Slider

ചക്രങ്ങൾ ഉരുളുമ്പോൾ..

ചക്രങ്ങൾ ഉരുളുമ്പോൾ...
*************************
"എന്റെ പൊന്നു മോളെ ഇനി കേൾക്കാൻ പോകുന്ന ചീത്തക്ക് കയ്യും കണക്കും ഉണ്ടാവില്ല... നോക്കീം കണ്ടും വണ്ടി ഓടിച്ചാ നിനക്കും നാട്ടുകാർക്കും കൊള്ളാം.... കുറെ ഞാനും കൊടുത്തിട്ടുണ്ട്.. അതൊക്കെ നിനക്കും കിട്ടും ഉറപ്പാ..."
വണ്ടി വാങ്ങി കയ്യിൽ തന്നപ്പോ ചേട്ടൻ അടിച്ച ഡയലോഗ് കേട്ട് കിടുങ്ങി പോയി..
പറഞ്ഞിട്ട് കാര്യമില്ല ..നമ്മൾ പെണ്ണുങ്ങളുടെ വണ്ടിയോട്ടം അത്ര ബഹുകേമമാ....ആരായാലും തെറി വിളിച്ച് പോകും..
നല്ല കിടുക്കാച്ചി ആയിട്ട് വണ്ടി ഓടിക്കുന്ന സകലമാന സ്ത്രീകളോടും മാപ്പ് ചോദിച്ചു കൊണ്ട്...അവരെ ബഹുമാനിച്ചു കൊണ്ട്...പറഞ്ഞ് തുടങ്ങുവാണെ!
ബാക്കിയുള്ള ..എന്നെപോലെയുള്ള വാനര സ്ത്രീകളുടെ കാര്യമാണ് പറഞ്ഞു വരണത്‌...
ഒറ്റ ദിവസം കൊണ്ട് രണ്ടും നാലും വീലുള്ള വണ്ടി ഓടിക്കാൻ ഉള്ള ലൈസൻസും നേടി..ഇൗ ലോകം വെട്ടി പിടിച്ച ഭാവത്തിൽ വെഹിക്കിൾ ഇൻസ്പെക്ടറുടെ പ്രത്യേക അഭിനന്ദങ്ങൾ ഒക്കെ ഏറ്റു വാങ്ങി..അതിന് പകരം..അങ്ങേർക്ക് നല്ലൊരു ചിരിയും പകരം സമ്മാനമായി നൽകി ദൂരെ മാറി നിന്ന് ഭാര്യയുടെ വീരസാഹസിക പ്രകടനം കണ്ട് ഉൾപുളകിതനായി മരത്തിൽ ചാരി നിൽക്കുന്ന ചേട്ടന്റെ അടുത്ത് ഞാൻ എത്തി..
"അടിച്ചു മോനെ..! "
ഇന്നസെന്റിന്റെ ഡയലോഗ് കടമെടുത്ത്‌
ചേട്ടനെ കണ്ടപാടെ ഞാൻ കാച്ചി....
കുറച്ചധികം പൊക്കി പറഞ്ഞാല് .... തോളിൽ കേറി ചെവി തിന്നുന്ന ഭാര്യമാർ ഉള്ളതെങ്കിൽ സാധാരണ ഗതിയിൽ ഭർത്താക്കൻമാർ മനസ്സിൽ പതഞ്ഞ് പൊങ്ങുന്ന കോപ സന്തോഷ വികാരാധികൾ പുറത്ത് കാണിക്കാൻ അധികം നിൽക്കാറില്ല...
എന്തായാലും അന്നൊരു പ്രത്യേക അഭിനന്ദനത്തിന്റെ പൂച്ചെണ്ട് ചിരിയിൽ ഒതുക്കി ചേട്ടൻ എന്നേം കൂട്ടി വണ്ടി എടുക്കും നേരം...ഒന്ന് കൂടി പറഞ്ഞു..
"റോഡ് ആരുടെയും തറവാട് സ്വത്തല്ല..
മറ്റുള്ള വണ്ടികൾ.. കാൽനടക്കാർ എല്ലാരേയും ബഹുമാനിക്കാൻ പഠിക്കുക"
എല്ലാം തല കുലുക്കി സമ്മതിച്ച് ..കേട്ടതെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് ഒരു നാൾ ഞാൻ എന്റെ ശകടവും കൊണ്ട് പുറത്തേക്ക് ഇറങ്ങി...
വണ്ടിയോടിക്കലിന്റെ ആദ്യ നാളുകളിൽ എനിക്ക് പിന്നിൽ ആശാനായി കേറിയ എന്റെ സ്വന്തം ചേട്ടൻ എന്നോട് മൊഴിഞ്ഞു..
"ഇടതും വലതും നോട്ടം വേണ്ടാ.. മുന്നോട്ട് നോക്കുക.."
എന്ത് കണ്ടാലും കണ്ണും മിഴിച്ച് നോക്കാൻ ഒരുങ്ങുന്ന എന്റെ തല 360 ഡിഗ്രിയിൽ കറങ്ങുന്നത് കാണുന്ന ചേട്ടൻ അങ്ങനെ ഒരു ഉപദേശം തന്നതിൽ അത്ഭുതം അശ്ശേഷം ഇല്ലതന്നെ!
എന്റെ തലക്കിട്ട്‌ കൊട്ടിയ കൊട്ടിന്റെ ഓർമ വണ്ടി ഓടിക്കും കാലത്തോളം മറക്കില്ല..
എങ്ങിനെ കൊട്ടാതിരിക്കും..?
മുന്നോട്ട് നോക്കി വണ്ടി ഓടിക്കുമ്പോൾ ആവും ഇടതും വലതും നിന്ന് നുമ്മന്റെ സ്വന്തം ചേച്ചിമാരും ചേട്ടന്മാരും കൈ പൊക്കി കാണിക്കുന്നത്.. അവരെ നോക്കാൻ വേണ്ടി പല്ല് മുഴുവൻ കാട്ടി ഇളിച്ചു ചിരിച്ച് വരുമ്പോഴേക്കും വണ്ടി ഏതെങ്കിലും വണ്ടിക്കാരൻ ചേട്ടന്റെ ശകടത്തിൽ ആയിക്കാണും..
ഒരു ചിരി കൊണ്ട് തന്നെ തലയിൽ നല്ലൊരു മുഴ കിളിത്ത് വന്നത് കൊണ്ട് പിന്നെ മുന്നിൽ
അല്ലാതെ വലതും ഇടതും നോക്കാൻ മിനക്കെട്ടില്ല ...
കഷ്ടകാലത്തിന് ഒരു ദിവസം ഇടത്തോട്ട് ഒന്ന് നോക്കിയതും അതാ ഏതോ ഒരു ചേട്ടൻ മതിലിൽ ചാരി സെവന്റി എംഎം ചിരി പാസാക്കുന്നൂ ... അന്ന് ആ ചിരി കണ്ടില്ല എന്ന് നടിച്ചു...മുന്നോട്ട് പോയി.. രണ്ടും മൂന്നും ദിവസം ചിരിയുടെ പിറകെ കൈ പൊക്കി കൂടി കാണിച്ചപ്പോ എന്നിലെ സ്ത്രീ ഉണർന്നു...
"ആരാടാ ഇവൻ..."
അന്നൊരു ദിവസം ഓഫീസിലെ സാറിന്റെ വായിൽ നിന്നും വയറു നിറച്ച് ചീത്ത കേട്ട് മടങ്ങും വഴിയാണ് അതേ ചേട്ടന്റെ കൈ ഉയർത്തി കാട്ടിയുള്ള ചിരി വീണ്ടും..കൂടെ മറ്റൊരു കൊശവൻ കൂടിയുണ്ട്..
ഒന്നും നോക്കിയില്ല... വണ്ടി ഒരൊറ്റ ചവിട്ട് ....
പിന്നാലെ വന്ന ബൈക്ക്കാരൻ എന്നെ തെറി വിളിച്ച് സഡ്ഡൻ ബ്രേക്ക് ഇട്ടു ഓടിച്ച് പോയതൊന്നും നോക്കാൻ ഞാൻ നിന്നില്ല..
എന്റെ മുന്നിൽ രണ്ട് പുരുഷുക്കൾ മാത്രം...
"എന്താടാ നിനക്ക് വേണ്ടത് ?..അവനെ നോക്കി ഞാൻ അലറി...
മുന്നിൽ ഭദ്രകാളി കണക്കെ ഒരു പെണ്ണ്..
രംഗം പന്തിയല്ല എന്ന് അയാൾക്ക് തോന്നി കാണും..
ഒന്നയാൾ ചൂളുന്നത് കണ്ട് എന്റെ പെൺമനം കുളിർത്തൂ...
"എന്താടാ നിനക്ക് അമ്മേം പെങ്ങളും ഇല്ലെടാ.." പെണ്ണുങ്ങളുടെ സ്ഥിരം ഡയലോഗ് കാച്ചൻ വാ പൊളിച്ചതും..അയാള് പെട്ടെന്ന് ഇടിച്ചു കേറി പറഞ്ഞു.
"ചേച്ചി എന്നെ മനസ്സിലായില്ലേ..
ഞാൻ ചേച്ചിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന രാജിയുടെ ഭർത്താവ്...."
പറഞ്ഞു തീർന്നതും ഇപ്പൊ ഐസായി നിൽക്കണത്‌ ഞാൻ ആണ്... അമ്നേഷ്യം അമ്മേഷ്യം.....എന്ന് കേട്ടിട്ടേ ഉള്ളൂ..അന്നെനിക്ക് ഒരു കാര്യം ബോധ്യം വന്നു എനിക്കുള്ളത് ഇൗ വിഭാഗത്തിൽ പെട്ട എന്തോ രോഗമെന്ന്..അല്ലെങ്കിൽ പിന്നെ മൂന്നാല് തവണ കണ്ട അയാളെ ഞാൻ മറക്കുമൊ...?
പെണ്ണോരുത്തി വണ്ടി നിർത്തി ആണുങ്ങളെ ചീത്ത വിളിക്കുന്നത് കണ്ട ഉടനെ ദ്ദേ വരണ്... നമ്മുടെ സദാചാര പോലീസ്..മുണ്ടും മടക്കി കു്ത്തി അവിടെ നിന്നിരുന്ന ഓരോരുത്തരും വരുന്ന വരവ് കണ്ട ഉടനെ.... തല്ല് മിക്കവാറും എനിക്കും കിട്ടും എന്ന് ഏതോ കിളി മനസ്സിൽ വിളിച്ച് പറഞ്ഞു..
പിന്നൊന്നും നോക്കിയില്ല.സെവൻട്ടി എം എൻ ചിരി ഞാനും കൊടുത്ത് ചോദിച്ച്..
"സുഖല്ലെ രാജെഷെ...?
മക്കൾ എവിടെ?"
മുഖത്ത് വന്ന ചമ്മലിനെ മറക്കാൻ എന്റെ ചോദ്യത്തിന് ആയില്ല എന്ന് അയാളുടെ ചിരിയിൽ എനിക്ക് ബോധ്യമായതോടെ അധികം നേരം അവിടെ നിന്ന് കിളി പോകാൻ നിൽക്കുന്നത് പന്തിയല്ല എന്ന് ബോധ്യം ഉള്ളത് കൊണ്ട് പെട്ടെന്ന് തന്നെ ....സ്‌കൂട്ടായ നേരം ചേട്ടന്റെ ഡയലോഗിന്റെ അർത്ഥം കൃത്യമായി പിടി കിട്ടി..
"ഇടതും വലതും നോക്കാൻ പോകരുത്.."
അതും കഴിഞ്ഞ് ഇടതും വലതും പോയിട്ട് മുന്നോട്ട് തന്നെ നോക്കാൻ പേടിച്ചാണ് വണ്ടി ഓടിച്ചോണ്ടിരുന്നത്..
ഗ്രൗണ്ടിൽ ഉരുട്ടുന്ന സുഖം റോഡിൽ വണ്ടി ഉരുട്ടുമ്പോ കിട്ടില്ല എന്ന് പതിയെ പതിയേ ഞാൻ അറിഞ്ഞു...
നാല് ചക്രം ഉരുട്ടാൻ എന്തായാലും ആദ്യം മിനക്കെട്ടില്ല...രണ്ടിൽ പിടിച്ചു. മുന്നോട്ട് പോകാൻ തന്നെ പെടാപാട്..
പിന്നിൽ നിന്ന് ഹോണടിച്ച് മടുത്ത് കുറെ ആതമാക്കൾ അരിശം കൊണ്ട് ഭരണി പാട്ട് പാടുന്നത് കേട്ടില്ല എന്ന് നടിക്കുക തന്നെ!എന്റെ മാവും ഒരിക്കൽ പൂക്കും....
അങ്ങനെ മനസ്സിൽ കരുതി ഒറ്റക്ക് വണ്ടി ഓടിച്ച് നടക്കുമ്പോഴാണ് പള്ളിയിൽ ഒരു കുർബാന ദിവസം...ഏതോ അമ്മമ്മയുടെ എഴടിയന്തിരം ആണ്...പള്ളിയിൽ നിന്നും കുർബാന കഴിഞ്ഞ ഉടനെ ചാടി വണ്ടിയിൽ കേറി ..ആരെങ്കിലും ലിഫ്റ്റ് ചോദിച്ചാൽ..?
സാരി ഉടുത്ത പെണ്ണുങ്ങളെ ലിഫ്റ്റ് എടുക്കുക ഇച്ചിരി പണിയാ.. അത് കൊണ്ട് ആരേം കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു അടിയന്തിര വീട്ടിൽ പോയി മൃഷ്ടന്നഭോജനം കഴിച്ച് പായസം കുടിച്ച് വണ്ടിയിൽ മടങ്ങാൻ നേരം...
വണ്ടി മുന്നോട്ട് എടുത്തതും...
പിന്നിൽ നിന്നും ഒരു വിളി..
"എന്നേയാ മൈൻ റോഡിൽ ഇറക്കുമോ..?"
അടിയന്തിര വീട് ഒരു ചെറിയ വഴിയിൽ ആണ്...ഒരു കോൺക്രീറ്റ് റോഡ് ...ഒരു വശം തോട്...ആ റോഡിൽ കൂടിയാണ് എട്ടെ പത്തെ കളിച്ച് ഞാൻ വണ്ടി ഓടിച്ച് വന്നത്...
ചോദ്യം കേട്ട് പിന്തിരഞ്ഞ് നോക്കിയതും ഒരു ഹിടുംബി പോലെ ഒരു സാധനം....അതും സാരിയിൽ....തൊണ്ണൂറ് കിലോ കാണും...
ഞാൻ വണ്ടി നിർത്തി എന്ന് കണ്ടതും ഇൗ പറഞ്ഞ കക്ഷി ഓടി വന്ന് ഫുട് റെസ്റ്റ് നേര്യാക്കി വണ്ടിയിൽ ചാടി കേറിയതും ഒരുമിച്ച്....ഒരു വശം ചെരിഞ്ഞ വണ്ടി എന്റെ കനം കൊണ്ട് വീഴാതെ പിടിച്ച് നിന്നു...
"ചേച്ചി ശരിക്കൂ ഇരുന്നോ?" എന്താ സംഭവിക്കുന്നത് എന്ന് അറിയാൻ പോലും നേരം കിട്ടും മുന്നേ നടന്നതായത് കൊണ്ട് അങ്ങനെ ചോദിച്ച് പോയി..
പെട്ടെന്ന് മറുപടി പിന്നിൽ ഏതോ പെണ്ണുങ്ങൾ വിളിച്ച് പറഞ്ഞു..
"വണ്ടിയിൽ കേറി പരിചയമുള്ള ചെച്ചിയാ ധൈര്യം ആയി വിട്ടോ...."
ചേച്ചിക്ക് പരിചയമുണ്ട്.. എനിക്ക് ഓടിച്ച് പരിചയം ഇല്ലെന്ന് ഇവളുമാർക്ക്‌ അറിയില്ലല്ലോ...
രണ്ടും കല്പിച്ച് "പടച്ചോനെ കാത്തോളിൻ" എന്ന് പറഞ്ഞു വണ്ടി മുന്നോട്ട് എടുത്ത്...
സൈഡിൽ തോട്...മുന്നിൽ ചെറിയ റോഡിൽ നിറയെ ആളുകൾ പരന്നു നടക്കുന്നു...കൂട്ടത്തിൽ ഒരു പട്ടി തലങ്ങും വിലങ്ങുമയി കിടന്നോടുന്നൂ....പിന്നിൽ ഇരിക്കുന്ന ചേച്ചിയുടെ കാര്യം ഏതാണ്ട് തിരുമാനം ആയെന്ന് എന്റെ മനസ്സ് പറഞ്ഞു..
ലിഫ്റ്റ് ചോദിച്ച് കേറിയ വീട്ടമ്മ മറ്റൊരു വീട്ട്‌മായുമായി തോട്ടിൽ വണ്ടിയുമായി വീണു.....
നാളത്തെ പത്രത്തിൽ വരുന്ന വാർത്ത....
റോഡിന് കുറുകെ ഓടി നടന്നിരുന്ന പട്ടി എന്റെ വരവ് കണ്ട് ജീവനും കൊണ്ട് എങ്ങോട്ടോ പാഞ്ഞു....
കാലുകൾ വിമാനത്തിന്റെ ചിറകുകൾ പോലെ ആക്കാനുള്ള മാന്ത്രിക വിദ്യ വണ്ടി ഓടിക്കുന്ന എത് പെണ്ണിനെ പോലെയും എനിക്കും അറിയാവുന്നത് കൊണ്ട് .. വണ്ടി തുഴഞ്ഞ് തുഴഞ്ഞ് ഞാൻ മുൻപോട്ടു നീങ്ങി...അപ്പോഴാണ് ദ്ദേ മുന്നിൽ ഒരു വളവ്..
അതും റോഡിലെ കോൺക്രീറ്റ് മൊത്തം പൊട്ടി പൊളിഞ്ഞ്....ഒരു വശം തോട്....
ഇൗ തൊണ്ണൂറ് കിലോയും കൊണ്ട് ഞാൻ വണ്ടി വളക്കുമ്പോ.....
എന്റെം ചേചീഡേം കാര്യം ഇവിടെ തീരുമാനിക്കും ...ഞാൻ ഉറപ്പിച്ചു...
കണ്ണുംപ്പൂട്ടി ഞാൻ ആ വളവും കടന്നു...ഇച്ചിരി ആശ്വാസം..
റോഡിന് ഇച്ചിരി കൂടി വീതി..
"കൊച്ചിന് വണ്ടി ഓടിച്ച് വലിയ പിടിയില്ല അല്ലേ ? "മഹേഷിന്റെ പ്രതികാരം സിനിമയിൽ ചോദിച്ച ഒരു ചോദ്യം പോലൊരു ചോദ്യം....
പിന്നൊന്നും നോക്കിയില്ല ഒരൊറ്റ വിടൽ...
ചേച്ചിയെ മൈന് റോഡിൽ ഇറക്കാൻ ഞാൻ വണ്ടി ഒതുക്കിയതും ചേച്ചി ഇറങ്ങി ..റോക്കറ്റ് പോലെ ജീവനും കൊണ്ട് ഓടിപോകുന്നതും കണ്ടപ്പോ ഒരു കാര്യം എനിക്ക് ഉറപ്പായി..
ഇൗ ജന്മത്ത് ചേച്ചി ഒരു പെണ്ണിന്റെ വണ്ടിക്ക് ലിഫ്റ്റ് ചോദിക്കില്ല...

Shabna
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo