Slider

ശ്രീരാഗമായ്.....(2)

0
ശ്രീരാഗമായ്.....(2)
~ ~ ~ ~ ~ ~ ~ ~ ~
മുത്തച്ഛന്റെ അനുജന്റെ വീടാണ് ശ്രീരാഗം. അമ്മയുടെ സമപ്രായക്കാർ ഇവിടെയായിരുന്നു കൂടുതലും. കുട്ടിക്കാലത്ത് വേനലവധിക്കാലത്താണ് അച്ഛന്റെ വീട്ടിൽ വന്നു താമസിക്കുക. പിന്നെ അമ്മയുടെ മൂന്നു വർഷത്തെകോളേജ് പഠനം രണ്ടു വീട്ടിലും താമസിച്ചു കൊണ്ടാണ് ചെയ്തത്.
ശ്രീരാഗത്തിലെ ഓരോ അംഗങ്ങളെക്കുറിച്ചും അമ്മ എന്നോട് വർഷങ്ങൾക്കു മുന്നേ പറഞ്ഞിട്ടുണ്ട്.
ശ്രീരാഗത്തിന്റെ പടി കടന്നപ്പോൾ, അമ്മയെ സ്വീകരിക്കാനായി, ഗേറ്റ് മുതൽ വീട് വരെ നിറയെ പവിഴമല്ലിപ്പൂക്കൾ കൊഴിഞ്ഞു കിടപ്പുണ്ടായിരുന്നു..., ഒരു പരവതാനി വിരിച്ച പോലെ..!
" ആവൂ..., ന്റെ ശ്രീ എത്തിയോ...!
നീ വല്ലാതായല്ലോ കുട്ട്യേ...",
പാർവ്വതിച്ചിറ്റ വന്ന് അമ്മയെ കെട്ടിപ്പിടിച്ചു. രണ്ടു പേരുടേയുമിടക്കുള്ള മൗനം പറയാതെത്തന്നെ പലതും പറഞ്ഞു.
ഞാനാ മുറ്റത്തേക്ക് നോക്കിയിരുന്നപ്പോൾ, അമ്മ പറഞ്ഞു തന്നിട്ടുള്ള കഥകളിലെ കുട്ടികൾ അവിടേയെല്ലാം ഓടിച്ചാടി കളിക്കുന്നതു പോലെ തോന്നീ..!
വേനലിൽ കിട്ടിയ ആദ്യ മഴയിൽ അമ്മയും ചിറ്റമ്മമാരും നനഞ്ഞു കുതിർന്ന് ആർത്തുല്ലസിക്കുന്നത് ഞാൻ കണ്ടു. ശ്രീരാഗത്തിലെ ഓരോ മൺതരിക്കും ഓരോ കഥ പറയാനുള്ളതുപോലെ തോന്നി.
പാർവ്വതിച്ചിറ്റ, സുനന്ദച്ചിറ്റ, ശാരിച്ചിറ്റ, അപ്പു അങ്കിൾ, കിച്ചു അങ്കിൾ, അമ്മ ഇവരെല്ലാം കൂടിയിരുന്നുള്ള പാട്ടുകച്ചേരിയും പൊട്ടിച്ചിരികളും, പിന്നെ അപ്പു അങ്കിളിന്റെ മൗത്ത് ഓർഗൻ വായനയും, കിച്ചു അങ്കിളിന്റെ തബല വായനയും എല്ലാം ഞാനെന്റെ മുന്നിൽ കണ്ടപോലെ...!
പാർവ്വതിച്ചിറ്റയുമായി സംസാരിക്കുന്നതിനിടയിൽ അമ്മ അവിടുന്നെഴുന്നേറ്റ്, മേലടുക്കളയോട് ചേർന്നുള്ള മുറിയുടെ മുന്നിൽ പോയി നിൽക്കുന്ന കണ്ടു.
അതെ.., അത് അപ്പു അങ്കിളിന്റെ മുറിയായിരുന്നു...!
ചുമരിൽ, അങ്കിളിന്റെ പുകപിടിച്ചു തുടങ്ങിയ ഫോട്ടോ കാണാം. ഒരു വശത്ത്, ഒരു മേശമേൽ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ., അതിനുമേലെ മരംകൊണ്ടുള്ള കൊച്ച് ചെപ്പ്.
ഞാൻ പാർവ്വതിച്ചിറ്റയുടെ മുഖത്തേക്ക് നോക്കി.
" അവൾ മതിയാകോളം അവിടെ നിൽക്കട്ടെ..! ന്റെ ശ്രീയുടെ മനസ്സൊന്ന് തണുക്കട്ടെ...!"
ആ ചെപ്പിനുള്ളിൽ മൗത്ത് ഓർഗനാണെന്ന് എനിക്ക് മനസ്സിലായി.
അതിൽ കൂടി ഒഴുകി വരുന്ന ശ്രീരാഗം അമ്മ കേൾക്കുകയായിരുന്നോ...??
(അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് അപ്പു അങ്കിൾ മനോഹരമായി മൗത്ത് ഓർഗൻ വായിക്കുമെന്ന്. അങ്കിളിന് ഏറ്റവും ഇഷ്ടമുള്ള രാഗമാണ് ശ്രീരാഗം).
കുറച്ച് കഴിഞ്ഞപ്പോൾ പാർവ്വതിച്ചിറ്റ അമ്മയെ അടുത്തുചെന്ന് വിളിച്ചു..
"ശ്രീ..., എനിക്കറിയാമായിരുന്നു, നീ എന്നെങ്കിലും ഒരുനാൾ വരുമെന്ന്...!
എങ്കിലും എന്റെ കുട്ടീ..., നിനക്കെന്നോട് ഒന്നു പറയാമായിരുന്നില്ലേ..., നിന്റെയുള്ളിലുണ്ടായിരുന്ന ആ ഇഷ്ടം..? അന്ന് ഞാനിതൊന്നും അറിഞ്ഞില്ലല്ലോ എന്റെ ശ്രീ...!"
അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ഇക്കണ്ട കാലം കെട്ടിനിർത്തിയിരുന്ന സങ്കടം അണപൊട്ടിയൊഴുകി.
"ഞാനന്ന് പഠിത്തം കഴിഞ്ഞ് ഇവിടുന്ന് പോകുമ്പോൾ, ദാ..., ഇവിടെ ഇതുപോലെ വന്നുനിന്നു. അപ്പേട്ടൻ നല്ല ഉറക്കമായിരുന്നു..., അതോ ഉറക്കം നടിക്കയായിരുന്നോ...! അപ്പേട്ടാ ഞാൻ പോകാ... ന്ന് പറയണമെന്നുണ്ടായിരുന്നു..., കഴിഞ്ഞില്ലേട്ടത്തീ..., വാക്കുകൾ തൊണ്ടയിൽ കുരുങ്ങിപ്പോയി....!
"നീ പോണ്ട ശ്രീ.., നീ എങ്ങോട്ടും പോകേണ്ട.. " ന്ന് പറയുമെന്ന് ഞാൻ കൊതിച്ചു..!
തിരിഞ്ഞു നടന്നപ്പോൾ ഒരു പിൻ വിളിക്ക് കാതോർത്തു...!
നാട്ടിൽ തിരിച്ചുപോയിട്ടും ഞാൻ കാത്തിരുന്നു, വർഷങ്ങളോളം..!
ഒരു നാൾ അപ്പേട്ടൻ വരും, എന്റെ കൈ പിടിച്ച് ഇവിടേക്ക് തിരികെക്കൊണ്ടുവരുമെന്ന് ഞാൻ സ്വപനം കണ്ടു....!
കുടുംബബന്ധങ്ങളുടെ തെറ്റും - ശരിക്കുമിടയിൽ രണ്ടുപേരും മൗനം പാലിച്ചു...!
വർഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു...! അപ്പേട്ടന്റെ ചരമ അറിയിപ്പ് പത്രത്തിൽ വന്നത് കാണിക്കാതിരിക്കാൻ എന്റെ മോൾ ശ്രമിച്ചു."
"അന്ന് രണ്ടു പേരും ഒന്ന് തുറന്ന് പറഞ്ഞിരുന്നെങ്കിൽ...! അവന് എന്നോടെങ്കിലും പറയാമായിരുന്നു...."
ചിറ്റയുടെ തോളിൽ തല ചായ്ച് അമ്മ അവിടെത്തന്നെ നിലത്ത് ഇരുന്നു.
ആ കണ്ണുകളിൽ നിന്നും ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണുനീർ....., എനിക്ക് സഹിക്കാനായില്ല...
" അമ്മേ..., നമുക്ക് തിരിച്ചു പോകേണ്ടേ...?" ഞാൻ ചെന്ന് അമ്മയെ പതുക്കെ അവിടുന്ന് എഴുന്നേൽപ്പിച്ചു.
''മോളേ.., ഊണെല്ലാം കാലായി. ശ്രീക്ക് ഇഷ്ടമുള്ള മാമ്പഴപുളിശ്ശേരി ഉണ്ടാക്കിയിട്ടുണ്ട്".
"വാ ശ്രീ..", ചിറ്റ അമ്മയുടെ കൈപിടിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി.
ഭക്ഷണത്തിനു മുന്നിലിരിക്കുമ്പോൾ അമ്മ ചുറ്റും നോക്കുന്ന കണ്ടു.., ആ വീട്ടിലെ ഒരോ വസ്തുവിലും അമ്മയുടെ ജീവൻ ഇഴുകിച്ചേർന്ന പോലെ!
ഓർമ്മകൾ മനുഷ്യനെ ഇത്രക്കധികം സ്വാധീനിക്കുമെന്ന് ഞാനന്ന് മനസ്സിലാക്കി.
അമ്മ പ്ലേറ്റിൽ കയ്യിട്ട് വെറുതെ പരതിക്കൊണ്ടിരുന്നു. ഏതോ ഓർമ്മകളിൽ അലഞ്ഞു തിരിയുകയായിരുന്നു...., ആ മനസ്സ് !
" അപ്പേട്ടന്റമ്മ...", അമ്മയുടെ ചുണ്ടുകൾ മന്ത്രിച്ചു.
ഞാൻ ചിറ്റയുടെ മുഖത്ത് നോക്കി.
" ശ്രീ.., നീയെന്താ ഇങ്ങിനെ..? ഭക്ഷണം കഴിക്ക് കുട്ടീ.., ഇങ്ങനെ വിഷമിച്ചാലോ...!"
"അപ്പേട്ടന്റമ്മ....", വീണ്ടും ആ ചുണ്ടുകൾ മന്ത്രിച്ചു.
"ശ്രീ..,അമ്മയൊക്കെ മരിച്ചിട്ട് വർഷങ്ങളെത്രായീന്ന് നെനക്കറിയോ..."?
ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയ പോലെ അമ്മ മരവിച്ചിരിക്ക തന്നേയായിരുന്നു.
"ഏട്ടത്തി വാരിത്തരട്ടെ..., ഇത്തിരി ഭക്ഷണം കഴിക്ക് മോളേ...". ചിറ്റ ഒരുരുള ചോറെടുത്ത് അമ്മയുടെ വായിൽ വച്ചുകൊടുത്തു.
"ഏട്ടത്തി..", അമ്മ ചിറ്റയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
ശ്രീരാഗത്തിൽ കഴിച്ചുകൂട്ടുന്ന ഓരോ നിമിഷവും എന്നെ കൂടുതൽ ഭയപ്പെടുത്തി. അമ്മയുടെ മാനസികാവസ്ഥയെക്കുറിച്ച് എനിക്ക് ഭയമുണ്ടായിരുന്നു.
"ഏട്ടത്തി..., ഞാനാ മൗത്ത് ഓർഗൻ എടുത്തോട്ടെ...?"
" ശ്രീ, അത് നിനക്കുള്ളതു തന്ന്യാ".
ആത്മബന്ധങ്ങൾക്ക് ഇത്രക്കധികം ആഴമുണ്ടെന്ന് ഞാനിന്ന് മനസ്സിലാക്കുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞാലും ചില ഓർമ്മകൾ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. ചില ഓർമ്മകൾക്ക് വാക്കുകൾക്കുമതീതമായ ഒരനുഭൂതിയായിരിക്കും. മറ്റു ചിലത് ഹൃദയത്തെ കീറിമുറിച്ച് ജീവിതകാലം മുഴുവൻ വേദനിപ്പിച്ചുകൊണ്ടിരിക്കും.
തിരിച്ചുപോരാൻ കാറിൽ കയറുന്നതിനു മുന്നേ അമ്മ ശ്രീരാഗത്തെ ഏറെ നേരം നോക്കി നിന്നു.., ഇനിയൊരു തിരിച്ചു വരവ് ഇല്ല എന്നപോലെ. അവിടുത്തെ ഓരോ കണികകളിലും അമ്മയുടെ ജീവന്റെ തുടിപ്പ് എനിക്കറിയാൻ കഴിഞ്ഞു.
ഒരാൾക്ക് മറ്റൊരാളെ ഇത്രക്കധികം സ്നേഹിക്കാൻ കഴിയുമോ.....!
ലാഭേച്ഛയില്ലാത്ത ഒരു ഇഷ്ടം...!
എല്ലാം നഷ്ടപ്പെട്ടിട്ടും എവിടേയോ ആശയുടെ ഒരു കിരണം അമ്മയെ മാടി വിളിക്കുന്ന പോലെ.., അതാണമ്മയുടെ ജീവൻ ഇത്രയും കാലം നിലനിർത്തിയത്.
ഒന്നോർക്കുമ്പോൾ ഞാൻ കൃതാർത്ഥയാണ്. അമ്മയുടെ അവസാന ആഗ്രഹം നടത്തിക്കൊടുക്കാൻ കഴിഞ്ഞല്ലോ...(എന്തോ, അങ്ങിനെ പറയാനാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്. കാരണം, അമ്മ മാനസികമായും ശാരീരികമായും അത്രക്കും തളർന്നിരിക്കുന്നു) !
ഈയൊരു കൂടിക്കാഴ്ചക്ക് വേണ്ടി മാത്രമാണ് അമ്മയുടെ ജീവൻ നില നിന്നിരുന്നത്.
മനസ്സിൽ ഭദ്രമായ് സൂക്ഷിച്ചിരുന്നയാ യിഷ്ടം..., ഒന്നും നേടാനില്ലെന്നറിഞ്ഞിട്ടും ജീവിതാവസാനം വരെ കൊണ്ടുനടന്നു.
ഇഷ്ടപ്പെട്ടവരുടെ വേർപാട്...., അതധികം വിദൂരതയിലല്ലാതെ എനിക്കും അനുഭവിക്കേണ്ടി വരുമെന്നുള്ള ആ സത്യം..., അതെന്നെ വല്ലാതെ തളർത്തുന്നു.., എങ്കിലും അതിനുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോൾ. ഇക്കണ്ടകാലവും അമ്മ അനുഭവിച്ച വേദനകൾക്കു മുന്നിൽ എന്റെ വേദനകൾ ഒന്നുമല്ലെന്ന് ഞാനറിയുന്നു.
തിരിച്ചുള്ള യാത്രയിൽ അമ്മ വീണ്ടും മൗനിയായി.ആ മുഖത്ത് നല്ല ക്ഷീണമുണ്ട്.
വീണ്ടും ഞാനാ കൈകൾ എടുത്ത് തലോടിക്കൊണ്ടിരുന്നു. തണുത്തു വിറങ്ങലിച്ചപ്പോലേയായിരുന്നു ആ കൈകൾ..!
നേരിയ ഹൃദയത്തുടിപ്പുകൾ മാത്രം അവശേഷിക്കുന്ന ഒരു രൂപം...!
ഇനിയൊരു ജന്മമുണ്ടെങ്കിൽ അമ്മക്ക് അമ്മേടെ അപ്പേട്ടന്റെ കൂടെ ജീവിക്കാൻ സാധിക്കട്ടെയെന്ന് ഞാൻ ആത്മാർത്ഥമായ് ആശിച്ചു പോകയാണ്.
ആ മൗത്ത് ഓർഗൻ നെഞ്ചോട് ചേർത്ത് വെച്ച് അതിലൂടെ ഒഴുകി വരുന്ന ശ്രീരാഗം (അമ്മക്ക് മാത്രം കേൾക്കാനാകുന്ന ആ രാഗം) അമ്മ കേൾക്കുകയാണ്.., അത് അമ്മയുടെ ഹൃദയസ്പന്ദനങ്ങൾക്ക് ജീവനേകി...!
~ ~ ~ ~ ~ ~ ~ ~ ~
Ambika Menon
12/03/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo