ഇന്ന് ഒന്നു ശ്രമിച്ചു നോക്കാം. ചിലപ്പൊ എല്ലാ ചോദ്യങ്ങൾക്കും ഇന്ന് ഉത്തരം കിട്ടിയേക്കും. ചിലപ്പോ നേരേ തിരിച്ചുമാകാം.”
“ഡോക്ടർക്ക് പ്രേതങ്ങളിൽ വിശ്വാസമുണ്ടോ ?”
“ഹ ഹ ഹ ! എന്നെ വെറുതേ കുഴപ്പിക്കല്ലേ മാത്യൂസ്. ഇങ്ങനത്തെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളൊക്കെ ചോദിച്ചാൽ ഞാനാകെ വെട്ടിലായിപ്പോകും.” ഡോക്ടർ നിർത്താതെ കുറേ നേരം ചിരിച്ചു.
“ഓക്കേ... ഈ ട്രീറ്റ്മെന്റെങ്ങനാ ? കൊച്ചിനപകടമൊന്നും ഉണ്ടാകില്ലല്ലോ അല്ലേ ? മയങ്ങാനായിട്ട് മരുന്നൊക്കെ കുത്തിവെച്ചുള്ള പരിപാടിയൊന്നുമല്ലല്ലോ ? ”
“ഹൊ! അതൊരു തനി പോലീസ് ചോദ്യമായിപ്പോയല്ലോ!“ ഡോക്ടർ വീണ്ടും ചിരിച്ചു.
”ട്രീറ്റ്മെന്റ് ഒന്നുമല്ല മാത്യൂസ്. ഞാൻ ചില ഹിപ്നോട്ടിക്ക് വിദ്യകളുപയോഗിച്ച് ജിൻസിയെ ഒരു ‘ട്രാൻസ്’ അവസ്ഥയിലേക്കെത്തിക്കും. ആ പരിപാടി കണ്ടിട്ടില്ലേ ? സാധാരണ അങ്ങനെ ഒരവസ്ഥയിലെത്തുമ്പോൾ ഉള്ളിലുള്ള സകല പേഴ്സണാലിറ്റികളും ഒന്നിനു പുറകേ ഒന്നായി പുറത്തേക്കു വരും. ചെറിയൊരു സ്റ്റിമുലേഷൻ ഉണ്ടായാൽ മതി. പക്ഷേ ജിൻസിയുടെ കേസിൽ...ലെറ്റ്സ് വെയ്റ്റ് ആൻഡ് സീ.”
”ട്രീറ്റ്മെന്റ് ഒന്നുമല്ല മാത്യൂസ്. ഞാൻ ചില ഹിപ്നോട്ടിക്ക് വിദ്യകളുപയോഗിച്ച് ജിൻസിയെ ഒരു ‘ട്രാൻസ്’ അവസ്ഥയിലേക്കെത്തിക്കും. ആ പരിപാടി കണ്ടിട്ടില്ലേ ? സാധാരണ അങ്ങനെ ഒരവസ്ഥയിലെത്തുമ്പോൾ ഉള്ളിലുള്ള സകല പേഴ്സണാലിറ്റികളും ഒന്നിനു പുറകേ ഒന്നായി പുറത്തേക്കു വരും. ചെറിയൊരു സ്റ്റിമുലേഷൻ ഉണ്ടായാൽ മതി. പക്ഷേ ജിൻസിയുടെ കേസിൽ...ലെറ്റ്സ് വെയ്റ്റ് ആൻഡ് സീ.”
വാതിലിൽ മുട്ടു കേട്ടു
“വരണം വരണം... നിങ്ങളേക്കാൾ മുന്നേ മി. മാത്യൂസ് എത്തിയല്ലോ. ” ഡോക്ടർ ചിരിയോടെ വാതിൽ തുറന്നു കൊടുത്തു.
“സോറി സർ. നല്ല ട്രാഫിക്കായിരുന്നു.” ജെയ്ക്കബ് ക്ഷമാപണം നടത്തി.
“അതൊന്നും പ്രശ്നമില്ല. അതു കാരണം എനിക്ക് ഡോക്ടറുമായി കുറച്ചു നേരം സംസാരിക്കാൻ പറ്റി - ജിൻസി മോൾ ! എന്തു പറയുന്നു ? സുഖമല്ലേ ?”
അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചതേയുള്ളൂ.
“എന്നൊട് ദേഷ്യമായിരിക്കും മോൾക്ക്. അത്രേം പേരുടെ മുൻപിൽ വെച്ച് ഞാൻ നാണം കെടുത്തി. അല്ലേ ?”
“അങ്ങനൊന്നും ഇല്ല സർ.” അവൾ പതിഞ്ഞ സ്വരത്തിൽ മന്ത്രിച്ചു.
“മോളു വാ...” ഡോക്ടർ മുൻപോട്ട് വന്ന് ജിൻസിയെ തോളിൽ പിടിച്ച് കൂട്ടിക്കൊണ്ടു പോയി. “ലിസൺ... ഈ സംഭവമൊക്കെ വർക്കു ചെയ്യണമെങ്കിൽ മോൾ വളരെ റിലാക്സ്ഡായെങ്കിലേ ഒക്കൂ. യാതൊരു ടെൻഷനും പാടില്ല. ഹാപ്പിയായിരിക്കണം. കേട്ടോ ?”
അവൾ തലയാട്ടി.
“ഒരു ചിരീടെ കുറവുണ്ടല്ലോ...” ഡോക്ടർ കുസൃതിയോടെ അവളുടെ മുഖത്തേക്ക് കുനിഞ്ഞു നോക്കി. “ദാ വന്നല്ലോ ചിരി! ബ്യൂട്ടിഫുൾ ഗേൾ!”
അവൾ പെട്ടെന്നു തന്നെ സന്തോഷവതിയായത് മാത്യൂസ് ശ്രദ്ധിച്ചു. ഡോക്ടർ സമർത്ഥനാണ്.
“അപ്പോ കൂടുതൽ സമയം കളയണ്ട. നമുക്ക് കൺസൾട്ടിങ്ങ് റൂമിലേക്കിരിക്കാം.” ഡോക്ടർ ക്ഷണിച്ചു.
അവരെല്ലാവരും അകത്തേക്കു കയറിക്കഴിഞ്ഞപ്പോൾ ഡോക്ടർ ജോലിക്കാരനെ വിളിച്ചു വരുത്തി.
“മധൂ...യാതൊരു കാരണവശാലും ആരും വിളിക്കാനോ, ശല്യം ചെയ്യാനോ ഇടവരരുത്. ആരെയും ഇങ്ങോട്ട് അടുപ്പിക്കരുത്. മനസ്സിലായല്ലോ ?”
“ശരി സർ.” മധു പെട്ടെന്നു തന്നെ ഉത്തരവാദിത്തമുള്ളൊരു കാവല്ക്കാരനായി വാതില്ക്കൽ നിലയുറപ്പിച്ചു.
അങ്ങനെ മാത്യൂസ് അന്ന് ആദ്യമായി ഒരു ഹിപ്നോട്ടിക്ക് സെഷനു സാക്ഷ്യം വഹിക്കുകയായിരുന്നു.
കൺസൾട്ടിങ്ങ് റൂമിൽ വെളിച്ചം നന്നേ കുറവായിരുന്നു. ഒരു പക്ഷേ ലൈറ്റുകളെല്ലാം ഡിം ചെയ്തതായിരിക്കണം.
ഒരു നീണ്ട സോഫയും അതിനോടടുപ്പിച്ചു തന്നെ ഒരു കസേരയും മാത്രമാണ് അവിടത്തെ ഫർണീച്ചർ. നാലു ഭിത്തികളിലും എന്തോ തരം ചെടികൾ പടർത്തിയിട്ടിരുന്നു. ‘ലിവിങ്ങ് വാൾ’ എന്നൊരു സംവിധാനമാണത്. ജീവനുള്ള ഭിത്തികൾ. സീലിങ്ങിൽ ആ ചെടികളുടെ നിഴലുകൾ ചലിക്കുന്നു.
ഭയാനകമായൊരു അന്തരീക്ഷമായി തോന്നുമെങ്കിലും വല്ലാത്തൊരു ശാന്തത നിറഞ്ഞു നിന്നിരുന്നു ആ മുറിയിൽ. നല്ല തണുപ്പും.
ജിൻസിക്ക് ആ സോഫ ചൂണ്ടി കാണിച്ചു കൊടുത്ത ശേഷം , ഡോക്ടർ അടുത്തുള്ള ആ കസേരയിലിരുന്നു.
“ദേ... പിന്നേം മുഖം മാറിയല്ലോ. ഞാൻ പറഞ്ഞില്ലേ മോളേ ... ഹാപ്പിയായിട്ടിരുന്നെങ്കിലേ ഇതെല്ലാം നടക്കൂ.”
അവൾ ഭയപ്പാടോടെ ചുറ്റും നോക്കുകയായിരുന്നു.
“ഒന്നും കണ്ട് പേടിക്കണ്ട. ഇവിടെയുള്ള ഓരോ വസ്തുവിനും അതിന്റേതായ ഉദ്ദേശമുണ്ട്.” ഡോക്ടറുടെ ശബ്ദം വളരെ നേർത്തിരുന്നു ഇപ്പോൾ. “ജിൻസി ഇപ്പോൾ ചെയ്യേണ്ടത് ഇത്ര മാത്രം. റിലാ…ക്സ്... അതു മാത്രം... വേറൊന്നും ഇപ്പോ മനസ്സിൽ വേണ്ട... പതിയെ ജിൻസിയുടെ ശരീരത്തിലെ ഓരോ മസിലുകളും അയഞ്ഞു തുടങ്ങുകയാണ്. പതിയെ പതിയെ ജിൻസി തളർന്നു തുടങ്ങുന്നു...പുറകോട്ടു ചാഞ്ഞു കിടന്നോളൂ... പതിയെ...ഞാൻ തരുന്ന ഓരോ സജഷനും അനുസരിച്ച് ജിൻസി ഇപ്പോൾ ഉറക്കത്തിലേക്ക് വഴുതി വീഴാൻ പോകുകയാണ്...”
മുറിയിലെല്ലാവരും തന്നെ ആ അത്ഭുത കാഴ്ച്ച കണ്ട് അമ്പരന്നു . നിമിഷങ്ങൾക്കുള്ളിൽ ജിൻസി പാതി മയക്കത്തിലായിരിക്കുന്നു !
“ഞാൻ ഇപ്പോൾ ഒന്നു മുതൽ പത്തു വരെ എണ്ണാൻ പോകുകയാണ്.ഓരോ അക്കം എണ്ണുമ്പോഴും ഉറക്കത്തിലേക്കുള്ള ഓരോ സ്റ്റെപ്പ് ഇറങ്ങി ഇറങ്ങി പോകും ജിൻസി. ഒടുവിൽ ഞാൻ പത്ത് എന്നു പറയുമ്പോൾ പൂർണ്ണ നിദ്രയിലായിരിക്കും! തുടർന്ന് ജിൻസി എന്നു ഞാൻ സംബോധന ചെയ്ത് എന്തു ചോദിച്ചാലും എനിക്കുത്തരം തരണം. ഓക്കേ...
ഒന്ന്...രണ്ട്....മൂന്ന്...“
അങ്ങനെ ജിൻസി പൂർണ്ണമായൊരു ഹിപ്നോട്ടിക്ക് നിദ്രയിലേക്കെത്തിയതും ഡോക്ടർ തിരിഞ്ഞ് മാത്യൂസിനെ നോക്കി.
“സീ, മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ ആയിരുന്നെങ്കിൽ എനിക്ക് ഇപ്പോൾ ഈ കുട്ടിയോട് ആ വ്യക്തികളെക്കുറിച്ച് ചോദിക്കാമായിരുന്നു. പക്ഷേ ഇവിടെ ഞാൻ കൺഫ്യൂസ്ഡാണ്. ഞാൻ എന്താ ചോദിക്കേണ്ടത് ? ആരാണെന്നാണ് ചോദിക്കേണ്ടത് ? പ്രശ്നമാണ്. നമുക്കൊരല്പ്പ സമയം കാത്തിരിക്കാം. ആരെങ്കിലും കടന്നു വരുമോ എന്നു നോക്കാം.”
“ആരും വന്നില്ലെങ്കിൽ ? ” മാത്യൂസ് ശബ്ദമില്ലാതെയാണത് ചോദിച്ചത്.
“ഇല്ലെങ്കിൽ അടുത്ത അപ്രോച്ച് എടുക്കാം. അന്നത്തെ ആ ചർച്ചിൽ നടന്ന സംഭവങ്ങൾ ഒന്നു കൂടി അവളുടെ മനസ്സിൽ റീ ക്രിയേറ്റ് ചെയ്യിപ്പിക്കാം. എന്നിട്ടും ആ ആത്മാവ് വരുന്നില്ലായെങ്കിൽ... നിങ്ങൾക്ക് സന്തോഷിക്കാം.കാരണം പൂർണ്ണ ആരോഗ്യവതിയാണ് ഈ കുട്ടി.“ ഡോക്ടർ പുഞ്ചിരിച്ചു.
“ഇങ്ങനെയൊക്കെ ചെയ്താ...അവൾക്കെന്തെങ്കിലും കുഴപ്പമുണ്ടാകുമോ ?” ജിൻസിയുടെ അമ്മ പരിഭ്രാന്തയായിരുന്നു.
“ഏയ്! ഒരു പ്രശ്നവുമുണ്ടാകില്ല. ഈ കണ്ടതെല്ലാം എന്റെ കണ്ട്രോളിലാണ്. ഞാൻ വിളിക്കുന്ന നിമിഷത്തിൽ അവൾ എഴുന്നേറ്റു പോരും. ഒന്നു കൊണ്ടും പേടിക്കണ്ട.” ഡോക്ടറുടെ ആ ചിരി കണ്ടാൽ മതിയായിരുന്നു. സകല പ്രശ്നങ്ങളും അലിഞ്ഞില്ലാതെയാകും.
ഏതാണ്ട് അഞ്ചു മിനിറ്റോളം അവർ കാത്തു നിന്നിരിക്കണം. ഡോക്ടർ വീണ്ടും ജിൻസിക്കു നേരേ തിരിഞ്ഞു.
“ജിൻസി! നമുക്കൊരു മൂന്നു നാലു മാസം പുറകോട്ടു പോകാം....(ഡോക്ടർ ഡേറ്റ് പറഞ്ഞു) ജിൻസി ഇപ്പോൾ നില്ക്കുന്നത് പള്ളിക്കുള്ളിലാണ്. പശ്ചാത്തലത്തിൽ ... മനോഹരമായൊരു ഗാനം … ആ ഗാനം ഓർമ്മിക്കാൻ പറ്റുന്നുണ്ടോ ജിൻസിക്ക് ?“
പെട്ടെന്ന് ഭിത്തിയിലെ ആ ചെടികൾ ചലിക്കാൻ തുടങ്ങി. മുറിയിലൂടെ ഒരു തണുത്ത കാറ്റിന്റെ സഞ്ചാരം അവർക്കനുഭവപ്പെട്ടു.
ജിൻസി പതിയെ കുലുങ്ങിച്ചിരിക്കാൻ തുടങ്ങി.
“ജിൻസി! ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ?” ഡോക്ടർക്കെന്തോ സംശയം പോലെ.
ചിരി ഇപ്പോൾ സാമാന്യം ഉച്ചത്തിലായിരിക്കുന്നു. ഭയാനകമായൊരു തരം അട്ടഹാസം.
പെട്ടെന്നാണവൾ കണ്ണു തുറന്നത്. ചോര നിറത്തിൽ തിളങ്ങുന്ന കണ്ണുകൾ!
“ഡോക്ടർ വല്ലാതെ കഷ്ടപ്പെടുന്നു!” അവളുടെ സ്വരം മാറിയിരുന്നു. ഒരു മുതിർന്ന സ്ത്രീയുടെ ശബ്ദം!
എല്ലാവരും നടുങ്ങിനില്ക്കുകയാണ്. ഡോക്ടർ അറിയാതെ കസേര വിട്ടെഴുന്നേറ്റു.
“ജിൻസി!” ഡോക്ടർ ഒരിക്കൽ കൂടി വിളിച്ചു. ഉറപ്പു വരുത്താനെന്ന വണ്ണം.
“ജിൻസിയെയല്ലല്ലോ നിങ്ങൾക്ക് വേണ്ടത് ... എന്നെയല്ലേ ? അതിനല്ലേ ഈ നാടകം മുഴുവൻ!”
“ഓഹോ...” ഡോക്ടറിൽ നിന്നൊരു ദീർഘനിശ്വാസമുതിർന്നു. “ അപ്പോ പറയൂ. ആരാ നീ ? എന്തിനാ ജിൻസിയെ ഉപദ്രവിക്കുന്നത് ?”
“ഡോക്ടർ... ” ശാന്തമായിരുന്നു ആ സ്വരം “ ഇനിയൊരിക്കലും ജിൻസിയെ ഉപദ്രവിക്കില്ലെന്നു തീരുമാനിച്ചതാ ഞാൻ. പാവം കുട്ടി. ഞാൻ കാരണം കഷ്ടപ്പെടേണ്ടി വരില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. പക്ഷേ നിങ്ങൾ തന്നെ എന്നെ വീണ്ടും വിളിച്ചു വരുത്തിയാൽ ഞാനെന്തു ചെയ്യും ?”
ഡോക്ടർ വീണ്ടും ആ കസേരയിലേക്കിരുന്നു. “പറയൂ കുട്ടി. ആരാ നീ ? എന്താ ഉദ്ദേശം ? ”
“ആദ്യം തന്നെ ഞാൻ ഒരു കാര്യം പറയട്ടെ. എനിക്ക് നിങ്ങളോടൊന്നും ഒന്നും പറയാനില്ല. മാത്യൂസ് സാറിനോട് മാത്രം. അദ്ദേഹത്തിനു മാത്രമേ എന്നെ സഹായിക്കാനാകൂ. ഒരു പ്ക്ഷേ അദ്ദേഹത്തിനും സാധിക്കില്ല, എങ്കിലും ആത്മാർഥമായി അദ്ദേഹം അതിനു വേണ്ടി ശ്രമിക്കുമെന്നെനിക്കുറപ്പാണ്. അതുകൊണ്ട് മാത്രമാണ് ഞാൻ വീണ്ടും വന്നത്.”
“പറയൂ...” മാത്യൂസ് മുൻപോട്ടു കടന്നു നിന്നു. “എന്താണെങ്കിലും പറയൂ. എന്നെക്കൊണ്ട് സാധിക്കുന്നതാണെങ്കിൽ ഞാൻ സഹായിച്ചിരിക്കും. എന്റെ ജോലി തന്നെ അതാണ്.”
“എല്ലാം ഞാൻ പറയാം സർ...” ആ പെൺകുട്ടി പതിയെ സോഫയിൽ എഴുന്നേറ്റിരുന്നു.
“എന്റെ പേര് സാന്ദ്ര...”
(തുടരും...)
Alex and Biju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക